നിർമ്മിതബുദ്ധി : ലാഭത്തിനായുള്ള കോർപ്പറേറ്റുകളുടെ ഭ്രാന്തൻ മൽസരം മനുഷ്യരാശിയെ നയിക്കുന്നത് എവിടേക്ക്?  

AI-Slug.jpg
Share

കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജന്റസ്) മേഖലയിൽ,  മുൻനിരയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ  അങ്ങേയറ്റം ആശങ്കപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഓപ്പണ്‍ എഐയിൽ പ്രവർത്തിക്കുകയും പിന്നീട് ആന്ത്രോപ്പിക്കിൽ ഗവേഷകനായിരിക്കുകയുംചെയ്ത ജേക്കബ് കോക്സൺ അടുത്തിടെ ജോലി ഉപേക്ഷിക്കുകയും ഈ ആശങ്കകളെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണ്.  എഐ സംവിധാനങ്ങൾ എത്ര വേഗത്തിലാണ് കൂടുതൽ ശേഷിയുള്ളതായി മാറുന്നതെന്ന കാര്യത്തിലും മനുഷ്യർക്ക് എപ്പോഴും അവയുടെമേൽ നിയന്ത്രണം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിലും ഈ വ്യവസായത്തിൽ പ്രവർത്തിക്കു ന്നവർ  തികച്ചും ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വികസിതമായ എഐ ഒരുനാൾ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാം എന്ന സാധ്യതപോലും കോക്സൺ ഉന്നയിച്ചു. അത്തരം പ്രസ്താവനകളെ അതിശയോക്തിയായി തള്ളിക്കളയുക എളുപ്പമാണ്. എല്ലാ പ്രധാനപ്പെട്ട സാങ്കേതികവിപ്ലവങ്ങൾക്കൊപ്പവും നാഗരികതയുടെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളും ഉയർന്നുവന്നിട്ടുണ്ട്;  അഞ്ചു വർഷത്തിനകമോ പത്തു വർഷത്തിനകമോ അതോ  നിശ്ചിതമായ മറ്റേതെങ്കിലും സമയത്തോ എഐ  മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ഇന്ന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല.


