12 വർഷത്തെ മോദി വാഴ്ചയിൽ രാജ്യം കണ്ട ഏറ്റവും വിപുലവും പ്രതീക്ഷാനിർഭരവുമായ സമരമാണ് വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് നടത്തിയത്. അഞ്ച് ആഴ്ച നീണ്ടുനിന്ന സമരം അധികാരികളുടെ ഉറക്കം കെടുത്തുകയും ഡിമാന്റുകൾ അംഗീകരിക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു.
നീറ്റ്, യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾ സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെയും അസംതൃപ്തരാക്കിയിരുന്നു. അപ്പോഴാണ് തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം വരുന്നത്. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ ഒരു ഓൺലൈൻ പ്ലാറ്റുഫോം രൂപീകരിച്ചു കൊണ്ട് ആ പരിഹാസം ഒരു വെല്ലുവിളിയായി വിദ്യാർത്ഥികളും യുവാക്കളും ഏറ്റെടുക്കുകയായിരുന്നു. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ഒരു പ്ലാറ്റുഫോമായി അത് വളർന്നു. ദീർഘകാലമായി യുവ മനസ്സുകളെ വേട്ടയാടിയിരുന്ന അസംതൃപ്തിയും രോഷവും അണപൊട്ടി തെരുവീഥികളിലേക്ക് ഒഴുകുന്നതാണ് പിന്നീട് നാം കണ്ടത്.
പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ഡിമാന്റുകൾ ഉയർത്തി ഡൽഹിയിലെ ജന്തർ മന്തറിൽ യുവാക്കൾ സമരം ആരംഭിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ നിഷേധാത്മക നിലപാട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന ഡിമാന്റ് ഉയർത്താൻ വിദ്യാർഥികളെ നിർബന്ധിതരാക്കി. മന്ത്രിയെ സംരക്ഷിക്കാൻ മോദിയും സംഘവും തുനിഞ്ഞിറങ്ങിയതോടെ സമരം ശക്തമായി. പാർലമെന്റിന് മുന്നിലേക്കുള്ള മാർച്ചിനെ ചോരയിൽ മുക്കിക്കൊല്ലാൻ സർക്കാർ ശ്രമിച്ചതോടെ സമരം പതിന്മടങ്ങ് കരുത്താർജ്ജിച്ചു. രാജ്യത്തിന്റെ നാനാ കോണുകളിലേക്ക് സമരം പടർന്നു. വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുക എന്നതും പ്രധാന ഡിമാന്റുകളിൽ ഒന്നായി.
22 ലക്ഷം പേർ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ പൊലിഞ്ഞത് കോടിക്കണക്കിനാളുകളുടെ സ്വപ്നങ്ങളാണ്. ആവർത്തിച്ചുണ്ടാകുന്ന കൃത്രിമങ്ങളും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതുമെല്ലാം വിദ്യാർത്ഥികളെ തീർത്തും നിരാശരാക്കിയിരുന്നു. 21 പേർ ആത്മഹത്യ ചെയ്തത് പരീക്ഷാ സംവിധാനത്തിൽതന്നെ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ്. മാന്യമായ ഒരു തൊഴിൽ ലഭിക്കാൻ കഠിനമായ പ്രവേശന പരീക്ഷകളിലൂടെ കടന്നുപോകണം എന്നതിനാൽ ജീവിതം ഉഴിഞ്ഞുവച്ച് അനേകായിരങ്ങളാണ് വർഷങ്ങളോളം തയ്യാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തെ സ്ഥിതിയിൽ മനംമടുത്ത് വിദേശത്ത് പോകുന്നവരുടെ എണ്ണവും വൻതോതിൽ ഉയരുകയാണ്. ഇതൊന്നും പക്ഷേ അധികാരികളെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നുമാത്രം.
സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ ആരംഭിച്ച ഒരു സമരത്തിന് അഭൂതപൂർവ്വമായ പിന്തുണ ലഭിച്ചതിന് കാരണങ്ങൾ പലതായിരുന്നു. അത് നീറ്റ് പരീക്ഷ റദ്ദാക്കപ്പെട്ടതിലുള്ള രോഷം മാത്രമായിരുന്നില്ല. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്താൽ വേട്ടയാടപ്പെട്ട യുവത്വം പൊട്ടിത്തെറിക്കുകയായിരുന്നു. ആഗോളീകരണ നയങ്ങൾ സ്ഥിരം തൊഴിലും ആനുകൂല്യങ്ങളും ഗണ്യമായി വെട്ടിച്ചുരുക്കിയതോടെ കഴുത്തറുപ്പൻ സ്വകാര്യ മുതലാളിമാർക്ക് തലവച്ചു കൊടുക്കാൻ ബഹുഭൂരിപക്ഷം യുവാക്കളും നിർബന്ധിതരാകുന്ന സ്ഥിതിയായി. ഇത് സൃഷ്ടിക്കുന്ന ദുരിതങ്ങളും അപമാനവും അസ്വാതന്ത്ര്യവും യുവാക്കളെ വലിയൊരളവിൽ വേട്ടയാടുന്നുണ്ട്. സർക്കാരിന്റെ തൊഴിൽ വാഗ്ദാനങ്ങളുടെ പൊള്ളത്തരം അവർ നന്നായി തിരിച്ചറിയുന്നുമുണ്ട്. ഇതോടൊപ്പം പുതുതലമുറയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും അന്തസ്സിനുംമേൽ ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനുംപോലും സ്വാതന്ത്ര്യമില്ലാത്ത സ്ഥിതി. ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിലുള്ള പീഡനങ്ങളും യൂണിവേഴ്സിറ്റികളിൽ പോലും അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങളും അവഹേളനങ്ങളുമൊക്കെ യുവാക്കളെ കുറച്ചൊന്നുമല്ല രോഷം കൊള്ളിക്കുന്നത്. ഈ അനീതിക്കെതിരെ പ്രതിഷേധിച്ചാൽ തീവ്രവാദികൾ, രാജ്യദ്രോഹികൾ, അർബൻ നക്സലുകൾ എന്നൊക്കെയുള്ള മുദ്ര ചാർത്തി ഇരുമ്പഴിക്കുള്ളിലടക്കാൻ അധികാരികൾ മടിക്കുന്നില്ല. യുവ മനസ്സുകളിൽ ദീർഘകാലമായി കുമിഞ്ഞുകൂടിയ ഈ അസംതൃപ്തിയും രോഷവുമൊക്കെ യോജിച്ച പോരാട്ടത്തിന്റെ രൂപത്തിൽ തെരുവുകളിലേക്ക് അണപൊട്ടിയൊഴുകുകയായിരുന്നു.
മതവിദ്വേഷം വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരോട് ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും ഉയർത്തിക്കൊണ്ടാണ് യുവാക്കൾ പോരിനിറങ്ങിയത്. അതിനാലാണ് ഹിന്ദു-മുസ്ലീം രാഷ്ട്രീയം ഇനി ഇവിടെ ചെലവാകില്ല എന്ന് തൊണ്ടകീറി അവർ മുദ്രാവാക്യം വിളിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുകയും എല്ലാ സമ്പത്തും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുകയും ചെയ്യുന്ന മോദി ഭരണം ജനങ്ങളെ ഭിന്നിപ്പിച്ച് ചൂഷണവാഴ്ച സുഗമമാക്കാനാണ് ശ്രമിക്കുന്നത്. ഈ ഗൂഢപദ്ധതി തിരിച്ചറിഞ്ഞ് സുദീർഘമായ ഒരു പോരാട്ടത്തിന് യുവതലമുറ തയ്യാറാകുമെങ്കിൽ ജനകീയ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ അതൊരു വഴിത്തിരിവാകുമെന്നുറപ്പാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആദ്യത്തെ വിക്കറ്റ് മാത്രമാണെന്ന അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ള സമര നേതൃത്വത്തിന്റെ നിലപാടും പ്രതീക്ഷ നൽകുന്നതാണ്. വിഷയാധിഷ്ഠിതമായി ഉയർന്നുവരുന്ന സമരങ്ങൾ താൽക്കാലിക നേട്ടങ്ങളുമായി പിൻവാങ്ങുന്നതാണ് ലോകത്തെവിടെയും നമ്മൾ കാണുന്നത്. അറബ് വസന്തം പോലുള്ള പ്രക്ഷോഭങ്ങൾക്കൊന്നും സാമൂഹ്യപ്രശ്നങ്ങളുടെ കാതലിനെ സ്പർശിക്കാനായില്ല. ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമൊക്കെ ഭരണമാറ്റം സാധ്യമായെങ്കിലും പ്രശ്നങ്ങളെല്ലാം അവശേഷിക്കുകയാണ്.
