ആഗസ്റ്റ് 5ന്, സഖാവ് ശിബ്ദാസ് ഘോഷിന്റെ 50-ാം ചരമവാർഷിക ദിനത്തിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കേന്ദ്രകമ്മിറ്റിയംഗം സഖാവ് സുഭാഷ് ദാസ്ഗുപ്ത നടത്തിയ പ്രസംഗം
യോഗത്തിന്റെ അധ്യക്ഷനും പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ജയ്സണ്‍, സംസ്ഥാന നേതാക്കളേ, സഖാക്കളേ, സുഹൃത്തുക്കളേ.
ഇന്നേ ദിവസം നിങ്ങളോടൊപ്പമുണ്ടാകാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രളയത്തിന്റെ ഈ സാഹചര്യത്തില്‍ സഖാക്കള്‍, സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതുപോലെ, ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിലകൊള്ളുകയാണെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ സ്ഥാപക നേതാവും ഈ യുഗത്തിലെ സമുന്നത മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ചിന്തകരിലൊരാളും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവുമായ സഖാവ് ശിബ്ദാസ് ഘോഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 50 വര്‍ഷം തികഞ്ഞിരിക്കുന്നു. ഈ ദിനം ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ആചരിക്കപ്പെടുന്നു. ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് കല്‍ക്കത്തയിലെ പ്രൗഢഗംഭീരമായ വേദിയില്‍ നമ്മുടെ പ്രിയങ്കരനായ ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ആയിരങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. കനത്ത മഴയും കാറ്റും അവഗണിച്ചാണ് അവര്‍ അവിടെ തടിച്ചുകൂടിയത്. രാജ്യത്തെവിടെയും ഇത്ര വൈകാരികമായാണ് സഖാക്കള്‍ ഈ ആചരണത്തെ കാണുന്നത്.
50വര്‍ഷം പിന്നിട്ടിരിക്കുന്നു. നമ്മള് എവിടെയെത്തി, നമ്മുടെ ചുറ്റുപാടുകള്‍ എന്തൊക്കെയാണ്, കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളെക്കുറിച്ചും അവ ജീവിതത്തിന്റെ സമസ്ത മേഖലകളിലും എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്നും ഈ ദിനത്തില്‍ നമ്മള് ഗൗരവപൂര്‍വ്വം ആലോചിക്കണം.
ആമുഖമായി ഒരു കാര്യം പറയട്ടെ, പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടന്ന ഉജ്ജ്വലമായ ആശാസമരത്തില്‍ നിങ്ങള്‍ കൈവരിച്ച വിജയത്തെ ഞാന്‍ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ബഹുജന സമരങ്ങളുടെ ചരിത്രത്തില്‍ ഇതൊരു മാതൃകയായി നിലകൊള്ളും.
ഇന്ന് മാനവരാശി അഭൂതപൂര്‍വ്വമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സോഷ്യലിസ്റ്റ് ചേരി ഇന്ന് നിലവിലില്ല. അത് നിലനിന്നിരുന്നപ്പോള്‍, മഹാനായ സ്റ്റാലിന്റെ മരണശേഷം തിരുത്തല്‍വാദി നേതൃത്വം പിടിമുറുക്കിയിട്ടും, അതിന്റെ ശക്തി പ്രകടമായിരുന്നു. അന്ന് സാമ്രാജ്യത്വ ശക്തികള്‍ ഒരു പരിധിവരെ സംയമനം പാലിച്ചിരുന്നു. അവര്‍ക്ക് മറ്റുരാജ്യങ്ങളുടെമേല്‍ അതിക്രമം നടത്താനോ കടന്നാക്രമിക്കാനോ എളുപ്പം കഴിയുമായിരുന്നില്ല. എന്നാല്‍ സോഷ്യലിസ്റ്റ് ചേരിയുടെ പതനത്തോടെ അവര്‍ക്ക് കടിഞ്ഞാണിടാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഇന്നത്തെ സ്ഥിതി അങ്ങേയറ്റം വഷളാണ്. ഗസയില്‍ 75000ത്തിലേറെപ്പേര്‍ കൊലചെയ്യപ്പെട്ടു. അമേരിക്ക-ഇസ്രയേല്‍ സാമ്രാജ്യത്വ കൂട്ടുകെട്ടാണ് ഈ പാതകം ചെയ്തത്. മറ്റു സാമ്രാജ്യത്വ രാജ്യങ്ങള്‍ അവര്‍ക്ക് ഉറച്ച പിന്തുണ നല്കി. ഇന്ത്യാഗവണ്മെന്റും ഈ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചില്ല. സ്ത്രീകളും കുട്ടികളുമൊക്കെ ക്രൂരമായി കൊല്ലപ്പെട്ടു. ഇത് ഇനിയും തുടരുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വം വെനസ്വേലയുടെ പ്രസിഡന്റിനെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി. അദ്ദേഹം ഇന്നും അമേരിക്കന്‍ തടവറയില്‍ കഴിയുകയാണ്.
