ഗ്യാനേഷ് കുമാറിനെ പുറത്താക്കുക : രാജ്യമെമ്പാടും ജന്തർ മന്തറുകൾ ഉയരട്ടെ

DSO-Delhi.jpg
Share

ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ നിർത്തിവെക്കുക എന്നീ മുദ്രാവാക്യങ്ങളാൽ രാജ്യത്തിന്റെ തെരുവുകളൊന്നാകെ  ഇന്ന് പ്രകമ്പനംകൊള്ളുകയാണ്. എന്തുവില നൽകിയും ജനാധിപത്യ വ്യവസ്ഥ  സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു.  യുവാക്കളും വിദ്യാർത്ഥികളുമാണ് തെരുവ് പ്രതിഷേധത്തിന്റെ അപ്രതിരോധ്യ ശക്തി. അതോടൊപ്പം രാജ്യത്തിന്റെ പ്രതീക്ഷാനിർഭരമായ ഭാവി വിളംബരം  ചെയ്തുകൊണ്ട് അണപൊട്ടിയൊഴുകുന്ന സ്ത്രീശക്തിയും.

പതിനായിരക്കണക്കിന് സാധാരണ പൗരന്മാർ അണിനിരന്നിരിക്കുന്ന പ്രക്ഷോഭം. അവരിൽ തൊഴിലാളികളുണ്ട്, കർഷകരുണ്ട്, സർവ്വകലാശാല  അധ്യാപകരുണ്ട്, രാജ്യം ആദരിക്കുന്ന സാമൂഹ്യ-സാംസ്കാരിക വ്യക്തിത്വങ്ങളുണ്ട്, ബുദ്ധിജീവികളുണ്ട്, നടന്മാരും സംവിധായകരും ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരുണ്ട്, ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന സുപ്രീം കോടതിയിലെ അഭിഭാഷകരുണ്ട്,  സർവ്വോപരി ഭരണമുന്നണിയുടെ പുറത്തുള്ള രാഷ്ട്രീയ കക്ഷികളൊന്നടങ്കം-പ്രതിപക്ഷ മുന്നണിയുടെ ഭാഗമല്ലാത്ത കക്ഷികളുൾപ്പടെ-പ്രക്ഷോഭത്തോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ  ആയിരങ്ങളായി അണിനിരക്കുന്നു.

അതിപ്രധാനമായ ഒരു ഭരണഘടനാ സ്ഥാപനത്തെ തകർത്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഞെട്ടിപ്പിക്കുന്ന അഴിമതിക്കും വോട്ട് നിഷേധത്തിനും വഴിയൊരുക്കിയ മോദിഭരണത്തിനെതിരായ ബഹുജനമുന്നേറ്റമായി അതു വളർന്നുകഴിഞ്ഞു. അസാധാരണവും അഭൂതപൂർവ്വവുമായ ജനകീയപ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.  
രാജ്യതലസ്ഥാനമായ ദില്ലിയിൽ രണ്ടുമാസം മുമ്പാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും നടത്തിയ സമരം  രാജ്യത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നവോന്മേഷം പകർന്നുകൊണ്ട് വിജയം വരിച്ചത്. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കളുടെ ഭാവി പ്രതീക്ഷകൾ തകർക്കുന്ന ബിജെപി സംഘത്തെ തുറന്നുകാണിച്ചുകൊണ്ട്, എല്ലാത്തിനും ചുക്കാൻ പിടിച്ച ധർമ്മേന്ദ്ര പ്രധാൻ എന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രാജിവെക്കണമെന്ന ഡിമാന്റ് നേടിയെടുത്തുകൊണ്ടാണ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആദ്യ സമരം അവസാനിച്ചത്. യുവാക്കളോടുള്ള അധികാരവ്യവസ്ഥയുടെ പുച്ഛത്തെ, പ്രതിഷേധത്തിന്റെ  ഇന്ധനമായി പരിവർത്തനപ്പെടുത്തി, ‘കൊക്രോച്ച് ജനതാ പാർട്ടി’ എന്ന സറ്റയറിക്കൽ നാമം സ്വകരിച്ച് ഉയർന്നുവന്ന പ്രക്ഷോഭം യഥാർത്ഥത്തിൽ, നരേന്ദ്ര മോദി സർക്കാരിന്റെ അടിമുടി ജനവിരുദ്ധമായ ഭരണത്തിനെതിരായ ഒരു പൊട്ടിത്തെറിയായിരുന്നു. ആസൂത്രണമോ സംഘാടനമോ ഇല്ലാതെ അതിൽ കണ്ണിചേരാൻ സാധാരണമനുഷ്യരെ പ്രേരിപ്പിച്ചത് അവരിൽ ഓരോരുത്തരിലും ഉറഞ്ഞകൂടിയ രോഷവും അമർഷവുമായിരുന്നു.  അതിന്റെ ആഴവും തീക്ഷ്ണതയും ബോധ്യവും രാജ്യത്തെ ആവേശഭരിതമാക്കി. ഭരണാധികാരികളെ ഞെട്ടിച്ചു. ജനങ്ങളിൽ ഉറഞ്ഞുകൂടിക്കൊണ്ടിരുന്ന ഈ പ്രതിഷേധത്തെ കാണാനോ അതിനു പ്രക്ഷോഭത്തിന്റെ രൂപം നൽകാനോ കഴിയാതെ പോയ വ്യവസ്ഥാപിത പാർലമെന്ററി പാർട്ടികളുടെ പരാജയത്തെയും അത് അടയാളപ്പെടുത്തി. വിശ്വസനീയവും സത്യസന്ധവുമായ ഒരു നേതൃത്വത്തെ ജനങ്ങൾ അഭിലഷിക്കുന്നുവെന്ന രാഷ്ട്രീയ സൂചനയും  അതുനൽകി. ആഗസ്റ്റ് മാസത്തിൽ ദില്ലികണ്ട പ്രക്ഷോഭം സൃഷ്ടിച്ച ജനാധിപത്യ സമരാന്തരീക്ഷമാണ് ജനാധിപത്യവ്യവസ്ഥയുടെ സംരക്ഷണത്തിനായി ഇപ്പോൾ രാജ്യവ്യാപകമായി ഉയർന്നുവരുന്ന  മുന്നേറ്റത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത്. എല്ലാ അതിരുകളും ലംഘിച്ച മോദിവാഴ്ചക്കെതിരെയുള്ള പോരാട്ടമനോഭാവവും പ്രക്ഷോഭസന്നദ്ധതയും  ആർക്കും അവഗണിക്കാനാവാത്ത ഒരു രാഷ്ട്രീയ യാഥാർത്ഥ്യമായി ഉയർന്നുകഴിഞ്ഞു. ജനവികാരത്തോടൊപ്പം നിൽക്കുന്ന പാർലമെന്ററി പാർട്ടികളുടെ നിലപാടുകളിൽ ഉൾപ്പെടെ അതിന്റെ പ്രതിഫലനം കാണാം.

