മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ : ഗ്യാനേഷ് കുമാറിനെ പുറത്താക്കുക

SIR-Slug.jpg
Share

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ തികച്ചും ഏകാധിപത്യപരമായി പ്രവർത്തിക്കുകയാണെന്ന് സ്ഥാപിച്ചുകൊ ണ്ട് ‘ഇന്ത്യന്‍ എക്‌പ്രസ്’ ദിനപത്രം സെപ്റ്റംബർ 22ന് രാജ്യത്തെയാകെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവിടുകയുണ്ടായി. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 14 തവണ ഇലക്ഷൻ കമ്മീഷന്റെ നിലപാടുകളോടും തീരുമാനങ്ങളോടുമുള്ള വിയോജിപ്പുകൾ കമ്മീഷനിലെ മറ്റു രണ്ട് അംഗങ്ങൾ രേഖപ്പെടുത്തിയെന്നാണ് പുറത്തുവന്ന വിവരങ്ങൾ.

ഒരു തവണ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും കത്തു നൽകി. ഇവർ രണ്ട് പേരുടെയും രേഖാമൂലമുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും മറികടന്ന് കമ്മീഷൻ പ്രവർത്തിച്ചു എന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. കമ്മീഷൻ നടപടികളെല്ലാം  ഏകകണ്ഠമായിരുന്നുവെന്ന് ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും, നടപടികൾ പലതും കമ്മീഷണർമാരുടെ അറിവോ സമ്മതമോ ഇല്ലാത്തവയും തികച്ചും ഏകപക്ഷീയവുമായിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് മറ്റു രണ്ട് അംഗങ്ങളേക്കാൾ വിശേഷാധികാരങ്ങളൊന്നും തന്നെയില്ല. സാധ്യമാകുന്നിടത്തോളം ഏകകണ്ഠേന പ്രവർത്തിക്കണമെ ന്നാണ് നിയമം. അതു സാധ്യമാകാതെ വരുമ്പോൾ ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പാക്കണം. എന്നാൽ ഭൂരിപക്ഷമായ സഹകമ്മീഷണർമാരുടെ വിയോജിപ്പുകളെ തള്ളി സ്വേച്ഛാപരമായ നിലയില്‍ ഗ്യാനേഷ് കുമാർ പ്രവർത്തിച്ചു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. അതായത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചത് എന്നു ചുരുക്കം.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉയർത്തിയിരുന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്നാണ് ഈ മാധ്യമ റിപ്പോർട്ട് സ്ഥിരീകരിച്ചത്. കമ്മീഷന്റെ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നതിനാൽ അവ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പരമോന്നത കോടതിയിലുൾപ്പെടെ ഉയർന്നുവന്ന നിരവധി കേസുകൾ തീർത്തും ന്യായമായിരുന്നെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു.


2023ൽ പാർലമെന്റ് പാസ്സാക്കുകയും 2024 ജനുവരി മുതൽ   നിലവിൽ വരികയും ചെയ്ത  ‘ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും മറ്റ് കമ്മീഷണർമാരുടെയും നിയമനത്തെ സംബന്ധിച്ചുള്ള നിയമ’പ്രകാരം  രൂപീകരിക്കപ്പെട്ടതാണ് നിലവിലുള്ള ഇലക്ഷൻ കമ്മീഷൻ. അന്നുവരെയും ഇലക്ഷൻ കമ്മീഷന്റെ നിയമനത്തിന്റെ ശുപാർശ നൽകുന്നതിനുള്ള പാനൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ടതായിരുന്നു. എന്നാൽ ബിജെപി സർക്കാർ നടപ്പാക്കിയ പുതിയ നിയമത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ പാനലിൽ ഉൾപ്പെടുത്തി. സുപ്രീംകോടതി ഉത്തരവിനെ അട്ടിമറിച്ചുകൊണ്ട് ധൃതിപിടിച്ച്  നടപ്പാക്കിയ ഈ  വിവാദനിയമത്തിലൂടെയാണ് നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും സഹകമ്മീഷണർമാരും നിയമിതരായിട്ടുള്ളത്. സ്വന്തം ഇച്ഛകൾ നടപ്പാക്കുന്നതിനുള്ള ഉപകരണമായി ഇലക്ഷൻ കമ്മീഷനെ മാറ്റുന്നതിനായുള്ള നിയമമാണ്  മോദി സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്ന് ബിജെപിയൊഴികെ ഏവരും അന്നു വിമർശിച്ചു. പ്രസ്തുത വിമർശനങ്ങൾ ശരിയായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെ ടുകയാണിപ്പോള്‍.  

