സാമൂഹ്യ അസമത്വം വർദ്ധിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനം

eath-temperature.jpg
Share

കോർപ്പറേറ്റുകളുടെ ലാഭക്കൊതി കാരണം ആക്കം വർദ്ധിക്കുന്ന കാലാവസ്ഥ വ്യതിയാനം നാനാമേഖലകളിൽ പറഞ്ഞറിയിക്കാനാകാത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കോർപ്പറേറ്റുകളുടെ ലാഭംമാത്രം പരിഗണിക്കുന്ന അമേരിക്കപോലുള്ള വികസിത രാജ്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തോട് മുഖംതിരിച്ചുനിൽക്കുന്നു; ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനമടക്കം പരിസ്ഥിതിക്കുമേൽ ആഘാതമേൽപ്പിക്കുന്ന വിഷയങ്ങളിൽ ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. മാനവരാശിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന ഇത്തരം നയങ്ങളിൽനിന്ന് ഇക്കൂട്ടരെ പിന്തിരിപ്പിക്കാൻ ആഗോളവ്യാപകമായ ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു.
ഇന്ത്യയിൽ ഇനിമേൽ സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്നത് ഗവൺമെന്റ് നയങ്ങളോ പുതിയ നികുതികളോ തന്മൂലമുണ്ടാകുന്ന സാമ്പത്തിക തകർച്ചയോ മാത്രമായിരിക്കില്ല; അതിന് കാലാവസ്ഥയിലെ വ്യതിയാനവും കാരണമാകും. 97 രാജ്യങ്ങളിലായി ആയിരത്തിലധികം പ്രദേശങ്ങൾ ഉൾപ്പെടുത്തി സമീപകാലത്ത്  നടന്ന പുതിയ ഗവേഷണമനുസരിച്ച്, താപനിലയിൽ 1°C വർദ്ധനവ് ഉണ്ടാകുമ്പോൾ പ്രാദേശിക സാമ്പത്തിക അസമത്വത്തിന്റെ സൂചികയിൽ ഏതാണ്ട് 0.54 പോയിന്റിന്റെ വർദ്ധനവുണ്ടാകുമെന്ന് ജിനി സൂചികപ്രകാരം കണ്ടെത്തിയിട്ടുണ്ട്.

ജിനി കോഎഫിഷ്യന്റ് എന്നത് സാമ്പത്തിക അസമത്വത്തിന്റെ ഒരു സ്റ്റാറ്റിസ്റ്റിക്കൽ അളവാണ്. ഒരു ജനതയിൽ വരുമാനമോ സമ്പത്തോ എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് ഇത് കണക്കാക്കുന്നു. ഇതിന്റെ സ്കെയിൽ 0 മുതൽ 1 വരെയാണ് (അല്ലെങ്കിൽ 0% മുതൽ 100% വരെ). 0 എന്ന സ്കോർ അർത്ഥമാക്കുന്നത് തികഞ്ഞ സമത്വമാണ് (എല്ലാവർക്കും ഒരേ വരുമാനം). 1 എന്നത് തികഞ്ഞ അസമത്വമാണ് (ഒരാൾ മാത്രം എല്ലാ വരുമാനവും കൈവശം വയ്ക്കുന്നു). 0.54 എന്നത് ചെറിയ ഒരു സംഖ്യയായി തോന്നാം. എന്നാൽ അങ്ങനെയല്ല, വർഷം തോറും ഈ മാറ്റം കൂടിക്കൂടി വരുന്നു.  

അസമത്വം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ വളരെ ലളിതമാണ്. ചൂടുകൂടുന്നതിനനുസരിച്ച് വിളകൾ നശിക്കുകയും വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുന്നു. ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങൾ  വ്യാപകമാകുന്നതോടെ തൊഴിൽ ശേഷി കുറയുകയും ആരോഗ്യമേഖലയിൽ ചെലവഴിക്കേണ്ടുന്ന തുക വർദ്ധിക്കുകയും ചെയ്യും. കുട്ടികളുടെ പഠനം മുടങ്ങും. തുടർച്ചയായി ഇത്തരം ദുരന്തങ്ങൾക്ക് ഇരയാകുന്ന കുടുംബങ്ങൾ സ്വത്തു വകകൾ വിറ്റൊഴിക്കാൻ നിർബന്ധിതരാകും. രോഗം വന്നാൽ ചികിത്സ തേടാനോ കുട്ടികളെ സ്കൂളിൽ അയക്കാനോ സാധിക്കാതെ വരും. താപനിലയിലെ വർദ്ധനവ് സ്ത്രീകളെ പ്രത്യേകമായി ബാധിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വിയർക്കുന്നതിന്റെ നിരക്ക് കുറവാണ്. മാത്രമല്ല, ചൂട് കാരണമുള്ള ഹോർമോൺ വ്യതിയാനങ്ങളും അവരെ പ്രതികൂലമായി ബാധിക്കും. മാസം തികയാതെയുള്ള പ്രസവങ്ങൾ, തന്മൂലം നവജാത ശിശുക്കളുടെ ഭാരത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൈക്കൊള്ളുന്ന താൽക്കാലിക നടപടികൾ  ഭാവിയിലെ തൊഴിൽ ശേഷിയെ കാര്യമായി ബാധിക്കും.

കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക ഏതു വിഭാഗം ജനങ്ങൾക്കായിരിക്കും എന്നത് എങ്ങനെയാണ് നിർണയിക്കുന്നത്? ഇവിടെ ആരാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്നത് എന്നതല്ല കാര്യം. ആർക്കാണ് അതിൽനിന്ന് എളുപ്പത്തിൽ മുക്തരാകാൻ സാധിക്കുന്നത് എന്നതാണ്. വിഭവങ്ങൾ കൂടുതൽ ലഭ്യമായതും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ പ്രദേശങ്ങളും ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ളവരും എളുപ്പത്തിൽ കടമെടുക്കാൻ സാധിക്കുന്നവരും ഇതിന്റെ കെടുതികൾ എളുപ്പത്തിൽ മറികടന്നേക്കും. എന്നാൽ, പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നാമമാത്രമായുള്ള സൗകര്യങ്ങൾപോലും നഷ്ടപ്പെടും. നിരന്തരമായ പ്രകൃതിദുരന്തങ്ങൾ ക്രമേണ അവർക്കുള്ളതെല്ലാം കവർന്നെടുക്കും. ക്രമേണ ഈ രണ്ടുതരം പ്രദേശങ്ങൾക്കിടയിലുള്ള അന്തരം വർദ്ധിച്ചുവരും. താപനിലയിലെ ഈ വ്യത്യാസംകൊണ്ടുമാത്രം പാവപ്പെട്ട പ്രദേശങ്ങളിൽ അസമത്വം ഓരോ ഡിഗ്രി സെൽഷ്യസിനും 0.3 വെച്ച് മാറാം. കാരണം സമ്പന്ന പ്രദേശങ്ങൾക്ക് ചൂടിനെ നേരിടാൻ ശീതീകരിച്ച മുറികളും നല്ല ആരോഗ്യപരിപാലന സംവിധാനങ്ങളും സാമൂഹ്യ പരിരക്ഷയും കാണും. എന്നാൽ ദരിദ്രപ്രദേശങ്ങളിലെ സാമൂഹ്യ, സാമ്പത്തികസ്ഥിതി വളരെ ദുർബലമായതു കാരണം അവർക്ക് ഇതിനെ നേരിടാൻ സാധിക്കില്ല.

ഇന്നത്തെ മുതലാളിത്ത ആഗോളവൽക്കരണത്തിൽ, ഒരു കൃഷി കേന്ദ്രത്തിലോ നിർമ്മാണ കേന്ദ്രത്തിലോ ഉണ്ടാകുന്ന ഉഷ്ണതരംഗത്തിനുപോലും ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയിലുടനീളം തൊഴിൽ വിപണികളെ മാറ്റിമറിക്കാനും കഴിയും. ആഗോളതാപനം മൂലമുള്ള കാലാവസ്ഥ മാറ്റങ്ങൾ വിതരണ സംവിധാനങ്ങളെയും ഭക്ഷ്യവ്യവസ്ഥയെയും തൊഴിൽ മേഖലയെയും കച്ചവട ശൃംഖലയെയും വളരെ പെട്ടെന്ന് ബാധിക്കുന്നുണ്ട്. ഒരു പ്രധാന ഭക്ഷ്യ ഉല്പന്ന മേഖലയിൽ ഉണ്ടാകുന്ന ഉഷ്ണതരംഗം മറ്റുപല മേഖലകളെയും പിടികൂടുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലവർധനവും ഉല്പാദന ചെലവ് വർദ്ധിക്കുന്നതും തൊഴിൽ ആവശ്യങ്ങൾ മാറുന്നതും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റു പ്രദേശങ്ങളിലായിരിക്കും. പ്രാദേശികമായ ഒരു പ്രശ്നം പൊടുന്നനെ ആഗോളപ്രശ്നമായി മാറുന്നു. ഉഷ്ണം ബാധിക്കുന്നത് വിളകളെയോ ജിഡിപിയോ മാത്രമല്ല തൊഴിലെടുക്കാനുള്ള മനുഷ്യന്റെ കഴിവിനെതന്നെ അത് നശിപ്പിക്കും. ശാരീരിക ക്ഷമതയെയും ധൈഷണിക പ്രവർത്തനങ്ങളെയും ആരോഗ്യത്തെയും അത് ബാധിക്കും. തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും അത് പ്രശ്നം സൃഷ്ടിക്കും.

