ഇനി മുതൽ വന്ദേമാതരം പൂർണ്ണമായും പാടണമെന്നാണ് മോദി സർക്കാരിന്റെ തിട്ടൂരം. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിനുമുമ്പ് വന്ദേമാതരം ആലാപനം നിർബന്ധവുമാക്കി. ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ, ദേശീയ ചിഹ്നങ്ങൾക്കു നേരേയുള്ള അപമാനം തടയുന്നതിനുള്ള 1971 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ട്, വന്ദേമാതരത്തെയും ജനഗണമനയുടെ സ്ഥാനത്തേക്ക് ഉയർത്തി.
രൂക്ഷമായ ജീവിതപ്രശ്നങ്ങൾ നേരിടുന്ന വിവിധ വിഭാഗം ജനങ്ങൾ, തങ്ങളുടെ ദുരിതങ്ങളിൽ സഹികെട്ട് സമരമുഖത്തിറങ്ങുന്ന കാഴ്ചയാണ് രാജ്യമൊട്ടാകെ നാം കാണുന്നത്. നിലയ്ക്കാത്ത കർഷകസമരങ്ങൾ, നോയിഡയിലെ കരാർതൊഴിലാളികളുടെ വീറുറ്റ സമരം, തൊഴിലില്ലായ്മയിലും പരീക്ഷാ ക്രമക്കേടുകളിലും രോഷാകുലരായ യുവജനത കക്ഷിരാഷ്ട്രീയത്തിനതീതമായി തെരുവിലേക്കിറങ്ങിയ പ്രക്ഷോഭപരമ്പര– ഇങ്ങനെ എല്ലാവിഭാഗം ജനങ്ങളുടെയും രോഷത്തെയും അസംതൃപ്തിയെയും അഭിമുഖീകരിക്കുകയാണ് കേന്ദ്രസർക്കാരും ബിജെപിയും. അയോധ്യക്ഷേത്രത്തിൽ നടന്ന സംഭാവനക്കൊള്ള ഇക്കൂട്ടരുടെ യഥാർത്ഥ നിറം പുറത്തുകൊണ്ടുവന്നിരിക്കുന്നു. ജനങ്ങളെ കൈവെടിഞ്ഞുകൊണ്ട് കോർപ്പറേറ്റുകൾക്കുവേണ്ടി നടത്തുന്ന നഗ്നമായ പാദസേവ എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുന്നു. വൻതോതിൽ ജനങ്ങൾ അതിനു സാക്ഷിയാവുകയാണ്. കൂടാതെ, കോടീശ്വരരായി മാറുന്ന എൻഡിഎ നേതാക്കളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നു. ജനവിധിയെ പോലും അട്ടിമറിച്ച്, മറ്റുകക്ഷികളെ പിളർത്തി അംഗസംഖ്യ വർധിപ്പിക്കുന്ന ബിജെപിയുടെ ഹീനമായ രാഷ്ട്രീയക്കളികളും രഹസ്യമല്ല. ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നു.
