കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ ദയനീയമായി തോറ്റതെങ്ങനെ എന്നറിയാൻ കൊണ്ടുപിടിച്ചു പരിശ്രമിക്കുകയാണ് സിപിഐ(എം). താഴേത്തലംമുതൽ കേന്ദ്രക്കമ്മിറ്റി വരെ മേലോട്ടും കീഴോട്ടും ഇടം വലം പരിശോധിക്കുകയാണവർ. തന്നെയുമല്ല, പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ തിരുത്തുന്നതിന് പൊതുജനങ്ങളിൽനിന്നും അനുഭാവികളിൽനിന്നും നിർദ്ദേശങ്ങൾ മാത്രമല്ല വിമർശനങ്ങളും സ്വീകരിക്കുന്നതിന് ‘പുതുവഴികൾ’ എന്ന പേരിൽ ഒരു ഔട്ട് റീച്ച് പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച എൽഡിഎഫിന് നേതൃത്വം കൊടുത്ത, അഞ്ചര ലക്ഷം പാർട്ടി അംഗങ്ങളും 40,000 ബ്രാഞ്ചുകളും ഉണ്ടെന്നവകാശപ്പെടുന്ന പാർട്ടിക്ക് തങ്ങളെങ്ങനെ പരാജയപ്പെട്ടു എന്ന് മനസ്സിലാവുന്നില്ല. മൂന്നാമൂഴം തുടരുമെന്ന് നേതാക്കന്മാർ ഉറച്ചു വിശ്വസിച്ചിരുന്നുവത്രെ!
തിരഞ്ഞെടുപ്പിൽ സിപിഐ(എം)നെ പരാജയപ്പെടുത്തുന്നതിനേക്കാൾ പ്രയാസമാണ് തോറ്റു എന്ന് സമ്മതിപ്പിക്കുന്നത് എന്ന് ചില സരസന്മാർ പറയുന്നതുപോലെയല്ല കാര്യങ്ങൾ. നല്ല പരാജയമാണ് എൽഡിഎഫ് ഏറ്റുവാങ്ങിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 4നുതന്നെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമായി പറഞ്ഞതാണ്. പക്ഷേ 17 വർഷം പാർട്ടിയെ നയിക്കുകയും 10 വർഷം സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുകയും ചെയ്ത പിണറായി വിജയനിൽനിന്നും കേരളത്തിലെ മാധ്യമപ്പട ഒന്നാകെ ശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. പരാജയത്തെ അംഗീകരിച്ചുകൊണ്ടുള്ള പ്രതികരണം, പരാജയപ്പെട്ടതിന്റെ കാരണമെന്തെന്നതിന്റെ ചില പ്രാഥമിക അഭിപ്രായപ്രകടനങ്ങളും താത്വിക അവലോകനങ്ങളുമല്ലാതെ വ്യക്തവും വിശദവുമായ വിശകലനങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അവ തിരിച്ചറിയാൻ വേണ്ടിയുള്ള അന്വേഷണവും പരിശോധനയും ഇപ്പോഴും തുടരുകയാണ്. പാർട്ടി അംഗങ്ങൾക്ക് അവരുടെ അഭിപ്രായവും വിമർശനവും ‘നിർഭയം’ തുറന്നു പറയാൻ അവസരം നൽകുമെന്നാണ് അറിയിപ്പ്.
പരാജയപ്പെട്ടതിനുശേഷം പൊതുജനത്തിനുപോലും അവസരം നൽകും എന്ന് പറയുന്ന പാർട്ടി പക്ഷേ, മെയ് നാലിനു മുമ്പ് അങ്ങനെയുള്ള ജനാധിപത്യബോധമൊന്നും പ്രദർശിപ്പിച്ചില്ല. ‘ഇടതു’ ജനാധിപത്യമുന്നണിയുടെ വലത് നയങ്ങളിൽ വേദനിച്ച്, ‘ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്ക് ഓടിച്ചാൽ അപകടമാണ്’ എന്നുപറഞ്ഞത് ഇടത് സഹയാത്രികനായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ആണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ വേളയിൽ പറഞ്ഞ ഈ വാക്കുകൾ, തരിമ്പെങ്കിലും ജനാധിപത്യ സംസ്കാരമുള്ള ആരെയും ആത്മ പരിശോധനക്ക് പ്രേരിപ്പിക്കുന്നതാണ്. എന്നാൽ പിണറായി വിജയൻ പ്രതികരിച്ചത് ‘വൈദികരിലും വിവരദോഷികൾ ഉണ്ട് ’ എന്നാണ്. “മൂന്നാമൂഴം ഭരണം നൽകിയാൽ സിപിഐ(എം) ഇനിമേൽ തിരിച്ചുവരാനാവാത്തവിധം തകരും. അതിനാൽ ഇത്തവണ സിപിഐ(എം)നെ പരാജയപ്പെടുത്തണം” എന്നുപറഞ്ഞത് കവി സച്ചിദാനന്ദനാണ്. ഈ വിധം പോയാൽ പാർട്ടിക്ക് ബംഗാളിലെ ഗതി വരുമെന്ന് നിരവധി പാർട്ടി അനുഭാവികൾ വിമർശനബുദ്ധ്യാ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പക്ഷേ അതെല്ലാം അവഗണിച്ച് ചില വാഴ്ത്തിപ്പാടലുകളിൽ അഭിരമിച്ച് കഴിയുകയായിരുന്നു സിപിഐ(എം) നേതൃത്വം.
