നോയിഡയിലെ നിർഭയമായ തൊഴിലാളി പ്രക്ഷോഭം

noida.jpg
Share

കഴിഞ്ഞ ഏപ്രിൽ 13ന്, ഉയർന്ന വേതനം, മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷ എന്നിവ ആവശ്യപ്പെട്ട് യുപിയിലെ വ്യവസായ കേന്ദ്രമായ നോയിഡയിലെ വിവിധ സ്ഥലങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ സ്വമേധയാ തെരുവിലിറങ്ങി. റിച്ച ഗ്ലോബൽ എക്സ്പോർട്ട്സ്, മദർസ, കെന്റ് ആർഒ, ഡിക്സ ടെക്നോളജീസ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികൾ നടത്തിയ ഈ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

ഫെബ്രുവരി ആദ്യം, ബീഹാറിലെ ബറൗണിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) എണ്ണ ശുദ്ധീകരണശാലയിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികളും ഫെബ്രുവരി അവസാനം ഹരിയാനയിലെ പാനിപ്പത്തിലെ ഐഒസിഎല്ലിലെ ഏകദേശം 30,000 ജീവനക്കാരും സമാനമായ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കി. ഏതാണ്ട് ഇതേ സമയത്തുതന്നെ ഗുജറാത്തിലെ ഹസിറയിലുള്ള ആർസലർ മിത്തൽ നിപ്പോ സ്റ്റീൽ (എഎം/എൻഎസ്) പ്രോജക്ട് സൈറ്റിലെ ലാർസൻ ആൻഡ് ടൂബ്രോ (എൽ&ടി)യിലെ അയ്യായിരം കരാർ തൊഴിലാളികൾ ഇതേ ആവശ്യങ്ങളുന്നയിച്ച് ജോലി നിർത്തിവച്ച് വീറുറ്റ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. 2025 ജനുവരി ആദ്യം എൽ&ടി ചെയർമാൻ എസ്.എൻ.സുബ്രഹ്‌മണ്യൻ, ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ ജീവനക്കാർ കാണിക്കുന്ന വിമുഖതയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ആഴ്ചയിൽ 90 മണിക്കൂർ ജോലി വേണമെന്ന് ശക്തമായി വാദിക്കുകയും ചെയ്ത കാര്യം ഓർമ്മിക്കേണ്ടതാണ്.