എന്നാൽ  ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതു മാത്രമല്ല. കൂടുതൽ ലളിതമായ ചോദ്യം ഇതിലും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഈ സംവിധാനങ്ങൾ നിർമ്മിക്കുന്നവരിൽ ചിലർതന്നെ, ഈ സാങ്കേതികവിദ്യ എവിടേക്കാണ് നയിക്കുക എന്ന് തങ്ങൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് സമ്മതിക്കുന്നുവെങ്കിൽ, എന്തിനാണ് കൂടുതൽ ശക്തമായ മോഡലുകൾ നിർമ്മിക്കാനുള്ള ഈ ഭ്രാന്തൻ മത്സരം ഇത്ര അസാധാരണമായ വേഗതയിൽ തുടരുന്നത്? മനുഷ്യർ തങ്ങളുടെ വിജ്ഞാനപരിധിയെ ഞൊടിയിടയിൽ മറികടക്കുന്ന ഒരു ഉപകരണം നിർമ്മിച്ചപ്പോഴെല്ലാം, ഒരു ജാഗ്രതാ മുന്നറിയിപ്പ് മുഴങ്ങിയിരുന്നു: “നിൽക്കൂ, നിങ്ങൾ എന്താണ് നിർമ്മിച്ചതെന്നും കണ്ടെത്തിയതെന്നും ആദ്യം തിരിച്ചറിയൂ.” ആണവോർജ്ജം, ജീൻ സാങ്കേതികവിദ്യ, അമിതമായ ഹരിതഗൃഹവാതക ഉദ്വമനം മൂലം ഓസോൺ പാളിയിലുണ്ടായ ശോഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇത് സത്യമായിരുന്നു. നിർദ്ദിഷ്ടലക്ഷ്യം കൈവരിക്കുന്നതിനായി ചുറ്റുപാടുകളെ മനസ്സിലാക്കാനും, പദ്ധതികൾ തയ്യാറാക്കാനും, പല നിലയിലുള്ള പ്രവർത്തനങ്ങൾ സ്വയം നിർവ്വഹിക്കാനും കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു സ്വയംനിയന്ത്രിത സോഫ്റ്റ്‌വെയർ സംവിധാനമാണ് ‘എഐ ഏജന്റ്’ (AI Agent). ഒറ്റ ടെക്സ്റ്റ് നിർദ്ദേശത്തിനുമാത്രം മറുപടി നൽകുന്ന അടിസ്ഥാന ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി, ഒരു എഐ ഏജന്റ് അതിന്റെ ചുമതല പൂർണ്ണമായി പൂർത്തിയാകുന്നതുവരെ ഒരു തുടർ പ്രക്രിയയിലൂടെ (നിരീക്ഷിക്കൽ, ചിന്തിക്കൽ, എപിഐകൾ, കോഡ് റണ്ണറുകൾ അല്ലെങ്കിൽ വെബ് തിരച്ചിലുകൾ പോലുള്ള ബാഹ്യ ഉപകരണങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവയിലൂടെ) പ്രവർത്തിക്കുന്നു. പരമ്പരാഗതമോ ജനറേറ്റീവോ ആയ എഐയിൽനിന്ന് വ്യത്യസ്തമായി, സങ്കീർണ്ണമായ ലക്ഷ്യങ്ങളെ ചെറിയ ഘട്ടങ്ങളായി വിഭജിക്കുകയും, എപിഐ പോലുള്ള ബാഹ്യ ഉപകരണങ്ങൾ ഉപയോഗിക്കുകയും, തത്സമയ ഫലങ്ങളെ അടിസ്ഥാനമാക്കി സ്വന്തം തന്ത്രത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്ന ഒരു സജീവ സഹപ്രവർത്തകനെപ്പോലെയാണ് ‘ഏജന്റിക് എഐ’ (Agentic AI) പ്രവർത്തിക്കുന്നത്.

ഓരങ്ങളിൽനിന്ന് മുന്നറിയിപ്പു തരുന്ന  ഒറ്റപ്പെട്ട വ്യക്തിയല്ല കോക്സൺ. ലോകത്തിലെ ഏറ്റവും മുൻനിര എഐ ലബോറട്ടറികളിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽനിന്നും സമാനമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. കൂടുതൽ ശേഷിയുള്ള സംവിധാനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണം, പരിശോധന, കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ ആവശ്യകതയെക്കുറിച്ച്  ആന്ത്രോപ്പിക് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.  ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും എഐ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരുത്തുമെന്ന് വാദിക്കുമ്പോഴും, അപകടസാധ്യതകൾ കൈകാര്യം ചെയ്യാനുള്ള സമൂഹത്തിന്റെ കഴിവിനേക്കാൾ വേഗത്തിലാണ് സാങ്കേതികശേഷികൾ മുന്നേറുന്നതെന്ന് അതിന്റെ സിഇഒ ഡാരിയോ അമോദെയ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ വൈരുദ്ധ്യം നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ട്.

മത്സരം ആരെയും വേഗത കുറയ്ക്കാൻ അനുവദിക്കുന്നില്ല

സാങ്കേതിക പുരോഗതിയുടെ അടുത്ത ഘട്ടം മാത്രമാണ് എഐ എന്ന രീതിയിലാണ് സാധാരണയായി അത് അവതരിപ്പിക്കപ്പെടുന്നത്. മികച്ച കമ്പ്യൂട്ടറുകൾ, മികച്ച സോഫ്റ്റ്‌വെയർ, മികച്ച ഉൽപ്പാദനക്ഷമത എന്നിവ. നവീകരണത്തെ തടയാൻ കഴിയില്ലെന്നും സമൂഹങ്ങൾ അതിനനുസരിച്ച് പൊരുത്തപ്പെടാൻ പഠിക്കണമെന്നതുമാണ് പരമ്പരാഗതമായ വാദം. എന്നാൽ സാങ്കേതികവിദ്യ അതിനു ചുറ്റുമുള്ള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് ഒറ്റപ്പെട്ട് വികസിക്കുന്ന ഒന്നല്ല.