നമ്മുടെ രാജ്യത്ത് നടന്ന, ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷോഭവും അണ്ണ ഹസാരെ സമരവുമൊന്നും മേൽപ്പറഞ്ഞ വിശാല ലക്ഷ്യങ്ങളിലേക്ക് വളർന്നുവന്നില്ല. കർഷകപ്രക്ഷോഭം പാർലമെന്റ് പാസാക്കിയ നിയമങ്ങൾ തിരുത്തിക്കുറിച്ചെങ്കിലും ഒരു മേഖലയുടെ പ്രശ്നങ്ങളിൽ ഒതുങ്ങിനിന്നു. ഇപ്പോഴത്തെ സമരത്തിനാകട്ടെ വ്യത്യസ്ത തലങ്ങളിലുള്ള ജനങ്ങളുടെ പിന്തുണ നേടാനും രാജ്യവ്യാപക സമരത്തിന്റെ സ്വഭാവം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലമായി ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന നന്മകളെക്കൂടി കാർന്നുതിന്നും സ്വതന്ത്രചിന്തയുടെ വെളിച്ചം കെടുത്തിയും ഭീതി വിതച്ചും നിലകൊള്ളുന്ന ബിജെപി ഭരണത്തെക്കൊണ്ട് ഡിമാന്റുകൾ അംഗീകരിപ്പിക്കാൻ കഴിഞ്ഞത് വലിയനേട്ടംതന്നെയാണ്. എന്നാൽ വക്രബുദ്ധികളായ അധികാരികൾ തക്കംപാർത്ത് എല്ലാം കീഴ്മേൽ മറിക്കാൻ ശ്രമിക്കുമെന്ന കരുതൽ സമരശക്തികൾക്കുണ്ടാകണം. മന്ത്രിക്കസേരയിൽ മാറിവരുന്ന ആളും സർക്കാരിന്റെ നയം തന്നെയാണ് പിന്തുടരുക എന്ന യാഥാർത്ഥ്യവും ഉൾക്കൊള്ളണം.