വ്യത്യസ്ത തലങ്ങളിൽ വളർന്നുയരുന്ന ഒരു ബൃഹത്തായ ജനമുന്നേറ്റത്തിന്റെ മാനമാണ് ഗ്യാനേഷ് കുമാറിന്റെ പുറത്താക്കലിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭം കൈവരിച്ചിട്ടുള്ളത്. കക്ഷി-രാഷ്ട്രീയ പരിഗണനകൾക്കതീതമായി സിജെപി ഉൾപ്പടെയുള്ള ഒട്ടനവധി വിശാലസമരവേദികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും നൂറുകണക്കിനു സാമൂഹ്യപ്രസ്ഥാനങ്ങളും ഈ പ്രക്ഷോഭത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നു. ഈ പ്രക്ഷോഭത്തിന്റെ സംഘാടനത്തിനായി ജനങ്ങൾ മുൻകൈയെടുത്ത് രാജ്യമെമ്പാടും നുറുകണക്കിന് സ്വതന്ത്രമായ വിശാലസമര വേദികൾക്ക് രൂപം നൽകുകയാണ്.  അധികാരമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ കക്ഷികൾ സ്വന്തം മുൻകൈയിലും പരസ്പരം സഹകരിച്ചും യോജിച്ചും കൈക്കൊള്ളുന്ന തെരുവുപ്രതിഷേധങ്ങൾ രാജ്യവ്യാപകമായി മുന്നേറുന്നു. വിവിധ സംസ്ഥാനങ്ങളിൽ സിപിഐ, സിപിഐ(എം), എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്), സിപിഐ(എം.എൽ) ഗ്രൂപ്പുകളും ഇതര ഇടതു-ജനാധിപത്യ പാർട്ടികളും സംയുക്തമായി, പ്രക്ഷോഭ പ്രവർത്തനങ്ങളുടെ നിർണ്ണായകമായ കടമ നിറവേറ്റുന്നു. പ്രക്ഷോഭരംഗത്ത് ഇടതു യുവജന- വിദ്യാർത്ഥി സംഘടനകളുടെ സമരൈക്യം വിവിധ സംസ്ഥാനങ്ങളിൽ  ശക്തമായി പ്രവർത്തിക്കുന്നു.


ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ നിർത്തി വെക്കുക,  13 കോടി  പേരുടെ വോട്ടവകാശം  പുന:സ്ഥാപിക്കുക, ഇലക്ഷൻ കമ്മീഷന്റെ നിയമനത്തെ സംബന്ധിച്ചുള്ള 2023 ലെ നിയമം റദ്ദുചെയ്യുക എന്നീ ഡിമാന്റുകളാണ് രാജ്യമെമ്പാടും സമരവേദികൾ ഒറ്റക്കെട്ടായി    ഉയർത്തുന്നത്. വിജയം നേടിയേ അവസാനിക്കൂ എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ജനമുന്നേറ്റം ഓരോ ദിനം പിന്നിടുന്തോറും നാടെമ്പാടും കൂടുതൽ കരുത്തുനേടി മുന്നേറുകയാണ്.  ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ട് മുന്നേറുന്ന, എല്ലാ അതിരുകളും ലംഘിച്ച ബിജെപിഭരണത്തിനെതിരെ സുഘടിതമായ ഒരു പ്രക്ഷോഭം  ഉയർന്നുവരണമെന്ന് രാജ്യമെമ്പാടുമുള്ള ജനങ്ങൾ അതിയായി അഭിലഷിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നു ദില്ലിയിൽ മാത്രമല്ല, രാജ്യം മുഴുവൻ ഉയർന്നപൊന്തുന്ന വികാരം. 

