മെസ്സിയും എൽഡിഎഫ് ഭരണവും കുറെ കള്ളക്കളികളും

photo.jpg
Share

മെസ്സിയെ കേരളത്തിൽ കളിപ്പിക്കുമെന്നു പറഞ്ഞ് കേരളീയരെയാകെ കബളിപ്പിച്ച എൽഡി എഫ് ഭരണത്തിന്റെ വികൃതികൾ ഇപ്പോൾ സജീവ ചർച്ചയാണല്ലോ. ഫുട്ബോൾ പ്രേമികളുടെ വോട്ട് പെട്ടിയിലാക്കാൻ നടത്തിയ ഒരു കൗശലമായേ ഈ വിഷയത്തെ അന്നേ പലരും കണ്ടുള്ളു. എന്നാൽ ഭരണം മാറി അന്വേഷണം നടന്നപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്നും ലോക ചാമ്പ്യന്മാരായ അർജന്റീന ടീം കേരളത്തിൽ കളിക്കുമെന്നുമൊക്കെ മുൻ കായികമന്ത്രി വി.അബ്ദുറഹ്‌മാൻ  ആദ്യമായി പ്രഖ്യാപിക്കുന്നത് 2023 ജൂലൈയിലാണ്. 2025 ഒക്ടോബറിൽ കൊച്ചിയിലായിരിക്കും കളിയെന്ന് പിന്നീട് പറഞ്ഞു. കായികമന്ത്രിയെ കേരളത്തിന് വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ട് പലരും അത് വിശ്വസിച്ചു. കായികപ്രേമികളാകട്ടെ ഒരു സ്വപ്നസാക്ഷാത്കാരമാണ് മനസ്സിൽ കണ്ടത്. ഒക്ടോബർ ആയിട്ടും അനക്കമൊന്നും കാണാതായപ്പോൾ തിരഞ്ഞെടുപ്പു സ്റ്റണ്ട് എന്ന് ഉറച്ചുവിശ്വസിച്ചവരൊഴികെ എല്ലാവരും നിരാശരായി.

2025 സെപ്തംബറിൽ കെ.പി.എ.മജീദിന്റെ ചോദ്യത്തിന് കായികമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ അർജന്റീന ടീം വരുമെന്നും സ്പോർട്സ് കേരള ഫൗണ്ടേഷനെ സ്പെഷൽ പർപ്പസ് വെഹിക്കിളായി നിയമിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. മന്ത്രിയും സംഘവും സ്‌പെയിന്‍ സന്ദർശിച്ച വകയിൽ  13.04 ലക്ഷം രൂപ ചെലവായതായും പറഞ്ഞു.
ഈ വിഷയത്തിൽ എന്തൊക്കെയോ കള്ളക്കളി നടന്നതായി പരാതി ഉയർന്നതോടെ അന്വേഷണം നടത്താൻ കായിക വകുപ്പിനെ യുഡിഎഫ് സർക്കാർ ചുമതലപ്പെടുത്തി. സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ വലിയ സാമ്പത്തിക തട്ടിപ്പും ചട്ടലംഘനവുമൊക്കെ നടന്നതായി കണ്ടെത്തി. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചു, കള്ളപ്പണം വെളുപ്പിച്ചു, സ്വകാര്യകമ്പനിയുമായി ചട്ടം മറികടന്ന് ധാരണയുണ്ടാക്കി, നികുതി വെട്ടിച്ചു, ഔദ്യോഗിക കരാറോ ധാരണാ പത്രമോ ഇല്ല തുടങ്ങി ഗുരുതരമായ പല കാര്യങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. ഇഡി, വിജിലൻസ്, നികുതി വകുപ്പ് എന്നിവരുടെ അന്വേഷണവും ശുപാർശ ചെയ്തു.

ഒരു തുറന്ന ലേലമോ മൽസരാധിഷ്ഠിതമായ ബിഡ്ഡിംഗ് നടപടിയോ ഇല്ലാതെ, തീർത്തും ഏകപക്ഷീയമായാണ് സൗഹൃദമൽസരത്തിന്റെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയെ തിരഞ്ഞെടുത്തതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. നിയമപരമായി ബാധ്യതപ്പെടുത്തുന്ന നിലയിൽ സർക്കാരും എഎഫ്എയും സ്പോൺസറും ഒരു ത്രികക്ഷി കരാറും ഉണ്ടായിരുന്നില്ല. എഎഫ്എ പൊതുവായി പ്രചരിപ്പിക്കുന്ന ഒരു വാണിജ്യ ബ്രോഷറിനെ അവരുടെ ഔദ്യോഗിക സമ്മതപത്രമായി തെറ്റായി കേന്ദ്ര സ്പോർട്സ് വകുപ്പിന്റെയും റിസർവ് ബാങ്കിന്റെയും മുമ്പിൽ അവതരിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പിണറായിയുടെ മൂന്നാം വരവിനുവേണ്ടി റിപ്പോർട്ടർ ചാനൽ അഹോരാത്രം പ്രയത്നിച്ചിരുന്നതോർക്കുമല്ലോ. അതെങ്ങാനും യാഥാർത്ഥ്യമായിരുന്നെങ്കിൽ ഇ ക്കാര്യങ്ങളൊന്നും പുറത്തുവരില്ലായിരുന്നു എന്ന് വ്യക്തമാണ്. സ്പോൺസർ ചെയ്യുന്നവരുടെ മൂലധന ഉറവിടം, രജിസ്ടേഷൻ എന്നിവയൊന്നും പരിശോധിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ എസ്എഫ്ഐഒ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമുയർന്നു.

