സ്വാതന്ത്ര്യാനന്തര ഇന്ത്യയും തൊഴിൽ നിയമങ്ങളും

Com-Sankar-Dasgupta.png
Share

2026 ആഗസ്റ്റ് 14,15 തീയതികളില്‍ ആലുവയില്‍ നടന്ന ട്രേഡ് യൂണിയന്‍ പഠനക്യാമ്പില്‍ എഐയുറ്റിയുസി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സഖാവ് ശങ്കര്‍ ദാസ്ഗുപ്ത നടത്തിയ പ്രഭാഷണത്തില്‍നിന്ന്

സംഘടിത മേഖലയെന്നും അസംഘടിത മേഖലയെന്നും തൊഴില്‍ മേഖലയെ പൊതുവില്‍ രണ്ടു വിഭാഗങ്ങളായി തരം തിരിക്കാം. സംഘടിത മേഖലയെ ഔപചാരിക മേഖലയെന്നും അസംഘടിത മേഖലയെ അനൗപചാരിക മേഖലയെന്നും കൂടി വിളിക്കാറുണ്ട്.   90 ശതമാനത്തോളം തൊഴിലാളികളും അസംഘടിത മേഖലയിൽ അല്ലെങ്കിൽ അനൗപചാരിക മേഖലയില്‍  പണിയെടുക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 10 ശതമാനം മാത്രമാണ് സംഘടിത അല്ലെങ്കിൽ ഔപചാരിക മേഖലയിൽ പണിയെടുക്കുന്നത്. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം രണ്ടു മേഖലകളും പ്രധാനപ്പെട്ടതാണ്.

സംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് ചില തൊഴിൽ നിയമങ്ങൾ ബാധകമാണ്. നിയമങ്ങളുടെ പരിമിതികൾ ഉണ്ടെങ്കിലും അവർക്ക് ചില അവകാശങ്ങളുണ്ടെന്നു മാത്രമല്ല, കൂട്ടായ വിലപേശലിനുള്ള മെച്ചപ്പെട്ട സാഹചര്യവും ഉണ്ട്. അസംഘടിത മേഖലയിലാവട്ടെ തൊഴിൽ നിയമങ്ങളുടെതായ യാതൊരു സംരക്ഷണവുമില്ല. നിർമ്മാണ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ തുടങ്ങിയവർ എണ്ണത്തിൽ വളരെ കൂടുതലാണെങ്കിലും തൊഴിൽ നിയമങ്ങൾ ഒന്നും അവർക്ക് ബാധകമല്ല. അസംഘടിത മേഖലയുമായി തട്ടിച്ചു നോക്കുമ്പോൾ എണ്ണത്തിൽ വളരെ കുവാണെങ്കിലും സംഘടിത മേഖലയുടെ പ്രാധാന്യം വളരെ വലുതാണ്. വിപ്ലവത്തിന്റേയും വിപ്ലവ സമരങ്ങളുടേയും മുതലാളിത്ത ഭരണകൂടത്തെ തകർത്തെറിഞ്ഞ് സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെയും കാഴ്ചപ്പാടിൽ നോക്കുമ്പോൾ സംഘടിതമേഖലക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. റെയിൽവേ, ഊർജം, ബാങ്കിംഗ്, ഇൻഷൂറൻസ്, പെട്രോളിയം, കൽക്കരി, സ്റ്റീൽ തുടങ്ങിയവയെല്ലാം സംഘടിത മേഖലയിലാണ് വരുന്നത്. ഈ സംഘടിത മേഖലക്ക് മുഴുവൻ സാമ്പത്തിക രംഗത്തേയും നിശ്ചലമാക്കാനുള്ള ശേഷിയുണ്ട്. ഈ രംഗത്ത് സുസംഘടിതവും നീണ്ടുനില്‍ക്കുന്നതുമായ ഒരു പ്രക്ഷോഭണം വരുകയാണെങ്കിൽ അത് സാമ്പത്തിക രംഗത്തെ മുഴുവൻ നിശ്ചലമാക്കും. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ സംഘടിത മേഖലക്കുള്ള പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
എഐയുറ്റിയുസി ഒരു വിപ്ലവ ട്രേഡ് യൂണിയൻ പ്രസ്ഥാനമാണ്. വിപ്ലവ ട്രേഡ് യൂണിയൻ സംഘടന എന്ന് നാം വിളിക്കുന്നതിന് കാരണമുണ്ട്. നമ്മുടെ സമൂഹത്തെ ശാസ്ത്രീയമായി വിശകലനം ചെയ്താൽ അത് ചൂഷണത്തിൽ അധിഷ്ഠിതമായ ഒരു മുതലാളിത്ത സമൂഹമാണ് എന്നും, മുതലാളി തൊഴിലാളി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഉല്പാദനം നടക്കുന്നതെന്നും,  ഉല്പാദനത്തിൽ ഈ തൊഴിലാളി-മുതലാളി ബന്ധം നിലനില്‍ക്കുന്ന കാലത്തോളം, അതായത്, മുതലാളിത്ത ഭരണകൂടം നിലനില്‍ക്കുന്ന കാലത്തോളം തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്ന മറ്റെല്ലാ വിഭാഗങ്ങളുടെയും യഥാർത്ഥ മോചനം സാധ്യമല്ല എന്നും നമുക്കറിയാം. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഡിമാന്റുകൾ നേടിയെടുക്കാൻ കഴിഞ്ഞേക്കും. ചിലപ്പോൾ ഭാഗിക ഡിമാന്റുകളോ ചിലപ്പോൾ ഡിമാന്റുകൾ മുഴുവനായോ നേടിയെടുത്തേക്കാം. ചിലപ്പോൾ ഒന്നും നേടിയെടുക്കാൻ കഴിഞ്ഞെന്നും വരില്ല. എന്നാൽ മുതലാളിത്ത ഉല്പാദന സമ്പ്രദായവും മുതലാളിത്ത ഉല്പാദന ബന്ധവും നിലനിൽക്കുവോളം രാജ്യത്തെ തൊഴിലാളികളുടെ സ്ഥിതിയിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ കഴിയില്ല. അതിനാൽ, വിവിധ സംസ്ഥാനങ്ങളിലെ വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിക്കുമ്പോൾ, തൊഴിലാളികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ  നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയെയും ഉല്പാദന ബന്ധത്തെയും പറ്റിയും മുതലാളിത്ത ഭരണകൂടത്തെ മാറ്റി സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ തൊഴിലാളികളുടെ യഥാർത്ഥ മോചനം സാധ്യമാകൂ എന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.  ഇക്കാരണത്താലാണ് നമ്മുടെ ട്രേഡ് യൂണിയനെ ഒരു വിപ്ലവ ട്രേഡ് യൂണിയൻ എന്നു വിളിക്കുന്നത്.  എണ്ണംകൊണ്ട് വലിയ ട്രേഡ് യൂണിയനുകളും മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളും ഉണ്ടെങ്കിലും അവയൊന്നും വിപ്ലവ ട്രേഡ് യൂണിയനുകളല്ല. കാരണം, അവയ്ക്കൊന്നും നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയെ മാറ്റുകയെന്ന ലക്ഷ്യമില്ല.

തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍

സംഘടിത മേഖലയിലെ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന അനേകം നിർദ്ദേശങ്ങൾ ലേബർ കോഡുകളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയും ലേബർ കോഡുകൾ പരോക്ഷമായി ബാധിക്കുന്നതാണ്. തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നാലുലേബര്‍ കോഡുകള്‍ക്കെതിരായ പോരാട്ടം നാം ശക്തിപ്പെടുത്തേണ്ടതുണ്ട്.
2015നു ശേഷമാണ് ലേബർ കോഡുകളെക്കുറിച്ച് കേട്ടുതുടങ്ങുന്നത്. ഇപ്പോൾ അത് പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. അതിന്റെ റൂളുകളും രൂപപ്പെടുത്തിയിരിക്കു കയാണ്. ബിജെപി സർക്കാര്‍ പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ലേബർ കോഡുകൾ പാസാക്കി എന്നത് ശരിതന്നെയാണ്. കോൺഗ്രസ്സിനോ അതല്ലെങ്കിൽ മറ്റേതെങ്കിലുമൊരു പാർട്ടിക്കോ പാർലമെന്റിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കിൽ ഇത് അവതരിപ്പിച്ച് പാസ്സാക്കുമായിരുന്നോ എന്നതാണ് പ്രസക്തമായ ചോദ്യം. ലേബർ കോഡുകൾ എങ്ങനെ, എന്തുകൊണ്ട്, ഇപ്പോൾ കൊണ്ടുവന്നു?  ഇക്കാര്യങ്ങളെക്കുറിച്ചാണ് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്.


1947 ആഗസ്റ്റ് 15നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാ‍ർ ഇന്ത്യ വിട്ടുപോയതിനു ശേഷം  ഒരു പരമാധികാര ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടു. 1948ൽ ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. 1950ൽ ഭരണഘടന നിലവിൽ വന്നതിനുശേഷം 1952ലാണ് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു  നടക്കുന്നത്. 1948ൽ ഒരു പാർലമെന്റ് ഉണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ആയിരുന്നില്ല എന്നു മാത്രം. 1946ൽ തന്നെ ബ്രിട്ടൻ രാജ്യം വിട്ടുപോകുവാൻ തീരുമാനിച്ചിരുന്നു. അന്നുണ്ടായിരുന്ന ദേശീയവും സാർവ്വദേശീയവുമായ സാഹചര്യത്തിൽ ഇന്ത്യയിലെ ഭരണം തുടർന്നു കൊണ്ടുപോകാൻ ബ്രിട്ടന് കഴിയില്ലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല കൂടുതൽ ആക്കം വെച്ചുവരുകയായിരുന്നു. നേവി ഉൾപ്പെടെയുള്ള പട്ടാളത്തിനകത്തുപോലും സ്വാതന്ത്ര്യ സമരജ്വാല കടന്നുകയറിയിരുന്നു. ജനങ്ങളും സമരത്തിൽ കൂടുതൽ കൂടുതൽ പങ്കെടുത്തിരുന്നു. 1942ലെ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും. ബ്രിട്ടീഷുകാർക്ക് അധികാരം തുടർന്നുകൊണ്ടു പോകുവാൻ കഴിയുമായിരുന്നില്ല. അങ്ങനെ അവർ ഇന്ത്യ വിട്ടു പോകുവാൻ ആലോചിച്ചു. അതിനാൽ അവർ 1946ൽ ഭരണഘടന തയ്യാറാക്കാനായി ഒരു കോൺസ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചിരുന്നു. 1946ൽ രൂപീകരിച്ച ആ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ പാർലമെന്റായി പ്രവർത്തിച്ചത്. 1950ൽ ഭരണഘടന നിലവിൽ വരുന്നതുവരെ അത് തുടർന്നു.

