കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളുടെ സാമ്പത്തിക- പാരിസ്ഥിതിക- സാമൂഹ്യ അവസ്ഥകളെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഖനി-ധാതു (വികസനവും നിയന്ത്രണവും) ഭേദഗതി ബില്2026 ലോക്സഭ ആഗസ്റ്റ് 12നും രാജ്യസഭ ആഗസ്റ്റ് 13നും വലിയ ചർച്ചകൾ കൂടാതെ പാസാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾ പാർലമെന്റിൽ യാതൊരു ചർച്ചയും കൂടാതെ പാസാക്കി എടുക്കുന്ന ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് രീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും കൂടിയാണ് ഈ ബിൽ.
ഇന്ത്യയുടെ ഫെഡറലിസത്തെ തകർക്കുന്ന, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കാർഷിക മേഖല തുടങ്ങി ജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമാക്കുന്ന നിയമങ്ങൾ പാർലമെന്റിൽ യാതൊരു ചർച്ചയും കൂടാതെ പാസാക്കി എടുക്കുന്ന ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് രീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖനന നിയന്ത്രണ ഭേദഗതി 2026. സംസ്ഥാനങ്ങൾ ധാതു സമ്പന്ന ഭൂമിക്കുമേൽ പല നികുതികൾ ഈടാക്കുന്നുണ്ടെന്നും അത് നിക്ഷേപ അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഉല്പന്നവില നിയന്ത്രിക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാനും വേണ്ടിയാണ് ബിൽ കൊണ്ടുവന്നിട്ടുള്ളത് എന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. കൂടാതെ സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ഇറക്കുമതി കുറയ്ക്കുവാനും നിർണായക ധാതുക്കളുടെ (ആധുനിക സാങ്കേതിക വിദ്യയുടെയും പുതിയ സമ്പദ്വ്യവസ്ഥയുടെയും വളർച്ചയ്ക്ക് അനിവാര്യമായതും പ്രകൃതിയിൽ താരതമ്യേന അപൂർവവുമായ ധാതുക്കൾ) വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഈ നിയമത്തിന് കഴിയുമെന്നും അവകാശപ്പെടുന്നു.
1952ലെ മൈൻസ് ആക്ട്, 1957ലെ മൈൻസ് ആന്റ് മിനറൽ (ഡെവലപ്മെന്റ് ആന്റ് റെഗുലേഷൻ) ആക്ട് എന്നീ നിയമങ്ങൾ അനുസരിച്ചാണ് ഇന്ത്യയിലെ ധാതു ഖനനങ്ങൾ നടന്നുവന്നിരുന്നത്. 1952ലെ മൈൻസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി 1955ൽ പരിമിതമായ തോതിൽ ആണെങ്കിലും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഖനിച്ചട്ടങ്ങൾ രൂപീകരിച്ചു. ഖനികൾ പാട്ടത്തിന് നൽകുന്നതിനും ഖനന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 1960ൽ മിനറൽ കൺസർവേഷൻ ചട്ടങ്ങളിലൂടെ നിലവിൽവന്നു. കൂടാതെ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള ഖനനം നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 1988ലെ മിനറൽ കൺസർവേഷൻ ആന്റ് ഡെവലപ്മെന്റ് ചട്ടങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ കൽക്കരി, അറ്റോമിക പദാർത്ഥങ്ങൾ എന്നിവയ്ക്ക് ഇവ ബാധകമായിരുന്നില്ല. എന്നാൽ ലഘു ധാതുക്കൾക്കുള്ള ഖനന നിയമങ്ങൾ അതത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലായിരുന്നു.
1990കളിലെ സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയെ തുടർന്നുള്ള ആഗോളവൽക്കരണ കാലഘട്ടത്തിൽ, പ്രത്യേകിച്ചും ബിജെപി നേതൃത്വത്തിൽ കേന്ദ്രഭരണം വന്നതു മുതൽ അതുവരെ ഉണ്ടായിരുന്ന അല്പമെങ്കിലും ജനാനുകൂലവും പരിസ്ഥിതിസൗഹൃദവും തൊഴിലാളി അനുകൂലവും ആയിരുന്ന നിയമങ്ങൾ ഒന്നൊന്നായി പൊളിച്ചെഴുതി, രാജ്യത്തെ സമ്പത്തും സേവന മേഖലകളും കോർപ്പറേറ്റുകൾക്ക് ലാഭം പെരുപ്പിക്കാനായി വിട്ടുകൊടുത്തുകൊണ്ടിരിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾതന്നെ ധാതുഖനനത്തിനുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു എന്നും ഇത് മുന്നിൽക്കണ്ടുള്ള പരിഷ്കാരങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത് എന്നും ആക്ഷേപമുണ്ട്.