സഹകമ്മീഷണർമാർ വിയോജിപ്പ് ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങൾ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ് സഹകമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയ ഏറ്റവും ഗൗരവമേറിയ വിഷയം. വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതിന് നിയമാനുസൃത അധികാരമുള്ള  ഇആർഒ,  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, സംസ്ഥാനത്തെ സിഇഒ എന്നിവർ എസ്ഐആർ പ്രക്രിയയിൽ തീർത്തും അപ്രസക്തരായി. പുതിയ സോഫ്റ്റ് വെയർ സംവിധാനങ്ങളുടെ മറവിൽ, ഐറ്റി ഡിവിഷനിലേക്ക് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ കേന്ദ്രീകരിച്ചു. വോട്ടർ പട്ടികയുടെ പരിഷ്കരണമടക്കം നിർവ്വഹിക്കേണ്ട സോഫ്റ്റ് വെയർ സംവിധാനമായ ഇസിഐനെറ്റിന്റെ നിയന്ത്രണമാകട്ടെ ഐറ്റി വിഭാഗം ഡയറക്ടർ ജനറലിനും. അവർക്ക് ആരോടും ഉത്തരം പറയേണ്ട ബാധ്യതയില്ല.


2026 മെയ് മാസത്തിൽ ഇലക്ഷൻ കമ്മീഷനിലെ ഒരംഗമായ വിവേക് ജോഷി   ‘ബന്ധപ്പെട്ട നിയമാനുസൃതമായ ഒരു അതോറിറ്റിക്കല്ലാതെ മാറ്റാർക്കും വോട്ടർ ഡേറ്റാ ബേസിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരു തരത്തിലുമുള്ള അധികാരവുമില്ല’ എന്നത് ഉറപ്പാക്കാൻ ഒരു ഓഡിറ്റ്  വേണമെന്ന് നിർദ്ദേശിച്ചു. വോട്ടർ പട്ടിക സൂക്ഷിക്കുന്ന ഇറോനെറ്റ്(ERONet) എന്ന വെബ് സൈറ്റിൽ സംസ്ഥാനതല ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ പ്രവേശനം ലഭ്യമാകുന്നില്ലെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നതായി ആഗസ്റ്റ് മാസത്തിൽ ഡോ.സുഖ്ബീർ സിംഗ് സന്ധു രേഖപ്പെടുത്തുകയുണ്ടായി. അതു മാത്രമല്ല, ‘മതിയായതും പൂർണ്ണവുമായ പ്രവേശനം നിയന്ത്രിക്കാൻ   ഇലക്ഷൻ കമ്മീഷൻ ഐറ്റി വിഭാഗത്തിന്റെ ഡയറക്ടർ ജനറലിന് ഒരു തരത്തിലുമുള്ള നിയമാനുസൃത അധികാരവും ഇല്ലെന്നും’ സന്ധു ചൂണ്ടിക്കാട്ടി. ഈ വിയോജിപ്പുകളെല്ലാം തീർത്തും അവഗണിക്കപ്പെട്ടതുകൊണ്ടാണല്ലോ ഇപ്പോഴും ദില്ലിയിലെ കേന്ദ്ര ഓഫീസിനല്ലാതെ മറ്റാർക്കും വോട്ടർ പട്ടികയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്തത്.

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ വിവാദ തീരുമാനങ്ങളും, പുതിയ വോട്ടർമാർക്കുള്ള ഫോം 6ലെ നിബന്ധനകളും കമ്മീഷണർമാരുടെ വിയോജിപ്പിന്റെ പ്രധാന വിഷയങ്ങളാണ്. സർക്കാരിന്റെ അനുമതിയില്ലാതെ ഫോം 6ൽ മാറ്റം വരുത്തരുതെന്ന് കമ്മീഷണർ വിവേക് ജോഷി മേയ് 16 ന് നിർദ്ദേശിച്ചതും അതിനെ സുഖ്ബീർ സിങ്ങ് സന്ധു പിന്താങ്ങിയതുമാണ്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായുള്ള ഫോറം 6ൽ, അവസാനത്തെ എസ്ഐആറിലുള്ള, അപേക്ഷകന്റെ മാതാപിതാക്കളുടെയോ അവരുടെ മുത്തശ്ശിമുത്തച്ഛന്മാരുടെയോ വിവരങ്ങൾ രേഖപ്പെടുത്താനായി കൊണ്ടുവന്ന തിരുത്തൽ, ചട്ടലംഘനവും നിയമവിരുദ്ധവുമാണെന്ന് സുഖ്ബീർ സിംഗ് സന്ധു മെയ് മാസത്തിൽത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.  വോട്ടർ പട്ടികയുടെ രജിസ്ട്രേഷൻ നിയമം (1960) പാർലമെന്റ് ഭേദഗതി ചെയ്യാതെ ഫോറം 6 പോലൊരു നിയമാനുസൃത അപേക്ഷയിൽ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ട്രിബ്യൂണലുകൾ ഉൾപ്പെടുത്തിയ 16 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ നീക്കുന്നതിനായി ട്രിബ്യൂണലുകളുടെ മുമ്പിൽ ഇലക്ഷൻ കമ്മീഷന്റെ പേരിൽ അപ്പീലുകൾ നൽകാൻ ആരാണ് ഇലക്ഷൻ കമ്മീഷനെ ചുമതലപ്പെടുത്തിയതെന്നും സന്ധു  ചോദ്യമുയർത്തി.