നോയിഡ പ്രക്ഷോഭം

മറ്റൊരു സവിശേഷത, ചെറിയ വേതനത്തിലും പിഎഫ്, ഇഎസ്‌ഐ മുതലായവയുടെ ആനുകൂല്യങ്ങളില്ലാതെയും വൻതോതിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നു എന്നതാണ്. നിയമം ലംഘിച്ച്, പ്രധാന ജോലികളിൽ പോലും ഈ കാഷ്വൽ തൊഴിലാളികളെ നിയമിക്കുന്നു. അതിനാൽ, വ്യവസായസ്ഥാപനങ്ങളിൽ അപകട സാധ്യത വളരെ കൂടുതലാണ്. വസ്ത്ര കയറ്റുമതി വ്യവസായത്തിലെയും ഓട്ടോമൊബൈൽ പാർട്‌സ് നിർമ്മാണ വ്യവസായത്തിലെയും 40,000ത്തിലധികം കരാർ തൊഴിലാളികളുടെ നോയിഡയിലെ പണിമുടക്ക്, തൊഴിലാളി സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ ഏറ്റവും പുതിയ പൊട്ടിത്തെറിയായിരുന്നു.
പ്രതിഷേധിക്കുന്ന തൊഴിലാളികൾ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടത് തൊഴിലുടമയിൽനിന്ന് മാത്രമല്ല, സംസ്ഥാന സർക്കാരിൽനിന്നും കൂടി ആയിരുന്നു. സംഘടിത വ്യവസായത്തിലെ അധ്വാനത്തിന്റെ മൂല്യം നിർണ്ണയിക്കുമ്പോൾ ചെയ്യേണ്ട കാര്യം ഓരോ അഞ്ച് വർഷത്തിലും അടിസ്ഥാന ശമ്പളത്തിന്റെ പരിഷ്‌ക്കരണമാണ്.  1948ലെ മിനിമം വേതന നിയമപ്രകാരമുള്ള ഈ നിർദ്ദേശം പുതിയ ലേബർ കോഡിലും (കോഡ് ഓൺ വേജസ്, 2019) നിലനിർത്തിയിട്ടുണ്ട്.
എന്നാൽ ആ നിയമപരമായ വ്യവസ്ഥ അംഗീകരിക്കുതിനുപകരം, യുപി സർക്കാർ തൊഴിലാളികളെ നിയമലംഘകർ എന്നും കുറ്റവാളികൾ എന്നും മുദ്രകുത്തി. സംസ്ഥാന തൊഴിൽ മന്ത്രി ഈ പ്രതിഷേധത്തെ പാകിസ്ഥാന്റെ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചു. സമാധാനപരമായി സമരം ചെയ്ത പ്രതിഷേധക്കാർക്കെതിരെ പോലും പോലീസ് ബലപ്രയോഗം നടത്തിയെന്നും നേതാക്കളെ അറസ്റ്റ് ചെയ്‌തെന്നും ആരോപിക്കപ്പെട്ടു. ലാത്തി ചാർജുകൾ, വ്യാപകമായ അറസ്റ്റുകൾ, സമരക്കാരെ മാത്രമല്ല, അനുഭാവികളെയും സംഘാടകരെയും തടങ്കലിലാക്കുക, തുടങ്ങിയ കർശന പോലീസ് നടപടികളായിരുന്നു യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.  