യോഗ്യതയും കഴിവുമുള്ള ഉദ്യോഗാർത്ഥികൾ പുറന്തള്ളപ്പെടുകയും രാഷ്ട്രീയസ്വാധീനമുപയോഗിച്ച് അര്ഹതയില്ലാത്തവർ ഉയർന്ന തസ്തികകളിൽ നിയമിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്ക്ക് അവസാനമില്ല. എല്ഡിഎഫ് ഭരണത്തില് കഴിഞ്ഞ പത്തുവര്ഷമായി നടന്നുകൊണ്ടിരിക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയുടെ 320 (3)-ാം ആർട്ടിക്കിൾ പ്രകാരം സ്ഥാപിതമായ കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽനിന്നും പരീക്ഷാ ക്രമക്കേടുകളുടെ വാർത്തകൾ നിരന്തരം പുറത്തു വന്നു കൊണ്ടിരിക്കുന്നു. സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ നിയമന കാര്യങ്ങളിലും ഗവൺമെന്റിന് നിർദ്ദേശം നൽകുന്നത് കമ്മീഷനാണ്. നോട്ടിഫിക്കേഷൻ പ്രസിദ്ധീകരി ക്കുക, ഒഴിവ് വരുന്നതനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുക, എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തുക, ഉദ്യോഗാർത്ഥികൾ പരീക്ഷകളിൽ കാഴ്ചവച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക, മെറിറ്റും സംവരണവും പരിഗണിച്ച് ഒഴിവിനനുസരിച്ച് ഉദ്യോഗാർത്ഥികളെ നിർദ്ദേശിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് കമ്മീഷൻ നിർവ്വഹിച്ചു വരുന്നത്. എന്നാൽ, ഏതാനും വർഷങ്ങളായി പിഎസ്സിയിൽ നടക്കുന്നത്, സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പ്രവൃത്തികളാണ്.
ആസൂത്രണ ബോർഡ് പരീക്ഷയിൽ വലിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രണ്ട് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുണ്ടായി. ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എസ്ഐടി സംഘത്തിന് നൂറു കണക്കിന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ, അന്വേഷണം ചില ഉദ്യോഗസ്ഥന്മാരിലേയ്ക്ക് ചുരുക്കുന്നത്, രാഷ്ട്രീയ നേതൃത്വത്തെയും കമ്മീഷൻ അംഗങ്ങളെയും രക്ഷിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്ക് നടന്ന പരീക്ഷയിൽ വലിയ ക്രമക്കേട് നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പുറത്തുവന്നത്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ഇടതു സർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകനായ അരുൺ ജെ.പ്രതാപിനെ ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ചീഫായി നിയമിച്ചു. അഭിമുഖം നടത്തിയത്, സിപിഐ(എം) നോമിനിയായി നിയമിക്കപ്പെട്ട പിഎസ്സി ചെയർമാനായ ഡോ.എം.ആർ.ബൈജുവും. മൂല്യനിർണ്ണയത്തിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ.ശ്യാം കൃഷ്ണൻ, ജെ.എസ്.ജയപാൽ എന്നിവർ ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചപ്പോഴാണ് വലിയ അഴിമതി വെളിച്ചത്താവുന്നത്. ആകെയുള്ള 28 ചോദ്യങ്ങളിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടു. ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ പിഎസ്സി സാങ്കേതിക പിഴവ് സംഭവിച്ചു എന്ന വിശദീകരണമാണ് നൽകിയത്. തങ്ങളുടെ ഇഷ്ടക്കാർക്ക് അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകിയാണ് പിഎസ്സി പിൻവാതിൽ നിയമനം നടത്തിയത്. 2019ൽ നടന്ന പ്ലാനിംഗ് ബോർഡ് ചീഫിന്റെ (സോഷ്യൽ സർവ്വീസ്) എഴുത്തുപരീക്ഷയിൽ 91.25 മാർക്ക് ലഭിച്ച സൗമ്യ എന്ന ഉദ്യോഗാർത്ഥിക്ക്, അഭിമുഖത്തിൽ 40ൽ 11 മാർക്ക് മാത്രമാണ് കൊടുത്തത്. എന്നാൽ, എഴുത്തു പരീക്ഷയിൽ മാർക്ക് കുറഞ്ഞ ഇടതുപക്ഷ അനുകൂലികളും പ്ലാനിംഗ് ബോർഡിലെ ഉദ്യോഗസ്ഥരുമായ 3 ഉദ്യോഗാർത്ഥികൾക്ക് 40ൽ 36 മാർക്ക് നൽകി, ജോലി കൊടുക്കുകയുണ്ടായി. ഈ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന്, നിരവധി പരീക്ഷകളിലെ അഴിമതികളാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയിട്ടുള്ളത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രണ്ടാം ബാച്ചിലേക്കുള്ള പിഎസ്സി അഭിമുഖസംഘത്തെ നിയോഗിച്ചതിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവന്നുകഴിഞ്ഞു. വേണ്ടപ്പെട്ടവരെയും യോഗ്യത കുറഞ്ഞവരെയുമാണ് 3 അഭിമുഖ സംഘങ്ങളിൽ ഉൾപ്പെടുത്തിയത്. പിഎസ്സി അംഗങ്ങൾക്കിടയിൽത്തന്നെ ഇതിൽ കടുത്ത എതിർപ്പുണ്ടായെങ്കിലും ചെയർമാൻ അതെല്ലാം അവഗണിച്ചെന്നാണു പരാതി.