മറ്റൊരു ഗൗരവതരമായ വിഷയവും വിവേക് ജോഷിയും സന്ധുവും ഉയർത്തുകയുണ്ടായി. ഗോവയിൽ പ്രാദേശിക ഇലക്ടറൽ ഓഫീസർമാർ, സുപ്രീംകോടതിയുടെ നിർബന്ധിത ഹിയറിംഗിനെത്തുടർന്ന് യോഗ്യതയുള്ളവരെന്നു കണ്ടെത്തിയ 97 വോട്ടർമാരുടെ പേരുകൾ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയി. അതിന്റെ കാരണം, കേന്ദ്രീകൃതമായി നിയന്ത്രിക്കപ്പെടുന്ന സോഫ്റ്റ് വെയർ രൂപകല്പന ചെയ്തിരിക്കുന്നത് പ്രാദേശിക ഇലക്ടറൽ ഓഫീസർമാരുടെ തീരുമാനങ്ങൾ ഉൾക്കൊള്ളാനാവാത്ത വിധമാണ് എന്നതിനാലാണ്. ഇവരുടെ പേരുകൾ ഉൾപ്പെടുത്തണമെന്ന് സംസ്ഥാനത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസർ എട്ട് തവണ ആവശ്യപ്പെട്ടിട്ടും ഫലം നിഷേധമാത്മകമായിരുന്നു. ഇത് കേവലം 97 വോട്ടർമാരുടെ പ്രശ്നമല്ല, യോഗ്യതയുള്ളവരെന്നു കണ്ടെത്തുവന്നവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ പ്രാദേശിക ഇലക്ടറൽ ഓഫീസർമാർക്ക് അധികാരവും ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലേക്കുള്ള പ്രവേശനവും നിഷേധിക്കപ്പെട്ടു എന്ന കുറ്റകരമായ നടപടിയുടെ പ്രശ്നമാണിത്.  


കമ്മീഷൻ പുറത്തുവിടുന്ന പല കത്തുകളും ഉത്തരവുകളും മതിയായ അനുമതികൾ ഇല്ലാതെയാണ് എന്ന ഗുരുതരമായ വിഷയം ഒന്നിലേറെ തവണ കമ്മീഷണർമാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പുതിയ ഐടി മൊഡ്യൂളുകളെ കുറിച്ച് മാധ്യമറിപ്പോർട്ടുകളിലൂടെയാണത്രേ അവർ അറിഞ്ഞത്. കമ്മീഷൻ മീറ്റിംഗുകളുടെ അജണ്ടയോ മിനിട്സോ തങ്ങൾക്ക് ലഭ്യമാക്കാറില്ലെന്നും അവർ പരാതിപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥർ അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷനിലെ ഉദ്യോഗസ്ഥർ സ്വയം തങ്ങളുടെ ജോലികൾ വിഭജിച്ചെടുത്തതിനെതിരെ രണ്ട് കമ്മീഷണർമാരും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് ജൂലൈയിൽ കത്ത് നൽകിയിരുന്നു. തുടർന്ന് ഈ വിഭജനം അവർ റദ്ദാക്കി.

രാജ്യത്തെ ഞെട്ടിച്ച മാധ്യമ റിപ്പോർട്ട് നിഷേധിക്കാനോ അതിനെ ചോദ്യം ചെയ്യാനോ ഇലക്ഷൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല. ചോദ്യം ചെയ്യാനാവാത്ത വിധം ഈ മാധ്യമ വെളിപ്പെടുത്തൽ ആധികാരകമാണെന്നതുതന്നെയാണ് കാരണം. വിയോജിപ്പുകൾ, കമ്മീഷൻ അനുവർത്തിക്കുന്ന ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന ബിജെപിയുടെ വാദത്തിലും മാധ്യമ റിപ്പോട്ടിനെ ശരിവയ്ക്കുന്ന സ്വരമാണ് കേൾക്കാൻ കഴിയുന്നത്.  
ഒടുവിൽ വിവാദങ്ങളെ തുടർന്ന് സെപ്റ്റംബർ 26ന്കൂടിയ കമ്മീഷന്റെ അസാധാരണയോഗത്തിൽ എടുത്ത തീരുമാനങ്ങളാകട്ടെ മാധ്യമ റിപ്പോർട്ടിൽ അക്കമിട്ടുനിരത്തിയവയെല്ലാം ശരിയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. എസ്ഐആർ നോട്ടീസ് കിട്ടിയവരുടെ വീട്ടിൽ ബിഎൽഒമാർ നേരിട്ടെത്തി രേഖകൾ പരിശോധിക്കും എന്നാണ് കമ്മീഷൻ ഇപ്പോൾ പറയുന്നത്. വളരെ ആവശ്യമുള്ള കേസുകളിൽമാത്രം ഇആർഒ ഹിയറിങ്ങ് നടത്തി നടപടിയെടുക്കുമത്രേ. ഫോറം 6ൽ പുതിയതായി ചേർത്ത ഡിക്ലറേഷൻ എസ്‌ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിൽ ഇനി ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു. അപ്പോൾ ഇതുവരെ ചെയ്തുകൂട്ടിയതൊക്കെ എന്തായിരുന്നു, എന്തിനായിരുന്നു? ലക്ഷക്കണക്കിന് മനുഷ്യർക്ക് വോട്ടവകാശം നിഷേധിച്ചതും അവരുടെ ജീവിതങ്ങളെ താറുമാറാക്കിയതും എന്തിനായിരുന്നു, ആർക്കുവേണ്ടിയായിരുന്നു? ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ ഇത്തരം നടപടികളിൽ തെറ്റുചെയ്തവർക്കെതിരേ എന്ത് നടപടിയാണ് എടുക്കുക?

