പലസ്തീൻ ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടത്തെ ഇന്ത്യാ ഗവണ്മെന്റ് പിന്തുണച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഈ പിന്തുണ സയണിസ്റ്റ് ഇസ്രയേലിലേക്ക് മാറിയിരിക്കുന്നു. യുഎസ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ അവർ ഗസ, വെസ്റ്റ് ബാങ്ക്, ജറുസലേം തുടങ്ങിയ പലസ്തീൻ പ്രദേശങ്ങളിൽ ആക്രമണം അഴിച്ചുവിടുകയാണ്.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപറത്തിയും, ഗസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന ലോകജനതയുടെ ആവശ്യം തള്ളിക്കളഞ്ഞും ഇസ്രയേൽ ഭരണകൂടം നിരപരാധികളായ പലസ്തീൻ ജനതയ്ക്കെതിരെയുള്ള ക്രൂരത തുടരുകയാണ്. ഗസയിലെ ജനങ്ങൾക്കെതിരായ ഈ പൈശാചിക ആക്രമണത്തിനെതിരെ ഇസ്രയേലിനുള്ളിൽപോലും എതിർപ്പുകളുണ്ട്. എന്നാൽ, ഇത്തരമൊരു സംഘർഷഭരിതമായ സാഹചര്യത്തിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അടുപ്പം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി മോദി 2026 ഫെബ്രുവരി അവസാനം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പറന്നു. തുടർന്ന്, ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ലോകത്തിനു മുന്നിൽ ഒരു പ്രഖ്യാപനം നടത്തി: ‘‘ഇസ്രയേൽ പിതൃഭൂമിയാണ്, ഇന്ത്യ മാതൃഭൂമിയും.’’ ലോകത്തിന്റെ നല്ലൊരുപങ്കും വംശഹത്യക്കാർ എന്നു വിശേഷിപ്പിക്കുന്ന ഒരു രാജ്യത്തുവെച്ചാണ് പ്രധാനമന്ത്രി മോദി ഈപ്രസ്താവന നടത്തുന്നത്. 16,000 കുട്ടികൾ ഉൾപ്പെടെ 70,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തുകയും നിരവധിപേരെ ഭവനരഹിതരാക്കുകയും ചെയ്ത ഒരു ഭരണകൂടവും തന്റെ രാജ്യവും തമ്മിലുള്ള വംശപരമ്പര ബന്ധമാണ് മോദി പ്രഖ്യാപിച്ചത്. ഒരു ബുൾഡോസറിന്റെ ഇഗ്നിഷൻ കീ തിരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്നാണ് അത് ഓർമ്മിപ്പിക്കുന്നത്.
പ്രധാനമന്ത്രി മോദി നെതന്യാഹുവിനെ ആലിംഗനം ചെയ്യുകയും തന്റെ ‘സുഹൃത്ത്’ എന്ന് വിളിക്കുകയും ചെയ്തപ്പോൾ, സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊന്നൊടുക്കി വംശശുദ്ധീകരണം ഉറപ്പാക്കാൻ സ്വന്തം മാതൃഭൂമിയിൽ പലസ്തീൻ ജനതയ്ക്കെതിരെ കിരാതമായ ആക്രമണം തുടരുന്ന ഒരു ഭരണകൂടവുമായുള്ള ബന്ധമാണ് അദ്ദേഹം ആഘോഷിച്ചത്. ആർഎസ്എസ്-ബിജെപിക്കാർ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം, ഹിന്ദുമതഭക്തിയുടെ മഹത്വവൽക്കരണവും മുസ്ലീം ജനതയോടുള്ള വെറുപ്പും ശത്രുതയും അടിസ്ഥാനമാക്കിയുള്ളതുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വംശീയവിദ്വേഷമാണ് ഹിന്ദുത്വം പ്രചരിപ്പിക്കുന്നത്. അതുപോലെ, ഇന്നത്തെ ഇസ്രയേൽ ഭരണാധികാരികൾ അനുവർത്തിക്കുന്ന സയണിസം എന്ന പ്രത്യയശാസ്ത്രവും വംശീയ വെറുപ്പിനെയും വിദ്വേഷത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അങ്ങനെ, ഈ രണ്ട് പ്രതിലോമ പ്രത്യയശാസ്ത്രങ്ങളും പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു. ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ആയുധക്കച്ചവടം ഒരു പ്രധാന അജണ്ടയായ ഉഭയകക്ഷിവ്യാപാരം ഉറപ്പിക്കുക എന്നതുകൂടി ആയിരുന്നു പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം. അമേരിക്കൻ താല്പര്യങ്ങളെ പിന്തുണയ്ക്കാൻ, ആവശ്യമെങ്കിൽ യുദ്ധക്കുറ്റവാളികളെ ആലിംഗനം ചെയ്യാനും വംശഹത്യയെ പിന്തുണയ്ക്കാനും തയ്യാറാണെന്ന പ്രഖ്യാപനമായിരുന്നു നെതന്യാഹുവുമായുള്ള ആലിംഗനം.
