അസം വെള്ളപ്പൊക്കം: പ്രകൃതിക്കുമേലുള്ള കടന്നാക്രമണങ്ങളുടെയും ഭരണസംവിധാനങ്ങളുടെ അലംഭാവത്തിന്റെയും പരിണിതഫലം

Assam-Floods-1.png
Share

ജൂലൈ 19ന്, ഉത്തര അസമിലെ 16 ജില്ലകൾ പൊടുന്നനെ ഒരു വലിയ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. ശിവസാഗർ, ഷൊറായ്‌ദിയു, ജോർഹട്ട് എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ. ആകെ 45 റവന്യൂ സർക്കിളുകളിലായി 794 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, ഏകദേശം 10 ലക്ഷം ജനങ്ങൾ ദുരിതത്തിലായി.

വെള്ളപ്പൊക്കം ഭയാനകവും അതിശക്തവുമായിരുന്നു. നിസ്സഹായരായ ജനങ്ങൾ മേൽക്കൂരകളിലും മരങ്ങളിലും അഭയം തേടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പല സ്ഥലങ്ങളിലും വെള്ളം മേൽക്കൂരകൾ പോലും കടന്ന് ഒഴുകി. എന്ത് സംഭവിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനുമുൻപേ അളവറ്റ നാശനഷ്ടങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം മരണസംഖ്യ 88 ആണ്. എന്നാൽ അനൗദ്യോഗിക സ്രോതസ്സുകൾ പ്രകാരം കുറഞ്ഞത് 1,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കാണാതായവരെക്കുറിച്ച് ഒരു റിപ്പോർട്ടുമില്ല. ചില സ്ഥലങ്ങളിൽ കുടുംബങ്ങൾ മൊത്തത്തിൽ അപ്രത്യക്ഷമായിരിക്കുന്നു. കന്നുകാലികളും വളർത്തുമൃഗങ്ങളും ഒഴുക്കിൽ പെട്ടുപോയി. രണ്ടാഴ്ച കഴിഞ്ഞിട്ടും ദുരിതബാധിത ഗ്രാമങ്ങൾ പൂർണ്ണമായും തകർന്നടഞ്ഞ അവസ്ഥയിൽ തന്നെ തുടരുന്നു.


വിനാശകരമായ  വെള്ളപ്പൊക്കത്തിന്റെ കാരണമെന്താണ്?


