തനിക്കുനേരേ വ്യക്തിപരമായ അവഹേളനം നടത്തിയ വിദ്യാർത്ഥികളോട് താൻ ക്ഷമിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോൾ അദ്ദേഹം ആരെയാണു കബളിപ്പിക്കാൻ ശ്രമിക്കുന്നത്? പിതൃസമാനനായ തന്റെ ഔദാര്യത്തിനു മുന്നിൽ കുമ്പിട്ടുനിൽക്കുന്ന പ്രജകളായി ഇന്ത്യൻ ജനതയെ കാണുകയും അവരോട് ‘ക്ഷമിക്കുകയും’ ചെയ്യുന്ന ഈ മനോഭാവം അധികാരോന്മാദത്തിന്റേതാണെന്നും സർക്കാർ യുവതലമുറയോടു ചെയ്ത കൊടുംക്രൂരതകളെ പൊതിഞ്ഞുവെക്കാനുള്ള കൗശലം കൂടിയാണെന്നും ജനങ്ങൾക്കു മനസ്സിലാകുന്നുണ്ട്.
ജന്തർ മന്തറിൽ സമരംചെയ്ത യുവാക്കൾക്കെതിരെ കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള ബിജെപി നേതാക്കളും സംഘപരിവാറിന്റെ സൈബർ വെട്ടുകിളികളും പറയാത്ത ശാപവചനങ്ങളൊന്നുമില്ല. തനിക്കായിരുന്നു ഉത്തരവാദിത്തമെങ്കിൽ പ്രക്ഷോഭകരെ വെടിവെച്ച് ശവങ്ങൾ ആശുപത്രിയിലെത്തിച്ചേനെ എന്നു പറയാൻ ഇങ്ങു കേരളത്തിലെ ആർഎസ്എസ് വക്താവായ ടി.ജി. മോഹൻദാസിനെപ്പോലൊരു ‘ജ്ഞാനവൃദ്ധനു’ പോലും ധൈര്യം വന്നു. ബീഹാറിൽ ഒരു പോലീസുകാരൻ വിദ്യാർത്ഥികൾക്കു നേരെ എകെ 47 തോക്കിൽനിന്നു വെടിയുതിർത്തു. ഇതിന്റെയൊന്നും പേരിൽ ഇതുവരെ ആരും മാപ്പു പറഞ്ഞിട്ടില്ല.
രാജ്യത്തെ ഇളക്കിമറിച്ച യുവജന, വിദ്യാർത്ഥി പ്രക്ഷോഭം, ജൂലൈ 20 ന്റെ പാർലമെന്റ് മാർച്ചിനെതിരെയുള്ള ഡൽഹി പോലീസിന്റെയും സിആർപിഎഫിന്റെയും ക്രൂരമായ ആക്രമണത്തോടെ ലോക ശ്രദ്ധയിലേക്കു വന്നിരിക്കുകയാണല്ലോ. ചെറുപ്പക്കാരായ വിദ്യാസമ്പന്നരിൽ 40 ശതമാനത്തിലധികം തൊഴിലില്ലാതെ അലയുന്ന നാട്ടിൽ, തങ്ങളെഴുതുന്ന പരീക്ഷകൾ പോലും കബളിപ്പിക്കുന്നതാണെന്നു മനസ്സിലാക്കിയാണ് യുവാക്കളും വിദ്യാർത്ഥികളും വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ജന്തർ മന്തറിനുസമീപം സംഘടിച്ചത്. കോക്രോച്ച് ജനത പാർട്ടി ആഹ്വാനംചെയ്ത ജൂലൈ 20ന്റെ പാർലമെന്റ് മാർച്ചിനെ പക്ഷേ, മോദിസർക്കാർ നേരിട്ടത് ശത്രുരാജ്യത്തോടെന്നവണ്ണമായിരുന്നു. ഇതുവരെ സമരങ്ങളിലൊന്നും പങ്കെടുക്കാത്തവരായിരുന്നു അവരിൽ ഭൂരിഭാഗം പേരും. പോലീസ് ഉപയോഗിക്കുന്ന തരത്തിലല്ലാത്തതായ നീണ്ട വടികളും സകല പ്രോട്ടോക്കോളുകളും ലംഘിച്ച ടിയർ ഗ്യാസ് പ്രയോഗവും വ്യാപകമായ ഇന്റർനെറ്റ് നിരോധവും മാത്രമല്ല കശ്മീരിൽ ജനങ്ങൾക്കെതിരെ മനുഷ്യാവകാശലംഘന പരിഗണനകളൊന്നും കൂടാതെ സാധാരണമട്ടിൽ ഉപയോഗിക്കുന്ന പെല്ലറ്റ് ഗണ്ണുകളുംവരെ വിദ്യാർത്ഥികൾക്കുനേരെ ഉപയോഗിച്ചു. പോലീസിനോടൊപ്പം ഗുണ്ടകളും വിദ്യാർത്ഥികളെ വേട്ടയാടാനിറങ്ങി. യുവാക്കളിലാണ് ഇന്ത്യയുടെ ഭാവി എന്നാണയിടുന്ന പ്രധാനമന്ത്രിയും അതിക്രമത്തിനുത്തരവാദിയായ ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിനുശേഷം പാർലമെന്റിൽ നിന്ന് ഓടിയൊളിച്ചു. എന്നിട്ടും വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾ അർദ്ധരാത്രിയിലെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിസ്മരിക്കപ്പെടുമെന്നു കരുതുന്നവിധം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ കഴിയുകയാണവർ.
വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ ഇതുവരെയും റദ്ദാക്കിയിട്ടില്ല. പ്രധാനമന്ത്രിക്കെതിരെ വീഡിയോ ഇട്ട പതിനഞ്ചുവയസ്സുകാരിക്കെതിരെ കടന്നാക്രമണം നടത്തി, ഭയചകിതയായ ആ കുട്ടിയെക്കൊണ്ട് സൈബർ സംഘങ്ങൾ മാപ്പു പറയിച്ചു. പുറകേ പോലീസ് കേസുമെടുത്തു. ഡൽഹി പോലീസിനു പുറമേ, ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ആയിരക്കണക്കിനു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയൊന്നും ഇതേവരെ റദ്ദാക്കിയിട്ടില്ല. ഇതാണോ പ്രധാനമന്ത്രിയുടെ ഉറപ്പ്? ഇനിയുള്ള പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തും എന്നു പറയുന്ന ഈ പ്രധാനമന്ത്രിയെ ആർക്കു വിശ്വസിക്കാൻ പറ്റും?
പ്രക്ഷോഭം കൊടുമ്പിരി കൊളളുമ്പോൾ ആരെങ്കിലും പറയുന്ന ഒരു വാക്കിലല്ല പ്രക്ഷോഭത്തിന്റെ അന്തഃസത്ത എന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. മാത്രമല്ല പിതൃമേധാവിത്വപരമായ, ചിട്ടപ്പെടുത്തിയ അത്തരം സാമൂഹികമര്യാദകളെ ഈ തലമുറ അത്ര കാര്യമായെടുക്കുന്നുമില്ല. ഉപചാരങ്ങളില്ലാതെ തുറന്നു പറയുന്ന ശീലമാണവരുടേത്.
രാഷ്ട്രീയ എതിരാളികളെ ഹീനമായി അപമാനിച്ചവരാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ എന്നത് ഇവർ മറന്നു പോയോ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 110 യോഗങ്ങളിലെങ്കിലും നരേന്ദ്ര മോദി മുസ്ലീംവിരുദ്ധ പരാമർശം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്(HRW) റിപ്പോർട്ട് ചെയ്തിട്ടുണ്ട് 2024 ഏപ്രിൽ 21ന് രാജസ്ഥാനിലെ ഒരു റാലിയിൽവച്ച് മുസ്ലീങ്ങൾ കടന്നുകയറ്റക്കാരാണെന്നും അനേകം കുട്ടികളെ പെറ്റുകൂട്ടുന്നവരാണെന്നും പ്രതിപക്ഷം അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലീങ്ങൾക്കു നൽകുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയെ കളിയാക്കാനായി 42 വയസ്സുള്ള ബാലൻ എന്നു 56 വയസ്സുള്ള യുവാവ് എന്നും പരാമർശിച്ചതും അദ്ദേഹമാണ്. 2020ൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ തകർക്കാൻ ഡൽഹിയിൽ വർഗ്ഗീയ കലാപം സംഘടിപ്പിച്ചത് സംഘപരിവാറാണ്. തുടർന്നു നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മുസ്ലീങ്ങൾക്കെതിരെ കുപ്രസിദ്ധമായ ‘ഗോലിമാരോ സാലോംകോ’ പ്രയോഗം നടത്തി. മാപ്പു പറയേണ്ടതാരാണ്?