തിരുത്തുന്തോറും ജീർണിക്കുന്ന പ്രസ്ഥാനം
‘പരാജയ കാരണം ആഴത്തിൽ പരിശോധിച്ച്, ശരിയായ ദിശാബോധത്തോടെ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും’. ഇത് ആദ്യമായാണ് കേൾക്കുന്നതെങ്കിൽ അണികൾക്ക് ഒരു ആശ്വാസവും പ്രതീക്ഷയും ഒക്കെ വരും. പക്ഷേ, സമാനമായ പരാജയങ്ങളുടെ പിന്നാലെ എത്രയോ തവണ ആവർത്തിക്കപ്പെട്ട വാക്കുകളാണവ. ആഴത്തിലുള്ള പരിശോധനയൊക്കെ നടക്കും. പക്ഷേ പോക്ക് പഴയതുപോലെ പിന്നോട്ടുതന്നെയാവും.
1996ലെ തിരുത്തലിലൂടെ സിപിഐ(എം) ആഗോളവൽക്കരണത്തിന്റെ നടത്തിപ്പുകാരായി
സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം 1996ലെ തെറ്റ് തിരുത്തൽ രേഖ കേഡർമാരുടെ പ്രത്യയശാസ്ത്ര നിലവാരം ഉയർത്താനാണ് ഊന്നൽ നൽകിയത്. ഏത് പ്രത്യശാസ്ത്രമാണ് ഉദ്ദേശിച്ചതെന്നറിയില്ല. പക്ഷേ, പോയത് വലത്തേക്കാണ്. 1996നുശേഷം കേരളത്തിൽ അധികാരത്തിലെത്തിയ സിപിഐ(എം) മുന്നണി, ആഗോളവൽക്കരണ നയങ്ങൾ, അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസിനെക്കാൾ കാര്യശേഷിയോടെ നടപ്പിലാക്കി. ലോക ബാങ്ക് പദ്ധതിയായ ഡിപിഇപിയിൽ തുടങ്ങിയ പരിഷ്കാരങ്ങൾ വഴി കേരളത്തിന്റെ ഉൽകൃഷ്ടമായ വിദ്യാഭ്യാസ സൗധം പൊളിച്ചടുക്കി. സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനലക്ഷ്യം ക്ഷേമപ്രവർത്തനം എന്നതിൽനിന്ന് മൂലധനശക്തികളുടെ ഫെസിലിറ്റേറ്റർ ആക്കി മാറ്റുന്നതിനായി ലോകബാങ്ക്-എഡിബി സഹായത്തോടെ എംജിപി (Modernising Government Program) ഭരണപരിഷ്കാരങ്ങളും, ക്ഷേമപ്രവർത്തനങ്ങൾ സർക്കാരിൽനിന്നും ജനങ്ങളുടെ ചുമതലയിലേക്ക് ഘട്ടം ഘട്ടമായി മാറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ആഗോളവൽക്കരണ പദ്ധതിയായ ജനകീയ ആസൂത്രണവും ‘അധികാരവികേന്ദ്രീകരണ’വും അവർ നടപ്പിലാക്കി.
2009ലെ ‘തിരുത്തലി’നെ തുടർന്ന് ബംഗാളിൽ സിപിഐ(എം) അധികാരത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ടു
മൂലധന ശക്തികളെ പോഷിപ്പിക്കുന്ന ഈ നയങ്ങൾ പശ്ചിമബംഗാളിൽ അവർ അക്രമാസക്തമായാണ് നടപ്പിലാക്കിയത്. അനേകായിരം കർഷകരുടെ ജീവിതം തകർത്തുകൊണ്ട് അവരുടെ കൃഷിഭൂമി ബലാൽക്കാരമായി പിടിച്ചെടുത്ത് കുത്തക മുതലാളിമാർക്ക് സമർപ്പിക്കാൻ അവർക്ക് തെല്ലും മടിയുണ്ടായില്ല. സിംഗൂരിലെ ഭൂമി ടാറ്റക്കും നന്ദിഗ്രാമിലേത് ഇന്തോനേഷ്യൻ ക്രിമിനൽ മൂലധനശക്തികളായ സാലിം ഗ്രൂപ്പിനും നൽകാൻ ഭ്രാന്തമായ ആവേശത്തോടെ അവർ ശ്രമിച്ചു. 2007ൽ നന്ദിഗ്രാമിൽ പ്രതിഷേധിച്ച കർഷകർക്കുനേരെ നരനായാട്ട് നടത്തി. പാർട്ടി കേഡർമാർക്ക് പോലീസ് യൂണിഫോം നൽകി കർഷക വേട്ടക്കയച്ചു.
