ദേശീയപാതയോരങ്ങളിലെ ഭൂമി മരവിപ്പിക്കൽ : ജനജീവിതം മരവിപ്പിക്കുന്ന സുപ്രീംകോടതി വിധി

NH-Slug.jpg
Share

ഏപ്രിൽ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാലവിധി രാജ്യത്തെ ദേശീയപാതകളുടെ ഓരങ്ങളിൽ താമസിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന കോടിക്കണക്കിന് ജനങ്ങളുടെ ശിരസ്സിൽ ഇടിത്തീയായി പതിച്ചിരിക്കുകയാണ്. വിധിപ്രകാരം ദേശീയപാതയോരങ്ങളിലെ ഭൂമിയിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കും.

ദേശീയപാതകളുടെ മധ്യത്തില്‍നിന്നും ഇരുവശങ്ങളിലും 40 മീറ്ററിനുള്ളില്‍ വീടുകള്‍ക്കും 75 മീറ്ററിനുള്ളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കുമുള്ള നിര്‍മ്മാണങ്ങള്‍ വിലക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ഒഴിച്ചിടുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നുമാത്രമല്ല, നിലവിലുള്ള നിര്‍മ്മിതികളുടെ കാര്യത്തില്‍ പുനരവലോകനം നടത്തണമെന്നുമാണ് കോടതിയുടെ ഉത്തരവ്. 2025 നവംബർ 2,3 തീയതികളിൽ രാജസ്ഥാനിലെ ഫലോഡിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമായി നടന്ന തുടർച്ചയായ വാഹനാപകടങ്ങളിൽ 34 ജീവനുകൾ പൊലിഞ്ഞ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വിധിയാണ് ഇന്ന് ഇന്ത്യയിലൊട്ടാകെ സാധാരണക്കാരുടെ മേലുള്ള ഭരണകൂട ഭീകരതയായി മാറിയിരിക്കുന്നത്.
കേരളത്തിലുള്ള 11 ദേശീയപാതകളിലായി ആകെ 1781 കിലോമീറ്റർ റോഡുകളാണുള്ളത്. പുതിയ നിർദ്ദേശം പാലിക്കുമ്പോൾ, 45 മീറ്റർ വീതിയുള്ള ഹൈവേകളിൽ റോഡിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും 52.5 മീറ്റർ വരെ ബഫർ സോൺ ആയി ഉപേക്ഷിക്കേണ്ടി വരും. ഈ നിയമം വഴി എൻഎച്ച് 66ന്റെ  ഇരുവശങ്ങളിലുമായി മാത്രം ഏകദേശം 16,734 ഏക്കർ ഭൂമി ഫ്രീസ് ചെയ്യപ്പെടും. എന്‍എച്ച് 66ന്റെ നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയില്‍നിന്നും ഭാഗികമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍, ഉള്ളിലേക്കുമാറ്റി പുനര്‍നിര്‍മ്മിച്ചവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതുക്കിയ നമ്പര്‍ നല്‍കുകയോ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുകയോ ചെയ്യുന്നില്ല. എൻഎച്ച് 66ൽ മാത്രം 2500 ഹെക്ടറിലെ കെട്ടിടങ്ങള്‍ പ്രതിസന്ധിയിലാകും. മറ്റ് ദേശീയപാതകളിലെ ബഫർ സോണുകൾകൂടി കണക്കിലെടുത്താൽ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമി ജനങ്ങൾക്ക് സ്വന്തം ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ആകാത്തവിധം എന്നെന്നേക്കുമായി മരവിപ്പിക്കപ്പെടും.
ഇടക്കാലവിധി പ്രകാരം നിർമ്മാണത്തിനായി പാതയോരങ്ങളിലെ ഭൂമി ഇനി ഉപയോഗിക്കാനാവില്ല; വിൽക്കാനുമാവില്ല. ഉപയോഗവുമില്ലാത്ത ഭൂമി ആരാണ് വാങ്ങാൻ വരിക? മരവിപ്പിക്കപ്പെടുന്ന ഭൂമിക്ക് നഷ്ടപരിഹാരമുണ്ടോ? അതുമില്ല. ദേശീയപാതയ്ക്കായി ഒരിക്കൽ ഭൂമി വിട്ടുകൊടുത്ത മനുഷ്യരുടെ അവശേഷിക്കുന്ന ഭൂമിയും ബലികഴിക്കുക എന്നാണ് കോടതി കല്പിക്കുന്നത്.


