GDP ലോക സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനമെന്ന പ്രചാരണം പൊളിയുന്നു : ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

Economic-Growth1.jpg
Share

ജർമ്മനിയെയും ജപ്പാനെയും മറികടന്ന് 2028-30ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന ഒരു സ്വപ്നമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 2024-25ഓടെ ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നിരവധി കേന്ദ്രമന്ത്രിമാരും ഭരണപക്ഷത്തെ പ്രമുഖരും സമാനമായ രീതിയിലും അതിലും വലിയ തോതിലും അവകാശവാദങ്ങൾ ഉന്നയിക്കുകയുണ്ടായി. എപ്പോഴത്തേക്ക് കൈവരിക്കുമെന്ന് വ്യക്തമാക്കാതെ തന്നെ, ഇന്ത്യ “5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാതയിലാണ്” എന്ന് 2022 ഏപ്രിലിൽ കേന്ദ്ര ധനമന്ത്രാലയം പ്രസ്താവിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞത്, ഇന്ത്യ 2025ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുക മാത്രമല്ല, ഒരു പ്രമുഖ ഉല്പാദന ഹബ്ബായി (manufacturing hub) മാറുകയും ചെയ്യുമെന്നാണ്. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കണക്കിലെടുത്ത്, 2035 ഓടെ രാജ്യം 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ‘സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച്’ പുറത്തുവിട്ട റിപ്പോർട്ടിൽ പ്രവചിച്ചിരുന്നു. ഈ വർഷം ആദ്യം, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ ബിബേക് ദെബ്രോയ് പറഞ്ഞത്, 2047 ഓടെ ഇന്ത്യയുടെ ജിഡിപി 20 ട്രില്യൺ ഡോളറിനടുത്ത് എത്തുമെന്നാണ്.


2025 മേയിലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) റിപ്പോർട്ട് പ്രകാരം 2025-26ൽ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഒരുങ്ങുകയാണെന്ന് സൂചനയുണ്ടായിരുന്നു. ആ സമയത്ത് ഇന്ത്യയുടെ ജിഡിപി ഏകദേശം 3.9 ട്രില്യൺ ഡോളറും ജപ്പന്റേത് 4 ട്രില്യൺ ഡോളറുമായിരുന്നു. ദിവസങ്ങൾക്കുശേഷം ഗാന്ധിനഗറിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത് ഇങ്ങനെയാണ്: “ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. നാം ഇപ്പോൾ ജപ്പാനെ മറികടന്നു എന്നത് നമ്മൾക്കെല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്.” ഇപ്പോൾ, നാലാമതായതിന്റെ സന്തോഷത്തേക്കാൾ മൂന്നാമതാകാനുള്ള സമ്മർദ്ദമാണ് കൂടുതൽ. രാജ്യം കാത്തിരിക്കാൻ തയ്യാറല്ല. ആരെങ്കിലും കാത്തിരിക്കാൻ പറഞ്ഞാൽ പിന്നിൽ നിന്ന് ഒരു മുദ്രാവാക്യം ഉയരും: ‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്).” പ്രധാനമന്ത്രി മോദിയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിനും ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’(PLI) പോലുള്ള തന്ത്രപരമായ പദ്ധതികൾക്കും ക്രെഡിറ്റ് നൽകിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു: “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സാമ്പത്തിക വളർച്ച വെറുമൊരു മുന്നേറ്റം മാത്രമല്ല, അത് രാജ്യത്തിന്റെ സാമ്പത്തിക വിധി തന്നെ മാറ്റിയെഴുതുന്നതാണ്.”
എന്നാൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണെന്നും കൊട്ടിഘോഷിക്കാനുള്ള ധൃതിയിൽ, ഐഎംഎഫ് പുറത്തുവിട്ട വിവരങ്ങൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും അവ അന്തിമ കണക്കുകളല്ലെന്നുമുള്ള വളരെ പ്രധാനപ്പെട്ട വസ്തുത,  ഭരണകൂടം സൗകര്യപൂർവ്വം മറച്ചുവെക്കുകയായിരുന്നു.

