പശ്ചിമ ബംഗാൾ : ബിജെപിയെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കപ്പെട്ടതെങ്ങനെ?

WBengal-Election.jpg
Share

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാമെങ്കിലും, ആഴത്തിൽ വിശകലനം ചെയ്താൽ ഇങ്ങനെയൊരു ഫലം തികച്ചും പ്രവചനാതീതമായിരുന്നില്ലെന്ന് മനസ്സിലാക്കാം.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) അതിരുകടന്ന അഴിമതി, വിവിധ തട്ടിപ്പുകൾ, പിടിച്ചുപറി, കമ്മീഷൻ പിരിവ്, പൊതുമുതൽ കൊള്ളയടിക്കൽ എന്നിവയിൽ ജനങ്ങൾ വളരെ അസംതൃപ്തരായിരുന്നു. ഇതിനുപുറമേ, പ്രാദേശിക തലം വരെയുള്ള പാർട്ടി നേതാക്കളുടെ അപ്രമാദിത്വം, അനധികൃത ഭൂമി കൈയേറ്റം, റിയൽ എസ്റ്റേറ്റ് സിൻഡിക്കേറ്റുകളുടെ പ്രവർത്തനം, തണ്ണീർത്തടങ്ങൾ നികത്തിയുള്ള കെട്ടിട നിർമ്മാണം തുടങ്ങിയവയും ജനങ്ങളെ പ്രകോപിപ്പിച്ചു. തെരുവുകച്ചവടക്കാർ, റിക്ഷാ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവർക്കുപോലും തങ്ങളുടെ തൊഴിൽ ചെയ്യുന്നതിനായി ഭരണകക്ഷിയിലെ പ്രമാണിമാർക്ക് മാസപ്പടി നൽകേണ്ടിവന്നു.
എംഎൽഎമാർ, പഞ്ചായത്ത്-മുനിസിപ്പാലിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ധാർഷ്ട്യം അസഹനീയമായിരുന്നു. ഒരു റസിഡന്റ്സ് സർട്ടിഫിക്കറ്റോ സ്വഭാവ സർട്ടിഫിക്കറ്റോ ട്രേഡ് ലൈസൻസോ ലഭിക്കുന്നതിനോ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡോ റേഷൻ കാർഡോ വാങ്ങുന്നതിനുപോലുമോ കൈക്കൂലി കൊടുക്കാതെ സാധ്യമല്ലെന്ന അവസ്ഥയായിരുന്നു. പോലീസ് ഭരണസംവിധാനം മന്ത്രിമാരുടെ മാത്രമല്ല, ടിഎംസിയിലെ ചെറുകിട നേതാക്കളുടെപോലും ആജ്ഞാനുവർത്തികളായി അധഃപതിച്ചു.

സ്കൂൾ നിയമന അഴിമതിയാണ് ടിഎംസിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. കോടതി ഇടപെടലിനെത്തുടർന്ന് ഇരുപത്തയ്യായിരത്തിലധികം അധ്യാപക- അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് റദ്ദാക്കപ്പെട്ടത്. വൻ തുക കൈക്കൂലി വാങ്ങി, യോഗ്യരായ ഉദ്യോഗാർത്ഥികളുടെ പേരുകൾ വെട്ടിമാറ്റി ആയിരക്കണക്കിന് അയോഗ്യരായ ആളുകൾക്ക് നിയമനം നൽകിയതായി കണ്ടെത്തുകയുണ്ടായി. മന്ത്രിമാർ മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും വരെ ഈ അഴിമതിയിൽ പങ്കാളികളായിരുന്നു. ടിഎംസിയിൽ മമത ബാനർജിക്ക് തൊട്ടുതാഴെ രണ്ടാമനായിരുന്ന മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയുടെ കൂട്ടാളിയുടെ പക്കൽനിന്നും കോടിക്കണക്കിന് രൂപയും സ്വർണ്ണവും പിടിച്ചെടുത്തതോടെ ഈ അഴിമതി പകൽപോലെ വ്യക്തമാവുകയും അദ്ദേഹം ജയിലിലാവുകയും ചെയ്തു. ടിഎംസി ഭരണകാലത്ത് ഭക്ഷ്യമന്ത്രി ഉൾപ്പെടെ മറ്റ് മൂന്ന് മന്ത്രിമാർ കൂടി വിവിധ അഴിമതി ആരോപണങ്ങളിൽ അറസ്റ്റിലായി. ഇതിനുപുറമേ, കന്നുകാലി കടത്ത്, കൽക്കരി-മണൽ മാഫിയ എന്നിവയുമായുള്ള ബന്ധത്തെത്തുടർന്ന് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ടിഎംസിയുടെ പ്രാദേശിക ‘ഗുണ്ടകളും’ കസ്റ്റഡിയിലായി.


ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകൾ തകർത്തതോടെ സ്കൂൾ നിയമന  അഴിമതി എന്നത് കേവലമൊരു ആരോപണമെന്നതിനപ്പുറം ജനങ്ങൾ അനുഭവിച്ചറിഞ്ഞ ഒരു ദുരിതമായി മാറി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പാവപ്പെട്ട ജനങ്ങൾക്കിടയിലെ അതൃപ്തി കൂടുതൽ തീക്ഷ്ണമാക്കി. കൂടാതെ, സർക്കാർ സ്കൂൾ വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ച, പതിനൊന്നായിരത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടിയത്, ആരോഗ്യരംഗത്തെ അഴിമതി, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ വിവേചനരഹിതമായ സ്വകാര്യവൽക്കരണം എന്നിവയും ടിഎംസി ഭരണത്തിനെതിരെയുള്ള ജനരോഷം വർദ്ധിപ്പിച്ചു.
അഴിമതി ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനായി, ക്ഷേമപദ്ധ തികളിലും നേരിട്ടുള്ള ജനസമ്പർക്ക പരിപാടികളിലും സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിലും ടിഎംസി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ‘ലക്ഷ്മി ഭണ്ഡാർ,’ ‘കന്യാശ്രീ’ തുടങ്ങിയ പദ്ധതികൾക്ക് അവർ തുടർച്ചയായി നൽകിയ പ്രാധാന്യം ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ഇത്തരം ശ്രമങ്ങളെല്ലാം ഒടുവിൽ നിഷ്‌ഫലമായി കലാശിക്കുകയാണുണ്ടായത്.

2024 ആഗസ്റ്റ് 8ന് രാത്രി കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലെ 24 മണിക്കൂറും രോഗികൾ വന്നുപോകുന്ന എമർജൻസി ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽവെച്ച് ഒരു വനിതാ പിജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ ജനരോഷത്തിന് കാരണമായി. പ്രതികളെ സംരക്ഷിക്കുന്നതിനായി തെളിവുകൾ മൂടിവെക്കാൻ കോളേജ് അധികൃതരും, പ്രത്യേകിച്ച് അന്നത്തെ പ്രിൻസിപ്പലും അദ്ദേഹത്തിന്റെ കൂട്ടാളികളും പോലീസും കാണിച്ച അമിതാവേശം സംസ്ഥാനത്തെ മാത്രമല്ല, രാജ്യവ്യാപകമായും അന്തർദ്ദേശീയ തലത്തിലും ഉള്ള ജനങ്ങളുടെ മനസ്സാക്ഷിയെ വേദനിപ്പിച്ചു. ഈ ദാരുണമായ ബലാത്സംഗ-കൊലപാതക കേസ്, സർക്കാർ ആരോഗ്യവകുപ്പിൽ അഴിമതിയും സ്വജനപക്ഷപാതവും എത്രത്തോളം വ്യാപകമാണെന്ന് തുറന്നുകാട്ടുകയും ചെയ്തു.
ഏറ്റവും അപലപനീയമായ കാര്യം, ഈ ഭയാനകമായ കുറ്റകൃത്യത്തിലെ പ്രതികളെ സംരക്ഷിക്കാൻ ടിഎംസി നേതൃത്വം ശ്രമിക്കുകയും, അതേസമയം ഈ ക്രൂരതയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാരെ വേട്ടയാടാൻ നോക്കുകയും ചെയ്തു എന്നതാണ്. ഇതും ടിഎംസി സർക്കാരിനെതിരെ ജനങ്ങളിൽ അടിഞ്ഞുകൂടിയ അമർഷത്തിന് ആക്കം കൂട്ടി. അങ്ങനെ, ടിഎംസിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഉറപ്പിച്ച ജനങ്ങൾ, ഭരണവർഗം തന്ത്രപൂർവ്വം ഒരുക്കിയ ഇരുധ്രുവ രാഷ്ട്രീയ മത്സരത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഇത് ബിജെപിയോടുള്ള പ്രത്യയശാസ്ത്രപരമായ പിന്തുണ കൊണ്ടായിരുന്നില്ല, മറിച്ച് ‘നെഗറ്റീവ് വോട്ടിംഗ്’ (ഭരണകക്ഷിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനുള്ള വോട്ട്) ആയിരുന്നു.