വിപണി ആധിപത്യത്തിനായി മത്സരിക്കുന്നതും ഭീമമായ മൂലധന സമാഹരണത്തിന്റെ പിന്തുണയുള്ളതുമായ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളാണ് നിലവിലെ എഐ മുന്നേറ്റത്തെ നയിക്കുന്നത്. മുൻനിര എഐ മോഡലുകൾ നിർമ്മിക്കുന്ന കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്. അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാൻ അർദ്ധചാലക (Semiconductor) നിർമ്മാതാക്കൾ പരസ്പരം മത്സരിക്കുന്നു. തന്ത്രപരമായി പിന്നിലായിപ്പോകുമോ എന്ന ഭയം കാരണം വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പരസ്പരം മത്സരിക്കുന്നു. സമീപനാളുകളിൽ വലിയ ലാഭസ്രോതസ്സായി മാറാൻ സാധ്യതയുള്ള ഒന്ന് നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കാത്തതിനാൽ നിക്ഷേപകർ മത്സരിക്കുന്നു.


ജാഗ്രത അത്യന്താപേക്ഷിതമാണെന്ന് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മിക്കവാറും എല്ലാവരും മനസ്സിലാക്കുന്നുണ്ട്, എന്നാൽ  ആദ്യം വേഗത കുറയ്ക്കാൻ ആരും തയ്യാറാകുന്നില്ല. അതാണ് യഥാർത്ഥ പ്രശ്നം. കൂടുതൽ ശക്തമായ എഐയുടെ അപകടങ്ങളെക്കുറിച്ച് ഒരു കമ്പനി ആത്മാർത്ഥമായി ആശങ്കപ്പെടുന്നുണ്ടാകാം, എന്നാൽ വികസനം നിർത്തിവെച്ചാൽ എതിരാളി മുന്നിലെത്തുമെന്നും അവർക്കറിയാം. മറ്റൊരു രാജ്യം എഐ വികസനത്തിന് വൻതോതിൽ പണം ചെലവഴിക്കുന്നതിനാൽ, ഒരു ബൂർഷ്വാ സർക്കാർ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേസമയം എഐയിലേക്ക് പണം ഒഴുക്കുന്നു. ഈ ഭ്രാന്തൻ മത്സരം എല്ലാവരെയും മുന്നോട്ട് തള്ളിവിട്ടുകൊണ്ടേയിരിക്കുന്നു. ഇത് മുതലാളിത്തത്തിന്റെ പുതിയൊരു സവിശേഷതയല്ല. അതിന്റെ ഉത്ഭവകാലത്തെ ഏറ്റവും അടിസ്ഥാനപരമായ സവിശേഷതകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ കുത്തകമുതലാളിത്തത്തിന്റെ വളർച്ചയോടെ സ്വതന്ത്രമത്സരത്തിന്റെയും  ശരാശരിലാഭത്തിന്റെയും കാലഘട്ടം അവസാനിക്കുകയും പരമാവധിലാഭം   കൊയ്യുന്നതിലേക്കുള്ള ചായ്‌വ് പ്രകടമാവുകയും ചെയ്തു. ഇപ്പോൾ മത്സരം അടിസ്ഥാനപരമായി രാജ്യങ്ങൾ തമ്മിലോ ഗണ്യമായ പണക്കരുത്തുള്ള കുത്തകകൾ തമ്മിലോ ആണ്. എഐയുടെ കാര്യത്തിൽ, ആ വൈരുദ്ധ്യം അസാധാരണമാംവിധം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വ്യക്തിഗത കമ്പനികൾ അവരുടെ സ്വന്തം നിലനിൽപ്പിന്റെയും ലാഭത്തിന്റെയും വീക്ഷണകോണിൽനിന്ന് യുക്തിസഹമായി പെരുമാറാൻ ശ്രമിക്കുമ്പോഴും, സമൂഹത്തിന് അതിന്റെ സംയോജിത ഫലം തികച്ചും യുക്തിരഹിതമോ വിനാശകരമോ ആണ്.

