എൻഡിഎയിതര മുന്നണികളെ വിഘടിപ്പിച്ചും ബിജെപിയിതര പാർട്ടികളെ പിളർത്തിയും തങ്ങൾ അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത നീക്കങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കമാകുകയാണ്. പ്രലോഭനങ്ങളും ഭീഷണിയും പ്രയോഗിച്ച് ബിജെപി പലപ്പോഴായി ഇത്തരം ഹീനകൃത്യങ്ങൾ നടത്തിവരുകയായിരുന്നെങ്കിലും ആംആദ്മി പാർട്ടിക്കും തൃണമൂൽ കോൺഗ്രസിനുമുണ്ടായ തിരിച്ചടി ജനാധിപത്യവിശ്വാസികളെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.
ബംഗാൾ പിടിക്കാൻ ഉന്നംവെച്ചുള്ള കരുനീക്കങ്ങളാണ് ഏതാനും വർഷങ്ങളായി ബിജെപി നടത്തിവന്നിരുന്നത്. അതിന് അവലംബിച്ച മാർഗ്ഗങ്ങളാകട്ടെ അങ്ങേയറ്റം ഹീനവും. എസ്ഐആറിന്റെ പേരിൽ 97 ലക്ഷത്തോളം വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബ്യൂറോക്രസിയിൽ നിർണായക സ്ഥാനങ്ങളിൽ ബിജെപി അനുകൂലികളെ തിരുകിക്കയറ്റി. ബിജെപിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന രണ്ട് ലക്ഷത്തോളം പാരമിലിട്ടറി സംഘത്തെ സംസ്ഥാനമാകെ വിന്യസിച്ചു. കോർപ്പറേറ്റ് ഭീമന്മാരിൽനിന്ന് കൈപ്പറ്റിയ വലിയ തുക സംസ്ഥാനമാകെ ഒഴുക്കി. മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി, നേതാക്കന്മാരെ വിലക്കുവാങ്ങി. ടിഎംസിയുടെ ദുർഭരണത്തോട് ജനങ്ങൾക്കുണ്ടായിരുന്ന അതൃപ്തിയും മുതലാക്കി. അങ്ങനെയാണ് ബിജെപി ബംഗാൾ പിടിച്ചെടുത്തത്. വോട്ടിംഗ് മെഷിനിൽ ക്രമക്കേട് സംശയിക്കപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾതന്നെ, ബംഗാളിൽ വോട്ടിംഗ് മെഷീനുകൾക്ക് തീപിടിക്കുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. മമത ബാനർജിയുടെ നേർശിഷ്യനായിരുന്ന സുവേന്ദു അധികാരിയാകട്ടെ വോട്ടുചെയ്ത സനാതനികൾക്ക് നന്ദിപറഞ്ഞ് ബിജെപിയോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ച് ലൈൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിലേക്ക് ചേക്കേറാൻ ടിഎംസി എംഎൽഎമാർ തിരക്ക് കൂട്ടുകയായിരുന്നു. 80 എംഎൽഎമാരിൽ 60 പേരും ചേർന്ന് ഒരു പുതിയ ഗ്രൂപ്പ് ഉണ്ടാക്കി. അവരുടെ 28 എംപിമാരിൽ 20 പേരും സ്പീക്കറെ കണ്ട്, പുതിയൊരു പാർട്ടിയിലേക്ക് തങ്ങൾ മാറുകയാണെന്ന് അറിയിച്ചു. തിരിച്ചുപിടിക്കാനാകാത്ത തകർച്ചയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ടിഎംസി. മമത ബാനർജിയോട് ഒപ്പംനിന്ന നേതാക്കന്മാർ പലരുമാണ് ഒരു സുപ്രഭാതത്തിൽ മമതയെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്. ഈ കളികളിലെല്ലാം ഇഡിയാണ് ബിജെപിയുടെ ആയുധം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ബംഗാളിൽ ഇഡി നടത്തിയത് ഇരുപതോളം റെയ്ഡുകളാണ്. റ്റിഎംസിയുടെ ഫണ്ടിലെ ക്രമക്കേട്, അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഐപാക്, അധ്യാപക റിക്രൂട്ട്മെന്റ് അഴിമതി, കൽക്കരി അഴിമതി തുടങ്ങിയവയിലെല്ലാം ഇഡി തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇടപെട്ടുതുടങ്ങിയിരുന്നു. റ്റിഎംസിയുടെ തകർച്ചക്ക് ഇടവരുത്തിയ മുൻകൂർ കരുനീക്കങ്ങളായിരുന്നു ഇവ.