അവകാശവാദങ്ങളുടെ കുമിളകൾ തകരുന്നു

സ്വപ്നങ്ങൾ കൊട്ടിഘോഷിക്കാൻ അധികം സമയമെടുത്തെങ്കിലും, ആ സാമ്പത്തിക കുമിളകൾ പൊട്ടാൻ ഒട്ടും സമയമെടുത്തില്ല. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഗോള റാങ്കിംഗിൽ മുകളിലേക്ക് ഉയരുന്നതിന് പകരം ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 2021-ൽ ഇന്ത്യ മറികടന്ന യുണൈറ്റഡ് കിംഗ്ഡം (UK) ഇപ്പോൾ വീണ്ടും ഇന്ത്യയ്ക്ക് മുന്നിലെത്തി. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, സാമ്പത്തിക വളർച്ച അളക്കുന്നത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (GDP) വളർച്ചയെ അടിസ്ഥാനമാക്കിയാണ്—അതായത് ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഉല്പാദിപ്പിക്കപ്പെടുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ ആകെ സാമ്പത്തികമൂല്യം. ഇതിൽ ‘യഥാർത്ഥ ജിഡിപി(Real GDP)’ പണപ്പെരുപ്പത്തെക്കൂടി കണക്കിലെടുക്കുമ്പോൾ, ‘നാമമാത്ര ജിഡിപി(Nominal GDP)’ പണപ്പെരുപ്പത്തെ കണക്കിലെടുക്കുന്നില്ല. ഐഎംഎഫിന്റെ ഏപ്രിലിലെ ആഗോള സാമ്പത്തിക കാഴ്ചപ്പാട് പ്രകാരം, 2026-27 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ജിഡിപി 4.15 ട്രില്യൺ ഡോളറായിരിക്കും; ഇത് യുകെയുടെ 4.26 ട്രില്യൺ ഡോളറിനേക്കാൾ താഴെയാണ്.

എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഈ തിരിച്ചടിയുണ്ടായത്?

അതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:


1. രൂപയുടെ മൂല്യത്തകർച്ചയും ജിഡിപി പരിഷ്കരണവും
ഒന്നാമത്തെ കാരണം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ വൻ ഇടിവാണ്. 2024-ൽ 84.57 ആയിരുന്ന രൂപയുടെ മൂല്യം 2025-ൽ 88.48 ആയും, 2026 മേയ് 1 ആയപ്പോഴേക്കും 95.26 ആയും തകർന്നു. രൂപയുടെ ഈ മൂല്യത്തകർച്ചയും നോമിനൽ ജിഡിപിയിൽ വരുത്തിയ പരിഷ്കരണവും ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ്, പ്രത്യേകിച്ച് അസംസ്കൃത എണ്ണയുടെ  ഇറക്കുമതി ബിൽ കുത്തനെ ഉയർന്നു.


2. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൂട്ടത്തോടെയുള്ള പിൻമാറ്റം (FII Outflows)
രണ്ടാമത്തെ കാരണം, 2021-നും 2026-നും ഇടയിൽ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ (FIIs) കൂട്ടത്തോടെ പണം പിൻവലിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ മൂലധനച്ചോർച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2025 ഡിസംബർ അവസാനത്തോടെ വിദേശ നിക്ഷേപകർ ഏകദേശം 1.58 ലക്ഷം കോടി രൂപ പിൻവലിച്ചു. തുടര്‍ന്ന്, 2026-ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 1.92 ലക്ഷം കോടിയിലധികം രൂപ അവർ വീണ്ടും പിൻവലിക്കുകയുണ്ടായി. ഇതിൽ 2026 മാർച്ചിലെ മാത്രം പിൻവലിക്കൽ 1.1 ലക്ഷം കോടി രൂപയായിരുന്നു. തായ്‌വാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ വിപണികളും അമേരിക്കയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയും കൂടുതൽ ലാഭകരമായി മാറിയതാണ് നിക്ഷേപകർ ഇന്ത്യയെ കൈവിടാൻ കാരണം.


3. വ്യാപാര കമ്മി (Trade Deficit)
ഇന്ത്യയുടെ വ്യാപാര കമ്മി (കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതി നടക്കുന്നത്) എപ്പോഴും 100 ബില്യൺ ഡോളറിനടുത്താണ്. 2025-26 സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 119.30 ബില്യൺ ഡോളറും, 2024-25 ൽ 94.66 ബില്യൺ ഡോളറും, 2022-23 ൽ 119.53 ബില്യൺ ഡോളറുമായിരുന്നു. യഥാർത്ഥത്തിൽ, വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ് ഇന്ത്യ ഈ വ്യാപാര കമ്മി ഒരുവിധം മാനേജ് ചെയ്യുന്നത്. 2023-ൽ പ്രവാസിപ്പണം ഏകദേശം 125 ബില്യൺ ഡോളറായിരുന്നു (അതായത് 2024-26 കാലഘട്ടത്തിലെ ജിഡിപിയുടെ ഏകദേശം 3.5%). 2022-ൽ ഇത് 111 ബില്യൺ ഡോളറിലധികമായിരുന്നു. ഈ പ്രവാസിപ്പണം വർദ്ധിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വൻ വളർച്ച കൊണ്ടല്ല എന്ന കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്; മറിച്ച്, ലക്ഷക്കണക്കിന് ഇന്ത്യക്കാർ മെച്ചപ്പെട്ട ജീവിതോപാധി തേടി സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു എന്നതിന്റെ തെളിവാണിത്.


4. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ (FDI) വൻ തകർച്ച
നാലാമത്തെ കാരണം, നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) ഉണ്ടായ വൻ ഇടിവാണ്. 2026 ആദ്യ വാരം വരെയുള്ള കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നെറ്റ് എഫ്ഡിഐ (Net FDI)  ഞെട്ടിക്കുന്നവിധം 96% തകർച്ച നേരിട്ടു. മുൻവർഷത്തെ (2023-24) 10.1 ബില്യൺ ഡോളറിൽ നിന്ന് ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 353 മില്യൺ ഡോളറിലേക്ക് കൂപ്പുകുത്തി. നിർമ്മാണ മേഖലയിലെ വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഇതിനർത്ഥം പ്രമുഖ വിദേശ കോർപ്പറേറ്റുകളൊന്നും തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വരുന്നില്ല എന്നാണ്.


കൂടാതെ, റിസർവ് ബാങ്ക് (RBI) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഏപ്രിൽ 24ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം (Forex Reserves) 4.82 ബില്യൺ ഡോളർ ഇടിഞ്ഞ് 698.49 ബില്യൺ ഡോളറായി കുറഞ്ഞു. വിദേശ കറൻസി ആസ്തികൾ (FCAs) 2.84 ബില്യൺ ഡോളർ കുറഞ്ഞ് 554.62 ബില്യൺ ഡോളറായി. സ്വർണ്ണശേഖരം 1.90 ബില്യൺ ഡോളർ ഇടിഞ്ഞ് 120.24 ബില്യൺ ഡോളറിലെത്തി. ഈ ഘടകങ്ങളുടെയെല്ലാം ആകെത്തുകയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോളതലത്തിൽ ആറാം സ്ഥാനത്തേക്ക് തള്ളിയിട്ടത്.

ജിഡിപി കണക്കുകളിലെ തിരിമറികളും മുതലാളിത്ത ചൂഷണത്തിന്റെ യാഥാർത്ഥ്യവും

ഇന്ത്യ ജിഡിപി കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ച് സാക്ഷാൽ ഐഎംഎഫ് തന്നെ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഐഎംഎഫ് ചൂണ്ടിക്കാണിച്ച പ്രധാന പോരായ്മകൾ താഴെ പറയുന്നവയാണ്:
കാലഹരണപ്പെട്ട അടിസ്ഥാന വർഷം: 2011-12ലെ അടിസ്ഥാന വർഷം (base year) ഉപയോഗിക്കുന്നത് ആധുനിക സാമ്പത്തിക ഘടനയെ തെറ്റായി ചിത്രീകരിക്കാൻ ഇടയാക്കുന്നു.
പിഴവുകളുള്ള പണച്ചുരുക്ക രീതി (വിലക്രമീകരണ രീതി): ഉല്പാദക വിലസൂചികയ്ക്കും ഇരട്ട പണച്ചുരുക്കത്തിനും പകരം മൊത്തവ്യാപാര വിലസൂചികയെയും ഒറ്റ പണച്ചുരുക്കത്തെയും ആശ്രയിക്കുന്നത് കണക്കുകളിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
വിവരങ്ങളിലെ വൈരുദ്ധ്യങ്ങൾ: ഉല്പാദന വശവും ചെലവ് വശവും അടിസ്ഥാനമാക്കിയുള്ള ജിഡിപി കണക്കുകൂട്ടലുകൾ തമ്മിൽ വിശദീകരിക്കാനാകാത്ത വലിയ വ്യത്യാസങ്ങളുണ്ട്.
വിശദമായ വിവരങ്ങളുടെ അഭാവം: നിക്ഷേപങ്ങളുടെ മേഖല തിരിച്ചുള്ള വിവരങ്ങളുടെയും (sector-wise investment data) കാലാനുസൃതമായി ക്രമീകരിച്ച കണക്കുകളുടെയും (seasonally adjusted figures) അഭാവം നിമിത്തം ജിഡിപി അമിതമായി കണക്കാക്കപ്പെടുന്നു.
ചുരുക്കത്തിൽ, ഇത്തരം സാങ്കേതിക പിഴവുകൾ കാരണം ഇന്ത്യയുടെ ജിഡിപി കണക്കുകൾ യഥാർത്ഥത്തിലുള്ളതിനേക്കാൾ വളരെക്കൂട്ടി  കാണിക്കപ്പെട്ടിരിക്കുകയാണ്.