സ്വാതന്ത്ര്യാനന്തരം അധികാരം കൈയാളിയത് ദേശീയ മുതലാളിവര്‍ഗ്ഗം

1947 ആഗസ്റ്റ് 15ന്  സ്വാതന്ത്ര്യാനന്തരം  അധികാരത്തില്‍ വന്നത് കോൺഗ്രസ്സ് ഗവണ്‍മെന്റ് ആയിരുന്നുവെങ്കിലും ഭരണകൂട അധികാരത്തിൽ വന്നത് ഇന്ത്യയിലെ മുതലാളി വർഗ്ഗമാണ്. ഗവണ്‍മെന്റ് അധികാരവും ഭരണകൂടാധികാരവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് വളരെ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
1947 മുതൽ ഇതാണ് സ്ഥിതി. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിൽ അധികാരത്തിലുള്ളത് ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യമാണ്. ഭരണ കൂടാധികാരത്തില്‍ മുതലാളി വർഗ്ഗവും. 1947നുശേഷം 2026 വരെ ഗവണ്‍മെന്റുകൾ പല തവണ മാറി മാറി വന്നെങ്കിലും യാതൊരു മാറ്റവുമില്ലാതെ തുടർച്ചയായി ദേശീയ ബുർഷ്വാസിയാണ് ഭരണ കൂടാധികാരത്തിലുള്ളത്. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് അധികാരത്തില്‍. ഈ സർക്കാരുകളുടെ എല്ലാ നയങ്ങളും-വ്യവസായ നയം, തൊഴിൽ നയം, കാർഷിക നയം, വിദ്യാഭ്യാസ-ആരോഗ്യ നയങ്ങൾ തുടങ്ങിയവ-ആരുടെ താല്പര്യാർത്ഥമാണ് കൊണ്ടുവന്നത്? ആരുടെ താല്പര്യാർത്ഥമാണ് ഈ നയങ്ങൾ രൂപീകരിച്ചു നടപ്പിലാക്കുന്നത്? ബിജെപിക്കോ കോൺഗ്രസ്സിനോ അല്ലെങ്കിൽ ജനതാ പാർട്ടിക്കോ വേണ്ടിയാണോ ഈ നയങ്ങൾ വന്നത്? മുതലാളി വർഗ്ഗത്തിനു വേണ്ടിയാണ് ഈ നയങ്ങൾ എല്ലാം വന്നത്. 1947 മുതൽ 2026 വരെ ആരെല്ലാം അധികാരത്തിൽ വന്നോ അവരെല്ലാം ആവിഷ്കരിച്ച് പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തിട്ടുള്ള എല്ലാ നയങ്ങളും ഇന്ത്യയിലെ മുതലാളി വർഗ്ഗത്തിന്റെ താല്പര്യാർത്ഥമാണെന്ന് നമ്മൾ മനസ്സിലാക്കണം. അതുകൊണ്ട്, മാറിമാറി വന്ന എല്ലാ ഗവണ്‍മെന്റുകളും വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും നടപ്പിലാക്കിയിട്ടുള്ള നയങ്ങൾ ഇന്ത്യയിൽ മുതലാളി വർഗ്ഗത്തിന്റെ താല്പര്യാർത്ഥമാണ് കൊണ്ടുവന്നിട്ടുള്ളത്.


1948 ൽ ഒന്നാം വ്യവസായ നയത്തെ സംബന്ധിച്ച പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ജവഹർലാൽ നെഹ്‌റുവാണ് ആദ്യത്തെ പ്രധാനമന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട ആദ്യത്തെ വ്യവസായ നയം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് നെഹ്‌റു മന്ത്രിസഭയിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു. ആരാണീ ശ്യാമപ്രസാദ് മുഖർജി ? ‘ആൾ ഇന്ത്യ ഹിന്ദു മഹാസഭ’യുടെ ജനറൽ സെക്രട്ടിയും പിന്നീട്, 1955ല്‍ രൂപീകരിക്കപ്പെട്ട ജനസംഘത്തിന്റെ നേതാവുമായിരുന്നു അദ്ദേഹം.  അദ്ദേഹം അവതരിപ്പിച്ച ഈ വ്യവസായ നയം മിശ്രിത സമ്പദ് വ്യവസ്ഥ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രസ്തുത വ്യവസായനയ പ്രമേയത്തിൽ വ്യവസായങ്ങളെ നാലു കാറ്റഗറികളായി തരം തിരിച്ചിരുന്നു. അതിൽ ഒന്നാമത്തേത് തന്ത്രപ്രധാന മേഖലയായിരുന്നു. ആയുധവും പടക്കോപ്പു നിർമ്മാണവും പ്രതിരോധ വ്യവസായങ്ങൾ, റയിൽവേ, ആറ്റമിക്ക് എനർജി തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടിരുന്നു. രണ്ടാമത്തെ കാറ്റഗറിയിൽ പ്രധാനപ്പെട്ട അല്ലെങ്കിൽ അടിസ്ഥാന വ്യവസായങ്ങളായ, സ്റ്റീൽ,  ഊർജ്ജം, പെട്രോളിയം, കൽക്കരി, രാസവളം തുടങ്ങിയ വ്യവസായങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ രണ്ടു കാറ്റഗറികളിലും പെടുന്ന വ്യവസായങ്ങൾ തുടങ്ങാൻ പൊതു മേഖലക്കു മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ.  മൂന്നാമത്തെ കാറ്റഗറിയിൽ വരുന്ന വ്യവസായങ്ങൾ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും തുടങ്ങാൻ അനുവദിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിൽ വ്യവസായം തുടങ്ങാൻ വളരെയധികം നിബന്ധനകളോടെ സർക്കാരിന്റെ നിയന്ത്രണം ഉണ്ടായിരുന്നു. നാലാമത്തെ കാറ്റഗറി മൊത്തത്തിൽ സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തിരുന്നു.

