2018ലെ മഹാപ്രളയത്തിന്റെ ഓർമ്മയുണർത്തിക്കൊണ്ടാണ് ആഗസ്റ്റ് ആദ്യവാരം കേരളം കടന്നുപോയത്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലെല്ലാം കനത്ത മഴ നാശം വിതച്ചു. റാന്നി, ആറന്മുള തുടങ്ങി കുട്ടനാടും അപ്പര് കുട്ടനാടന്മേഖലകളുംവരെ 2018ൽ പ്രളയം ദുരിതമുണ്ടാക്കിയ ഇടങ്ങളിലും, മീനച്ചിലാർ തീരത്തെ പാല, ഈരാറ്റുപേട്ട പ്രദേശങ്ങളിലും ഇത്തവണയും വെള്ളപ്പൊക്കമുണ്ടായി. പല ജില്ലകളിലും മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായി.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി, നീണ്ടുനിൽക്കുന്ന മഴയ്ക്കു പകരം, ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന മേഘസ്ഫോടനത്തിലൂടെയുള്ള മഴ, ഉരുൾപൊട്ടലിലേക്കും പ്രളയത്തിലേക്കും നയിക്കുന്നതാണ് നാം ഇപ്പോൾ കാണുന്നത്. ഈ വർഷം പെയ്ത മഴയുടെ അളവാകട്ടെ സാധാരണയിലും കുറവായിരുന്നു. പക്ഷേ, മഴയും മണ്ണിടിച്ചിലും 28 ജീവനുകളാണ് ഇത്തവണ കവർന്നത്. ആയിരക്കണക്കിനുപേർക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു. മറ്റ് നാശനഷ്ടങ്ങൾ വേറേ. സർക്കാർ സംവിധാനങ്ങൾ മഴക്കാലത്തിനായി വേണ്ട തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തിയിരുന്നില്ല എന്ന വസ്തുതയും വ്യക്തമായി.
കാലാവസ്ഥാ വ്യതിയാനം എന്നത് ലോകം അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള കേരളം പോലെയൊരു ഭൂപ്രദേശമാകട്ടെ ഈ വ്യതിയാനത്തിന്റെ ഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന ഒരിടമായി മാറുക സ്വഭാവികം. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തെ ഒരു യാഥാർത്ഥ്യമായി കണക്കിലെടുത്തുകൊണ്ട്, തുടർച്ചയായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെ ഒഴിവാക്കാനും മറികടക്കാനും എന്താണ് ചെയ്യേണ്ടതെന്ന് ഭരണാധികാരികൾ ചിന്തിക്കുന്നില്ല. ആവർത്തിക്കുന്ന ദുരന്തങ്ങളിൽനിന്നും മുന്നറിയിപ്പുകളൊന്നും സ്വീകരിക്കാതെ, യാതൊരു പാഠവും പഠിക്കാതെ, സങ്കുചിതമായ മൂലധനതാല്പര്യങ്ങളിൽ മാത്രം ഊന്നിയ വികസനവും കൊള്ളലാഭത്തിനായുള്ള അനിയന്ത്രിതമായ പ്രകൃതിചൂഷണവും തന്നെയാണ് ഈ ദുരന്തങ്ങളിലേക്ക് വഴിവെട്ടുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഈ വിഷയങ്ങളിൽ ആഴത്തിൽ അവഗാഹം നേടിയ ശാസ്ത്രജ്ഞരുടെയും പ്രഗത്ഭരുടെയും അഭിപ്രായങ്ങളെ തീർത്തും അവഗണിക്കുകയാണ് സർക്കാരുകൾ. 2018ലെ പ്രളയത്തിനു ശേഷം സർക്കാർ നടപ്പാക്കിയത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ മാത്രമായിരുന്നു. അതാണല്ലോ പണം മറിയുന്ന മേഖല. അല്ലാതെ പ്രകൃതിയുടെ മുറിവുണക്കി, പാരിസ്ഥിതികമായ സംതുലനം ഉറപ്പാക്കാനോ ദീർഘവീക്ഷണത്തോടെയോ ശാസ്ത്രീയപഠനങ്ങളിലൂടെയോ വീണ്ടും പ്രളയദുരിതങ്ങൾ ആവർത്തിക്കാതിരിക്കത്തക്കവിധം നടപടികൾ കൈക്കൊള്ളാനോ തയ്യാറായില്ല. ഈ വർഷത്തെ ദുരന്തങ്ങൾ അതിന്റെ കൂടി സൃഷ്ടിയാണ്.
