നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക സമാപനവേളയിൽ, 2022 ജനുവരി 23ന്, ബിജെപി നേതൃത്വം അദ്ദേഹത്തെ അത്യധികം പുകഴ്‌ത്തുകയുണ്ടായി. “നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തിയിൽ ഞാൻ അദ്ദേഹത്തെ പ്രണമിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളിൽ ഓരോ ഭാരതീയനും അഭിമാനിക്കുന്നു” ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ കരിങ്കൽപ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ‘ഇത് അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും’ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അസാധാരണമായ ദേശസ്നേഹം, അജയ്യമായ ധൈര്യം, വിദേശ ഭരണത്തിന്റെ അടിത്തറയിളക്കിയ വിസ്മയകരമായ പ്രസംഗങ്ങൾ എന്നിവയിലൂടെ നേതാജി യുവാക്കളെ സംഘടിപ്പിച്ചതിനെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രശംസിച്ചിരുന്നു.
എന്നാൽ ഇപ്പോൾ, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ധാർഷ്ട്യത്തിൽ, നേതാക്കൾ മലക്കം മറിഞ്ഞ് തങ്ങളുടെ യഥാർത്ഥ നിലപാടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആർഎസ്എസ്-ബിജെപി-സംഘപരിവാർ മുന്നോട്ടുവെക്കുന്ന ‘ഹിന്ദു രാഷ്ട്രം’ എന്ന സിദ്ധാന്തത്തിന് വിരുദ്ധമായതിനാലാണ് അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഇന്ത്യൻ ദേശീയത എന്ന സങ്കല്പത്തെയും പൂർണ്ണമായി എതിർത്തത്. അവരുടെ അഭിപ്രായത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരവും അതിന് നേതൃത്വം നൽകിയ മഹാരഥന്മാരും പിന്തിരിപ്പന്മാരായിരുന്നു.
അതിനാൽ, അവരെ സംബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസും ഒരു പിന്തിരിപ്പനായിരുന്നു. ഇതോടെ, നേതാജിയെ അപകീർത്തിപ്പെടുത്താൻ ബിജെപിയും കൂട്ടാളികളും കൃത്യമായി ആസൂത്രണംചെയ്ത ഒരു പ്രചാരണം ആരംഭിച്ചു. ഒരു പൊതുയോഗത്തിനിടെ ഹിന്ദു മഹാസഭാ നേതാവ് ശ്യാമപ്രസാദിനുനേരെ ഫോർവേഡ് ബ്ലോക്ക് ഗുണ്ടകൾ കല്ലെറിഞ്ഞതായി പശ്ചിമ ബംഗാൾ സംസ്ഥാന ബിജെപി അധ്യക്ഷൻ ആരോപിച്ചു. നേതാജിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നീക്കത്തിന് പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയാൻ ജനങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ല. ബിർഭും ജില്ലയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ഒരു തെരുവ് ശ്യാമപ്രസാദ് മുഖർജി റോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. എന്നാൽ, നമ്മുടെ പാർട്ടിയും പ്രദേശവാസികളുംചേർന്ന് ശക്തമായ പ്രതിഷേധസമരം ആരംഭിച്ചതോടെ ആ പേരുമാറ്റം ഉപേക്ഷിക്കേണ്ടി വന്നു. ബിജെപിയുടെ രാജ്യസഭാ എംപിയായ അനന്ത മഹാരാജ്, നേതാജിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് മുദ്രകുത്താൻ ധിക്കാരം കാണിക്കുകയും, ആസാദ് ഹിന്ദ് ഫൗജിനെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നേതാജിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഉജ്ജ്വലപങ്കിനെയും അവഹേളിക്കുകയും ചെയ്തു. ഒരിടത്ത് നേതാജിയുടെ പ്രതിമ കാവിത്തുണിയിൽ പൊതിഞ്ഞു, മറ്റൊരിടത്ത് അർദ്ധരാത്രിയിൽ നേതാജിയുടെ പ്രതിമ തകർത്തു; ബിജെപിയുടെ ഐറ്റിസെൽ ആകട്ടെ അധിക്ഷേപകരമായ മീമുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നേതാജിയുടെ പ്രതിമകൾ പട്ടാപ്പകൽ തകർക്കപ്പെട്ടു. അവരുടെ ആക്രമണങ്ങൾ നേതാജിക്കുനേരെ മാത്രമായി ഒതുങ്ങുന്നില്ല: റാംമോഹൻ റോയ് മുതൽ ഈശ്വരചന്ദ്ര വിദ്യാസാഗറും രവീന്ദ്രനാഥ ടാഗോറും വരെയുള്ള നവോത്ഥാന നായകന്മാരിൽ ഒരാളെപ്പോലും അവരുടെ വികലമായ വീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
സ്വന്തം പ്രത്യയശാസ്ത്രനിലപാടിന്റെ വെളിച്ചത്തിൽ, ആർഎസ്എസ്-ബിജെപിക്ക് നേതാജിയുടെ ജീവിതസമരങ്ങളെ ശരിയായ രീതിയിൽ ഉയർത്തിപ്പിടിക്കാൻ കഴിയില്ല, അതിന് അവർ ആഗ്രഹിക്കുന്നുമില്ല. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നതും മനസ്സിലാക്കേണ്ടതുണ്ട്.
