വികസിതമെന്നു വാഴ്ത്തപ്പെടുന്ന കേരളത്തിൽ, സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തതിനാൽ, നാലര ലക്ഷം കുടുംബങ്ങൾക്ക് ഇന്ന് കിടപ്പാടമില്ല. കൃഷിചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾക്ക് കൃഷിഭൂമി ഇല്ല. എന്നാൽ, 5 ലക്ഷം ഏക്കറോളം ഭൂമി കവർച്ച ചെയ്തും കൈയേറിയും ഒരു രേഖയുടെയും പിൻബലമില്ലാതെയും വൻകിട എസ്റ്റേറ്റ് ഉടമകളും കോർപ്പറേറ്റുകളും കൈവശം വെച്ചിരിക്കുന്നു. അവരിൽനിന്ന് പ്രസ്തുത ഭൂമി പിടിച്ചെടുക്കാൻ പുതിയൊരു നിയമത്തിന്റെയും ആവശ്യമില്ല. നിലവിലുള്ള നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ആവശ്യപ്പെടുക മാത്രം ചെയ്താൽ മതി. ഭൂമി സർക്കാരിൽ വന്നുചേരും. അത്രമേൽ ദുർബ്ബലവും നിയമവിരുദ്ധവുമാണ് ഭൂമിയുടെ മേൽ അവർക്ക് ഇപ്പോഴുള്ള ഉടമസ്ഥത. എന്നാൽ കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ഒരു സർക്കാരും അതിനു തയ്യാറല്ലാത്തതിനാൽ മാത്രമാണ് ഭൂമി ഇന്നും അവരുടെ അധീനതയിൽ തുടരാനിടയാക്കിയിരിക്കു ന്നത്. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയും അധികാരഘടനയും രാഷ്ട്രീയ നേതൃത്വവും എത്രമേൽ ഉടമവർഗ്ഗത്തിന്റെ താല്പര്യത്തോടൊപ്പമാണെന്ന് കേരളത്തിന്റെ ഭൂമിപ്രശ്നം സംശയരഹിതമായി സ്ഥാപിക്കുന്നു.
സംസ്ഥാനത്ത് മാറിമാറി വരുന്ന ഭരണാധികാരികൾ വാഗ്ദാനങ്ങൾ നൽകി ഭൂരഹിതരെയും സാധാരണജനങ്ങളെയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ഭൂമിക്കായുള്ള പോരാട്ടം ഒറ്റക്കും കൂട്ടായും ഇന്നും തുടരുകയാണ്. ആദിവാസികൾ നടത്തിയ സമരത്തെ വാഗ്ദാനം നൽകി ആന്റണി സർക്കാർ വഞ്ചിച്ചതിനെ തുടർന്ന് മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടിയ ആദിവാസികളെ ആക്രമിച്ചു തുരത്തുകയും ഒരു ആദിവാസി യുവാവിനെ കൊലപ്പെടുത്തുകയും നിരവധി പേരെ മാരകമായി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ഒരു പോലീസുകാരൻ മരണപ്പെട്ടതിന്റെ പേരിൽ സമര നേതാക്കളെ കൊലക്കുറ്റം ചുമത്തി ജയിലിൽ അടക്കുകയും ചെയ്തിരിക്കുന്നു. സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ന്യായമായ ഡിമാന്റ് ഉന്നയിച്ചുകൊണ്ട് സമരംചെയ്ത ആദിവാസികളെ ആക്രമിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടുമില്ല.