എഎപി എംപിമാരുടെ കൂറുമാറ്റം രാജ്യത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. എഎപിക്ക് രാജ്യസഭയിൽ ഉണ്ടായിരുന്ന പത്തുപേരിൽ ഏഴുപേരും ബിജെപി ചേരിയിലേക്ക് മാറി. ഇതിൽതന്നെ രാഘവ് ഛദ ബിജെപിയുടെ വലിയ വിമർശകനും ആംആദ്മിയുടെ തീപ്പൊരിയും തുറുപ്പുചീട്ടുമൊക്കെ യായിരുന്നു. 2024ൽ തീപ്പൊരി പ്രസംഗത്തിന്റെയും വാക്ക് തർക്കത്തിന്റെയും പേരിൽ ഇദ്ദേഹത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അതേ ആളാണ് ഇപ്പോൾ ബിജെപിയിൽ ചെന്ന് കയറിയിരിക്കുന്നത്. കൂറുമാറിയ എഎപി എംപിമാർ പ്രസ്തുത നിലപാട് സ്വീകരിക്കുന്നതിൽ ഇഡിയുടെ പങ്ക് ഒരു രഹസ്യമല്ല. അശോക് മിത്തലടക്കം ഇഡി റെയ്ഡിന്റെ രുചി അറിഞ്ഞവരാണ്. മനീഷ് സിസോദിയയെയും അരവിന്ദ് കേജരിവാളിനെയും അതിനുമുമ്പുതന്നെ ഇഡി വട്ടമിട്ടിരുന്നല്ലോ.
മഹാരാഷ്ട്രയിൽ ശിവസേനയിലെ ബിജെപിക്ക് എതിരായ യുബിടി വിഭാഗത്തിൽ ഉണ്ടായിരുന്ന ഒൻപത് എംപിമാരിൽ ആറുപേർ ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിലേക്ക് മാറി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അഥവാ കൂറുമാറ്റ നിരോധന നിയമമനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട പാർട്ടി മാറുകയോ പാർട്ടിവിപ്പിന് വിപരീതമായി പ്രവർത്തിക്കുകയോ ചെയ്താൽ ആ അംഗത്തെ അയോഗ്യമാക്കാൻ സാധിക്കും. എന്നാൽ കൂറുമാറിയവർ പാർട്ടിയുടെ മൂന്നിൽ രണ്ടുവരുമെങ്കിൽ അതൊരു പിളർപ്പല്ല, മറിച്ച് പുതിയ പാർട്ടിയുമായുള്ള ലയനമാണ്, അത് അനുവദനീയമാണ്. ഇപ്പോൾ ഉണ്ടായ പിളർപ്പുകളെല്ലാം ഇപ്രകാരമാണത്രേ!
സമാനമായ വാർത്തകളാണ് ഉത്തരപ്രദേശിൽനിന്നും കേൾക്കുന്നത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് സമാജ് വാദി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാക്കാൻ ബിജെപി കിണഞ്ഞ് ശ്രമിക്കുകയാണ്. യുപിയിലെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയും മന്ത്രിയായ ഓം പ്രകാശ് രാജ് ദാറും പറയുന്നത് എസ്പിയിലെ 26 ഓളം എംപിമാർ അസന്തുഷ്ടരാണെന്നാണെന്നാണ്. എസ്പി വിട്ടുവരാൻ അവർ തയ്യാറാണത്രേ. പ്രതിപക്ഷ നിരകളിൽ അരക്ഷിതത്വം വളർത്താനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമമാണിത്. തക്കം കിട്ടിയാൽ കൂറുമാറ്റത്തിന് തയ്യാറായ ബൂർഷ്വാ രാഷ്ട്രീയത്തിൽ എതിരാളികൾക്കെതിരെ പ്രയോഗിക്കുന്ന മന:ശാസ്ത്രപരമായ ആക്രമണമാണിത്. ഇത്തരം കൂറുമാറ്റങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ബിജെപിയുടെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്.