കലാപം, അക്രമം എന്നി കുറ്റങ്ങൾ ചുമത്തി 396ലധികം പേരെ അറസ്റ്റ് ചെയ്തു; പലരും ഫാക്ടറി തൊഴിലാളികളായിരുന്നില്ല, മറിച്ച് പ്രേരണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു. ആയിരക്കണക്കിന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തുകൊണ്ട്, യൂണിയൻ അംഗങ്ങളെയും, അഭിഭാഷകരെയും, അനുഭാവികളെയും പോലും പോലീസ് ലക്ഷ്യം വച്ചു. ട്രേഡ് യൂണിയനുകളുടെ ഓഫീസുകൾ വളഞ്ഞു, എഐയുടിയുസി ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. സിവിൽ സമൂഹങ്ങൾ പ്രതിഷേധിക്കാൻ മുന്നോട്ടുവരാതിരിക്കാനും തൊഴിലാളികളെ പിന്തുണയ്ക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യാതിരിക്കാനും, യുപി എസ്‌ടിഎഫും നോയിഡ പോലീസും  നടപടികളെടുത്തു. ജംഷെഡ്പൂർ എൻഐടിയിൽ നിന്നുമുള്ള ഒരു ബിടെക് ബിരുദധാരിയെ തൊഴിലാളികൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്രചാരകരെ കുറ്റവാളികളോ തീവ്രവാദികളോ ആണെന്ന രീതിയിൽ,  അറസ്റ്റ് ചെയ്യുതിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ജനങ്ങളെ കബളിപ്പിക്കാൻവേണ്ടി, കരാറുകാരെ നിരീക്ഷിക്കുന്നതിലും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടതിന് 24 ഫാക്ടറികളെ ഭരണകൂടം കരിമ്പട്ടികയിൽ പെടുത്തി, വേതനവും മറ്റ് മാനദണ്ഡങ്ങളും ലംഘിച്ചതിന് 203 കരാറുകാരുടെ ലൈസൻസ് റദ്ദാക്കി, പ്രാരംഭ അന്വേഷണങ്ങൾക്ക് മറുപടി നൽകാത്തതിന് 43 പേർക്ക് നോട്ടീസ് നൽകി, തൊഴിലാളികളുടെ ശമ്പളവും ബോണസും നൽകുന്നതിൽ വീഴ്ച വരുത്തിയവർക്ക് 1.16 കോടി രൂപയുടെ റിക്കവറി നോട്ടീസ് നൽകി. എന്നാൽ എല്ലാ തലങ്ങളിലും ഫാക്ടറി ഉടമകൾ ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെ അപേക്ഷിച്ച് ഈ നടപടികൾ വളരെ നിസ്സാരമായിരുന്നു. എന്നിരുാലും, ഈ ഫാക്ടറികളിൽ നടക്കുന്ന നിർദ്ദിഷ്ട ചട്ടങ്ങളുടെ വലിയ തോതിലുള്ള ലംഘനങ്ങൾ ഈ നടപടിയിലൂടെ വെളിച്ചത്തുവന്നു. പ്രക്ഷോഭത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന്, സംസ്ഥാന സർക്കാർ, വേതനം വർദ്ധിപ്പിക്കാൻ നിർബന്ധിതരായി എത് ശ്രദ്ധേയമാണ്.