വിശ്വാസ്യത നഷ്ടമായ തിരഞ്ഞെടുപ്പ് കമ്മീഷൻ

 സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പുകൾ നടത്താൻ നിയുക്തമായ ഭരണഘടനാസ്ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻതന്നെ ഭരണപരമായ നിഷ്പക്ഷത കാറ്റിൽപ്പറത്തി.  ബിജെപിയുടെ  ഇംഗിതങ്ങൾക്കനുസരിച്ചുമാത്രം പ്രവർ ത്തിക്കുന്ന     ഒന്നായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചു. ബീഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച്, വിവിധ സംസ്ഥാനങ്ങളിലായി തുടരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം അഥവാ എസ്ഐആർ നടപടികളിലൂടെ കോടിക്കണക്കിനു മനുഷ്യരുടെ വോട്ടവകാശവും പൗരത്വവും നിഷേധിച്ചത്  സ്വതന്ത്രഭാരതം കണ്ട ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിനു ചുക്കാൻ പിടിക്കുന്ന ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, എല്ലാത്തരം ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തി കേന്ദ്രസർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും വിധേയനായി പ്രവർത്തിക്കുകയാണെന്ന ആരോപണം പ്രതിപക്ഷ കക്ഷികളും നിരവധി ആദരണീയ വ്യക്തിത്വങ്ങളും ചൂണ്ടിക്കാട്ടിയതാണ്. സഹകമ്മീഷണർമാരുടെ വിയോജിപ്പുകൾ കണക്കിലെടുക്കാതെ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും കുറച്ച് ഉദ്യോഗസ്ഥരും ചേർന്ന്, എല്ലാ ചട്ടങ്ങളും അവഗണിച്ചുകൊണ്ട് നടത്തിയ അധികാര ദുർവിനിയോഗവും നിയമവ്യവസ്ഥയെതന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ജനാധിപത്യ വിരുദ്ധതയുംപൗരരുടെ അവകാശങ്ങളെ ചവിട്ടിയരക്കുന്ന ധാർഷ്ട്യവുമാണ് നടത്തിപ്പോന്നത് എന്നതാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെ പുറത്താക്കി ഇവർ നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയാണ്. ആ നടപടിയുടെ അടിസ്ഥാനം തന്നെ നിയമവിരുദ്ധമായിരുന്നു എന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.  സർക്കാരിന്റെ ഏറ്റവും വിശ്വസ്തനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് തികഞ്ഞ രാജ്യദ്രോഹമാണെന്നു വ്യക്തമായിക്കഴിഞ്ഞു.

