‘ഹിമാലയൻ സുനാമി’ എന്ന് നേപ്പാൾ ഗവൺമെന്റ് വിളിക്കുന്ന നേപ്പാൾ മിന്നൽപ്രളയദുരന്തം ആഗോളതാപനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും പഠനങ്ങളും ലേഖനങ്ങളും വന്നുകൊണ്ടിരിക്കുന്നു. മിന്നൽപ്രളയത്തെ തുടർന്ന് നേപ്പാൾ ഗവൺമെന്റ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിൽ കുപ്രസിദ്ധരും ഈ വിഷയത്തിൽ ലോകത്തെ മുൻനിരക്കാരുമായ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ വീണ്ടും ഗൗരവമുള്ള ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുന്നു.
ഹരിതഗൃഹവാതക ഉദ്വമനത്തിൽ ചൈനയുടെ പങ്ക് 29 മുതൽ 33 ശതമാനംവരെയും അമേരിക്കയുടേത് 12.7 മുതൽ 15 ശതമാനം വരെയും ഇന്ത്യയുടേത് 7.3 മുതൽ 8.3 ശതമാനം വരെയുമാണ്. നേപ്പാളിന്റെ പങ്ക് പൂജ്യത്തിനടുത്താണെന്നും എന്നാൽ കനത്ത വില കൊടുക്കേണ്ടി വരുന്നത് ഹിമാലയത്തിന്റെ മടിത്തട്ടിലെ ജനങ്ങളാണെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നേപ്പാൾ ധനമന്ത്രി സ്വർണം വാഗ്ലെ, വനം മന്ത്രി ഗീതാ ചൗധരി എന്നിവർ ഒപ്പുവെച്ച കത്ത് ഈ രാജ്യങ്ങൾക്ക് അയച്ചുവെന്നും റിപ്പോർട്ട് വന്നു. ഒപ്പം അടിയന്തരസഹായം ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ ‘ഫണ്ട് ഫോർ റെസ്പോണ്ടിങ് ടു ലോസ് ആന്റ് ഡാമേജസ് (എഫ്ആർഎൽഡി) ബോർഡിനും അപേക്ഷ നൽകി. COP 27ൽ തീരുമാനിച്ച് COP 28 ൽ പ്രവർത്തനക്ഷമമായ ഫണ്ടാണിത്. ഈ നീക്കത്തിൽനിന്ന് നേപ്പാൾ ഗവൺമെന്റ് ഇപ്പോൾ പിന്നാക്കം പോയിരിക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും ആഗോള കാലാവസ്ഥാധനസഹായസംവിധാനത്തിലൂടെയുള്ള സഹായമാണ് ആവശ്യപ്പെടുന്നതെന്നും പറയുന്നുണ്ടെങ്കിലും നേപ്പാളിന്റെ വാദത്തിന് കാലാവസ്ഥാനീതിയുടെ പിൻബലമുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്. ലോകത്തെ ആകമാനം നടുക്കിയ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവമുള്ള ചർച്ചയും അടിയന്തര പരിഹാരക്രിയകളും ആവശ്യമുള്ള വിഷയമാണിത്.
ആഗോളതാപനം ഹിമാലയത്തെ എത്രമേൽ ദുർബലമാക്കിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് നേപ്പാൾ ദുരന്തം. ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാവില്ല. നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാക്കുക ലളിതമായ പ്രക്രിയയുമല്ല. പ്രത്യാഘാതങ്ങൾ എത്ര കാലത്തേക്ക് നീളുമെന്നും ജനജീവിതം എന്ന് പൂർവസ്ഥിതി പ്രാപിക്കുമെന്നും വ്യക്തമല്ല. ആഗസ്റ്റ് 26നാണ് നേപ്പാൾ-ചൈന അതിർത്തിയിലെ ലാങ് ടോങ് നാഷണൽ പാർക്കിൽ അയ്യായിരത്തിലേറെ മീറ്റർ ഉയരത്തിൽനിന്ന് കൂറ്റൻ ഹിമാനി അടർന്നുവീണത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള പ്രകമ്പനത്തിന് ഇത് കാരണമായി. മഞ്ഞുരുകി രൂപപ്പെടുന്ന നൂറുകണക്കിന് തടാകങ്ങൾ ഹിമാലയത്തിലുണ്ട്. താഴേക്കുപതിച്ച കൂറ്റൻ ഹിമാനി അത്തരമൊരു തടാകത്തെ തകർത്ത് മഞ്ഞും പാറയും ചെളിയും കൂടിക്കുഴഞ്ഞ പ്രവാഹം 20 കിലോമീറ്ററിലധികം സഞ്ചരിച്ച് ഭോട്ടെ കോസി, ത്രിശൂലി, ലെൻഡെ ഖോള നദികളിലെത്തുകയും 20 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഒഴുകി ഇരുകരകളും നിരവധി ഗ്രാമങ്ങളും അനേകമനേകം ജീവനുകളും തുടച്ചു നീക്കുകയും ചെയ്തു. ഗൽച്ചി ഭാഗത്ത് 30 മിനിറ്റുകൊണ്ട് വെള്ളം 9 മീറ്റർ ഉയരത്തിലെത്തുകയുണ്ടായത്രെ! നൂറു കിലോമീറ്ററിനപ്പുറം വരെയെത്തി അതിന്റെ പ്രത്യാഘാതം!