ബംഗാളിലെ മനുഷ്യത്വമുള്ളവരാകെ തങ്ങൾക്കെതിരെ തിരിയുകയാണെന്നും, തങ്ങളുടെ ഗ്രാമീണ അടിത്തറ തകരുകയാണെന്നും മനസ്സിലാക്കി സിപിഐ(എം) 2009ൽ പുതിയ തെറ്റ് തിരുത്തൽ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് ‘റെക്റ്റിഫിക്കേഷൻ ക്യാമ്പയിൻ’ എന്ന രേഖ പ്രസിദ്ധീകരിച്ചു. അധികാരത്തിലിരിക്കുന്ന കേഡർമാരിൽ കടന്നുകൂടുന്ന പാർലമെന്ററി വ്യാമോഹങ്ങൾക്ക് എതിരെയും അഴിമതിക്കെതിരെയും അതിൽ ശക്തമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും ജീവിതശൈലി ലളിതമാക്കുക, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുക, ബൂർഷ്വാ അധോലോക ബന്ധങ്ങളിൽനിന്നും വ്യക്തി കേന്ദ്രീകൃത പ്രവണതകളിൽനിന്നും കേഡർമാരെ അകറ്റിനിർത്തുക എന്നിവയൊക്കെയായിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത്. പക്ഷേ നേതാക്കളും കേഡർമാരും രേഖയിൽ പറഞ്ഞ കാര്യങ്ങൾ നേർവിപരീതമായാണ് ഉൾക്കൊണ്ടത്. പാടില്ല എന്ന് പറഞ്ഞതൊക്കെ വർദ്ധിത വീര്യത്തോടെ അവർ ഏറ്റെടുത്ത് നടപ്പിലാക്കി. സ്വയം കൂടുതൽ വഷളായി. വെറും പാർലമെന്ററി വ്യാമോഹം എന്നു പറഞ്ഞാലും മതിയാവില്ല. എവ്വിധമെങ്കിലും അധികാരത്തിലേറുക; അവിടെ തുടരാൻ എന്ത് അധാർമിക കർമ്മങ്ങൾ വേണമെങ്കിലും ചെയ്യുക എന്നതിനപ്പുറം കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ അവരുടെ പരിഗണനയുടെ ഏഴയലത്തുപോലുമില്ലാതായി. തുറന്ന അഴിമതി നടത്താൻ ലജ്ജയോ ഭയമോ ഇല്ലാതായി. ബൂർഷ്വാ അധോലോക ശക്തികളുമായുള്ള ചങ്ങാത്തം മാത്രമല്ല, നേതാക്കൾ സ്വയം ബൂർഷ്വാകളായി പരിവർത്തനപ്പെട്ട് പാർട്ടിക്കാകെ മാതൃകകളായി. നേതാക്കന്മാർ ആർഭാട ജീവിതശൈലി അലങ്കാരമാക്കി. ഇതൊക്കെയാണ് 2009ലെ തെറ്റ് തിരുത്തൽ പ്രക്രിയയുടെ അനന്തരഫലം. 2011ൽ ബംഗാളിൽ തിരിച്ചുവരാൻ ഇടയില്ലാത്ത വിധം ഭരണത്തിൽനിന്ന് ജനങ്ങൾ സിപിഐ(എം)നെ പുറത്താക്കി. ആ ഗഡുവിൽതന്നെ കേരളത്തിലും അധികാരം നഷ്ടമായി.
2015ലെ പ്ലീനം തെറ്റ് തിരുത്തലിനുശേഷം കേരളത്തിൽ തികഞ്ഞ വലത് നയങ്ങൾ നടപ്പിലാക്കി
തുടർന്ന്, 2015ൽ കൊൽക്കത്ത പ്ലീനം വീണ്ടും തെറ്റ് തിരുത്താനും സംഘടനാശൈലികളിൽ മാറ്റം വരുത്താനും തീരുമാനിച്ചു. പാർട്ടിയിൽ യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുവാനും ജനകീയ സമരങ്ങളിൽനിന്ന് കേഡർമാർ അകന്നു പോകുന്ന പ്രവണത അവസാനിപ്പിക്കാനും തീരുമാനിച്ചു. തൊട്ടടുത്ത വർഷം, 2016ൽ കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി. അന്ന് 72 വയസ്സായ യുവാവ് മുഖ്യമന്ത്രിയായി. 10 വയസ്സ് കൂടിച്ചേർന്നപ്പോൾ മൂന്നാമൂഴവും സർക്കാരിനെ നയിക്കാൻ വേണ്ടി പാർട്ടി നിയോഗിച്ചു. അദ്ദേഹം ഇപ്പോൾ 82 വയസ്സുള്ള പ്രതിപക്ഷ നേതാവായി തുടരുന്നു. അങ്ങനെയാണ് യുവത്വത്തെ നേതൃതലത്തിലേക്ക് കൊണ്ടുവന്നത്. അധികാരത്തിൽ ഇരുന്ന 10 വർഷവും ജനകീയ സമരങ്ങളെ അവഗണിക്കാനും അടിച്ചമർത്താനും ഇവർ കാട്ടിയ ശുഷ്കാന്തി തിരുത്തപ്പെടാനാവാത്ത ചരിത്ര രേഖകളിലുണ്ട്. അങ്ങനെയാണ് അവർ ജനകീയ സമരത്തെ പറ്റിയുള്ള തീരുമാനം നടപ്പിലാക്കിയത്.
തിരഞ്ഞെടുപ്പ് തിരിച്ചടികളെത്തുടർന്ന് വീണ്ടും തിരുത്തൽ