ഒരു അഭിമുഖത്തിനു മുന്നോടിയായി ഉദ്യോഗാർത്ഥികളുടെ പരീക്ഷയിലെ മാർക്ക് ചട്ടവിരുദ്ധമായി മുൻകൂട്ടി അറിയാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു. അഭിമുഖത്തിനിടെ ചില ഉദ്യോഗാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, സർക്കാർ പ്രതിനിധിയായെത്തിയ ഉന്നത ഉദ്യോഗസ്ഥ എതിർപ്പ് അറിയിക്കുകയും പ്രതിഷേ ധിക്കുകയും ചെയ്തു.
ഇതെല്ലാം കണക്കിലെടുത്താണ് രണ്ടാം കെഎഎസ് പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടുകയും പിന്നീട് ഇതിന്റെ പേരിൽ വിവാദത്തിലാകുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് വിപിൻ വിജയനും സംഘത്തിലുണ്ടായിരുന്നു. മൂന്ന് അഭിമുഖ ബോർഡുകളിൽ ഒന്നിന്റെ ചെയർമാൻ മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ആയിരുന്ന പിഎസ്സി അംഗമായിരുന്നു. ഈ സംഘം നടത്തിയ അഭിമുഖത്തിലാണ് മാർക്കിനെച്ചൊല്ലി തർക്കമുണ്ടായത്.
പിഎസ്സി അംഗങ്ങളിൽ എംടെക്കും എൽഎൽബിയും ഉള്ള വി.ആർ.രമ്യ, അഭിഭാഷകരായിരിക്കെ കമ്മീഷനിൽ എത്തിയ ബോസ് അഗസ്റ്റിൻ, എച്ച്.ജോഷ്, സി.ജയചന്ദ്രൻ, വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ച കെ.ടി. ബാലഭാസ്കരൻ എന്നിവരെ ഒരു ബോർഡിലും ഉൾപ്പെടുത്തിയിരുന്നില്ല.
ചെയർമാനും അംഗങ്ങളുമടക്കം 21 പേരാണ് നിലവിൽ കേരള പിഎസ്സിയിലുള്ളത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കമ്മീഷൻ അംഗങ്ങളുടെ എണ്ണം ആറു മുതൽ പത്തു വരെ മാത്രമായിരിക്കെയാണ് കേരളത്തിലെ ഈ ഉയർന്ന സംഖ്യ. എന്നാൽ, ഇത്രയധികം അംഗങ്ങൾക്ക് ചെയ്യാനുള്ള ജോലി പിഎസ്സിയിൽ ഇല്ലെന്നതാണ് വാസ്തവം.
രാജ്യത്താകമാനം അയ്യായിരത്തിലധികം സുപ്രധാന നിയമനങ്ങൾ നടത്തുന്ന യുപിഎസ്സിയിൽ (UPSC) കേവലം 10 സ്ഥിര അംഗങ്ങൾ മാത്രമാണുള്ളത്. കേരളത്തിലെ പിഎസ്സി അംഗങ്ങളുടെ എണ്ണം 21 ആയിരിക്കുന്നതു മാത്രമല്ല, സർക്കാർ ഖജനാവിൽനിന്നും പ്രതിമാസം 4 ലക്ഷം രൂപയോളം കൈപ്പറ്റുന്ന പിഎസ്സി അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നില്ല എന്നതുമാണ് പ്രശ്നം.