ഇപ്പോൾ ബിജെപിയായി മാറിയ മുൻ ജനസംഘത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ശ്യാമപ്രസാദ് മുഖർജിയെ ബിജെപിയുടെ സ്ഥാപക നേതാവായി, പശ്ചിമ ബംഗാളിലടക്കം, ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസിനെപോലും വളരെ കൗശലപൂർവം താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണ്. ബംഗാളിൽ ശ്യാമപ്രസാദ് മുഖർജിയുടെയും ഹിന്ദുമഹാസഭയുടെയും വർഗ്ഗീയ അജണ്ടയെ  ശക്തമായി എതിർത്തിരുന്ന ആളാണ് നേതാജി. ഇപ്പോൾ ബിജെപിയാണ് ഗവണ്‍മെന്റ് അധികാരത്തിലുള്ളത്. സ്വകാര്യവൽക്കരണ നടപടികൾ തകൃതിയായി നടപ്പിലാക്കുകയാണവർ. എന്നാൽ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജി അവതരിപ്പിച്ച ഒന്നാം വ്യവസായനയ പ്രമേയത്തിൽ ഗവണ്‍മെന്റ് ഉടമസ്ഥതയിൽ പൊതുമേഖലാ വ്യവസായങ്ങൾ തുടങ്ങുവാനാണ് അനുവദിച്ചിരുന്നത്. സ്വകാര്യ മേഖലയെ മുഴുവൻ ഗവണ്‍മെന്റ് നിയന്ത്രിച്ചിരുന്നു. എന്തുകൊണ്ട് ഇപ്പോള്‍ ഈ നയമാറ്റം? നിലവിലുള്ള ദേശീയ അന്തർ ദേശീയ സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് ഒരു സർക്കാരിന്റെ നയങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ് .സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിൽ വന്നിട്ടുള്ള എല്ലാ ഗവണ്‍മെന്റുകളും കൊണ്ടുവന്ന നയങ്ങൾ എന്തു തന്നെയായാലും  അതെല്ലാം മുതലാളി വർഗ്ഗത്തിന്റെ താല്പര്യാർത്ഥമായിരുന്നു. 1948ലെ ദേശീയ അന്തർ ദേശീയ സാഹചര്യവും ഇന്നത്തെ ദേശീയ സാർവ്വദേശീയ സാഹചര്യവും തികച്ചും വിഭിന്നമാണ്.

1956ലാണ് രണ്ടാം വ്യവസായ നയത്തെ സംബന്ധിച്ച പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. അതൊരു തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റായിരുന്നു. 1952ലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പാർലമെന്റായിരുന്നു അത്. 1956 ലെ രണ്ടാം വ്യവസായ നയത്തെ സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഇന്ത്യ രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സമയത്തായിരുന്നു. രണ്ടാം പഞ്ചവസര പദ്ധതിയിലൂടെ ഘന വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആരംഭിക്കുവാനാണ് ഇന്ത്യൻ മുതലാളി വർഗ്ഗം ആഗ്രഹിച്ചത്. ഈ വ്യവസായനയം അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്സായിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ്സ് സോഷ്യലിസത്തെക്കുറിച്ചും സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹത്തെക്കുറിച്ചും സംസാരിക്കുകയും സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹം എന്ന മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. രാഷ്ട്രീയമായി ജനാധിപത്യ സോഷ്യലിസവും സാമ്പത്തിക രംഗത്ത്  കൽക്കരി, സ്റ്റീൽ, ഊർജ്ജം തുടങ്ങിയ വൻകിട ഘനവ്യവസായങ്ങളുടെ മേഖലകളിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

മുതലാളിത്തം അടിത്തറയുയര്‍ത്തിയത് പൊതുഫണ്ട് ഉപയോഗിച്ച്

1948ലേതിനേക്കാൾ പൊതുമേഖലക്ക് കൂടുതൽ ഊന്നൽ നൽകുന്ന ഒരു വ്യത്യാസം മാത്രമേ 1956 ലെ വ്യവസായ നയത്തിന് ഉണ്ടായിരുന്നുള്ളു. അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്സ് എന്തുകൊണ്ട് ജനാധിപത്യ സോഷ്യലിസത്തെക്കുറിച്ചും സോഷ്യലിസ്റ്റ് മാതൃകയിലള്ള സമൂഹത്തെക്കുറിച്ചും സംസാരിച്ചു. കാരണം, സോവിയറ്റ് യൂണിയനിലെ സോഷ്യലിസം അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതുപോലെ മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളും ചൈനയുമെല്ലാം വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്ത് എല്ലായിടത്തും ജനങ്ങൾ വമ്പിച്ച അളവിൽ സോഷ്യലിസത്തിൽ ആകൃഷ്ടരായിക്കൊണ്ടിരുന്ന സമയവുമായിരുന്നു.