ഇതേത്തുടർന്ന് നടന്ന ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ നാല് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കണ്ടെത്തി. സ്പോൺസർ 126 കോടി രൂപ വിദേശത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ നികുതിയായ 22.6 കോടി രൂപ അടച്ചിട്ടില്ല. കളി നടക്കാത്തതിനാൽ നികുതിയിൽ ഇളവുനൽകിയാലും ഒരു വർഷത്തെ പലിശയും പിഴയും ഈടാക്കണം. വിദേശത്തേയ്ക്ക് പണമയച്ചതിന്റെ ഇടനിലക്കാർ ടൂർ പ്രോഡ് എൽഎൽസി എന്ന കമ്പനിയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എഫ്ബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണിത്. അർജന്റീനയുടെ വിദേശ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന, ഫ്ലോറിഡ ആസ്ഥാനമായുള്ള ഈ കമ്പനിയുടെ 260 ദശലക്ഷം ഡോളറിന്റെ അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

മുൻകായിക മന്ത്രി പറയുന്നത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നും സർക്കാരിന് ഒരു രൂപയുടെപോലും നഷ്ടമുണ്ടായില്ല എന്നുമാണ്.  എല്ലാകാര്യങ്ങളും അറിയില്ലെങ്കിലും ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നാണ് മുൻ മുഖ്യനും പറയുന്നത്. അപ്പോൾ സ്പെയിൻ യാത്രക്കായി ചെലവഴിച്ച 13.04 ലക്ഷം രൂപയോ? സർക്കാരിനു ലഭിക്കേണ്ട നികുതി വെട്ടിച്ചതിന്റെ നഷ്ടവും ഖജനാവിനു തന്നെയല്ലേ?

റിസർവ് ബാങ്കിന്റെ അനുമതി ലഭ്യമാക്കുന്നതിനായി മുൻ കായിവകുപ്പ് മന്ത്രിയുടെ ഇ മെയിൽ ഐഡിയിൽ നിന്നും പോയിട്ടുള്ള കത്തിനു മറുപടിയായി കേന്ദ്രം മൂന്ന് വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും മറ്റു ചില കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ വകുപ്പ് മന്ത്രിയും സ്പോൺസറും കേന്ദ്രത്തിന്റെ ഈ കത്തിനെ സൗഹൃദമൽസരം നടത്താനുള്ള അനുമതിയായി അവതരിപ്പിച്ചു എന്നാണ് ഇപ്പോൾ അന്വേഷണറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.  

സ്പോൺസറായ ആന്റോ അഗസ്റ്റിൻ പറയുന്നത് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതിയോടെ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാർ ഒപ്പുവച്ചിട്ടുണ്ടെന്നാണ്. എങ്കിൽ കളി നടക്കാത്തതെന്ത്? 126 കോടി രൂപ അയച്ചെന്നും ഇതിന് റിസർവ് ബാങ്ക് അനുമതി ഉണ്ടെന്നും പറയുന്നു. അന്താരാഷ്ട കായിക ട്രി ബ്യൂണലിൽ കേസ് നടക്കുന്നുണ്ടത്രെ! അയച്ചതെല്ലാം സ്വന്തം പണമാണെന്നും മറ്റാർക്കും ഒരു നഷ്ടവുമില്ലെന്നും പറയുന്ന ഇയാളുടെ മഹാമനസ്കത കണ്ട് അന്ന് കേരളം അമ്പരന്നതാണ്. എന്നാൽ അന്വേഷണത്തിൽവ്യക്തമായത് ഈ മാന്യൻ രണ്ട് ധനകാര്യസ്ഥാപനങ്ങളിൽ നിന്നായി 206 കോടി രൂപ തരപ്പെടുത്തിയിട്ടുണ്ടെന്നും പണം കിട്ടിയ ഉടനെ അത് പല അക്കൗണ്ടുകളിലേക്ക് മാറ്റി എന്നുമാണ്. മുട്ടിൽ മരംമുറികേസിന്റെ ഖ്യാതിയുള്ളയാളാണ് ഈ സ്പോൺസർ. അദ്ദേഹത്തെ കണ്ണുമടച്ച് വിശ്വസിക്കാനും കലൂർ അന്താരാഷ്ട സ്റ്റേഡിയത്തിന്റെ നവീകരണച്ചുമതലയടക്കം ഏൽപ്പിച്ചു കൊടുക്കാനും മുൻസർക്കാർ കാണിച്ച ചങ്കൂറ്റവും അഭിനന്ദനാർഹം തന്നെ. ഇപ്രകാരം ഒരു സ്വകാര്യ സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയതും ക്രമക്കേടാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ജിഎസ്‌ടി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് മുൻ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണെന്നും അവർ അന്വേഷണം മരവിപ്പിച്ചെന്നുമുള്ള ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 2018 മുതൽ കായികതാരങ്ങൾക്കുള്ള പാരിതോഷികം പോലും നൽകാത്തവരാണ് ഈ ഭീമമായ സാമ്പത്തികബാദ്ധ്യത ചുമക്കാൻ തയ്യാറായതെന്ന കാര്യം ഓർക്കേണ്ടതാണ്. വോട്ടുപിടുത്തം മാത്രമല്ല വൻ സാമ്പത്തികത്തട്ടിപ്പുകൂടി ലക്ഷ്യം വച്ചിരുന്നു എന്നും അതിന് ശേഷിയും ശേമുഷിയുമുള്ള ആളുകളെത്തന്നെയാണ് ഭരമേല്പിച്ചതെന്നും ഇപ്പോൾ ഏതാണ്ട് വ്യക്തമാണ്.