കർണാടകയിൽ 2008 ൽതന്നെ ബിജെപി ‘ഓപ്പറേഷൻ താമര’ എന്ന പേരിൽ, പണം കൊടുത്ത് എംഎൽഎമാരെ വിലക്കുവാങ്ങുന്ന ഇടപാട് ആരംഭിച്ചിരുന്നു. 2013ലും ഇത് ആവർത്തിച്ചു. 13 കോൺഗ്രസ് എംഎൽഎമാരെയും 3 ജെപിഎസ് എംഎൽഎമാരെയും തങ്ങളുടെ ഭാഗത്തെത്തിച്ച് അന്നത്തെ ഗവൺമെന്റിനെ താഴെയിറക്കി. പ്രതിപക്ഷ പാർട്ടികൾ ഗവൺമെന്റ് രൂപീകരിച്ചപ്പോളെല്ലാം ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തി, തങ്ങളുടെ ഭാഗത്തെത്തിച്ചു.
2014 മുതൽ ബിജെപിക്ക് പുറത്തുള്ള 114 നേതാക്കളെയാണ് ഇഡി ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. അസം മുഖ്യമന്ത്രിയായ ഹിമന്ത് ബിശ്വാസിന് കോൺഗ്രസുവിട്ട് ബിജെപിയിലെത്താനും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ സുവേന്ദു അധികാരിക്ക് ടിഎംസിവിട്ട് ബിജെപിയിലെത്താനും, ശിവസേനയിലെ നാരായണ റാണെക്കും എൻസിപിയിലെ അജിത് പവാറിനും ബിജെപിയിലേക്കുവഴി കാണിച്ചു കൊടുത്തതും ഇഡിയാണ്. ശരത് പവാറിന്റെ എൻസിപിയിലും ശിവസേനയിലും ആം ആദ്മി പാർട്ടിയിലും ടിഎംസിയിലും പിളർപ്പുകൾ ഉണ്ടാക്കിയെടുത്തത് പണവും അധികാരവും ഉപയോഗിച്ചുള്ള ബിജെപിയുടെ ആസൂത്രണമാണ്. ഇതേ തന്ത്രം ഉപയോഗിച്ചാണ് 2022ൽ മഹാരാഷ്ട്രയിലെ ഗവൺമെന്റിനെ താഴെ ഇറക്കിയത്. ശിവസേന നേതാക്കളായ യാമിനി ജാദവും ഭാവന ഗിവാലിയും പ്രതാപ് സർദായിയും കേസിൽനിന്ന് രക്ഷപ്പെടാനാണ് ബിജെപി പക്ഷത്തുള്ള ശിവസേന-ഷിൻഡെ ഗ്രൂപ്പിലേക്ക് മാറിയത്. അജിത് പവാർ എൻസിപിയിൽ കലാപക്കൊടി ഉയർത്തിയപ്പോൾ, കൂടെ ചേർന്ന എംഎൽഎമാരും എംഎൽസിമാരും ഇഡി കേസുകളിൽ അകപ്പെട്ടിരുന്നു. ബിജെപി പക്ഷത്തെത്തിയതോടെ അവരെല്ലാം വിശുദ്ധരായി.
