ഡിജിറ്റൽ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ക്ലൗഡ് കമ്പ്യൂട്ടിങ്, ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ച ലോകമെമ്പാടും ഡാറ്റാ സെന്ററുകളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. വൻതോതിലുള്ള ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന ഈ കേന്ദ്രങ്ങൾ പലപ്പോഴും സാങ്കേതിക പുരോഗതിയുടെ പ്രതീകങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇവ സൃഷ്ടിക്കുന്ന ഗണ്യമായ പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. ഡാറ്റാ സെന്ററുകളുടെ വ്യാപനം പ്രകൃതി, പ്രകൃതിവിഭവങ്ങൾ, കാലാവസ്ഥ, സാധാരണ ജനങ്ങളുടെ ജീവിതം എന്നിവയിൽ ചെലുത്തുന്ന ആഘാതങ്ങളെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.
ഡാറ്റാ സെന്ററുകളുടെ വൻതോതിലുള്ള വൈദ്യുതി ഉപഭോഗമാണ് അവ സൃഷ്ടിക്കുന്ന ആഘാതങ്ങളിലെ ഒരു പ്രധാന വിഷയം. അവയിലെ സെർവറുകൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ വലിയ അളവിൽ ഊർജം ആവശ്യമാണ്. അതേസമയം, ഉപകരണങ്ങൾ അമിതമായി ചൂടാകുന്നത് തടയുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളും അധിക വൈദ്യുതി ഉപയോഗിക്കുന്നു. വലിയ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകൾക്ക് സാധാരണയായി 100 കണക്കിന് മെഗാവാട്ട് (MW) വൈദ്യുതി ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രവർത്തനങ്ങൾക്കായി രൂപകൽപ്പനചെയ്തിട്ടുള്ള ഡാറ്റാ സെന്ററുകൾക്ക് ഇതിലും വളരെ ഉയർന്ന വൈദ്യുതശേഷി ആവശ്യമായി വരാം. തുടർച്ചയായി 100 MW വൈദ്യുതി ആവശ്യമായ ഒരു ഡാറ്റാ സെന്റർ, പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു എന്ന് കണക്കാക്കിയാൽ, അത് പ്രതിവർഷം ഏകദേശം 87.6 കോടി യൂണിറ്റ് (876 GWh) വൈദ്യുതി ഉപയോഗിക്കുന്നു. ഐടി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിക്കു പുറമേ, ശീതീകരണ സംവിധാനങ്ങളും വൈദ്യുത വിതരണത്തിലുണ്ടാകുന്ന ഊർജ്ജനഷ്ടങ്ങളും മൊത്തം വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ പങ്കുവഹിക്കുന്നു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (International Energy Agency— IEA) കണക്കുകൾ പ്രകാരം, 2024ൽ ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗം ഏകദേശം 41,500 കോടി യൂണിറ്റ് (415 TWh) ആയിരുന്നു. പ്രത്യേകിച്ചും നിർമ്മിത ബുദ്ധിയുടെ ഉപയോഗം മൂലം കമ്പ്യൂട്ടിങ് ശേഷിക്കുള്ള ആവശ്യം വർധിച്ചുവരുന്നത് ഊർജ ഉപഭോഗം വൻതോതിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഈ വൈദ്യുതി കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളിൽനിന്നാണ് ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ, അത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർധിപ്പിക്കുകയും ആഗോളതാപനത്തിന്റെ വേഗം കൂട്ടുകയും ചെയ്യുന്നു.
ജല ഉപഭോഗവും മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഉപകരണങ്ങളെ തണുപ്പിക്കുന്നതിനായി പല ഡാറ്റാ സെന്ററുകൾക്കും വലിയ അളവിൽ വെള്ളം ആവശ്യമാണ്. ഇക്കാരണത്താൽ തന്നെ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കപ്പെടുന്നു. കുടിവെള്ളം, കൃഷി, മറ്റ് അവശ്യ ആവശ്യങ്ങൾ എന്നിവയെക്കാൾ വ്യാവസായിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുമ്പോൾ പ്രാദേശിക ജനവിഭാഗങ്ങളും കർഷകരും ആവാസവ്യവസ്ഥകളും ദുരിതത്തിലാകുന്നു. പ്രധാനമായും സെർവറുകളെ തണുപ്പിക്കുന്നതിനും അവയുടെ പ്രവർത്തനത്തിന് അനുയോജ്യമായ താപനില നിലനിർത്തുന്നതിനുമാണ് ജലം ഉപയോഗിക്കുന്നത്. കൂടാതെ, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ജലത്തിലൂടെയും