ആവർത്തിക്കുന്ന ദുരന്തങ്ങൾ
കഴിഞ്ഞ ഒരു ദശകം എടുത്തു നോക്കിയാൽ, ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇരയാവുകയാണ് കേരളമെന്ന് കാണാനാകും. ഓഖി ചുഴലിക്കാറ്റ്, പ്രളയങ്ങൾ, കവളപ്പാറയിലും പെട്ടിമുടിയിലും കൂട്ടിക്കലും ഒടുവിൽ മുണ്ടക്കൈ-ചൂരൽ മലയിലുമൊക്കെയുണ്ടായ ഉരുൾപൊട്ടലുകൾ, വലുതും ചെറുതുമായ മണ്ണിടിച്ചിലുകൾ, കടലാക്രമണം അങ്ങനെ നിരന്തരം ദുരന്തങ്ങൾ ജീവനുകളെടുക്കുന്നു, ജീവിതങ്ങൾ തകർക്കപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം അടക്കം വിവിധ കാരണങ്ങൾ ചൂണ്ടി ക്കാണിക്കാമെങ്കിലും, കേരളം പിന്തുടരുന്ന വികസനമാതൃകയുടെ സ്വാധീനം കൂടി ഈ ദുരന്തങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങള് പലമടങ്ങ് വർധിപ്പിക്കുന്നു എന്നത് വ്യക്തമാണ്. പാരിസ്ഥിതികമായി, കേരളം ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് എന്നത് അധികം വിശദീകരിക്കേണ്ടതില്ല. സഹ്യപർവ്വതത്തിനും അറബിക്കടലിനും ഇടയിൽ നിലകൊള്ളുന്നു എന്നതുകൊണ്ടുമാത്രമല്ല, കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടതിനു പിന്നിൽ 1341ലെയും 1924 ലെയുമടക്കം മഹാപ്രളയങ്ങൾ നിർവഹിച്ചിട്ടുള്ള പങ്ക് നമുക്കറിയാം. ഇത് സൂചിപ്പിക്കുന്നത് എത്രത്തോളം ലോലമാണ് കേരളത്തിന്റെ ഭൂമി എന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ പരിസ്ഥിതിയെയും ഭൂമിഘടനയെയും ഏറ്റവും കരുതലോടെയും ജാഗ്രതയോടെയും നാം സംരക്ഷിക്കേണ്ടതുണ്ട്.
നിയോലിബറൽ സാമ്പത്തികഘടനയോടൊപ്പം ജന്മമെടുത്ത ഭ്രാന്തമായ മൂലധനനിക്ഷേപത്വരയും റിയൽ എസ്റ്റേറ്റ് വ്യവസായവും കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിക്കുന്നതിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഭൂമിഘടന അശേഷം പരിഗണിക്കാതെയുള്ള വമ്പൻ നിർമ്മിതികൾ, അനധികൃത ക്വാറികൾ, വ്യാപകമായ നിലംനികത്തൽ, കുന്നിടിക്കൽ, വനംകൈയേറ്റം തുടങ്ങിയതൊക്കെ സൃഷ്ടിച്ചത് കടുത്ത പരിസ്ഥിതി നാശമാണ്. ഭൂമി തന്നെ ഒരു പ്രധാന കച്ചവടവസ്തുവായി. രണ്ടോ മൂന്നോ സെന്റിൽ കിടപ്പാടമുണ്ടാക്കാൻ പെടാപ്പാടു പെടുന്ന സാധാരണക്കാർക്കും ചെറുകിടകർഷകർക്കും നേരേ നിയമത്തിന്റെ ഖഡ്ഗമുയർത്തുന്ന സർക്കാരുകൾ വൻകിടക്കാരുടെ നിയമലംഘനങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നത് നാം കാണുന്നു. മാത്രവുമല്ല, പാരിസ്ഥിതിക ആഘാതം തെല്ലും പരിഗണിക്കാതെയുള്ള വൻകിട പദ്ധതികൾ സർക്കാരിന്റെ തന്നെ മുൻകൈയിൽ നടത്തുന്നു. പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള ദേശീയപാത വികസനവും വിഴിഞ്ഞം പദ്ധതിയുമെല്ലാം പാരിസ്ഥിതിക ദുരന്തങ്ങൾ തന്നെയായി മാറുകയാണ്. പക്ഷേ ഇതൊക്കെ വലിയ വികസനമാണെന്ന കൊട്ടിഘോഷങ്ങളിലൂടെ ജനത്തിന്റെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ. ഹാരിസണും ടാറ്റയുമടക്കമുള്ള വമ്പന്മാരുടെ കൈയേറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നു. പക്ഷേ, ഇതൊക്കെ ജനങ്ങൾക്കുവേണ്ടി എന്നു പറയുമ്പോഴും യഥാർത്ഥത്തിൽ ആരാണ് ഈ പുതിയതരം വികസനത്തിന്റെ ഗുണഭോക്താക്കളെന്ന് ഏവർക്കും ഇന്ന് അറിയാവുന്ന വസ്തുതയാണ്.