നഗ്നമായ പക്ഷപാതിത്വത്തിന്റെ പേരിൽ ഇലക്ഷൻ കമ്മീഷൻ കുപ്രസിദ്ധമായി  

നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ 12 വർഷമായി ചെയ്തുകൂട്ടിയ ജനാധിപത്യ കശാപ്പിനെതിരെ  ക്രമേണ ജനങ്ങളിൽ അസംതൃപ്തിയും രോഷവും നീറിനിറയുകയായിരുന്നു. വിശേഷിച്ചും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ   സംഘപരിവാർ ഭരണത്തിൻ കീഴിൽ ഒരു പ്രഹസനമാക്കി മാറ്റിയതിനെതിരെ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതാണ്ട് പൂർണ്ണമായും കേന്ദ്രഭരണത്തിന് ദാസ്യപ്പെട്ട ഒന്നായി മാറി. ‘കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്നവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും’ ന്യൂനപക്ഷവിഭാഗങ്ങളെ വിശേഷിപ്പിച്ചുകൊണ്ട് രാജസ്ഥാനിലെ ബൻസ്വാരയിൽ, നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ആയിരക്കണക്കിന് പരാതികളാണ് ഇലക്ഷൻ കമ്മീഷനു ലഭിച്ചത്. ചെറുവിരലനക്കാൻപോലും കമ്മീഷൻ തയ്യാറായില്ല. പകരം എല്ലാ പാർട്ടികൾക്കും സന്മാർഗ്ഗം ഉപദേശിച്ചുകൊണ്ട് സർക്കുലർ അയച്ചു. അതിനുശേഷവും മോദിയും ഇതര സ്റ്റാർ കാമ്പെയ്‌നർമാരും നീചമായ വിദ്വേഷപ്രചാരണം തുടർന്നുകൊണ്ടേയിരുന്നു.  കോൺഗ്രസ്സ്, ഹിന്ദുസ്ത്രീകളുടെ മംഗല്യസൂത്രം കവർന്നെടുത്ത് മുസ്ലീങ്ങൾക്കു നൽകുമെന്ന മോദിയുടെ വിഷംപുരട്ടിയ വാക്കുകൾ തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമല്ലെങ്കിൽ പിന്നെന്താണ്?  മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ പത്രസമ്മേളനം നടത്തി ആക്രോശിക്കാൻ ഇലക്ഷൻ കമ്മീഷണർക്ക് എവിടെനിന്നാണ് ധൈര്യം ലഭിച്ചത്? ഏഴുദിവസത്തിനുള്ളിൽ പ്രതിപക്ഷ നേതാവ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോട് മാപ്പുപറയണമെന്നും കൽപ്പിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഹുങ്ക് കാട്ടിയതെന്തുകൊണ്ടാണ്? മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പൂർണ്ണ യോഗ്യതയുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിക്കളയാൻ കൈക്കൊണ്ട തീരുമാനം ഇലക്ഷൻ കമ്മീഷന്റെ തുറന്ന പക്ഷപാതിത്വത്തിന്റെ കൃത്യമായ തെളിവായിരുന്നു.

ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത തകർത്തതിന് മോദിയും സംഘവും രാജ്യത്തോട് മറുപടി പറയണം