മുതലാളി വർഗ്ഗത്തിന്റെ താല്പര്യാർത്ഥം കോൺഗ്രസ്സ്, പൊതുമേഖലയെന്നു പറഞ്ഞാൽ സോഷ്യലിസമാണെന്നും സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണെന്നും വരുത്തിത്തീർക്കുവാനും  ജനങ്ങളെ വിഡ്ഢികളാക്കുവാനും ശ്രമിച്ചു. ഇന്ത്യയിലെ മുതലാളി വർഗ്ഗത്തിന് അക്കാലത്ത് അത് ആവശ്യമായിരുന്നു. അതേസമയം രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാന വ്യവസായങ്ങൾ ആവശ്യമായിരുന്നു. അടിസ്ഥാന വ്യവസായങ്ങൾ തുടങ്ങാൻ വൻപിച്ച അളവിൽ മൂലധനനിക്ഷേപവും ആവശ്യമായിരുന്നു. അത് പൊതുഫണ്ടിൽ നിന്നാണ് അവർ കണ്ടെത്തിയത്.  ഭാരതീയ ജനസംഘമായിരുന്ന ഇന്നത്തെ ബിജെപി രണ്ടാം വ്യവസായ നയത്തെ എതിർത്തിരുന്നില്ല. ഒന്നാം വ്യവസായനയ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത് ശ്യാമപ്രസാദ് മുഖർജിയാണ് എന്ന് സൂചിപ്പിച്ചിരുന്നല്ലോ. മുതലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള  നയങ്ങളാണ് അന്ന് ആവശ്യമായിട്ടുള്ളത് എന്ന് കോൺഗ്രസ്സിനും ജനസംഘത്തിനും അറിയാമായിരുന്നു. കോൺഗ്രസ്സിനും ജനസംഘത്തിനും ഇക്കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. മാത്രമല്ല ഈ നയം തുടരുകയും ചെയ്തു. ഈ മുതലാളിത്ത നയങ്ങളിലൂടെയാണ് ഇന്ത്യയിൽ അടിസ്ഥാന വ്യവസായങ്ങൾ നിർമ്മിക്കപ്പെട്ടത്. ഇന്ത്യയിൽ കുത്തക മൂലധനം പൊതുഫണ്ടിൽ നിന്നാണ് ഉണ്ടായത്. അതുകൊണ്ടാണ് നാം അതിനെ സ്റ്റേറ്റ് മൂലധനം എന്ന് വിളിക്കുന്നത്. അതായത് ഭരണകൂടത്തിന്റെ സഹായത്തോടെ പൊതുഫണ്ട് ഉപയോഗപ്പെടുത്തി മുതലാളിത്തത്തെ വളർത്തിയെടുത്തു.

1953ൽ സ്റ്റാലിന്റെ നിര്യാണത്തിനുശേഷം സോവിയറ്റ് യൂണിയനിൽ വലിയ സംഭവവികാസങ്ങൾ ഉണ്ടായി. സോവിയറ്റ് യൂണിയനകത്ത് തർക്കങ്ങൾ രൂപപ്പെട്ടു. പിന്നീട് രണ്ടു വലിയ സോഷ്യലിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ് യൂണിയനും ചൈനയും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. ജനങ്ങൾക്കിടയിലും ബുദ്ധിജീവികൾക്കിടയിലും ഇടതുപക്ഷ കേന്ദ്രങ്ങളിലും വലിയ തർക്കങ്ങൾ രൂപപ്പെട്ടു. സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള തർക്കത്തിൽ ആരാണ് ശരി എന്നതിനെച്ചൊല്ലിയും തർക്കം നടന്നു. ഇതെല്ലാം കാരണം സോഷ്യലിസത്തോട് ജനങ്ങൾക്കുണ്ടായിരുന്ന ആഭിമുഖ്യത്തില്‍ ക്രമേണ ഇടിവുണ്ടായി. ഈ കാലഘട്ടത്തിനുമുമ്പ് സർക്കാരിൽ ഉണ്ടായിരുന്നവർ പല തൊഴിൽ നിയമങ്ങളും പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. ചിലതൊക്കെ ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ രൂപീകരിക്കപ്പെട്ടിരുന്ന വയായിരുന്നു.

സാർവ്വദേശീയ രംഗത്തെ സാഹചര്യങ്ങൾ ഇങ്ങനെ കടന്നു പോയിരുന്ന സമയത്തു തന്നെ 1947 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ മുതലാളിത്തം വലിയ തോതിൽ ശക്തി പ്രാപിച്ചു. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഒന്നാം ദേശീയ ലേബർ കമ്മീഷന് രൂപം കൊടുത്തു. മാറിയ സാർവ്വദേശീയ സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ ആവശ്യമാണോ അതോ അതിൽ പരിഷ്കാരങ്ങൾ ആവശ്യമുണ്ടോ എന്ന് പരിശോധിക്കുന്നതിനും കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ ഭേദഗതികളിലുടെ കാലോചിതമാക്കുന്നതിനും വേണ്ടിയായിരുന്നു ഗജേന്ദ്ര ദത്ത ചെയർമാനായുള്ള ഒന്നാം ദേശീയ ലേബർ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. നിലവിലുള്ള തൊഴിൽ നിയമങ്ങള്‍ റദ്ദാക്കുവാനല്ല മറിച്ച് പരിഷ്കരിക്കുവാനാണ് അത് നിർദ്ദേശിച്ചത്. ഈ ലേബർ കമ്മീഷന്റെ പ്രവർത്തനങ്ങൾ 1991 വരെ തുടർന്നുപോന്നു. പിന്നീട് വന്ന ഗവണ്‍മെന്റുകളും ഒന്നാം ലേബർ കമ്മീഷന്റെ ശുപാർശകൾ തുടരുകയാണുണ്ടായത്. ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ്സ് ഗവണ്‍മെന്റിനുശേഷം ജനതാ പാർട്ടി ഗവണ്‍മെന്റാണ് അധികാരത്തിൽ വന്നത്. പിന്നീട് കുറച്ചു കാലം ചരൺ സിംഗ് ഗവണ്‍മെന്റ് ഉണ്ടായിരുന്നു. പിന്നീട് ചന്ദ്രശേഖറിന്റേയും വി.പി.സിംഗിന്റെയും ഗവണ്‍മെന്റുകൾ വന്നു. മേൽപ്പറഞ്ഞ എല്ലാ ഗവണ്‍മെന്റുകളും ഒന്നാം ദേശീയ ലേബർ കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നിലവിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ടിരുന്നു. പക്ഷേ, അവരാരും തൊഴിൽ നിയമങ്ങള്‍ റദ്ദാക്കിയില്ല. 1991വരെ ഈ രീതി തുടരുകയാണുണ്ടായത്. 1991ലാണ് സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞത്. മാത്രമല്ല, കിഴക്കൻ യൂറോപ്പിലെ പല സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും സോഷ്യലിസം ഇല്ലാതാക്കപ്പെട്ടു, മുതലാളിത്ത പുനഃസ്ഥാപനം നടന്നു. സോഷ്യലിസവും കമ്മ്യൂണിസവും മാർക്സിസവും മരണമടഞ്ഞുവെന്ന് മുതലാളിത്ത സാമ്രാജ്യത്വ ലോകം പ്രചാരണം അഴിച്ചുവിട്ടു. സോഷ്യലിസ്റ്റ്  ക്യാമ്പിന്റെ തകർച്ചക്കുശേഷം സാമ്രാജ്യത്വ ശക്തികൾ ഏകധ്രുവ ലോകം എന്ന മുദ്രാവാക്യമുയർത്തി ലോകം മുഴുവൻ അടക്കിവാഴുന്ന മുതലാളിത്ത ആഗോളവൽക്കരണ നയങ്ങൾ നിലവില്‍ വരുകയും ചെയ്തു. ലോകമെമ്പാടും, മൂലധനത്തിന്റെ താല്പര്യങ്ങൾക്കായി മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ ഈ നയങ്ങൾ നടപ്പിലാക്കി. 1991ൽ ആഗോളവൽക്കരണ നയങ്ങൾക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചു.

