സിഎംആർഎൽ -എക്സാലോജിക് വിവാദം

ED-Kerala.jpg
Share

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് അഥവാ സിഎംആർഎൽ എന്ന സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനം ഏറെക്കാലമായി വിവാദനിഴലിൽ പ്രവർത്തിക്കുന്ന ഒന്നാണ്. കേരളത്തിന്റെ തീരപ്രദേശത്തെ ധാതുസമ്പത്ത് ഉപയോഗപ്പെടുത്തി ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. പിണറായി വിജയൻ അധികാരത്തിലേറിയതിനു ശേഷം കമ്പനിക്ക് അനുകൂലമായ നയതീരുമാനങ്ങളടക്കം ഉണ്ടാകുന്നു എന്ന ആരോപണങ്ങളുണ്ട്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ, ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്തി തുടരുന്ന അശാസ്ത്രീയ കരിമണൽ ഖനനം സിഎംആർഎല്ലിന്റെ താത്പര്യാർത്ഥമാണെന്നുള്ള ശക്തമായ ആരോപണമുണ്ട്. പതിനായിരക്കണക്കിന് ടൺ കരിമണൽ സർക്കാരിന്റെയും പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും മൗനാനുവാദത്തോടെ കമ്പനി കടത്തി എന്ന ആരോപണവുമുണ്ട്. കമ്പനി ഉടമയുമായി സിപിഐ(എം) നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്നതും രഹസ്യമല്ല. അങ്ങനെയുള്ള സിഎംആർഎല്ലുമായാണ്, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സോഫ്‌റ്റ് വെയർ സ്ഥാപനം കൺസൾട്ടൻസി സേവനം നൽകുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നത്. എന്നാൽ കരാർ അനുസരിച്ച് യാതൊരു സേവനവും നൽകാതെ തന്നെ ക്രമവിരുദ്ധമായി എക്സാലോജിക്കിന് സിഎംആർഎൽ വൻതുക ഫീസ് നൽകിയെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി. തുടർന്ന് കോർപ്പറേറ്റ് തട്ടിപ്പെന്ന നിലയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്എഫ്ഐഒ) ഈ ഇടപാടിൽ അന്വേഷണം ആരംഭിച്ചു. 2024ൽ പിഎംഎൽഎ പ്രകാരം ഇഡി ഈ വിഷയത്തിൽ കേസെടുത്തിരുന്നു. എന്നാൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ കേരള ഹൈക്കോടതിയിൽ കേസുകൊടുത്തത് മൂലം അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. ഇക്കഴിഞ്ഞ മേയ് 26ന് കേരള ഹൈക്കോടതി ഈ കേസ് തള്ളുകയും ഇഡി അന്വേഷണത്തിന് വഴിതുറക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് വീണയുമായി ബന്ധപ്പെട്ട ഇടങ്ങളിലും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമൊക്കെ റെയ്ഡുണ്ടായത്. എസ്എഫ്ഐഒ അന്വേഷണത്തിലടക്കം തെളിഞ്ഞത്, നൽകാത്ത സേവനത്തിനാണ് സിഎംആർഎൽ വീണയുടെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് എന്നതാണ്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയമുണർത്തുന്നതായതു കൊണ്ടാണ് പിഎംഎൽഎ പ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് ഇഡിക്ക് അധികാരമുണ്ടെന്നതാണ് ഹൈക്കോടതി ശരിവെച്ചിട്ടുള്ള കാര്യം. പണം കൈപ്പറ്റിയത് വീണ നിഷേധിച്ചിട്ടില്ല. വീണയുടെ എക്സാലോജിക് കമ്പനി ഇപ്പോൾ അടച്ചുപൂട്ടുകയും ചെയ്തു. നൽകാത്ത സേവനത്തിന് എന്തിന് സിഎംആർഎൽ പണം മാസാമാസം വീണയ്ക്ക് കൊടുത്തുകൊണ്ടിരുന്നു എന്ന ചോദ്യത്തിന് ഇതുവരെ തൃപ്തികരമായ ഉത്തരം വീണയോ സിഎംആർഎല്ലോ നൽകിയിട്ടില്ല.
ഇപ്പോൾ ഇഡി നടത്തിയ തെരച്ചിലുകളിലൂടെ നിർണായകമായ പല തെളിവുകളും അവർക്കു ലഭിച്ചു എന്നതാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ കണ്ടെത്തിയ 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ മകളുടെ നിക്ഷേപങ്ങളുടെ വിവരങ്ങളും ഇഡിക്കു ലഭിച്ചതായും റിപ്പോർട്ടുണ്ട്. വീണയ്ക്ക് ചോദ്യംചെയ്യലിനു ഹാജരാകുന്നതിനായി നോട്ടീസും നൽകിയിട്ടുണ്ട്. ഇതിൽ പ്രകടമായും സാമ്പത്തിക ക്രമക്കേടിന്റേതായ സൂചനയും അതിന്മേലുള്ള അന്വേഷണവുമാണ് നടക്കുന്നത് എന്ന് കാണാം. ഈ വിഷയം അന്വേഷിക്കുന്ന ആദ്യത്തെ ഏജൻസിയല്ല ഇഡി. നേരത്തേ ആദായനികുതി വകുപ്പും പിന്നെ എസ്എഫ്ഐഒയും ഇതിൽ അന്വേഷണങ്ങൾ അവരുടേതായ തലങ്ങളിൽ നടത്തിയിരുന്നു. ഇപ്പോൾ നടന്ന ഇഡി പരിശോധനകൾ തന്നെ, വീണയെയാണ് ലക്ഷ്യമാക്കിയതെന്നും അവരുടെ പിതാവിനെയല്ല എന്നതും വ്യക്തമായതാണ്. പുറത്തുവന്നിട്ടുള്ള വിവരങ്ങളനുസരിച്ച്, വീണ കേവലം സംശയനിഴലിലല്ല, അതിലുപരി സിഎംആർഎല്ലുമായി ബന്ധപ്പെട്ട് അനർഹമായ സാമ്പത്തികനേട്ടം ലഭിച്ചിട്ടുള്ള ഒരാളാണെന്നതാണ് മനസ്സിലാക്കാനാകുന്നത്. ഇതിനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. പിണറായി വിജയനുമായി ബന്ധപ്പെട്ട് അഴിമതിയുടെ കരിനിഴൽ ഈ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അനന്തമായി നീളുന്ന ലാവ്‌ലിൻ കേസ് അവിടെ നിൽക്കട്ടെ. ദുരൂഹമായി അന്വേഷണം നിലച്ച സ്വർണക്കടത്തു മുതൽ എത്രയെത്ര ആരോപണങ്ങളാണ് പിണറായി മുഖ്യമന്ത്രിയായിരുന്ന പത്തുവർഷവും അദ്ദേഹത്തിന്റെ ഓഫീസിലേക്കും വിശ്വസ്തരിലേക്കും നീണ്ടത്. ഇതിൽ പലതിലും കൃത്യമായി അന്വേഷണങ്ങൾ നടന്നിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം?