ശത്രുരാജ്യത്തോട് ഏറ്റുമുട്ടുന്ന ക്രൗര്യത്തോടെയാണ് പോലീസും അർദ്ധസൈനികരും യുവാക്കളെ നേരിട്ടത്. അനേകം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർ അത്യാസന്നനിലയിലായി. പെല്ലറ്റ് ഗൺ അടക്കം പ്രയോഗിക്ക പ്പെട്ടു. ബീഹാറിലാകട്ടെ എകെ47 തോക്കുമായാണ് പോലീസ് എത്തിയത്. പക്ഷേ, ആ പരീക്ഷണഘട്ടത്തെ യുവാക്കൾ ധീരതയോടെയും പക്വതയോടെയും അതിജീവിച്ചു. സമരം സമാധാനപരമായിരിക്കുമെന്നും ജാതിക്കും മതത്തിനുമൊക്കെ അതീതമായിരിക്കുമെന്നും സമരക്കാർ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. സമരത്തിന് ഗതിവേഗം നൽകി രംഗത്തുവന്ന സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ച് മന്ത്രിയുടെ രാജിക്കുമുന്നേ സമരം നിർത്താൻ അഭ്യർത്ഥിച്ചെങ്കിലും കാലിടറാതെ മുന്നോട്ടു പോകാൻ യുവാക്കൾക്കായി. ഗവൺമെന്റ് പലവട്ടം ചർച്ചയ്ക്ക് വിളിച്ച് അനുനയനീക്കം നടത്തിയെങ്കിലും പ്രധാന ഡിമാന്റുകളിൽനിന്ന് അണുവിടപോലും അവർ വ്യതിചലിച്ചില്ല. നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും വർദ്ധിച്ചുവരുന്ന ജനപിന്തുണയും അയൽരാജ്യങ്ങളുടെ അനുഭവങ്ങളുമെല്ലാം സമരത്തിനുമുന്നിൽ മുട്ടുകുത്താൻ കേന്ദ്ര ഗവൺമെന്റിനെ നിർബന്ധിതമാക്കി. അംഗീകരിച്ച ഡിമാന്റുകളിൽനിന്ന് സർക്കാർ പിന്നാക്കം പോയാൽ വീണ്ടും സമരം തുടങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും യുവാക്കൾ നൽകിക്കഴിഞ്ഞു. മാതൃകാപരമായ ഈ സമരത്തിനു പിന്നിൽ രാജ്യദ്രോഹികൾ ആണെന്ന് കേന്ദ്രസർക്കാരും പിണിയാളുകളും ആരോപിച്ചതോടെ ആ സ്ഥിരം ആരോപണത്തിന്റെ പൊള്ളത്തരം ഒരിക്കൽ കൂടി ജനങ്ങൾ തിരിച്ചറിഞ്ഞു. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച യുവാക്കൾ ഇന്റർനെറ്റ് ഉപരോധത്തെപോലും മറികടക്കാൻ ഉപായം കണ്ടെത്തി. ഭക്ഷണം നിഷേധിക്കാനും സമരപ്പന്തൽ ആക്രമിക്കാനുമുള്ള സർക്കാർ കുതന്ത്രങ്ങളും ഫലംകണ്ടില്ല. ചുരുക്കത്തിൽ ആവനാഴിയിലെ അമ്പുകളെല്ലാം തീർന്ന് നിരായുധരായി രാജ്യത്തെ യുവാക്കൾക്കുമുന്നിൽ അടിയറവ് പറയുകയായിരുന്നു കേന്ദ്രസർക്കാർ.
രാജിവെക്കേണ്ടി വന്നതിന്റെ ജാള്യത മറക്കാൻ, രാജ്യദ്രോഹികൾ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം നിലനിർത്താനും രാജിവെക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ഇത് സർക്കാരിനെ കൂടുതൽ അപഹാസ്യരാക്കി. പ്രധാനമന്ത്രിയാകട്ടെ പതിവിനു വിപരീതമായി സോഷ്യൽ മീഡിയ വഴി യുവാക്കൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി. പലതരം നടപടികൾ പ്രഖ്യാപിച്ചു. ഗവൺമെന്റ് പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി. ഇതൊന്നും പക്ഷേ സമരക്കാരെ അനുനയിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. ഒടുവിൽ പ്രതിയെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിതന്നെ പ്രതിക്കൂട്ടിൽ കയറേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അവസാനവട്ട ചർച്ചയ്ക്ക് മുമ്പേതന്നെ മന്ത്രിയെ രാജിവെപ്പിച്ചത്. കൃത്രിമം നടത്തുന്നവർക്ക് കർശന ശിക്ഷ, അതിവേഗ കോടതി, പരീക്ഷാസംവിധാനം പരിഷ്കരിക്കാൻ സമിതി, പരീക്ഷാചുമതല വഹിച്ചിരുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടൽ തുടങ്ങി പല നടപടികളും കൈക്കൊള്ളാൻ ഗവൺമെന്റ് നിർബന്ധിതമായതും ചെറിയ കാര്യമല്ല. നിയമ ഭേദഗതി ബിൽ പാർലമെന്റ് ചർച്ച ചെയ്തപ്പോൾ നിശിതമായ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ ഈ പരിഷ്കരണ നടപടികളൊക്കെ എത്രത്തോളം ഫലം കാണും എന്നകാര്യം കണ്ടുതന്നെ അറിയണം. 2024ൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പലതും ഇനിയും നടപ്പിലാക്കിയിട്ടില്ലെന്ന കാര്യവും ഓർക്കണം.