മുതലാളിത്ത സമ്പദ്ക്രമം ജീർണ്ണതയുടെ പാരമ്യത്തിലെത്തിയിരിക്കുന്ന ഇന്ന് അതിനെ സേവിക്കുന്ന എല്ലാവരും അഴിമതിക്കാരാണ്. അഴിമതിയുടെ ഡിഗ്രിയിൽ മാത്രമേ രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യാസമുള്ളൂ. അതിനാൽതന്നെ സിബിഐയും ഇഡിയും ഇക്കൂട്ടർ ഭയപ്പെടാൻ മതിയായ കാരണങ്ങളാണ്. ബിജെപിയിൽ എത്തുന്നതോടെ എല്ലാ അഴിമതികളും വിസ്മരിക്കപ്പെടുന്നു, എല്ലാ അഴിമതിയും കഴുകി വെളുപ്പിക്കുന്ന വാഷിംഗ് മെഷീനായി ബിജെപി വർത്തിക്കുന്നു. പ്രലോഭനങ്ങൾക്കോ ഭീഷണിക്കോ വഴങ്ങിയിട്ടായാലും കൂറുമാറുന്നവർക്ക് യാതൊരു തത്വദീക്ഷയും മനസ്താപവും എന്തിന് ആത്മാഭിമാനംപോലും കാണുന്നില്ല. അവർ ഒരു പാർട്ടിയുടെ ആളായി തിരഞ്ഞെടുപ്പിനെ നേരിടുന്നു, അധികാരം നുണയുന്നു. കൂടുതൽ കൂടുതൽ പണമുണ്ടാക്കാനുമുള്ള വഴികൾ തേടിക്കൊണ്ടിരിക്കുന്നു. വേറൊരു പാർട്ടി അവർക്കത് വെച്ചുനീട്ടുമ്പോൾ, തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെക്കുറിച്ച് യാതൊരു പരിഗണനയും ഇല്ലാതെ ഇക്കൂട്ടർ പാർട്ടി മാറുന്നു. സ്ഥാനം രാജിവെക്കാനോ വീണ്ടും ജനവിധി തേടാനോപോലും അവർ തയ്യാറാകുന്നില്ല. ഇന്നത്തെ കമ്പോളസമ്പദ്വ്യവസ്ഥയിൽ ഈ ജനപ്രതിനിധികൾ സ്വയം ചരക്കായി മാറിയിരിക്കുന്നു. അടിമുടി അഴിമതിയിൽ നിറഞ്ഞു കളിച്ച്, പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി, ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെയാണ് ഇക്കൂട്ടർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഭൗതിക നേട്ടങ്ങൾക്കായുള്ള രാഷ്ട്രീയമാണ് അവരുടേത്. തിരഞ്ഞെടുക്കപ്പെടുന്നതോടെ, അവർ വോട്ടർമാരെ കബളിപ്പിച്ചും പൊതുമുതൽ കട്ടും കൂടുതൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന് കൂടുതൽ അവസരം ഒരുക്കാൻ മറ്റൊരു പാർട്ടി തയ്യാറാകുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പാർട്ടി മാറുന്നു.
കൂറുമാറ്റ നിരോധന നിയമം
1985ലാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നത്. സ്ഥാനമാനങ്ങൾക്കോ, അതുപോലെയുള്ള മറ്റ് പരിഗണനകൾക്കോവേണ്ടി കൂറുമാറുന്നതിന് തടയിടുക എന്നതായിരുന്നു നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ അംഗങ്ങൾ കൂറുമാറുന്നതിന് നിയമം തടസ്സം നിൽക്കുന്നില്ല. ഇങ്ങനെ കൂറുമാറുന്നവർ പാർട്ടിയുടെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നുണ്ടെങ്കിൽ അവരെ അയോഗ്യരാക്കില്ലായിരുന്നു. അതിനാൽതന്നെ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം കൂറുമാറ്റങ്ങൾ തുടർന്നുകൊണ്ടിരുന്നു. 2003ൽ നിയമത്തിൽ മാറ്റം വരുത്തി. മൂന്നിലൊന്ന് എന്നുള്ളത് മൂന്നിൽ രണ്ടാക്കി. അതോടൊപ്പം സ്പീക്കറുടെ നിലപാടിന് വലിയ പ്രാധാന്യം നൽകുകയും ചെയ്തു. കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്പീക്കറുടേതാണ്.