വേദാന്ത തെർമൽ പവർ പ്ലാന്റ് സ്‌ഫോടനം

ആരോപണങ്ങൾ അടിസ്ഥാനരഹിതമല്ല. ജോലിസ്ഥലത്ത് പതിവ് അറ്റകുറ്റപ്പണികളുടെ അഭാവംമൂലം തൊഴിലാളികളുടെ ജീവൻ എത്രത്തോളം അപകടത്തിലാകുമെന്ന് ഛത്തീസ്ഗഢിലെ, ശക്തി ജില്ലയിലെ, സിംഗിതരായ് വേദാന്ത തെർമൽ പവർ പ്ലാന്റ് ബോയിലർ സ്‌ഫോടനത്തിൽ ഇരുപതിലധികം തൊഴിലാളികൾ അടുത്തിടെ മരിച്ചതിലൂടെ വ്യക്തമായി തെളിയിക്കപ്പെടുന്നു. ഈ സാഹചര്യത്തിലും, നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നതിലെ അനാസ്ഥ കുറ്റകരമാണ്. എല്ലാത്തരം ഫാക്ടറികളുടെയും സുരക്ഷാ നടപടികൾ പതിവായി പരിശോധിക്കേണ്ടവരാണ് തൊഴിൽ ഉദ്യോഗസ്ഥർ. നാല് തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ നിലവിൽ വന്നതോടെ, നിയമപരമായ ഉത്തരവുകൾ പാലിക്കുതിൽ കൂടുതൽ അയവുണ്ടായിരിക്കുന്നു. സുരക്ഷാ നടപടികളുടെ പരിശോധന വെറും ഔപചാരികതയായി ചുരുങ്ങി. തൊഴിൽ നിയമങ്ങളെ കാറ്റിൽപ്പറത്തിയിട്ടും, പ്രതിഷേധിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള തൊഴിലാളികളുടെ കഷ്ടപ്പെട്ട് നേടിയ അവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുന്നു. എന്നുമാത്രമല്ല തൊഴിലുടമകൾ തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ അപകടസാധ്യതകളിലേക്ക് തള്ളിവിടുന്നു. തൽഫലമായി, വലിയ നിർമ്മാണ വ്യവസായങ്ങൾ, കെമിക്കൽ വ്യവസായങ്ങൾ, താപവൈദ്യുത നിലയങ്ങൾ മുതൽ അനധികൃത പടക്ക ഫാക്ടറികൾ വരെ, തൊഴിലാളികളുടെ സുരക്ഷ വളരെയധികം അപകടത്തിലാണ്.  
2018ൽ തമിഴ്‌നാട്ടിലെ ഒരു തുറമുഖ നഗരമായ തൂത്തുക്കുടിയിലെ താമസക്കാർ, ഈ വേദാന്ത ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലൈറ്റ് ചെമ്പ് പ്ലാന്റ് വായു മലിനീകരണവും ഭൂഗർഭജല മലിനീകരണവും ഉൾപ്പെടെയുള്ള പരിസ്ഥിതി നാശത്തിന് കാരണമാകുന്നുണ്ടെന്ന് നിരന്തരം ആരോപിച്ചിരുന്നു. 1995ൽ നിർദ്ദേശിക്കപ്പെട്ട അന്നുമുതൽ 400,000 ടൺ ശേഷിയുള്ള പ്ലാന്റ് വിവാദത്തിലായിരുന്നു. സ്റ്റെർലൈറ്റിനെ തിരായ പ്രതിഷേധത്തിന്റെ 100 ദിനങ്ങൾ ആഘോഷിക്കാൻ നാട്ടുകാർ തെരുവിലിറങ്ങിയപ്പോൾ, പോലീസ് അവരുടെമേൽ അഴിച്ചുവിട്ട ആക്രമണം കാരണം മാസങ്ങളോളം സമാധാനപരമായി നടത്തിയ പ്രകടനങ്ങൾ അക്രമാസക്തമായി. പോലീസ് പ്രതിഷേധക്കാർക്കുനേരെ വെടിയുതിർക്കുകയും 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതിനെ ന്യായീകരിക്കാൻ പോലീസും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അനിയന്ത്രിതമായ ജനക്കൂട്ടം എന്ന് വ്യാഖ്യാനിച്ചു. ക്രൂരമായ പോലീസ് നടപടി ദേശീയ പ്രതിഷേധത്തിന് കാരണമായി, പലരും സംഭവത്തെ കൊലപാതകമെന്ന് വിളിച്ചു. വർദ്ധിച്ചുവരുന്ന പൊതുജന സമ്മർദ്ദത്തെത്തുടർന്ന്, മൂന്ന് ദിവസത്തിനുശേഷം പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന ഉദ്യോഗസ്ഥർ ഉത്തരവിട്ടു. വാസ്തവത്തിൽ, വാതക ചോർച്ച, വായു മലിനീകരണം, ഭൂഗർഭജല മലിനീകരണം തുടങ്ങിയവ കാരണം പ്ലാന്റ് പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടിവന്ന നാലാമത്തെ സംഭവമാണിത്. എന്നിട്ടും, അധികാരത്തിലുള്ളവരുമായുള്ള അടുപ്പം കാരണം വേദാന്ത ഗ്രൂപ്പ് എല്ലാ ശിക്ഷാ നടപടികളിൽനിന്നും രക്ഷപ്പെട്ടു.

