സൈദ്ധാന്തിക പാഠങ്ങൾ: പ്രത്യയശാസ്ത്ര ദാർഢ്യത്തോടെ ജനങ്ങൾക്കിടയിൽ  പ്രവർത്തിക്കുക-മാവോ സേ തുങ്

Mao-Tse-tung-addresses-a-meeting.jpg
Share

കമ്മ്യൂണിസ്റ്റ് പർട്ടി ഓഫ് ചൈനയുടെ 7-ാം ദേശീയ കോൺഗ്രസ്സിൽ 1945 ഏപ്രിൽ 24ന് സഖാവ് മാവോ സേ തുങ് അവതരിപ്പിച്ച സഖ്യസർക്കാരിനെക്കുറിച്ച് എന്ന രാഷ്ട്രീയറിപ്പോർട്ടിൽ നിന്ന്

പ്രത്യയശാസ്ത്രനിലവാരം നിരന്തരം ഉയർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ അവിരാമം പ്രവർത്തിക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളോട് സഖാവ് മാവോ സേ തുങിന്റെ എപ്പോഴുമുള്ള ഉപദേശം.


ബഹുജനങ്ങളും വിപ്ലവസൈന്യവുമായുള്ള ബന്ധം  വെള്ളവും അതിൽ ജീവിക്കുന്ന മീനും തമ്മിലുള്ളതു പോലെയാകണമെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.
സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനം ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകൾ ജനങ്ങളിൽ നിന്നു പഠിക്കുകയും  അവരെ നയിക്കുകയും ചെയ്തുകൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം നൽകിയ ആഹ്വാനങ്ങളിൽ നിന്ന് ഏതാനും ചില ഭാഗങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.


കമ്മ്യൂണിസ്റ്റ് പർട്ടി ഓഫ് ചൈനയുടെ 7-ാം ദേശീയ കോൺഗ്രസ്സിൽ 1945 ഏപ്രിൽ 24ന് സഖാവ് മാവോ സേ തുങ് അവതരിപ്പിച്ച സഖ്യസർക്കാരിനെക്കുറിച്ച് എന്ന രാഷ്ട്രീയറിപ്പോർട്ടിൽ നിന്ന്
…സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഇഴുകിച്ചേരലാണ് മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നും നമ്മുടെ പാർട്ടിയെ വേർതിരിച്ചു നിർത്തുന്ന ഒരു സവിശേഷമുദ്ര എന്ന് പാർട്ടിയിലെ എല്ലാ തലങ്ങളിലും നേതൃത്വത്തിലുള്ള കേഡർമാരെ ബോധ്യപ്പെടുത്തണം. അതുകൊണ്ട്, മഹത്തായ രാഷ്ട്രീയ പോരാട്ടങ്ങൾക്കായി പാർട്ടിയെ ഒന്നാകെ  ഒന്നിച്ചു നിർത്തുന്നതിൽ മുറുകെപ്പിടിക്കേണ്ട പ്രധാന കണ്ണി പ്രത്യയശാസ്ത്ര വിദ്യാഭ്യാസമാണ്. ഇത് ചെയ്യാതെ പാർട്ടിക്ക് അതിന്റെ രാഷ്ട്രീയ ചുമതലകളൊന്നും പൂർത്തിയാക്കാൻ കഴിയില്ല.