സമരം ശക്തമായതോടെ സംഘപരിവാരങ്ങളുടെ അപവാദ പ്രചാരണങ്ങളും ശക്തിപ്രാപിച്ചു. ജോർജ് സോറോസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗൂഢാലോചന, വിദേശ ഫണ്ട് വാങ്ങി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യദ്രോഹികൾ, എഫ്സിആർഎ നിയമം വരുമ്പോൾ വിദേശ ഫണ്ട് നഷ്ടപ്പെടുമെന്ന് ഭയന്നവരുടെ പ്രതികാരം, അമേരിക്ക-ചൈന ശക്തികളുടെ പിണിയാളുകൾ, മണിപ്പൂരിലെ ക്രിസ്ത്യൻ കുത്തിത്തിരിപ്പിന്റെയും സിഎഎ വിരുദ്ധ സമരത്തിലെ മുസ്ലിം കുത്തിത്തിരിപ്പിന്റെയും തുടർച്ച, അദാനിയെ ആക്രമിച്ച് രാജ്യത്തെതന്നെ ദുർബലപ്പെടുത്താ നുള്ള ഹിൻഡൻബർഗ് ഗൂഢാലോചനയുടെ ഏജൻസിപ്പണി തുടങ്ങി വായിൽ തോന്നിയതെല്ലാം അവർ വിളിച്ചുകൂവി. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയവും ബിജെപിയുടെ കോർപ്പറേറ്റ് സേവയും തുറന്നുകാട്ടപ്പെടുന്നതിന്റെ വെപ്രാളമായേ ഇതിനെയെല്ലാം ജനങ്ങൾ കണ്ടുള്ളൂ. ബിജെപി നേതാക്കളുടെ മക്കൾപോലും സമരത്തെ പിന്തുണയ്ക്കുന്ന കാഴ്ചയും കണ്ടു.
ഏകാധിപത്യത്തിന്റെ പരാജയവും ജനാധിപത്യത്തിന്റെ വിജയവുമെന്നാണ് സമരവിജയത്തെ നേതൃത്വം വിശേഷിപ്പിച്ചത്. ഈ വിലയിരുത്തൽ തികച്ചും ശരിയായിരുന്നു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ സമരത്തെ പിന്തുണച്ചത് അവർക്കും യാഥാർത്ഥ്യബോധം ഉണ്ടായതിന്റെ സൂചനയാണ്. കക്ഷിരാഷ്ട്രീയം അങ്ങേയറ്റം ജീർണ്ണിച്ചിരിക്കുമ്പോൾ എല്ലാ സങ്കുചിതത്വങ്ങൾക്കും അതീതമായ നിലപാടിനു മാത്രമേ ജനങ്ങളെ ആകർഷിക്കാനാകൂ. മലവെള്ളപ്പാച്ചിൽപോലെ വന്ന ജനദ്രോഹ നടപടികളെ പ്രതിരോധിക്കാൻ മെനക്കെടാത്ത പ്രതിപക്ഷത്തിലും ഭരണപക്ഷത്തിലെന്നപോലെതന്നെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ പ്രതിഷേധങ്ങളെ ശരിയായി നിർണ്ണയിക്കാനും പാഠങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകാത്തവർ അപ്രസക്തരാകുകതന്നെ ചെയ്യും. പരമ്പരാഗത ശൈലികളിൽ കടിച്ചുതൂങ്ങി, ഭരണ പ്രതിപക്ഷങ്ങൾക്കിടയിൽ ജനങ്ങളെ തട്ടിക്കളിക്കുന്ന തന്ത്രങ്ങൾ ഇനി വിലപ്പോകില്ല.