ജനാധിപത്യ കടമകള്‍ കുഴിച്ചുമൂടിയ  തിരഞ്ഞെടുപ്പ് കമ്മീഷൻ  

ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ കോടതികൾക്കുപോലും അതിൽ ഇടപെടാൻ അധികാരമില്ല.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവമായുമായിരുന്ന തിരഞ്ഞെടുപ്പുകൾ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ഉണ്ടായിരുന്നെങ്കിലും  അവയെല്ലാം ക്രമേണ അട്ടിമറിക്കപ്പെടുന്നതിന് രാജ്യം സാക്ഷിയായി.  കള്ളവോട്ടും ബൂത്ത് പിടിച്ചെടുക്കലും നടത്തിയും അക്രമം അഴിച്ചവിട്ട് തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും കള്ളപ്പണമൊഴുക്കിയും ആക്രമണോൽസുകമായ വർഗ്ഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ചും രാജ്യത്ത് തിരഞ്ഞെടുപ്പ്ഫലങ്ങൾ വ്യാജനിർമ്മിതിയായി മാറിയിട്ട് ദശാബ്ദങ്ങളായി. കാശ്മീരിലുൾപ്പെടെ ഭരണകൂടം നേരിട്ട് കൃത്രിമം  നടത്തി തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചതിന്റെ സംഭവങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ബിജെപി ഭരണത്തിൻ കീഴിൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ജനാധിപത്യത്തിന്റെ അറുംകൊല ഒരു കാലത്തും രാജ്യം ദർശിച്ചിട്ടില്ല. പിന്നാക്കാവസ്ഥകൊണ്ടും അജ്ഞതകൊണ്ടും ഒരു വോട്ടർ, പട്ടികയിലുൾപ്പെടാതെ പോയാൽ അത് ജനാധിപത്യ വ്യവസ്ഥയുടെ പരാജയമാണെന്ന് ഒരിക്കൽ വിലയിരുത്തപ്പെട്ടിരുന്നു. അയാൾ പട്ടികയ്ക്ക് പുറത്താകരുതെന്ന് ഉറപ്പാക്കേണ്ട കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ് രാജ്യത്തെ 13 കോടി വോട്ടർമാർക്ക് ജനാധിപത്യത്തിന്റെ പരമപ്രധാനമായ അവകാശം നിഷേധിച്ചത്. വോട്ടർ പട്ടികയിലുൾപ്പെടാൻ താൻ അർഹനാണെന്ന് തെളിയിക്കേണ്ട ബാധ്യത ദരിദ്രരും നിരക്ഷരുമായ രാജ്യത്തെ ജനകോടികൾക്കാണെന്ന് ഇലക്ഷൻ കമ്മീഷൻ കൽപ്പിച്ചു.

2014ൽ അധികാരത്തിൽവന്ന നരേന്ദ്രമോദി സർക്കാർ ഏറ്റവും കടുത്ത ഭീഷണിയാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ നേരിട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന അവസ്ഥയിൽനിന്നും ബിജെപി ഏറെ പിന്നിൽപ്പോയി. തങ്ങളുടെ യജമാനന്മാരായ മുതലാളിമാരുടെ താല്പര്യങ്ങൾമാത്രം സംരക്ഷിച്ച് സാധാരണക്കാരുടെ ജീവിതവും തൊഴിലും ദുരിതമയമാക്കിയ മോദി സർക്കാരിനെതിരെ അത്രമേൽ ജനരോഷം അന്ന് ഉയർന്നിരുന്നു. ഇന്നും അത് നിലനിൽക്കുന്നു. അവസരവാദികളായ സഖ്യകക്ഷികളെ കണ്ടെത്തി അധികാരത്തിൽ തിരികെയെത്താൻ അവർക്കായെങ്കിലും പ്രതിപക്ഷത്തിന് ശക്തി കൂടിയിരുന്നു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാൻ ബിജെപി മനസ്സിൽ കണ്ട സ്വപ്നപദ്ധതികളായ മണ്ഡലപുനർനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തുടങ്ങിയവ നടപ്പാക്കാൻ തടസ്സം നേരിടുന്നു. മറുവശത്ത് ബീഹാർ, ബംഗാൾ പോലെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പിക്കേണ്ടതും ബിജെപിക്ക് അനിവാര്യതയായി മാറി. പ്രതിപക്ഷനിരയിലെ തമ്മിലടി അവർക്ക് അനുകൂലമായെങ്കിലും ബിജെപിപോലും കണക്കുകൂട്ടാത്ത അത്രയും വലിയ വിജയങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ അവർക്ക് ലഭിച്ചത്. ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പുനടന്ന എസ്ഐആർ നടപടികളാണ് അതിനു കാരണമായിട്ടുള്ളത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഏറെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും, വാക്കാൽ ചില ചോദ്യങ്ങൾ ഉയർത്തിയതല്ലാതെ ബീഹാറിലെ എസ്ഐആർ നടപടികളിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. പിന്നാലെ നടന്ന ബംഗാൾ എസ്ഐആറിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരുന്നു. കോടിക്കണക്കിന് ജനങ്ങൾ സംസ്ഥാനത്ത് വോട്ടർപട്ടികയിൽനിന്നും പുറത്തായി. ഇതിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും അസാധാരണ ഇടപെടൽ ഉണ്ടായിരുന്നു. പരാതികൾ കേൾക്കാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രിബ്യൂണലുകൾ രൂപീകരിച്ചു. 38.31 ലക്ഷം അപ്പീലുകളാണ് ഇവിടെ ഇങ്ങനെ ലഭിച്ചത്. (പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 22 ലക്ഷം പേരുകാരോടൊപ്പം 16 ലക്ഷം പേരെ പുറത്താക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷനും ട്രിബ്യൂണലിന്റെ മുമ്പിൽ അപ്പീലുമായി രംഗത്തുണ്ട്) ഇതിൽ ആകെ തീർപ്പായത് കഷ്ടിച്ച് ഒന്നേകാൽ ലക്ഷം അപ്പീലുകളിൽ മാത്രം. പേരു ചേർക്കാനായി നൽകിയ അപേക്ഷകളിൽ തീർപ്പു കൽപ്പിക്കപ്പെട്ടപ്പോൾ 10ൽ 9 അപേക്ഷകരുടെയും പേരുകൾ വോട്ടർ പട്ടികയിൽ പുനഃസ്ഥാപിക്കേണ്ടി വന്നിരിക്കുകയാണ്. അതായത് പുറത്തക്കപ്പെട്ട വോട്ടർമാരിൽ 90 ശതമാനവും അർഹതയുള്ള  വോട്ടർമാരാണ്.  