തിരഞ്ഞെടുപ്പ് എങ്ങിനെ നീതിപൂർവ്വകമായും സ്വതന്ത്രമായും നടത്താമെന്നല്ല, ബിജെപിക്കുവേണ്ടി എങ്ങിനെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഇലക്ഷൻ കമ്മീഷൻ  കണക്കുകൂട്ടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാനിടയാക്കുന്ന ഒരു നടപടിയും തങ്ങളിൽ നിന്നുണ്ടാകരുതെന്ന ജാഗ്രതയും അവധാനതയും പാലിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ സ്ഥാപനം എല്ലാ ചട്ടങ്ങളെയും പരസ്യമായി കാറ്റിൽപ്പറത്താൻ മുതിർന്നതെന്തുകൊണ്ടാണ്? ചീഫ് ഇലക്ഷൻ കമ്മീഷറുടെ പദവിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി, അയാളുടെ ഇംഗിതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്ര തുറന്ന നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക്  ഒരുമ്പെടുമെന്ന് ഈ രാജ്യത്ത് ഒരാളും വിശ്വസിക്കുന്നില്ല. ബിജെപി കൈയാളുന്ന അധികാരത്തിന്റെ പിൻബലത്തിൽ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ നടപടികളൊന്നാകെ വന്നിട്ടുള്ളതെന്ന് അസന്നിഗ്ദ്ധമായ വസ്തുതയാണ്. അതിനാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്രകാരമൊരു ജനവികാരത്തെ നേരിടേണ്ടി വന്നതിന്  മോദിയും സംഘവുമാണ് രാജ്യത്തോട് മറുപടി പറയേണ്ടത്.
കഴിഞ്ഞ വർഷങ്ങളിലെ തിരഞ്ഞെടുപ്പ് വേളകളിൽ ഇലക്ഷൻ കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നുവന്നപ്പോഴെല്ലാം കമ്മീഷനെ ന്യായീകരിച്ചുകൊണ്ടും രക്ഷപ്പെടുത്തിക്കൊണ്ടും രംഗത്തുവന്നിട്ടുള്ളത് കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപിയാണ്. കമ്മീഷന്റെ നടപടികളുടെ ശരിയും തെറ്റും വിശദീകരിക്കാൻ ബാധ്യതപ്പെട്ടത് കമ്മീഷൻ മാത്രമാണ്. എന്തുകൊണ്ടാണ് ബിജെപി, ഇലക്ഷൻ കമ്മീഷനുവേണ്ടി പരസ്യമായി വക്കാലത്തെടുത്തത്?  അതുതന്നെ സ്ഥിരീകരിക്കുന്നത്, കമ്മീഷൻ പ്രവർത്തിച്ചിരുന്നത്   ബിജെപിക്കു വേണ്ടിയായിരുന്നു എന്നതാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രേഖകൾ പൊതുസമൂഹത്തിനു നൽകണമെന്ന ഹരിയാന ഹൈക്കോടതിയുടെ വിധി വന്നപ്പോൾ, അതിനെ മറികടക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ആക്ട് ദ്രുതഗതിയിൽ ഭേദഗതിചെയ്ത് ഒരു രേഖയും ആർക്കും നൽകില്ലെന്ന് ഏകാധിപത്യപരമായി തീരുമാനിച്ചത് മോദി സർക്കാരായിരുന്നു.  നിശ്ചിതസമയം കഴിഞ്ഞും നടന്നുവെന്ന് പറയപ്പെടുന്ന പോളിംഗിന്റെ വിഡിയോ ക്ലിപ്പുകൾ സ്വന്തം കൈപ്പിടിയിൽ വയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മോദി സർക്കാർ അതിലൂടെ പൂർണ്ണഅധികാരം നൽകി.

ഗ്യാനേഷ് കുമാറിന്റെ നിയോഗം

 ഈ സമ്പൂർണ്ണ അട്ടിമറിക്ക് മുഴുവൻ നിമിത്തമായ നിലവിലുള്ള ഇലക്ഷൻ കമ്മീഷൻ പിറവിയെടുത്തതുതന്നെ ജനാധിപത്യവിരുദ്ധമായ മാർഗ്ഗത്തിലൂടെയായിരുന്നു. 2023ൽ മോദി സർക്കാർ ആവിഷ്കരിച്ച ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും മറ്റ് കമ്മീഷണർമാരുടെയും നിയമനത്തെയും സേവനത്തെയും സംബന്ധിച്ചുള്ള നിയമമാണ് അതിനുള്ള മാർഗ്ഗം തുറന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നതിനായുള്ള  പാനലിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ മാറ്റി പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി, തങ്ങളുടെ ഇംഗിതപ്രകാരമുള്ള ഒരു ഇലക്ഷൻ കമ്മീഷനെ വാഴിക്കാൻ വഴിയൊരുക്കി. മാത്രവുമല്ല, കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നടപടികളുടെയോ തീരുമാനങ്ങളുടെയോ പേരിൽ സിഇസിക്കെതിരെയോ സഹകമ്മീഷണർമാർക്കെതിരെയോ സർവ്വീസിനു പുറത്തുപോയതിനുശേഷം പോലും നിയമപരമായ ഒരു നടപടിയും ഉണ്ടാകില്ലെന്നും ഉറപ്പാക്കി. ഇതോടെ ഭരണകക്ഷിയുടെ ഇംഗിതം നടപ്പിലാക്കുന്ന ഏജൻസിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചു. ജനാധിപത്യപ്രക്രിയയുടെ അടിത്തറ പൊളിച്ചടുക്കപ്പെട്ടു.  ഇനി ഒരിക്കലും ഇന്ത്യയിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുകൂടി ഈ തീരുമാനം ഉറപ്പാക്കി. ഈ അവിശുദ്ധ തീരുമാനത്തിന്റെ സന്തതിയായാണ് ഗ്യാനേഷ് കുമാർ കമ്മീഷനിലെത്തുന്നത്. അയാൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുടെയൊക്കെ യഥാർത്ഥ ലക്ഷ്യം ഇപ്പോൾ വ്യക്തമാണ്.  എല്ലാ ക്രിമിനൽ കേസുകളിൽനിന്നും കമ്മീഷണർമാർക്ക് സംരക്ഷണം നൽകിയിരിക്കുന്നതിനാൽ അവർക്ക് അത്തരം പ്രവൃത്തികൾ നിർബാധം നടത്താനാകും. അങ്ങിനെ സർവ്വാർത്ഥത്തിലും നിയമപരിരക്ഷ ഉറപ്പാക്കിയ അമിതാധികാരത്തിന്റെ പ്രയോഗമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണുന്നത്.   അതിനാൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതിന്റെ പേരിൽ രാജ്യം മുഴുവൻ അലയടിക്കുന്ന ജനവികാരം വിരൽചൂണ്ടുന്നത് മോദി നയിക്കുന്ന ഫാസിസ്റ്റ് ഭരണത്തിനു നേരെയാണ്. ജനകീയവിചാരണയ്ക്ക് വിധേയപ്പെടേണ്ടത് സംഘപരിവാറിന്റെ കേന്ദ്രഭരണമാണ്.  