വികസനമെന്നാൽ കൂറ്റൻ നിർമ്മിതികൾ മാത്രമാണ്. ഇരുമ്പ്-ഉരുക്ക് ഉല്പാദനരംഗത്തെ വൻകിട വ്യവസായികളും ഭീമൻ നിർമ്മാണ മെഷിനറികളുടെ നിർമ്മാതാക്കളായ കോർപ്പറേറ്റുകളും വൻകിട സിമന്റ് ഉല്പാദകരും ഖനന-ക്വാറി ഉടമകളും ഒപ്പം വൻകിട നിർമ്മാണ കമ്പനികളും ഒക്കെ അടങ്ങുന്ന ഒരു ന്യൂനപക്ഷമാണ് ഈ വികസനത്തിന്റെ ഗുണഭോക്താക്കൾ. ഈ വ്യവസായ ഭീമന്മാരുടെ വിപണിവിഭാഗമാണ് സർക്കാരിന്റെ മുമ്പിൽ വൻകിട നിർമ്മാണ പ്രോജക്റ്റുകളുടെ രൂപകൽപ്പന അവതരിപ്പിക്കുന്നതും പദ്ധതികളാക്കി ആവിഷ്കരിക്കുന്നതും. ജനങ്ങളുടെ താൽപ്പര്യമോ പാരിസ്ഥിതിക മുൻഗണനകളോ ഈ കോർപ്പറേറ്റുകൾക്കും അവരുടെ നടത്തിപ്പുകാരായ രാഷ്ട്രീയ നേതൃത്വത്തിനും പരിഗണനാവിഷയമേയല്ല. സംഹാരാത്മകമായ ഈ സമീപനമാണ് അവരെ നയിക്കുന്നത് എന്നതുകൊണ്ടാണ് നിക്കോബർ ദ്വീപ് സമൂഹത്തെ തുടച്ചുനീക്കുമെന്ന് ഉറപ്പുള്ള ഒരു വമ്പൻ നിർമ്മാണ പദ്ധതിയുമായി കേന്ദ്രസർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ദുരന്തമായി മാറുന്ന സംസ്ഥാനത്തെ ദേശീയപാത നിർമ്മാണം
ദേശീയപാത നിർമ്മാണം സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് അക്ഷരാർത്ഥത്തിൽ ശരിയെന്നു തെളിയിക്കുന്ന സംഭവപരമ്പരകളാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇപ്രകാരമൊരു നിർമ്മാണം സൃഷ്ടിക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് എന്തു ശാസ്ത്രീയ പഠനമാണ് നടന്നിട്ടുള്ളത്? സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് കണികയെങ്കിലും പരിഗണനയുള്ള ആർക്കെങ്കിലും ഈ വിധമൊരു നിർമ്മാണം അനുവദിക്കാനാവുമോ?