കൂറുമാറ്റ നിയമത്തിൽ വെള്ളം ചേർക്കുന്നതിന് തടയിടാൻ കോടതികൾക്ക് സാധിക്കുമായിരുന്നു. പകരം നിയമത്തെ ഞെക്കിക്കൊല്ലാനാണ് കോടതികളും ശ്രമിക്കുന്നത്. 2019ൽ കർണാടകയിലെയും 2022ൽ മഹാരാഷ്ട്രയിലെയും കൂറുമാറ്റങ്ങൾ നടന്നപ്പോൾ സുപ്രീംകോടതി ഫലത്തിൽ നിയമം നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട്, ബിജെപിയെ അധികാരത്തിലേറാൻ സഹായിക്കുകയായിരുന്നു. 2022ൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നപ്പോൾ അത് ബിജെപിയും കോൺഗ്രസ്സും ലയിച്ചതാണെന്ന വാദം ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് അംഗീകരിക്കുകയുണ്ടായി. അത്തരം ലയനങ്ങൾ പാർട്ടികൾ തമ്മിലേ അനുവദിക്കാവൂ എന്ന് നിയമം കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് അവഗണിച്ചുകൊണ്ട് നിയമസഭാകക്ഷികളെ ലയിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. കോൺഗ്രസും ബിജെപിയും പാർട്ടികൾ എന്ന നിലയിൽ പരസ്പരം ലയിച്ചിട്ടില്ല എന്നിരിക്കെ കോടതിയുടെ ഈ തീരുമാനം അമ്പരപ്പിക്കുന്നതാണ്. ഈ വിധി ഉപയോഗിച്ചുകൊണ്ടാണ് പിന്നീട് ശിവസേനയിലും പിളർപ്പുണ്ടാക്കിയത്.
കൂറുമാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നത് മുതലാളിത്ത ജീർണ്ണത
സ്വാതന്ത്ര്യം കിട്ടിയ നാൾമുതൽ കാണുന്നതാണ് രാഷ്ട്രീയകക്ഷികളുടെ പിളർപ്പകളും മറുകണ്ടം ചാടലും. 1960കളിൽ, പ്രത്യേകിച്ച് 67ൽ, കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായപ്പോൾ ഇത്തരം കൂറുമാറ്റങ്ങൾ വളരെയധികം വർദ്ധിച്ചു. ഇന്ദിര കോൺഗ്രസ്, സിൻഡിക്കേറ്റ് കോൺഗ്രസ്, ജനാധിപത്യ കോൺഗ്രസ് എന്നിങ്ങനെ കോൺഗ്രസ്സ് പലതായി പിളർന്നു. ഹരിയാനയിലെ ഹാസൻപുരിൽനിന്നുള്ള ഗയാ ലാൽ എന്ന എംഎൽഎ രണ്ടാഴ്ചക്കുള്ളിൽ മൂന്നുതവണയാണ് പാർട്ടി മാറിയത്. ആ ഒരു വർഷം പല ഗവൺമെന്റുകളെയും താഴെയിറക്കാൻ ഗയാ ലാൽ സഹായിച്ചു. ‘ആയാ റാം ഗയാ റാം’ എന്ന പരിഹാസം അങ്ങനെവന്നതാണ്. 1980ൽ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന ഭജൻലാലും അധികാരത്തിനുവേണ്ടി ഗയാ റാമിന്റെ പാത പിന്തുടർന്നു. ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ ഇന്നും മുഴങ്ങി കേൾക്കുന്ന ‘ഫാം ഹൗസ് രാഷ്ട്രീയം’ എന്ന പ്രതിഭാസത്തിന്റെയും തുടക്കം ഹരിയാനയിൽ നിന്നാണ്. കൂറുമാറാതിരിക്കാൻ എംഎൽഎമാരെ ഫാം ഹൗസുകളിൽ ഒളിച്ച് താമസിപ്പിക്കുന്നു എന്നതാണ് വിവക്ഷ. അധികാര കേന്ദ്രം ഗവൺമെന്റ് ഓഫീസുകളിൽനിന്നും മാറി സ്വകാര്യ വ്യക്തികളുടെയും കോക്കസ്സുകളുടെയും കൈയിൽ ആകുന്നതിനെയും ‘ഫാം ഹൗസ് രാഷ്ട്രീയം’ എന്നുപറയാറുണ്ട്. പലപ്പോഴും പണത്തിനോ, ക്യാബിനറ്റ്പദവിപോലെയുള്ള സ്ഥാനമാനങ്ങൾക്കോ അല്ലെങ്കിൽ ഏതെങ്കിലും കേസിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പ്രത്യുപകാരമോ ആണ് ഇത്തരം കൂറുമാറ്റങ്ങൾ.