ഹരിതഗൃഹവാതകങ്ങളും ആഗോളതാപനവും
നേപ്പാളിലെ ഹിമാനികൾ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 65% വേഗതയിൽ ഉരുകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഉരുകുമ്പോൾ ഹിമാനികളുടെ അടിഭാഗം അസ്ഥിരമാകുന്നുവെന്നും തന്മൂലമുണ്ടാകുന്ന ‘ഗ്ലേസിയർ കൊളാപ്സ്’ അഥവാ ‘ഐസ് റോക്സ് ആവലാഞ്ച്’ ഹിമാലയൻ മേഖലയിൽ വർദ്ധിക്കുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതൊരു ശൃംഖലാപ്രവർത്തനത്തിനു കാരണമാകും. അടിക്കടിയുണ്ടാകുന്ന ഗ്ലേസിയർ കൊളാപ്സ് തടാകങ്ങൾ പൊട്ടുന്നതിനും നദികളിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുന്നതിനും ഇടയൊരുക്കുന്നു.
ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം മുപ്പതുവർഷംകൊണ്ട് 50 ശതമാനത്തിലധികം വർദ്ധിച്ചിരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 കാലയളവിൽ ഇത് 54.6 ബില്യൺ മെട്രിക് ടൺ CO2 equivalent ആണ്. 1958ൽ മാനലോവയിൽ അളവു തുടങ്ങുമ്പോൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡി (CO2)ന്റെ അളവ് 320 ppmന് (parts per million -പത്തുലക്ഷത്തിൽ എത്ര ഭാഗം എന്ന അളവ്) താഴെ ആയിരുന്നത് 2024 ൽ 422.03 ppm ആയി ഉയർന്നിരിക്കുന്നു. കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് അടിഞ്ഞുകൂടിയ കാർബൺ കേവലം 150 വർഷംകൊണ്ട് കത്തിച്ചതുപോലെയാണ് സ്ഥിതിഗതികൾ. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം കുറച്ചുകൊ
ണ്ടുവരാൻ ധാരണയായിട്ടുണ്ടെങ്കിലും ഒന്നുംതന്നെ ഫലപ്രാപ്തിയിൽ എത്തുന്നില്ല.
ഹരിതഗൃഹവാതകങ്ങൾ ഭൗമാന്തരീക്ഷത്തിനുമേൽ ഒരു പുതപ്പു പോലെയാണ് പ്രവർത്തിക്കുക. ‘ഗ്രീൻ ഹൗസ് ഇഫക്ട്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓസോൺ പാളി ഭുമിക്കുമേൽ സൺ സ്ക്രീനായി പ്രവർത്തിക്കുന്നതുപോലെ ഹരിതഗൃഹവാതകങ്ങൾക്ക് ചൂടിനെ തടഞ്ഞുനിർത്തുക എന്നൊരു ദൗത്യവുമുണ്ട്. എന്നാൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് അനുവദനീയമായതിൽനിന്നും അപകടകരമായ നിലയിലേക്കുയരുമ്പോൾ ഇൻഫ്രാറെഡ് രശ്മികൾ ഭൗമാന്തരീക്ഷത്തിൽ തങ്ങിനിൽക്കും.