കേരളം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കുത്തനെ ചരിവുള്ള ഭൂഘടനയാണെന്ന പ്രാഥമികമായ വസ്തുത തീർത്തും അവഗണിച്ചുകൊണ്ടാണ് ദേശീയ പാത നിർമ്മാണം പുരോഗമിക്കുന്നത്. കാസർകോഡു മുതൽ തിരുവനന്തപുരംവരെ ഏതാണ്ട് 30 അടി വരെ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള കൂറ്റൻ എംബാങ്കുമെന്റിന്റെ മുകളിലൂടെയാണ് 55 ശതമാനവും ദേശീയ പാത കടന്നുപോകുന്നത്. വടക്കുനിന്ന് തെക്കോട്ട് കേരളത്തിനു കുറുകെ ഒരു കൂറ്റൻ തടയണ പോലെയാണ് ഇന്ന് ദേശീയപാത. ഇതിന്റെ ആഘാതം എന്തായിരിക്കുമെന്നു മനസ്സിലാക്കാൻ അഗാധമായ എൻജിനീയറിംഗ് പാണ്ഡിത്യമൊന്നും വേണ്ട. വെള്ളത്തിന്റെ സ്വാഭാവികമായ നീരൊഴുക്ക് തടയുന്നതുവഴി എംബാങ്കുമെന്റിന്റെ കിഴക്കൻ ഭാഗം മുഴുവൻ വെള്ളത്തിലാവുകയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേഘസ്ഫോടനത്തിന്റെ ഫലമായി മൂന്നു മണിക്കൂർ നീളുന്ന ഒരു മഴ ദേശീയ പാത കടന്നുപോകുന്ന ഏതെങ്കിലും മേഖലയിൽ പെയ്താൽ എന്തെല്ലാം ദുരന്തം ഉണ്ടാകുമെന്നു പ്രവചിക്കുക പോലും അസാധ്യമായിരിക്കും. മലപ്പുറം ഭാഗത്ത് ദേശീയ പാത അഗാധമായ ഗർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിവേഗം മഴവെള്ളം നിറഞ്ഞ് ദേശീയ പാതകൾ തന്നെ 50 അടി വരെ ആഴമുള്ള മരണക്കിണറുകളായി മാറും.
വയൽ നികത്തി, കൂറ്റൻ എംബാങ്കുമെന്റ് പണിത ഏതാണ്ട് എല്ലായിടങ്ങളിലും ദേശീയ പാത ഇടിഞ്ഞുതാഴുകയും തകർന്നുവീഴുകയുമാണ്. മണ്ണിട്ടുനികത്തി ഉയർത്തി പണിയാൻ തീരുമാനിച്ച പല സ്ഥലത്തും വയഡക്റ്റുകളും എലിവേറ്റഡ് പാതകളും നിർമ്മിക്കുന്നതിനായി ഇപ്പോൾ തീരുമാനിക്കുന്നതെന്തുകൊണ്ടാണ്? തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണം- കഴക്കൂട്ടം റോഡ് മണ്ണിട്ടുയർത്തി പണിയാനുള്ള തീരുമാനം മാറ്റി ഇപ്പോൾ 8 കിലോമീറ്റർ നീളത്തിൽ വയഡക്റ്റ് നിർമ്മിക്കാൻ കരാർ വിളിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇവിടങ്ങളിലെ മണ്ണിന്റെ ഘടനയെ സംബന്ധിച്ച് പ്രത്യേകിച്ച് പഠനമൊന്നും നടന്നിരുന്നില്ല എന്നാണ് ഈ പുതിയ തീരുമാനം വ്യക്തമാക്കുന്നത്. പല സ്ഥലത്തും ഇടിഞ്ഞു താഴാൻ തുടങ്ങിയപ്പോൾ മാത്രമാണ് മണ്ണിന്റെ ബലത്തെ സംബന്ധിച്ച് പഠനം നടത്താൻ മുതിരുന്നത്. 600 കിലോമീറ്റർ നീളത്തിലും ഇപ്രകാരമൊരു നിർമ്മാണ സമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ എത്ര വലിയദുരന്തത്തിലേക്കായിരിക്കും സംസ്ഥാനം പതിക്കുക.