വീണക്കെതിരെയുള്ള അന്വേഷണം ഇടതുപക്ഷരാഷ്ട്രീയത്തിനെതിരോ?

വീണയ്ക്കെതിരേയുള്ള അന്വേഷണത്തെ പിണറായി വിജയനെതിരേയുള്ള രാഷ്ട്രീയനീക്കമായി വ്യാഖ്യാനിക്കാനും തെരുവിൽ അക്രമം അഴിച്ചുവിടാനും വ്യഗ്രത കാട്ടിയ സിപിഐ(എം)ന്റെ ഇപ്പോഴത്തെ നേതൃത്വം ജനത്തോട് വിശദീകരിക്കേണ്ട കാര്യമാണ് ഇത്. കാരണം, പിണറായി വിജയൻ മുഖ്യമന്ത്രിയായി വാണ കഴിഞ്ഞ പത്തു വർഷവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നയാളാണ് വീണ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്രകളിലടക്കം വീണയും അവരുടെ മകനുമുണ്ടായിരുന്നത് നമ്മൾ കണ്ടതാണ്, വിമർശിക്കപ്പെട്ടതാണ്.  വിഴിഞ്ഞം തുറമുഖത്തെ ഔദ്യോഗിക സന്ദർശനവേളയിൽ, സിപിഐ(എം)ന്റെ നേതാക്കളേയും മന്ത്രിയേയും മേയറേയും പിന്നിലേക്കാക്കി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് പ്രാമുഖ്യം നൽകിയതും നമ്മൾ കണ്ടതാണ്. കേരളത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഔദ്യോഗിക ചടങ്ങുകളിലടക്കം ഇത്തരം പ്രാമുഖ്യം കൊടുത്തു കണ്ടിട്ടുണ്ടോ? അതുകൊണ്ടുതന്നെ, വീണയുടെ നേരേയുള്ള ഈ കുറ്റാരോപണത്തിനും പുറത്തുവരുന്ന തെളിവുകൾക്കും, തന്നോടൊപ്പം താമസിച്ചുപോന്ന മകൾ ഈ മാസപ്പടി പറ്റിയ കാലത്ത് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ശ്രീമാൻ പിണറായി വിജയൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ആ മറുപടി ചോദിച്ചുവാങ്ങേണ്ടത്, എന്തെങ്കിലും ഇടതുപക്ഷമൂല്യം അവശേഷിക്കുന്നുവെങ്കിൽ സിപിഐ(എം) എന്ന പാർട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, സംഭവിക്കുന്നതോ? വീണ വിജയൻ സിപിഐ(എം)ന്റെ അംഗമോ പ്രവർത്തകയോ അല്ല എന്ന് നമുക്കറിയാം. പക്ഷേ, അവർക്കെതിരേ ഉന്നയിക്കപ്പെട്ട സാമ്പത്തികക്രമക്കേടിൽ ധൈര്യമായി അന്വേഷണത്തെ നേരിട്ട്, സ്വന്തം സത്യസന്ധത പൊതുസമക്ഷം അവതരിപ്പിക്കുന്നതിനു പകരം, അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള നിയമവഴികൾ സ്വീകരിക്കുകയും അന്വേഷണത്തിനെതിരെ പാർട്ടി അണികളെയും നേതാക്കളേയും തെരുവിലിറക്കുകയും ചെയ്യുമ്പോൾ അത് എന്താണ് കാണിക്കുന്നത്? കേവലമായ വ്യക്തിപൂജയിലും അന്ധമായ വിധേയത്വത്തിലും മാത്രം അധിഷ്ഠിതമായ ഒരു സംഘടനയ്ക്ക് മാത്രമേ ഈ രീതിയിൽ പ്രവർത്തിക്കാനാവൂ. അത് ഇടതുപക്ഷരീതിയല്ല, ലെനിനിസ്റ്റ് സംഘടനാശൈലിയുമല്ല.