കൂടുതൽ ഇരുണ്ട സത്യങ്ങൾ പുറത്തുവരുന്നു

മിനിമം വേതന നിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, അതിൽ രണ്ട് ഘടകങ്ങളുണ്ട്, അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (സാധാരണയായി വിലക്കയറ്റത്തിനനുസരിച്ച് ക്രമീകരിക്കുതിന് വർഷത്തിൽ രണ്ടുതവണ പരിഷ്‌കരിക്കുന്നു). 2021നും 2026നും ഇടയിൽ, വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക ഏകദേശം 25% വർദ്ധിച്ചു. ക്ഷാമബത്ത നേരിയ തോതിൽ വർദ്ധിച്ചെങ്കിലും, അടിസ്ഥാന വേതനം വർഷങ്ങളോളം സ്തംഭനാവസ്ഥയി ലായിരുന്നു, ഫലത്തിൽ ഇത് തൊഴിലാളികളുടെ ക്രയശേഷി കുറച്ചു. എന്നാൽ മിക്ക സംസ്ഥാനങ്ങളും അടിസ്ഥാന വേതനം വർഷങ്ങളോളം പരിഷ്‌കരിക്കുന്നില്ല. അടിസ്ഥാന വേതനം അവസാനമായി പരിഷ്‌കരിച്ചത് 2015ൽ ഹരിയാനയിലും 2014ൽ യുപിയിലും ആണ്. ഐഎൽഒ, ആർബിഐ, അസിം പ്രേംജി ഇൻസ്റ്റിറ്റ്യൂട്ട് (സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ടുകൾ) എന്നിവയുടെ വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, കോർപ്പറേറ്റ് ലാഭക്ഷമതയും സ്തംഭനാവസ്ഥയിലോ കുറയുന്നതോ ആയ യഥാർത്ഥ വേതനവും തമ്മിലുള്ള വിടവ്, പ്രത്യേകിച്ചും ഉൽപ്പാദനമേഖലയിൽ, വർദ്ധിച്ചു വരുന്നതായാണ്.   1980കളിൽ, തൊഴിലാളികളുടെ വേതനം മൊത്തം മൂല്യവർദ്ധനവിന്റെ ഏകദേശം 30% ആയിരുന്നു, കോർപ്പറേറ്റ് ലാഭം ഏകദേശം 15-20% മാത്രമായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച വാർഷിക വ്യവസായ സർവേ 2021-2024 കാണിക്കുന്നത് കോർപ്പറേറ്റ് ലാഭ വിഹിതം 50% കവിഞ്ഞിരിക്കുന്നു എന്നാണ്, അതേസമയം വേതന വിഹിതം ഏകദേശം 10 മുതൽ 12% വരെ കുറഞ്ഞു, ഇത് ഏറ്റവും താഴ്ന്ന നിലയിലാണ്. കൂടാതെ, ശരാശരി പണപ്പെരുപ്പം കണക്കാക്കുമ്പോൾ പലപ്പോഴും ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ വിഭാഗങ്ങളിലെ വിലക്കയറ്റം ഉൾക്കൊള്ളുന്നതിൽ പരാജയപ്പെടുന്നു. എന്നിട്ടും യഥാർത്ഥ വേതനം കുറയുന്നതായിട്ടാണ് കണക്കുകകളെല്ലാം പറയുന്നത്.
അടുത്തത് ജോലി സാഹചര്യമാണ്. 2026 ഏപ്രിലിൽ വടക്കേ ഇന്ത്യയിൽ താപനില 42ൽ എത്തുമ്പോൾ, നിർബന്ധിത 12 മണിക്കൂർ ഷിഫ്റ്റുകൾ ശാരീരികമായി അസഹനീയമായിത്തീർന്നു. ബാഹ്യമായി നിശ്ചയിക്കപ്പെട്ട ജോലി വേഗം (ക്വാട്ടകൾ/യന്ത്രങ്ങളുടെ വേഗത) തൊഴിലാളികളെ ശാരീരിക പരിധികൾക്കപ്പുറത്തേക്ക് തള്ളിവിടുന്നു, ഇത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും, തളർച്ചയ്ക്കും മറ്റും കാരണമാകുമെന്നും  ഗവേഷകർ അഭിപ്രായപ്പെട്ടു. തൊഴിലുടമകളുടെ ലാഭം പരമാവധിയാക്കുതിനായി, തൊഴിലാളികൾക്ക് നേരത്തേ ഉണ്ടായിരുന്ന മിനിമം അവകാശങ്ങൾ സംരക്ഷിച്ചിരുന്ന നിയമങ്ങളെ സർക്കാരുകൾ നിർവീര്യമാക്കി. 29 തൊഴിൽ നിയമങ്ങൾ നാല് തൊഴിൽ ചട്ടങ്ങളാക്കി ഒരുമിപ്പിച്ചതിലൂടെ തൊഴിലാളികൾക്കുള്ള ഏറ്റവും അടിസ്ഥാനപരമായ നിയമ സംരക്ഷണം തകർക്കപ്പെട്ടു.
പുതിയ തൊഴിൽ നിയമത്തിൽ, സർക്കാർ അനുമതിയില്ലാതെ ഫാക്ടറികൾ തൊഴിലാളികളെ പിരിച്ചുവിടാനുള്ള പരിധി 100 തൊഴിലാളികളിൽ നിന്ന് 300 ആയി ഉയർത്തി. ഇത് വലിയ തൊഴിലുടമകൾക്ക് തൊഴിൽ സുരക്ഷയെ അവഗണിക്കാനും, ജോലിക്കാരെ യഥേഷ്ടം നിയമിക്കാനും പിരിച്ചുവിടാനുമുള്ള  ലൈസൻസ് നൽകുകയും ചെയ്യുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം ദുരിതമനുഭവിക്കുന്ന തൊഴിലാളെ നിശ്ശബ്ദരാക്കുന്നു. തൊഴിലിടത്തെ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെ പ്രതിദിന തൊഴിൽ സമയം 12 മണിക്കൂറായി വർദ്ധിപ്പിച്ചു. ആഴ്ചയിലെ പരിധി 48 മണിക്കൂറായി തുടരുമ്പോൾ, ഫാക്ടറി നിയമപ്രകാരം മുമ്പ് നിയമവിരുദ്ധമായിരുന്ന കഠിനമായ ദൈനംദിന ഷെഡ്യൂളുകൾക്ക് ഇത് നിയമസാധുത നൽകുന്നു.