അമേരിക്കന്‍ സാമ്രാജ്യത്വം ഒരു വ്യാജന്യായം ഉന്നയിച്ചുകൊണ്ടാണ് ഇറാന്റെമേല്‍, ഇറാക്കില്‍ ചെയ്തതുപോലെതന്നെ, ക്രൂരമായ ആക്രമണം നടത്തിയത്. ഓരോരോ രാജ്യങ്ങളായി ഇവ്വിധം ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ കാര്യം, അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം കാണാനായില്ല എന്നതാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സൈനിക താവളങ്ങളുണ്ടാക്കിക്കൊണ്ടാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാനിലേത് ജനാധിപത്യമല്ല, മതമൗലികവാദ ഭരണമാണ് എന്ന് നമുക്കറിയാം. അവിടെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെങ്കിലും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആക്രമണത്തെ അവര്‍ ചെറുത്തു.
സാമ്രാജ്യത്വമിന്ന് പ്രധാനമായും രണ്ട് ചേരിയായി നിലകൊള്ളുന്നു. ഒരുവശത്ത് റഷ്യയും ചൈനയും മറുവശത്ത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. അമേരിക്കയും യൂറോപ്പുമായി ഇറക്കുമതിച്ചുങ്കത്തിന്റെ പേരില്‍ ഒരു താരിഫ് യുദ്ധം നടന്നുകൊണ്ടിരിക്കവെതന്നെ ഈ സഖ്യവും നിലവിലുണ്ട്. എന്തായാലും, സാമ്രാജ്യത്വചേരിയില് ഇന്ന് ഐക്യമില്ല. എന്നാല്‍ സോഷ്യലിസ്റ്റ് ചേരി നിലവിലില്ലാത്തതിനാല്‍ സാമ്രാജ്യത്വചേരിക്ക് സംയമനം പാലിക്കേണ്ടതില്ല. ഇതാണ് ഇന്നത്തെ ലോകസാഹചര്യം.
സഖാക്കളെ, ലോകത്തിന്ന് രണ്ട് പ്രതിഭാസങ്ങള്‍ കാണാം. ഒരുവശത്ത്, ലോകമെമ്പാടും വലതു പിന്തിരിപ്പന് ശക്തികള്‍ തലപൊക്കുന്നു. നവനാസി പ്രസ്ഥാനങ്ങളും ഫാസിസ്റ്റ് ശക്തികളുമൊക്കെ പരസ്യമായി രംഗത്തുവരുന്നു. മതം, ജാതി, വംശീയത എന്നിവയൊക്കെ അവര്‍ ആയുധമാക്കുന്നു. കുത്തകമൂലധന ശക്തികളാണ് ഇവയെ പിന്തുണയ്ക്കുന്നത്. മറുവശത്ത് ജനങ്ങളുടെ പ്രതിഷേധവും വളര്‍ന്നുവരുന്നു. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സമരങ്ങളാണ് അലയടിച്ചുയരുന്നത്. കേറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത, തൊഴിലില്ലാത്ത, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രക്ഷോഭങ്ങള്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇന്നു കാണാനാകും. അവര്‍ക്ക് നല്ല ഭക്ഷണമോ ചികില്‍സയോ ലഭിക്കുന്നില്ല. നമ്മുടെ രാജ്യത്തെയല്ല, വികസിത രാജ്യങ്ങളിലെ സ്ഥിതിയാണിത്. അവരാണിന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
നമ്മുടെ രാജ്യത്താകട്ടെ കോടിക്കണക്കിനാളുകളാണ് പട്ടിണികിടക്കുന്നത്, ആഹാരവും മരുന്നും കിട്ടാതെ ചത്തൊടുങ്ങുന്നത്. ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് ചെന്നാലും തെരുവില്‍ കഴിയുന്നവരെ കാണാം. ഫുട്പാത്തില്‍ ജനിച്ചുവളരുന്ന കുഞ്ഞുങ്ങളെ കാണാം. അവര്‍ തെരുവില്‍ ജനിക്കുന്നു, തെരുവില്‍ത്തന്നെ മരിക്കുന്നു. ഒരു മേല്‍വിലാസം പോലുമില്ലാത്ത കുഞ്ഞുങ്ങള്‍. നാണംമറയ്ക്കാന്‍ പാടുപെടുന്ന അമ്മമാര്‍. ഇതാണ് ഇന്ന് മുതലാളിത്ത ലോകത്തിന്റെ സ്ഥിതി.