അഴിമതി മറയ്ക്കാനും നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങളിൽനിന്ന് അണികളുടെ ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമായിരുന്നില്ലേ വാസ്തവത്തിൽ സിപിഐ(എം) നേതൃത്വം സംഘടിപ്പിച്ച പ്രതിഷേധ പ്രഹസനം? മറുവശത്ത്, ഈ റെയ്ഡുകൾ നടന്ന കാലയളവിലെ സിപിഐ(എം)ന്റെ ആന്തരിക രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു എന്നുകൂടി പരിശോധിക്കാം. തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും അതിന്റെ കാരണങ്ങളും വസ്തുനിഷ്ഠമായി അംഗീകരിക്കാൻ തയ്യാറാകാത്ത നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ജില്ലാക്കമ്മിറ്റി തലത്തിലും ഏരിയക്കമ്മിറ്റി തലത്തിലുമുള്ള അവലോകനയോഗങ്ങളിൽ കണ്ടുകൊണ്ടിരുന്നത്. മുൻപില്ലാത്ത വിധം നേതൃത്വത്തിനെതിരെ സാധാരണ പാർട്ടി അംഗങ്ങൾ വിമർശനവുമായി രംഗത്തിറങ്ങുന്നു. പ്രതിപക്ഷനേതൃസ്ഥാനത്ത് സ്വയം അവരോധിതനായ പിണറായി വിജയനും, പാർട്ടി സെക്രട്ടറിയും മാറണമെന്ന് കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന യോഗങ്ങളിൽ ആവശ്യമുയരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പിരിച്ചുവിടണമെന്നു പോലും ചിലയിടങ്ങളിൽ ആവശ്യമുയർന്നു. പയ്യന്നൂരും അമ്പലപ്പുഴയുമടക്കമുള്ള മണ്ഡലങ്ങളിൽ വിമതസ്ഥാനാർത്ഥികൾ ജയിച്ചത് പാർട്ടി അണികളുടെ തന്നെ വോട്ടുകൾ കൊണ്ടാണെന്ന് ആർക്കാണ് അറിയാത്തത്? കെ റെയിൽ സമരത്തിലും ആശാ സമരത്തിലുമൊക്കെ അങ്ങേയറ്റം ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിലപാടുകൾ മാത്രം കൈക്കൊണ്ട ഇപ്പോഴത്തെ നേതൃത്വത്തിന് വീണ്ടും അധികാരം കിട്ടരുതെന്ന് തീരുമാനമെടുത്തത്, പാർട്ടിയെ രക്ഷിക്കണമെന്ന് ആഗ്രഹിച്ച അണികളും അനുഭാവികളും തന്നെയാണ് എന്നതല്ലേ യാഥാർത്ഥ്യം. അവർക്കു മുന്നിലേക്ക് വീണ്ടും ഇത്തരം കള്ളക്കളികളുമായി നേതൃത്വം വരുമ്പോൾ, ഇടതുരാഷ്ട്രീയത്തോട് ആത്മാർത്ഥതയുള്ള അണികളും അനുഭാവികളും അത് തിരിച്ചറിയേണ്ടതുണ്ട്. കൂടുതൽ ഉച്ചത്തിൽ ചോദ്യങ്ങളും വിമർശനങ്ങളും ഉയർത്തേണ്ടതുണ്ട്.

ബിജെപി ഉയർത്തുന്ന വിഭജന രാഷ്ട്രീയം സമൂഹത്തിൽ വേരുകളാഴ്ത്തുമ്പോൾ, അതിനെ പ്രതിരോധിക്കണമെങ്കിൽ ശരിയായ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ശക്തിപ്പെടുത്തുക എന്ന പോംവഴി മാത്രമേയുള്ളൂ. പക്ഷേ, അഴിമതിയിലും സ്വജനപക്ഷപാതത്തിലും തിരഞ്ഞെടുപ്പ് ഒത്തുതീർപ്പുകളിലും ആണ്ടുമുങ്ങിയ ഒരു നേതൃത്വത്തിനോ പാർട്ടിക്കോ അതിനു സാധിക്കില്ലെന്നു മാത്രമല്ല, അവർ ശത്രുവർഗത്തിനു ഉപയോഗിക്കാനുള്ള ആയുധമായി മാറുകയും ചെയ്യും. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട്, ഇത്തരം കള്ളനാണയങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട്, പാർട്ടിക്കതീതമായി ശരിയായ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബഹുജനമുന്നേറ്റങ്ങളാണ് സംഘടിപ്പിക്കേണ്ടത്. കാലം ആവശ്യപ്പെടുന്നത് അതാണ്. 

Share this post

scroll to top