2023ലെ ഖനി ധാതു (വികസനവും നിയന്ത്രണവും) ഭേദഗതി നിയമ പ്രകാരം സ്വർണ്ണം, വെള്ളി, ചെമ്പ്, കോബാൾട്ട്, നിക്കൽ, ലെഡ്, പൊട്ടാഷ്, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവ മാത്രമല്ല ഈ നിയമ ഭേദഗതിക്ക് മുമ്പ് അറ്റോമിക്/തന്ത്രപ്രധാന ധാതുക്കളായി പരിഗണിച്ചിരുന്ന ബെർലിയം, ലിഥിയം, നീയോബിയം, ടൈറ്റാനിയം, സിർക്കോണിയം, ടാൻതാലിയം എന്നീ ആറ് ലോഹ ധാതുക്കൾ ഉൾപ്പെടെ 29 ലോഹ ധാതുക്കൾ ഖനനം ചെയ്യുന്നതിന് സ്വകാര്യ-വിദേശ നിക്ഷേപകരെ അനുവദിക്കുന്നു. ഇതിനായി മേൽപറഞ്ഞ ആറ് നിർണായക ധാതുക്കളെ അറ്റോമിക ധാതുക്കളിൽ നിന്നും ഒഴിവാക്കി.
2023ലെ ഈ ഭേദഗതി നിയമമനുസരിച്ച് നിർണായക ധാതുക്കളുടെ ഖനന അനുമതികളും ലേലവും കേന്ദ്രസർക്കാരിന്റെ കീഴിലാക്കി. മാത്രമല്ല പുതിയ ഇനം ലൈസൻസുകൾവഴി ആഴത്തിലുള്ള ധാതുക്കൾ വരെ കണ്ടെത്താനുള്ള അനുമതി നൽകി. ഈ നിയമപ്രകാരം ലൈസൻസ് ലഭിക്കുന്നവർക്ക് 1000 സ്ക്വയർ കിലോമീറ്റർ വരെയുള്ള പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ നടത്താൻ കഴിയും. കൂടാതെ തീരക്കടൽ മണൽ ഖനനത്തിനും വനാന്തരങ്ങളിലെ ഖനനത്തിനും നിയമപ്രാബല്യം ലഭിക്കും.
2026-27 കേന്ദ്ര ബഡ്ജറ്റിൽ ഒഡീഷ, ആന്ധ്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ട അപൂർവ്വ ധാതു ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നു. ചവറ, കൊച്ചി, വിഴിഞ്ഞം തുറമുഖം എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇടനാഴിയാണ് കേരളം ലക്ഷ്യമിടുന്നത്. ഇന്ത്യൻ റയർ എർത്ത് ലിമിറ്റ(IREL)ഡിന്റെ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.
ഇപ്പോൾ പാർലമെൻറ് പാസാക്കിയ ഖനി-ധാതു (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026ലെ വ്യവസ്ഥകൾ പ്രകാരം ഖനനം സ്വകാര്യ കമ്പനികൾക്ക് കൈക്കലാക്കാൻ കഴിയും എന്നുമാത്രമല്ല അവർക്ക് ഇളവുകളും അധികാരങ്ങളും നൽകുന്നു. സംസ്ഥാനങ്ങളുടെ ഖനന നിയന്ത്രണ അധികാരം വലിയ അളവിൽ കുറയുവാനും ബില്ല് കാരണമാകും. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ ധാതുക്കൾക്കുമേൽ നികുതിയോ സെസ്സോ ചുമത്താനാകൂ. ഫലത്തിൽ ഖനനം സംബന്ധിച്ച ഏത് തീരുമാനവും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാവും.