ഇന്ത്യയാവട്ടെ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. നമ്മുടെ നാട്ടിൽ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും എല്ലാവർക്കും ഒരുപോലെ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള കഴിവും എല്ലാവർക്കും ഒരു പോലെയല്ല. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ സാധാരണക്കാർ ആഗോളതാപനത്തിന്റെ വർദ്ധിച്ച കെടുതികൾ അനുഭവിക്കാൻ സാധ്യതയുള്ളവരാണ്. നമ്മുടെ നാട്ടിലെ തൊഴിലാളികൾ വളരെ അപകടകരമായ ചൂടിലാണ് പണിയെടുക്കുന്നത്. പുറത്തെ ചൂടിനൊപ്പം യന്ത്രങ്ങളിൽനിന്നുള്ള ചൂടും കൂടെയാകുമ്പോൾ തൊഴിലാളികൾ ക്ഷീണിതരാകുന്നു. എങ്ങനെയെങ്കിലും പണിതീർത്ത് വീട്ടിലെത്തിയാലും നിർജലീകരണം മൂലമുള്ള പേശീവേദന അവരെ പിന്തുടരും. ചില സന്ദർഭങ്ങളിൽ ബോധം വരെയും നഷ്ടപ്പെടും. സംഘടിത മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ ഇതാണ്.


പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വേനൽക്കാലത്ത് ചൂട് 45-46 ഡിഗ്രി ആണെന്ന് ഓർക്കണം. ജീവൻ നിലനിർത്താൻ മറ്റു വഴിയില്ലാത്തതിനാൽ അങ്ങേയറ്റം അപകടകരമായ അന്തരീക്ഷത്തിലും പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരാണ്. പുറത്ത് 40-45 ഡിഗ്രി ആകുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തും ഫാക്ടറികൾക്കകത്തും അത് 50-55 ഡിഗ്രിയായി ഉയരും. അവരുടെ ആരോഗ്യത്തിനും തൊഴിലെടുക്കാനുള്ള കഴിവിനും അപരിഹാര്യമായ പരിക്കാണ് ഇതുമൂലം ഉണ്ടാകുന്നത്. ശാരീരികമായ പ്രത്യേകതകൾമൂലം ഇത് സ്ത്രീകളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉഷ്ണതരംഗം ലഘൂകരിക്കാനും പരിഹരിക്കാനുമുള്ള നയപരിപാടികൾ രൂപീകരിക്കേണ്ടത് അടിയന്തര പ്രാധാന്യമർ ഹിക്കുന്ന വിഷയമാണ്. ചൂടിനെ ചെറുക്കുന്ന തരത്തിലുള്ള തൊഴിലിടങ്ങളും തൊഴിൽ സമയത്തിലെ മാറ്റങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുകയും ചൂട് കുറക്കുകയും ചെയ്യുന്ന തരത്തിലുള്ള നഗരാസൂത്രണവും ആരോഗ്യാവബോധവും ഉണ്ടാകണം. തൊഴിലാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള സാമൂഹ്യ സുരക്ഷാ നടപടികൾ സ്വീകരിക്കണം. അതിനാവശ്യമായ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. എന്നാൽ നമ്മുടെ ഭരണാധികാരികൾക്ക് ഇതിലൊന്നും യാതൊരു താൽപര്യവുമില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾ ദിനംപ്രതിയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സർക്കാർ കാര്യങ്ങളെല്ലാം പഴയ മുറയ്ക്കുതന്നെ തുടരുന്നു. ഒരു ന്യൂനപക്ഷം തങ്ങളുടെ സമ്പത്ത് ഭീമമായി വർദ്ധിപ്പിക്കുമ്പോൾ ജനകോടികൾ സമ്പൂർണ്ണമായ നാശത്തിലേക്ക് വഴുതിവീഴുന്നു.

Share this post

scroll to top