ചെങ്ങറയിൽ ഭൂമിക്കുവേണ്ടി നടന്ന സമരത്തെയും ആക്രമിച്ചില്ലാതാക്കാൻ ശ്രമിച്ചെങ്കിലും അതിനെ സംയമനത്തോടെ പ്രതിരോധിച്ചവരുടെ മുന്നിൽ ഭരണകൂടം കീഴടങ്ങിയെങ്കിലും വാഗ്ദാനം പാലിക്കുവാൻ തയ്യാറായില്ല. അവർ 20 വർഷമായി സമര ഭൂമിയിൽ ദുരിത പൂർണമായ ജീവിതം തുടരുന്നു. ഇടുക്കിയിലെ പെരിഞ്ചാംകുട്ടിയിൽ സമരം ചെയ്ത ആദിവാസികളെ ഭീകരമായി ആക്രമിച്ചു തുരത്തി. കളക്ടറേറ്റിനു മുന്നിൽ അവർ നടത്തിയ ദീർഘകാല സമരത്തിനൊടുവിൽ 2018ൽ 158 കുടുംബങ്ങൾക്ക് ഭൂമി വാഗ്ദാനം നൽകി ഉത്തരവിറക്കിയിട്ടും അധികാരം ഒഴിയുന്നതിനിടയിൽ എട്ടുകൊല്ലം ഭരിച്ചിട്ടും പിണറായി സർക്കാർ ഉത്തരവ് നടപ്പിലാക്കിയില്ല. കൊല്ലത്തെ അരിപ്പയിലും ജനങ്ങൾ സമരത്തിലാണ്. കേരളത്തിലുടനീളം ഇത്തരത്തിൽ ഭൂരഹിതർ നിരവധി സമരങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. ഭരണാധികാരികൾ കുറ്റകരവും ഭീകരവുമായ അനാസ്ഥയും അവഗണനയും തുടരുന്നു. ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളും ദളിത് ജനവിഭാഗങ്ങളും ഭൂരഹിതരായി അലഞ്ഞു തിരിയുകയോ കോളനികളിലും പാറപ്പുറത്തും പുറമ്പോ ക്കുകളിലും ആറ്റുതീരത്തുമൊക്കെയായി നരക ജീവിതം നയിക്കുകയോ ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ അഞ്ചുലക്ഷത്തിലേറെ ഏക്കർ ഭൂമി വിദേശ കമ്പനികളും അവരുടെ ബിനാമികളും പതിറ്റാണ്ടുകളായി യാതൊരു തടസ്സവുമില്ലാതെ നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്നത്. രാജവാഴ്ചക്കാലത്ത് പാട്ടത്തിന് എടുത്തതുകൂടാതെ, വനഭൂമിയും സർക്കാർ പുറമ്പോക്കും തദ്ദേശീയ കർഷകരുടെ ഭൂമി പിടിച്ചെടുത്തതും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ടാറ്റ, ഗോയങ്ക, എവിറ്റി തുടങ്ങിയ കോർപ്പറേറ്റുകൾ കൈവശം വച്ചിരിക്കുന്നത് 1963ലെ ഭൂപരിഷ്കരണ നിയമംവഴി കേരളത്തിലെ പൊതുസ്വത്താകേണ്ട ഭൂമിയാണ്.
1957 മുതൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിയമസഭകളിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഏറ്റെടുക്കുന്നതിന് പ്രായോഗിക നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. 1971ൽ അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ഭൂപരിഷ്കരണ നിയമമാകട്ടെ, കോർപ്പറേറ്റുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ അവർക്കുതന്നെ അവകാശം സ്ഥാപിച്ച് നൽകുകയായിരുന്നു. 1877ൽ പൂഞ്ഞാർ രാജാവിൽനിന്നും ജോൺ ഡാനിയേൽ മൺറോ പാട്ടത്തിനെടുത്ത ഭൂമിയാണ് ടാറ്റ കൈവശപ്പെടുത്തിയത്. കേരളത്തിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനാപരമായ നിലപാടാണ് മൂന്നാറിൽ 57,325 ഏക്കർ ഭൂമി ടാറ്റക്ക് പതിച്ചുനൽകാൻ ഇടയാക്കിയത്.
പതിറ്റാണ്ടുകൾക്കുശേഷം ഭൂമിവിഷയം വീണ്ടും വിവാദമായത് ഹാരിസൺ കമ്പനി എരുമേലി എസ്റ്റേറ്റിന്റെ 2263 ഏക്കർ ബിലീവേഴ്സ് ചർച്ചിന് വിറ്റത് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ്. അന്ന് ഉമ്മൻചാണ്ടി സർക്കാർ 2005ൽ ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനെ ചുമതലപ്പെടുത്തി. വിശദമായ പഠനം നടത്തി അവർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് നിയമോപദേശം നൽകാൻ മുൻ കേരള, ബോംബെ ഹൈക്കോടതികളിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് എൽ.മനോഹരൻ അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഭൂസംരക്ഷണ നിയമവും ഭൂപരിഷ്കരണ നിയമവും അനുസരിച്ച് ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് യാതൊരു നിയമതടസവും ഇല്ലെന്ന് ഈ കമ്മിറ്റി സർക്കാരിന് നിയമോപദേശം നൽകി. തുടർന്ന് മുൻ അസിസ്റ്റന്റ് ലാൻഡ് കമ്മീഷണർ ഡോ.സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ വില്ലേജ് തലത്തിൽ പ്രമാണ രേഖകൾ പരിശോധിച്ച് നിയമലംഘനങ്ങളുടെയും വ്യാജരേഖ ചമക്കലിന്റെയും ഒക്കെ ചരിത്രം പുറത്തുകൊണ്ടുവന്നു.
ഹാരിസൺ ഹൈക്കോടതിയിൽ ഹാജരാക്കിയ പ്രമാണ രേഖകൾ വ്യാജമാണെന്ന് സംശയം തോന്നിയതിനാൽ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ സുശീല ഭട്ട് 2013 ജനുവരി ഏഴിന് നിവേദിത പി.ഹരന് ഫാക്സ് അയച്ചു. തുടർന്ന് നിവേദിത പി.ഹരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി എൻ.നന്ദനൻ പിള്ളയ്ക്കായിരുന്നു അന്വേഷണ ചുമതല. രേഖകളിന്മേൽ നടന്ന ശാസ്ത്രീയമായ പരിശോധനയിലൂടെ വ്യാജരേഖകളാണ് ഹാരിസൺ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് എന്ന നിർണായകമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.