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ, ‘‘തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ വ്യാപ്തിയിലും അളവിലും ഉണ്ടായ കാര്യമായ വളർച്ച ഉയർത്തിക്കാണിക്കുകയും’’ ഭാവിയിലെ പ്രതിരോധ സഹകരണത്തിനുള്ള കാഴ്ചപ്പാടും റോഡ്മാപ്പും നൽകുകയും ചെയ്തു. ഇന്ത്യ വളരെക്കാലമായി ഇസ്രയേലിലേക്ക് വൻതോതിൽ സൈനിക ഹാർഡ്വെയറുകൾ കയറ്റി അയക്കുന്നുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ പഠനം പറയുന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്ക് അയച്ച ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഘടകങ്ങൾ എന്നിവയുടെ 2,596 കയറ്റുമതികൾ നടന്നിട്ടുണ്ടെന്നാണ്. ഇസ്രയേൽ പ്രതിരോധ സ്ഥാപനം വെറുമൊരു ഉപഭോക്താവല്ല; അത് അടിച്ചമർത്തലിന്റേതായ ഒരു സംയുക്ത സംരംഭത്തിലെ പങ്കാളിയാണ്. കശ്മീർ മുതൽ വടക്കുകിഴക്കൻ പ്രദേശങ്ങൾ വരെയുള്ള സ്വന്തം ആഭ്യന്തര സംഘർഷങ്ങളെ അടിച്ചമർത്താൻ ഇന്ത്യ ദീർഘകാലമായി ഇസ്രയേലിൽനിന്ന് ഡ്രോണുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ കമ്പനികൾ സൈനിക ഗ്രേഡ് ആയുധങ്ങൾക്കായി കുറഞ്ഞത് 3,90,516 ചെറിയ ആയുധ ഭാഗങ്ങളും ഡ്രോൺ വാർഹെഡുകളും ആർട്ടിലറി ഷെൽ കാസിംഗുകളും പോലുള്ള 5,64,970 സ്ഫോടക വസ്തുക്കളുടെ ഭാഗങ്ങളും, 298 സൈനിക വാഹന ഘടകങ്ങളും ഇസ്രയേൽ ആയുധക്കച്ചവടക്കാർക്ക് നൽകിയിട്ടുമുണ്ട്. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഐഎംഐ സിസ്റ്റംസ് ലിമിറ്റഡ്, എംസിടി മെറ്റീരിയൽസ് എന്നിവയുൾപ്പെടെയുള്ള ഇസ്രയേലി ആയുധ നിർമ്മാതാക്കൾക്ക് ഇന്ത്യൻ സ്ഥാപനങ്ങൾ ആയുധ ഘടകങ്ങൾ കയറ്റി അയക്കുന്നതായി രേഖകൾ കാണിക്കുന്നു. സ്വകാര്യ കമ്പനികൾ ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത് അന്താരാഷ്ട്രനിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുക മാത്രമല്ല, മറിച്ച് ഇസ്രയേലുമായുള്ള അതിന്റെ പ്രതിരോധ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്തു.
ഇത് തുല്യശക്തികളുടെ ഒരു ബന്ധമല്ല, മറിച്ച് പലസ്തീനിലായാലും കശ്മീരിലായാലും ജനകീയപ്രതിരോധത്തെ തകർക്കുകയെന്ന പൊതുവായ താല്പര്യത്താൽ ഐക്യപ്പെട്ടിരിക്കുന്ന രണ്ട് സാമ്രാജ്യത്വശക്തികളുടെ, ‘ജനകീയചെറുത്തു നില്പുകളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളുടെ സഹജീവനമാണ്’. അതിനാൽ ഇസ്രയേലിനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പിന്തുണ സ്വന്തം താല്പര്യാർത്ഥമുള്ളതാണ്: ഇത് രാഷ്ട്രീയ വിയോജിപ്പുകൾക്കെതിരെ സൈനികമായി പ്രതികരിക്കുകയെന്ന സ്വന്തം സിദ്ധാന്തത്തെ സാധൂകരിക്കുകയും, സിവിലിയൻ ജനതയ്ക്കെതിരായ അതിശക്തമായ ബലപ്രയോഗത്തെ സാധാരണവൽക്കരിക്കുകയും ചെയ്യുന്നു.