ഡാറ്റാ സെന്ററുകൾ പരോക്ഷമായി ജലം ഉപഭോഗം ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെയും നിർമിതബുദ്ധിയുടെയും (Artificial Intelligence—AI) ആവശ്യകത വർധിച്ചുവരുന്നതിനനുസരിച്ച്, ഇവയുടെ ജല ഉപഭോഗം ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്നമായി മാറുകയാണ്. ഒരു ഡാറ്റാ സെന്റർ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് അതിന്റെ വലുപ്പം, തണുപ്പിക്കൽ സാങ്കേതികവിദ്യ, പ്രാദേശിക കാലാവസ്ഥ, വൈദ്യുതിയുടെ ഉറവിടം എന്നിവയെ ആശ്രയിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു. CEEW (Council on Energy Environment and Water) നടത്തിയ ഒരു പഠനം അനുസരിച്ച്, 100 മെഗാവാട്ട് ശേഷിയുള്ള ഒരു സാധാരണ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററിൽ, കൂളിംഗ് സംവിധാനത്തിനായി പ്രതിദിനം ഏകദേശം 20 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചേക്കാം. എന്നാൽ, കൂളിംഗ് സംവിധാനത്തിന്റെ രൂപകൽപ്പനയും പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളും അനുസരിച്ച് യഥാർഥ ജല ഉപഭോഗത്തിൽ ഗണ്യമായ വ്യത്യാസമുണ്ടാകാം. ഗൂഗിളിന്റെ 2025ലെ പരിസ്ഥിതി റിപ്പോർട്ടും ജല ഉപഭോഗത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പ്രകാരം, ഗൂഗിളിന്റെ ഡാറ്റാ സെന്ററുകൾ 2024ൽ ഏകദേശം 7.787 ബില്യൺ ഗാലൻ (29.5 ബില്യൺ ലിറ്റർ) ജലം ഉപയോഗിച്ചു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് ഡാറ്റാ സെന്ററുകൾ സ്ഥിതി ചെയ്യുന്നതെങ്കിൽ, അവയുടെ ജല ഉപഭോഗം ആ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കുന്നു.
ഡാറ്റാ സെന്ററുകൾ ഇലക്ട്രോണിക് മാലിന്യങ്ങളും സൃഷ്ടിക്കുന്നു. സെർവറുകൾ, വിവരസംഭരണ ഉപകരണങ്ങൾ, ബാറ്ററികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് പരിമിതമായ പ്രവർത്തന കാലയളവേയുള്ളൂ. അതിനാൽ, നിശ്ചിത കാലയളവിനുശേഷം അവ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇവ ശരിയായ രീതിയിൽ സംസ്കരിക്കാതിരുന്നാൽ മണ്ണിലേക്കും ജലത്തിലേക്കും അപകടകരമായ പദാർത്ഥങ്ങൾ കലരാൻ ഇടയാകും. കൂടാതെ, ഡിജിറ്റൽ ഉപകരണങ്ങളുടെ നിർമാണത്തിന് ആവശ്യമായ ധാതുക്കളും ലോഹങ്ങളും ഖനനം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.
ഡാറ്റാ സെന്ററുകളുടെ വ്യാപനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകേണ്ടതുണ്ട്. വൈദ്യുതി പ്രസരണ ശൃംഖലകൾ, ജലവിതരണ സംവിധാനങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഗണ്യമായ പൊതുഅടിസ്ഥാന സൗകര്യങ്ങൾ ഇത്തരം കേന്ദ്രങ്ങൾക്ക് ആവശ്യമായി വരാറുണ്ട്. പലപ്പോഴും പൊതുസമൂഹത്തിന്റെ താൽപര്യങ്ങളെ പാടെ അവഗണിച്ചുകൊണ്ടാണ് വികസനത്തിന്റെ മറവിൽ വൻകിട കമ്പനികൾക്ക് സർക്കാരുകൾ ഭൂമിയും നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. എന്നാൽ ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്നതായി അവകാശപ്പെടുന്ന സാമ്പത്തിക നേട്ടങ്ങളും തൊഴിലവസരങ്ങളും അവ ഉപയോഗിക്കുന്ന വിഭവങ്ങളുടെ അളവിന് ഒട്ടും ആനുപാതികമല്ല എന്നതാണ് യാഥാർത്ഥ്യം. ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനമായതിനാൽ, മറ്റ് പല വൻകിട വ്യവസായ സ്ഥാപനങ്ങളെയും അപേക്ഷിച്ച് ഇവയ്ക്ക് തൊഴിലാളികൾ വളരെ കുറച്ചേ ആവശ്യമായി വരാറുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം ‘വികസനങ്ങൾ’ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഒരു ഉയർച്ചയും സൃഷ്ടിക്കുന്നില്ല. മാത്രമല്ല ഈ ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പലപ്പോഴും ആ പ്രദേശത്തെ ദരിദ്ര ജനവിഭാഗങ്ങളെയാണ് കൂടുതലും ബാധിക്കുന്നത്.