വാക്കുകൾ പോകട്ടെ, ഇന്ത്യൻ യുവത്വത്തോടുചെയ്ത കെടുതികൾ മാപ്പു നൽകാവുന്നതാണോ? രണ്ടു കോടി തൊഴിൽ പ്രതിവർഷം സൃഷ്ടിക്കുമെന്നാ യിരുന്നു 2014ലെ തിരഞ്ഞെടുപ്പു വാഗ്ദാനം. ഉള്ള തൊഴിലുകൾ പോലും ഇല്ലാതാകുന്ന മട്ടിൽ വ്യവസായ, തൊഴിൽ നയങ്ങൾ കുത്തകകൾക്കായി മാറ്റിമറിച്ചു. കോർപ്പറേറ്റുകൾക്ക് കുറഞ്ഞ ചെലവിൽ തൊഴിൽസേനയൊരുക്കാനായി വിദ്യാഭ്യാസത്തെ തൊഴിൽ പരിശീലനമാക്കി മാറ്റുന്ന, സർക്കാർ ഉത്തരവാദിത്തം ഒഴിയുന്ന, അന്ധവിശ്വാസത്തെ ശാസ്ത്രത്തിനു പകരംവയ്ക്കുന്ന ഫാസിസ്റ്റ് വിദ്യാഭ്യാസനയം എൻഇപി 2020 എന്ന പേരിൽ അടിച്ചേല്പിച്ചു. ആധുനികസമൂഹത്തിന് പൊറുക്കാനാകാത്തവിധം സ്കൂൾ പാഠ്യപദ്ധതി അന്തഃസാരശൂന്യമാക്കി. ബ്രിട്ടീഷുകാരുടെ പാദസേവയിൽ സായൂജ്യം കണ്ടെത്തിയ സവർക്കറെ ഗാന്ധിജിക്കും നേതാജിക്കും പകരം പാഠപുസ്തകത്തിലും ഛായാചിത്രമായി പാർലമെന്റിലെ സെൻട്രൽ ഹാളിലും പ്രതിഷ്ഠിച്ചു. കാമ്പുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കില്ല എന്ന വിശ്വാസത്തിൽ യുവാക്കൾ കൂട്ടത്തോടെ അന്യരാജ്യങ്ങളിലേക്കു കുടിയേറുന്ന സ്ഥിതിയെത്തി. മാപ്പുപറഞ്ഞാൽ പരിഹരിക്കാവുന്നവയാണോ ഈ ഇവർ ചെയ്തുകൂട്ടിയ പാതകങ്ങൾ?യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്യപ്പെടേണ്ട ഇസ്രയേൽ പ്രധാനമന്ത്രിയെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ വ്യാപാരനയം പൊളിച്ചെഴുതുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ല എന്ന് കാൽക്കൽ വീണ് വാക്കുനൽകുന്നു. പലസ്തീനിൽ കൂട്ടക്കൊല നടത്തുന്ന നെതന്യാഹുവിന് ആയുധങ്ങൾ നിറച്ച കപ്പലുകൾ അയച്ചു കൊടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പേരു കെടുത്തുന്നു. ഇതു മാപ്പർഹിക്കുന്ന കുറ്റകൃത്യമാണോ?
ഈ സർക്കാർ ജനങ്ങളോട് പ്രത്യേകിച്ച്, യുവതലമുറയോടു ചെയ്യുന്ന പാതകങ്ങൾക്കറുതിയില്ല. ഗതികെട്ടാണ് സമരശീലമൊന്നുമില്ലാത്ത വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേട്ടു പരിഹരിക്കുന്നതിനു പകരം തികച്ചും അപ്രസക്തമായ അവരുടെ ചില വാക്കുകളിൽ കയറിപ്പിടിച്ച് ‘മാപ്പു നൽകുന്ന’ മഹാനുഭാവനാകാൻ പ്രധാനമന്ത്രി നടത്തുന്ന ചെപ്പടിവിദ്യകൾക്ക് അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കാനാവില്ല. നിങ്ങളുടെ മാപ്പുനൽകൽ അവർക്കാവശ്യമില്ല. ചെയ്ത കുറ്റകൃത്യങ്ങൾക്ക് മാപ്പുപറയുക പോലുമല്ല വേണ്ടത്. പരിഹാരക്രിയകളാണ് അവരാവശ്യപ്പെടുന്നത്.