ഈ നിയമംമൂലം ധാതുക്കൾ ഉള്ള ഭൂമിയുടെ അവകാശം സംസ്ഥാനങ്ങൾക്ക് നഷ്ടമാകും. നികുതി, റോയൽറ്റി, സെസ്സ് ഇനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ വരുമാനം കുറയും. ഖനന കമ്പനികളെ വഴിവിട്ട് സഹായിക്കുന്ന മറ്റൊരു കാര്യം സംസ്ഥാനങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള നികുതി ഇതുവരെ പിരിച്ചെടുത്തിട്ടില്ലെങ്കിൽ കുടിശ്ശികകൾ റദ്ദാകും എന്നതാണ്. ഇത്തരം വകുപ്പുകൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യൻ ഫെഡറലിസത്തിന് എതിരുമാണ്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം ലിസ്റ്റില് സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ 49-ാം ഇനം അനുസരിച്ച് ഖനനം ചെയ്തെടുക്കുന്ന ധാതുക്കളുടെ മൂല്യവും അളവും ഉൾപ്പെടെ കണക്കാക്കി അതത് സംസ്ഥാനങ്ങൾക്ക് നികുതി ഈടാക്കാം. ഈ അധികാരം 2024 ജൂലൈ 25ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിപ്രകാരം ശരിവെച്ചു. എന്നാൽ ഇതേ ലിസ്റ്റിലെ 50-ാം ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതി അധികാരത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാൻ പാർലമെന്റിന് സാധിക്കുമെന്നും ഇതേ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി യിരുന്നു. എങ്കിലും ഇനം 50 പ്രകാരം പാർലമെന്റിനുള്ള അധികാരം ഇനം 49 പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കിട്ടിയിരിക്കുന്ന അധികാരത്തെ മറികടന്ന് പോകരുതെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിധിയിലെ പഴുത് ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം പുതിയ ബിൽ കൊണ്ടുവന്നത് എന്ന് കരുതുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും താല്പര്യങ്ങൾക്കും അനുസൃതമായ ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുന്നു എന്ന വിമർശനം ജനാധിപത്യവാദികൾക്കൊപ്പം നിയമജ്ഞരിൽനിന്നുകൂടി ഉയർന്നുവരുന്ന സാഹചര്യത്തിൽ ഈ പുതിയ ബില്ലിനെതിരെ ചില സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചാൽ ഉണ്ടാകാവുന്ന ഫലത്തെ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
പുതിയ നിയമപ്രകാരം ഒന്നിലധികം ധാതുക്കളുടെ ഖനനത്തിന് ഒറ്റ ഖനനപാട്ടം മതിയാകും. അതായത് ഒരു ധാതുവിന് ഖനന അനുമതി ലഭിച്ച മേഖലയിൽ പുതിയ ധാതുനിക്ഷേപം കണ്ടെത്തിയാൽ ഓരോ തവണയും ഖനനപ്പാട്ടം നൽകേണ്ടി വരുന്നത് ഒഴിവാക്കി ഖനന കമ്പനികൾക്ക് ഖനന പ്രവർത്തനങ്ങൾ ഇഷ്ടാനുസരണം നടത്തുവാൻ വഴിയൊരുങ്ങും.
തീരദേശത്തും ആഴക്കടലിലും വൻകിട കമ്പനികളുടെ ആധുനിക രീതിയിലുള്ള ഖനനം തീരദേശ ശോഷണത്തിനും കടൽക്ഷോഭത്തിനും മത്സ്യ-ജൈവ സമ്പത്ത് നശിക്കുന്നതിനും കാരണമാകും. തീരദേശ ജനതയുടെ തൊഴിലും ആവാസവ്യവസ്ഥയും നഷ്ടപ്പെടുവാൻ ഇടയാകും.
ഒരു ലൈസൻസ് ഉപയോഗിച്ചുതന്നെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ മേഖലയിൽ ഖനനം ചെയ്യാൻ കമ്പനികൾക്ക് കഴിയും. കരിങ്കല്ല്, ചെങ്കല്ല്, മണൽ എന്നിവയുടെ നിയന്ത്രണവും ഈ നിയമത്തിൻ കീഴിലാകും. വന-മലയോര മേഖലകളിൽ നടക്കുന്ന ഖനനം അവയുടെ ശോഷണത്തിനും പാരിസ്ഥിതിക തകർച്ചയ്ക്കും കാരണമാകും.
