ആഗസ്റ്റ് 26ന് നേപ്പാളിലും ടിബറ്റിലുമായി ഉണ്ടായ മിന്നൽ പ്രളയം ദക്ഷിണേഷ്യയുടെ മാത്രമല്ല, ലോകമനസ്സാക്ഷിയെത്തന്നെ ഞെട്ടിക്കുകയുണ്ടായി. ഓടിരക്ഷപെടാൻ പോലുമാവാത്തവിധം ഞൊടിയിടക്കുള്ളിൽ പ്രളയജലം മനുഷ്യരെയും ഗ്രമങ്ങളെത്തന്നെയും മുക്കിക്കൊന്നു. ആറു ദിവസം പിന്നിടുമ്പോൾ 900 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ കാണാതായവരുടെ എണ്ണം ഏതാണ്ട് 4000 ഓളം വരും. അതിൽ 500 ഓളം പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനാവില്ല എന്നതാണ് യാഥാർത്ഥ്യം. 35 പാലങ്ങളും 45 തൂക്കുപാലങ്ങളും 40 കിലോമീറ്റർ റോഡും പൂർണ്ണമായി തകർന്നു. 13 ജലവൈദ്യുതിപദ്ധതികൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടു. ഏതാണ്ട് അര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേപ്പാൾ എന്ന ദരിദ്രരാജ്യം നേരിട്ടിരിക്കുന്നത്.
റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് മിന്നൽ പ്രളയത്തിന്റെ കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടെങ്കിലും ഭീമമായ ഹിമപാളി തകർന്നതാണ് കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. രാവിലെ 8.37ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 60 കിലോ മീറ്റർ അകലെ ടിബറ്റൻ അതിർത്തിയോടുചേർന്നുള്ള ലാങ്ടോങ് ദേശീയോദ്യാനത്തിലേക്ക് കൂറ്റൻ ഹിമാനി പതിക്കുകയും ഇത് ഭോട്ടെകോസി നദിയുടെ പോഷകനദിയായ ല്ഹെൻഡേയിൽ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്തു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് അവിടെ രൂപപ്പെട്ട താൽക്കാലിക തടാകം തകരുകയും അതിഭീമമായ അളവിലുള്ള ജലവും ഒപ്പം ഭീമൻ മഞ്ഞുകട്ടകളും കൂറ്റൻ പാറകളും താഴേക്ക് പ്രവഹിച്ച് താഴ്വരകളെ തുടച്ചു നീക്കുകയാണുണ്ടായത്. ഗ്ലേസിയർ ലേക്ക് ഔട്ട്ബേസ്റ്റ് ഫ്ലഡ് (GLOF) എന്നാണ് ഭൗമശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭോട്ടെകോസി, ത്രിശൂലി, നാരായണി നദികളിൽ അരമണിക്കൂറിനുള്ളിൽ ഏഴുമുതൽ ഒമ്പത് മീറ്റർ വരെ വെള്ളം ഉയർന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ 14 മാസത്തിന്നിടയിൽ രണ്ടു തവണ ല്ഹെൻഡേ നദിയിൽ പ്രളയമുണ്ടായി. 2025 ആഗസ്റ്റിൽ ഇതേ സ്ഥലത്ത് മിന്നൽപ്രളയവുമുണ്ടായിരുന്നു. ഉയർന്ന താപനിലയെത്തുടർന്ന് ടിബറ്റിലെ ഹിമതടാകം ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ 9 പേർ മരിച്ചിരുന്നു. വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. 2023 ഒക്ടോബറിൽ സിക്കിമിലെ സൗത്ത് ലോനാക്ക് തടാകത്തിലേക്ക് കൂറ്റൻ ഹിമപാളി ഇടിഞ്ഞുവീണതിനെത്തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതി പരിപൂർണ്ണമായും തകർന്നതുൾപ്പടെയുള്ള വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. ഹിമാലയൻ മേഖലകളിലൊന്നാകെ സമാനമായ സ്ഥിതിഗതികൾ വർദ്ധിക്കുകയാണെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.