ജനസാന്ദ്രതയിൽ രാജ്യത്ത് മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.  ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 850ൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമായിരിക്കും. ഒരു വശത്ത് പശ്ചിമഘട്ടവും പരിസ്ഥിതിലോല പ്രദേശങ്ങളും (ESZ) മറുവശത്ത് കടൽത്തീരവും തീരദേശ നിയന്ത്രണ നിയമങ്ങളും (CRZ) ബാധകമായ കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ ബാക്കിയുള്ളത് ചുരുങ്ങിയ പ്രദേശങ്ങൾ മാത്രമാണ്. ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ മലനാടിനെ മാത്രമല്ല, ഇടനാടിനെയും മനുഷ്യവാസത്തിനു യോഗ്യമല്ലാതാക്കി മാറ്റുകയാണെന്ന ആശങ്ക വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ദേശീയപാതകൾക്ക് ഇരുവശത്തുമായി വലിയ ബഫർ സോൺ പ്രഖ്യാപിക്കുന്നതുവഴി  കുടിയൊഴിപ്പിക്ക പ്പെടുന്ന ജനങ്ങൾ എവിടേക്ക് മാറിത്താമസിക്കുമെന്ന ചോദ്യം കേരളത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്ന ഒന്നാണ്.  
അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ഭരണപരമായ വീഴ്ചകളും മറച്ചുപിടിച്ച്, സുരക്ഷയുടെ പേരിൽ നടപ്പിലാക്കുന്ന ഈ നിയമങ്ങൾ യഥാർത്ഥത്തിൽ വികസനത്തിന്റെ മറവിൽ കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കാനും സ്വന്തം കിടപ്പാടത്തിൽനിന്നും ജനങ്ങളെ പുറത്താക്കാനും ലക്ഷ്യമിട്ടുള്ളതാണ്.


ദേശീയപാതയോരങ്ങളിലെ അപകടങ്ങൾ ഇല്ലാതാക്കാനാണ് ഫ്രീസിംഗ് എന്നാണ് സുപ്രീംകോടതി വാദിക്കുന്നത്. നിലവിൽ പ്രവേശനം നിയന്ത്രിക്കുന്നതിനായി പുതിയതായി പണിയുന്ന ദേശീയപാതകളുടെ  ഇരുവശത്തും മതിൽ പോലെ പണിതിട്ടുള്ള ‘ആക്സസ് കൺട്രോൾ ബാരിയർ’ ഉണ്ട്. അതിനും പുറത്തുള്ള സർവ്വീസ് റോഡുകൾക്കും വെളിയിലാണ് ജനങ്ങളുടെ അവശേഷിക്കുന്ന ഭൂമി.  ഈ ഭൂമി മരവിപ്പിച്ചാൽ എങ്ങിനെയാണ് അപകടങ്ങൾ ഇല്ലാതാകുന്നത്? ഡ്രൈവിംഗ് നിയമങ്ങൾ കർശനമായി നടപ്പാക്കിയും വാഹനങ്ങളുടെ ഫിറ്റ്നെസ് ഉറപ്പാക്കിയും റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയും തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്തുകൊണ്ടു മാത്രമേ യഥാർത്ഥത്തിൽ അപകടങ്ങൾ കുറയ്ക്കാനാവൂ എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടു് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഒരു കപടന്യായം ചമക്കുകയാണ് പരമോന്നത കോടതി.  ഫ്രീസിംഗിന്റെ ലക്ഷ്യം അപകടങ്ങൾ ഇല്ലാതാക്കുക എന്നതല്ല. ദേശീയപാതകളിലും അതിന്റെ അനുബന്ധ മേഖലകളിലും വമ്പൻ  മൂലധന നിക്ഷേപത്തിനായി കണക്കുകൂട്ടുന്ന കോർപ്പറേറ്റുകളുടെ  ഗ്രാന്റ് പ്രോജക്ടിനു വഴിയൊരുക്കുകയാണോ പരമോന്നത കോടതി എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നഗ്നമായ മൂലധനവിധേയത്വം പ്രകടമാക്കിയ  കഴിഞ്ഞ പത്തുവർഷത്തെ എണ്ണമറ്റ കോടതി വിധികൾ നമ്മുടെ മുമ്പിലുണ്ട്. ബാംഗ്ലൂർ വാട്ടർ കേസിന്റെ സുപ്രധാന തീർപ്പിനെ ഇല്ലാതാക്കിയ സുപ്രീംകോടതി വിധിയാണ് ഇവയിൽ ഏറ്റവുമൊടുവിലത്തേത്.