ജിഡിപി യഥാർത്ഥ വികസനത്തിന്റെ മാനദണ്ഡമല്ല

‘പ്രൊലിറ്റേറിയൻ ഇറ’യിൽ (Proletarian Era) പലവട്ടം ആവർത്തിച്ചു വ്യക്തമാക്കിയതുപോലെ, ജിഡിപി എന്നത് സാമ്പത്തിക വളർച്ചയുടെ ശരിയായ സൂചകമല്ല; കാരണം അത് ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന് കാണിക്കുന്നില്ല. ജിഡിപി സാമ്പത്തിക പുരോഗതിയുടെ യഥാർത്ഥ അളവുകോലല്ലെന്നും അത് സാധാരണ ജനങ്ങളുടെ ക്ഷേമം, അസമത്വം, പരിസ്ഥിതി നാശത്തിന്റെ ആഘാതങ്ങൾ എന്നിവയെ അവഗണിക്കുന്നുവെന്നും ഈ അടുത്ത കാലത്തായി ഐഎംഎഫ് പോലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ഈ രണ്ട് മാനദണ്ഡങ്ങൾ വെച്ചു നോക്കിയാലും ഇന്ത്യയുടെ സാമ്പത്തിക പുരോഗതി എന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയും. ഇന്ത്യയിലെ അതിസമ്പന്നരിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്നത് അമേരിക്ക, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളേക്കാൾ ഉയർന്ന നിരക്കിലാണ്. ‘വേൾഡ് ഇനിക്വാലിറ്റി റിപ്പോർട്ട്’(World Inequality Report) പ്രകാരം, ഇന്ത്യയിലെ താഴെത്തട്ടിലുള്ള 50% അധ്വാനിക്കുന്ന ജനങ്ങൾക്ക് രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 15% മാത്രമാണ് ലഭിക്കുന്നത്; അതേസമയം ഏറ്റവും മുകളിലുള്ള 10% വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ മൂന്നിൽ രണ്ടും കൈയടക്കി വെച്ചിരിക്കുന്നു.
വരുമാന അസമത്വത്തേക്കാൾ ഭയങ്കരമാണ് സമ്പത്തിന്റെ അസമത്വം—ഏറ്റവും ധനികരായ 1% ആളുകൾ രാജ്യത്തെ 40% സമ്പത്തും സ്വന്തമാക്കി വെച്ചിരിക്കുന്നു. 2014നും 2024നും ഇടയിൽ മുകളിലുള്ള 10%വും താഴെയുള്ള 50%വും തമ്മിലുള്ള വരുമാന വ്യത്യാസം ഭീകരമായിരിക്കുകയാണ്.

കോർപ്പറേറ്റുകൾ തഴച്ചുവളരുന്നു,ജനങ്ങൾ പാപ്പരാകുന്നു

ചില വൻകിട കോർപ്പറേറ്റ് കുത്തകകളുടെ കൈകളിൽ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയും കോടിക്കണക്കിന് വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ കൂടുതൽ ദരിദ്രരാക്കപ്പെടുന്നതിനെയും എങ്ങനെയാണ് ഒരു ‘വളർച്ച കഥ’ എന്ന് വിളിക്കാൻ കഴിയുക? ഇന്ത്യയുടെ സാമ്പത്തിക വികസനം എന്നത് ഇവിടുത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതനിലവാരം ഉയരുന്നതിനെ ആശ്രയിച്ചല്ലേ ഇരിക്കുന്നത്?
അങ്ങനെയെങ്കിൽ, ഈ ജിഡിപി വളർച്ചയെച്ചൊല്ലി ഭരണകൂടം എന്തിനാണ് ഇത്രമാത്രം ആഹ്ലാദ പ്രകടനം നടത്തുന്നത്? ഭരണാധികാരികൾ കൊട്ടിഘോഷിക്കുന്നതുപോലെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയാൽ പോലും ദുരിതമനുഭവിക്കുന്ന സാധാരണ ഇന്ത്യൻ പൗരന് അതിൽ സന്തോഷിക്കാൻ എന്തുണ്ടാകാനാണ്?
ഭരണകൂടം സാമ്പത്തിക വളർച്ചയെക്കുറിച്ച് എത്രത്തോളം ആർപ്പുവിളിക്കുന്നുവോ, അത്രത്തോളം ദുരിതത്തിലും ദാരിദ്ര്യത്തിലുമാണ് മർദ്ദിത ജനവിഭാഗങ്ങൾ കഴിയുന്നത്.  അന്ത്യമടുത്ത, പ്രതിസന്ധികളിൽ ഉലയുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ ഇത് അനിവാര്യമാണ്. അതിനാൽ, കുത്തക മുതലാളിമാരും അവരുടെ ദാസന്മാരും നടത്തുന്ന ഈ വ്യാജ സാമ്പത്തിക വളർച്ചാ പ്രചാരണങ്ങളാൽ പൊതുജനങ്ങൾ വഞ്ചിതരാകരുത്.

Share this post

scroll to top