പ്രത്യാഘാതങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു

ഭാവിയിലെ, അതിബുദ്ധിയുള്ള ഏതെങ്കിലും യന്ത്രം പെട്ടെന്ന് മനുഷ്യരാശിക്കെതിരെ തിരിയുന്നതാണ് ഒരേയൊരു അപകടമെന്ന് കരുതുന്നത് തെറ്റായിരിക്കും. അട്ടിമറിയുടെ വലിയൊരു പങ്ക് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ജോലിസ്ഥലങ്ങൾ, സ്കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, പോലീസിംഗ്, യുദ്ധം, നിരീക്ഷണം, മാധ്യമങ്ങൾ എന്നിവയിലേക്കെല്ലാം എഐ പ്രവേശിക്കുകയാണ്. ഒരിക്കൽ താരതമ്യേന സുരക്ഷിതമെന്ന് തോന്നിയ ജോലികൾ പുനഃസംഘടിപ്പിക്കപ്പെടുകയോ പൂർണ്ണമായും ഇല്ലാതാക്കുകയോ ചെയ്യുന്നു. എഐ അവരെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കുമെന്ന് വലിയൊരു വിഭാഗം തൊഴിലാളികളോട് പറയുന്നു, എന്നാൽ ആ വർദ്ധിച്ച ഉൽപ്പാദനക്ഷമത ഒടുവിൽ തങ്ങളുടെ ജോലികൾ കവർന്നെടുക്കുമോ എന്ന് പലരും സ്വാഭാവികമായും ഭയപ്പെടുന്നു. പുതിയ മോഡലുകളുടെ അവതരണത്തെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളെയും കുറിച്ചുള്ള കോലാഹലങ്ങളേക്കാൾ വളരെ കുറഞ്ഞ ചർച്ച മാത്രം ലഭിക്കുന്ന ഒരു ചോദ്യത്തിലേക്ക് ഇത് വിരൽചൂണ്ടുന്നു: എഐ സൃഷ്ടിക്കുന്ന ഉൽപ്പാദനക്ഷമതയുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരായിരിക്കും?