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെത്തുടർന്ന് പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനായി സിപിഐ(എം) കേന്ദ്രകമ്മിറ്റി പുതിയ തിരുത്തൽ നിർദേശങ്ങൾ നൽകി. പണ്ട് പലകാലങ്ങളിൽ ‘തിരുത്തിയവ’ തന്നെയായിരുന്നു പുതിയ തിരുത്തലുകൾക്ക് നിർദ്ദേശിക്കപ്പെട്ട വിഷയങ്ങൾ. മുതിർന്ന നേതാക്കന്മാർക്കുണ്ടാവുന്ന പാർലമെന്ററി സ്ഥാനമോഹങ്ങൾ ഇല്ലാതാക്കുക, ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിൽ ഭരണസംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ നിരന്തരമായ സമരങ്ങളിലൂടെ പരിഹാരം കാണണമെന്ന ബോധ്യം കേഡർമാരിൽ ഉണ്ടാക്കുക, പ്രാദേശിക ഭരണസംവിധാനങ്ങളിലെ അഴിമതിക്കെതിരെ കർശനമായ നിരീക്ഷണം ഉറപ്പാക്കുക എന്നിവയൊക്കെയായിരുന്നു നിർദ്ദേശങ്ങൾ. മേൽപ്പറഞ്ഞ തിരുത്തലുകൾ എങ്ങനെയാണ് നടപ്പിലാക്കപ്പെട്ടതെന്ന് വിവരിച്ച് ഈ ലേഖനത്തിന്റെ വിസ്താരം കൂട്ടുന്നില്ല. ഈ രേഖയ്ക്കുശേഷം രണ്ടുവർഷം പിന്നിടുമ്പോൾ, 2026ലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് നേതാക്കളുടെ പാർലമെന്ററി സ്ഥാനമോഹമാണെന്ന് രേഖപ്പെടുത്തുമ്പോൾതന്നെ എത്രത്തോളം തിരുത്തപ്പെട്ടുവെന്ന് വ്യക്തം. നിരന്തര ജനകീയ സമരത്തെപ്പറ്റിയാകട്ടെ, ആശാസമരത്തോട് എടുത്ത നിലപാട് പരിശോധിച്ചാൽ മാത്രം മതി. അഴിമതിക്കെതിരെയുള്ള നിരീക്ഷണം കർശനമായപ്പോൾ വ്യാപകമായ അഴിമതിയിലേക്ക് കൂപ്പുകുത്തി. ശബരിമല സ്വർണ്ണക്കൊള്ളയും കരുവന്നൂർ തുടങ്ങിയ സഹകരണ ബാങ്ക് തട്ടിപ്പുകളും അവയിൽ ഉൾപ്പെട്ട നേതാക്കളെ സംരക്ഷിക്കാൻ പാർട്ടിയെടുത്ത നിലപാടുകളും വീക്ഷിച്ചാൽ തെറ്റ് തിരുത്തൽ പ്രക്രിയ എങ്ങനെയാണ് മുന്നേറിയതെന്ന് മനസ്സിലാവും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: സിപിഐ(എം) നേതൃത്വമൊഴികെ ഏവരും പ്രതീക്ഷിച്ച പരാജയം
ഇനി ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള തെറ്റ് തിരുത്തൽ നടപടികളിലേക്ക് വരാം. മുൻവിധികളില്ലാതെ കേരള രാഷ്ട്രീയം ശ്രദ്ധിക്കുന്ന, കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണത്തെ വീക്ഷിക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരാളും എൽഡിഎഫ് സർക്കാരിന്റെ പരാജയം മുൻകൂട്ടി കണ്ടിരുന്നു.പക്ഷേ സിപിഐ(എം) നേതാക്കൾക്ക് അത് തികച്ചും ‘അപ്രതീക്ഷിത’മായിരുന്നുവത്രേ. അവർക്ക് സാമാന്യബുദ്ധി നഷ്ടപ്പെട്ടു പോയതുകൊണ്ടോ, പല നിരീക്ഷകരും പറയുന്നതുപോലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതുകൊണ്ടോ മാത്രമല്ല. 10 വർഷത്തെ ജനദ്രോഹ ഭരണംകൊണ്ട് ശത്രുപക്ഷത്താക്കിയ ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് ദരിദ്രവിഭാഗത്തെ തിരഞ്ഞെടുപ്പിന്റെ തലേന്നാളുകളിൽ നൽകുന്ന ആനുകൂല്യങ്ങൾകൊണ്ട് കൈയിലെടുക്കാമെന്നും ജനങ്ങളുടെ നികുതിപ്പണവും കോർപ്പറേറ്റ് ഫണ്ടിങ്ങുംകൊണ്ട് പരസ്യപ്രളയം സൃഷ്ടിച്ച് വോട്ടർമാരെ മയക്കാമെന്നും ന്യൂനപക്ഷ വിരോധം പ്രഘോഷിച്ച് ഭൂരിപക്ഷസമുദായ വോട്ട് നേടാമെന്നും സിപിഐ(എം) നേതൃത്വം ആത്മാർത്ഥമായി വിശ്വസിച്ചു എന്നുവേണം കരുതാൻ.
മുൻകാല തിരുത്തൽ ചരിത്രത്തിന്റെ തുടർച്ചയെന്നോണം ഒരു തിരുത്തൽ പ്രക്രിയ ഇപ്പോൾ നടന്നുവരികയാണ്. പ്രാഥമികമായ കണ്ടെത്തലുകൾ നേതൃത്വം അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും, പക്ഷേ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലും ‘കള്ളപ്രചാരവേല’ പ്രതിരോധിക്കുന്നതിലും പോരായ്മയുണ്ടായി എന്നുമാണ് ഒരു കണ്ടെത്തൽ. സംസ്ഥാനത്താകെ ശക്തമായി ആഞ്ഞടിച്ച എൽഡിഎഫ് വിരുദ്ധ വികാരം, വിശേഷിച്ച് പിണറായി വിജയനെതിരെയുള്ള രോഷം സിപിഐ(എം) അണികളിൽപോലും ഉണ്ടായിരുന്നു എന്നത് താഴെത്തട്ടിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലെ വിമർശനങ്ങളുടെ ആളിക്കത്തൽ വെളിവാക്കുന്നുണ്ട്.