നമ്മുടെ പാർട്ടിയെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വേർതിരിക്കുന്ന മറ്റൊരു സവിശേഷത, ബഹുജനങ്ങളുമായി നമുക്കുള്ള അതിശക്തമായ ബന്ധമാണ്. പൂർണ്ണഹൃദയത്തോടെ ജനങ്ങളെ സേവിക്കുക, ഒരു നിമിഷം പോലും ജനങ്ങളിൽ നിന്ന് അകന്നുപോകാതിരിക്കുക, വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ താൽപ്പര്യങ്ങളിൽ നിന്നല്ലാതെ എപ്പോഴും ജനങ്ങളുടെ താൽപ്പര്യങ്ങളിൽ നിന്ന് മുന്നോട്ടുപോവുക, ജനങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്തവും പാർട്ടിയുടെ നേതൃത്വഘടകങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്തവും ഒന്നുതന്നെയാണെന്ന് തിരിച്ചറിയുക എന്നിവയാണ് ഈ വേറിട്ട സവിശേഷത. കമ്മ്യൂണിസ്റ്റുകൾ എല്ലായ്പ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളാൻ തയ്യാറാകണം, കാരണം സത്യം ജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പമാണ്; കമ്മ്യൂണിസ്റ്റുകൾ എല്ലായ്പ്പോഴും തങ്ങളുടെ തെറ്റുകൾ തിരുത്താൻ സന്നദ്ധരാകണം, കാരണം തെറ്റുകൾ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ഇരുപത്തിനാല് വർഷത്തെ അനുഭവം നമ്മോട് പറയുന്നത് ഇതാണ്: ശരിയായ ചുമതലകളും നയങ്ങളും പ്രവർത്തനരീതികളും എപ്പോഴും ഒരു നിശ്ചിത കാലഘട്ടത്തിലെയും സ്ഥലത്തെയും ജനങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുപോകുകയും ജനങ്ങളുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു; എന്നാൽ തെറ്റായ ചുമതലകളും നയങ്ങളും പ്രവർത്തനരീതികളും എപ്പോഴും ഒരു നിശ്ചിത കാലഘട്ടത്തിലെയും സ്ഥലത്തെയും ജനങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാതെ പോവുകയും നമ്മെ ജനങ്ങളിൽനിന്ന് അകറ്റുകയും ചെയ്യുന്നു. വരട്ടുതത്വവാദം (Dogmatism), അനുഭവമാത്രവാദം (Empiricism), ആജ്ഞാപന രീതി (Commandism), വാലിൽത്തൂങ്ങൽ രീതി (Tailism), വിഭാഗീയത (Sectarianism), ഉദ്യോഗസ്ഥമേധാവിത്വം (Bureaucracy), പ്രവർത്തനത്തിലെ ധാർഷ്ട്യം തുടങ്ങിയ ദൂഷ്യങ്ങൾ തീർച്ചയായും ദോഷകരവും അസഹനീയവുമാകുന്നതിനും, ഇത്തരം രോഗങ്ങൾ ബാധിച്ച ഏതൊരാളും അവയെ തരണം ചെയ്യേണ്ടതിനും കാരണം അവ ജനങ്ങളിൽ നിന്ന് നമ്മെ അകറ്റും.


പാർട്ടി മുഴുവൻ ജാഗ്രത പുലർത്തുകയും ഏതു പദവിയിലുള്ള ഒരു സഖാവും ജനങ്ങളിൽ നിന്ന് അകന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നു നമ്മുടെ കോൺഗ്രസ് ആഹ്വാനം ചെയ്യണം.  ജനങ്ങളെ സ്നേഹിക്കാനും ജനങ്ങളുടെ ശബ്ദം ശ്രദ്ധാപൂർവ്വം കേൾക്കാനും ഓരോ സഖാവിനെയും പഠിപ്പിക്കണം; പോകുന്നിടത്തെല്ലാം ജനങ്ങളുമായി ഇഴുകിച്ചേരാനും  അവരുടെ മുകളിൽ നിൽക്കുന്നതിന് പകരം അവരിൽ  ലയിച്ചുചേരാനും പഠിപ്പിക്കണം, ജനങ്ങളുടെ ബോധനിലവാരത്തിന് അനുസൃതമായി അവരെ ഉണർത്താനോ രാഷ്ട്രീയാവബോധം ഉയർത്താനോ സഹായിക്കാനും സ്വമേധയാ സംഘടിക്കാനും ആ നിശ്ചിത  സ്ഥല, കാലത്തെ ആഭ്യന്തര-ബാഹ്യ സാഹചര്യങ്ങൾക്കിണങ്ങുംവിധം പടിപടിയായി പോരാട്ടങ്ങൾ ആരംഭിക്കാൻ അവരെ  സഹായിക്കാനും പഠിപ്പിക്കണം.