ഇന്ന് നൂറ് തൊഴിലാളികൾ ആവശ്യമുള്ള ഒരു ജോലി, അത്യാധുനിക എഐയുടെ സഹായത്തോടെ പത്ത് തൊഴിലാളികൾക്ക് ചെയ്യാൻ കഴിയുമെന്ന് കരുതുക. അത്തരമൊരു നേട്ടത്തെ നോക്കിക്കാണാൻ തികച്ചും വ്യത്യസ്തമായ രണ്ട് വഴികളുണ്ട്. വലിയ അളവിൽ മനുഷ്യാധ്വാനം ലാഭിക്കപ്പെട്ടുവെന്ന് സമൂഹത്തിന് പറയാൻ കഴിയും. ജോലിസമയം കുറയ്ക്കാം. അപകടകരവും ആവർത്തനവിരസവുമായ ജോലികൾ ഇല്ലാതാക്കാം. ഒരേ അളവിലുള്ള സമ്പത്ത് ഉല്‍പ്പാദിപ്പിക്കുമ്പോൾത്തന്നെ ആളുകൾക്ക് കുടുംബം, വിദ്യാഭ്യാസം, സംസ്കാരം, വിനോദം, ബൗദ്ധികവികാസം എന്നിവയ്ക്കായി കൂടുതൽ സമയം കണ്ടെത്താൻ കഴിയും. എന്നാൽ, തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ എത്തിക്കുക എന്നതിലുപരി ലാഭം പരമാവധിയാക്കുക എന്നത് ഉൽപ്പാദനത്തിന്റെ പ്രേരകശക്തിയായിരിക്കുന്ന ഒരു മുതലാളിത്തവ്യവസ്ഥയിൽ അത്തരം അനുമാനം തെറ്റാണ്. സാങ്കേതികവിദ്യയുടെ ഉടമ ലാഭം പരമാവധിയാക്കുമ്പോൾ 90% ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടേക്കാം. ഈ വൻ തൊഴിൽ നഷ്ടം സമൂഹത്തിന് ശാപമാണോ അതോ അനുഗ്രഹമാണോ എന്നതാണ് കാതലായ ചോദ്യം. എന്നാൽ മെച്ചപ്പെട്ട സാങ്കേതികവിദ്യ എല്ലാവർക്കും മികച്ച ഉപജീവനമാർഗ്ഗം നൽകുമോ എന്നത് ഒരു ചോദ്യത്തെ ആശ്രയിച്ചിരിക്കുന്നു—ആരാണ് അതിനെ നിയന്ത്രിക്കുന്നത്?

യന്ത്രമല്ല യഥാർത്ഥ പ്രശ്നം

അതുകൊണ്ടാണ് എഐയെക്കുറിച്ചുള്ള ചർച്ച ‘നല്ലത്’ അല്ലെങ്കിൽ ‘ചീത്ത’ എന്നതിലേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് പറയുന്നത്. അതൊരു അർത്ഥശൂന്യമായ ചോദ്യമാണ്. ഏതുതരം സാമൂഹ്യവ്യവസ്ഥയിലാണ് അത് വികസിപ്പിക്കപ്പെടുന്നത്, ആരാണ് അതിന്റെ ഉടമസ്ഥർ, അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ് എന്നതാണ് യഥാർത്ഥ വിഷയം. ഇവിടെ അപാരമായ സാധ്യതകളുണ്ട്. സങ്കീർണ്ണമായ ഡാറ്റ വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കാനും, മരുന്ന് കണ്ടെത്തൽ വേഗത്തിലാക്കാനും, ശസ്ത്രക്രിയാ വിദഗ്ധർ നടത്തുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ലളിതമാക്കാനും, കാലാവസ്ഥയെയും ദുരന്തങ്ങളെയും കുറിച്ചുള്ള പ്രവചനങ്ങൾ  മെച്ചപ്പെടുത്താനും ഭാഷകൾ വിവർത്തനം ചെയ്യാനും മുമ്പ് കാര്യമായ പ്രവേശനമില്ലാതിരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ വിജ്ഞാനശേഖരം ലഭ്യമാക്കാനും എഐക്കു കഴിയും. ശരിയായി ഉപയോഗിച്ചാൽ, അത് പലതരം വിരസമായ അധ്വാനങ്ങളെ ഇല്ലാതാക്കുകയും മനുഷ്യരാശിയുടെ ഉൽപ്പാദന ശേഷി വളരെയധികം വികസിപ്പിക്കുകയും ചെയ്യും.