റോഡിൽ വീഴുന്ന മഴവെള്ളം ഒഴുകി ഓടയിലേക്കു പോകാൻ ഒരു മാർഗ്ഗവുമില്ലാത്തവിധമുള്ള വിചിത്രമായ ഓട നിർമ്മാണമാണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നടന്നിട്ടുള്ളത്. സീൽ ചെയ്യപ്പെട്ട ഒരു കോൺക്രീറ്റ് സ്ട്രക്ച്ചറായി ഉയർന്നു നിൽക്കുകയാണ് എല്ലായിടത്തും ഓടകൾ. റോഡ് നിർമ്മാണത്തിന്റെ വടക്കേ ഇന്ത്യൻ മാതൃക, വളരെ വിഭിന്നമായ പാരിസ്ഥിതിക -ഭൂഘടനയുള്ള കേരളത്തിൽ അപ്പാടെ പകർത്തുകയാണ് ചെയ്യുന്നത്. നാഴികയ്ക്ക് നാൽപ്പതുവട്ടവും ദേശീയ പാത നിർമ്മാണം തങ്ങളുടെ നേട്ടമാണെന്ന് പെരുമ്പറ കൊട്ടിയിരുന്നവർ, ഇത്തരമൊരു നിർമ്മാണത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാൻ തെല്ലെങ്കിലും മെനക്കെട്ടിരുന്നോ ? അതോ അറിഞ്ഞുകൊണ്ടുതന്നെ ഇത്തരമൊരു ദുരന്തം സംസ്ഥാനത്തിനുമേൽ കെട്ടിയേൽപ്പിക്കുകയായിരുന്നോ?വാഹനം വാങ്ങുമ്പോൾതന്നെ വൻതുക റോഡ്നികുതിയും ജിഎസ്ടിയും അടയ്ക്കുന്ന പൊതുജനം, സ്വകാര്യവൽക്കരിക്കപ്പെട്ട ഈ പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ സ്വകാര്യകമ്പനിക്ക് കനത്ത ടോൾ കൊടുക്കേണ്ടിവരുന്നു. മറുവശത്ത്, യാതൊരു മാനദണ്ഡവുമില്ലാതെ കുന്നിടിച്ചും നികത്തിയുമൊക്കെ പരിസ്ഥിതിയെ ചൂഷണംചെയ്ത് പണിയുന്ന ഇത്തരം പാതകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മിന്നൽപ്രളയവും മണ്ണിടിച്ചിലുമൊക്കെയായി ഏറ്റുവാങ്ങേണ്ടിവരുന്നത് നിരപരാധികളായ സാധാരണക്കാരാകും. ഇനി ഇങ്ങനെ റോഡ് പണിയുന്നത് ഇവിടത്തെ സാധാരണജനങ്ങൾക്കു വേണ്ടിയാണോ? ആണെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചെലവുകുറഞ്ഞതും, സുരക്ഷിതവുമായ ഗതാഗതസംവിധാനങ്ങളാണ് ജനങ്ങളുടെ യഥാർത്ഥ ആവശ്യകത. പക്ഷേ വികസനമായി അടിച്ചേൽപ്പിക്കുന്ന ഈ വമ്പൻ റോഡുകൾ വാസ്തവത്തിൽ കുത്തകകളുടെ ആവശ്യകതയാണ്. പൊതുസൗകര്യങ്ങളുടെ സ്വകാര്യവൽക്കരണം എന്ന മുതലാളിത്ത താല്പര്യം കൂടി ഇവിടെ നടപ്പാകുന്നു. ഈ ദേശീയപാത വികസനത്തിന്റെ ഉദാഹരണത്തോട് സാമ്യമുള്ളതു തന്നെയാണ് മുതലാളിത്ത സർക്കാരുകൾ മുന്നോട്ടുവെയ്ക്കുന്ന ഏറെക്കുറേ എല്ലാ വികസനപദ്ധതികളും. അതിലൂടെ നടപ്പാക്കുന്ന ജനവിരുദ്ധ മുതലാളിത്ത താല്പര്യങ്ങളുടെ മറവിൽ സൃഷ്ടിക്കുന്നത് പരിസ്ഥിതി വിനാശം കൂടിയാണെന്ന് കാണാതെ പോകരുത്. ലാഭം പെരുപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുതലാളിത്തത്തിനോ അവരുടെ ദാസരായ ഭരണകൂടത്തിനോ, തലമുറകളെ ബാധിക്കുന്ന ഈ വിപത്തിനെ പരിഗണിക്കാൻ താത്പര്യമില്ല. പക്ഷേ, അനിയന്ത്രിതമായി പരിസ്ഥിതിയിലേക്ക് കടന്നുകയറുന്നതിന്റെ അനന്തരഫലമാണ് കാലാവസ്ഥാ വ്യതിയാനമായും ദുരന്തങ്ങളായും തിരിച്ചടിക്കുന്നത് എന്ന് ഇന്ന് കൊച്ചുകുട്ടികൾ പോലും തിരിച്ചറിയുന്നുണ്ട്. പക്ഷേ, അപ്പോഴും അവശേഷിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നതോ നഷ്ടപ്പെട്ടതിനെ പുനഃസ്ഥാപിക്കുക എന്നതോ അല്ല ഭരണകൂടങ്ങളുടെ മുൻഗണന. മറിച്ച്, ദുരന്തങ്ങളെ നിക്ഷേപത്തിനും ലാഭമുണ്ടാക്കുന്നതിനുമുള്ള പുതിയ മാർഗ്ഗമായാണ് മുതലാളിത്തം ഇന്ന് കാണുന്നത്.