ഇസ്രയേൽ സൈന്യം ഗസയിൽ ബോംബിടാൻ ഇന്ത്യൻ നിർമ്മിത സൈനിക സാമഗ്രികൾ ഉപയോഗിക്കുമ്പോൾ, മിഡിൽ ഈസ്റ്റിൽ ഒരു കുറ്റകൃത്യം ചെയ്യുക മാത്രമല്ല; മറിച്ച് സ്വന്തം നാട്ടിൽ പൂർത്തിയാക്കാൻ ഇന്ത്യൻ ഭരണകൂടം ആഗ്രഹിക്കുന്ന ഒരു യുദ്ധമാതൃകയുടെ റിഹേഴ്സൽ കൂടിയാണത്. പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനുശേഷം, ഉഭയകക്ഷി ആയുധക്കച്ചവടം 10 ബില്യൺ ഡോളർ വരെയാകാമെന്നും മിസൈലുകൾക്കും ഡ്രോണുകൾക്കുമെതിരായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇന്ത്യൻ മാധ്യമങ്ങൾ വിലയിരുത്തുന്നു.
സൈനിക-വ്യവസായ സമുച്ചയം ഇന്ത്യൻ സാമ്രാജ്യത്വത്തിന്റെ ഹൃദയമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് മനസ്സിലാക്കാൻ, വ്യത്യസ്ത താല്പര്യങ്ങളോടെ മത്സരിക്കുന്നവർക്കിടയിൽ ഭരണകൂടം നിഷ്പക്ഷമായ ഒരു മദ്ധ്യസ്ഥനാണെന്ന ഉദാരവൽക്കരണ ഭാഷ്യം ഉപേക്ഷിക്കേണ്ടതുണ്ട്. സമകാലിക ഇന്ത്യയിൽ, ഭരണകൂടം ‘മൂലധനമാണ്’-കൂടുതൽ കൃത്യമായി പറഞ്ഞാൽ, അത് ചൂഷകരായ ക്രിമിനൽ മൂലധനശക്തികളുമായി വളരെയേറെ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. പ്രതിരോധ മേഖലയിലാണ് ഈ ലയനം ഏറ്റവും പ്രകടമായി കാണുന്നത്. സ്വയം പര്യാപ്തതയ്ക്കായുള്ള ഒരു പരിപാടിയായി തോന്നിപ്പിക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം, സ്വകാര്യ കോർപ്പറേറ്റുകൾക്കായുള്ള കൂറ്റൻ സബ്സിഡി സംവിധാനമായി പ്രവർത്തിക്കുകയും, ഭരണകൂടത്തെ ഒരു നിയന്ത്രണാധികാരി എന്നതിൽനിന്ന് ലാഭാർത്തിപൂണ്ട ഒരു സംരംഭത്തിലെ ജൂനിയർ പങ്കാളിയാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
വ്യവസ്ഥിതിയുടെ ഇന്നത്തെ സഹജമായ പ്രതിസന്ധി ഘട്ടത്തിൽ, എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളും വളർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെയെങ്കിലും പ്രതിരോധിക്കുന്നതിനുള്ള അവസാന ആശ്രയമായി തങ്ങളുടെ സമ്പദ്വ്യവസ്ഥയെ അതിവേഗം സൈനികവൽക്കരിക്കുകയാണ്. എസ്യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ വാക്കുകളിൽ, സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ ‘‘…ആയുധം കുന്നുകൂട്ടുന്നതിലൂടെയും വ്യവസായങ്ങളുടെ സൈനികവൽക്കരണത്തിലൂടെയും കൂടുതൽ കൂടുതൽ മൂലധന കേന്ദ്രീകരണത്തിലൂടെയും പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഒരു മുങ്ങുന്ന മനുഷ്യൻ വൈക്കോൽ തണ്ടിൽ പിടിക്കുന്നതു പോലെയാണത്. വർദ്ധിച്ച സൈനിക ഉപഭോഗത്തിലൂടെ സൃഷ്ടിക്കുന്ന കമ്പോളത്തിന്റെ കൃത്രിമ ഉത്തേജനത്തിലൂടെ, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും മൂലധന വിപണിയുടെ കുതിപ്പ് നിലനിർത്താനുമായി സാമ്രാജ്യത്വഭരണകൂടങ്ങൾ ഇതെല്ലാം ചെയ്യുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനുപകരം, ഇത് മുതലാളിത്ത വൈരുദ്ധ്യങ്ങളും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാക്കുകയാണ്. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്തോറും സമ്പദ്വ്യവസ്ഥ കൂടുതൽ സൈനികവൽക്കരിക്കപ്പെടുന്നു.’’