മറുഭാഗത്താകട്ടെ, തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ടിഎംസിയെ തറപറ്റിക്കാൻ ബിജെപി പ്രയോഗിച്ച തന്ത്രങ്ങൾ വളരെക്കാലം മുൻപുതന്നെ മെനഞ്ഞതായിരുന്നു. ബിജെപിക്ക് അനുകൂലമായി ജനപിന്തുണ ഉറപ്പാക്കാൻ ആർഎസ്എസിന്റെ താഴേത്തട്ടിലുള്ള ശൃംഖല വലിയ രീതിയിൽ സജീവമാക്കപ്പെട്ടു. പ്രധാനമന്ത്രി മോദി മുതൽ പ്രതിരോധ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ദേശീയ അധ്യക്ഷൻ ഉൾപ്പെടെ നാൽപ്പതോളം വരുന്ന ബിജെപിയുടെ ‘താരപ്രചാരകരും’ കൃത്യമായ ഇടവേളകളിൽ ബംഗാളിൽ നിരന്തരം സന്ദർശനം നടത്തിക്കൊണ്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് നയിക്കുന്നതിനായി തുടർച്ചയായി 15 ദിവസത്തിലേറെയാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്തത്.
തിരഞ്ഞെടുപ്പ് അട്ടിമറികളും ക്രമക്കേടുകളും തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനും എന്ന വ്യാജേന, പോലീസ് ഭരണസംവിധാനം ആകെ പുനഃസംഘടിപ്പിക്കുകയും ബിജെപി അനുകൂലികളായ ഉദ്യോഗസ്ഥരെ എല്ലാ പ്രധാന തസ്തികകളിലും നിയമിക്കുകയും ചെയ്തു. ഇതിനുപുറമേ, സംസ്ഥാനത്തുടനീളം വിന്യസിച്ച രണ്ട് ലക്ഷത്തിലധികം വരുന്ന കേന്ദ്ര സേനാംഗങ്ങൾ ഫലത്തിൽ ബിജെപിയുടെ കാവൽപ്പടയാളികളെപ്പോലെയാണ് പ്രവർത്തിച്ചത്. ടിഎംസി അധ്യക്ഷ മത്സരിച്ച ഭവാനിപൂർ ഉൾപ്പെടെയുള്ള പല വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ബലമായി തടസ്സപ്പെടുത്തുകയും, കൗണ്ടിംഗ് ഏജന്റുമാരെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ ക്രോഡീകരിക്കുന്നതിനുപകരം ബിജെപി പ്രതിനിധികൾ നിർദ്ദേശിക്കുന്ന നമ്പറുകൾ ഫലപ്പട്ടികയിൽ രേഖപ്പെടുത്താൻ വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. നഗ്നമായ തിരഞ്ഞെടുപ്പ് അട്ടിമറിയല്ലാതെ മറ്റെന്താണിത്?


ഇതിനുപുറമേ, മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചാരണം അതിന്റെ പരകോടിയിലെത്തിക്കുകയും, രണ്ട് കോടിയിലധികം അനധികൃത ബംഗ്ലാദേശി മുസ്ലീങ്ങളും റോഹിംഗ്യകളും സംസ്ഥാനത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്ന അടിസ്ഥാനരഹിതമായ പ്രചാരണം ഈ വർഗീയ നീക്കങ്ങൾക്ക് ആക്കം കൂട്ടാൻ ഉപയോഗിക്കുകയും ചെയ്തു. ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കാൻ ലക്ഷ്യമിട്ട് ബിജെപി തങ്ങളുടെ അങ്ങേയറ്റത്തെ വർഗീയ ഹിന്ദുത്വ അജണ്ടയെ ആശ്രയിച്ചപ്പോൾ, ടിഎംസിയും ഹിന്ദു വികാരങ്ങളെ സ്വാധീനിക്കാൻ മൃദു ഹിന്ദുത്വ രാഷ്ട്രീയമാണ് പയറ്റിയത് എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. ഇതിന്റെ ഭാഗമായി പൊതുഖജനാവിൽ നിന്ന് 250 കോടി രൂപ ചെലവഴിച്ച് ദിഗയിൽ ഒരു കൂറ്റൻ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചു. സിലിഗുരിയിലെ മാറ്റിഗാരയിൽ ‘മഹാകാൽ മഹാതീർത്ഥ’ എന്ന പേരിൽ ഒരു വലിയ ക്ഷേത്രസമുച്ചയവും, കൊൽക്കത്തയിൽ ‘ദുർഗ്ഗാ അങ്കണം’ എന്ന പേരിൽ ഒരു വലിയ ദുർഗ്ഗാ ക്ഷേത്ര സമുച്ചയവും നിർമ്മിക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്തത്, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വോട്ടർമാരിൽ വലിയൊരു വിഭാഗത്തെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം നടത്തിയ ‘പ്രത്യേക തീവ്രമായ വോട്ടർപട്ടിക പുതുക്കൽ’(SIR) പ്രക്രിയയായിരുന്നു. മാസങ്ങൾ നീണ്ടുനിന്ന വിവാദപരമായ ഈ എസ്‌ഐആർ പ്രക്രിയയുടെ ഒടുവിൽ, സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് 91 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെടുകയും വോട്ടർമാരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടാവുകയും ചെയ്തു. ‘യൂണിറ്റി’ ഇതിനകം വിശദമായി ചർച്ച ചെയ്തതുപോലെ, സങ്കീർണ്ണവും വ്യാജവുമായ കാരണങ്ങൾ ഉന്നയിച്ച്, ഹിയറിംഗ് പ്രക്രിയകൾക്കുശേഷവും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടു. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുകൂടി, ഭരണകക്ഷിയായ ബിജെപിയുടെ ഒരു പോഷകസംഘടനയെപ്പോലെ പ്രവർത്തിക്കുകയും എസ്‌ഐആർ പ്രക്രിയയെ പൂർണ്ണമായി സ്വാധീനിക്കുകയുംചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷനുമാത്രം അറിയാവുന്ന കാരണങ്ങളാലാണ് ഈ പേരുകൾ വെട്ടിമാറ്റപ്പെട്ടത്.
അങ്ങനെ, എസ്ഐആർ (SIR) സംസ്ഥാനത്തുടനീളമുള്ള വോട്ടർമാരുടെ ഘടനയെ നിശ്ശബ്ദമായി പുനഃക്രമീകരിച്ചു. ഫെബ്രുവരിയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോഴേക്കും, ‘യുക്തിസഹമായ പൊരുത്തക്കേട്’ (Logical Discrepancy) എന്നൊരു പുതിയ പദം പ്രയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധനയ്ക്കായി മാറ്റിവെച്ചിരുന്ന 27.16 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിരുന്നു. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അപ്പീലുകൾ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച 19 അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ മുൻപാകെ കെട്ടിക്കിടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നത്. തന്മൂലം, യോഗ്യരായ നിരവധി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായിരുന്നു.