ഈ പുതിയ വ്യവസായ നയത്തിന്റെയും സാമ്പത്തിക നയത്തിന്റെയും പ്രധാന ഊന്നല്‍ നിയന്ത്രണങ്ങളിൽ നിന്നുള്ള പൂര്‍ണ്ണമായ മോചനമായിരുന്നു. സ്വകാര്യമേഖലയ്ക്ക് അഭിവൃദ്ധി പ്രാപിക്കാം. വ്യാപകമായ സ്വകാര്യവൽക്കരണം വരാൻ പോകുന്നു. വിദേശ മൂലധനം യാതൊരു തടസ്സവുമില്ലാതെ എത്തും. ഇതിനെയാണ് ഉദാരവൽക്കരണം എന്നുവിളിക്കുന്നത്. അതായത്, മൂലധനത്തിന് രാജ്യത്തിന് പുറത്തേക്കും രാജ്യത്തിനകത്തേക്കും യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. മുൻകാലങ്ങളിൽ ഗവൺമെന്റ് നിയന്ത്രിച്ചിരുന്ന സ്വകാര്യ മൂലധനത്തിനുമേൽ ഇനിമേൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. അങ്ങനെ ഉദാരവൽക്കരണം വന്നു, സ്വകാര്യവൽക്കരണം വന്നു. അത് ബിജെപി സർക്കാരിന്റെ കാലത്തല്ല, മറിച്ച് 1991ൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ്.
ബിജെപിയും ഈ പുതിയ സാമ്പത്തിക നയത്തെയും പുതിയ വ്യവസായ നയത്തെയും പിന്തുണച്ചു. എന്തെങ്കിലും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിൽ അത് പാർലമെന്ററി തലത്തിലുള്ള എതിർപ്പ് മാത്രമായിരുന്നു, അല്ലാതെ നയത്തിന്റെ കാര്യത്തിൽ യാതൊരുവിധ അടിസ്ഥാനപരമായ എതിർപ്പും ഉണ്ടായിരുന്നില്ല. ഒരു കാലത്ത് ബൂർഷ്വാ മാധ്യമങ്ങൾ, ദേശസാൽക്കരണം നല്ലതാണെന്നും ദേശസാൽക്കരണമെന്നാൽ സോഷ്യലിസം ആണെന്നും ജനങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ ദേശസാൽകൃത വ്യവസായങ്ങൾ കാരണം പൊതുമേഖല കാരണം സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും സ്വകാര്യവൽക്കരണം ആവശ്യമാണെന്നും അതേ മാധ്യമങ്ങൾ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം പ്രചരിപ്പിച്ചു. തുടർച്ചയായ ഈ പ്രചാരണത്തിലൂടെ, സ്വകാര്യവൽക്കരണം ആവശ്യമാണെന്നും സ്വകാര്യവൽക്കരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആരോഗ്യദായകമാണെന്നും ജനങ്ങളെയും വിശ്വസിപ്പിച്ചു.

എട്ടുവർഷങ്ങൾക്കുശേഷം 1999ൽ കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വന്നപ്പോൾ,  അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയാ യിരുന്നപ്പോൾ, 1999ൽ രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ രൂപീകരിച്ചു. രവീന്ദ്ര വർമ്മയായിരുന്നു അതിന്റെ ചെയർമാൻ. ഈ രവീന്ദ്ര വർമ്മ 1977ലെ ജനതാ പാർട്ടി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ 2002ൽ അടൽ ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാരിന് അതിന്റെ ശുപാർശകൾ സമർപ്പിച്ചു. രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ തൊഴിൽ നിയമങ്ങൾ എടുത്തു കളയാൻ ശുപാർശചെയ്തു. ഇന്ത്യയിൽ ധാരാളം തൊഴിൽ നിയമങ്ങൾ ഉണ്ടെന്നും അവ ഇപ്പോൾ ആവശ്യമില്ലെന്നും അവ ലളിതവൽക്കരിച്ച് ചില തൊഴിൽ കോഡുകളായി സംയോജിപ്പിക്കണമെന്നും അവർ പറഞ്ഞു. അതിനാൽ, 1999 മുതൽ 2004 വരെ ബിജെപി സർക്കാർ അധികാരത്തിലിരുന്നപ്പോഴുള്ള രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷന്റെ ശുപാർശയായിരുന്നു അത്. എന്നാൽ അടൽ ബിഹാരി വാജ്പേയ് സർക്കാരിന് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ശുപാർശകൾ അംഗീകരിച്ചുവെങ്കിലും 2004ൽ അവർ അധികാരത്തിൽനിന്ന് പുറത്തുപോവുകയും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ വരികയും ചെയ്തതിനാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല.