ജനങ്ങളെ പാപ്പരാക്കുന്ന കോർപ്പറേറ്റ് അജണ്ട

ദേശീയപാതയുടെ ഇരുവശത്തുമുള്ള വിലയേറിയ ഭൂമി ഏറ്റെടുത്ത് ഹൈവേയുമായി ബന്ധപ്പെട്ട വൻകിട വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കോർപ്പറേറ്റുകളുടെ നീക്കം. ഈ ഏറ്റെടുക്കുന്ന പ്രദേശം മുഴുവൻ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ന് തെരുവോരങ്ങളിൽ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ചെറുകിടകച്ചവടക്കാരെ ആട്ടിപ്പായിക്കും. സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ ചെറിയ വാണിജ്യ സ്ഥാപനങ്ങളുടെ സ്ഥാനത്ത് കോർപ്പറേറ്റുകളുടെ മാളുകൾ ഈ റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ സ്ഥാനം പിടിക്കും. സാധാരണക്കാർക്ക് തീർത്തും അപ്രാപ്യമായ ഒന്നായി നമ്മുടെ നാട്ടിലെ തെരുവോരങ്ങളെ തന്നെ മാറ്റിതീർക്കാനാണ് കോർപ്പറേറ്റുകളുടെ ശ്രമം. ഇതുവഴി സാധാരണ ജനങ്ങൾ പാപ്പരായി മാറുകയും അവർ ഗത്യന്തരമില്ലാതെ തങ്ങളുടെ ഭൂമി ചില്ലിക്കാശിന് കോർപ്പറേറ്റുകൾക്ക് വിൽക്കാൻ നിർബന്ധിതരാകുന്ന ഒരു സാഹചര്യത്തിന് വഴിയൊരുക്കുകയും ചെയ്യും.

ഭൂമിയുടെ മരവിപ്പിക്കലും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും

വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകേണ്ടതാണ്. എന്നാൽ പലപ്പോഴും കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഭൂവുടമകൾക്ക് ലഭിക്കാറില്ല എന്നതാണ് വാസ്തവം. കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന 2013ലെ ‘ഭൂമിയേറ്റെടുക്കൽ, പുനരധിവാസ നിയമം’ പൂർണ്ണമായും നോക്കുകുത്തിയാക്കുന്നതാണ് ഈ ഭൂമി മരവിപ്പിക്കൽ നടപടി. ഭൂമി നേരിട്ട് ഏറ്റെടുക്കാതെ അനന്തമായി മരവിപ്പിച്ചു നിർത്തുന്നതിലൂടെ, വിപണി വിലയുടെ രണ്ടിരട്ടിയോ നാലിരട്ടിയോ നഷ്ടപരിഹാരം നൽകേണ്ട നിയമപരമായ ബാധ്യതയിൽനിന്നും നടപടിക്രമങ്ങളിൽനിന്നും സർക്കാർ ഒളിച്ചോടുകയാണ് ചെയ്യുന്നത്.


ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനും ഉപജീവനം കണ്ടെത്താനുമുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. കൂടാതെ, ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെയും സ്വത്തവകാശം നിഷേധിക്കാൻ പാടില്ല. നഷ്ടപരിഹാരം നൽകാതെ ഭൂമിയുടെ ക്രയവിക്രയ അധികാരം തടയുന്നത് സ്വത്തവകാശത്തിന്റെ ലംഘനമാണ്. റോഡ് വികസനത്തിനായി വളരെ മുൻകൂട്ടിതന്നെ ഭൂമി മരവിപ്പിച്ചു (freeze) നിർത്തുന്നത് ജനങ്ങൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. നഷ്ടപരിഹാരമോ യാതൊരുവിധ കരാറുകളോ ഇല്ലാതെ ഭൂമി മരവിപ്പിക്കുന്നത് ആ വസ്തുവിന്റെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കുന്നു. ഇതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ (ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക്) ബാങ്കുകളിൽ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ പോലും ഉടമകൾക്ക് സാധിക്കില്ല. ദേശീയപാത അതോറിറ്റി ഭൂമി മരവിപ്പിക്കുന്നതിലൂടെ യഥാർത്ഥത്തിൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ പൂർണ്ണമായി മരവിപ്പിക്കുകയാണ് ചെയ്യുന്നത്.