ജനദ്രോഹത്തിന്റെ 10 വർഷങ്ങൾ
കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ ജനങ്ങൾക്കുമേൽ ഏൽപ്പിച്ചത് കണക്കറ്റ ദ്രോഹങ്ങളായിരുന്നു. ഇടതു ലേബലിൽ തൊഴിലാളികൾക്കെതിരെ ലേബർ കോഡിലെ കാര്യങ്ങൾ നടപ്പിലാക്കി. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന കോർപ്പറേറ്റ് അനുകൂല നയം നടപ്പിലാക്കി. ജനങ്ങളിൽനിന്ന് ധനം സമാഹരിച്ച് കോർപ്പറേറ്റുകളെ പുഷ്ടിപ്പെടുത്തുന്ന മോദി നയം നടപ്പിലാക്കി. രൂക്ഷമായ വിലക്കയറ്റം ഉണ്ടായപ്പോൾപോലും സപ്ലൈകോ നോക്കുകുത്തിയായി. നികുതികൾ ഇരട്ടിയാക്കി. വൈദ്യുതി ചാർജ് 6 തവണയാണ് വർദ്ധിപ്പിച്ചത്. യാത്രാനിരക്കും കൂട്ടി. പൊതുജനാരോഗ്യ മേഖലയെ തകർത്തു. വിദ്യാഭ്യാസരംഗം ശിഥിലമാക്കാൻ അടിമുടി ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്തി. കരിമണൽ ഖനനം, സഹകരണ മേഖല തുടങ്ങിയവ അഴിമതിയുടെ കൂത്തരങ്ങായി. തൊഴിലില്ലായ്മ കുതിച്ചുയർന്നു. പിൻവാതിൽ നിയമനങ്ങൾ നാട്ടുനടപ്പായി. പോലീസിനെ കയറുരിവിട്ടു. മാവോവാദി എന്നുപറഞ്ഞ് മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്നു. ആത്മഹത്യകളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളും വർദ്ധിച്ചു. ക്ഷേമപെൻഷനുകളും സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ഒരു ലക്ഷം കോടിയും തട്ടിപ്പറിച്ചു. സർക്കാർകടം കുതിച്ചുകയറി. ധൂർത്ത് മുൻകാല റെക്കോർഡുകൾ തകർത്തു. ആശാസമരം, കെ റെയിൽ വിരുദ്ധ സമരം, മാലിന്യപ്രശ്നത്തിനെതിരെയുള്ള സമരങ്ങൾ തുടങ്ങിയ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. മുഖ്യമന്ത്രി ലക്ഷണമൊത്ത ഏകാധിപത്യ സ്വഭാവവും തികഞ്ഞ ധാർഷ്ട്യവും പ്രദർശിപ്പിച്ചു. പ്രതിഷേധിച്ചവരെ ജീവൻ രക്ഷാപ്രവർത്തനം എന്നുപറഞ്ഞ് തല്ലിച്ചതച്ചു. ഇങ്ങനെയുള്ള പാതകങ്ങൾ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും ഈ സർക്കാരിനെ വെറുക്കാൻ അവരുടേതായ കാരണങ്ങൾ ഉണ്ടാക്കി. എന്നിട്ടും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭരണവിരുദ്ധവികാരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരവധി ഉപതിരഞ്ഞെടുപ്പുകൾ, പാർലമെന്റ് തിരഞ്ഞെടുപ്പ്, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയിലൊക്കെ ഉണ്ടായ തുടർച്ചയായ കനത്ത പരാജയങ്ങൾ ഈ ഭരണകാലത്തുതന്നെ ഉണ്ടായതാണ്. ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന് വിലപിക്കുമ്പോൾ സ്വന്തം ചാനലും 6 ലക്ഷം വരിക്കാരുണ്ട് എന്നൊക്കെ അവകാശപ്പെടുന്ന പാർട്ടി പത്രവും അഞ്ചുലക്ഷത്തി മുപ്പതിനായിരം പാർട്ടി മെമ്പർമാരും നാൽപതിനായിരം ബ്രാഞ്ചുകളും 30 ലക്ഷത്തോളം മുന്നണി സംഘടന അംഗങ്ങളുമുള്ള സിപിഐ(എം) പാർട്ടിക്കും, സംസ്ഥാന ഭരണവും നൂറോളം എംഎൽഎമാരും 7000 ത്തോളം പഞ്ചായത്ത് മെമ്പർമാരുമുള്ള എൽഡിഎഫിനും ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എന്നതുപോലെ സ്വന്തം പാർട്ടിക്കാരിൽപോലും എത്തിക്കാനായില്ലെങ്കിൽ എത്ര കൊട്ടിയാലും പെരുമ്പറകൾ രോഷത്താൽ മൗനം പാലിക്കുന്നു എന്നല്ലേ അതിനർത്ഥം. നിർമ്മാണ-പരമ്പരാഗത മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട് എന്ന് കുമ്പസാരിക്കുമ്പോൾ, ഈ മേഖലയിലെ തൊഴിലാളികൾ ക്ഷേമപെൻഷനുകൾ മുടങ്ങാതെ കിട്ടാനും സ്വന്തം ജീവസന്ധാരണത്തിന് ഹാനിവരുത്തുന്ന നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നടത്തിയ അസംഖ്യം സമരങ്ങളെ നിഷ്കരുണം അവഗണിച്ചതുകൂടെ ചേർത്ത് പറയണം.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി സ്വയം വിമർശനപരമായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ മുൻപാകെ അവതരിപ്പിച്ചു എന്നേ പറയുന്നുള്ളൂ. ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായത്തെ വെട്ടിയ സംസ്ഥാന കമ്മിറ്റി തീരുമാനത്തെപ്പറ്റി മിണ്ടുന്നില്ല. സ്വജനപക്ഷപാതത്തെയും രക്തസാക്ഷി ഫണ്ട് വെട്ടിപ്പിനെപ്പറ്റിയും ഒരക്ഷരം മിണ്ടുന്നില്ല.