ഇതെല്ലാം കണ്ടും കേട്ടും തിരിച്ചറിഞ്ഞും ജനങ്ങൾ, വിശേഷിച്ചും പുതുതലമുറ പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ജന്തർ മന്തറില് അണപൊട്ടിയൊഴുകിയ പ്രതിഷേധത്തിന്റെ ചൂട് സർക്കാരിനെ വിറപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം. പ്രധാനമന്ത്രി മോദി നടത്തുന്ന നാടകങ്ങൾക്ക് യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്നില്ല. അവർ നേരിടുന്ന തൊഴിലില്ലായ്മയടക്കമുള്ള വിഷയങ്ങൾക്ക് യാതൊരു പരിഹാരവും സൃഷ്ടിക്കാൻ കഴിയാത്ത സർക്കാരാണിത്. സമരംചെയ്ത കുട്ടികൾക്കു നേരെ അക്രമം അഴിച്ചുവിടുകയും അവർക്കെതിരെ പെല്ലറ്റ് ഗൺ പോലെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുകയും ചെയ്ത സർക്കാരാണിത്. എന്നിട്ട്, അതേക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയന്ന്, കഴിഞ്ഞ പാർലമെന്റ് സമ്മേളനകാലയളവിലുടനീളം സഭയിൽനിന്നും ഒളിച്ചോടിയ രാഷ്ട്രീയഭീരുക്കളാണ് സർക്കാരിനു നേതൃത്വം കൊടുക്കുന്നത്. പരീക്ഷാക്രമക്കേടിനും വിദ്യാർത്ഥികളോട് കാണിച്ച അക്രമത്തിനും അവരോട് മാപ്പ് പറയാൻ ബാധ്യതപ്പെട്ട പ്രധാനമന്ത്രി, ഓൺലൈൻ വീഡിയോയിൽ വന്ന് ഒരു ഉളുപ്പുമില്ലാതെ, താൻ വിദ്യാർത്ഥികളോട് ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന, ത്യാഗിവര്യനാകാൻ ശ്രമിക്കുന്ന വിരോധാഭാസം രാജ്യം കണ്ടു. രക്ഷപെടാനുള്ള വഴികൾ തേടുകയാണ് മോദി ഭരണം. ജനങ്ങൾ അപ്പവും തൊഴിലും ചോദിക്കുമ്പോൾ അതിർത്തിക്കപ്പുറമുള്ള ‘ശത്രുവിനെ’ചൂണ്ടിയും രാജ്യത്തിനുള്ളിൽ അന്യമത വെറുപ്പ് സൃഷ്ടിച്ചും ദേശഭ്രാന്ത് വളർത്തിയും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണല്ലോ പതിവ് തന്ത്രം. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് വന്ദേമാതരത്തിന്റെ പേരിൽ ബിജെപിയും കേന്ദ്രസർക്കാരും ഇപ്പോൾ സൃഷ്ടിക്കുന്ന കോലാഹലം.
കഴിഞ്ഞ നവംബർ 7ന് നടത്തിയ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ മറവിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കം. 1937ൽ വന്ദേമാതരത്തിന്റെ പ്രധാന ഭാഗങ്ങൾ വെട്ടിമുറിച്ച് രാജ്യത്ത് വിഭജനത്തിന്റെ വിത്തു വിതച്ചു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് അന്നത്തെ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ചതും, സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമ്മാണ സമിതി ദേശീയ ഗീതമായി അംഗീകരിച്ചതും.
ഇനി മുതൽ വന്ദേമാതരം ഗീതം പൂർണ്ണമായും പാടണമെന്നാണ് മോദി സർക്കാർ കൈക്കൊണ്ടിട്ടുള്ള പുതിയ തീരുമാനം. മാത്രവുമല്ല, ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിനു മുന്നേ വന്ദേമാതരം ആലാപനം നിർബന്ധമാക്കി. കേരളത്തിൽ വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം ഈ മാതൃകയിൽ വന്ദേമാതരം അവതരിപ്പിക്കപ്പെട്ടു. ഇതുകൊണ്ടും അവസാനിച്ചില്ല. ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ, ദേശീയ ചിഹ്നങ്ങൾക്കു നേരേയുള്ള അപമാനം തടയുന്നതിനുള്ള 1971 ലെ നിയമം (Prevention of Insults to National Honour Act, 1971) ഭേദഗതി ചെയ്തുകൊണ്ട്, വന്ദേമാതരത്തെയും ജനഗണമനയുടെ തുല്യസ്ഥാനത്തേക്ക് ഉയർത്തി. വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തുന്നതോ, അതിനെ അപമാനിക്കുന്നതോ ആയ പ്രവൃത്തികൾ ഇനി ശിക്ഷാർഹമാണ്. അതായത് പ്രായോഗികമായി ദേശീയഗാനമായ ജനഗണമനയേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് വന്ദേമാതരത്തെ ബിജെപി സർക്കാർ ഇളക്കിപ്രതിഷ്ഠിച്ചിരിക്കുന്നു. നമ്മുടെ ഭരണഘടനാ സൃഷ്ടാക്കളും സ്വാതന്ത്ര്യസമരനേതാക്കളും തീരുമാനിച്ച ആദ്യ രണ്ട് ചരണങ്ങൾ മാത്രമല്ല, ഹൈന്ദവബിംബങ്ങളെ ഉയർത്തിപ്പിടിക്കുന്ന ശേഷിക്കുന്ന ഭാഗങ്ങളും ചേർത്ത് അതിന്റെ പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണമെന്നാണ് കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ ദേശസ്നേഹത്തിന്റെ അളവുകോലായി പൂർണ്ണമായുള്ള വന്ദേമാതരം സ്ഥാപിക്കപ്പെടുകയാണ്. ഹൈന്ദവചിഹ്നങ്ങൾ നിറഞ്ഞ ബാക്കി ഖണ്ഡങ്ങൾ കൂടി പാടുമ്പോഴാണ് ഒരാൾ ദേശസ്നേഹിയാവുന്നത് എന്നാണ് ബിജെപി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ സംഘപരിവാറും കേന്ദ്രസർക്കാരും വന്ദേമാതരത്തോട് കാട്ടുന്ന പ്രേമത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം സംശയിക്കത്തക്കതാണ്.