ഇതേ കാലയളവിൽ തന്നെ ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിൽ വള്ളിയങ്കാവ് ഗ്രാമത്തിലെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന പൊതുറോഡ് അടച്ച് ഗേറ്റ് സ്ഥാപിക്കുകയും അതുവഴി വരുന്ന സർവീസ് ബസുകളിൽ നിന്നും മറ്റു വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുകയും 21 ഏക്കർ ക്ഷേത്രഭൂമി കൈയേറുകയും ചെയ്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന് തദ്ദേശവാസികൾ പരാതി നൽകി. കമ്മീഷൻ, ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്ന ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നൽകി. അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഹാരിസൺ ഗുരുതരമായ കുറ്റകൃത്യം നടത്തിയതായി കണ്ടെത്തി. ഹാരിസണെതിരെയും അവരുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സംസ്ഥാനത്തെ ആയിരക്കണക്കിന് ഭൂരഹിതരായ മനുഷ്യരുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതിന് വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും 2013 മെയ് 30ന് നൽകിയ റിപ്പോർട്ടിൽ ഐജി ശ്രീജിത്ത് രേഖപ്പെടുത്തി.
ഈ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും എല്ലാം പശ്ചാത്തലത്തിലാണ് സമഗ്രാന്വേഷണത്തിനായി ഭൂമി വീണ്ടെടുക്കൽ സ്പെഷ്യൽ ഓഫീസറായി എം.ജി. രാജമാണിക്യം ഐഎഎസിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പഠനത്തിനൊടുവിൽ ഭൂമി ഏറ്റെടുക്കുന്നതിന് നിയമ നിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ അന്വേഷണങ്ങളേയും പഠനങ്ങളേയുമെല്ലാം അട്ടിമറിക്കാൻ ഹാരിസണിനുവേണ്ടി ഉന്നതതലം മുതൽ താഴേതട്ടുവരെയുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വങ്ങളും ശ്രമിച്ചു കൊണ്ടേയിരുന്നു.
ഭൂമി തിരിച്ചു പിടിക്കാൻ കെ.ആർ.ഗൗരിയമ്മയും അച്ചുതാനന്ദനും ഉമ്മൻ ചാണ്ടിയുമൊക്കെ നടത്തിയ നീക്കങ്ങൾ അട്ടിമറിക്കപ്പെട്ടത് കേരളം കണ്ടതാണ്. ഹൈക്കോടതിയിൽ അഡ്വ.സുശീല ഭട്ട് കേരളത്തിന്റെ പൊതുതാല്പര്യം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ വാദം ഹാരിസണും അവരോടൊപ്പമുള്ള കോർപ്പറേറ്റുകൾക്കും രാഷ്ട്രീയനേതൃത്വങ്ങൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും തിരിച്ചടിയായി. മലയാളികളുടെ മാതൃഭൂമിക്കുള്ളിൽബ്രിട്ടീഷ് രാജ്ഞിക്ക് ഇന്നും കോളനിയുണ്ടോ എന്ന സുശീലാ ഭട്ടിന്റെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല. ഹാരിസൺ കേസ് കേട്ട പല ബെഞ്ചുകളും വിധി പറയാതെ ഉപേക്ഷിച്ചു പോയതും, ജസ്റ്റിസുമാരായ ചിദംബരേഷ്, മഞ്ജുള ചെല്ലൂർ, എ.എം. ഷെഫീഖ്, സി.എൻ.രാമചന്ദ്രൻ നായർ, പയസ് ഡി. കുര്യാക്കോസ്, കെ.എം.ജോസഫ്, എം.ശശിധരൻ നമ്പ്യാർ, പി.ഭവദാസൻ തുടങ്ങിയവർ വാദം കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറിയതുമെല്ലാം ഹൈക്കോടതി രേഖകളിൽ ഉണ്ട്. 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ സുശീല ഭട്ടിനെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിലൂടെ കോർപ്പറേറ്റ് കമ്പനികളുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നതുകണ്ട് കേരളം വീണ്ടും അമ്പരന്നു.
1947ലെയും 1956ലെയും ഇന്ത്യൻ കമ്പനീസ് രജിസ്ട്രേഷൻ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യാത്ത, റിസർവ് ബാങ്കിന്റെ അനുമതിയില്ലാത്ത ഒരു കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നിരിക്കെ, വിദേശ കമ്പനികൾക്ക് എങ്ങനെയാണ് ഇവിടെ നിലനിൽക്കാൻ കഴിയുന്നത്, ഭൂമി കൈവശം വയ്ക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണാധികാരികൾ മറുപടി പറയേണ്ടതുണ്ട്.