 ജനാധിപത്യ ക്രമത്തെ തകർത്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട എല്ലാ നടപടികളെയും ഒന്നിനു പിറകെ മറ്റൊന്നായി വന്ന ജനാധിപത്യധ്വംസനങ്ങളെയും ചെറുത്തുപരാജയപ്പെടുത്തത്തക്കവിധം ഒരു ബഹുജന മുന്നേറ്റം വളർത്താൻ, ദൗർഭാഗ്യകരമെന്നു പറയട്ടെ, നിഷ്ക്രിയത്വത്തിലും അധികാരത്തർക്കങ്ങളിലും  മാത്രം മുഴുകിയിരുന്ന  പ്രതിപക്ഷ പ്രസ്ഥാനങ്ങൾ തയ്യാറായില്ല. അതുകൊണ്ടുമാത്രമാണ് അടിമുടി  ആക്രമണോൽസുകവും അനാവശ്യവുമായ എസ്ഐആർ നടപടികളിലേക്ക് 2025 ജൂലൈയിൽ ഗ്യാനേഷ് കുമാറും സംഘവും കടന്നത്. ബീഹാറിലും പശ്ചിമബംഗാളിലും എസ്‌ഐആർ ലക്ഷക്കണക്കിനു യഥാർത്ഥ വോട്ടർമാരെ കൂട്ടക്കശാപ്പ് നടത്തിയപ്പോൾപോലും, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കാൻ എല്ലാ തർക്കങ്ങളും മാറ്റിവച്ച് പ്രക്ഷോഭരംഗത്ത് ഒരുമിക്കാൻ  പ്രതിപക്ഷനിരയിലെ കക്ഷികൾക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ വൈരികളുടെ കഥ കഴിക്കാൻ എസ്ഐആർ പ്രയോജനപ്പെടുമെന്ന് ഓരോ കക്ഷിയും സങ്കുചിതമായി കണക്കുകൂട്ടി.  പ്രതിപക്ഷനിരയിലെ തമ്മിൽത്തല്ലും അനൈക്യവും മുതലെടുത്തുകൊണ്ട് ബിജെപി എസ്ഐആറിനെ സമർത്ഥമായി പ്രയോജന പ്പെടുത്തുകയും ചെയ്തു.

ഭൂരിപക്ഷാഭിപ്രായത്തെ തള്ളിയതുവഴി ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾ അസാധുവായി

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള എസ്ഐആർ പരിഷ്കരണത്തിലൂടെ 13 കോടി വോട്ടർമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറന്തള്ളിയിട്ടുള്ളത്. തുടക്കംകുറിച്ച ബീഹാറിൽ 8% വോട്ടർമാരെവരെ  പുറത്താക്കി. മഹാരാഷ്ട്രയിലും കർണാടകയിലും  ഡൽഹിയിലും ഗോവയിലുമൊക്കെ ഇത് തുടർന്നു. ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനം തുറന്നുകാട്ടുന്ന രാഹുൽഗാന്ധിയെ പരിഹസിച്ച് രക്ഷപ്പെടാനാണ് സംഘപരിവാരങ്ങൾ എപ്പോഴും ശ്രമിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 22ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു. കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ കഴിഞ്ഞ 10 മാസക്കാലത്ത്  രേഖപ്പെടുത്തിയ 14 വിയോജിപ്പുകൾ അവഗണിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകാധിപത്യപരമായി പെരുമാറുകയും ഭരണകക്ഷിയുടെ ഇംഗിതപ്രകാരം നടപടികൾ തുടരുകയായിരുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം നിലവിൽവന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സ്വതന്ത്രവും സ്വയംഭരണ അധികാരമുള്ളതുമാണ്. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് എന്നുള്ളതുകൊണ്ടാണ്  കേന്ദ്ര ഗവൺമെന്റിന്റെപോലും നിയന്ത്രണങ്ങൾക്ക് അതീതമായ പ്രവർത്തിക്കാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നത്. മൂന്ന് അംഗങ്ങളിൽ ഒരാൾ മുഖ്യനാണെങ്കിലും മൂവര്‍ക്കും തുല്യ അധികാരങ്ങളാണുള്ളത്. അതിൽ രണ്ടുപേരുടെ അഭിപ്രായങ്ങൾ അവഗണിക്കപ്പെടുന്നു എന്നാൽ മുഴുവൻ തീരുമാനങ്ങളും അസാധുവാണെന്നാണ് അർത്ഥം.