വന്ദേമാതരത്തിന്റെ ചരിത്രം
പ്രശസ്ത ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ‘വന്ദേമാതരം’ 1875 നവംബർ 7ന് ‘ബംഗദർശൻ’എന്ന സാഹിത്യ മാസികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1882ൽ പ്രസിദ്ധീകരിച്ച ‘ആനന്ദമഠം’ എന്ന നോവലിൽ അദ്ദേഹം ഈ ഗാനം ഉൾപ്പെടുത്തുകയായിരുന്നു. വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് വടക്കൻ ബംഗാളിൽ നടന്ന സന്യാസി ലഹളയെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഈ നോവൽ, ദശലക്ഷക്കണക്കിന് ജനങ്ങളിൽ സ്വാതന്ത്ര്യത്തോടുള്ള ആവേശം ജ്വലിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് വർത്തിച്ചത്. ഈ മണ്ണിൽ ദേശീയതയുടെ ആദ്യത്തെ മുളയായി വിലയിരുത്തപ്പെടുന്ന ഈ ഗാനം സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യസമരസേനാനികൾ ധീരമായി ആലപിക്കുകയും, തുടർന്ന് 1950 ജനുവരി 24ന് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ ഇതിന്റെ ആദ്യ രണ്ട് ചരണങ്ങൾ ദേശീയ ഗീതമായി അംഗീകരിക്കുകയും ചെയ്തു. ബങ്കിംചന്ദ്രൻ കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കിലും, ഈശ്വരചന്ദ്ര വിദ്യാസാഗർ മുന്നോട്ടുവെച്ച മതേതര നവോത്ഥാനത്തെയോ, രബീന്ദ്രനാഥ ടാഗോറിന്റെ ആത്മീയ ദേശീയതയെയോ അപേക്ഷിച്ച് അദ്ദേഹം കൂടുതൽ പ്രചോദനം ഉൾക്കൊണ്ടത് ഹിന്ദു പുനരുത്ഥാ നവാദത്തിൽ നിന്നായിരുന്നു. അത്, അന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയിൽ സ്വാഭാവികമായിരുന്നു.