നേതാജി ഇന്ത്യക്കാർക്ക് നൽകിയ മുന്നറിയിപ്പുകൾ കാരണമാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത്. “സാംസ്കാരികമായ ആത്മബന്ധത്തിന്റെ പാതയിലെ ഏറ്റവും വലിയ മുള്ളാണ് മതഭ്രാന്ത്… മതഭ്രാന്തിനെതിരെ മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തേക്കാൾ മികച്ച മറ്റൊരു പ്രതിവിധിയുമില്ല… നമുക്ക് ഇന്ത്യയെ യഥാർത്ഥത്തിൽ മഹത്തരമാക്കണമെങ്കിൽ, ഒരു ജനാധിപത്യസമൂഹത്തിന്റെ അടിത്തറയിൽ നാം ഒരു രാഷ്ട്രീയജനാധിപത്യം കെട്ടിപ്പടുക്കണം. ജനനം, ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേകാവകാശങ്ങൾ ഇല്ലാതാകണം; ജാതി-മത ഭേദമന്യേ എല്ലാവർക്കും തുല്യ അവസരങ്ങൾ തുറന്നുകൊടുക്കണം.” (ദി ഇന്ത്യൻ സ്‌ട്രഗിൾ) നേതാജി ഇപ്രകാരവും നിരീക്ഷിച്ചു: “ഹിന്ദുജനസംഖ്യയുടെ ഭൂരിപക്ഷം കാരണം ഇന്ത്യയിൽ ‘ഹിന്ദു രാജ്’ എന്ന മുറവിളികൾ നാം കേൾക്കുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാൽ ഹിന്ദുരാഷ്ട്രം എന്നൊരു ഭൂതത്തെ സൃഷ്ടിക്കുകയാണ്. ഇവയെല്ലാം വ്യർത്ഥമായ ചിന്തകളാണ്.” (1938 ജൂൺ 14ന് കൊമില്ലയിലെ പ്രസംഗം). അദ്ദേഹം നാട്ടുകാര്‍ക്ക് ഇങ്ങനെ മുന്നറിയിപ്പ് നൽകുക കൂടി ചെയ്തു: “ഹിന്ദു മഹാസഭ വോട്ട് യാചിക്കാൻ ത്രിശൂലവുമേന്തിയ സന്യാസിമാരെയും സന്യാസിനിമാരെയും അയക്കുന്നു. ത്രിശൂലവും കാവിയും കാണുമ്പോൾ ഹിന്ദുക്കൾ മടിക്കാതെ തലകുനിക്കുന്നു. ഇത്തരത്തിൽ മതത്തെ ഉപയോഗിക്കുകയും ആ പ്രക്രിയയിലൂടെ അതിനെ മലിനമാക്കുകയും ചെയ്തുകൊണ്ടാണ് ഹിന്ദു മഹാസഭ രാഷ്ട്രീയരംഗത്തേക്ക് വന്നത്. ഓരോ ഹിന്ദുവും ഇതിനെ അപലപിക്കണം. രാജ്യത്തെ സ്വാതന്ത്ര്യസ്നേഹികളായ മുഴുവൻ സ്ത്രീപുരുഷന്മാരും ഐക്യത്തോടെയും അർപ്പണബോധത്തോടെയും രാജ്യത്തെ സേവിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്.” (1940 മെയ് 14ലെ ആനന്ദബസാർ പത്രികയിൽ പ്രസിദ്ധീകരിച്ചത്). ഹിന്ദു രാജിന്റെയും ത്രിശൂല സംസ്കാരത്തിന്റെയും വക്താക്കളായി സ്വാതന്ത്ര്യസമരത്തിന്റെ മുന്നേറ്റങ്ങളിൽനിന്ന് മനപ്പൂർവ്വം വിട്ടുനിന്നവർക്ക് നേതാജിയോട് ഇന്ത്യൻ ജനതയ്ക്കുള്ള ആദരവ് എങ്ങനെ സഹിക്കാൻ കഴിയും? അതിനാൽ, നേതാജിക്കെതിരായ ഈ ആസൂത്രിത അപവാദ പ്രചാരണങ്ങൾ കാണിക്കുന്നത്, 2022ൽ പ്രധാനമന്ത്രി മോദിയും കൂട്ടാളികളും അദ്ദേഹത്തെ പുകഴ്ത്തിയത് വെറുമൊരു തട്ടിപ്പും തിരഞ്ഞെടുപ്പുനേട്ടങ്ങൾ കൊയ്യാനുള്ള കൗശലവും മാത്രമായിരുന്നു എന്നുമാണ്.
പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള യഥാർത്ഥ ദേശസ്നേഹികളും ദേശീയവാദികളുമായ ആരും തന്നെ നേതാജിയെ അവഹേളിക്കാനുള്ള ഈ നിരന്തരമായ ശ്രമങ്ങളെ അംഗീകരിച്ചിട്ടില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല. വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും സമൂഹത്തിന്റെ നാനാതുറകളിലുള്ള സാധാരണക്കാരും രാജ്യത്തിന്റെ പല കോണുകളിലും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പുരോഗമനശക്തികളും ഇടതുപക്ഷബോധവും സജീവമായി തിളച്ചുമറിയുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു.
സംഘപരിവാർ അവതരിപ്പിക്കുന്ന വളച്ചൊടിച്ച ചരിത്രത്തിനെതിരെ യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള പഠനവും അവബോധവും നമുക്ക് അഴിച്ചുവിടാം. മഹത്തുക്കളായ നവോത്ഥാനനായകരുടെയും വിപ്ലവകാരികളുടെയും ആദർശങ്ങള്‍ ആരാധനയോടെ നോക്കിക്കാണുന്നതിനൊപ്പം ആ ആദർശങ്ങളെ നമുക്ക് പോരാട്ടത്തിന്റെ ആയുധങ്ങളാക്കി മാറ്റാം.