ഈ സാഹചര്യങ്ങളാണ് ജനങ്ങളെ പ്രതിഷേധവുമായി തെരുവിലെത്തിക്കുന്നത്. ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുക’ എന്ന മുദ്രാവാക്യവുമായി അമേരിക്കയില്‍ വലിയ പോരാട്ടം നടന്നു. പിന്നീട് ‘അറബ് വസന്തം’ കണ്ടു. അടുത്തിടെ പലസ്തീനിലെ വംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നു. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ, നഗ്നമായ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ വലിയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നു. എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ക്കൊന്നും ശരിയായ നേതൃത്വമില്ല എന്നതാണ് വസ്തുത. ശരിയായ നേതൃത്വമില്ലെങ്കില്‍ അഗ്നിപര്‍വ്വതംപോലെ പൊട്ടിത്തെറിച്ചുവരുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ പെട്ടെന്ന് കെട്ടടങ്ങും.
നമ്മുടെ രാജ്യത്ത് കര്‍ഷകപ്രക്ഷോഭം ഉണ്ടായി. അടുത്തിടെ ലക്ഷക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത നീറ്റ്-ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ സമരമുണ്ടായി. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ യുവാക്കള്‍ തെരുവിലിറങ്ങി. നമ്മള് ആ സമരത്തില്‍ പങ്കെടുത്തു. നമ്മുടെ ഡല്‍ഹി യൂണിറ്റ് ഗംഭീരമായ പ്രവര്‍ത്തനം നടത്തി. ജനറല്‍ സെക്രട്ടറി അവരെ അഭിനന്ദിക്കുകയുണ്ടായി. നമ്മുടെ സാന്നിദ്ധ്യം രേഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞു. മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, പരിഷ്കരണവാദികളാണ് എന്നതിനാല്‍ അവര്‍ക്ക് ആത്മാര്‍ത്ഥമായി സമരത്തില്‍ മുഴുകാനാവില്ല. ആ സമരം നയിക്കാനുള്ള ശേഷി നമുക്കുണ്ടായിരുന്നില്ല. ആ പ്രക്ഷോഭം നീറ്റ് പരീക്ഷയുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ല എന്നത് ശരിയാണ്. അത് ഒരു ബിജെപിവിരുദ്ധ സമരമായിരുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി അവര്‍ തോന്നുംപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. തങ്ങള്‍ അജയ്യരാണ് എന്ന ഭാവമായിരുന്നു അവര്‍ക്ക്. എന്നാല്‍ ഈ പ്രക്ഷോഭത്തിലൂടെ അവരുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടു.
നമ്മുടെ പ്രധാനമന്ത്രി ഇത്രയേറെ അപഹാസ്യനായി ഞാനൊരിക്കലും കണ്ടിട്ടില്ല. ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെയ്ക്കേണ്ടതായും വന്നു. തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ നിഷേധത്തിനുമൊക്കെ എതിരായ ജനങ്ങളുടെ രോഷമാണ് ഈ സമരത്തില്‍ നാം കണ്ടത്. ഒരു ഗവണ്മെന്റും ഒരു പാര്‍ലമെന്ററി പാര്‍ട്ടിയും ഇവയുടെ പരിഹാരത്തിനായി ശ്രമിക്കുന്നില്ല. അത് ബിജെപിയോ കോണ്‍ഗ്രസ്സോ ആരുമാകട്ടെ, ഇതാണ് സ്ഥിതി. മുതലാളിത്ത വ്യവസ്ഥയുടെ തിന്മകളാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. ബിജെപിയാകട്ടെ വര്‍ഗ്ഗീയവിഷം വമിപ്പിച്ചുകൊണ്ട് മുതലാളിത്ത വ്യവസ്ഥയുടെ ക്രൂരമുഖം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. അതിനാണവര്‍ ഹിന്ദു-മുസ്ലീം സ്പര്‍ദ്ധ വളര്‍ത്തുന്നത്.
അടുത്തകാലംവരെ ഇതില്‍നിന്ന് ഭിന്നമായ ഒരു സാഹചര്യമാണ് നിലവിലിരുന്നത്. ജനങ്ങള്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ വിമുഖരായിരുന്നു. അവര്‍ വര്‍ഗ്ഗീയ ചിന്തയ്ക്ക് അടിപ്പെട്ടിരുന്നു. സാമൂഹ്യാന്തരീക്ഷമാകെ മലീമസമായിരുന്നു. ഒരു ജനകീയ പ്രക്ഷോഭത്തിന് എന്തുമാറ്റമുണ്ടാക്കാന് കഴിയുമെന്ന് ഈ സമരത്തിലൂടെ നമ്മള് കണ്ടു. ജന്തര്‍ മന്തറിലെ സ്ഥിതി സഖാക്കള്‍ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. അവിടെ പല ജാതിയിലും മതത്തിലും പെട്ടവര്‍ ഒന്നിച്ചുകഴിഞ്ഞു. അവര്‍ ഒന്നിച്ച് ഉറങ്ങി, ഒന്നിച്ച് പൊരുതി. അവര്‍ പരസ്പരം ആശയവിനിമയം നടത്തി, പരസ്പരം സഹായിച്ചു. സമരം നമ്മെ സാംസ്കാരികമായി ഉയര്‍ത്തുന്നു. സഖാവ് ശിബ്ദാസ് ഘോഷ് ഇക്കാര്യവും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിവിടെ അനുഭവപ്പെടുകയായിരുന്നു.
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിലും ഷഹീന്‍ബാഗ് സമരത്തിലുമൊക്കെ നമുക്ക് സമാനമായ അനുഭവമാണ് ഉണ്ടായത്. ധാരാളം സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആര്‍ജി-കര് വിഷയത്തിലടക്കം ബംഗാളില്‍ മമത ഗവണ്മെന്റിന്റെ ധാര്‍ഷ്ട്യത്തിനും അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെ വളര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ ഒരു അധികാരമാറ്റത്തിനുപോലും ഇടയാക്കി. ബിജെപി ഇലക്ഷനില്‍ കൃത്രിമം കാണിച്ചു എന്നത് ശരിയാണ്. കേന്ദ്രസേനയെ കൊണ്ടുവന്ന് അവര്‍ സമാന്തരമായൊരു ഭരണംതന്നെ നടത്തി. ഒരു ഘട്ടത്തില്‍ കശ്മീരിലെക്കാള് കൂടുതല്‍ കേന്ദ്രസേന ബംഗാളില്‍ ഉണ്ടായിരുന്നു. ഇലക്ഷന് ഏജന്റുമാര്‍ പോളിംഗ് ബൂത്തുകളില്‍നിന്ന് പുറത്താക്കപ്പെട്ടു. എസ്ഐആര്‍ ആദ്യം 91 ലക്ഷംപേരെയാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ഒടുവിലത് 37 ലക്ഷമായി. പ്രധാനമായും മുസ്ലീങ്ങളും സ്ത്രീകളുമാണ് പുറത്താക്കപ്പെട്ടത്. ബിജെപി ആസൂത്രിതമായി നടപ്പിലാക്കിയ ഒരു പദ്ധതിയായിരുന്നു ഇത്. ഇതെല്ലാം ശരിതന്നെ. എന്നാല്‍ നീതി നിഷേധിക്കപ്പെടുന്നു എന്ന ജനങ്ങളുടെ തിരിച്ചറിവും മമത ഗവണ്മെന്റിന്റെ പതനത്തിന് തുല്യനിലയില്‍ കാരണമായിട്ടുണ്ട്. പക്ഷേ, പകരംവന്ന ബിജെപി ഗവണ്മെന്റ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ജനങ്ങളുടെ വെറുപ്പിന് പാത്രമായിക്കഴിഞ്ഞു.
സഖാക്കളെ, നമ്മുടെ പ്രിയങ്കരനായ ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. “പലപ്പോഴും സമരങ്ങള്‍ ഉയര്‍ന്നുവരും. ഒരു തീപ്പൊരി ചിലപ്പോള്‍ തീജ്ജ്വാല സൃഷ്ടിച്ചേക്കാം: അതിനാല്‍ സഖാക്കള്‍ സജ്ജരായിരിക്കണം. ജാഗരൂകരായിരിക്കണം. പ്രവര്‍ത്തനശൈലിയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ സന്നദ്ധരായിരിക്കണം. പ്രക്ഷോഭത്തിലേയ്ക്ക് എടുത്തുചാടാന്‍ കഴിയണം. അവയെ നയിക്കാന്‍ പരിശ്രമിക്കണം.” ഇതാണ് ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ മുഖ്യകര്ത്തവ്യങ്ങളിലൊന്ന്.