സ്വാതന്ത്ര്യസമര കാലയളവിൽ ജനങ്ങളിൽ ദേശസ്നേഹം ജ്വലിപ്പിക്കാൻ സഹായിച്ച വീറുറ്റ ഉപകരണമായിരുന്നു വന്ദേ മാതരം എന്നതിൽ തർക്കമില്ല. ആറു ചരണങ്ങളുള്ള ‘വന്ദേമാതരം’ ഗീതം, ആദ്യ രണ്ട് ചരണങ്ങളിൽ ശാന്തമായ മാതൃഭൂമിയെ വാഴ്ത്തിപ്പാടുന്നുണ്ടെങ്കിലും, തുടർന്നുള്ള വരികളിൽ ഇന്ത്യയെ പത്ത് കൈകളിലും ആയുധങ്ങളേന്തിയ ദുർഗ്ഗാദേവിയായി ചിത്രീകരിക്കുന്ന ഹിന്ദുമത വിശ്വാസത്തിലൂന്നിയ ബിംബങ്ങളാണ് ഉൾക്കൊള്ളുന്നത്. ഈ ഗീതം പൂർണ്ണരൂപത്തിൽ ഉപയോഗിക്കുന്നത് മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാജ്യത്തിന്റെ ഐക്യത്തിന് തടസ്സമാകാനും ഇടയാക്കുമെന്ന് 1937ൽ രവീന്ദ്രനാഥ ടാഗോർ ശക്തമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതുകൂടി ഉൾക്കൊണ്ടാണ്, പൂർണരൂപത്തിലല്ലാതെ, ദേശസ്നേഹം തുളുമ്പുന്ന ആദ്യ രണ്ട് ചരണങ്ങൾ മാത്രം ദേശീയഗീതമായി സ്വീകരിക്കാൻ, അന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയിരുന്ന പ്രമുഖ നേതാക്കളെല്ലാം ഉൾക്കൊള്ളുന്ന കോൺഗ്രസ് തീരുമാനിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ടാഗോർ രചിച്ച ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചപ്പോൾ, രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും മുൻനിർത്തി, മതപരമായ പ്രത്യേക ബിംബങ്ങളും വിവാദപരമായ പരാമർശങ്ങളും ഉള്ള മറ്റു ചരണങ്ങൾ ഒഴിവാക്കിക്കൊണ്ട് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ദേശീയ ഗീതമായി ഭരണഘടനാ നിർമ്മാണ സമിതി സ്വീകരിക്കുകയായിരുന്നു.
രാജ്യത്ത് വിഭജനത്തിന്റെ വിത്ത് വിതച്ചവർ ആരാണ്?
വന്ദേമാതരം പൂർണ്ണമായും അംഗീകരിക്കാത്തവരാണ് രാജ്യത്ത് വിഭജനത്തിന്റെ വിത്തു വിതച്ചത് എന്ന് പ്രധാനമന്ത്രി തന്നെ പറയുമ്പോൾ, കുറച്ചുകൂടി ചരിത്രം നമുക്ക് പരിശോധിക്കേണ്ടതുണ്ട്. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ദേശീയഗീതമായി എടുത്തതു കൊണ്ടാണോ ഇന്ത്യ വിഭജിക്കപ്പെട്ടത്? ഇതേ 1937ൽ തന്നെ, അഹമ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭയുടെ 19-ാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വിനായക് ദാമോദർ സവർക്കർ എന്ന, ഹിന്ദുത്വവാദത്തിന്റെ ആചാര്യൻ തന്നെയാണ് മതത്തിലധിഷ്ഠിതമായ ദ്വിരാഷ്ട്രവാദം ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിനും മുമ്പ് 1923ൽ തന്നെ അദ്ദേഹം തന്റെ, ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തിലൂടെ ഇതേ ആശയം മുന്നോട്ടുവെച്ചിരുന്നു. സവർക്കർ അവതരിപ്പിച്ച ദ്വിരാഷ്ട്രവാദമാണ് 1940ൽ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് ഏറ്റെടുത്ത് മുന്നോട്ടുപോയത്. സ്വാതന്ത്ര്യസമരത്തോട് ആർഎസ്എസ് എടുത്ത പിന്തിരിപ്പൻ നിലപാട് ആവർത്തിച്ച് വിശദീകരിക്കേണ്ടതില്ല. ആൻഡമാനിലെ തടവറയിൽനിന്നും മോചിതനായതിനുശേഷം ബ്രിട്ടീഷ് രാജിനു പൂർണമായും വിധേയനായി, ഹിന്ദു വർഗീയതയെ ആളിക്കത്തിക്കുന്നതിൽ മാത്രം വ്യാപൃതനായ സവർക്കറും ഹിന്ദു മഹാസഭയും സ്വാതന്ത്ര്യസമരത്തിനു പുറംതിരിഞ്ഞു നിന്നവരാണെന്നും ചരിത്രരേഖകൾ വ്യക്തമാക്കിയതാണ്. ഓൾ ഇന്ത്യ മുസ്ലീം ലീഗിന്റെ നിലപാടും സമാനമായിരുന്നുവെന്ന് നമുക്കു കാണാം. രാജ്യത്ത് വിഭജനത്തിന്റെ വിത്തുവിതച്ചത് ഇക്കൂട്ടരാണ്. 