ജനങ്ങൾ ഒരുവനെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നത് ആ വ്യക്തിയുടെ, പാർട്ടിയുടെ നയപരിപാടികൾ അംഗീകരിക്കുന്നതുകൊണ്ടാണ്. എതിർ പാർട്ടിയുടെ നയങ്ങളെ എതിർത്തും നേതാക്കളെ നിന്ദ്യമായ ഭാഷയിൽ പുലഭ്യം പറഞ്ഞും തിരഞ്ഞെടുക്കപ്പെടുന്നവർ പിന്നീട് അതേ പാർട്ടിയിലേക്കുതന്നെ മാറുന്നത് ജനങ്ങളെ അപഹസിക്കുകയല്ലാതെ മറ്റെന്താണ്? തിരഞ്ഞടുപ്പിനെയും ജനാധിപത്യത്തെത്തന്നെയും പ്രഹസനമാക്കി മാറ്റിയിരിക്കുന്നു ഇക്കൂട്ടർ. നമ്മുടെ സമൂഹം എപ്രകാരം മുന്നോട്ടു പോകണം എന്നത് ചർച്ച ചെയ്യാനും അതിനുവേണ്ട നിയമങ്ങൾ തയ്യാറാക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സാമാജികർ, ആർക്കും വിലക്കു വാങ്ങാവുന്ന ചരക്കായി അധഃപതിക്കുമ്പോൾ അത് ജനാധിപത്യം ഇന്ന് എത്തിനിൽക്കുന്ന അപചയത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്.
കൂറുമാറ്റങ്ങൾ ജനാധിപത്യത്തിൽ ഒഴിവാക്കാനാകാത്തതാണെന്ന് വാദിക്കുന്നവരുമുണ്ട്. നിയമനിർമ്മാതാക്കൾ അന്ധമായി ഏതെങ്കിലും പാർട്ടിയെ പിന്തുണക്കുന്നവരാകരുതെന്ന് ഇക്കൂട്ടർ പറയുന്നു. പാർട്ടിയുടെ നയങ്ങൾ മാറുകയോ നേതൃത്വം അഴിമതിക്കാരാവുകയോ ചെയ്യുമ്പോൾ ജനപ്രതിനിധികൾക്ക് പാർട്ടി മാറാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കകത്ത് ജനാധിപത്യ പ്രക്രിയ നടക്കുന്നില്ലെങ്കിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള ഏകവഴി കൂറുമാറ്റമാണത്രേ! ചില സമയത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻവേണ്ടി പൊതുജന താല്പര്യാർത്ഥവും മറ്റു പാർട്ടിയിലേക്ക് മാറേണ്ടി വന്നേക്കും. കേൾക്കാൻ എത്ര മനോഹരം! എന്നാൽ, പണത്തിനും പദവിക്കുംവേണ്ടിയുള്ള കൂറുമാറ്റങ്ങളെ വെള്ളപൂശാൻ ഈ വാചകക്കസർത്തിനാവില്ല. സ്വന്തം പാർട്ടിയിൽ അവർ നിരാശരാവുകയാണെങ്കിൽ പാർട്ടി മാറാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്. എന്നാൽ രാഷ്ട്രീയ സദാചാരമനുസരിച്ച് തങ്ങളെ വിജയിപ്പിച്ച പാർട്ടിയിൽനിന്നും മാറുമ്പോൾ ആസ്ഥാനം രാജിവെച്ച്, വീണ്ടും ജനവിധി തേടാൻ തയ്യാറാകണം. പാർലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കൽ വെച്ചിരിക്കുന്ന കത്തിയാണ് ഇത്തരം കൂറുമാറ്റങ്ങൾ. പാർലമെന്റിലേക്ക് തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ജനപ്രതിനിധികൾ പുതിയ പാർട്ടികളിലേക്ക് മാറുന്നത്.