ഭരണഘടനാ സ്ഥാപനത്തിന്റെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ യോഗ്യത അതീവ നിർണ്ണായകമാണ്. നിയമപ്രകാരം കമ്മീഷൻ അംഗങ്ങളിൽ പകുതി പേരെങ്കിലും 10 വർഷമെങ്കിലും കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലി ചെയ്തവരായിരിക്കണം. എന്നാൽ, ബാക്കി പകുതി ആളുകളെ സർക്കാരിന്റെ ഇഷ്ടാനുസരണം നിയമിക്കാം എന്ന വ്യവസ്ഥ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യതയില്ലാത്തവർ ഇത്തരം തസ്തികകളിലേക്ക് കടന്നുകൂടാൻ കാരണമാകുന്നു. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം ഒരു പിഎസ്സി അംഗത്തിനായി പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപയോളമാണ് സർക്കാർ ചെലവഴിക്കുന്നത്. തുറന്ന രാഷ്ട്രീയ ബന്ധങ്ങളോടെയും ആവശ്യത്തിന് യോഗ്യതയില്ലാതെയും എത്തുന്ന ഭൂരിഭാഗം വരുന്ന ഇത്തരം അംഗങ്ങൾ ചേർന്ന് ഉണ്ടാക്കുന്ന അഴിമതി ശൃംഖലയാണ് പരീക്ഷാ നടത്തിപ്പിലും നിയമനങ്ങളിലും വലിയതോതിലുള്ള കൃത്രിമങ്ങൾക്കും അട്ടിമറികൾക്കും വഴിതുറക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ള റിട്ടയേർഡ് ജസ്റ്റിസുമാരെ പിഎസ്സി യുടെ തലപ്പത്ത് നിയമിച്ചുകൊണ്ടുള്ള പരിഷ്ക്കാരങ്ങൾക്ക് സർക്കാരുകൾ തയ്യാറാവണം. സ്ഥാനം കൊടുത്ത് ഘടകക്ഷികളെ തൃപ്തിപ്പെടുത്താനുള്ള ഇടമല്ല പിഎസ്സി എന്നത് സർക്കാർ മനസ്സിലാക്കണം.
എഴുത്തുപരീക്ഷകളിൽ നടത്തുന്ന ക്രമക്കേടുകളും, ഇന്റർവ്യൂകളിൽ കാണിക്കുന്ന വഴിവിട്ട ഇടപെടലുകളുമാണ് പിഎസ്സിയിൽ നടക്കുന്നത്. തങ്ങൾക്ക് താല്പര്യമുള്ളവർക്ക് അനായാസം നിയമനം നൽകാനായി വലിയൊരു അഴിമതി സംവിധാനം തന്നെ ഇവിടെ നിലനിൽക്കുന്നുണ്ട്. അഭിമുഖം നടത്തുന്നവർക്ക് ആ സ്ഥാനത്തിരിക്കാനുള്ള യോഗ്യതയില്ലെന്നുമാത്രമല്ല, അവർ തിരഞ്ഞെടുക്കുന്നവർക്കും അതിനുള്ള അർഹതയുണ്ടാകുന്നില്ല. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അദ്ധ്വാനത്തെയും കഷ്ടപ്പാടിനെയും പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
യോഗ്യതയും കഴിവുമുള്ള ഉദ്യോഗാർത്ഥികൾ പുറന്തള്ളപ്പെടുകയും, അർഹതയില്ലാത്തവർ ഉയർന്ന തസ്തികകളിൽ എത്തുകയും ചെയ്യുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കഠിനാധ്വാനം ചെയ്തിട്ടും അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ യുവതലമുറ കടുത്ത നിരാശയിലേക്കാണ് കൂപ്പുകുത്തുന്നത്. കേരളത്തിൽ കൂണുപോലെ പൊട്ടിമുളയ്ക്കുന്ന കോച്ചിംഗ് സെന്ററുകളിൽ വൻ തുക ഫീസ് നൽകി പഠിച്ച് പരീക്ഷയെഴുതുന്നവർക്ക് അർഹമായ മാർക്ക് ലഭിക്കാതിരിക്കുകയും, സ്വാധീനമുള്ളവർക്ക് പിൻവാതിലിലൂടെ ഉയർന്ന മാർക്കുകൾ ലഭ്യമാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്.
താരതമ്യേന വിശ്വാസയോഗ്യമായ നിലയിൽ പരീക്ഷ നടത്തുകയും റിസൽട്ട് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്തു പോന്നിരുന്ന പിഎസ്സി സംസ്ഥാനത്തെ യുവാക്കളുടെ തൊഴിൽ പ്രതീക്ഷകളുടെ കേന്ദ്രബിന്ദു ആയിരുന്നു. ആ വിശ്വാസ്യതയാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് തകർത്തിരിക്കുന്നത്.