സഖാക്കളെ, 1948ല്‍ സഖാവ് ശിബ്ദാസ്ഘോഷ് നമ്മുടെ പാര്‍ട്ടിക്ക് രൂപംനല്‍കുമ്പോള്‍ അത് വളരെ ചെറിയൊരു പാര്‍ട്ടിയായിരുന്നു. ഒരു ക്ലബ് പോലെയാണ് മറ്റുള്ളവര്‍ അതിനെ കണ്ടത്. മറ്റു പാര്ട്ടിക്കാര് നമ്മെ പരിഹസിച്ചു. അന്ന് സഖാവ് ശിബ്ദാസ് ഘോഷ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവോ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ തുടക്കകാലമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം: “അന്നുണ്ടായിരുന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, അതായത് സിപിഐക്ക്, മഹാന്മാരായ സ്റ്റാലിന്റെയും മാവോസെതുങ്ങിന്റെയുമൊക്കെ അംഗീകാരമുണ്ടായിരുന്നു. എങ്കിലും അതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല എന്നകാര്യം ഞാന്‍ മനസ്സിലാക്കിയിരുന്നു. ആര്‍എസ്പി ഒരു വലിയ പാര്‍ട്ടിയായിരുന്നെങ്കിലും അതും ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നില്ല. നേതാജി സുഭാഷ്ചന്ദ്രബോസ് സ്ഥാപിച്ച ഫോര്‍വേഡ് ബ്ലോക്കിന്റെ കാര്യവും അങ്ങനെതന്നെയായിരുന്നു. ഇവയൊന്നും ശരിയായ കമ്മ്യൂണിസ്റ്റ് പാര്ട്ടികളല്ലെങ്കില് പിന്നെ ഞാനെന്താണ് ചെയ്യേണ്ടത്? നാടിന് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടിയേ തീരൂ. ഞാന്‍ ജീവിതം പാഴാക്കുകയാണെന്ന്, എനിക്ക് വട്ടാണെന്ന് പലരും പരിഹസിച്ചു. ഞാന്‍ അവരോട് തര്‍ക്കിച്ചില്ല. ശാന്തനായി അവരോട് ചോദിച്ചു, ഞനെന്താണ് ചെയ്യേണ്ടത്? ഞാന്‍ സന്ധി ചെയ്യണോ? എന്റെ മനഃസാക്ഷിയെ വഞ്ചിക്കണോ? എനിക്കതിനാവില്ല. ഞാന്‍ തെരുവില്‍ കിടന്ന് വിശന്നു മരിച്ചോട്ടെ. പക്ഷേ മരിക്കുമ്പോഴും ഞാന്‍ വിളിച്ചുപറയും, ഇവരൊന്നും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളല്ലെന്ന്, ജനങ്ങള്‍ക്കാവശ്യം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന്. ചരിത്രം എന്റെ വാക്കുകള്‍ രേഖപ്പെടുത്തിവയ്ക്കും. അത് പാഴാവുകയില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവച്ചുവീഴ്ത്താം, പക്ഷേ വിലയ്ക്കെടുക്കാനാവില്ല.”
സഖാക്കളെ, ആ ആദ്യ നാളുകളില്‍തന്നെ, മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ സത്യത്തില്‍നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല, അതിനെ മുറുകെപ്പിടിച്ചു. അങ്ങനെയാണ് എസ്യുസിഐ രൂപീകരിക്കപ്പെടുന്നത്. ക്രമേണ നമ്മുടെ പാര്‍ട്ടി കരുത്താര്‍ജിച്ചു. ഇന്നത് ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നവും. ആദ്യകാല നേതാക്കള്‍ക്ക് ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയേണ്ടിവന്നു. ഒരു അഭയസ്ഥാനവുമുണ്ടായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ തെരുവില്‍ കഴിയേണ്ടിവന്നു. വിശാലമായ ആകാശത്തിനു താഴെ കഴിഞ്ഞ ആ കാലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ഞങ്ങളൊരിക്കലും അതൊരു ത്യാഗമായി കണ്ടില്ല. വിപ്ലവ ജീവിതത്തെ പുല്കുമ്പോള് നമ്മള് കുടിലുപേക്ഷിച്ച് കൊട്ടാരത്തിലെത്തുന്നതുപോലെയാണ്. നമുക്ക് നേട്ടങ്ങള്‍ മാത്രമേയുള്ളൂ. പുതിയ ജീവിതരീതി, പുതിയ സംസ്കാരം, പുതിയ പ്രത്യയശാസ്ത്രം എല്ലാം സ്വായത്തമാക്കുകയായിരുന്നു. അന്നത്തെ ദാരിദ്ര്യത്തെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജയാണ്. മഹത്തായൊരു ഉത്തരവാദിത്തമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. ഭക്ഷണം തരാന്‍ ആളില്ലാതെ പോയത് ഞങ്ങളുടെ പോരായ്മയായാണ് ഞങ്ങള്‍ കണ്ടത്.