ബിജെപിയുടെ ഈ വൻ വിജയത്തിന് പല കാരണങ്ങളും നിരത്താനുണ്ടാകാം. ടിഎംസിയുടെ അതിരുകടന്ന അഴിമതിക്കെതിരെ ജനങ്ങൾക്കിടയിലുണ്ടായ വർദ്ധിച്ചുവരുന്ന അമർഷം, ഭിന്നിച്ചുപോയ പ്രതിപക്ഷ വോട്ടുകൾ, വർഗീയ ധ്രുവീകരണത്തിലൂടെയുള്ള ഹിന്ദു വോട്ടുകളുടെ ഏകീകരണം എന്നിവയെല്ലാം അതിൽ ചിലതാണ്. എന്നാൽ ഇവയെല്ലാം തന്നെ എസ്ഐആർ (SIR) പ്രക്രിയയ്ക്ക് മുന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എടുത്തുപറയേണ്ട കാര്യം, ബിജെപി വിജയിച്ച 82 മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണം അവരുടെ വിജയമാർജിനേക്കാൾ കൂടുതലായിരുന്നു എന്നതാണ്. ഇതിൽ 70 സീറ്റുകളും ടിഎംസിയിൽ നിന്ന് ബിജെപി പിടിച്ചെടുത്തവയാണ്. നിലവിൽ ഭരണവർഗത്തിലെ കുത്തകമുതലാളിമാരുടെ ഏറ്റവും വിശ്വസ്തരായ രാഷ്ട്രീയ മാനേജരായി മാറിയ ബിജെപിയോട് തിരഞ്ഞെടുപ്പ് അധികൃതർ കാണിച്ച ഈ ഭരണപരമായ ഒത്തുകളിയാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രകടമായ ഘടകം.


എന്നാൽ മറ്റെല്ലാ ചോദ്യങ്ങൾക്കുമുപരിയായി നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തമായ കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ, എങ്ങനെയാണ് ഇപ്പോൾ തീവ്ര വലതുപക്ഷ വർഗീയ ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ഏകാധിപത്യ സർക്കാർ അധികാരത്തിൽ വന്നത്? ബിജെപിക്ക് പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ വഴിയൊരുക്കിയത് ടിഎംസി ആണെന്നാണ് സിപിഐ(എം) നേതൃത്വം അവകാശപ്പെടുന്നത്. ടിഎംസിയും ബിജെപിയും തമ്മിൽ രഹസ്യക്കച്ചവടം ഉണ്ടെന്നൊരു സിദ്ധാന്തം പോലും അവർ പ്രചരിപ്പിക്കുകയുണ്ടായി.

സ്വാതന്ത്ര്യസമര കാലത്ത്, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിഐ), നാഷണൽ കോൺഗ്രസിന്റെ ഗാന്ധിയൻ നേതൃത്വം പ്രോത്സാഹിപ്പിച്ചിരുന്ന ഹിന്ദു മതവിശ്വാസത്തിലധിഷ്ഠിതമായ ദേശീയതയ്ക്കെതിരെ പോരാടിയില്ല. പകരം, അവർ അതിന് പരോക്ഷമായി കൂട്ടുനിൽക്കുകയാണ് ചെയ്തത്. രണ്ടാമതായി, വർഗീയ സ്വഭാവമുള്ള ജനസംഘം കൂടെയുണ്ടെന്ന കാരണം പറഞ്ഞ് 1970കളിൽ ജെപി (ജയപ്രകാശ് നാരായണൻ) പ്രസ്ഥാനത്തിൽ പങ്കുചേരാൻ സിപിഐയോ സിപിഐ(എം)ഒ തയ്യാറായില്ല. എന്നാൽ, ജനസംഘം (ബിജെപിയുടെ മുൻഗാമി) കൂടി ഉൾപ്പെട്ട ജനതാ സഖ്യം 1977ൽ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചപ്പോൾ സിപിഐ(എം) അതിനെ ഒരു ‘സൗഹൃദ സർക്കാർ’ എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ജനതാ പാർട്ടിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ് 1977ൽ പശ്ചിമ ബംഗാളിൽ സിപിഐ(എം) തിരഞ്ഞെടുപ്പ് വിജയം നേടിയത്.