പ്രാധാന്യം പ്രതിരോധത്തിനല്ല, പുനർനിർമ്മാണത്തിന്
2018ലെ പ്രളയത്തിന് ശേഷം അന്നത്തെ എൽഡിഎഫ് സർക്കാർ ‘റൂം ഫോർ റിവർ’, ‘റീബിൽഡ് കേരള ഇനിഷ്യേറ്റീവ്’ എന്നീ പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. നദികൾ കരകവിയുന്നതു മൂലമുള്ള പ്രളയത്തെ കൈകാര്യം ചെയ്യാനുള്ള നെതർലന്റ് മാതൃകയിലാണ് റൂം ഫോർ റിവർ പദ്ധതി പ്രഖ്യാപിച്ചത്. ലോകബാങ്ക് അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെ, പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവും പ്രഖ്യാപിച്ചു. ഇനിയൊരു പ്രളയം ദുരന്തമുണ്ടാക്കാത്ത രീതിയിൽ ജനജീവിതത്തെയും നദികളെയും മറ്റ് ജലസ്രോതസ്സുകളെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികളാകും ഉണ്ടാകുക എന്നായിരുന്നു സാമാന്യയുക്തികൊണ്ട് ചിന്തിക്കുന്നവർ പ്രതീക്ഷിക്കുക. പക്ഷേ, സംഭവിച്ചതോ, ലോകബാങ്കും എഡിബിയും ഒക്കെ മുന്നോട്ടുവെച്ച ഘടനാപരമായ പരിഷ്ക്കരണങ്ങളുടെ നിബന്ധനകളോടു കൂടിയ വായ്പകൾ വാങ്ങി, കൂടുതൽ നിർമ്മാണപദ്ധതികളായിരുന്നു നടപ്പായത്. സമാന്തര സർക്കാരായി പ്രവർത്തിച്ചു തുടങ്ങിയ കിഫ്ബിയുടെ മേൽനോട്ടത്തിലായിരുന്നു പദ്ധതികൾ. യാതൊരു ദീർഘവീക്ഷണവുമില്ലാത്ത നിർമ്മാണപ്രവൃത്തികളാണ് നാടൊട്ടുക്കും അരങ്ങേറിയത്. അനധികൃത ക്വാറികളും നിലംനികത്തലും സർക്കാർ ഒത്താശയോടെ തന്നെ വ്യാപകമായി. വൻകിട കൈയേറ്റങ്ങളും റിസോർട്ട് മാഫിയകളും തടസ്സമില്ലാതെ വളർന്നു. ദുരന്തപ്രതിരോധമെന്നാൽ, കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകുക, അവധി പ്രഖ്യാപിക്കുക എന്നൊക്കെയാണോ അധികൃതർ മനസ്സിലാക്കിവെച്ചിട്ടുള്ളത് എന്ന് നമുക്ക് സംശയം തോന്നാം. തീർച്ചയായും കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിൽ കുറച്ചുവർഷങ്ങൾകൊണ്ട് പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ, വളരെ പ്രാദേശികമായി കനത്ത മഴയും കാറ്റും സംഭവിക്കുന്ന രീതിയിൽ അന്തരീക്ഷസ്ഥിതിയിൽ മാറ്റമുണ്ടാകുമ്പോഴും അതിനനുസൃതമായി കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഇനിയും പരിഷ്കരിച്ചിട്ടില്ല. കൂടുതലായി ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളും, റഡാറുകളുമൊക്കെ കേരളത്തിന്റെ മാറിയ പരിതസ്ഥിതിയിൽ ആവശ്യമാണെന്നിരിക്കെ, അതൊന്നും ആരുടെയും പരിഗണനാ വിഷയങ്ങളായിട്ടില്ല. മുന്നറിയിപ്പുണ്ടായാൽ അതിനനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സംവിധാനത്തെയും രൂപപ്പെടുത്തേണ്ടതുണ്ട്. ഇത് കേന്ദ്രീകൃതമായി ചെയ്യാവുന്ന ഒന്നല്ല. കെട്ടിടനിർമ്മാണ ചട്ടങ്ങളടക്കം ദുരന്ത സാധ്യതകളെ മുൻനിർത്തി പരിഷ്ക്കരിക്കേണ്ടതുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങൾ മാപ്പുചെയ്ത്, അവിടെ സ്ഥിരം ക്യാമ്പ് സംവിധാനം സ്ഥാപിക്കുന്നതും, ഏറ്റവും അപകടസാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതും ദുരന്തപ്രതിരോധ പ്രവർത്തനമാണ്. പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടത്, ഏതെങ്കിലും സ്വകാര്യ ഏജൻസി കൊടുക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. സർക്കാർ തലത്തിൽ ഇതിനായി കാര്യക്ഷമവും സുതാര്യവും ജനങ്ങളോട് പ്രതിബദ്ധതയുള്ള തുമായ സംവിധാനം തന്നെയാണ് പ്രവർത്തിക്കേണ്ടത്. എന്തു വികസനത്തിന്റെ പേരിലായാലും ഇനി പരിസ്ഥിതിക്കുണ്ടാകുന്ന കൂടുതൽ നാശം താങ്ങാൻ കേരളത്തിനാകില്ല എന്നത് ഓരോ ദുരന്തവും നമ്മെ ഓർമ്മിപ്പിക്കുകയാണ്.
അതുപോലെ തന്നെ, കഴിഞ്ഞ പ്രളയങ്ങളിൽനിന്ന് പഠിക്കേണ്ട കാര്യം, നദികളിലെത്തുന്ന ജലത്തിന് ഒഴുകാൻ ഇടമില്ല എന്നതാണ്. 2018ലെ പ്രളയശേഷം മിക്കവാറും നദികളിലും ജലാശയങ്ങളിലും അണക്കെട്ടുകളിലും വൻതോതിൽ ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ഈ ജലസ്രോതസ്സുകളുടെയെല്ലാം സംഭരണശേഷിയെ ചുരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ, നദികളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സ്വാഭാവികമായ ഒഴുക്കിനെ തടയുന്ന നിർമ്മിതികൾ ഇന്നും അവശേഷിക്കുന്നു. ഇതെല്ലാം കർശനമായി നീക്കം ചെയ്യേണ്ടതാണ്. മഴക്കാലത്ത് കേരളത്തിൽ അധികജലം സംഭരിച്ചിരുന്നത് നമ്മുടെ പാടങ്ങളായിരുന്നു. എന്നാൽ ഇന്നോ, നെൽപ്പാട വിസ്തൃതി അഞ്ചിൽ ഒന്നായി ചുരുങ്ങിയിരിക്കുന്നു. അവശേഷിക്കുന്ന നെൽപ്പാടങ്ങൾ സംരക്ഷിക്കേണ്ടതും, വീണ്ടെടുക്കാവുന്നവ വീണ്ടെടുക്കുന്നതും, ദുരന്ത നിവാരണത്തെ മുൻനിർത്തി അടിയന്തര പ്രാധാന്യം കൊടുക്കേണ്ട പ്രവർത്തനമാണ്.