1939ൽ കോൺഗ്രസ്, ബ്രിട്ടീഷ് രാജിന്റെ യുദ്ധനിലപാടിൽ പ്രതിഷേധിച്ച് പ്രവിശ്യ ഗവണ്മെന്റില്നിന്നും പിന്മാറിയപ്പോൾ, ബ്രിട്ടീഷ് ഭരണത്തിനു പിന്തുണയേകി മുന്നോട്ടുവന്നത് സവർക്കർ നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭയായിരുന്നില്ലേ? സിന്ധ്-ബംഗാൾ പ്രവിശ്യകളിലടക്കം പ്രാദേശികഭരണം അന്ന് ഏറ്റെടുത്തത് ഹിന്ദുമഹാസഭയുടെയും മുസ്ലീംലീഗിന്റെയും കൂട്ടുമുന്നണിയായിരുന്നില്ലേ? അങ്ങനെ ബംഗാളിൽ നിലവിൽ വന്ന കൂട്ടുമന്ത്രിസഭയിൽ ശ്യാമപ്രസാദ് മുഖർജി തന്നെ അംഗമായിരുന്നില്ലേ? എന്നിട്ട് ഇതേ ആളുകൾ തന്നെയാണ് ഹിന്ദുവിനും മുസ്ലീമിനും ഒരേ രാജ്യത്തിനകത്ത് കൂട്ടായി നിലനിൽക്കാനാകില്ലെന്ന് പ്രചരിപ്പിച്ച് വർഗ്ഗീയവികാരം ജ്വലിപ്പിച്ചതും, കലാപങ്ങൾക്ക് തിരികൊളുത്തിയതും. ആ നിലപാടല്ലേ രാജ്യത്തെ തന്നെ വെട്ടിമുറിക്കുന്നതിലേക്ക് നയിച്ചതും? രാജ്യത്ത് വിഭജനത്തിന്റെ വിത്ത് വിതച്ചു എന്നു മാത്രമല്ല, അതിന് വെള്ളവും വളവും നൽകി വളർത്തിയത് ഇക്കൂട്ടർ തന്നെയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും വിവിധ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയകലാപങ്ങളിൽ സവർക്കറുടെ ശിഷ്യരായ ഹിന്ദുത്വവാദികളുടെ പങ്ക് പകൽപോലെ വ്യക്തമാണ്. അപ്പോൾ, വന്ദേമാതരം എന്ന കവിതയുടെ നാലു ചരണങ്ങൾ ഒഴിവാക്കിയത് അനാദരവായും വിഭജനത്തിനു വഴിമരുന്നിട്ട ഒന്നായുമൊക്കെ ഇന്ന് പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം വർഗ്ഗീയവിഭജനം മാത്രമാണ്. 1937ലാകട്ടെ, ഭരണഘടനാനിർമ്മാണവേളയിലാകട്ടെ, ടാഗോർ, നേതാജി സുഭാഷ്ചന്ദ്രബോസ്, വല്ലഭായി പട്ടേൽ, നെഹ്റു, അംബേദ്കർ, രാജേന്ദ്രപ്രസാദ് തുടങ്ങിയ അനേകം പ്രഗത്ഭമതികൾ ഉൾപ്പെട്ട അന്നത്തെ നേതൃത്വം, കൃത്യമായ ബോധ്യത്തോടെ തന്നെയാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ദേശീയഗീതമായി തിരഞ്ഞെടുത്തതും, ദേശീയഗാനമായി ജനഗണമന തിരഞ്ഞെടുത്തതും. സ്വാതന്ത്ര്യത്തിനു മുമ്പ്, കൊളോണിയൽ ശക്തികൾക്ക് വിധേയരായിനിന്ന് ദേശാഭിമാനികളായ സ്വാതന്ത്ര്യസമരപ്രവർത്തകരെ ഒറ്റുകൊടുക്കുകയും, സ്വാതന്ത്ര്യസമരത്തെ വർഗീയതയിലൂന്നി പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തവരുടെ പിന്മുറക്കാർ ഇന്ന് ജനങ്ങളെ ദേശസ്നേഹം പഠിപ്പിക്കാൻ വേഷംകെട്ടുകയാണ്. സ്വാതന്ത്ര്യാനന്തരവും അരനൂറ്റാണ്ടോളം ഇന്ത്യയുടെ ദേശീയ പതാകയേയോ, ദേശീയഗാനത്തേയോ, എന്തിന് വന്ദേമാതരത്തെ തന്നെയോ അംഗീകരിക്കാനോ, ആദരിക്കാനോ സംഘപരിവാർ തയ്യാറായിരുന്നില്ല എന്നത് വസ്തുതയല്ലേ? പിന്നെ എന്താണ് ഇപ്പോൾ അവർക്ക് വന്ദേമാതരത്തോട് ഇത്ര പ്രിയം?