രാജ്യം ഇന്നാവശ്യപ്പെടുന്നത് പർവ്വത സമാനമായ പ്രതിബന്ധങ്ങളെ തട്ടിനീക്കാൻപോന്ന ത്യാഗോജ്വലമായ പോരാട്ടങ്ങളാണ്. നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ദ്രവിച്ചിരിക്കുക യാണ്. പാർലമെന്റിൽ ജനേച്ഛപ്രതിഫലിപ്പിക്കപ്പെടുന്നതേയില്ല. ഭരണപ്രതിപക്ഷങ്ങൾ ഒരു രാഷ്ട്രീയ സമവായത്തിലാണ് നീങ്ങുന്നത്. തിരഞ്ഞെടുപ്പുകൾ പ്രഹസനങ്ങളായി മാറുന്ന സ്ഥിതി. കരിനിയമങ്ങൾ പൗരാവകാശങ്ങൾപോലും കവർന്നെടുക്കുന്നു. അഴിമതിയും വർഗീയതയും സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുന്നു. മാധ്യമങ്ങൾ ഒട്ടുമിക്കവയും കുത്തകകളുടെ നിയന്ത്രണത്തിലും വിലക്കെടുക്കപ്പെട്ട അവസ്ഥയിലുമാണ്. അന്തിമാശ്രയമായ കോടതികൾ ആകട്ടെ ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന പതനത്തിലെത്തിയിരിക്കുന്നു. സുപ്രീം കോടതിയുടെ മൂക്കിനുതാഴെ ഇന്ത്യൻ യുവത വേട്ടയാടപ്പെടുമ്പോൾ അതൊന്ന് കണ്ണുതുറന്നു കാണാൻ സമയമില്ലെന്ന പരമോന്നത കോടതിയുടെ നിലപാട് ഈ വിധേയത്വത്തിന്റെ പ്രഖ്യാപനമാണ്. രാജ്യത്ത് നിലനിൽക്കുന്ന മുതലാളിത്ത ഉല്പാദന സമ്പ്രദായമാണ് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത്. അതിനിരയാകുന്ന യുവാക്കളെ കീടങ്ങളോട് ഉപമിക്കുന്നത്, കോടതി ജനങ്ങളിൽനിന്നും അവരുടെ നീറുന്ന പ്രശ്നങ്ങളിൽ നിന്നും എത്രത്തോളം അകന്നുപോയിരിക്കുന്നു എന്നതിന്റെ തെളിവാണ്. എത്രതന്നെ രേഖകൾ കൈയിൽ ഉണ്ടെങ്കിലും എത്ര വർഷമായി ഇവിടെ ജീവിക്കുന്നവരാണെങ്കിലും പൗരത്വത്തിന് അർഹതയില്ലെന്ന് ഭരണവർഗ്ഗം വിധിച്ചാൽ അത് ഏറ്റുപാടുന്ന സ്ഥിതിയിലേക്ക് കോടതികൾ കൂപ്പുകുത്തിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും സർക്കാർ ഏജൻസികളെ ഭരണകക്ഷികൾക്കുവേണ്ടി ദുരുപയോഗം ചെയ്തും പണക്കൊഴുപ്പിൽ ജനാധിപത്യത്തെത്തന്നെ അട്ടിമറിച്ചും മുന്നേറുന്ന മോദിവാഴ്ചയ്ക്ക് ചെറിയൊരു തടയിടാൻപോലും നീതിന്യായ സംവിധാനം ഉപകരിക്കാത്ത ദയനീയ സ്ഥിതിയിൽ രാജ്യം എത്തിപ്പെട്ടിരിക്കുന്നു. ഈ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മുൻനിർത്തി വേണം, ഇവയുടെ പരിഹാരം ലക്ഷ്യംവെച്ചുവേണം ഏതൊരു സമരവും മുന്നേറാൻ. ഇന്ത്യൻ യുവതയ്ക്ക് എത്രത്തോളം ഇത് ഏറ്റെടുക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു രാജ്യത്തിന്റെ ഭാവി.