2004 മുതൽ 2014 വരെ കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്നു. മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. എന്നാൽ കോൺഗ്രസ് ദേശീയ തൊഴിൽ കമ്മീഷന്റെ ശുപാർശ തള്ളിക്കളഞ്ഞില്ല. നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ആയതിനാല്‍ വിജയിച്ചില്ല. ആ കാരണത്താൽ കോൺഗ്രസ് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നില്ലെന്നും പരിഷ്കരണ നടപടികൾ സ്തംഭിച്ചിരി ക്കുകയാണെന്നുമുള്ള മുറവിളികൾ ഉയർന്നു. എങ്കിലും 2014ലെ തിരഞ്ഞെടുപ്പുവരെ പ്രധാനപ്പെട്ട 13 ശുപാർശകളിൽ ചിലതിൽ മാത്രമാണ് കോൺഗ്രസ് വിയോജിപ്പുകൾ പ്രകടിപ്പിച്ചത്. ബാക്കിയുള്ളതിൽ കോൺഗ്രസ് രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷനെ പിന്തുണച്ചു. തുടർന്ന് 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നു.

അങ്ങനെ ഒന്നാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ പരിഷ്കരണം വരുത്താൻ ശുപാർശ ചെയ്തു. രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ തൊഴിൽ നിയമങ്ങൾ റദ്ദാക്കാനും ഈ തൊഴിൽ നിയമങ്ങളെ നാലോ അഞ്ചോ തൊഴിൽ കോഡുകളായി ക്രോഡീകരിക്കാനും ശുപാർശ ചെയ്തു. 2004 വരെ ബിജെപി സർക്കാരിനും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല, 2004 മുതൽ 2014 വരെ കോൺഗ്രസിനും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല; കാരണം പാർലമെന്റിൽ അവർക്ക് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല, സഖ്യകക്ഷികൾക്കിടയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പിന്നീട് 2014ൽ ബിജെപി അധികാരത്തിൽ വന്നു, 2014 മുതൽ 2019 വരെ ബിജെപി സർക്കാർ കോഡുകൾ തയ്യാറാക്കിക്കൊണ്ടിരുന്നു. 2019ൽ ഒറ്റ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ, കോവിഡ് കാലഘട്ടത്തിൽ അവർ തൊഴിൽ നിയമങ്ങൾ പാസാക്കി. 2019ലും തുടർന്ന് 2020ലുമായി മൂന്ന് കോഡുകളും 2019ൽ ഒരു കോഡും പാസാക്കി. അങ്ങനെ തൊഴിൽ കോഡുകൾ നിലവിൽ വന്നു.

അപ്പോൾ, ലേബർ കോഡിന് 1991ലെ പുതിയ വ്യവസായ നയവും പുതിയ സാമ്പത്തിക നയവുമായുള്ള വ്യത്യാസം എന്താണ്? ഇത് ഇന്ത്യൻ മുതലാളി വർഗ്ഗത്തിന്റെ താല്പര്യപ്രകാരമുള്ള തുടർ പ്രക്രിയയാണ്. 1991ലെ പുതിയ വ്യവസായ നയവും സാമ്പത്തിക നയവും ശ്രദ്ധ കേന്ദ്രീകരിച്ചത് എക്സിറ്റ് പോളിസിയിലാണ് (exit policy); അതായത് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുക, പ്രത്യേകിച്ച് സംഘടിത മേഖലയിലെ തൊഴിൽ സേനയെ വ്യാപകമായി പിരിച്ചുവിടുകയും ചുരുക്കുകയും ചെയ്യുക. തൊഴിലാളികൾ അധികപ്പറ്റാണെന്നും അതിനാൽ അവരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും ആദ്യം അവർ പറഞ്ഞു, തുടർന്ന് അവർ പറഞ്ഞു ശരിയായ എണ്ണം തൊഴിലാളികൾ (right-sized)ആക്കേണ്ടതാണെന്ന്. അങ്ങനെ എക്സിറ്റ് പോളിസിയോടൊപ്പം തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കലും വ്യവസായ നയത്തിലൂടെ  നിയന്ത്രണങ്ങൾ സമ്പൂർണമായി എടുത്തുകളയുകയും സ്വകാര്യവൽക്കരണവും വന്നു.  ഇപ്പോൾ നേരിട്ടുള്ള പിരിച്ചുവിടലിലൂടെയും, ‘വോളണ്ടറി റിട്ടയർമെന്റ് സ്കീം’, ‘ഏർലി സെപ്പറേഷൻ സ്കീം’, ‘നിർബന്ധിത റിട്ടയർമെന്റ് സ്കീം’ എന്നിവയിലൂടെയും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കൽ നടക്കുന്നു. 40,000 തൊഴിലാളികൾ ഉണ്ടായിരുന്ന വ്യവസായങ്ങളിൽ പെട്ടെന്ന് തൊഴിലാളികളുടെ എണ്ണം 20,000 അല്ലെങ്കിൽ 15,000 ആയി കുറഞ്ഞു. അങ്ങനെ തൊഴിലാളി വെട്ടിക്കുറയ്ക്കൽ ആരംഭിച്ചു.