എന്തുകൊണ്ട് ഇപ്പോൾ ബിജെപിക്ക് വന്ദേമാതരം പ്രിയപ്പെട്ടതാകുന്നു
കേന്ദ്രസർക്കാരിനും ബിജെപിക്കും സംഘപരിവാറിനും ഇപ്പോൾ വന്ദേമാതരത്തോട് ഉണ്ടായിരിക്കുന്ന ഈ താത്പര്യം കുടിലബുദ്ധിയുടെ നിദർശനം മാത്രമാണ്. വന്ദേമാതരത്തെ ഇന്ന് ബിജെപിയും സംഘപരിവാറും തങ്ങളുടെ സങ്കുചിത വർഗീയരാഷ്ട്രീയത്തിന്റെ ഉപകരണമാക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുമാത്രമാണ് വന്ദേമാതരത്തിന്റെ എല്ലാ ഖണ്ഡങ്ങളും പാടണം എന്നവർ നിർബന്ധം പിടിക്കുന്നത്. ഇന്ത്യ എന്ന മഹാരാജ്യവും അതിന്റെ ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും മൂല്യങ്ങളനുസരിച്ചുള്ള നിലപാടല്ല അത്. സമൂഹത്തെയും രാഷ്ട്രത്തെയും സങ്കുചിതമായി മാത്രം നോക്കിക്കാണുന്ന വർഗീയ ഹിന്ദുത്വ നിലപാടാണ്. തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന മതാധിഷ്ഠിത വികാരത്തിലൂന്നിയ തീവ്രദേശീയതയാണ് ദേശസ്നേഹം എന്ന് സ്ഥാപിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. അപരവിദ്വേഷവും വെറുപ്പും ആളിക്കത്തിച്ച് ഫാസിസ്റ്റ് മനോഘടന വളർത്തുകയാണ് പ്രഥമ ലക്ഷ്യം. മതത്തിന്റെ അടിത്തറയിൽ സമൂഹത്തെ വിഭജിക്കാനും വർഗ്ഗീയമായി ധ്രുവീകരിക്കാനും, അതിലൂടെ തങ്ങൾക്കനുകൂലമായി ഹിന്ദു വോട്ട്ബാങ്ക് ഉറപ്പിച്ചെടുക്കാനും ബിജെപി ലക്ഷ്യം വെക്കുന്നു.
ദേശസ്നേഹവും തീവ്രദേശീയതയും വ്യത്യസ്തമാണ്
ഒരു വ്യക്തിക്ക് അയാൾ ജനിച്ചുവളർന്ന മണ്ണിനോട് മാനസികമായ അടുപ്പവും സ്നേഹവും തീർച്ചയായും ഉണ്ടാകും. പക്ഷേ, ഭൂപടത്തിൽ വരച്ചിടുന്ന അതിർത്തികൾക്കകത്തുള്ള ഭൗതികമായ ഭ്രൂപ്രദേശത്തോടുള്ള അന്ധമായ ആരാധനയായി ദേശസ്നേഹത്തെ നമുക്ക് വിവക്ഷിക്കാനാകില്ല. ആ ഭൂമിയിൽ ജീവിക്കുന്ന തന്റെ സഹജീവികളോടുള്ള സ്നേഹവും സാഹോദര്യവും കൂടിയാണത്. രാഷ്ട്രമെന്നത്, കേവലം ഭൂമി മാത്രമല്ല, അതിൽ ജീവിക്കുന്ന സമൂഹം കൂടിയാണെന്ന കാഴ്ചപ്പാടും, ആ സമൂഹവും രാജ്യവും, മനുഷ്യരാശിയുടെ ഒരു ഭാഗമാണെന്നുമുള്ള വിശ്വസാഹോദര്യത്തിന്റെ മനോഭാവവും ചേർന്നതാണ് യഥാർത്ഥ ദേശസ്നേഹം. സഹജീവികൾക്കായി ജീവൻ തന്നെ ബലിയർപ്പിച്ചിട്ടുള്ള അത്തരം അനേകം യഥാർത്ഥ ദേശസ്നേഹികളുടെ ത്യാഗത്തിന്റെ അടിത്തറയിലാണ് ഈ രാജ്യം തന്നെ കെട്ടിപ്പടുത്തിരിക്കുന്നത്. ഖുദിറാം ബോസ്, ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ്, ചന്ദ്രശേഖർ ആസാദ്, സുഭാഷ്ചന്ദ്ര ബോസ്, ഉദ്ദം സിംഗ്, വക്കം അബ്ദുൾ ഖാദർ തുടങ്ങി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതി ജീവൻ തന്നെ ബലിയർപ്പിച്ച ധീരദേശസ്നേഹികളൊക്കെ, സ്വന്തം ജീവനേക്കാളും സമുദായത്തേക്കാളും ഉപരിയായി, രാജ്യത്തെ ഓരോ സഹജീവിയുടെയും മോചനം സ്വപ്നം കണ്ടവരാണ്. സങ്കുചിതമായ താല്പര്യങ്ങളോ അതിർവരമ്പുകളോ മതചിന്തയോ ആയിരുന്നില്ല അവരെ നയിച്ചതും. അവരാരും തന്നെ കൊളോണിയൽ ശക്തിയോട് സന്ധി ചെയ്തവരുമായിരുന്നില്ല.
ഈ യഥാർത്ഥ ദേശസ്നേഹം ബിജെപിക്കോ, അവരുടെ വഴികാട്ടിയായ ആർഎസ്എസിനോ മനസ്സിലാകില്ല. അവരെ നയിക്കുന്നത് അങ്ങേയറ്റം സങ്കുചിതമായ ഹിന്ദുത്വയിൽ അധിഷ്ഠിതമായ ഒരു തീവ്രദേശീയതയാണെന്നതാണ് അതിന്റെ കാരണം. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്ക് അനുയായികളെ സൃഷ്ടിക്കാനാണ് തുടക്കം തൊട്ടേ അവർ ശ്രമിക്കുന്നത്. അതേ ചിന്താധാരയിൽ അധിഷ്ഠിതമായി സവർക്കറും ഗോൾവാൾക്കറും അടങ്ങുന്ന അവരുടെ ആചാര്യന്മാർ സൃഷ്ടിച്ച, അങ്ങേയറ്റം സങ്കുചിതമായ ഒരു മതാധിഷ്ഠിത തീവ്രദേശീയതയിലാണ് അവർ വിശ്വസിക്കുന്നത്. ബ്രിട്ടീഷ് മേൽക്കോയ്മയ്ക്ക് വിധേയരായി പ്രവർത്തിച്ചിരുന്ന അവർ, സമൂഹത്തിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി സ്വാതന്ത്ര്യസമരത്തെയും ജനൈക്യത്തെയും തകർക്കുന്ന പ്രവർത്തനങ്ങളിലൂടെ കൊളോണിയൽ ശക്തികൾക്ക് കരുത്തുപകരുകയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ ധീരമായ സ്വാതന്ത്ര്യസമരത്തെയും ദേശീയ ചിഹ്നങ്ങളെയും അവർ ദശകങ്ങളോളം നിന്ദിച്ചിട്ടുള്ളത്. പക്ഷേ, പിന്നീട് അധികാരം ലഭിച്ച് ഭരണകൂടത്തിന്റെ ഭാഗമായി മാറിയപ്പോൾ, അവർക്ക് തരം പോലെ മാറേണ്ടിവന്നു. പക്ഷേ, അപ്പോഴും, കിട്ടിയ അധികാരമുപയോഗിച്ച് രാജ്യത്തിന്റെ തന്നെ ചരിത്രത്തെ അപനിർമ്മിക്കാനാണ് സംഘപരിവാറും ബിജെപി സർക്കാരുകളും ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. രാജ്യത്തെ വിഭജിക്കാനും കലാപങ്ങളുണ്ടാക്കാനും ചുക്കാൻ പിടിച്ചവരെ വീരരായി വാഴ്ത്തി കപടവിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നു, ചരിത്രം തിരുത്തിയെഴുതുന്നു. യഥാർത്ഥ പോരാളികളെ ഒന്നുകിൽ തമസ്ക്കരിക്കുന്നു, അല്ലെങ്കിൽ അപനിർമ്മിച്ച് ഹിന്ദുത്വയുടെ ലേബൽ ചാർത്താൻ ശ്രമിക്കുന്നു. ഈ ഹീനപ്രവർത്തനം നാം തിരിച്ചറിയേണ്ടതുണ്ട്.
ഇപ്പോൾ വന്ദേമാതരവുമായി ബന്ധപ്പെട്ടും ഇതേ കുടിലതന്ത്രം തന്നെ നമുക്കു കാണാം. വന്ദേമാതരത്തെ സങ്കുചിതമായി പുനരവതരിപ്പിച്ച് ബിജെപിയും കേന്ദ്രസർക്കാരും ജനങ്ങളുടെ ശ്രദ്ധതിരിക്കാനും വിഭജനമുണ്ടാക്കാനും നടത്തുന്ന ഈ ശ്രമത്തെ തുറന്നുകാട്ടേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായ വന്ദേമാതരഗീതത്തെ, യഥാർത്ഥ രാജ്യസ്നേഹികൾ അംഗീകരിച്ച അതിന്റെ ആദ്യത്തെ രണ്ടു ചരണങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല. അതിനെ അനാവശ്യമായി ഇപ്പോൾ വലിച്ചുനീട്ടി തങ്ങളുടെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ച് പരിവർത്തനപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമത്തെയും അവരുടെ കപടദേശസ്നേഹത്തേയും തള്ളിക്കളയണം. സങ്കുചിതമായ തീവ്രദേശീയതയല്ല, ഐക്യത്തിന്റെ, ജനാധിപത്യമൂല്യങ്ങളുടെ, സഹജീവി സ്നേഹത്തിന്റെ യഥാർത്ഥ ദേശസ്നഹത്തെ നമുക്ക് ഉയർത്തിപ്പിടിക്കാം. ഈ രാജ്യം എല്ലാവരുടേതുമാണ് എന്നതാണ് അതിന്റെ ആദ്യപാഠം. തൊലിപ്പുറമേയുള്ള കാര്യങ്ങളിലൂടെ ജനത്തിന്റെ ദേശസ്നഹം അളക്കാനും തങ്ങൾ മുന്നോട്ടു വെക്കുന്നവ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് യഥാർത്ഥ വിഷയങ്ങൾ മറച്ചുപിടിക്കാനും ഭരണവർഗതാത്പര്യങ്ങൾ നടത്തിയെടുക്കാനുമാണ്. ബഹുജനങ്ങൾ ഒന്നായി നേരിടുന്ന കൊടിയ ജീവിതദുരിതങ്ങളാണ് നാം ചർച്ചചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടത്. അതാണ് യഥാർത്ഥ രാജ്യസ്നേഹം.