വെറുമൊരു പരീക്ഷാപരിഷ്കരണംകൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കുപോലും പരിഹാരമുണ്ടാക്കാൻ കഴിയില്ല. ‘ദേശീയ വിദ്യാഭ്യാസ നയം 2020’ വിദ്യാഭ്യാസത്തെയാകെ വാണിജ്യവൽക്കരിക്കുകയാണ്. ഹൃദയ വിശാലതയ്ക്കുപകരം വർഗീയ സ്പർദ്ധയാണ് ഊട്ടി ഉറപ്പിക്കുന്നത്. വിജ്ഞാന നിഷേധം ചിന്താശേഷിയെ മുരടിപ്പിക്കുകയും മനുഷ്യത്വംതന്നെ ചോർത്തിക്കളയുകയുമാണ്. ഈ നയം പിൻവലിക്കുംവരെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും സ്വസ്ഥമായിരിക്കാനാവില്ല. അനീതിക്കെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കേണ്ടത് വിദ്യാർത്ഥികളും യുവാക്കളുമാണ്. സമൂഹത്തിന്റെ താൽപര്യം പേറുന്ന സമർപ്പിതമായ പോരാട്ടങ്ങൾക്കുമാത്രമേ ഇന്ന് ഒരു തിരുത്തൽ ശക്തിയാകാൻ കഴിയൂ. ആകർഷകമായ ലോകം വാഗ്ദാനം ചെയ്ത ജനാധിപത്യം എന്തുകൊണ്ട് ഈ പതനത്തിൽ എത്തി എന്ന കാര്യം അതീവ ഗൗരവത്തോടെ പരിശോധിക്കണം. ഒരുപിടി സമ്പന്നരുടെ താല്പര്യം പേറുകയും ജനസാമാന്യത്തെയാകെ തിരസ്കരിക്കുകയും ചെയ്യുന്നതുവഴി ജനാധിപത്യ വ്യവസ്ഥ കാലഹരണപ്പെടുന്നു. പണിയെടുക്കാൻ എല്ലാവർക്കും അവസരമുള്ള, പണിയെടുക്കുന്നവർ ചൂഷണം ചെയ്യപ്പെടാത്ത, സമൂഹത്തിന്റെ നേട്ടങ്ങൾ എല്ലാവർക്കും പങ്കിട്ടനുഭവിക്കാൻ കഴിയുന്ന, പണിയെടുക്കുന്നവന്റെ ജനാധിപത്യമാണ് തൽസ്ഥാനത്ത് സ്ഥാപിച്ചിടുക്കേണ്ടത്. അത് സാധ്യമാകുന്നതുവരെ സമസ്ത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ അധികരിച്ചുകൊണ്ടേയിരിക്കും. അതിനെതിരായ പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളും ഉയർന്നുവന്നുകൊണ്ടുമിരിക്കും. അവയിൽ പലതും അടിച്ചമർത്തപ്പെടും. ചിലത് താൽക്കാലിക വിജയങ്ങൾ നേടും. ആ വിജയങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ട്, വിശാലജന വിഭാഗങ്ങളെ ആകർഷിച്ച്, അവരിൽ ആത്മവിശ്വാസം വളർത്തി അടിസ്ഥാനപരമായ സാമൂഹ്യ മാറ്റത്തിലേക്ക് ഉറച്ച ചുവടുകൾ വയ്ക്കാൻ യുവതലമുറയ്ക്ക് കഴിയണം. സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും മനുഷ്യാന്തസ്സും പുലരുന്ന ആ നാളെക്കായുള്ള ത്യാഗപൂർണമായ പോരാട്ടങ്ങളിലേക്ക് എല്ലാ സമരങ്ങളെയും കണ്ണിചേർക്കാൻ നമുക്ക് പരിശ്രമിക്കാം.
ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് കേരളത്തിലും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും മുന്‍കൈയില്‍ നിരവധി കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നടന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബഹുജനങ്ങളുമടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഡോ.ജെ.ദേവിക, കവി മുരുകന് കാട്ടാക്കട, ബാബു രാമചന്ദ്രന്, മുന്‍മന്ത്രി ജി.ആര്.അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എമില്‍ ബിജു, സാംപോള്‍ രാജു എന്നിവര്‍ നേതൃത്വം നല്കി. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനില്‍ വഞ്ചിസ്ക്വയറിലെ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സി.ആര്.നീലകണ്ഠന്, ആശ ആച്ചി ജോസഫ്, രഞ്ജിനി ഹരിദാസ്, ഇ.എന്‍.സുധീര്‍, ജോളി ചിറയത്ത്, ജിയോ ബേബി, മാത്യു തോമസ്. അക്ഷയ് രാധാകൃഷ്ണന്, ജ്യോതി നാരായണന്, ഫാ.അഗസ്റ്റിന് വട്ടോളി തുടങ്ങി കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. അഡ്വ.നിള മോഹന്കമാര്, അഞ്ജലി സുരേന്ദ്രന്, അദീബ്, നിക്സണ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഐതിഹാസികമായ ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് കൊല്ലം വി പാര്‍ക്കില്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം നൂറുകണക്കിന് ആളുകള്ഒത്തുചേര്ന്നു. നീറ്റുപരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായ്മ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വാട്സ് ആപ് കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ മാനവ് ജെ, ആര്.രാഹുല്‍, വെങ്കിടേഷ്, ഡിബിന്‍ ഡി, നിധിന്, ഡോ.സുകന്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി സംഘടിപ്പിച്ച വിക്ടറി ഗാദറിംഗ് നടന്നു. കോട്ടയത്ത് സ്റ്റുഡന്റ്സ് കളക്ടീവിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു. ജൂലൈ 24ന് കോട്ടയം ഗാന്ധിസ്ക്വയറിലും ചങ്ങനാശ്ശേരി ബൈപാസ് ജംഗ്ഷനിലും നടന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും രക്ഷാകര്‍ത്താക്കളും ബഹുജനങ്ങളും പങ്കെടുത്തു. ഗാന്ധിസ്ക്വയറില്‍ വിക്ടറി റാലിയും നടന്നു. സണ്ണി കപിക്കാട്, ഡോ.ഡി.സുരേന്ദ്രനാഥ്, മുന്‍മന്ത്രി എം.ബി.രാജേഷ്, അഡ്വ.കെ. അനില്‍കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ജോര്‍ജ്ജ് മുല്ലക്കര, ഇ.വി.പ്രകാശ്, മിനി കെ. ഫിലിപ്പ്, പ്രൊഫ.പി.എന്‍.തങ്കച്ചന് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. സ്റ്റുഡന്റ്സ് കളക്ടീവ് കോ-ഓര്‍ഡിനേറ്റര്‍മാരായ റലേഷ് ചന്ദ്രന്, അരവിന്ദ് വേണുഗോപാല്‍, അനന്തഗോപാല്‍, അനാമിക എസ്, ആഷ്ന തമ്പി, ഗോപിക, ജുവല്‍, നന്ദന, പ്രവീണ്‍ പ്രിന്‍സ്, റിറ്റു ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വിദ്യാര്‍ത്ഥികൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഒത്തുചേരലുകള്‍ നടന്നു. സംഘചിത്രരചന, സംഗീത പരിപാടികള്‍, കാന്‍ഡില്‍ ലൈറ്റ് പ്രൊട്ടസ്റ്റ്, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, റാലികള്‍ തുടങ്ങിയ പരിപാടികളും കൂട്ടായ്മകളുടെ ഭാഗമായി നടന്നു.