അതിനുശേഷം, 1989ൽ കേന്ദ്രത്തിലെ വി.പി.സിംഗ് സർക്കാരിനെ ബിജെപിക്കൊപ്പം ചേർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണച്ചത്. അന്നത്തെ സിപിഐ(എം) മുഖ്യമന്ത്രി ജ്യോതി ബസുവും ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയിയും കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് സംയുക്ത പൊതുസമ്മേളനം നടത്തുകപോലുമുണ്ടായി. ഇതെല്ലാം പശ്ചിമ ബംഗാളിൽ കാലുറപ്പിക്കാൻ ആർഎസ്എസ്-ബിജെപി സഖ്യത്തെ ഏറെ സഹായിച്ചു. തങ്ങളുടെ 34 വർഷത്തെ തടസ്സമില്ലാത്ത ഭരണകാലത്ത്, സിപിഐ(എം) ഇടതുപക്ഷവിരുദ്ധവും മുതലാളിത്ത അനുകൂലവുമായ നയങ്ങളാണ് ആവേശത്തോടെ പിന്തുടർന്നത്. പ്രൈമറി തലത്തിൽനിന്ന് ഇംഗ്ലീഷ് ഒഴിവാക്കുന്നതിനും എട്ടാം ക്ലാസ് വരെ പാസ്-ഫെയിൽ സമ്പ്രദായം നിർത്തലാക്കുന്നതിനും എതിരായ ചരിത്രപരമായ വിദ്യാഭ്യാസ സമരം, യാത്രാക്കൂലി വർദ്ധനവിനെതിരെയുള്ള സമരം, വിലക്കയറ്റത്തിനും നികുതിവർദ്ധനവിനും എതിരെയുള്ള സമരങ്ങൾ തുടങ്ങി നമ്മുടെ പാർട്ടി നേതൃത്വം നൽകിയ നിരവധി ന്യായമായ ജനാധിപത്യ സമരങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. എന്നാൽ തങ്ങളുടെ പക്കലുള്ള അടിച്ചമർത്തൽ സംവിധാനങ്ങളും ഗുണ്ടാപ്പടയെയും (Storm-troopers) ഉപയോഗിച്ച് സിപിഐ(എം) ഈ സമരങ്ങളെയെല്ലാം ക്രൂരമായി അടിച്ചമർത്തുകയാണ് ചെയ്തത്.

1990ൽ വിലക്കയറ്റ വിരുദ്ധ സമരത്തിനിടെ നമ്മുടെ പാർട്ടിയുടെ കൗമാരക്കാരനായ പ്രവർത്തകൻ മാധായ് ഹൽദറിനെ പോലീസ് വെടിവെച്ചുകൊന്നു. ഈ കൊലപാതകത്തെ ‘ഒരു സസ്യാഹാര പ്രസ്ഥാനത്തെ മാംസാഹാര പ്രസ്ഥാനമാക്കി മാറ്റാനുള്ള നടപടി’ എന്നാണ് അന്ന് ജ്യോതി ബസു വിശേഷിപ്പിച്ചത്. നമ്മുടെ ഇരുനൂറോളം നേതാക്കളും പ്രവർത്തകരുമാണ് സിപിഐ(എം) സർക്കാരിനാൽ കൊല്ലപ്പെട്ടത്. സമരങ്ങൾ പൊളിക്കാൻ സാമൂഹ്യവിരുദ്ധരെവരെ അവർ രംഗത്തിറക്കി. വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ, ആദ്യം സിംഗൂരിലും പിന്നീട് നന്ദിഗ്രാമിലും കർഷകരിൽനിന്ന് പൊന്നുവിളയുന്ന ഫലഭൂയിഷ്ഠമായ ഭൂമി ബലമായി പിടിച്ചെടുത്ത് ആഭ്യന്തര-വിദേശ കുത്തക കമ്പനികൾക്ക് കൈമാറാൻ ശ്രമിച്ചതോടെ ഇത് അതിന്റെ പരകോടിയിലെത്തി. പ്രതിരോധിച്ച കർഷകർക്കുനേരെ വെടിയുതിർത്തതിനുപുറമേ, സമരങ്ങളെ അടിച്ചമർത്താൻ ബലാത്സംഗവും കൂട്ടബലാത്സംഗവും ഒരു ആയുധമായി അവർ ഉപയോഗിച്ചു—രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ഒരു പ്രതിഭാസമായിരുന്നു അത്. ഇത്തരം വിഷയങ്ങൾക്കെതിരെ നടന്ന എല്ലാ ജനകീയ സമരങ്ങളുടെയും മുൻനിരയിൽ നമ്മുടെ പാർട്ടി ഉണ്ടായിരുന്നു.