ആജ്ഞാപിച്ചു പ്രവർത്തിപ്പിക്കുക എന്നത്  ഏതുതരത്തിലുള്ള പ്രവർത്തനങ്ങളിലും  തെറ്റാണ്; കാരണം, ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്റെ നിലവാരത്തെ മറികടക്കുകയും  സ്വമേധയാ ഉള്ള  കൂട്ടായ പ്രവർത്തനമെന്ന തത്വത്തെ ലംഘിക്കുകയും ചെയ്യുന്നതിലൂടെ അത് എടുത്തുചാട്ടമെന്ന രോഗത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. തങ്ങൾക്ക് മനസ്സിലാകുന്നതെല്ലാം ജനങ്ങൾക്കും മനസ്സിലാകുമെന്ന് നമ്മുടെ സഖാക്കൾ ഒരിക്കലും കരുതരുത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷണങ്ങൾ നടത്തുമ്പോഴേ  അവർക്കത് മനസ്സിലായിട്ടുണ്ടോ എന്നും അവർ പ്രവർത്തനത്തിന് സന്നദ്ധരാണോ എന്നും കണ്ടെത്താൻ കഴിയൂ.  അങ്ങനെ ചെയ്താൽ നമുക്ക് ഈ ആജ്ഞാരീതി ഒഴിവാക്കാനാകും. ജനങ്ങളുടെ  പിന്നാലെപ്പോകുന്ന രീതിയും തെറ്റാണ്; കാരണം, നമ്മുടെ രാഷ്ട്രീയബോധനിലവാരം ജനങ്ങളുടെതിനേക്കാൾ  താഴെയാവുകയും അവരെ മുന്നോട്ടു നയിക്കുക എന്ന തത്വത്തെ ലംഘിക്കുകയും ചെയ്യുന്നതിലൂടെ അത് മെല്ലെപ്പോക്കെന്ന രോഗത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. തങ്ങൾക്ക് ഇതുവരെ മനസ്സിലാകാത്ത കാര്യങ്ങൾ ജനങ്ങൾക്കും മനസ്സിലാകില്ലെന്ന് നമ്മുടെ സഖാക്കൾ അനുമാനിക്കരുത്. പലപ്പോഴും ജനങ്ങൾ നമ്മെ മറികടക്കുകയും ഒരു പടി മുന്നോട്ടു പോകാൻ ആവേശം കാട്ടുകയും  ജനങ്ങളുടെ നേതാക്കളായി പ്രവർത്തിക്കുന്നതിൽ നമ്മുടെ സഖാക്കൾ പരാജയപ്പെടുകയും ചെയ്യുമ്പോൾ ചില പിന്തിരിപ്പൻ ഘടകങ്ങളുടെ പിന്നാലെ അവർ പോകുകയും  അത്തരം ഘടകങ്ങളുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുകയും അവയെ പൊതുജനങ്ങളുടെ അഭിപ്രായമായി തെറ്റിദ്ധരിക്കുകയും ചെയ്യാറുമുണ്ട്.


ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കിനെയും പ്രവൃത്തിയെയും  സംബന്ധിച്ച പരമമായ പരീക്ഷണം എന്നത്, അവ ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയും പരമോന്നത താൽപ്പര്യങ്ങൾക്ക് അനുസൃതമാണോ എന്നും അവരുടെ പിന്തുണ ആർജ്ജിക്കുന്നുണ്ടോ എന്നുമാണെന്ന്  ഓരോ സഖാവിനെയും ബോധ്യപ്പെടുത്തണം. നാം ജനങ്ങളെ ആശ്രയിക്കുകയും ജനങ്ങളുടെ വറ്റാത്ത സർഗ്ഗശക്തിയിൽ ദൃഢമായി വിശ്വസിച്ച്  അവരുമായി ഐക്യപ്പെടുകയും ചെയ്യുന്നിടത്തോളംകാലം ഒരു ശത്രുവിനും നമ്മെ തകർക്കാൻ കഴിയില്ലെന്നും, മറിച്ച് നമുക്ക് ഏതൊരു ശത്രുവിനെയും തകർക്കാനും ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനും കഴിയുമെന്നും  മനസ്സിലാക്കാൻ ഓരോ സഖാവിനെയും സഹായിക്കണം.