കോടതിയുടെ അധികാരപരിധി ലംഘനം

കോർപ്പറേറ്റുകളുടെ ഇംഗിതം നടപ്പിലാക്കാനായി കോടതിയെ ഒരു കുറുക്കുവഴിയായി കാണുന്ന രീതിയാണ് കേന്ദ്രസർക്കാർ ഇപ്പോൾ അവലംബിച്ചിരിക്കുന്നത്. രാജ്യസഭയിലോ ലോക്‌സഭയിലോ ചർച്ച ചെയ്യാതെ ഒരു നയം കോടതിയുടെ ഉത്തരവെന്ന നിലയ്ക്ക് നാട്ടിൽ നടപ്പിലാവുകയാണ്. കോടതിയുടെ നിർദ്ദേശപ്രകാരംതന്നെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഒപ്പം നാഷണൽ ഹൈവേ അതോറിറ്റിക്കും തിട്ടൂരങ്ങൾ കൈമാറുകയാണ്. ജനാധിപത്യ സംവിധാനത്തിനുതന്നെ വലിയ അപകടമുണ്ടാക്കുന്ന ഒരു പ്രവണതയാണിത്. ഇത്തരം കീഴ്‌വഴക്കങ്ങൾ വന്നാൽ, ജനാധിപത്യപരമായ ചർച്ചകൾക്ക് യാതൊരു ഇടവും നൽകാതെ ഉത്തരവുകൾ കോടതികൾതന്നെ പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ജനാധിപത്യത്തിൽ വിശ്വാസമുള്ള മുഴുവൻജനങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. രാജ്യമെമ്പാടും കർഷകരെയുൾപ്പടെ ലക്ഷക്കണക്കിനു സാധാരണ മനുഷ്യരെ കുടിയിറക്കിയും ജീവനോപാധികൾ തകർത്തും നിർമ്മിക്കുന്ന ഈ ദേശീയ പാതകൾ യഥാർത്ഥത്തിൽ രാജ്യത്ത് സൃഷ്ടിക്കുന്ന ആഘാതങ്ങളെന്തെന്നു നാം പരിശോധിക്കണം. വീണ്ടും ഫ്രീസിംഗിന്റെ പേരിൽ ജനങ്ങളുടെ ജീവിതം തകർക്കുമ്പോൾ, ഇത്രയധികം വില നൽകേണ്ടി വരുന്ന ജനങ്ങൾക്ക് എന്താണ് തിരികെ ലഭിക്കുന്നത്.  