ചുരുക്കത്തിൽ അനധികൃത പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ചട്ടലംഘനം, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം, വിശ്വാസവഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് എൽഡിഎഫ് കറക്കുകമ്പനി നടത്തിയത്. സാമ്പത്തിക തട്ടിപ്പിനെക്കാൾ ഗുരുതരമായ കുറ്റമാണ് ഭരണസംവിധാനങ്ങളുടെ ദുരുപയോഗം. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി  വിദേശ ഇടപെടൽ നടത്താൻ ഒരു സംസ്ഥാന സർക്കാർ തുനിഞ്ഞത് ഗൗരവമർഹിക്കുന്ന കുറ്റം തന്നെയാണ്. കേന്ദ്രസർക്കാർ നടത്തുന്ന അധികാര ദുർവിനിയോഗം നാടിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക്  ഏൽപ്പിക്കുന്ന ആഘാതം നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ.
ഇടതുപക്ഷം എന്ന ലേബൽ ധരിച്ചാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നത് എന്നത് മറ്റൊരു പാതകമാണ്. അടിമുടി അഴിമതി നിറഞ്ഞ ഒരു ഭരണമാണ് കഴിഞ്ഞ പത്തുവർഷക്കാലം നടന്നത് എന്നത് ഇടതുപക്ഷ ചിന്താഗതിക്കാരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. മകളുടെ തട്ടിപ്പിന് ചൂട്ടുപിടിക്കാൻ മുൻ മുഖ്യൻ രംഗത്തിറങ്ങുന്നതും അഴിമതിക്കാർക്ക് സംരക്ഷണവലയം തീർക്കാൻ പാർട്ടി ഇറങ്ങിപ്പുറപ്പെടുന്നതുമൊക്കെ ഇടതുപക്ഷ ചേരിയോടുതന്നെ അവമതിപ്പാണുണ്ടാക്കുന്നത്. വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ ഇവർ വലതുപക്ഷക്കാരേക്കാൾ ഒട്ടും പിന്നിലല്ല. ഇവരുടെ ചെയ്തികൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽനിന്ന് ആളുകളെ ആട്ടിയകറ്റി ഫാസിസ്റ്റ് ചേരിയിലെത്തിക്കും എന്ന യാഥാർത്ഥ്യം ഇടതുപക്ഷ ചിന്താഗതിക്കാർ തിരിച്ചറിഞ്ഞേ മതിയാകൂ.

യുഡിഎഫ് സർക്കാരാകട്ടെ, ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന മുൻസർക്കാരിന്റെ നഗ്നമായ അഴിമതികളെ സിപിഐ(എം)ഉമായി വിലപേശാനും പാർലമെന്ററി നേട്ടങ്ങൾക്കായി പ്രയോജനപ്പെടു  ത്താനും ഉപയോഗിക്കുക എന്നല്ലാതെ  കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണിട്ടുകളയും എന്നൊന്നും ആരും വ്യാമോഹിക്കേണ്ടതില്ല. അഴിമതിവീരൻ ആർ.ചന്ദ്രശേഖരനെ സംരക്ഷിക്കാൻ എൽഡിഎഫിനെപ്പോലെ തന്നെ യുഡിഎഫും തയ്യാറായി. കോടതിയുടെ ചില കർശന നിലപാടുകൾ ഇവരെക്കൊണ്ട് ചിലതൊക്കെ ചെയ്യിക്കുന്നു എന്നു മാത്രം. നൂറുകണക്കിന് മദ്യശാലകൾ അനുവദിച്ചുകൊണ്ട് എൽഡിഎഫ് ഭരണം നടത്തിയ കൊടിയ അഴിമതിക്കുപോലും പരിഹാരക്രിയയില്ല. നിതാന്തമായ ജനജാഗ്രതയും ജനങ്ങളുടെ യോജിച്ച മുന്നേറ്റവും അനിവാര്യമാണെന്നു തന്നെയാണ് ഇതെല്ലാം വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Share this post

scroll to top