പ്രധാനമായും CO2, മീഥേൻ (CH4), നൈട്രസ് ഓക്സൈഡ് (NO2), ഫ്ലൂറിനേറ്റഡ് വാതകങ്ങൾ എന്നിവയാണ് മനുഷ്യന്റെ ഇടപെടലിലൂടെ അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾ. കൽക്കരി, പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം വർദ്ധിക്കുന്നതും വനനശീകരണവുമാണ് അന്തരീക്ഷത്തിൽ CO2 വിന്റെ അളവ് വർദ്ധിക്കാൻ കാരണമാകുന്നത്. CO2 വിനെക്കാൾ 28 മടങ്ങ് കൂടുതൽ ശക്തമാണ് മീഥേൻ. കന്നുകാലികളും നെൽപ്പാടങ്ങളും പ്രകൃതിവാതകച്ചോർച്ചയുമെല്ലാം അന്തരീക്ഷത്തിലെ മീഥേൻ അളവ് വർദ്ധിക്കാൻ കാരണമാകുന്നു. രാസവളപ്രയോഗം നൈട്രസ് ഓക്സൈഡിന്റെയും ഫ്രിഡ്ജ്, എസി എന്നിവയുടെ ഉപയോഗത്തിലെ വർദ്ധനവും അലൂമിനിയം വ്യവസായങ്ങളും ക്ലോറോഫ്ലൂറോ കാർബണിന്റെ(CFC) വർദ്ധനവിനും കാരണമാകുന്നു. നൈട്രസ് ഓക്സൈഡ് ഓസോൺ പാളിക്ക് ദോഷകരമാണ്. ഫ്ലൂറിനേറ്റഡ് വാതകങ്ങൾ CO2 വിനെക്കാൾ 1500 മുതൽ 23,500 ഇരട്ടിവരെ ശക്തമാണ്. ഇക്കാരണങ്ങളാൽ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നു, ഐസ് ഉരുകുന്നു, കടൽ ചൂടാകുന്നു, കടൽ ജലനിരപ്പ് വർദ്ധിക്കുന്നു, എൽനിനോ പ്രതിഭാസങ്ങൾ വർദ്ധിക്കുന്നു.ഹിമാനികൾ ഉരുകുന്നതിന്റെ വേഗത 65% വർദ്ധിക്കുന്നു.കാലാവസ്ഥ പ്രവചനാതീതമാകുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലെ വനനശീകരണവും ആമസോൺ കാടുകളുടെ തകർച്ചയുമെല്ലാം വിപത്ത് ആസന്നമാണെന്ന് ഓർമ്മിപ്പിക്കുന്നു.
നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്കും
വ്യവസായവിപ്ലവാനന്തര കാലഘട്ടത്തിൽ ആഗോളതാപനത്തിനു വഴിവയ്ക്കുന്ന മനുഷ്യജന്യകാരണങ്ങളിൽ പ്രധാന പങ്കും വികസിതരാജ്യങ്ങളുടെതാണ്. ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനത്തിനു കാരണമാകുന്ന വ്യവസായങ്ങളുടെ വ്യാപനത്തിനും കാർബൺ ആഗിരണശേഷിയെ ഹനിക്കുന്ന വിധത്തിൽ മൂന്നാംലോക രാജ്യങ്ങളിലെ വനമേഖല വെട്ടിത്തെളിച്ചതിനും കാരണക്കാർ പാശ്ചാത്യ കൊളോണിയൽശക്തികളാണ്. ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങിയ പുതുമുതലാളിത്ത രാജ്യങ്ങളുടെ പങ്കും വർദ്ധിച്ചുവരികയാണ്. തങ്ങളുടെ വ്യവസായങ്ങളുടെ ലാഭം കുറയുമെന്നതിനാൽ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്ന വ്യവസായങ്ങൾ നിയന്ത്രിക്കാനോ കാർബൺ ഉദ്വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അവികസിത രാജ്യങ്ങൾക്ക് സഹായം നൽകാനോ എന്തിന് പരസ്പരം അംഗീകരിച്ച ദേശീയമായി നിർണ്ണയിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ (nationally determined contributions) നിർവഹിക്കാനോ പോലും അവർ തയ്യാറാകുന്നില്ല. ‘ക്ലൈമറ്റ് ആക്ഷൻ’ ലക്ഷ്യമാക്കി നടന്നു വരുന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) അന്താരാഷ്ട്രസമ്മേളനങ്ങൾ ഏതാനും വർഷങ്ങളായി ചടങ്ങുകൾ മാത്രമായൊതുങ്ങുന്നതും ഇതു കൊണ്ടുതന്നെ. ഡൊണാൾഡ് ട്രമ്പ് ആദ്യ തവണ അമേരിക്കൻ പ്രസിഡന്റായിരുന്ന പ്പോൾ, ഹരിതഗൃഹവാതകങ്ങളുടെ നിർവ്യാപനത്തിനും കാലാവസ്ഥാ സംരക്ഷണത്തിനുമായുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയത് ഇക്കാരണത്താലാണ്.
വ്യവസായവിപ്ലവത്തിനുമുമ്പുള്ള ശരാശരി അന്തരീക്ഷതാപനിലയിൽനിന്ന് ഈ നൂറ്റാണ്ടിന്റെ അന്ത്യത്തിലെ താപനിലയിലേക്കുള്ള വർദ്ധന 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്താൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഹിമാനികൾ ഉരുകുന്നതും സമുദ്രനിരപ്പുയരുന്നതും മൂലം കോടിക്കണക്കിനു ജനങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും വരൾച്ചയുംപോലുള്ള ദുരന്തങ്ങൾ വേറെയും. ലാഭം കൊയ്യാൻ വൻകിട മുതലാളിത്ത രാഷ്ട്രങ്ങളും കെടുതികൾ അനുഭവിക്കാൻ നേപ്പാൾപോലുള്ള ദുർബ്ബല രാഷ്ട്രങ്ങളും എന്നത് ഇനി അംഗീകരിക്കാൻ കഴിയില്ല എന്ന് നേപ്പാൾ ഉയർത്തുന്ന ഈ ചർച്ച ബോധ്യപ്പെടുത്തുന്നു.