ലോവർ അസം, ബ്രഹ്മപുത്ര താഴ്‌വരയിൽ എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാൽ താരതമ്യേന ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന അപ്പർ അസം വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലയല്ല. അപ്രതീക്ഷിതമായ ഈ ദുരന്തം, അപ്പർ അസം ജനതയെ ഞെട്ടിച്ചു. വലിയ തോതിൽ എക്കൽ, മണൽ, പാറക്കഷണങ്ങൾ, ചെളി എന്നിവ വഹിച്ചുകൊണ്ടുള്ള മിന്നൽ പ്രളയം കനത്ത നാശമാണ് വിതച്ചത്. മുന്നറിയിപ്പ് ഒന്നും ഇല്ലാതിരുന്നതിനാൽ, ജനങ്ങൾക്ക് യാതൊരു മുൻകരുതലും സ്വീകരിക്കാൻ കഴിഞ്ഞില്ല. ദുരന്തനിവാരണ, സിവിൽ ഡിഫൻസ് തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും അവർ യാതൊരു പ്രതിരോധനടപടിയും സ്വീകരിച്ചില്ല.
അസമിന്റെ അയൽ സംസ്ഥാനങ്ങളിലൊന്ന് നാഗാലാൻഡ് ആണ്. അത് ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. അസമിനോട് ചേർന്ന് മോൺ എന്ന ഒരു ജില്ലയുണ്ട്. അവിടെ തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ജൂലൈ 19ന്, കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ കടുത്ത മണ്ണിടിച്ചിലിൽ 11 പേർ മരണപ്പെട്ടു. അതോടൊപ്പം, ദിഖൗ, ജഞ്ചി, തൗകക്, നദൻ തുടങ്ങിയ നദികളില്‍ അപകടനിലയും കടന്ന് വെള്ളംപൊങ്ങി എന്നത് ഒരു കാരണമാണ്. രണ്ടാമതായി, നാഗാലാൻഡിലെ പതിനേഴ് ജില്ലകളിൽ അഞ്ചെണ്ണത്തിൽ വൻ കൽക്കരി നിക്ഷേപമുണ്ട്. ലാഭക്കൊതിപൂണ്ട ബിസിനസ് മാഫിയകൾ, മന:സാക്ഷിയില്ലാത്ത അധികാരമോഹികളുടെ പിന്തുണയോടുകൂടി, അശാസ്ത്രീയമായി അനധികൃതഖനനം വളരെക്കാലമായി നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ഈ അനധികൃത പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്.
മൂന്നാമതായി, നാഗാലാൻഡ് ഭരണഘടനയുടെ 371എ അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതിനാൽ, ഒരു സമുദായത്തിനോ ഒരു കൂട്ടം ആളുകൾക്കോ ഒരു മല സ്വന്തമാക്കാൻ കഴിയും. ഇവിടെ രാജ്യത്തെ എല്ലാ നിയമങ്ങളും ബാധകമല്ല. അതുകൊണ്ടാണ് അനധികൃത ഖനനവും കല്ലുവെട്ടലും നിർബാധം തുടരുന്നത്. കൽക്കരിയുടെ അശാസ്ത്രീയമായ ഖനനംമൂലം വിവിധ ഉയരങ്ങളിൽ വലിയ ജലാശയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ നിർബാധമായ അനധികൃതവും, ആസൂത്രിതമല്ലാത്തതും, അശാസ്ത്രീയവുമായ കൽക്കരി ഖനനവും വനനശീകരണവും പ്രകൃതിയിന്മേലുള്ള നിരുത്തരവാദപരമായ ഇടപെടലായിരുന്നു. (“2013-2023 കാലയളവിൽ ഏകദേശം 800 ചതുരശ്ര കിലോമീറ്റർ വനം നശിപ്പിക്കപ്പെട്ടു, ഇപ്പോൾ അത് വളരെ കൂടുതലാണ്”-അസം ട്രിബ്യൂൺ 31-07-26) പ്രകൃതിയുടെ തിരിച്ചടി, ഇതിന്റെ പ്രത്യാഘാതമായിരുന്നു.  ഈ സംഭവത്തിൽ, സത്യം മൂടിവെക്കാൻ ശ്രമിച്ച സർക്കാർ, കനത്ത മഴയ്ക്ക് കാരണം ഒരു മേഘവിസ്ഫോടനമാണെന്നും അതിനാൽ ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളാണെന്നും ആരോപിച്ചു. എന്നാൽ വസ്തുത ഇതാണ്-അനധികൃത ഖനനം മൂലം സൃഷ്ടിക്കപ്പെട്ട ജലാശയങ്ങൾ (വലിയ തടാകങ്ങൾ) കരകവിഞ്ഞൊഴുകി, വെള്ളം അതിവേഗം താഴേക്ക് പാഞ്ഞിറങ്ങി. ഈ പ്രക്രിയയിൽ, താഴ്ന്ന പ്രദേശങ്ങളിലുള്ള ജലാശയങ്ങളിലേക്ക് ഒഴുകിയ ഉപരിതലജലവും കരകവിഞ്ഞു. ഇതിന്റെ സഞ്ചിതഫലം ഇത്രയേറെ വിനാശകരമായിത്തീർന്നു.
മാത്രമല്ല, നിർമ്മാണ ആവശ്യങ്ങൾക്കായി, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുമായി കൂട്ടുചേർന്ന് റിയൽ എസ്റ്റേറ്റ് മാഫിയകൾ മലകൾ മുറിച്ച് കല്ലുകൾ ഖനനം ചെയ്തു‌കൊണ്ടിരിക്കുന്നു. അടുത്തകാലത്ത്, ഒരു നാലുവരി ദേശീയ പാതയുടെ നിർമ്മാണത്തിനായി, മലകൾ മുറിച്ചും അനിയന്ത്രിതമായ വനനശീകരണം നടത്തിയും മണ്ണും മണലും കല്ലും വിതരണം ചെയ്യപ്പെട്ടു. ഇതിനുപുറമേ, ദിഖൗ നദിയിൽനിന്ന് അമിതമായ അനധികൃത മണൽ ഖനനം നടത്തിയത് നദിയുടെ പരിസ്ഥിതിയെ തകർക്കുകയും അതിന്റെ ഗതി മാറ്റുകയും ചെയ്തു. അമിതമായ മണ്ണും കല്ലും ഖനനം ചെയ്യുന്നത് മണ്ണ് മൃദുവാകാൻ ഇടയാക്കുന്നു. കൂടാതെ, നദികൾ വൻ അളവിൽ എക്കൽ വഹിച്ചുകൊണ്ടുവരുന്നതിനാൽ നദീതടത്തിന്റെ നിരപ്പ് ക്രമേണ ഉയരുകയും വെള്ളം വഹിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു. കനത്ത മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിന് ഇത് കാരണമാകുന്നു. പല സ്ഥലങ്ങളിലും നാലടിയിലധികം ഉയരത്തിൽ എക്കൽ കെട്ടിക്കിടക്കുന്നു. മിക്ക വീടുകളും കെട്ടിക്കിടക്കുന്ന ചെളിക്കടിയിലാണ്, താമസക്കാർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പലരുടെയും മൃതദേഹങ്ങൾ എക്കൽ ചെളിക്കടിയിൽനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.