വർഗീയ വിഷം പരത്തുന്നതിന് വെള്ളാപ്പള്ളിക്ക്
വെള്ളാപ്പള്ളി വിളമ്പിയ വർഗീയ വിഷത്തെപ്പറ്റി വിലയിരുത്തിയിരിക്കുന്നത് സാമാന്യ ബുദ്ധിയെപോലും ചോദ്യംചെയ്യുംവിധമാണ്. അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽനിന്നും ഉണ്ടായ മുസ്ലീംവിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന ‘തോന്നൽ’ (!) പ്രത്യേകിച്ച്, ന്യൂനപക്ഷ വിഭാഗങ്ങളിൽ രൂപപ്പെട്ടുവെന്നും ഇതിനെ ദൂരീകരിക്കുന്നതിൽ പോരായ്മ ഉണ്ടെന്നുമാണ് കണ്ടെത്തൽ. പ്രതിരോധിച്ചില്ല എന്നല്ല, ‘തോന്നൽ’ ദൂരീകരിക്കാത്തതിൽ പോരായ്മ ഉണ്ടത്രേ. ഈ തോന്നൽ എങ്ങനെയാണ് ഉണ്ടായത്? മലപ്പുറം ജില്ലയിൽ ഇതര മതസ്ഥർക്ക് ഭയത്തോടെ മാത്രമേ ജീവിക്കാൻ കഴിയൂ എന്നും അവിടെ മുസ്ലീം ആധിപത്യമാണെന്നുമാണ് വെള്ളാപ്പള്ളി വിഷം ചീറ്റിയത്. അവിടെ സാമൂഹ്യനീതി നിഷേധിക്കപ്പെടുകയാണെന്ന് അയാൾ ആരോപിച്ചു. എല്ലാ മതസ്ഥരും ഉയർന്ന സാംസ്കാരിക ഐക്യത്തോടെ സഹവർത്തിക്കുന്ന മലപ്പുറം നിവാസികളെയാകെ ഈ ജല്പനങ്ങൾ മുറിവേൽപ്പിച്ചു. തിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും എൽഡിഎഫ് തോറ്റത് ഈ ‘തോന്നലി’ന്റെ ഫലമായിട്ടായിരുന്നു. മുൻകാലങ്ങളിൽ എൽഡിഎഫിന് സീറ്റുകൾ ഉണ്ടായിരുന്ന ജില്ലയാണ് മലപ്പുറം. സംഘപരിവാർ ശക്തികളടക്കം ഇത്രയും കാലം നടത്തിയ കുത്തിത്തിരിപ്പുകൾക്കുശേഷവും കേരളത്തിൽ അവശേഷിക്കുന്ന നന്മകൾക്ക് നേരെയുള്ള ഈ വാളോങ്ങലിനേക്കാൾ ഇടതു പുരോഗമന വിശ്വാസികളെ കൂടുതൽ വേദനിപ്പിച്ചത് പിണറായി വിജയനും സിപിഐ(എം)ഉം വെള്ളാപ്പള്ളിയെ വെള്ളപൂശാൻ എടുത്ത നിലപാടുകളായിരുന്നു. ഇത്ര വ്യക്തമായ മുസ്ലീം വിരുദ്ധതയെ, ‘വെള്ളാപ്പള്ളി മുസ്ലീമിനെതിരെയല്ല, മുസ്ലീം ലീഗിനെതിരെയാണ് പറഞ്ഞത്’ എന്ന് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്. ആ വെള്ളാപ്പള്ളി എല്ലാക്കാലവും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു എന്നും എസ്എൻഡിപി യോഗത്തിന്റെ ഐശ്വര്യമാണെന്നും ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെയും ദർശനങ്ങളെയും പ്രായോഗിക പ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പറയുന്നിടത്താണ് കേരളത്തിനുനേരെ പിണറായി ചെയ്യുന്ന പാതകം വ്യക്തമാവുന്നത്. ഇതൊക്കെ ന്യൂനപക്ഷങ്ങളിൽ മാത്രമല്ല, കേരളീയരുടെയാകെ മനസ്സിലുണ്ടാക്കിയ വേദന വെറും ‘തോന്നൽ’ മാത്രമാണെന്നും അത് ദൂരീകരിക്കാനുള്ള വിദ്യ കണ്ടെത്തണമെന്നുമാണ് സിപിഐ(എം) സ്വന്തം അണികളോട് പറയുന്നത്. വെള്ളാപ്പള്ളിയെ സിപിഐ(എം) ന്യായീകരിക്കുക മാത്രമല്ലല്ലോ ചെയ്തത്. സമാനമായ മുസ്ലീം വിരുദ്ധ പ്രസ്താവനകൾ സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, മറ്റ് ഉന്നത നേതാക്കളായ എ.കെ.ബാലൻ, സജി ചെറിയാൻ തുടങ്ങിയവരും നടത്തിയിരുന്നു. പിണറായി വിജയൻ തന്നെ, ആസൂത്രിതമായി നടത്തിയ പത്രസമ്മേളനത്തിലൂടെ ദേശീയതലത്തിൽ മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ, വ്യക്തമായ ഒരു സന്ദേശം നൽകാൻ പാർട്ടി ഔദ്യോഗികമായി തന്നെ തീരുമാനിച്ചിരുന്നു എന്ന് കാണാം. ചിലരിൽ ഉളവാക്കുന്ന ആ ‘തോന്നൽ’ വോട്ട് രാഷ്ട്രീയത്തിൽ ലാഭമുണ്ടാക്കുമെന്ന് അവർ കരുതി. വോട്ട് ചെയ്ത ജനങ്ങളും സ്വന്തം അണികളും സിപിഐ(എം) നേതൃത്വത്തെപ്പോലെ അധഃപതിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഫലമാണ് തിരഞ്ഞെടുപ്പിൽ നാം കണ്ടത്.
ഏതൊരു വ്യാധിയുടെയും ചികിത്സയ്ക്ക് ഒന്നാമതായി വേണ്ടത് തങ്ങൾക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുക എന്നതാണ്. രോഗനിർണയം ശരിയായെങ്കിൽ മാത്രമേ ശരിയായ ചികിത്സയിലേക്ക് കടക്കാനാവു. ഇപ്പോൾ സിപിഐ(എം) ലക്ഷ്യമിടുന്നത് വോട്ട് കുറഞ്ഞതിന്റെ കാരണം കണ്ടെത്തുകയും അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. അതിനപ്പുറം അവർക്ക് മറ്റു വിശാലമായ താല്പര്യങ്ങളെപ്പറ്റി പര്യാലോചിക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് കഴിഞ്ഞകാല ചരിത്രം വ്യക്തമാക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും അനുഷ്ഠാനംപോലെ നടക്കുന്ന തെറ്റുതിരുത്തൽ അഭ്യാസങ്ങൾ യാതൊരു ഫലവും ചെയ്യുന്നില്ല എന്നാണ് ആ തെറ്റുകൾ ആവർത്തിക്കുന്നു എന്നത് തെളിയിക്കുന്നത്.