രണ്ടാമതായി, മിക്കവാറും എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലും ഒരു സൈനിക-വ്യവസായ കൂട്ടുകെട്ട് എന്ന പ്രതിഭാസം പ്രകടമാണ്. ആയുധങ്ങളുടെയും സൈനിക സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശൃംഖലയാണ് സൈനിക-വ്യവസായ കൂട്ടുകെട്ട്. ദേശീയ ഗവൺമെന്റിന്റെ സൈനിക ചെലവുകൾ തുടരുന്നതിനോ വർദ്ധിപ്പിക്കുന്നതിനോ ഉള്ള രാഷ്ട്രീയ പിന്തുണ സമാഹരിക്കാൻ ഒരു രാജ്യത്തെ സൈനിക-വ്യവസായ കൂട്ടുകെട്ട് സാധാരണയായി ശ്രമിക്കുന്നു. ഇന്ത്യയിൽ, അദാനി ഡിഫൻസ് &എയ്റോ സ്പേസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ഭാരത് ഫോർജ്, ജെഎസ്ഡബ്ല്യു ഡിഫൻസ്, ലാർസൻ ആൻഡ് ട്യൂബ്രോ, ഡൈനാമാറ്റിക് ടെക്നോളജീസ് തുടങ്ങിയ പല കുത്തക സ്ഥാപനങ്ങളും അംബാനിയുടെ അഞ്ചാം തലമുറ യുദ്ധവിമാന എൻജിൻ നിർമ്മാണ രംഗത്തേക്കുള്ള കടന്നുവരവും ആയുധങ്ങൾ നിർമ്മിക്കാനും കയറ്റി അയക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇസ്രയേൽ സൈന്യത്തിനായി മാരകമായ ഹെർമിസ് 900 ഡ്രോണുകൾ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് ഇസ്രയേലി ആയുധ ഭീമനായ എൽബിറ്റ് സിസ്റ്റംസുമായി സംയുക്ത സംരംഭ പങ്കാളിത്തം സ്ഥാപിച്ചു. 2023 ജനുവരിയിൽ, ഇസ്രയേൽ ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കുകയും അദാനി ഗ്രൂപ്പിനും (70%) ഇസ്രയേലിന്റെ ഗാഡോത് ഗ്രൂപ്പിനും (30%) വിൽക്കുകയും ചെയ്തു. ഇതുവഴി ഇസ്രയേലിന് 1.6 ബില്യൺ യുഎസ് ഡോളർ ലഭിച്ചു. ഇസ്രയേൽ ഗസയിലെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തുമ്പോഴും, അദാനി ഗ്രൂപ്പ് എൽബിറ്റുമായുള്ള തങ്ങളുടെ വ്യാവസായിക ബന്ധം കൂടുതൽ ശക്തമാക്കുകയും ഇസ്രയേലിലേക്ക് മാരകമായ ഡ്രോണുകൾ നിർമ്മിച്ച് അയക്കുകയും ചെയ്യുന്നു. പ്രതിരോധ മേഖലയിലേക്ക് വൻതോതിൽ വ്യാപരിച്ചു കഴിഞ്ഞ അദാനിഗ്രൂപ്പ് കരാറുകളും ഭൂമിയും റെഗുലേറ്ററി അനുകൂല്യങ്ങളും നേടിയെടുക്കാൻ ഗവൺമെന്റുമായുള്ള അടുപ്പം പ്രയോജനപ്പെടുത്തുന്നു. ഇസ്രയേലുമായുള്ള ആയുധ വ്യാപാരം അദാനിയുടെ ഒരു സൈഡ്-ബിസിനസ്സല്ല; കോർപ്പറേറ്റ് കൂട്ടുകെട്ടുകൾ യുദ്ധക്കുറ്റങ്ങളെ ബിസിനസ് നേട്ടങ്ങളാക്കി മാറ്റുമ്പോൾ കണ്ണടയ്ക്കാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന മൂലധന സമാഹരണ തന്ത്രത്തിന്റെ നെടുംതൂണാണിത്.