വിജ്ഞാപനം മുതൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ എത്രമാത്രം ശാസ്ത്രീയവും സുതാര്യവുമായ നടപടിക്രമമാണ് പിഎസ്സിക്ക് ഉള്ളതെന്നത്, കേരളത്തിലെ ആദ്യകാല സർക്കാരുകളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ്. തസ്തികകൾ വിജ്ഞാപനം ചെയ്യുകയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അവസാനിക്കുകയും ചെയ്താൽ പരീക്ഷ നടത്താൻ കമ്മീഷൻ തീരുമാനിക്കുന്നു. ഒന്നാം ഘട്ടം പരീക്ഷയുടെ സിലബസ് നിശ്ചയിക്കലാണ്. അതത് വിഷയങ്ങളിലെ അക്കാദമിക് വിദഗ്ദ്ധരാണ് സിലബസ് തയാറാക്കുന്നത്. ആ സിലബസ് മുൻകൂട്ടി പ്രസിദ്ധീകരികയും ചെയ്യും. അടുത്ത ഘട്ടം ചോദ്യപേപ്പർ തയ്യാറാക്കലാണ്. 100 മാർക്കിന്റെ പരീക്ഷയാണെങ്കിൽ അതിനെ പത്ത് മൊഡ്യൂളുകളായി തിരിക്കും. ഒരോ മോഡ്യൂളുകളിൽ നിന്നും പത്തു ചോദ്യങ്ങളാകും പരീക്ഷക്ക് ചോദിക്കുക. ഒരു മൊഡ്യൂളിന് ഒന്നിലേറെ പേർ ചോദ്യകർത്താക്കളായി ഉണ്ടായിരിക്കും. ഓരോ ചോദ്യകർത്താവും ഒരു മൊഡ്യൂളിൽ പത്തു ചോദ്യങ്ങൾ വീതമുള്ള പത്തുസെറ്റ് ചോദ്യങ്ങൾ ഉണ്ടാക്കണം എന്നാണ് വ്യവസ്ഥ. ഈ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, പിഎസ്സി ഈ ആവശ്യത്തിലേക്കുവേണ്ടി നൽകിയിട്ടുള്ള കവറുകളിൽ ക്രമനമ്പരിട്ട് മുദ്രവെച്ചു നൽകണം.
ചോദ്യകർത്താക്കളുടെ പാനൽ നൽകാനുള്ള ഉത്തരവാദിത്തം ചെയർമാനിൽ നിക്ഷിപ്തമാണ്. ഈ ആവശ്യത്തിലേക്കായി, വിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കന്ററി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, വിവിധ സർവ്വകലാശാലകളുടെ രജിസ്ടാർമാർ, മറ്റ് അക്കാദമിക സ്ഥാപനങ്ങളിലെ മേധാവിമാർ എന്നിവരിൽനിന്നും നിശ്ചിത യോഗ്യതയുള്ള വിഷയ വിദഗ്ദ്ധരുടെ പട്ടിക ശേഖരിച്ചു വെക്കും. ഈ പട്ടികയിൽ നിന്നാണ് ചെയർമാൻ ഒരു മോഡ്യൂളിന് പത്ത് എന്ന കണക്കിന് ചോദ്യക്കടലാസ് ഉണ്ടാക്കാൻ വിദഗ്ദ്ധരെ നിയോഗിക്കുന്നത്. ചെയർമാന്റെ ഓഫീസ് ഈ പട്ടിക അതീവ രഹസ്യമായി പരിക്ഷാ കൺട്രോളർക്ക് കൈമാറും. പരീക്ഷാ കൺട്രോളർ ചോദ്യകർത്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട് ചോദ്യങ്ങൾ സമാഹരിക്കും.