കഴിഞ്ഞ സെപ്റ്റംബർ 19ന് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ സമർപ്പിച്ച രണ്ടാം സത്യവാങ്മൂലത്തിൽ പറയാനിടയായ വസ്തുത രാജ്യത്തിന്റെ ജനാധിപത്യക്രമത്തോട് എസ്‌ഐആർ കാട്ടിയ കൊടിയ ചതി വ്യക്തമാക്കുന്നു. ‘യുക്തിപരമായ പൊരുത്തക്കേടുകൾ’ കണ്ടെത്തി  പശ്ചിമബംഗാളിൽ പുറത്താക്കപ്പെട്ട 27 ലക്ഷം വോട്ടർമാരിൽ  22 ലക്ഷം പേരും തങ്ങളെ പുറത്താക്കിയതിനെതിരെ ജുഡിഷ്യൽ ട്രൈബ്യൂണലുകളുടെ മുമ്പാകെ അപേക്ഷ നൽകിയിരിക്കുകയാണെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. 22 ലക്ഷത്തിലധികം അപ്പീലുകൾ തീർപ്പാക്കാൻ അവശേഷിക്കുമ്പോൾ തന്നെ, അത്രയധികം പേരെ വോട്ടർപട്ടികയ്ക്ക് പുറത്ത് നിർത്തിക്കൊണ്ടാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തിലിരുന്ന തൃണമൂലിൽനിന്നടക്കം ഭീഷണിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അടർത്തിമാറ്റിയവരെക്കൊണ്ട് കുത്തിനിറച്ച ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. ഇത്തരമൊരു ഫലം സൃഷ്ടിക്കാനാണ് എസ്‌ഐആർ നടപ്പാക്കിയതെന്ന് സംശയാതീതമായി ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയല്ലേ?
 30 സംസ്ഥാനങ്ങളിലായി 13 കോടിയിലേറെ പേരുകൾ കരട് വോട്ടർ പട്ടികയിൽനിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. നിലവിൽ നടക്കുന്ന ഡൽഹി എസ്ഐആറിൽ തന്നെ, 47.6 ലക്ഷം പേർ കരട് പട്ടികയിൽനിന്നും പുറത്തായിരിക്കുന്നു. നോട്ടീസ് കിട്ടിയവരോ പേരില്ലാതായവരോ ആയ പ്രമുഖരുടെ കാര്യത്തിൽ ഓടിയെത്തി പരിഹാരമുണ്ടാക്കുമ്പോൾ, ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് അവരുടെ പൗരത്വവും ഭാവിയും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇവിടെ ജനത്തോടുള്ള ഉത്തരവാദിത്തം മറന്നിരിക്കുന്നു ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾ നടപ്പാക്കാൻ മാത്രം സന്നദ്ധരായ കേവലം ഉദ്യോഗസ്ഥവൃന്ദമായി അവർ അധഃപതിച്ചിരിക്കുന്നു. ഇപ്പോൾ, സഹകമ്മീഷണർമാരുടെ വിയോജിപ്പുകൾ പരസ്യമാകുമ്പോൾ തെളിയുന്നതും ഇതുതന്നെയാണ്.