ഇടതുപക്ഷവിരുദ്ധ നയങ്ങൾ പിന്തുടർന്നതിനെത്തുടർന്നും, സിപിഐ(എം) നേതൃത്വത്തിലുള്ള സർക്കാരിന്റെ ദുർഭരണത്തിനെതിരെ ഒന്നല്ലെങ്കിൽ മറ്റൊരു ജനകീയ സമരം ആഞ്ഞടിച്ചതിനാലും സിപിഐ(എം) എന്ന പാർട്ടി ജനങ്ങൾക്കിടയിൽ തികച്ചും അപ്രിയമായി മാറി. കോൺഗ്രസ് ഭരണവും സിപിഐ(എം) ഭരണവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്, പിടിച്ചുപറി, സ്വജനപക്ഷപാതം, വിവിധ കമ്മിറ്റികളിലും സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും സർക്കാർ സംവിധാനങ്ങളിലും പാർട്ടിയുടെ നോമിനികളെ തിരുകിക്കയറ്റൽ എന്നിവ സാധാരണ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായി.
സിപിഐ(എം) ഭരണകാലത്താണ് റിയൽ എസ്റ്റേറ്റ് സിൻഡിക്കേറ്റുകൾ ഉയർന്നുവന്നതും, പോലീസ് ഭരണസംവിധാനത്തിന്റെ നിഷ്പക്ഷത പൂർണ്ണമായി ഇല്ലാതാക്കി അതിനെ സർക്കാരിന്റെ ആജ്ഞാനുവർത്തികളാക്കി മാറ്റിയതും. ഈ രീതിയിൽ, സിപിഐ(എം) സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചു.
മുൻപ് അവർ പിന്തുടർന്നിരുന്ന നേരിയ ഇടതുപക്ഷ ചിന്താഗതികളിൽ നിന്ന് പോലും സിപിഐ(എം) നേതൃത്വം അതിവേഗം വ്യതിചലിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ട്, സഖാവ് ശിബ്‌ദാസ് ഘോഷ് 1969ൽ തന്നെ ഇപ്രകാരം മുന്നറിയിപ്പ് നൽകിയിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടതാണ്:
“…ജനസംഘത്തെപ്പോലെയുള്ള (ബിജെപിയുടെ മുൻഗാമി) മതമൗലികവാദികൾ ഇവിടെ അവസരം കാത്തുനിൽക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തോട് ജനങ്ങൾക്കുള്ള ആഭിമുഖ്യം എപ്പോൾ ഇല്ലാതാകുന്നുവോ, അപ്പോൾ അവർ പരസ്യമായി രംഗത്തുവരും. ഭരണകക്ഷിയായ സിപിഐ(എം) നേതാക്കൾ ഈ അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അതിന്റെ അന്തസ്സത്തയെയും കാറ്റിൽപ്പറത്തിക്കൊണ്ട്, കോൺഗ്രസ് ചെയ്തതുപോലെ വൻ പ്രസംഗങ്ങളും മധുരവാക്കുകളും പറഞ്ഞ് അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അവർ കമ്മ്യൂണിസത്തിന്റെ അന്തസ്സ് കെടുത്തുകയും അതിനെ അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.” (തിരഞ്ഞെടുത്ത കൃതികൾ വാല്യം III)

രണ്ടാമതായി, ഒരു യഥാർത്ഥ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിക്ക് ഒരു മുതലാളിത്ത (Bourgeois) വ്യവസ്ഥിതിയിൽ സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ, അത് മറ്റേതൊരു മുതലാളിത്ത പാർട്ടിയെയും പോലെയാണോ പ്രവർത്തിക്കുക? അത് വർഗ്ഗസമരങ്ങളെയും ജനകീയ പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുമോ, അതോ ക്രമസമാധാന പാലനത്തിന്റെ പേരുപറഞ്ഞ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ സംവിധാനങ്ങൾ ഉപയോഗിച്ച് ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുമോ? ഇക്കാര്യത്തിൽ മഹാനായ ലെനിൻ ഒരു മാർഗ്ഗരേഖ നൽകിയിട്ടില്ല എന്ന് നമ്മൾ ഒരിക്കൽ കൂടി ഓർക്കേണ്ടതുണ്ട്, കാരണം അദ്ദേഹത്തിന്റെ കാലത്ത് അങ്ങനെയൊരു സാഹചര്യം നിലവിലുണ്ടായിരുന്നില്ല.


1967ൽ ജനവിധിയിലൂടെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷ-ജനാധിപത്യ പാർട്ടികളുടെ ആദ്യത്തെ യുണൈറ്റഡ് ഫ്രണ്ട് (UF) സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു ചോദ്യം വളരെ ശക്തമായി ഉയർന്നുവന്നു: ഒരു മുതലാളിത്ത വ്യവസ്ഥിതിയിൽ ജനപക്ഷത്തുനിൽക്കുന്ന ഒരു സർക്കാർ ഭരണം നടത്തുമ്പോൾ പിന്തുടരേണ്ട മാർഗ്ഗരേഖ എന്തായിരിക്കണം? മാർക്സിസ്റ്റ് അപഗ്രഥന രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സഖാവ് ശിബ്‌ദാസ് ഘോഷ് ആണ് ആ മാർഗ്ഗരേഖ നൽകിയത്. ‘ന്യായമായ ജനാധിപത്യ ജനകീയ സമരങ്ങളിൽ പോലീസ് ഇടപെടാൻ പാടില്ല’എന്നത് യുണൈറ്റഡ് ഫ്രണ്ട് സർക്കാർ തങ്ങളുടെ നയമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളിവർഗ്ഗ അനുകൂലമായ ഈ നയത്തിന്റെ വിപ്ലവകരമായ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സഖാവ് ശിബ്‌ദാസ് ഘോഷ് പറഞ്ഞത്, ഇത് മുതലാളിത്തത്തിന്റെ അന്തിമമായ തകർച്ചയെന്ന ലക്ഷ്യത്തിലേക്കുള്ള ജനകീയ-വർഗ്ഗ സമരങ്ങളെ മുന്നോട്ട് നയിക്കുമെന്നാണ്. അതിലൂടെ, ഒരു മുതലാളിത്ത വ്യവസ്ഥിതിയിൽ രൂപീകരിക്കപ്പെടുന്ന യഥാർത്ഥ ജനപക്ഷ സർക്കാരിന്റെ അടിസ്ഥാന ഭരണവീക്ഷണം എന്തായിരിക്കണമെന്ന് ലോകമെമ്പാടുമുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്ക് അദ്ദേഹം കാണിച്ചുകൊടുത്തു. അത്തരം ഒരു സർക്കാർ, ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനുപകരം, ജനങ്ങളുടെ ന്യായമായ സമരങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും എല്ലാവിധ പ്രോത്സാഹനവും വിപുലമായ അവസരങ്ങളും നൽകും. ഉദ്യോഗസ്ഥ മേധാവിത്വത്തെ ആശ്രയിക്കുന്നതിനുപകരം, ജനങ്ങളുടെ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിപിഐ(എം)ഉം അവരുടെ സഖ്യകക്ഷികളും ഈ നയത്തോട് യോജിച്ചില്ല. അങ്ങനെയെങ്കിൽ, തങ്ങൾ മന്ത്രിസ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്നും യുണൈറ്റഡ് ഫ്രണ്ട് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും നമ്മുടെ പാർട്ടി എസ്‌യുസിഐ(സി) വ്യക്തമാക്കി. ഈ അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ സിപിഐ(എം) ഒടുവിൽ ഈ നിർദ്ദേശത്തിന് വഴങ്ങി; നമ്മുടെ പാർട്ടിക്ക് അത്ര വലിയ സ്വാധീനമില്ലാത്തതിനാൽ പ്രായോഗികമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അവരുടെ ധാരണ. അതുകൊണ്ടുതന്നെ, പാർട്ടിയെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താം എന്ന് കരുതി അവർ നിർണ്ണായകമായ തൊഴിൽ വകുപ്പ് നമുക്ക് നൽകി. സിപിഐ(എം)ഉം മറ്റുള്ളവരും തങ്ങളുടെ കീഴിലുള്ള മന്ത്രാലയങ്ങളിൽ ഈ നയം നടപ്പിലാക്കിയില്ല. എസ്‌‌യുസിഐ(സി)യുടെ ആദ്യ പൊളിറ്റ് ബ്യൂറോയിൽ അംഗമായിരുന്ന അന്തരിച്ച സഖാവ് സുബോധ് ബാനർജി മാത്രമാണ് തൊഴിൽ മന്ത്രി എന്ന നിലയിൽ ആ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇത് തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് വലിയൊരു ഉത്തേജനം നൽകുകയും ഭരണവർഗ്ഗമായ മുതലാളിത്തത്തെ പിടിച്ചുകുലുക്കുകയും ചെയ്തു. ഇതേത്തുടർന്ന്, സദാപിന്നിൽ നിന്ന് കരുക്കൾ നീക്കിയ ഭരണവർഗ്ഗം വെറും 7 മാസത്തിനുള്ളിൽ ആ സർക്കാരിനെ താഴെയിറക്കി. എന്നാൽ വിപ്ലവകരമായ ഒരു ഇടതുപക്ഷ വീക്ഷണം ഇല്ലാതിരുന്നതിനാൽ, സിപിഐ(എം)നോ സിപിഐക്കോ ഈ നയത്തിന്റെ വിപ്ലവകരമായ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. 1977ൽ പശ്ചിമ ബംഗാളിൽ സിപിഐ(എം) നേതൃത്വത്തിലുള്ള സർക്കാർ ഭരണം ഏറ്റെടുത്ത ശേഷം, എസ്‌യുസിഐ(സി) ഈ സർക്കാരിന്റെ ഭാഗമല്ലാത്തതിനാൽ ഇനിമുതൽ യാതൊരുവിധ അരാജകത്വവും കുഴപ്പങ്ങളും ഉണ്ടാകില്ലെന്ന് ജ്യോതി ബസു ഭരണവർഗ്ഗത്തിന് വ്യക്തമായ ഉറപ്പ് നൽകിയപ്പോൾ ഇത് വീണ്ടും തെളിഞ്ഞു. മാർക്സിസം-ലെനിനിസത്തിന്റെ ശരിയായ ഉൾക്കാഴ്ചയിലധിഷ്ഠിതമായ ‘വിപ്ലവ ഇടതുപക്ഷവും’, മാർക്സിസ്റ്റ് പദാവലികള്‍ ഉച്ചരിക്കുക മാത്രം ചെയ്യുന്ന ‘പരിഷ്കരണവാദ ഇടതുപക്ഷവും’ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇത് വ്യക്തമായി വരച്ചുകാട്ടുന്നു.


അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും അതിലൂടെ ബിജെപിക്ക് ബംഗാളിൽ സ്വാധീനമുറപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സിപിഐ(എം) നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല. തിരഞ്ഞെടുപ്പിൽ ടിഎംസിയെ പരാജയപ്പെടുത്താൻ വേണ്ടി പോലും, കഴിഞ്ഞ രണ്ടോ മൂന്നോ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐ(എം) നേതാക്കൾ തങ്ങളുടെ അണികളോട് ആവശ്യപ്പെടുകയുണ്ടായി. ‘ആദ്യം റാം, പിന്നെ ബാം’ (ആദ്യം രാമൻ, പിന്നെ ഇടതുപക്ഷം) എന്നതായിരുന്നു അവരുടെ നിലപാട്; അതായത് ആദ്യം ബിജെപി അധികാരം പിടിച്ചെടുക്കട്ടെ, പിന്നീട് അവർ ജനങ്ങൾക്കിടയിൽ അപ്രിയമാകുമ്പോൾ സിപിഐ(എം) വീണ്ടും ഭരണത്തിൽ തിരിച്ചെത്തും എന്നതായിരുന്നു ആ ചിന്താഗതി.

ലെനിനിസ്റ്റ് തത്വങ്ങൾ പാലിച്ച് തങ്ങളുടെ തെറ്റുകൾ പരസ്യമായി സമ്മതിക്കാനും, വലതുപക്ഷ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ഐക്യത്തോടെയുള്ള ശക്തമായ ഒരു ഇടതുപക്ഷ സമര ബദൽ കെട്ടിപ്പടുക്കാൻ മുന്നോട്ടുവരാനും പലവട്ടം നമ്മൾ സിപിഐ (എം)നോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അവരതിന് ഒട്ടും ചെവികൊടുത്തില്ല. പകരം, ഏതാനും സീറ്റുകൾക്കുവേണ്ടി അവർ കോൺഗ്രസുമായും, ഒരു ന്യൂനപക്ഷ മതസംഘടനയായ ഐഎസ്എഫുമായും കൈകോർത്തു. അതുകൊണ്ട് തന്നെ, ടിഎംസിയുടെ അഴിമതി നിറഞ്ഞ ഭരണത്തിൽ ജനങ്ങൾ മടുത്തപ്പോൾ, അവർക്ക് സിപിഐ (എം)നെ ഒരു ബദലായി കാണാൻ കഴിഞ്ഞില്ല. അവർ ബിജെപിക്ക് പിന്നിൽ അണിനിരക്കാൻ താല്പര്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ പോലും, തങ്ങൾക്ക് വിജയസാധ്യതയുണ്ടെന്ന് കരുതിയ ഏതാനും സീറ്റുകൾ ഒഴികെ മറ്റെല്ലായിടത്തും മമത ബാനർജിയെ പുറത്താക്കു കയെന്ന ലക്ഷ്യത്തോടെ സിപിഐ(എം) ബിജെപിക്ക് പിന്നിൽ തങ്ങളുടെ ശക്തി കേന്ദ്രീകരിച്ചതായാണ് റിപ്പോർട്ടുകൾ. അങ്ങനെ പശ്ചിമ ബംഗാൾ ഫലത്തിൽ ബിജെപിക്ക് ഒരു വെള്ളിത്താലത്തിലെന്നപോലെ വെച്ചുനീട്ടപ്പെടുകയാണുണ്ടായത്.

Share this post

scroll to top