നോയിഡ പ്രക്ഷോഭത്തിലേക്ക് തിരിച്ചുവന്നാൽ

തൊഴിലാളി സമരത്തെത്തുടർന്ന് ഫാക്ടറികൾക്കും കോണ്ട്രാക്ടർമാർക്കും നേരെ നോയിഡ ഭരണകൂടം സ്വീകരിച്ച നിർബന്ധിത നടപടി, 29 കേന്ദ്ര നിയമങ്ങളിൽ നിന്ന് നാല് ഏകീകൃത കോഡുകളിലേക്കുള്ള മാറ്റം ഗുരുതരമായ ഭരണപരമായ വീഴ്ചകളാൽ കളങ്കിതമായിരിക്കുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നു. അന്തർസംസ്ഥാന അസമത്വം തടയുതിനായി വേതന കോഡ് ഒരു ‘ദേശീയ മിനിമം വേതനം’ വ്യവസ്ഥ ചെയ്യുുന്നുണ്ടെങ്കിലും, അതിന്റെ നടപ്പാക്കൽ വളരെ അസ്ഥിരവും പൊരുത്തക്കേടുള്ളതുമായി തുടരുന്നു. ഹരിയാന-യുപി വേതന വ്യത്യാസം നോയിഡയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി. നോയിഡയിലെ ഫാക്ടറികളിലെ 80%ത്തിലധികം തൊഴിലാളികളും കരാർ തൊഴിലാളികളോ അനൗപചാരിക തൊഴിലാളികളോ ആണ്. കോഡുകൾ അവർക്ക് സാമൂഹ്യ സുരക്ഷ നൽകേണ്ടതായിരുന്നു, എന്നാൽ ഡെലിവറി സംവിധാനങ്ങൾ (സാമൂഹ്യ സുരക്ഷാ ഫണ്ട് പോലുള്ളവ) കടലാസിൽ മാത്രം ഒതുങ്ങുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ലേബർ കോഡുകൾ നടപ്പിലാക്കുന്നത് എവിടെ എത്തിനിൽക്കുന്നു? ശിക്ഷവിധിക്കുന്ന ഇൻസ്‌പെക്ടറിൽനിന്ന് ഫെസിലിറ്റേറ്ററിലേക്കുള്ള മാറ്റം നിയമങ്ങൾ നടപ്പാക്കലിന്റെ അഭാവത്തിലേക്ക് നയിച്ചു. നിയമഭയം ഇല്ലാത്തതിനാൽ ശുദ്ധമായ കുടിവെള്ളം, ഇരട്ടി നിരക്കിലുള്ള ഓവർടൈം വേതനം, ആഴ്ചതോറുമുള്ള അവധികൾ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പതിവായി നിഷേധിക്കപ്പെടുന്നുണ്ടെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു.