1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം, 1947ലെയും 1973ലെയും വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം, 1955 ഇടവക അവകാശ ഏറ്റെടുക്കൽ നിയമം, 1957ലെ ഭൂസംരക്ഷണ നിയമം, 1961ലെ ഭൂനികുതി നിയമം, 1963ലെ ഭൂപരിഷ്കരണ നിയമം, 1966 രജിസ്ട്രേഷൻ നിയമം തുടങ്ങിയ നിയമങ്ങളുടെ ലംഘനമാണ് കോർപ്പറേറ്റ് കമ്പനികൾ കേരളത്തിൽ നടത്തിയിരിക്കുന്നത് എന്ന് അന്വേഷണ റിപ്പോർട്ടുകളെല്ലാം തുറന്നുകാട്ടുന്നു.
രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പിണറായി സർക്കാരും ഇടത് യൂണിയനുകളും കോർപ്പറേറ്റ് കമ്പനികളോട് കാട്ടിയിരുന്നത്. തോട്ടഭൂമിയിലെ കാലാവധി കഴിഞ്ഞ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ സർക്കാരിന് നൽകേണ്ട സീനിയറേജ് തുകയായ ഒരു മരത്തിന് 2500 രൂപ എന്നത് കുറച്ചു കൊടുക്കണമെന്ന കമ്പനികളുടെ ഡിമാന്റ് സർക്കാർതല കമ്മിറ്റികളിൽ ഉയർത്തി വാദിക്കുന്നത് യൂണിയൻ നേതാക്കളാണ്. 2018ല് കൂടിയ ഉന്നതതല സമിതി, സീനിയറേജ് ആയിരം രൂപയായി കുറക്കണം എന്ന നിർദ്ദേശം സർക്കാരിന് സമർപ്പിച്ചു. എന്നാൽ പിണറായി വിജയന്റെ തീരുമാനം ഒരു രൂപ പോലും കമ്പനികൾ സർക്കാരിന് അടയ്ക്കേണ്ട എന്നായിരുന്നു. ആ സീസണിൽ നാല് ലക്ഷം മരങ്ങളാണ് മുറിക്കാൻ ഉണ്ടായിരുന്നത്. അതുവഴി കോടാനുകോടി രൂപയാണ് കമ്പനികൾക്ക് ലാഭമുണ്ടായത്. ഹാരിസണിൽനിന്നും നിയമവിരുദ്ധമായി ബിലീവേഴ്സ് ചർച്ച് വാങ്ങിയ എരുമേലി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമി വിമാനത്താവളത്തിനു വേണ്ടി വിലയ്ക്കുവാങ്ങനുള്ള പിണറായി സർക്കാരിന്റെ തീരുമാനം വലിയ ഗൂഢാലോചനയും അഴിമതിയുമായിരുന്നു.
തുച്ഛമായ കൂലിക്ക് പണിയെടുത്തു കൊണ്ടിരുന്ന, അങ്ങേയറ്റം ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന, മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികൾ നടത്തിയ പെമ്പിളെ ഒരുമൈ സമരം അടിച്ചമർത്താൻ ഈ കൂട്ടരെല്ലാം കാട്ടിയ ഉത്സാഹം കോർപ്പറേറ്റ് സേവയുടെ മറ്റൊരു ഉദാഹരണമാണ്. ‘അതിദരിദ്രരില്ലാത്ത കേരള’ത്തിൽ, ജീർണ്ണിച്ച ലയങ്ങളിലെ വിവരണാതീതമായ ദുരിതം പേറുന്ന മനുഷ്യ ജീവനുകളുടെ കൃത്യമായ വിവരങ്ങൾ സർക്കാർ രേഖകളിൽ ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല.
കോർപ്പറേറ്റ് കമ്പനികളും ബൂർഷ്വാരാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് മുന്നിൽ സത്യസന്ധരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പരാജയപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ ഇക്കാലമത്രയും കണ്ടുകൊണ്ടിരുന്നത്. ഇനിയും ഈ സ്ഥിതി തുടരണോ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വരുമാനസ്രോതസായ തോട്ടങ്ങളും ഭൂമിയും കൊള്ളയടിച്ച് വിദേശ ബാങ്കുകളിലേക്ക് കോടാനുകോടി കടത്തുന്നത് തടഞ്ഞ് ആ സമ്പത്ത് കേരളത്തിന്റെ ഖജനാവിലേക്ക് എത്തിക്കേണ്ടതുണ്ട്. ഭൂരഹിതർക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. അതിനായി പൊതുസമൂഹം ഒന്നിച്ച് അണിനിരക്കണം. നിയമലംഘകരെ തുറുങ്കിലടക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