സർക്കാർ സ്ഥാപനങ്ങളുടെ ദുഷ്ടലാക്കുള്ള പങ്ക്


2016ൽ കുന്നിൻ പ്രദേശത്തിന്റെ പരിസ്ഥിതി ഏറെക്കുറെ സന്തുലിതമായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, സ്ഥിതിഗതികൾ അതിവേഗം വഷളാക്കപ്പെട്ടു. ഒരു മുൻ എംഎൽഎ ഗൗഹാത്തി ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. കോടതി അശാസ്ത്രീയമായ കൽക്കരി ഖനനവും വനനശീകരണവും നിർത്തലാക്കാൻ നിർദ്ദേശം നൽകി. എന്നാൽ ആ നിർദ്ദേശം ലംഘിക്കപ്പെട്ടു. ‘ഗ്ലോബൽ ഫോറസ്റ്റ് വാച്ചി’ന്റെ റിപ്പോർട്ട് പ്രകാരം, 2001 മുതൽ 2025 വരെയുള്ള കാലയളവിൽ 3.6 ലക്ഷം ഏക്കർ വനഭൂമി നശീകരിക്കപ്പെട്ടു.
വനങ്ങൾ പച്ചപ്പിൽനിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അടുത്തകാലത്ത് ഒരു മുൻ എംഎൽഎ അസം സർക്കാരിന് ഒരു കത്ത് എഴുതി, പ്രകൃതിദുരന്തത്തിന്റെ സാധ്യത വിശദീകരിച്ചു. എന്നാൽ അതും ചെവിക്കൊള്ളപ്പെട്ടില്ല. ഉപഗ്രഹചിത്രങ്ങൾ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ സാധ്യത വ്യക്തമായി സൂചിപ്പിച്ചിരുന്നു. എന്നാൽ കാലാവസ്ഥാ പ്രവചന വകുപ്പ് അത് തികച്ചും അവഗണിച്ചു.


മണൽത്തിട്ട നിർമ്മാണവുമായി ബന്ധപ്പെട്ട അവിശുദ്ധ കൂട്ടുകെട്ട്


1950ലെ വിനാശകരമായ ഭൂകമ്പത്തിനുശേഷം, ബ്രഹ്മപുത്രാ നദിയിലെ വെള്ളപ്പൊക്ക സ്ഥിതിയും നദീതീര ശോഷണവും കണക്കിലെടുത്ത് ഇതൊരു ദേശീയ പ്രശ്നമായി പ്രഖ്യാപിച്ച് അതിനനുസരിച്ച് പ്രവർത്തിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു. എന്നാൽ, ഇതുവരെ ഒന്നും ചെയ്തിട്ടില്ല. മറിച്ച്, കരാറുകാരും കപടരാഷ്ട്രീയക്കാരും ഉൾപ്പെടുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ട് വളർന്നുവന്നു. അസമിന്റെ വെള്ളപ്പൊക്കത്തോടുള്ള പ്രാഥമിക പ്രതികരണം എംബാംക്‌മെന്റ് (നദിയുടെ തീരങ്ങളിൻ ഉയരത്തിൽ നിർമ്മിക്കുന്ന മണൽത്തിട്ടകൾ) നിർമ്മാണമായിരുന്നു. ഇപ്പോൾ ഇവ ആകെ ഏകദേശം 4,800 കിലോമീറ്റർ നീളത്തിൽ എത്തിയിരിക്കുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കത്തിന് മുൻപോ ശേഷമോ ഇവയുടെ നിർമ്മാണമോ അറ്റകുറ്റപ്പണിയോ നടക്കുന്നു.
നഗരങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം, പ്രധാനമായും അനിയന്ത്രിതമായ നഗര വളർച്ചയുടെയും വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ നിർമ്മിക്കുന്നതിനായി തണ്ണീർത്തടങ്ങൾ കൈയേറുന്നതിന്റെയും അപര്യാപ്‌തമായ ഡ്രെയിനേജ് സൗകര്യങ്ങളുടെയും ഫലമാണെന്ന് വ്യക്തമാകുന്നു. അസം സർക്കാർതന്നെ സമ്മതിച്ചതനുസരിച്ച്, സംസ്ഥാനത്തെ വെള്ളപ്പൊക്കവും, നദീതീര ശോഷണ പ്രശ്നവും ലഘൂകരിക്കുന്നതിനുള്ള ദീർഘകാല നടപടികൾ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല.