പുതിയ തൊഴിൽ നിയമങ്ങൾ പൂർണ്ണമായും തൊഴിലാളി വിരുദ്ധം

പുതിയ നിയമങ്ങൾ പണിമുടക്കിന് 60 ദിവസത്തെ നോട്ടീസ് കാലാവധി നിർബന്ധമാക്കുന്നു. ഒപ്പം, അനുരഞ്ജന നടപടികൾക്കിടെ പണിമുടക്കുകൾ നിരോധിക്കുകയും ചെയ്യുന്നു. ഇത് നിയമപരമായ പണിമുടക്ക് മിക്കവാറും അസാധ്യമാക്കുന്നു. എന്നാൽ ഇത് തൊഴിലാളികളെ പ്രതിഷേധിക്കുന്നതിൽനിന്ന് തടയുമോ? ഇല്ല! തൊഴിലുടമകൾ തൊഴിലാളികളുടെ അവസാന തുള്ളി രക്തംവരെ പിഴിഞ്ഞെടുക്കുകയും പ്രതിഷേധശബ്ദം ഉയർത്താനുള്ള ഏറ്റവും കുറഞ്ഞ അവകാശംപോലും നിഷേധിക്കുകയും ചെയ്യുന്നിടത്തോളം, ഒരു രാജ്യത്തെയും ഒരു നിയമത്തിനും തൊഴിലാളികളുടെ പ്രതിഷേധത്തെ വളരെക്കാലം തടഞ്ഞുനിർത്താൻ കഴിയില്ല.

തൊഴിലാളി പ്രസ്ഥാനം സംഘടിതവും പ്രബുദ്ധവും സുസ്ഥിരവും ശരിയായ നേതൃത്വത്തിന് കീഴിലുമായിരിക്കണം

തൊഴിലാളികളെ സംഘടിതവും അച്ചടക്കമുള്ളതും നേർദിശയിലുള്ളതുമായ പ്രതിഷേധങ്ങൾക്കായി ബോധവൽക്കരിക്കുന്നതിലും, എല്ലാത്തരം ചൂഷണങ്ങൾക്കു മെതിരെ കൂട്ടായ വിലപേശലുകളുടെയും പണിമുടക്കുകളുടെയും മാർഗങ്ങൾ ഉപയോഗിച്ച് ഒരു സംഘടിതശക്തി സൃഷ്ടിക്കുന്നതിലും തൊഴിലാളി യൂണിയനുകളുടെ പങ്ക് നിർണായകമാണ്. അസംഘടിതവും നേതൃത്വമില്ലാത്തതും സ്വയമേവയുള്ളതുമായ പൊട്ടിത്തെറികളെ തകർക്കാൻ എളുപ്പമാണെന്ന് ഭരണകുടത്തിന് അറിയാം. എന്നാൽ ഉയർന്ന സംസ്‌കാരത്തിലും ധാർമ്മികതയിലും ശരിയായ വിപ്ലവ നേതൃത്വത്തിലും അധിഷ്ഠിതമായ ഒരു സംഘടിത തൊഴിലാളിവർഗ പ്രസ്ഥാനത്തെ അടിച്ചമർത്തുക അത്ര എളുപ്പമല്ല. തൊഴിലാളികളുടെ അവബോധം വളർത്തുന്നതിനും, ഫാക്ടറി തലത്തിൽ തൊഴിലാളികളുടെ സ്വന്തം കമ്മിറ്റികൾ രൂപീകരിക്കുതിലൂടെ ജനാധിപത്യപരമായ നിരന്തര സമരങ്ങൾക്ക് തൊഴിലാളി പ്രസ്ഥാനത്തെ പ്രാപ്തരാക്കുന്നതിനുംവേണ്ടി പൊരുതുന്ന യഥാർത്ഥ ഇടതുപക്ഷ ട്രേഡ് യൂണിയന്റെ വിപ്ലവകരമായ പങ്ക് ഇവിടെയാണ് പ്രസക്തമാകുന്നത്. ഭരണവർഗം തൊഴിലാളികളെ അടിച്ചമർത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും, ക്രൂരമായ ചൂഷണം തുടർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ കൂടുതൽ ശക്തമായ പ്രതിരോധത്തെ നേരിടേണ്ടി വന്നുവെന്നും ആത്യന്തികമായി വിപ്ലവങ്ങളിലേക്ക് നയിച്ചുവെന്നും ചരിത്രം തെളിയിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ രൂപത്തിൽ പ്രത്യക്ഷ്യപ്പെടുന്ന ഈ പ്രതിഷേധങ്ങൾ അതിന്റെതന്നെ സൂചനകളാണ്, മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യപ്പെടുന്ന ജനസമൂഹത്തിന് ഇത് ഒരു പ്രതീക്ഷയുടെ കിരണം കൂടിയാണ്.

Share this post

scroll to top