ഇപ്പോൾ രണ്ടാമത്തെ ദേശീയ തൊഴിൽ കമ്മീഷൻ തൊഴിൽ നിയമങ്ങളുടെ ക്രോഡീകരണത്തിനായി, അതായത് തൊഴിൽ കോഡുകൾക്കായി ശുപാർശ ചെയ്തു; എന്തു അടിസ്ഥാനത്തിലാണ്, എന്ത് ന്യായമാണ് അവർ പറഞ്ഞത്? ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിന് (ease of doing business) ഇത് ആവശ്യമാണെന്ന് പറഞ്ഞു. ആരുടെ ബിസിനസ്സ്? അതൊരു ചെറിയ ചായക്കടയുടെ ബിസിനസ്സ് ആണോ? അല്ല, ഇത് കുത്തക മൂലധനത്തിന്റെ ബിസിനസ്സാണ്. അതിനാൽ കുത്തക മൂലധനത്തിന് യാതൊരു തടസ്സവുമില്ലാതെ എളുപ്പത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്നതിനായി തൊഴിൽ കോഡ് കൊണ്ടുവന്നിരിക്കുന്നു. എക്സിറ്റ് പോളിസിയിൽനിന്ന് തൊഴിൽ കോഡിലേക്കുള്ള മാറ്റത്തിൽ, തൊഴിൽ കോഡിലെ പ്രധാന ഊന്നൽ ജോലിയുടെ സ്ഥിരത പൂർണ്ണമായി തകർക്കുക, നിലവിലുള്ള ട്രേഡ് യൂണിയനെയും ജനാധിപത്യ അവകാശങ്ങളെയും പൂർണ്ണമായി തകർക്കുക, ഒപ്പം നിയമിക്കാനും യഥേഷ്ടം പിരിച്ചു വിടാനുമുള്ള(hire and fire) നയം നടപ്പിലാക്കുക എന്നിവയാണ്. ജോലിയുടെ സ്ഥിരത തകർക്കുക എന്ന ലക്ഷ്യത്തോടെ അവർ നിശ്ചിതകാല തൊഴിൽ (fixed term employment) നിയമവിധേയമാക്കി, ഗിഗ് തൊഴിലാളികളെയും പ്ലാറ്റ്‌ഫോം തൊഴിലാളികളെയും നിയമവിധേയമാക്കി.

ഇത് വർഗ്ഗപരമായ രൂപകൽപ്പനയാണ് (class design). ഇത് മുതലാളിവർഗ്ഗത്തിന്റെ ആവശ്യകതയാണ്. ഇത് ഒരു സർക്കാരിന്റെ മാത്രം നയമല്ല. ഏത് സർക്കാർ അധികാരത്തിൽ വന്നാലും, അത് കോൺഗ്രസ് സർക്കാറായാലും മറ്റേത് സർക്കാറായാലും, ദിവസങ്ങൾ കഴിയുന്തോറും അവർ ഇത് അതിവേഗം നടപ്പിലാക്കും; കാരണം കുറഞ്ഞ തൊഴിൽ സേനയിലൂടെ പരമാവധി ലാഭം നേടുന്നതിനും ജോലി സമയം വർദ്ധിപ്പിക്കുന്നതിനുമുള്ള മുതലാളിവർഗ്ഗത്തിന്റെ ആവശ്യമാണത്. അതുകൊണ്ടാണ് സമരങ്ങളിലൂടെ നേടിയെടുത്ത, കഷ്ടപ്പെട്ട് നേടിയെടുത്ത എട്ടണിക്കൂർ ജോലി സമയം മെയ് ദിനത്തിൽ രക്തസാക്ഷിത്വം വരിച്ച് നേടിയെടുത്ത ആ എട്ടുമണിക്കൂർ ജോലി സമയം, നിയമത്തിൽ എന്തുതന്നെയായാലും കോഡിൽ എന്തുതന്നെയായാലും പ്രായോഗികമായി വർദ്ധിപ്പിക്കപ്പെടുന്നത്. അതിനാൽ കുറഞ്ഞ തൊഴിൽ നിയമനം, പുതിയ നിയമനങ്ങൾ ഇല്ലാതാക്കൽ, കുറഞ്ഞ തൊഴിൽ സേന, പരമാവധി സമയം, പരമാവധി ലാഭം, അതിലാഭം  ഇതാണ് ആവശ്യം. അതിനാൽ ബിസിനസ്സ് എളുപ്പമാക്കുന്നതിന് ‘ഹയര്‍ ആന്റ് ഫയർ’ നയം ആവശ്യമാണ്. അതിനായി സമരങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങൾ തകർത്തെറിയപ്പെടുകയും നാല് തൊഴിൽ കോഡുകൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു.


അതിനാൽ ഇതൊരു വർഗ്ഗപരമായ രൂപകൽപ്പനയാണ്, അല്ലാതെ ഏതെങ്കിലുമൊരു സർക്കാരിന്റെ മാത്രം നയമല്ല. അത് മനസ്സിലാക്കി നാം പോരാടേണ്ടതുണ്ട്. നാം പോരാടണം, ബോധമുള്ള ജനങ്ങളെ അണിനിരത്തണം; സർക്കാരിനെതിരെ നാം പോരാടുമ്പോഴും സർക്കാരിനെതിരെ പ്രക്ഷോഭണങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം, ഇതൊരു വർഗ്ഗപരമായ രൂപകൽപ്പനയാ ണെന്നും ഈ വർഗ്ഗപരമായ രൂപകൽപ്പനയെ ആത്യന്തികമായി മുതലാളിത്ത സമൂഹത്തെ മാറ്റിമറിച്ചുകൊണ്ട് മാത്രമേ പരാജയപ്പെടുത്താൻ കഴിയൂ എന്നും നാം അധ്വാനിക്കുന്ന ജനങ്ങളെ ബോധ്യപ്പെടുത്തണം. 

Share this post

scroll to top