അമിത് ഷായുടെ പതിവ് ‘വാചകക്കസർത്ത്’’


“മോദിജി അസമിനെ വെള്ളപ്പൊക്കമുക്തമാക്കണം എന്ന് ആഗ്രഹിക്കുന്നു. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജലസേചനത്തിനായി വലിയ തടാകങ്ങൾ സൃഷ്ടിക്കാനായി വെള്ളം തിരിച്ചുവിടാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപഗ്രഹ മാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്നു. അതിനാൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുക.” (ഡെക്കാൻ ഹെറാൾഡ് 25-02-21). 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം ജനതക്ക് നല്‍കിയ വാഗ്ദാനം ഇതായിരുന്നു.  അഞ്ചുവർഷം കഴിഞ്ഞിട്ടും വെള്ളപ്പൊക്കം കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, വർദ്ധിച്ച്, കൂടുതൽ ദുരിതം വിതയ്ക്കുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. ഓരോ വർഷം കഴിയുന്തോറും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. വാസ്തവത്തിൽ, 2024ന്റെ തുടക്കം മുതൽ, അസാധാരണമായ വേഗത്തിൽ തീരശോഷണം സംഭവിക്കുന്നതായി ഗ്രാമവാസികൾ നിരീക്ഷിക്കുകയുണ്ടായി. നദീതീര ശോഷണം സാധാരണ ക്രമേണ സംഭവിക്കുന്ന ഒന്നാണ്. എന്നാൽ ഇവിടെ സംഭവിച്ചത് പെട്ടെന്നുള്ളതും ശക്തമായതും, മുകളിൽ നിന്ന് വലിയ തോതിൽ വന്ന ജലപ്രവാഹത്താൽ ഉണ്ടായതുമായിരുന്നു. അമിത് ഷായുടെ വാഗ്ദ‌ാനം പതിവ് ‘വാചകക്കസർത്ത്’ ആയി അവശേഷിച്ചു.


രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങളും വളരെ ആശങ്കാജനകമാണ്. ആദ്യ ദിവസം മുതൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ സൈന്യത്തെ രക്ഷാ പ്രവർത്തനങ്ങളിൽ വിന്യസിക്കേണ്ടിയിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവർത്തനത്തെ ക്കുറിച്ച് അവകാശവാദങ്ങൾ ഉണ്ടെങ്കിലും, യാഥാർത്ഥ്യം അതിനെ സാധൂകരിക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന് ഉപദേശങ്ങൾ നൽകുകയും മാധ്യമങ്ങൾക്ക് പ്രതികരണം നൽകുകയും ചെയ്യുകയും, അതേസമയം ജനങ്ങളെ കൈവിട്ടുകളയുകയും ചെയ്തു.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടും ഒത്താശയോടും കൂടി പ്രവർത്തിക്കുന്ന അത്യാഗ്രഹികളായ കോർപ്പറേറ്റുകളുടെയും അഴിമതിക്കാരായ ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ നടക്കുന്ന അനധികൃത ഖനനത്തിന്റെയും പ്രകൃതിക്കുമേലുള്ള ആക്രമണത്തിന്റെയും ഫലമായി സൃഷ്ടിക്കപ്പെട്ട താണ് ഈ ദുരന്തമെന്നത് നിസ്തര്‍ക്കമാണ്.


ഈ സാഹചര്യത്തില്‍ ദുരിതബാധിതരായ ജനങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കണമെന്ന് മനുഷ്യസ്നേഹികളേവരോടും അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, താഴെപ്പറയുന്ന കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.


ദുരിതബാധിതരെ പുനഃരധിവസിപ്പി ക്കാനും മതിയായ നഷ്ടപരിഹാരം നൽകാനും വീടുകൾ പുനർനിർമ്മിക്കാനും കൃഷിഭൂമി പുനഃസ്ഥാപിക്കാനും ഉടനടി നടപടി സ്വീകരിക്കണം. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ദുരിതബാധിത ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി അടുക്കളകൾ തുറക്കണം. മതിയായ ജീവനക്കാരും ഉപകരണങ്ങളും സഹിതം ആവശ്യത്തിന് മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കണം.  പരിസ്ഥിതിയെ തകര്‍ത്ത് പ്രകൃതിവിഭങ്ങള്‍ കൈവശപ്പെടുത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കർശന നടപടി സ്വീകരിക്കണം. വെള്ളപ്പൊക്ക നിയന്ത്രണത്തിലും പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിലും മതിയായ അനുഭവപരിചയമുള്ള വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, പ്രഗത്ഭ എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന വിദഗ്‌ധ സമിതി രൂപീകരിക്കണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളുള്ള മേഖലകളിലെ വനനശീകരണം തടയണം, അനധികൃത ഖനനം കർശനമായി നിരോധിക്കണം.

Share this post

scroll to top