ഇതുപോലെ ദുരന്തങ്ങളെ പ്രതിരോധിക്കാനായി നാം കൈക്കൊള്ളേണ്ട എത്രയോ നടപടികൾ ഇനിയും അവശേഷിക്കുന്നു. ഓരോ ദുരന്തത്തിന് ശേഷവും മാധവ് ഗാഡ്ഗിലിനെ നാം വീണ്ടും ഓർമ്മിക്കുകയാണ്. പശ്ചിമഘട്ടത്തെക്കുറിച്ച് ലഭ്യമായതിൽ ഏറ്റവും ശാസ്ത്രീയമായ പഠനം നടത്തി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്നും നമുക്കു മുന്നിലുണ്ട്. പക്ഷേ, ഇപ്പോഴും ഒരു പാഠവും പഠിക്കാതെ, പ്രതിരോധ പ്രവർത്തനത്തിന് അർഹമായ പ്രാധാന്യം കൊടുക്കാതെ സർക്കാരും സംവിധാനങ്ങളും മുന്നോട്ടുപോകുന്നു, ദുരന്തശേഷം മാത്രം അവർ ഉണരുന്നതായി ഭാവിക്കുന്നു.
ദുരന്തത്തിലും ലാഭസാധ്യതകൾ തേടുന്ന മുതലാളിത്തം
അതുപോലെ തന്നെയാണ് വികസനത്തോടുള്ള കാഴ്ച്ചപ്പാടും. മുതലാളിവർഗ താല്പര്യത്തെ മാത്രം മുൻനിർത്തിയുള്ള വമ്പൻ നിർമ്മാണപ്രവൃത്തികളല്ല വികസനം. വിശേഷിച്ചും, ജനസംഖ്യാവർധന നെഗറ്റീവിലേക്ക് പോകുന്ന, യുവാക്കൾ ചുരുങ്ങുന്ന കേരളത്തിൽ അത് കൂടി പരിഗണിച്ചല്ലേ ദീർഘകാലവികസനം ആലോചിക്കേണ്ടത്? അവശേഷിക്കുന്ന പശ്ചിമഘട്ടത്തെയും നദികളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുരക്ഷിക്കണം. തീരം സംരക്ഷിക്കപ്പെടണം. ഈ ഭൂപ്രദേശത്തിന്റെ നിലനിൽപ്പിന് അത് അത്യാവശ്യമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളല്ല, സംസ്ഥാനത്തെയാകെ, പശ്ചിമഘട്ടമേഖലയെ ഒന്നാകെ, പരിഗണിച്ച് വേണം ഇനിയെങ്കിലും നാം മുന്നോട്ട് പോകാൻ. താല്ക്കാലിക നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളല്ല, തലമുറകളുടെ ദീർഘകാല നിലനിൽപ്പ് മുന്നിൽ കണ്ടാകണം വികസനപദ്ധതികളെ സ്വീകരിക്കാൻ. മൂലധനതാത്പര്യവും അഴിമതിയും മാത്രം ഗൂഢലക്ഷ്യമാക്കിക്കൊണ്ട് അവതരിപ്പിക്കുന്ന തട്ടിപ്പ് പദ്ധതികളെയും വാഗ്ദാനങ്ങളെയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
പ്രകൃതിയേയും സഹജീവികളേയും ഉൾക്കൊണ്ടുകൊണ്ടുള്ള ദുരന്ത പ്രതിരോധത്തിലൂന്നിയ പുരോഗതിയേക്കാൾ മുതലാളിത്തത്തിന് ലാഭം ദുരന്തശേഷമുള്ള പുനർനിർമ്മാണമാണെന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഇത് അങ്ങേയറ്റം ജനവിരുദ്ധമാണ്. ദുരന്തത്തെ അവസരമാക്കുന്ന മുതലാളിത്ത സ്വപ്നങ്ങളല്ല, ദുരന്തങ്ങളിൽ നിന്നും പ്രകൃതിക്കും മനുഷ്യനും സംരക്ഷണവും, നിലനിൽപ്പും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. ആ കാഴ്ച്ചപ്പാടിലേക്ക് ചുവടുമാറാൻ അധികാരികളെ നിർബന്ധിതരാക്കുന്നതിന് നമുക്ക് ഒരുമിച്ച് അണിനിരക്കാം.