സഖാക്കളെ, ഇന്ന് നമ്മുടെ പാര്‍ട്ടി ശക്തമായൊരു പ്രസ്ഥാനമാണ്. ധാരാളം പാര്‍ട്ടി സെന്ററുകള്‍, ആവശ്യത്തിന് ഭക്ഷണം, യാത്രാസൗകര്യങ്ങള്‍, വസ്ത്രം എല്ലാമുണ്ട്. സഖാവ് ശിബ്ദാസ് ഘോഷിനും സഖാവ് നിഹാര്‍ മുഖര്ജിക്കുംകൂടി ഒരു ഷര്‍ട്ടേ ഉണ്ടായിരുന്നുള്ളൂ. സഖാവ് പ്രൊവാഷ് ഘോഷ് വേദനയോടെ പറഞ്ഞ ഒരു സംഭവമുണ്ട്; ഒരിക്കല്‍ സഖാവ് ഘോഷ് ഒരു യോഗത്തിന് വൈകിയാണെത്തിയത്. സാധാരണ അദ്ദേഹം സമയം പാലിക്കാറുണ്ട്. എന്താണ് വൈകിയതെന്ന് ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പിന്നീട് അറിയാന്‍ കഴിഞ്ഞത്, പുറത്തുപോയ സഖാവ് നിഹാര്‍ മുഖര്‍ജി തിരിച്ചുവന്നിട്ട് ഷര്‍ട്ട് വാങ്ങിവരാന്‍ കാത്തിരുന്നതാണത്രെ. 1974വരെ സഖാവ് ഘോഷ് നിലത്ത് പായ വിരിച്ചാണ് കിടന്നിരുന്നത്. 76ല്‍ മരിക്കുന്നതിന് ഒരുവര്‍ഷം മുമ്പുമാത്രമാണ് അദ്ദേഹത്തിന്റെ ആവശ്യത്തിനായി ഒരു കാര്‍ വാങ്ങാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. സഖാക്കളേ, ഈ ചരിത്രം നമ്മള് മറന്നുപോകരുത്. ഇതാണ് നമ്മുടെ പാരമ്പര്യം. ഇതു മറന്നാല്‍ നമ്മള് സുഖസൗകര്യങ്ങളില്‍ വ്യാപൃതരായിപ്പോകും. പാര്‍ട്ടിയുടെ സ്വഭാവംതന്നെ മാറിപ്പോകും.
അടുത്ത വിഷയം പാര്‍ട്ടി രൂപീകരണത്തെ സംബന്ധിച്ചുള്ളതാണ്. എന്നാല്‍ വിശദമായ ഒരു ചര്‍ച്ചയ്ക്ക് ഈ മീറ്റിംഗില്‍ മുതിരുന്നില്ല. വളരെ ചുരുക്കി ചില കാര്യങ്ങള്‍ പറയാം. ഇത്രയും ബുദ്ധിമുട്ടുനിറഞ്ഞ കാലത്തും സഖാവ് ഘോഷ് എല്ലാ സാര്‍വ്വദേശീയ വിഷയങ്ങളോടും പ്രതികരിച്ചിരുന്നു. ആലോചിച്ചുനോക്കൂ സഖാക്കളെ. ഇന്ന് നമ്മള് വായിക്കാന്‍ സമയം കണ്ടെത്തുന്നില്ല. പാര്‍ട്ടിയിലെ പ്രത്യയശാസ്ത്ര സമരത്തെ അത് ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും യുവാക്കളുടെ കാര്യത്തില്‍, വായനയേക്കാള്‍ മൊബൈല്‍ ഫോണിനോടാണ് അവര്‍ക്ക് ആഭിമുഖ്യം. ആവശ്യത്തിന് ഭക്ഷണംപോലും ഇല്ലാതിരുന്ന ആ കാലത്താണ് അദ്ദേഹം ‘കമ്മ്യൂണിസ്റ്റ് ക്യാമ്പിന്റെ സ്വയം വിമര്‍ശനം’ എന്ന കൃതി രചിക്കുന്നത്. 1956ല്‍ അദ്ദേഹം സ്റ്റാലിന് വിഷയം വിശകലനം ചെയ്തു. ഏതാണ്ട് എല്ലാ സാര്‍വ്വദേശീയ വിഷയങ്ങളോടും അദ്ദേഹം പ്രതികരിച്ചു. 1948ല്‍ത്തന്നെ വ്യക്തിവാദം ഉയര്‍ത്തുന്ന ഭീഷണി അദ്ദേഹം തിരിച്ചറിഞ്ഞു. ലെനിനോ സ്റ്റാലിനോ ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. സോവിയറ്റ് വിപ്ലവത്തിനും അത്തരമൊരു പ്രശ്നത്തെ നേരിടേണ്ടിവന്നിട്ടില്ല. റഷ്യ ഒരു പിന്നാക്ക രാജ്യമായിരുന്നു. മുതലാളിത്തം ശൈശവദശയിലായിരുന്നു, പ്രധാനമായും ഒരു ജന്മിത്തസമൂഹം. അതുകൊണ്ടുതന്നെ വ്യക്തിവാദം താരതമ്യേന പുരോഗമനപരമായിരുന്നു. അന്ന് ഭാര്യമാര്‍ ഭര്ത്താക്കന്മാരെ, നമ്മുടെ സ്വാതന്ത്ര്യ സമരകാലത്തെപ്പോലെ, സാര്‍ ചക്രവര്‍ത്തിക്കെതിരായ പോരാട്ടത്തിന് പ്രേരിപ്പിക്കുമായിരുന്നു. രാജ്യത്തിന്റെ രക്ഷക്കായി രക്ഷിതാക്കള്‍ മക്കളെ സമൂഹത്തിന് വിട്ടുകൊടുക്കുമായിരുന്നു. ദേശസ്നേഹത്തിന്റെ സത്ത സമൂഹത്തില്‍ നിലനിന്നിരുന്നു. സോഷ്യലിസത്തില്‍ വ്യക്തിവാദം വേറൊരു പങ്കാണ് വഹിക്കുകയെന്ന് അവര്‍ക്കറിയില്ലായിരുന്നു.