സുപ്രീംകോടതിയെ മറയാക്കി ഗ്യാനേഷ് കുമാറും സംഘവും രാജ്യത്തെ ചതിച്ചു

എസ്‌ഐആർ നടപടി തന്നെ തിടുക്കത്തിലും അനാവശ്യവുമായി നടപ്പിലാക്കുന്നു എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. 2026 മെയ് മാസത്തിൽ ഫോറം 6ൽ വരുത്തിയ മാറ്റങ്ങളാണ് അർഹരായ വോട്ടർമാരെ വൻതോതിൽ പുറന്തള്ളാൻ വഴിയൊരുക്കുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം പുതിയ വോട്ടർമാരെ ചേർക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട ഈ ഫോറത്തിൽ മാറ്റം വരുത്തണമെങ്കിൽ പാർലമെന്റ് തീരുമാനം എടുക്കേണ്ടതുണ്ട്. അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയവുമല്ല. അതിനാൽ ഫോറം 6ൽ വരുത്തിയ മാറ്റങ്ങൾ നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഹകമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ ചീഫ് ഇലക്ഷൻ കമ്മീഷണർ നടത്തിയ പത്രസമ്മേളനങ്ങളിൽ ആവർത്തിച്ചത് ഈ മാറ്റങ്ങൾക്കെല്ലാം പരമോന്നത കോടതിയുടെ അംഗീകാരമുണ്ടെന്നാണ്.  ഒക്ടോബർ 12നു നടത്തിയ വിശദീകരണത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മിശ്ര, ഫോറം 6ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിക്കുകയുണ്ടായി. അപ്പോൾ യഥാർത്ഥത്തിൽ ഗ്യാനേഷ് കുമാറും സംഘവും സുപ്രീംകോടതിയെ മറയാക്കി രാജ്യത്തെ ചതിക്കുകയായിരുന്നുവെന്ന്  വ്യക്തമായിരിക്കുന്നു. ഗ്യാനേഷിന്റെ പുറത്താക്കൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ന്യായയുക്തത അങ്ങിനെ വീണ്ടും സ്ഥാപിക്കപ്പെടുകയാണ്.

എന്തുകൊണ്ട് ഇപ്പോൾ എസ്ഐആർ?

പട്ടികയിൽനിന്നും ഒഴിവാക്കപ്പെടുന്നവർക്കും പ്രായപൂർത്തിയാകുന്ന മുറയ്ക്കും വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാൻ കഴിയുന്ന സ്വാഭാവിക നടപടിക്രമമായ സമ്മറി റവിഷൻ, എസ്‌ഐആർ പ്രക്രിയയുടെ പേരിൽ കഴിഞ്ഞ ഒന്നര വർഷമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അതായത് വോട്ടവകാശത്തിന് അർഹതയുണ്ടായിരുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യർക്കും പുതിയ വോട്ടർമാർക്കും അത് നിഷേധിച്ചതിനുശേഷമാണ് 6 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തിയതെന്നു ചുരുക്കം. എസ്ഐആർ പൂർത്തിയാക്കിയ 16 സംസ്ഥാനങ്ങളിൽ സമ്മറി റിവിഷൻ നടത്താനായി ഇപ്പോൾ  ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു. മാത്രവുമല്ല, അതിനായി പഴയ ഫോറം 6 മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. എസ്ഐആറിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് അതു പുന:സ്ഥാപിക്കാൻ മാറ്റം വരുത്തിയ ഫോറം 6 ലൂടെ സാധ്യമല്ലെന്ന പ്രതിപക്ഷ കക്ഷികളുടെയും സാമൂഹ്യവ്യക്തിത്വങ്ങളുടെയും മാധ്യമങ്ങളുടെയും വിമർശനം ശരിയാണെന്ന് സമ്മറി റവിഷന്റെ പുതിയ തീരുമാനത്തിലൂടെ സ്ഥിരീകരിക്കപ്പെടുകയാണ്. മാറ്റം വരുത്തിയ ഫോറം 6 ആണ് ലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാനിടയാക്കിയതെന്ന വിമർശനവും വസ്തുതയാണെന്നു തെളിഞ്ഞിരിക്കുന്നു. ബിജെപി മന്ത്രിസഭയുടെയും ഇലക്ഷൻ കമ്മീഷന്റെയും ന്യായീകരണങ്ങൾ പച്ചനുണയാണെന്നും തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ  എസ്ഐആർ നിർത്തിവെക്കണമെന്ന ജനകീയാവശ്യം അംഗീകരിക്കാതിരിക്കാൻ മോദി സർക്കാരിനുമുമ്പിൽ മറ്റു വഴികളൊന്നുമില്ല.