കൂറുമാറ്റം കമ്പോള സമ്പദ്വ്യവസ്ഥയുടെ ഭാഗം
1991 നു മുമ്പ് പൊതുപദവികൾ ഉപയോഗിച്ച് പൊതുപണം വൻതോതിൽ കൈയിലാക്കാൻ വളരെ കുറച്ച് രാഷ്ട്രീയക്കാർക്കുമാത്രമേ സാധിക്കുമായിരുന്നുള്ളൂ. പ്രാദേശിക നേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വിരളമായിരുന്നു. എന്നാൽ ആഗോളവൽക്കരണത്തിനുശേഷം ചിത്രം പൂർണമായും മാറി. നാമമാത്രമായ പൊതുപദവികൾപോലും വൻതോതിൽ പണമുണ്ടാക്കാനുള്ള അവസരങ്ങളായി. നിർമ്മാണ പ്രവർത്തനങ്ങൾ മുതൽ ഖനനംവരെ എല്ലാത്തിനെയും നിയന്ത്രിക്കുകയും അനധികൃതമായി പണമുണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലീസും അധികാരികളും ചേർന്ന ഒരു അവിശുദ്ധസഖ്യം ഇന്ന് മുതലാളിത്തത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. സ്വയം പോറ്റികളായ ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് ഒരു പ്രത്യയശാസ്ത്രത്തോടും പ്രതിബദ്ധതയില്ല. പൊതു ഖജനാവ് കൊള്ളയടിക്കാൻ ഏറ്റവും നല്ല അവസരം എവിടെ കിട്ടുമോ അവിടേക്ക് ചാടാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ബംഗാളിലും മഹാരാഷ്ട്രയിലും ഈയിടെ കണ്ടത് ഇതാണ്.
2014 ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. സാധാരണ ഗതിയിൽ, ബൂർഷ്വാ ജനാധിപത്യ സംവിധാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗവൺമെന്റ് രൂപീകരിക്കണമെങ്കിൽ അവർക്ക് നിയമസഭയിലോ പാർലമെന്റിലോ ഭൂരിപക്ഷം വേണം. എന്നാൽ ഈ സമവാക്യങ്ങൾ അട്ടിമറിക്കാൻ പിളർപ്പുകളും കൂറുമാറ്റങ്ങളും വഴി സാധിക്കും. ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചത് 2014നു ശേഷം ബിജെപിയാണ്. ബിജെപിയുടെ അധികാരാരോഹണംതന്നെ കോൺഗ്രസിൽനിന്നും മറ്റും ജനപ്രതിനിധികളെ തങ്ങളിലേക്ക് എത്തിച്ചായിരുന്നു. 2014 കോൺഗ്രസിന് ലോക്സഭയിൽ ആകെ ലഭിച്ചത് 44 സീറ്റാണ്. അവിടെനിന്നിട്ട് കാര്യമില്ലെന്ന് പല കോൺഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞു. ഇത്തരക്കാരുടെ വലിയ തോതിലുള്ള കടന്നുവരവ് പിന്നീട് ഹരിയാന, അസം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപിക്ക് നിർണായകമായിരുന്നു.