പൊതുസ്വത്ത് കൊള്ളയടിക്കുന്ന ടോൾരാജും സഞ്ചാര സ്വാതന്ത്ര്യ നിഷേധവും

ജീവവായുപോലെ മനുഷ്യന് പ്രധാനപ്പെട്ട മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം ഇന്ന് നിഷേധിക്കപ്പെടുകയാണ്.  ജനങ്ങൾ സ്വതന്ത്രമായും സൗജന്യമായും യാത്രചെയ്തിരുന്ന പൊതുനിരത്തുകൾ ഇന്ന് പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുന്നു. ബിഒടി (BOT) അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോൾപിരിക്കുന്നതിന് നിശ്ചിത കാലാവധിയുണ്ടെങ്കിലും, കമ്പനികൾ തങ്ങൾക്ക് നഷ്ടമാണെന്ന് വരുത്തിത്തീർത്ത് ഈ കാലാവധി 30 വർഷംവരെ നീട്ടിയെടുക്കുന്നു. വിദേശ മാതൃകയിലുള്ള എന്തെങ്കിലും പുതിയ നിർമ്മിതി റോഡിൽ ഉണ്ടാക്കിയത് കാട്ടി വീണ്ടും ടോൾപിരിവ് കാലാവധി അനന്തമായി നീട്ടിക്കൊടുക്കുന്ന അഴിമതിയും ഇവിടെ നടക്കുന്നുണ്ട്. പാലിയേക്കര ടോൾപ്ലാസയിൽ നിർമ്മാണത്തിന് ആവശ്യമായി വന്ന തുകയുടെ എത്രയോ ഇരട്ടി പിരിച്ചെടുത്തിട്ടും ടോൾ പിരിവ് അവസാനിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ ദേശീയപാതകൾ ‘ടോൾ-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ’ മാതൃകയിൽ 15 മുതൽ 30 വർഷത്തേക്ക് വൻകിട സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും കോടിക്കണക്കിന് രൂപ ഉപയോഗിച്ച് നിർമ്മിച്ച പൊതുസ്വത്താണ് കോർപ്പറേറ്റുകൾക്ക് സ്ഥിരം വരുമാനമുണ്ടാക്കാനുള്ള ചൂഷണോപാധിയായി മാറ്റപ്പെടുന്നത്. മൊത്തവിലസൂചികയുടെ (WPI) അടിസ്ഥാനത്തിൽ എല്ലാവർഷവും ടോൾനിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ വ്യവസ്ഥ. കേരളം പോലെ പൂർണ്ണമായും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനത്ത് ചരക്ക് വാഹനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന ഭീമമായ ടോൾ ചാർജ് നേരിട്ട് പ്രതിഫലിക്കുന്നത് നിത്യോപയോഗസാധനങ്ങളുടെ വിലയിലാണ്. ഇത് സാധാരണക്കാരന്റെ കുടുംബബജറ്റ് പാടേതകർക്കുന്നു. ഇന്ത്യയിലാകെ 577 ദേശീയപാതകളിലായി ഏകദേശം 1,37,000 കിലോമീറ്റർ റോഡ് പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ദേശീയപാതകളെ പൊതുവഴികളെന്ന നിലയിൽനിന്നും ‘ആക്സസ് കൺട്രോൾ’ ആക്കിമാറ്റുകയാണ്. പ്രവേശന നിയന്ത്രണത്തിനു കാരണമായി പറയുന്നത് വേഗസഞ്ചാരത്തിന് അത് അനിവാര്യമാണെന്നാണ്. എന്നാൽ കേരളംപോലെ അതീവജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ഇത് നടപ്പാക്കപ്പെടുന്നത്. ജനങ്ങളുടെ ദൈനംദിനയാത്രാവശ്യങ്ങളെ സമ്പൂർണ്ണമായി വിസ്മരിച്ചുകൊണ്ട് വലിയദൂരം സഞ്ചരിച്ചുമാത്രം പാതയുടെ എതിർവശത്തേയ്ക്ക് കടക്കാനാകൂ എന്നതാണ് ഇതിന്റെ പ്രശ്നം. മറ്റൊന്ന്  ചെറുകിടവാഹനങ്ങളെയും ബസ്സുകളെയും ഈ പാതയിലേയ്ക്ക് പ്രവേശിപ്പിക്കാത്തതിനാൽ ഇടുങ്ങിയ സർവ്വീസ് റോഡുകളിലൂടെ സഞ്ചരിക്കാൻ അവ നിർബന്ധിതമാകും. ജനങ്ങളുടെ ഹ്രസ്വദൂരയാത്രകൾ സ്വാഭാവികമായും വലിയ ഗതാഗത കുരുക്കുകളാൽ വലയും. പാതയോരങ്ങളിലെ ആയിരക്കണക്കിന് ജംഗ്ഷനുകൾ ഇല്ലാതാകും. നിരവധി മനുഷ്യജീവിത വ്യവസ്ഥകളാണ് അങ്ങനെ ഉഴുതു മറിക്കപ്പെടുന്നത്.

പ്രക്ഷോഭത്തിന് അണിനിരക്കുക

സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന ഈ കൊടിയ നീതികേടിനും കോർപ്പറേറ്റ് പ്രീണനനയങ്ങൾക്കുമെതിരെ പ്രക്ഷോഭം വളർത്തിയെടുക്കുക എന്നതാണു ഇന്നത്തെ അടിയന്തരാവശ്യകത. ഭൂമി മരവിപ്പിക്കലിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം വളർത്തിയെടുത്തേ മതിയാകൂ. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും ദേശീയപാതകൾ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുമുള്ള ഈ നീക്കത്തിനെതിരായ ധാർമ്മികമായ പോരാട്ടത്തിൽ അണിചേരാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിലും അഖിലേന്ത്യാ തലത്തിലും ഇതിനായി നടക്കുന്ന എല്ലാ പരിശ്രമങ്ങളിലും ഏവരും പങ്കാളികളാകേണ്ടതുണ്ട്.

Share this post

scroll to top