പ്രചാരണപ്രവർത്തനങ്ങളെക്കുറിച്ചുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയസമ്മേളനത്തിൽ നടത്തിയ പ്രസംഗം. മാർച്ച് 12, 1957

…പ്രവിശ്യകൾ, മുനിസിപ്പാലിറ്റികൾ, സ്വയംഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പാർട്ടി കമ്മിറ്റികൾ പ്രത്യയശാസ്ത്ര പരമായ പ്രശ്നം ഏറ്റെടുത്ത് പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഞാൻ പരാമർശിക്കണമെന്ന്  ഇവിടെ സന്നിഹിതരായ ചില സഖാക്കൾ ആഗ്രഹിച്ച ഒരു വിഷയമാണിത്. പലയിടങ്ങളിലും പാർട്ടി കമ്മിറ്റികൾ പ്രത്യയശാസ്ത്രപരമായ പ്രശ്നം ഇതുവരെ ഏറ്റെടുത്തിട്ടില്ല, അല്ലെങ്കിൽ അതിനായി വളരെക്കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ. അവർ മറ്റ് കാര്യങ്ങളിൽ വ്യാപൃതരാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ അവരത് ഏറ്റെടുക്കുകതന്നെ വേണം. ‘ഏറ്റെടുക്കുക’ എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് അത് കാര്യപരിപാടിയിൽ (അജണ്ടയിൽ) ഉൾപ്പെടുത്തുകയും പഠനവിധേയമാക്കുകയും വേണം എന്നാണ്. പ്രധാനമായി, നമ്മുടെ രാജ്യത്തെ വിപ്ലവകാലഘട്ടത്തിന്റെ  സവിശേഷതയായിരുന്ന, ബഹുജനങ്ങളുടെ വൻതോതിലുള്ള, പ്രക്ഷുബ്ധമായ  വർഗ്ഗസമരങ്ങൾ  അവസാനിച്ചിരിക്കുകയാണ്; എങ്കിലും, പ്രധാനമായും രാഷ്ട്രീയ, പ്രത്യയശാസ്ത്ര രംഗങ്ങളിൽ ഇന്നും വർഗ്ഗസമരം നിലനിൽക്കുന്നുണ്ട്; മാത്രമല്ല അത് വളരെ തീവ്രവുമാണ്. പ്രത്യയശാസ്ത്രപ്രശ്‌നങ്ങൾക്ക്  ഇപ്പോൾ വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു. എല്ലാ പ്രവിശ്യകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്വയംഭരണ പ്രദേശങ്ങളിലെയും പാർട്ടി കമ്മിറ്റികളുടെ ഫസ്റ്റ് സെക്രട്ടറിമാർ വ്യക്തിപരമായി ഈ പ്രശ്നം ഏറ്റെടുക്കണം. അവർ ഇതിന് ഗൗരവമായ ശ്രദ്ധ നൽകുകയും ഇതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ചെയ്താൽ മാത്രമേ ഇത് ശരിയായി പരിഹരിക്കാൻ സാധിക്കൂ.
പ്രാദേശിക പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി, പ്രചാരണ പ്രവർത്തനങ്ങളെ ക്കുറിച്ച്  ഇപ്പോൾ നടക്കുന്നതിനു സമാനമായ സമ്മേളനങ്ങൾ ഈ സ്ഥലങ്ങളിലെല്ലാം സംഘടിപ്പിക്കണം. അത്തരം യോഗങ്ങളിൽ പാർട്ടി സഖാക്കൾ മാത്രമല്ല, പാർട്ടിക്ക് പുറത്തുള്ളവരും പങ്കെടുക്കണം; വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആളുകളെയും അതിൽ ഉൾപ്പെടുത്തണം. നിലവിലെ ഈ സമ്മേളനത്തിന്റെ അനുഭവം തെളിയിച്ചതുപോലെ,  അത്തരം യോഗങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും, ഒരു ദോഷവും ഉണ്ടാക്കുകയുമില്ല.