ബിജെപിയുടെ ലക്ഷ്യം
ഭാഗ്യാന്വേഷികളായ രാഷ്ട്രീയനേതാക്കന്മാര് ഇതിനകം നടത്തിക്കൊണ്ടിരുന്ന കൂറുമാറ്റങ്ങളെ കടത്തിവെട്ടുംവിധമാണ് ഇപ്പോള് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന പിളര്പ്പന് പരിപാടികള്. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഘട്ടമാണ്. ബിജെപി വളരെ ആസൂത്രിതമായി പാർട്ടികളെ പിളർത്തുകയും എംഎൽഎമാരെയും എംപിമാരെയും സ്വന്തം ചേരിയിലാക്കുകയും ചെയ്യുകയാണ്. രാജ്യമെമ്പാടും ഒരേ ഡിസൈൻ കൃത്യമായ ആസൂത്രണത്തോടെ ചിട്ടയായി നടപ്പിലാക്കുന്നു. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷത്തിനുപുറമേ രാജ്യസഭയിലും ഭൂരിപക്ഷം നേടിയെടുക്കുകയെന്നതാണ് എൻഡിഎ ഇതരമുന്നണികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തുന്ന അട്ടിമറിയുടെ ലക്ഷ്യം. അഴിമതിക്കാരും ഭാഗ്യാന്വേഷികളുമായ നേതാക്കന്മാർ എല്ലായിടങ്ങളിലും യഥേഷ്ടം ഉണ്ടെന്നുള്ളത് ബിജെപിയുടെ നടപടികൾ എളുപ്പമാക്കുന്നു. രാജ്യസഭയിലും ലോക്സഭയിലും മൃഗീയ ഭൂരിപക്ഷം നേടി ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ പണം കൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിലക്കുവാങ്ങി ജനഹിതത്തെത്തന്നെ അട്ടിമറിക്കുന്നതോടെ ജനാധിപത്യം പ്രഹസനമായി മാറുന്നു. ഇത് തടയേണ്ട ഇലക്ഷൻ കമ്മീഷനും കോടതികളും അടക്കമുള്ള നിഷ്പക്ഷ ഏജൻസികൾ എല്ലാംതന്നെ അക്ഷരാർത്ഥത്തിൽ ബിജെപിയുടെ താളത്തിന് തുള്ളുകയാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയവും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. തങ്ങൾക്കനുകൂലമായി മണ്ഡലങ്ങൾ പുനർനിർണയിച്ചുകൊണ്ട് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയിലൂടെ ഹിന്ദുരാഷ്ട്ര സ്വപ്നം സാക്ഷാത്കരിക്കുകയെന്ന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ബിജെപി.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ നിഷ്കളങ്കമായ ഒരു പദ്ധതില്ല. എവ്വിധവും രാജ്യസഭയിലും ലോക്സഭയിലും ഭൂരിപക്ഷം സംഘടിപ്പിച്ച് ഭരണം സമ്പൂര്ണ്ണമായും കൈപ്പിടിയിലൊതുക്കുക, ഇതര സംസ്ഥാനങ്ങളെയും ചവിട്ടടിയില് കൊണ്ടുവരിക എന്നതാണ് താല്പര്യം. രാജ്യത്തെ സമ്പൂര്ണ്ണഫാസിസത്തിലേക്ക് നയിക്കാനുള്ള തിരക്കഥകളാണിത്. ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നത് ഫാസിസത്തിനാണ് കളമൊരുക്കുക. വർഗ്ഗീയതയും അപരവിദ്വേഷപ്രചാരണവും ജനങ്ങള്ക്കിടയില് ഭിന്നിപ്പ് സൃഷ്ടിച്ചെടുക്കാന് സമര്ത്ഥമായി ഉപയോഗിക്കുന്നു. ഈ നടപടികളിലൂടെ സമ്പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നത് കോർപ്പറേറ്റ് താല്പര്യമാണ്. രൂക്ഷമായ കമ്പോള പ്രതിസന്ധിയാൽ ചുവടു പതറുന്ന മുതലാളിത്തത്തിന് ആഗോളവത്ക്കരണ നയങ്ങൾ നിരങ്കുശം നടത്തിയെടുക്കാൻ ബിജെപിയോളം ആശ്രയിക്കാവുന്ന പാർട്ടി ഇന്നില്ല. ജനാധിപത്യ വിശ്വാസികൾക്ക് ഇത് നിഷ്ക്രിയമായി നോക്കി നിൽക്കാനാവില്ല. ജനാഭിലാഷത്തെ വഞ്ചിക്കുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ വോട്ടർമാർക്ക് അവകാശം ഉണ്ടായിരിക്കണം. അങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു കരുത്തുറ്റ ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കുക മാത്രമാണ് പോംവഴി. ഈ മുതലാളിത്ത വ്യവസ്ഥയെ തൂത്തെറിഞ്ഞു കൊണ്ട് മാത്രമേ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്നും നാം തിരിച്ചറിയണം.