ലോകത്തെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയൻ പർവ്വതനിരയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഇതിനോടകംതന്നെ വ്യാപകമായ പഠനത്തിനു വിധേയമായിട്ടുള്ള വിഷയമാണ്. ഇപ്പോൾ ദുരന്തമുണ്ടായിട്ടുള്ള ലാങ്ടോങ് ഭാഗത്തെ മഞ്ഞുമലയുടെ അപകടകരമായ സ്ഥിതി ഏതാണ്ട് മൂന്നു മാസം മുമ്പു പ്രസിദ്ധീകരിച്ച ആധികാരികമായ ഒരു ഗവേഷണ പ്രബന്ധം വ്യക്തമാക്കിയിരുന്നു. ഈ പർവ്വതപ്രദേശങ്ങൾ ആഗോള ശരാശരിയേക്കാൾ നാലും അഞ്ചും മടങ്ങ് വേഗത്തിൽ ചൂടാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 1964 മുതൽ 2000 വരെ മഞ്ഞുപാളികൾ ഉരുകിയതിനേക്കാൾ ഒന്നരമടങ്ങ് വേഗത്തിലാണ്2000 മുതൽ 2023 വരെ ഇവ ഉരുകിയത്. പല ഹിമപാളികളും ചെറിയഭാഗങ്ങളായി പിളരുകയും പരസ്പര ബന്ധം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 1977നും 2010നുമിടയിൽ നേപ്പാളിലെ ആകെ ഹിമപാളികളുടെ വിസ്തീർണ്ണത്തിലും 24 ശതമാനം കുറവുണ്ടായിട്ടുണ്ടത്രേ. ചൂട് കൂടുന്നതനുസരിച്ച് ഹിമപാളികൾ ഉരുകുകയും അവയുടെ പരസ്പര ബന്ധം ദുർബ്ബലമാവുകയും ചെയ്യുന്നു. ഉരുകിയുണ്ടാകുന്ന ജലമാകട്ടെ ഹിമപാളിയുടെ അടിഭാഗത്തേക്ക് ഒഴുകുന്നതിലൂടെ പാറയുമായുള്ള പിടുത്തം നഷ്ടപ്പെടുകയും ഹിമപാളി താഴേക്ക് പതിക്കുകയും ചെയ്യുന്നു. വർഷങ്ങൾ പിന്നിടുന്തോറും ഈ പ്രതിഭാസം വർദ്ധിക്കുകയാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
ഹിമാലയൻ മേഖലയുടെ ഒന്നാകെയുള്ള അതീവ ആപൽക്കരമായ ഈ സ്ഥിതിവിശേഷം ആഗോളതാപനം മാത്രംസൃഷ്ടിക്കുന്നതല്ല. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഒറ്റ സ്വരത്തിൽ മുന്നറിയിപ്പു നൽകിയത് പ്രകൃതിനാശവും പാരിസ്ഥിതിക തകർച്ചയും സൃഷ്ടിക്കുന്ന ഹിമാലയൻ മേഖലയിലെ മനുഷ്യ ഇടപെടൽ ഉടൻ അവസാനിപ്പിക്കണമെന്നാണ്. ടൂറിസത്തിനുവേണ്ടി വമ്പൻ അടിസ്ഥാനസൗകര്യങ്ങളും വൻകിട വൈദ്യുതി പദ്ധതികളും ലക്കുംലഗാനുമില്ലാതെ നിർമ്മിച്ചുകൂട്ടുകയാണ് ഹിമാലയൻ മേഖലയിലെ അഞ്ചുരാജ്യങ്ങളും. വമ്പൻ മൂലധനശക്തികളുടെ ലാഭം മാത്രമേ അവർ ലക്ഷ്യം വയ്ക്കുന്നുള്ളൂ. അതിലോലമായ പാരിസ്ഥിതിക ഘടനയുള്ള ഈ ഭൂപ്രദേശത്ത് അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ നിർവിഘ്നം മുന്നേറുകയാണ്. ആശങ്കയും ഉൽക്കണ്ഠയും നിറഞ്ഞ വാക്കുകളെ തരിമ്പും ഗണിക്കാൻ ഭരണാധികാരികൾ തയ്യാറല്ല. ടിബറ്റൻ മേഖലയിൽ പുതിയതായി പണിതുയർത്തിയ ഗൈറോങ് പട്ടണം ഭോട്ടെകോസി നദി ഗതി മാറി ഒഴുകാൻ ഇടയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അത് യാഥാർത്ഥ്യമെങ്കിൽ നേപ്പാളിൽ സർവ്വനാശം വിതച്ച ഈ ദുരന്തത്തിനുത്തരവാദികൾ ആ മേഖലയുടെ ഗവൺമെന്റാണെന്നു പറയേണ്ടിവരും.