ഗസയിൽ നരനായാട്ട് നടത്തുന്നതിനായി ആയുധങ്ങളും പീരങ്കികളും സപ്ലൈ ചെയ്യുന്ന ഇസ്രയേലി പ്രതിരോധ സ്ഥാപനങ്ങൾക്ക് അവ എത്തിച്ചുകൊടുക്കുന്നതിനായി ഇന്ത്യ പ്രവർത്തിച്ചതായി അന്വേഷണങ്ങൾ സ്ഥിരീകരിക്കുന്നു. അതിനാൽ പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും കൈകൾ ആയിരക്കണക്കിന് നിരപരാധികളുടെ രക്തക്കറ പുരണ്ടതാണ്.
കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തോടുള്ള വഞ്ചന
ഒന്നാമതായി ഇത് ഇന്ത്യയുടെ കൊളോണിയൽ കാലാനന്തര നിലനില്പിന്റെ ചങ്കിൽക്കുത്തുന്ന നടപടിയാണ്.
പലസ്തീൻ മുതൽ വിയറ്റ്നാംവരെയുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, അടിച്ചമർത്തപ്പെട്ടവരുടെ ചാമ്പ്യനായി ഇന്ത്യൻ ദേശീയ പ്രസ്ഥാനം സ്വയം രൂപപ്പെടുത്തിയ നിലപാടിനോടുചെയ്യുന്ന വഞ്ചനയാണിത്. ഇന്ത്യ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ(പിഎല്ഒ) അംഗീകരിക്കുകയും ഇസ്രയേൽ ആക്രമണത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇന്ന്, കൊടുംക്രിമിനൽ സാമ്രാജ്യത്വ ഭരണകൂടങ്ങളുമായി ചങ്ങാത്തം കൂടുന്ന ഇന്ത്യൻ ഭരണ മുതലാളിവർഗ്ഗം ആ പാരമ്പര്യം മനപ്പൂർവ്വം തകർത്തെറിഞ്ഞിരിക്കുന്നു.
ഗസയിലെ വംശഹത്യ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. എന്നാൽ അത് ഇന്ത്യൻ ജനതയ്ക്കെതിരെയുള്ള ഒരു കുറ്റകൃത്യം കൂടിയാണ്, ഇന്ത്യൻ ജനത അംഗീകരിക്കാത്തതും പിന്തുണയ്ക്കാത്തതുമായ ഒരു കൂട്ടക്കൊലയിൽ അവർ പങ്കാളികളാക്കപ്പെടുകയാണ്. ഇന്ത്യയുടെ ഈ കൂട്ടുകെട്ട് തകർക്കുക എന്നാൽ സൈനിക-വ്യവസായ കൂട്ടുകെട്ടിന്റെ ശക്തി തകർക്കുക എന്നാണ് അർത്ഥമാക്കുന്നത്-ലോകവ്യാപകമായി സംഘടിതവും ഏകോപിതവും ശക്തവുമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമാണ് ഇന്നത്തെ അടിയന്തരാവശ്യം. ഇന്ത്യയുടെ കൈകളിൽ പുരണ്ടിരിക്കുന്ന രക്തം പലസ്തീന്റേത് മാത്രമല്ല; ലാഭത്തിന് സർവ്വപ്രധാന സ്ഥാനം നൽകുന്ന ഒരു വ്യവസ്ഥിതിക്ക് പണയം വെക്കപ്പെട്ട നമ്മുടെ സ്വന്തം ഭാവിയുടെ രക്തം കൂടിയാണത്. ആ വ്യവസ്ഥിതിയെ ചുട്ടുചാമ്പലാക്കുക, സൈനിക-വ്യവസായ അവിശുദ്ധ സഖ്യത്തെ ചുട്ടുചാമ്പലാക്കുക എന്നതു മാത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.