ഇതിനർത്ഥം ഡിജിറ്റൽ സാങ്കേതികവിദ്യയോ ഡാറ്റാ സെന്ററുകളോ സ്വതവേ അഭികാമ്യമല്ലാത്തവയാണെന്നല്ല. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ശാസ്ത്രഗവേഷണം, ആശയവിനിമയം തുടങ്ങി നിരവധി മേഖലകളിൽ അവ നിർണായകമായ സേവനങ്ങൾ നൽകുന്നുണ്ട്. യഥാർത്ഥത്തിൽ പരിശോധിക്കേണ്ട ചോദ്യം അവയുടെ വ്യാപനം അനിവാര്യമാണോ, സുസ്ഥിരമാണോ, സാമൂഹ്യഉത്തരവാദിത്തത്തിന് വിധേയമാണോ എന്നതാണ്. സർക്കാരുകൾ കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ നടപ്പിലാക്കുകയും ഊർജ്ജത്തിന്റെയും ജലത്തിന്റെയും ഉപഭോഗത്തെക്കുറിച്ച് സുതാര്യമായ വിവരങ്ങൾ നിർബന്ധമായും നൽകുകയും വേണം. പുനരുപയോഗ ഊര്ജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വെള്ളം ലാഭിക്കുന്ന ശീതീകരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്തരവാദിത്തപൂർണമായ പുനഃചംക്രമണം ഉറപ്പാക്കുക എന്നിവയും ആവശ്യമാണ്. ഡാറ്റാ സെന്റർ പദ്ധതികൾക്ക് കർശനമായ പാരിസ്ഥിതിക-സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തണം. ഇത്തരം പദ്ധതികൾ ബാധിക്കുന്ന ജനവിഭാഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും വേണം.
ആത്യന്തികമായി, കമ്പ്യൂട്ടിങ് ശേഷി, ഡിജിറ്റൽ സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം സാങ്കേതിക പുരോഗതിയെ വിലയിരുത്താനാവില്ല. മനുഷ്യരുടെ ക്ഷേമം, സാമൂഹ്യ നീതി, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്ക് അത് നൽകുന്ന സംഭാവനകളും പുരോഗതിയുടെ മാനദണ്ഡങ്ങളായിരിക്കണം. യഥാർത്ഥത്തിൽ പുരോഗമനപരമായ ഒരു ഡിജിറ്റൽ സാങ്കേതികവിദ്യാ മുന്നേറ്റം പ്രകൃതിയുടെ പരിമിതികളെ മനസ്സിലാക്കുകയും, മനുഷ്യരുടെയും ഭൂമിയുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും വേണം. പക്ഷേ പരമാവധി ലാഭം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾ ആധിപത്യം പുലർത്തുന്ന മുതലാളിത്ത സമ്പദ്ഘടനയിൽ ഇത് തീർത്തും അവഗണിക്കപ്പെടുന്നു.
മുതലാളിത്ത വ്യവസ്ഥയിൽ, ജനങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം, ലാഭം പരമാവധിയാക്കുന്നതിനും മൂലധനസമാഹരണം നടത്തുന്നതിനുമാണ് പ്രധാനമായും സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ പലപ്പോഴും മൂലധനത്തിന്റെ താൽപ്പര്യങ്ങളാണ് നിർണായകമാകുന്നത്. അവയുടെ സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളേക്കാൾ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വിപണികൾ വികസിപ്പിക്കുന്നതിനും നിക്ഷേപത്തിൽനിന്നുള്ള ലാഭം പരമാവധിയാക്കുന്നതിനുമാണ് കൂടുതൽ ഊന്നൽ നൽകുന്നത്.
ഇതിന്റെ ഫലമായി, സാങ്കേതികവിദ്യയുടെ പുരോഗതി പലപ്പോഴും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണത്തിലേക്കും പരിസ്ഥിതിയുടെ നാശത്തിലേക്കും മലിനീകരണത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും ആവാസവ്യവസ്ഥകളുടെ തകർച്ചയിലേക്കും നയിക്കുന്നു. ഉൽപ്പാദനശേഷി വർധിപ്പിക്കുന്ന ഓട്ടോമേഷനും ഡിജിറ്റലൈസേഷനും തൊഴിൽനഷ്ടത്തിനും അസമത്വങ്ങൾ വളരുന്നതിനും സമ്പത്തും അധികാരവും ഒരു ചെറിയ വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനും കാരണമാകുന്നു. ലാഭം നേടുക എന്ന ലക്ഷ്യം മാത്രം പരിഗണിക്കുമ്പോൾ പരിസ്ഥിതിയിലും സാമൂഹ്യജീവിതത്തിലും സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.
അതിനാൽ, അടിസ്ഥാനപരമായ പ്രശ്നം സാങ്കേതികവിദ്യയുടെ വികാസത്തിലല്ല, മറിച്ച് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ലാഭത്തിന്റെ താല്പര്യത്തിന് കീഴ്പ്പെടുത്തുന്ന മുതലാളിത്ത വ്യവസ്ഥയിലാണ് നിലകൊള്ളുന്നത്. മൂലധനത്തിന്റെ സങ്കുചിത താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്നതിനുപകരം, സാങ്കേതികവിദ്യ മാനവരാശിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഉപയോഗിക്കപ്പെടേണ്ടത്.