1943 ജൂൺ 1ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സെൻട്രൽ കമ്മിറ്റിക്കുവേണ്ടി സഖാവ് മാവോ സേ തുങ് എഴുതിയ നേതൃത്വരീതികളെ സംബന്ധിച്ച ചില ചോദ്യങ്ങൾ  എന്ന രേഖയിൽ നിന്ന്

… നമ്മുടെ പാർട്ടിയുടെ എല്ലാ പ്രായോഗികപ്രവർത്തനങ്ങളിലും, ശരിയായ എല്ലാ നേതൃത്വവും അനിവാര്യമായും ‘ജനങ്ങളിൽ നിന്ന്, ജനങ്ങളിലേക്ക്’ എന്നതാണ്.  ചിതറിക്കിടക്കുന്നതും ക്രമരഹിതവുമായ ജനങ്ങളുടെ ആശയങ്ങൾ  സ്വീകരിക്കുകയും പഠനത്തിലൂടെ അവയെ സാന്ദ്രവും ചിട്ടയുള്ളതുമായ ആശയങ്ങളാക്കി മാറ്റി അവയെ കേന്ദ്രീകരിക്കുകയും തുടർന്ന് ജനങ്ങളിലേക്ക് ചെന്ന് ഈ ആശയങ്ങൾ പ്രചരിപ്പി ക്കുകയും വിശദീകരിക്കുകയും ചെയ്യുക, ജനങ്ങള്‍ അവ സ്വന്തമായി ഉൾക്കൊള്ളുകയും, അവയിൽ ഉറച്ചുനിൽക്കുകയും, പ്രവർത്തനങ്ങളാക്കി മാറ്റുകയും, അത്തരം പ്രവർത്തനങ്ങളിലൂടെ ഈ ആശയങ്ങളുടെ കൃത്യത പരിശോധിക്കുകയും ചെയ്യുന്നതുവരെ അതു തുടരുകയും ചെയ്യുക എന്നാണിതിനർത്ഥം. അതിനുശേഷം വീണ്ടും ജനങ്ങളിൽ നിന്ന് ആശയങ്ങൾ കേന്ദ്രീകരിക്കുകയും വീണ്ടും ജനങ്ങളിലേക്ക് പോകുകയും ചെയ്യുക, അങ്ങനെ ആശയങ്ങൾ നിരന്തരം പിന്തുടരുകയും പൂർണ്ണമായി നടപ്പിലാക്കുകയും ചെയ്യുക. ഇത്തരത്തിൽ അനന്തമായ ഒരു സർപ്പിള രീതിയിൽ (spiral) ഇത് ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾഓരോ തവണയും ആശയങ്ങൾ കൂടുതൽ ശരിയായതും, കൂടുതൽ ജീവസ്സുറ്റതും, കൂടുതൽ സമ്പന്നവുമായിത്തീരുന്നു. ഇതാണ് വിജ്ഞാനത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സിദ്ധാന്തം.


നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള ശരിയായ ആശയങ്ങൾ ‘ജനങ്ങളിൽ നിന്ന്, ജനങ്ങളിലേക്ക്’ എന്നതു മാത്രമാണ്  എന്നതും  നേതൃത്വത്തിന്റെ ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുമ്പോൾ പൊതു ആഹ്വാനം സവിശേഷമായ മാർഗ്ഗനിർദ്ദേശങ്ങളുമായി സംയോജിപ്പിക്കണം എന്നതും ആണ്  ഒരു സംഘടനയിലോ പോരാട്ടത്തിലോ നേതൃനിരയും ജനങ്ങളും തമ്മിലുള്ള ശരിയായ ബന്ധത്തെക്കുറിച്ചുള്ള സങ്കല്പം. ഈ വിഷയങ്ങളിൽ നമ്മുടെ കേഡർമാർക്കിടയിലുള്ള തെറ്റായ കാഴ്ചപ്പാടുകൾ തിരുത്തുന്നതിനായി ഈ സങ്കല്പങ്ങൾ നിലവിലെ തിരുത്തൽ  പ്രക്രിയയിൽ എല്ലായിടത്തും പ്രചരിപ്പിക്കേണ്ടതുണ്ട്. ഒരു നേതൃത്വകേന്ദ്രം രൂപീകരിക്കുന്നതിനായി സജീവപ്രവർത്തകരെ ഒരുമിച്ചുകൂട്ടുന്നതിന്റെ പ്രാധാന്യം പല സഖാക്കളും കാണുന്നില്ല, അല്ലെങ്കിൽ അതിൽ സമർത്ഥരല്ല; കൂടാതെ ഈ നേതൃത്വകേന്ദ്രത്തെ ജനങ്ങളുമായി അടുത്ത ബന്ധത്തിൽ നിലനിർത്തുന്നതിന്റെ പ്രാധാന്യം അവർ കാണുന്നില്ല, അല്ലെങ്കിൽ അതിൽ സമർത്ഥരല്ല. അതിനാൽ അവരുടെ നേതൃത്വം ഉദ്യോഗസ്ഥമേധാവിത്വപരവും  ജനങ്ങളിൽ നിന്ന് അകന്നതുമായി മാറുന്നു. ജനകീയ പോരാട്ടങ്ങളുടെ അനുഭവങ്ങൾ ക്രോഡീകരിക്കുന്നതിന്റെ പ്രാധാന്യം പല സഖാക്കളും കാണുന്നില്ല, അല്ലെങ്കിൽ അതിൽ സമർത്ഥരല്ല; മറിച്ച് തങ്ങൾ വലിയ ബുദ്ധിമാന്മാരാണെന്ന് സ്വയം വിചാരിച്ചുകൊണ്ട് വ്യക്തിനിഷ്ഠമായ  ആശയങ്ങൾ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നു, അതിനാൽ അവരുടെ ആശയങ്ങൾ പൊള്ളയായതും അപ്രായോഗികവുമായി മാറുന്നു. പല സഖാക്കളും ഒരു ദൗത്യത്തെക്കുറിച്ച് പൊതുവായ ഒരു ആഹ്വാനം നൽകുന്നതിൽ മാത്രം സംതൃപ്തി അടയുന്നു, ഒപ്പം ഉടനടി സവിശേഷവും മൂർത്തവുമായ മാർഗ്ഗനിർദ്ദേശം നൽകി അത് പിന്തുടരുന്നതിന്റെ പ്രാധാന്യം കാണുന്നില്ല അല്ലെങ്കിൽ അതിൽ സമർത്ഥരല്ല. അതിനാൽ അവരുടെ ആഹ്വാനം അവരുടെ ചുണ്ടുകളിലോ, കടലാസിലോ അല്ലെങ്കിൽ സമ്മേളനമുറിയിലോ മാത്രമായി അവശേഷിക്കുന്നു, അവരുടെ നേതൃത്വം ഉദ്യോഗസ്ഥമേധാവിത്വപരമായി മാറുന്നു. നിലവിലെ തിരുത്തൽ പ്രക്രിയയിൽൽ നാം ഈ ന്യൂനതകൾ തിരുത്തുകയും, നമ്മുടെ പഠനത്തിലും പ്രവർത്തനങ്ങളുടെ വിലയിരുത്തലിലും കേഡർമാരെ വിലയിരുത്തുന്നതിലും നേതൃത്വത്തെ ജനങ്ങളുമായും സാമാന്യമായതിനെ സവിശേഷമായതുമായും സംയോജിപ്പിക്കുന്ന രീതികൾ ഉപയോഗിക്കാൻ പഠിക്കുകയും വേണം; ഒപ്പം നമ്മുടെ ഭാവി പ്രവർത്തനങ്ങളിലെല്ലാം ഈ രീതികൾ പ്രയോഗിക്കുകയും വേണം.

Share this post

scroll to top