രാജ്യത്തിന്റെ ജനാധിപത്യക്രമത്തെ  സംരക്ഷിക്കാൻ SIR നിർത്തിവയ്ക്കുകതന്നെ വേണം

അടിസ്ഥാന ജനാധിപത്യ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയിട്ടും കമ്മീഷന്റെ തെറ്റുകൾക്ക് കുടപിടിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ആറുമാസത്തിനിടെ കമ്മീഷൻ നടപടികൾ സുപ്രീംകോടതിയിൽ 4 തവണ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ കമ്മീഷന് അനുകൂലമായിരുന്നു കോടതിയുടെ വിധി. കമ്മീഷൻ നടപടികൾക്കെതിരേ ചീഫ് ജസ്റ്റിസിന് പ്രതിപക്ഷ പാർട്ടികൾ കത്ത് നൽകിയിരുന്നു. പക്ഷേ, വാക്കാൽ ചില നിരീക്ഷണങ്ങൾ നടത്തുന്നതിനപ്പുറം മറ്റു പല കേസുകളിലേയുംപോലെ ഭരണതാല്പര്യത്തിന് വിരുദ്ധമായി കോടതികളിൽനിന്ന് വിധികൾ ഉണ്ടാകുന്നില്ല. ബിഹാറിലെ എസ്ഐആർ ശരിവച്ചു. തമിഴ്‌നാട് എസ്ഐആറിനെതിരെ ഹർജികൾ തള്ളി. കോടതിയുടെ നിലപാട് കൂടിയാണ് ഇപ്പോൾ സംശയനിഴലിലാകുന്നത്.

മധ്യപ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെതിരെ നൽകിയ അടിയന്തര ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അവരുടെ പത്രികയിൽ കേസുകളുടെ വിവരം നൽകിയതിൽ, അവരെ കൂട്ടുപ്രതിയാക്കി ആരോ കൊടുത്ത കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല എന്നു പറഞ്ഞായിരുന്നു, അവർ ഉറപ്പായും ജയിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയത്. ഇതാകട്ടെ ചട്ടവിരുദ്ധവും സ്വാഭാവികനീതിയുടെ ലംഘനവുമായിരുന്നു എന്ന് പകൽപോലെ വ്യക്തം.  പത്രിക തള്ളി അവരെ മത്സരത്തിൽനിന്ന് ഒഴിവാക്കിയതുകൊണ്ടുമാത്രം ആ സീറ്റിൽ ബിജെപിക്ക് തങ്ങളുടെ ഒരു സ്ഥാനാർത്ഥിയെ കൂടി രാജ്യസഭയിലേക്ക് അയയ്ക്കാനായി. ഈ അന്യായത്തിനെതിരെ സമയത്ത് ഇടപെടാത്ത കോടതി, പിന്നീട് ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാകില്ല എന്നാണ് പറഞ്ഞത്. ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ പിന്നെ പൗരരുടെ മുന്നിൽ എന്താണ് വഴി?

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണെന്നത് രഹസ്യമല്ല. കേരള കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2006ൽ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് ബില്ലുകൾ യഥാസമയം പാസാകാതെ വന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടികൊണ്ട്, പണി നടത്തിയ മലേഷ്യൻ കമ്പനിയായ പതിബെല്ലിന്റെ ചീഫ് പ്രോജക്ട് മാനേജർ ആത്മഹത്യ ചെയ്യുകയുണ്ടായി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്നും മാറ്റിനിർത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം ഡപ്യൂട്ടേഷൻ വാങ്ങി കേന്ദ്രത്തിലേക്ക് പോകുന്നത്.  ആത്മഹത്യ കുറിപ്പിൽ ആരോപണമുന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ ഗ്യാനേഷ് കുമാറായിരുന്നു എന്നാണ് ഇപ്പോൾ സിപിഐ(എം) നേതാവ് തോമസ് ഐസക് പറയുന്നത്. വിജിലൻസ് അന്വേഷണത്തിൽനിന്ന് രക്ഷപെട്ട് കേന്ദ്ര ഡപ്യൂട്ടേഷൻ വാങ്ങിപ്പോകാൻ അദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞു?

നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം അവരുടെ വിശ്വസ്തരിലൊരാളായി ഗ്യാനേഷ് മാറി താക്കോൽ സ്ഥാനങ്ങളിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോൾ ജമ്മു കശ്മീർ വിഷയത്തിലും തുടർന്ന് അയോധ്യ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപീകരണത്തിലും നിർണായക ചുമതലകളിൽ അദ്ദേഹമുണ്ടായിരുന്നു. അതായത്, അങ്ങനെയൊരാളെ ബിജെപി സർക്കാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് ബിജെപി മാനദണ്ഡമാക്കിയിട്ടുള്ള ‘യോഗ്യത’ ഉള്ളതുകൊണ്ടാണെന്നു വ്യക്തം. 2029 ജനുവരി വരെ ഈ സ്ഥാനത്ത് തുടരാവുന്ന ഗ്യാനേഷ് കുമാർ ഇപ്പോഴത്തെ എസ്ഐആർ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്ന മണ്ഡല പുനർനിർണയത്തിന്റെയും അതുപോലെ പാർലമെന്റ്-നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്ന ഏകീകൃത തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെയും ചുമതലയിലുണ്ടാകും. ഇതിലെല്ലാം അദ്ദേഹം ബിജെപി താല്പര്യങ്ങൾ നടപ്പാക്കുമെന്ന് വ്യക്തം. ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ ഉപകരണമാണെന്ന ആരോപണമുയർത്തിയിരിക്കുന്നത്, കേരള കേഡറിൽ അദ്ദേഹത്തിന്റെ മുതിർന്ന സഹപ്രവർത്തകനായിരുന്ന, കേരളത്തിന്റെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ടിക്കാറാം മീണയാണ്. ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് തന്നെ ക്ഷണിച്ചിരുന്നു എന്ന ഗുരുതര വെളിപ്പെടുത്തലാണ് കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഇപ്പോൾ നടത്തിയിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്ത ഗ്യാനേഷ് കുമാറിനെപ്പോലെയൊരു കളങ്കിത ഉദ്യോഗസ്ഥനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് പുറത്താക്കണം എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹത്തിന്റെ യജമാനരായ ബിജെപി സർക്കാർ അതിന് തയ്യാറാകുമെന്നോ, അദ്ദേഹം സ്വമേധയാ പുറത്തുപോകുമെന്നോ പ്രതീക്ഷിക്കാനാകില്ല. ജനാധിപത്യ വിശ്വാസികളായ ഏവരും ഇതിനായി ഒറ്റക്കെട്ടായി തെരുവിലിറങ്ങേണ്ടിയിരിക്കുന്നു.