അത്യന്താധുനിക സെൻസറുകളും റിമോട്ട് സെൻസിംഗ് സാധ്യതകളും ഇത്രമേൽ മുന്നേറിയിട്ടും അവയെപ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കാൻ ഇന്ത്യ ഉൾപ്പടെ ഒരു രാജ്യവും തയ്യാറായിട്ടില്ല. പർവ്വതങ്ങൾ ഇടിച്ചുനിരപ്പാക്കാനും മലകൾ തുരന്ന് തുരങ്കങ്ങൾ ഉണ്ടാക്കാനും ദുർബ്ബലമായ മണ്ണിനു മേൽ ബഹുനിലമന്ദിരങ്ങൾ പണിയാനും ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നവർ ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ദുരന്തങ്ങളെ നേരിടാനും വിവരങ്ങൾ പങ്കുവയ്ക്കാനും ഈ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ കാര്യക്ഷമമായ ഏകോപനമേയില്ല. ഓരോ ദുരന്തം സംഭവിക്കുമ്പോഴും മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുമ്പിൽ ഏകോപനം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കും. പിന്നീട് എല്ലാം കെട്ടടങ്ങും. കുറ്റകരമായ നിസംഗതയും നിരുത്തരവാദിത്തവുമാണ് ഈ മേഖലയിലെ ഗവൺമെന്റുകൾ പ്രദർശിപ്പിക്കുന്നത്. നിർമ്മാണച്ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടുക, അപകടരഹിതമായ വാസമേഖലകൾ ശാസ്ത്രീയമായി കണ്ടെത്തി ജനങ്ങൾക്കു നൽകുക, ദുരന്തസാധ്യതയുള്ള ഇടങ്ങളിൽ കൂറ്റൻ പദ്ധതികൾ കർശനമായും ഒഴിവാക്കുക, ഗ്ലേസിയർ ഹെൽത്ത് നിരന്തരമായി നിരീക്ഷിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഗവൺമെന്റുകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുവാൻ ജനങ്ങൾ ജാഗ്രത കാട്ടണം.
നമ്മുടെ രാജ്യത്തിനുള്ളിൽ കാശ്മീർ മുതൽ സിക്കിം വരെയുള്ള ഹിമാലയൻ മേഖലയിലെ കടന്നുകയറ്റങ്ങൾ ഞെട്ടലുളവാക്കുന്നവതാണ്. അതിഭീമാകരമായ മഞ്ഞുപാളികളെ ബന്ധിപ്പിച്ചുനിർത്തുന്ന ഭൂഘടനയാകെ ദിനംപ്രതി ദുർബ്ബലമാവു കയാണ്. ഇതേ വേഗതയിൽ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളിൽ ഒരു മനുഷ്യജീവൻ പോലും അവശേഷിക്കില്ല. ഹിമാലയൻ മേഖലയിൽ മാത്രമായി അതിന്റെ ആഘാതങ്ങൾ അവസാനിക്കുകയുമില്ല. മുതലാളിത്ത ഭരണാധികാരികളുടെ മുതലക്കണ്ണീർ അപ്പോഴുമുണ്ടാകും, പ്രകൃതിക്കുമേലുള്ള ക്രൂരമായ കൈയേറ്റങ്ങൾ അപ്പോഴും തുടരും, നിസ്സഹായരായ മനുഷ്യരെ ദുരന്തങ്ങൾക്ക് എറിഞ്ഞുകൊടുക്കും.
പരിസ്ഥിതിക്കും ഭൗമഅന്തരീക്ഷത്തിനും കനത്ത ആഘാതം ഏൽപ്പിക്കുന്ന മുതലാളിത്ത – സാമ്രാജ്യത്വ ശക്തികളാണ് ആഗോള താപനത്തിന്റെ കാരണക്കാർ. അത് ലഘൂകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് തലയൂരി, തന്താങ്ങളുടെ പെരുംലാഭത്തിൽ ഒരു ഇടിവും വരാതിരിക്കാൻ ശ്രമിക്കുകയാണ് ഓരോ മുതലാളിത്ത ഭരണകൂടവും. ഈ ഭൂമി ഒന്നാകെ അതിനു വില നൽകേണ്ടി വരികയാണ്.
മാനവരാശിയുടെയും ജീവസഞ്ചയത്തിന്റെയും നിലനിൽപ്പ് ഉറപ്പാക്കുംവിധം പ്രകൃതി സംരക്ഷിക്കപ്പെടണമെങ്കിൽ, സമൂഹത്തിന്റെ വിശാലമായ താല്പര്യത്തിന്റെ പക്ഷത്തുനിന്ന് അണുവിട വ്യതിചലിക്കാത്ത ഒരു സാമൂഹ്യക്രമം നിലവിൽ വരണം; ലാഭം ലക്ഷ്യംവയ്ക്കാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കപ്പെടണം.