ഇങ്ങനെ ലഭിക്കുന്ന മുദ്രവെച്ച കവറിൽ സൂക്ഷിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ക്രമനമ്പർ നൽകി പൂട്ടുകയും മുദ്രവെക്കുകയും ചെയ്ത അലമാരയിൽ സൂക്ഷിക്കുന്നു. ഒരു മൊഡ്യൂളിൽ ഒന്നിലേറെ ചോദ്യകർത്താക്കൾ ഉള്ളതുകൊണ്ട് ഏത് ചോദ്യകർത്താവിന്റെ ചോദ്യം സ്വീകരിക്കണം എന്ന് നിശ്ചയിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. അങ്ങിനെ നിശ്ചയിക്കപ്പെട്ട ചോദ്യകർത്താവിന്റെ ഏതു ചോദ്യം സ്വീകരിക്കണം എന്നതും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഇങ്ങിനെ പത്തു മോഡ്യൂളുകളുടേയും ക്രമപ്രകാരം നറുക്ക് എടുത്തു കൊടുക്കേണ്ട ബാധ്യത സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. കൺട്രോളർ മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സെക്രട്ടറിയാണ് നറുക്കെടുക്കുന്നത്. ഇങ്ങിനെ എടുക്കുന്ന ചോദ്യ പേപ്പർ അടങ്ങുന്ന മുദ്രവെച്ച കവറുകൾ സെക്രട്ടറിയുടേയും മറ്റ് രണ്ട് ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ മറ്റൊരു മുദ്രവെച്ച കവറിലാക്കി കൺട്രോളർ സെക്യൂരിറ്റി പ്രസ്സിലേക്ക് അച്ചടിക്കാനായി നൽകുന്നു. അവയുടെ ഉത്തരക്കടലാസുകൾ മുദ്രവെച്ച കവറിൽ കൺട്രോളർ സൂക്ഷിക്കുന്നു.
ചോദ്യകർത്താവ് തയ്യാറാക്കിയ ചോദ്യങ്ങൾ പിന്നെ കാണുന്നത് സെക്യൂരിറ്റി പ്രസ്സുകാരാണ്. അവർ ചോദ്യങ്ങൾ അച്ചടിച്ച് സീൽ ചെയ്ത് ടെസ്റ്റ് ബുക്ലെറ്റുകളാക്കുന്നു. ഇത്തരം ഇരുപതു ടെസ്റ്റ് ബുക്ലെറ്റുകൾ മറ്റൊരു കവറിലാക്കി മുദ്രവെക്കുന്നു. പരീക്ഷ എഴുതുന്നവരെ സാക്ഷിനിർത്തി, പരീക്ഷാഹാളിൽവെച്ച് ഇൻവിജിലേറ്റർമാരാണ് ഈ കവർ പൊട്ടിച്ച് ടെസ്റ്റ് ബുക്ലെറ്റുകൾ വിതരണം ചെയ്യുന്നത്. അതായത്, സെക്യൂരിറ്റി പ്രസ്റ്റുകാർ കണ്ട ചോദ്യങ്ങൾ പിന്നീട് കാണുന്നത് പരീക്ഷ എഴുതുന്നവരാണ് എന്നു സാരം. പരീക്ഷ കഴിഞ്ഞാൽ ഉടൻ താൽക്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയവർക്ക് അവ പരിശോധിച്ച് ശരി തെറ്റുകൾ ചൂണ്ടിക്കാണിക്കാം. ഇവരുടെ പരാതി വിദഗ്ദ്ധ സമിതി പരിശോധിച്ച് തീർപ്പു കൽപ്പിക്കും. അവരുടെ റിപ്പോർട്ട് പരീക്ഷാ ഉപസമിതി പരിശോധിച്ചതിനുശേഷം അസ്സൽ ഉത്തര സൂചിക അംഗീകരിക്കും. തെറ്റായ ഉത്തരങ്ങൾ ഉള്ള പത്തു ചോദ്യങ്ങൾ വരെ സാധാരണ ഗതിയിൽ ഒഴിവാക്കി 90 ചോദ്യങ്ങൾക്കായി 100 മാർക്ക് വീതിച്ചു നൽകി നിശ്ചയിക്കും. പത്തിൽ കൂടുതലാണ് തെറ്റായ ചോദ്യങ്ങളെങ്കിൽ പരീക്ഷ തന്നെ അസാധുവാക്കും.
പല ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പിഎസ്സി കണ്ടെത്തുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൊണ്ട് പിഎസ്സിയുടെ വിശ്വാസ്യത തകർക്കപ്പെടുന്ന സംഭവങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിൽ പ്രതീക്ഷകളുടെമേൽ കരിനിഴൽ വീഴ്ത്തുന്ന ഒരു നടപടിയും അനുവദിക്കാനാവില്ല. പിഎസ്സിയെ അടിമുടി ശുദ്ധീകരിച്ചുകൊണ്ട് യുവജനങ്ങൾക്ക് സ്ഥിരം തൊഴിൽ നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണം.