സിപിഐ(എം) ചെയ്തുകൂട്ടുന്ന തെറ്റുകളുടെ സ്വഭാവം നിർണയിക്കുക എന്നതാണ് പ്രധാനം. പിആർ വർക്ക് ഏശുന്നില്ല എന്നതുപോലുള്ള ലളിതമായ കാര്യങ്ങളല്ല, മറിച്ച്, “ഏറ്റവും ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കുന്ന പാർലമെന്ററി രാഷ്ട്രീയ അധികാരഘടനയുടെ – എസ്റ്റാബ്ലിഷ്മെന്റിന്റെ-അവിഭാജ്യ ഭാഗമായി മാറിക്കൊണ്ട് സിപിഐ-സിപിഐ(എം) കക്ഷികൾ വലതുപക്ഷമായി മാറിയിരിക്കുന്നു എന്നതാണ് സംസ്ഥാനം ദർശിക്കുന്ന അപചയത്തിന്റെ മുഖ്യകാരണം. തിരഞ്ഞെടുപ്പും പാർലമെന്ററി അധികാരവുമല്ലാതെ മറ്റൊരു ലക്ഷ്യവും ഇന്ന് അവർക്കില്ല. ഏതെങ്കിലും ആദർശത്തോടുള്ള പ്രതിബദ്ധതയുടെ കണികപോലും അവരെ നയിക്കുന്നില്ല. അറപ്പുളവാക്കുന്ന അവസരവാദത്തെയും രാഷ്ട്രീയ സദാചാരരാഹിത്യത്തെയും പ്രായോഗിക രാഷ്ട്രീയ കണക്കുകൂട്ടൽകൊണ്ട് ന്യായീകരിക്കുന്നു. ഒരു കക്ഷി എതിർചേരിയിലായിരിക്കുമ്പോൾ ചെകുത്താനും സ്വന്തം ചേരിയിലാകുമ്പോൾ മാലാഖയുമാകുന്ന നിലപാട്, ഒന്നോ രണ്ടോ സീറ്റിന്റെ വിജയത്തിനുവേണ്ടി മാത്രമുള്ള ഇരട്ടത്താപ്പാണ്. ദശാബ്ദങ്ങളായി തുടരുന്ന അവസരവാദനിലപാടുകളുടെ ദുർഗന്ധം നിറഞ്ഞ ചരിത്രത്തിന്റെ ഏറ്റവുമൊടുവിൽ, പറഞ്ഞതും ചെയ്തതുമെല്ലാം വിഴുങ്ങി, കേരള കോൺഗ്രസിനെ സ്വന്തം പാളയത്തിലെത്തിച്ചു. നിരവധിയായ ഇത്തരം ചെയ്തികൾ രാഷ്ട്രീയമണ്ഡലത്തിലും ജനങ്ങളുടെ മനോഭാവത്തിലും സൃഷ്ടിക്കുന്ന അപചയം വരുംനാളുകളിൽ തിരിച്ചടിക്കുമെന്ന ബോധം പോലും ഇക്കൂട്ടർക്ക് ഇല്ലാതായി.”(യൂണിറ്റി, ജൂലൈ 2024)
സിപിഐ(എം) ചെന്നെത്തിയ പതനത്തെയും അത് കേരളത്തിന്റെ ഇടത് പുരോഗമന മനസ്സാക്ഷിയിൽ വരുത്തുന്ന അളവറ്റ ഹാനിയെയും സംബന്ധിച്ചും അതു പരിഹരിക്കാൻ സ്വീകരിക്കേണ്ട പ്രക്രിയയെ സംബന്ധിച്ചും ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്ന നിലയിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) എല്ലാ അവസരങ്ങളിലും പാർട്ടി മുഖപത്രത്തിന്റെ താളുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. അവ ഒരാവർത്തി കൂടെ വായിക്കണമെന്ന് സിപിഐ(എം)ലെ സാധാരണ പ്രവർത്തകരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തെറ്റ് തിരുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണെങ്കിൽ അതിന് അവ പ്രയോജനപ്പെടും. ഈ അവസരത്തിൽ, മഹാനായ മാർക്സിസ്റ്റ് ആചാര്യനും എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷ്, തെറ്റുകളുടെ സ്വഭാവം നിർണയിക്കുന്നതിനെ സംബന്ധിച്ച് നൽകിയ വിലപ്പെട്ട പാഠങ്ങളിൽനിന്ന് ഒരു ഭാഗം ഇവിടെ ചേർക്കുന്നു.
“…തെറ്റുകൾ രണ്ടുതരമുണ്ടെന്നു മനസ്സിലാക്കണം. ശരിയായ മാർക്സിസ്റ്റ് വീക്ഷണവും വിശകലനരീതിയും പ്രയോഗപദ്ധതിയും ഗ്രഹിക്കാൻ പാടെ പരാജയപ്പെടുന്നതിൽനിന്ന് ഉത്ഭവിക്കുന്നതാണ് ഒരു തരത്തിൽപ്പെട്ട തെറ്റ്. ഇത് രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ മാത്രമല്ല, ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ശരിയായി പ്രയോഗിക്കുന്നതിലുള്ള പരാജയത്തിനിടയാക്കുന്നു. തത്ഫലമായി ഒരു പ്രത്യേക വിപ്ലവത്തിന്റെ ഘട്ടമെന്തെന്ന് നിർണ്ണയിക്കുന്നതിൽ, അതിന്റെ അടവും തന്ത്രവും നിർണ്ണയിക്കുന്നതിൽ പരാജയം സംഭവിക്കുന്നു. ഇത്തരം പിശക് പാർട്ടിയുടെ വർഗ്ഗസ്വഭാവവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതാണ്.