ആ സാധ്യതകളോട് ശത്രുത പുലർത്തേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ സാമ്പത്തിക-സൈനിക ആധിപത്യത്തിനായി മത്സരിക്കുന്ന വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്ക് മുകളിലിരിക്കുന്ന ഭീമൻ കുത്തകകളുടെയും ബഹുരാഷ്ട്രകമ്പനികളുടെയും കൈകളിൽ പ്രധാനമായും എത്തിപ്പെടുന്ന ഇതേ സാങ്കേതികവിദ്യ തികച്ചും വ്യത്യസ്തമായ ദിശയിൽ വികസിച്ചേക്കാം. ഇതിന് നിരീക്ഷണം ശക്തമാക്കാനും, സമ്പത്ത് കേന്ദ്രീകരിക്കാനും, സംരക്ഷണമില്ലാതെ തൊഴിലാളികളെ മാറ്റിനിർത്താനും, കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്ന ചുരുക്കം ചില കമ്പനികൾക്ക് അസാധാരണമായ അധികാരം നൽകാനും കഴിയും. അതുകൊണ്ടാണ് സാങ്കേതിക കമ്പനികളോടുള്ള അഭ്യർത്ഥനകൾ മാത്രം പര്യാപ്തമാകാത്തത്. ഉത്തരവാദിത്തമുള്ളതാണെന്ന് എത്രതന്നെ അവകാശപ്പെട്ടാലും,  മനുഷ്യരാശിയുടെ മറുഭാഗം ഏത് തലത്തിലുള്ള അപകടസാധ്യതയാണ്  നേരിടുകയെന്ന്  തീരുമാനിക്കാൻ ഒരു സ്വകാര്യ കോർപ്പറേഷനെയും അനുവദിക്കരുത്. അതിന്റെ അനന്തരഫലങ്ങൾ അത്രയേറെ വലുതാണ്.

നേട്ടങ്ങളെ നിയന്ത്രിക്കുന്നത് ആര്?

തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, ദേശീയസുരക്ഷ എന്നിവയെ സ്വാധീനിക്കാൻ തക്കവിധം എഐ സംവിധാനങ്ങൾ ശക്തമാകുകയാണെങ്കിൽ, സ്വതന്ത്രമായ പരിശോധനയും പ്രായോഗികമായ സുരക്ഷാമാനദണ്ഡങ്ങളും കൂട്ടുത്തരവാദിത്തവും ആവശ്യപ്പെടാൻ സമൂഹത്തിന് പൂർണ്ണ അവകാശമുണ്ട്. ദേശീയ അതിർത്തികൾക്കുള്ളിൽ മാത്രം ഈ തോതിലുള്ള സാങ്കേതികവിദ്യകളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയില്ല എന്നതിനാൽ സർക്കാരുകൾ അന്താരാഷ്ട്ര തലത്തിൽ സഹകരിക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് സംരക്ഷണം ആവശ്യമാണ്. എഐ സൃഷ്ടിക്കുന്ന ഉൽപ്പാദനക്ഷമതയുടെ നേട്ടങ്ങൾ സമ്പത്ത് മുകളിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു ഉപാധിയായി യാന്ത്രികമായി മാറരുത്. കുറഞ്ഞ അധ്വാനംകൊണ്ട് കൂടുതൽ ഉൽപ്പാദിപ്പിക്കാൻ സമൂഹത്തിന് സാധ്യമാകുന്നുണ്ടെങ്കിൽ, ആ നേട്ടത്തിന്റെ അർഹമായ ഭാഗം സമ്പദ്‌വ്യവസ്ഥയെ സൃഷ്ടിച്ച ആ അധ്വാനശക്തിക്ക് തിരികെ ലഭിക്കണം. അവഗണിക്കപ്പെടാൻ പാടില്ലാത്ത മറ്റൊരു വിരോധാഭാസം ഇവിടെയുണ്ട്. ആധുനിക കൃത്രിമബുദ്ധി (AI) കേവലം ചില മിടുക്കരായ സംരംഭകരുടെ മാത്രം നേട്ടമല്ല. പതിറ്റാണ്ടുകളായി പൊതുസമ്പത്ത് ചെലവാക്കി നടത്തിയ ശാസ്ത്രീയഗവേഷണങ്ങൾ, സർവ്വകലാശാലകൾ, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് അതിന്റെ അടിത്തറ നിലനിൽക്കുന്നത്; ഒപ്പം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഗവേഷകരുടെ സഞ്ചിതമായ അദ്ധ്വാനത്തിലും. എന്നിട്ടും, ഈ കൂട്ടായ്മയിലൂടെ രൂപപ്പെട്ട സാങ്കേതികവിദ്യയുടെമേലുള്ള നിയന്ത്രണം, ഒരുപിടി കുത്തക മുതലാളിമാരുടെ കൈകളിൽ വർദ്ധിച്ചുവരുന്ന രീതിയിൽ കേന്ദ്രീകരിക്കപ്പെടുകയാണ്. മനുഷ്യന്റെ അറിവ് നിർമ്മിക്കപ്പെട്ടത് കൂട്ടായാണെങ്കിലും, അതിന്റെ ഏറ്റവും ശക്തമായ പുതിയ ഉപകരണങ്ങൾ ഇന്ന് സ്വകാര്യ ഉടമസ്ഥതയിലായി മാറുന്നു. വൈരുദ്ധ്യം നിലനിൽക്കുന്നത് ഇവിടെയാണ്.