എന്നാൽ ഇത് കേവലം ഒരാളെ പുറത്താക്കുന്നതിൽ മാത്രം അവസാനിക്കുന്ന വിഷയമല്ലെന്നും ഏവർക്കുമറിയാം. ചീഫ് ഇലക്ഷൻ കമ്മീഷണർ തനിക്കു ലഭിക്കുന്ന കല്പനകളും നിർദ്ദേശങ്ങളും നടപ്പാക്കുന്ന ഉപകരണം മാത്രം. നിയമവിരുദ്ധമായും ഏകാധിപത്യപരമായും പ്രവർത്തിക്കുന്ന ശക്തമായ രാഷ്ട്രീയഘടനയുടെ അവിഭാജ്യഭാഗം മാത്രമാണ് സിഇസി.  ബിജെപിയുടെ കേന്ദ്ര സർക്കാർ അടിമുടി പ്രതിനിധാനം ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ രാഷ്ട്രീയഘടനയാണ് യഥാർത്ഥ അപകടം. അതിനോടാണ് നാം പൊരുതേണ്ടത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകളെ തിരിച്ചുപിടിക്കാൻ വേണ്ട നടപടികളെല്ലാം അതിന്റെ ഭാഗമാകണം. എസ്ഐആർ നടപടികൾ നിർത്തിവെക്കുകയും നടത്തിയ പരിഷ്കരണം റദ്ദാക്കുകയും വേണം. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രിയും മറ്റൊരു കേന്ദ്രമന്ത്രിയും ഉൾപ്പെട്ട സമിതി മതി, സർവ്വീസിലുള്ളതോ വിരമിച്ചതോ ആയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണ്  ഈ സ്ഥാനത്തേക്കു വരേണ്ടത് തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന 2023ലെ വിവാദ നിയമം റദ്ദാക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ പകരമുണ്ടാകണം. അതിൽ സർക്കാരിന് മേൽക്കൈയുണ്ടാകരുത്. സംശയനിഴലിലായ വോട്ടിങ്ങ് യന്ത്രങ്ങൾ പൊതുപരിശോധനയ്ക്ക് വിധേയമാക്കണം. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോവുകയോ ചുരുങ്ങിയ പക്ഷം വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും എണ്ണിമാത്രം ഫലം പ്രഖ്യാപിക്കുകയോ വേണം. മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥി കൾക്കും പാർട്ടികൾക്കും തുല്യപരിഗണനയും നിബന്ധനകളുമായിരിക്കണം, ചെലവാക്കുന്ന പണത്തിന്റെ കാര്യത്തിൽ കർശന നിബന്ധനയും പൊതുവായി വേണം. പ്രചരണത്തിന് തുല്യ അവസരങ്ങൾ എല്ലാവർക്കും ഉറപ്പാക്കുകയും വേണം. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ആകമാന വിശ്വാസ്യത  വീണ്ടെടുക്കാൻ അനവധി ജനാധിപത്യ നടപടികൾ ആവശ്യമായി വന്നിട്ടുണ്ട്.
സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നത് ബൃഹത്തായ ജനാധിപത്യ മുന്നേറ്റമായി മാറണം.  കക്ഷിരാഷ്ട്രീയഭേദത്തിനതീതമായി നിലകൊണ്ട് അത് നാം പൊരുതി നേടേണ്ടിയിരിക്കുന്നു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഓരോ പൗരനും പ്രക്ഷോഭരംഗത്തിറങ്ങേണ്ടതുണ്ട്. ഇത് നമ്മുടെയും രാജ്യത്തിന്റെയും നിലനില്പിന്റെ വിഷയമാണ്.

Share this post

scroll to top