ജനാധിപത്യ ഭാരതത്തിന്റെ പ്രതീക്ഷയായി ഉയരുന്ന ബഹുജനമുന്നേറ്റം    

ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്ന ചെയ്തികൾക്കെതിരെയാണ് ഇന്ത്യൻ ജനത ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നത്. ജന്തർ മന്തർ പതിറ്റാണ്ടുകളായി അവകാശ സമരങ്ങളുടെ വേദിയാണ്. ഇവിടെ സമരം നടത്താൻ സിജെപി നൽകിയ അപേക്ഷ നിരസിക്കപ്പെട്ടു. നീറ്റ് സമരത്തിൽ അടിയറവു പറയേണ്ടിവന്ന മോദി ഭരണം സമരത്തെ നേരിടാൻ എല്ലാ ഹീന മാർഗ്ഗങ്ങളും അവലംബിക്കുകയായിരുന്നു. പ്രക്ഷോഭനേതാക്കളെ വീട്ടിൽനിന്നും വിമാനത്തിൽനിന്നും കൂട്ടത്തോടെ  അറസ്റ്റുചെയ്തു. ഡൽഹിയിൽ കാലുകുത്താൻ അനുവദിച്ചില്ല. എന്നാൽ ജനങ്ങൾ സമരവേദിയിലേക്ക് മുന്നേറി. അവരെയെല്ലാം പല സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ ഡിറ്റൻഷൻ സെന്ററുകൾ ആക്കി.  സുഖ്‌വീന്ദർ സിംഗ് സുകു, രേവന്ത് റെഡ്ഡി, ഡി.ശിവകുമാർ, വി.ഡി.സതീശൻ എന്നീ മുഖ്യമന്ത്രിമാരും പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജരിവാൾ, മണിക്ക് സർക്കാർ എന്നീ നാല് മുൻ മുഖ്യമന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെട്ടു. ഈ പ്രമുഖ നേതാക്കളെ മണിക്കൂറുകളോളം വാഹനത്തിലിരുത്തി ദില്ലി നഗരത്തിലൂടെ വട്ടം കറക്കി. പിന്നീട് അവരെ സന്ദർശിക്കാനെത്തിയവരെപ്പോലും സ്റ്റേഷനുള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. വളരെ മോശമായാണ് മുതിർന്ന നേതാക്കളോട് പോലീസ് പെരുമാറിയത്. സമരംചെയ്ത യുവാക്കളെ തല്ലിച്ചതച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, എഐഡിഎസ്ഒ, ഐസ തുടങ്ങിയ ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിരോധത്തെ ക്രൂരമായാണ് പോലീസ് നേരിട്ടത്.  10,000 സമരക്കാരെ നേരിടാൻ 50,000 പോലീസിനെയാണ് ഡൽഹിയിൽ അമിത് ഷാ നിയോഗിച്ചത്. ഇന്ത്യാ ചരിത്രത്തിൽ ഒരു ഭരണാധികാരിയും ഇത്രയും ഭീരുത്വം കാണിച്ചിട്ടില്ല. അറസ്റ്റ് ചെയ്തവരെ ലോക്കപ്പ് സജ്ജീകരിച്ച വാനുകളിലിട്ട് ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടികൾക്ക് അപമാനം നേരിടേണ്ടിവന്നു. സമരക്കാരെ നേരിടാൻ സംഘപരിവാർ ഗുണ്ടകളും നിയോഗിക്കപ്പെട്ടിരുന്നു. അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെയും വെറുതെ വിട്ടില്ല.

അറസ്റ്റിലായവരെ ഉടൻ വിട്ടയക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ക്രൂരമായ പോലീസ് നടപടി വിദേശ മാധ്യമങ്ങൾ ലോക ശ്രദ്ധയിലെത്തിച്ചു. തികച്ചും സമാധാനപരമായിരുന്നു  പ്രതിഷേധം എന്നത് ശ്രദ്ധേയമായിരുന്നു. പോലീസ് നടപടിക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും നിയമവിരുദ്ധമായ തടങ്കൽ പാടില്ലെന്നും ഗതാഗതം സാധാരണ നിലയിൽ ആക്കണമെന്നും ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതിക്ക് ആവശ്യപ്പെടേണ്ടിവന്നു. എന്നാൽ ക്രമസമാധാന പാലനത്തിന്റെ പേരിൽ ഇതെല്ലാം ലംഘിക്കാനുള്ള പഴുത് ഉത്തരവിലുണ്ടായിരുന്നു. ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും അത് പരമാവധി മുതലെടുത്തു. ക്രൂരതകൾ പിന്നെയും തുടർന്നു.
ഡൽഹിയിലെ മുഴുവൻ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ദീർഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കി. ഇന്റർനെറ്റ് നിരോധിച്ചു. ജന്തർ മന്തറിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഈ വൈതരണികളെല്ലാം മറികടന്നാണ് ആയിരക്കണക്കിന് യുവാക്കൾ ഡൽഹിയിലെത്തിയത്. അവർ ജന്തർ മന്തറിനുള്ളിൽ കടന്നും പ്രതിഷേധിച്ചു.  