സാങ്കേതികപ്രശ്നമായി വേഷംമാറി നിൽക്കുന്ന സാമൂഹ്യവൈരുദ്ധ്യം

എഐ വ്യവസായത്തിനുള്ളിൽനിന്ന് ഉയരുന്ന മുന്നറിയിപ്പുകളെ, യന്ത്രങ്ങൾ ഒടുവിൽ തങ്ങളുടെ സ്രഷ്ടാക്കളെ കീഴടക്കുമെന്ന തരത്തിലുള്ള കേവലം മറ്റൊരു ഭീതിജനകമായ പ്രവചനമായി മാത്രം കാണരുത്. അത് അതിനേക്കാൾ വളരെ അടിയന്തരമായ മറ്റൊന്നിലേക്കാണ് ചൂണ്ടിക്കാണി ക്കുന്നത്. മനുഷ്യരാശി അസാധാരണമായ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്നാൽ അതിന്റെ ഭാവിയെ നിർണ്ണയിക്കുന്ന തീരുമാനങ്ങൾ വലിയതോതിൽ എടുക്കപ്പെടുന്നത് വിപണിയിലെ മത്സരത്തിലൂടെയും, കോർപ്പറേറ്റ് തന്ത്രങ്ങളിലൂടെയും, ഭൗമരാഷ്ട്രീയവൈരത്തിലൂടെയുമാണ്. ഈ സാങ്കേതികവിദ്യ നിർമ്മിക്കുന്നവർ തന്നെ ഇതിലെ അപകടസാധ്യതകൾ അതിഭീമമാണെന്ന് നമ്മോട് പറയുന്നു; എന്നിട്ടും ഈ വ്യവസ്ഥിതി ഇതിലെ ഓരോ പ്രധാന പങ്കാളിക്കും വേഗത വീണ്ടും കൂട്ടിക്കൊണ്ടിരിക്കാനുള്ള പ്രേരണയാണ് നൽകുന്നത്. ഇത് പ്രാഥമികമായി എഐയുടെ ഒരു പ്രശ്നമല്ല, മറിച്ച് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ സ്വഭാവത്തിന്റെ പ്രശ്നമാണ്. അത്ഭുതപ്പെടുത്തുന്ന ബുദ്ധിയുള്ള യന്ത്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു നാഗരികതയ്ക്ക്, ആ യന്ത്രങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് കൂട്ടായും യുക്തിസഹമായും തീരുമാനിക്കാനുള്ള ശേഷിയും തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. അതിന് കഴിയുന്നില്ലെങ്കിൽ, യന്ത്രങ്ങൾ അമിത ബുദ്ധിശാലികളാകുന്നു എന്നതാകില്ല യഥാർത്ഥ അപകടം. മറിച്ച്, അവയെ നിയന്ത്രിക്കുന്ന വ്യവസ്ഥിതി തികച്ചും യുക്തിരഹിതമായി തുടരുന്നു എന്നതാണ്.

Share this post

scroll to top