രണ്ടാമത്തെ തരത്തിൽപ്പെടുന്നത് മാർക്സിസ്റ്റ് വീക്ഷണത്തിന്റെയും വിശകലന രീതിയുടെയും പ്രയോഗപദ്ധതിയുടെയും കാര്യത്തിൽ അടിസ്ഥാനപരമായി ശരിയായിരിക്കെത്തന്നെ, മതിയായ അറിവും അനുഭവവും ഉൾക്കാഴ്ചയും ഇല്ലാത്തതുകൊണ്ട് ഒരു പ്രത്യേക സാഹചര്യത്തെ ശരിയായി വിശകലനം ചെയ്യുന്നതിലും മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒരു നിശ്ചിത സാഹചര്യത്തിൽ ശരിയായി പ്രയോഗിക്കുന്നതിലും സംഭവിക്കുന്ന പിശകാണ്.”
“…പാർട്ടിയുടെ വർഗ്ഗസ്വഭാവം ആദ്യം പറഞ്ഞതരം പിശകുമായാണ്, അതായത് ശരിയായ മാർക്സിസ്റ്റ് വീക്ഷണവും വിശകലനരീതിയും പ്രയോഗപദ്ധതിയും സ്വായത്തമാക്കുന്നതിൽ വരുത്തുന്ന പരാജയവുമായാണ്, നേരിട്ടും അഭേദ്യമായും ബന്ധപ്പെട്ടിരിക്കുന്നത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പദാവലി ഉപയോഗിച്ചുകൊണ്ട് സ്വയം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആയി പ്രഖ്യാപിച്ച ഒരു പാർട്ടി വിവിധ മേഖലകളിൽ ശരിയായ മാർക്സിസ്റ്റ് വീക്ഷണവും വിശകലനരീതിയും പ്രയോഗപദ്ധതിയും സ്വായത്തമാക്കുന്നതിൽ പരാജയപ്പെട്ടാൽ, മാർക്സിസം-ലെനിനിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കൊടിപിടിച്ചുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ, അന്യവർഗ്ഗ വീക്ഷണവും വിശകലനരീതിയും പ്രയോഗപദ്ധതിയുമായിരിക്കും യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുക. അതിനാൽ ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം തെറ്റ് ഏറ്റുപറയുന്നതുകൊണ്ടുമാത്രം കാര്യമായില്ല, തെറ്റുകളുടെ സ്വഭാവം നിർണ്ണയിക്കുക എന്നതാണ് സുപ്രധാനമായ കാര്യം. (സഖാവ് ശിബ്ദാസ് ഘോഷ് ‘ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) മാത്രമാണ്, എന്തുകൊണ്ട്?’ എന്ന കൃതിയിൽ നിന്നും).
ചുരുക്കത്തിൽ, സിപിഐ(എം) തിരുത്തിയില്ലെങ്കിലും ജനങ്ങൾ തെറ്റുതിരുത്തി; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം നൽകിയെന്ന വലിയ തെറ്റ്. പകരംവരുന്ന യുഡിഎഫ് ഭരണം പ്രശ്നപരിഹാരമോ എന്തെങ്കിലും ആശ്വാസംപോലുമോ ആകണമെന്നില്ല. ചുരുങ്ങിയ നാളുകൾകൊണ്ട് അത് ജനങ്ങൾക്ക് മനസ്സിലായിക്കൊണ്ടിരിക്കുകയുമാണ്. എങ്കിലും ഒരു ഗവൺമെന്റിന്റെ പാതകങ്ങൾ തുടരാൻ അനുവദിക്കാനാകില്ല. പകരംവരുന്നവരുടെ ചെയ്തികളെ വിമർശനാത്മകമായി വീക്ഷിക്കുകയും തെറ്റുകൾക്കെതിരെ കർശന നിലപാടെടുക്കുകയും മാത്രമേ തത്കാലം നിവർത്തിയുള്ളു. അടിസ്ഥാനപരമായ സാമൂഹ്യ പരിവർത്തനമാണ് ശാശ്വതപരിഹാരമെന്നതുകൊണ്ടുതന്നെ ആ ലക്ഷ്യത്തിലേക്ക് എല്ലാ പ്രതിഷേധങ്ങളെയും പ്രചാരണങ്ങളെയും കോർത്തിണക്കാൻ കഴിയണം. പ്രതിഷേധങ്ങൾ താത്കാലിക ലക്ഷ്യങ്ങളിൽ ഒതുങ്ങിപ്പോകരുത്. തെറ്റുകൾ ഇടതെന്ന് അവകാശപ്പെടുന്നവരുടേതാകുമ്പോൾ കർശനമായ നിലപാടുകൾ ആവശ്യമായിവരും എന്ന കാര്യവും ഓർക്കണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യത തകർക്കുന്ന ചെയ്തികൾ സാമൂഹ്യപരിവർത്തനത്തിനായുള്ള പോരാട്ടങ്ങൾക്കുമുന്നിൽ വലിയ പ്രതിബന്ധം സൃഷ്ടിക്കും. പിന്തിരിപ്പൻ ശക്തികളുടെ വളർച്ചയ്ക്ക് കളമൊരുക്കും. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ സിപിഐ(എം) വിമർശനത്തിന് ഇങ്ങനെയൊരു സദുദ്ദ്യേശംകൂടിയുണ്ടെന്ന് ഓർക്കുക.