അനിയന്ത്രിതമായ ഖനനം കേരളത്തിൽ പ്രവചനാതീതമായ പ്രതിസന്ധികളും നാശനഷ്ടങ്ങളും ഉണ്ടാക്കും. 41 നദികൾ ഒഴുക്കി കൊണ്ടുവരുന്ന വെള്ളവും എക്കലും കടലുമായി പ്രതിപ്രവർത്തിച്ച് ഉണ്ടായ വളരെ വീതി കുറഞ്ഞ ഒന്നാണ് കേരളതീരം. ഏകദേശം 600 കിലോമീറ്റർ നീളമുള്ള കേരളതീരത്ത് നിരവധി അഴിമുഖങ്ങളും പൊഴികളും വെള്ളക്കെട്ടുകളും കൂടാതെ തീരത്തോട് ചേർന്ന് നിരവധി കായലുകളും ജലാശയങ്ങളും ഉണ്ട്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിൽ വേർതിരിക്കുന്നത് വളരെ നേർത്ത വരമ്പാണ്. തീരദേശത്ത് ഇതിനോടകം നടന്ന കരിമണൽ ഖനനംമൂലംതന്നെ വലിയതോതിൽ കരനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതുമൂലം ധാരാളം പേർക്ക് സ്ഥലവും വീടും തൊഴിലും നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ നിയമപ്രകാരം ഈ പ്രദേശത്ത് വലിയതോതിലുള്ള ഖനന പ്രവർത്തനങ്ങൾ നടക്കുന്നത് ഗുരുതരമായ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തീരക്കടലിലെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും നശിക്കുകയും തീരം തന്നെ ഇല്ലാതായി കായലും കടലും ഒന്നാവുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യും. നദികളിൽ ഉപ്പുവെള്ളം കയറി ബാക്ക് വാട്ടർ (ശുദ്ധജലം) സ്രോതസ്സുകളും കൃഷിയിടങ്ങളും നശിച്ചു പോകുകയും ചെയ്യും. അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും തീരദേശ ഖനനത്തിന്റെ ദോഷവശങ്ങൾ തിരിച്ചറിഞ്ഞ് തീരത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.
ഇപ്പോൾതന്നെ റോഡുകൾക്കും കെട്ടിടങ്ങൾക്കും വ്യവസായങ്ങൾക്കുംവേണ്ടി മലയോര പ്രദേശങ്ങളിൽ നടന്നുവരുന്ന ക്വാറികളും ഖനനങ്ങളും കാരണം കേരളത്തിന്റെ മലയോര പ്രദേശങ്ങൾ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലം വർഷകാലത്ത് താമസത്തിനോ കൃഷിക്കോ യോഗ്യമല്ലാതായിരിക്കുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ഉടനെ ചെയ്തത് കോർപ്പറേറ്റ് നികുതി കുറച്ച് കോർപ്പറേറ്റുകളെ സഹായിക്കലായിരുന്നു. അങ്ങനെ തുടർന്നുവരുന്ന നയങ്ങളുടെ ഭാഗമായി ഇപ്പോൾ ഈ നിയമം കൊണ്ടുവന്നതുമൂലം ഇന്ത്യയുടെ പൊതുസ്വത്തായ ധാതുസമ്പത്ത് നികുതി കുറച്ച് വലിയ അളവിൽ ഖനനം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരം രാജ്യത്തെയും വിദേശത്തെയും മുതലാളിമാർക്ക് ലഭിച്ചിരിക്കുകയാണ്. ഈ നിയമംമൂലം ഇവിടുത്തെ ഭൂരിഭാഗം വരുന്ന ദരിദ്രരായ ജനങ്ങൾക്ക് യാതൊരു നേട്ടവുമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും പരിഗണിക്കാതെ വൻതോതിൽ ഉള്ള ഖനനവും അനുബന്ധ വ്യവസായങ്ങളും ഇന്നാട്ടിൽ തൊഴിലില്ലാത്ത യുവാക്കൾക്ക് തൊഴിൽ നൽകുകയില്ല. ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ഖജനാവിലേക്ക് വൻതോതിൽ പണവും എത്തുകയില്ല. പകരം ലഭിക്കുവാൻ പോകുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും ആയിരിക്കും.
രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് ജനങ്ങളുടെ പുരോഗതിക്കായി അനിവാര്യമായും വിനിയോഗിക്കേണ്ടതാണ്. വികസനം ജനങ്ങളുടെ സ്വന്തം ജീവിതത്തിൽ അനുഭവപ്പെടുന്നതായിരിക്കണം. ഇതിനായി പ്രകൃതി സമ്പത്ത് വിനിയോഗിക്കുന്നത് ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും ശക്തമായ പാരിസ്ഥിതിക നിയന്ത്രണങ്ങളിലൂടെയും പരമാവധി അപകടസാധ്യത ഒഴിവാക്കിയുമായിരിക്കണം. അത്തരത്തിൽ ഒരു വികസനമാണ് രാജ്യത്തിന് ആവശ്യം. അതിനായി പ്രബുദ്ധരായ ജനങ്ങളുടെ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്.