റഷ്യന്‍ വിപ്ലവത്തിലൂടെ നിലവില്‍വന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നാശത്തിന് ഇടയാക്കിയ കാര്യങ്ങൾ നമ്മള് കണ്ടു. മരണത്തിന് തൊട്ടുമുമ്പാണ് സ്റ്റാലിന് ഇത് മനസ്സിലാക്കിയത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കോണ്‍ഗ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ സ്റ്റാലിന് ഇക്കാര്യം അവതരിപ്പിക്കുന്നുണ്ട്. ഗൂഢാലോചനകളെ നേരിട്ട, രണ്ടാം ലോകയുദ്ധത്തില്‍ പടനയിച്ച, യുദ്ധം ജയിച്ച സ്റ്റാലിന് പക്ഷേ 19-ാം കോണ്‍ഗ്രസ്സില്‍ ആശങ്കപ്പെടുന്നത് സോഷ്യലിസം നേരിടുന്ന ഭീഷണിയെക്കുറിച്ചാണ്. വ്യക്തിവാദവും സ്വകാര്യസ്വത്തിന്റെ നൈതിക-സദാചാര ധാരണകളുമൊക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക ദുഷ്കരമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു. സഖാവ് ശിബ്ദാസ് ഘോഷ് 1948ല്‍ കൂടുതല്‍ ആഴത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു പുതിയതരം പാര്‍ട്ടി ആവശ്യമായിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പേതന്നെ ഇന്ത്യയില്‍ കുത്തകമുതലാളിത്തം വളര്‍ന്നുവന്നിരുന്നു. വ്യക്തിവാദം സാര്‍വ്വദേശീയമായിത്തന്നെ പിന്തിരിപ്പനായി മാറിക്കഴിഞ്ഞിരുന്നു. അതിനാല്‍ വ്യക്തിവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുന്ന ഒരു പാര്ട്ടിയാണാവശ്യം. അഹന്ത, സ്ഥാനമോഹം, അഭിനന്ദിക്കപ്പെടാനുള്ള ആഗ്രഹം അങ്ങനെ പല രൂപത്തില്‍ വ്യക്തിവാദം പ്രത്യക്ഷപ്പെടുന്നു. നേതാവാണെന്ന ഭാവം, അംഗീകാരത്തിനായുള്ള വ്യഗ്രത, ജൂനിയര്‍ സഖാക്കളെ താഴ്ത്തിക്കെട്ടല്‍ തുടങ്ങിയ രീതികളിലും ഇത് പ്രകടമാകുന്നു. എന്തിന്, പ്രേമം, രതി തുടങ്ങിയ വിഷയങ്ങളില്‍പോലും വ്യക്തിവാദം സ്വാധീനം ചെലുത്തുന്നതായി സഖാവ് ഘോഷ് തിരിച്ചറിഞ്ഞു.
ജനാധിപത്യ കേന്ദ്രീയതയെ പുനര്‍നിര്‍വ്വചിക്കാന്‍ സഖാവ് ശിബ്ദാസ് ഘോഷ് തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. ലെനിന്റെ നിര്‍വ്വചനത്തെ അദ്ദേഹം സമ്പുഷ്ടമാക്കുകയും വിപുലീകരിക്കുകയും ചെയ്തുകൊണ്ട് പുതിയ ധാരണ പ്രദാനംചെയ്തു. പ്രത്യയശാസ്ത്ര കേന്ദ്രീയതയുടെ അടിസ്ഥാനത്തിലാണ് സംഘടനാപരമായ കേന്ദ്രീയത വികസിച്ചുവരേണ്ടതെന്ന ധാരണ അവതരിപ്പിച്ചു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരം, തൊഴിലാളിവര്‍ഗ്ഗ ജനാധിപത്യം എന്നിവയ്ക്ക് അദ്ദേഹം പുതിയ അര്‍ത്ഥതലങ്ങള്‍ പ്രദാനം ചെയ്തു. വ്യക്തിവാദത്തെ പരാജയപ്പെടുത്താനുള്ള സമരത്തിന് പാര്‍ട്ടി പ്രാപ്തമാകണമെങ്കില് മാര്‍ക്സിസത്തിന്റെ ഈ വികസിതധാരണകള് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമൂഹിക നേതൃത്വത്തെ സംബന്ധിച്ചുള്ള ധാരണയും കാലോചിതം വികസിപ്പിച്ചു.