പ്രതിപക്ഷനിരയിൽ ഐക്യം വളർത്താൻ ഈ പ്രക്ഷോഭം ഉപകരിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് രാജ്യത്തെ യുവജനങ്ങൾ കൂടുതൽ ബോധമാർജിച്ചിരിക്കുന്നു എന്നത് ശുഭകരമാണ്. മോദിയുടെയും സംഘത്തിന്റെയും അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ജനാധിപത്യ അവകാശങ്ങളുടെ പുനഃസ്ഥാപനത്തിനായി സുദീർഘമായ പോരാട്ടങ്ങൾ അനിവാര്യമാണെന്ന ധാരണയിലേക്ക് ജനങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയത് മറ്റു സംസ്ഥാനങ്ങൾക്കും അനുകരണീയമാണ്.
കർഷക സമരത്തിന്റെയും നീറ്റ് വിരുദ്ധ സമരത്തിന്റെയും കയ്പറിഞ്ഞ മോദി ഭരണം ജന്തർമന്തറിനെ സമരവേദിയല്ലാതെയാക്കിയിരിക്കുകയാണ്. ഡൽഹിയുടെ ഹൃദയഭാഗത്തുനിന്ന് 12ഉം 20ഉം കിലോമീറ്റര്‍ അകലെയുള്ള മൈതാനങ്ങളാണ് സമരക്കാർക്കായി അനുവദിച്ചിട്ടുള്ളത്. ജനങ്ങൾ ഭരണസിരാകേന്ദ്രത്തിലേക്ക് വരുന്നത് ക്രിക്കറ്റ് കളിക്കാൻ അല്ല എന്ന് അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇടതുപക്ഷത്തിന്റെ കർത്തവ്യം

രാജ്യത്ത് ഇടതുപക്ഷ കക്ഷികളുടെ ഐക്യവേദി പുനഃസംഘടിപ്പിക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ മാറ്റേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെട്ട സിപിഐ, സിപിഐ(എം) പാർട്ടികൾ ഇനിയെങ്കിലും വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ പാത തിരഞ്ഞെടുക്കാൻ തയ്യാറാകണം. അതോടൊപ്പം രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളെയാകെ  ഒന്നിപ്പിക്കാനുള്ള ഉത്തരവാദിത്തവും ഇടതുപക്ഷം ചുമലിലേറ്റണം. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതുവഴി മാത്രം സംഘപരിവാർ ഉയർത്തുന്ന ഭീഷണി റദ്ദ് ചെയ്യാനാവില്ല എന്ന തിരിച്ചറിവുണ്ടാകണം. ഫാസിസ്റ്റ് വാഴ്ചയുടെ ഇരുണ്ട കാലത്തേക്ക് രാജ്യത്തെ ആകെ വലിച്ചിഴക്കുന്ന സംഘപരിവാരങ്ങൾക്ക്  കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള അവസരമായി ഇപ്പോൾ നടക്കുന്ന സമരത്തെ വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തര കർത്തവ്യം.


എല്ലാ സംസ്ഥാന തലസ്ഥാനങ്ങളും ജന്തർ മന്തർ സമരവേദികളായി മാറണം. താഴേതലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരോപകരണങ്ങളെന്ന നിലയിൽ ജനങ്ങളുടെ സ്വന്തം സമരസമിതികൾക്ക് ജന്മം നൽകുകയും ജനങ്ങളുടെ യഥാർത്ഥ നേതൃത്വത്തെ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ  മാത്രമേ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾക്കു മുമ്പിൽ വഴി തെളിയൂ. എല്ലാത്തരം വ്യാമോഹങ്ങളിൽനിന്നും മുക്തമാകാൻ ജനങ്ങൾ രാഷ്ട്രീയപ്രബുദ്ധത നേടിയേ മതിയാകൂ. ജനസമരങ്ങൾ പ്രക്ഷോഭങ്ങളുടെ പാഠശാലകൾ ആവുക തന്നെ വേണം. പാർലമെന്ററി അധികാരത്തിന്റെ തിരികുറ്റിയിൽ കിടന്നുകറങ്ങുന്ന അവസ്ഥയിൽനിന്നും സമൂഹത്തിന്റെ വിപ്ലവ പരിവർത്തനങ്ങൾക്ക് അനുരോധമായ ഉയർന്ന ജനാധിപത്യസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ജനസമരങ്ങളെ നയിക്കാൻ കഴിയണം. വിലപ്പെട്ട ഈ രാഷ്ട്രീയപാഠം ജനകീയപ്രക്ഷോഭങ്ങളിൽ സർഗ്ഗാത്മകമായി ഉൾച്ചേർക്കാൻ നമുക്ക് കഴിയണം.  
 ബംഗ്ലാദേശിലും ശ്രീലങ്കയിലും നേപ്പാളിലും ജനവിരുദ്ധ ഭരണാധികാരികൾക്കെതിരെ അതിശക്തമായ ജനകീയമുന്നേറ്റങ്ങൾ നടക്കുകയുണ്ടായി. നൂറുകണക്കിനു ജനങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗങ്ങളിലൂടെയും ഇന്നാടുകളിലെല്ലാം സർക്കാരുകൾ മാറുകയും ചെയ്തു. എന്നാൽ ജനങ്ങൾ നേരിടുന്ന നിർദ്ദയമായ ചൂഷണത്തിനും ദുരിതങ്ങൾക്കും സാരമായ ഒരു മാറ്റവും ഉണ്ടായില്ല. സമൂഹത്തിന്റെ വിപ്ലവപരിവർത്തനത്തെ ത്വരിതപ്പെടുത്തുന്ന രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റാൻ ജനാധിപത്യസമരങ്ങൾക്കു കഴിയണമെന്ന വിലപ്പെട്ട പാഠം ആവർത്തിച്ച് പകരുകയാണ് നമ്മുടെ അയൽനാടുകളിലെ പ്രക്ഷോഭങ്ങൾ. 

Share this post

scroll to top