ഇക്കാര്യങ്ങളൊന്നും വിശദമായി ചര്‍ച്ചചെയ്യാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. ഇതൊക്കെ പുതിയ കാര്യങ്ങളാണ് എന്ന അവകാശവാദമൊന്നും സഖാവ് ഘോഷ് ഉന്നയിച്ചില്ല. എന്നാല്‍ ലെനിന്റെ പാഠങ്ങളുടെ സമ്പുഷ്ടീകരണവും വിപുലീകരണവുമായി, മാര്‍ക്സിസത്തിന്റെ കാലോചിതവും വികസിതവുമായ ധാരണകളായി നമ്മള് അദ്ദേഹത്തിന്റെ പാഠങ്ങളെ തിരിച്ചറിയുന്നു. ആ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പാര്‍ട്ടി മുന്നോട്ടുള്ള ചുവടുകള്‍ വച്ചത്. സിദ്ധാന്തത്തെ ജീവിതത്തിന്റെ സര്വ്വാംശങ്ങളിലും പ്രയോഗിക്കുകയും ആ പ്രയോഗം സിദ്ധാന്തത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സഖാവ് ഘോഷ് അവലംബിച്ചത്.
സഖാക്കളെ, ഇന്ന് ദേശീയ, സാര്‍വ്വദേശീയ തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ നേരിടാന്‍ ശിബ്ദാസ്ഘോഷ്ചിന്ത സ്വായത്തമാക്കേണ്ടത് അനിവാര്യമാണ്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ശിഥിലമാണ്. ആര്‍ക്കാണ് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുക? നമുക്കേ കഴിയൂ. രണ്ട് കടമ്പകളാണ് നിറവേറ്റാനുള്ളത്. ഒന്ന്, പാര്‍ട്ടിയെ രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കുക, ശക്തിപ്പെടുത്തുക. രണ്ട്, ബഹുജനപ്രക്ഷോഭങ്ങള്‍ വികസിപ്പിച്ചെടുക്കുക. ദേശീയ സാഹചര്യവും ലോക സാഹചര്യവും വിപ്ലവത്തിന് പാകമാണ്. ശിബ്ദാസ്ഘോഷ്ചിന്തകളുടെ അടിസ്ഥാനത്തില്‍ മതിയായ കരുത്താര്‍ജ്ജിക്കാനും ജനഹൃദയങ്ങളെ സ്വാധീനിക്കാനും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ വിപ്ലവം ഇന്നൊരു യാഥാര്‍ത്ഥ്യമാകുമായിരുന്നു.
സഖാക്കളെ, ഇന്നത്തെ സാഹചര്യത്തെ നേരിടാന്‍ പ്രാപ്തമാകണമെങ്കില്, സഖാവ് ശിബ്ദാസ് ഘോഷിന് അര്ഹമാംവണ്ണം ആദരമര്‍പ്പിക്കാന്‍ കഴിയണമെങ്കില്‍, പാര്‍ട്ടിയേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നാം ഓരോരുത്തരും സന്നദ്ധരാവണം. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് മാറാന്‍ നമ്മള് തയ്യാറാകണം. ഇനിയും സമയം പാഴാക്കാനില്ല. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ രോദനം കേള്‍ക്കാന്‍ നമുക്ക് കഴിയണം. ഒരു ഒഴികഴിവും പറയരുത്. പൂര്‍ണമായ അറിവ് നേടാന്‍ കഴിയുന്നില്ല എന്ന വാദവും ശരിയല്ല. സഖാവ് ഘോഷിന്റെ പാഠങ്ങള്‍ സുവ്യക്തമായി സഖാവ് നിഹാര്‍ മുഖര്‍ജിയും സഖാവ് പ്രൊവാഷ് ഘോഷും നമുക്ക് വിശദീകരിച്ചുതന്നിട്ടുണ്ട്. അവ സ്വായത്തമാക്കി ഉടനടി കര്‍മനിരതരാകുക. സ്വഭാവത്തിലും സംസ്കാരത്തിലുമൊക്കെ ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമ്മള് തയ്യാറാകണം. പുതിയ ശീലങ്ങള്‍ സ്വായത്തമാക്കാനും പഴയവ തിരസ്കരിക്കാനും കഴിയണം. സമൂഹത്തില്‍ മാത്രമല്ല നമ്മളിലും തീവ്രമായ വര്‍ഗ്ഗസമരം നടക്കുന്നുണ്ട്. ജിവിതത്തിന്റെ സര്വ്വാംശങ്ങളിലും ശിബ്ദാസ്ഘോഷ്ചിന്ത പ്രയോഗിക്കുക. വിമര്‍ശന-സ്വയംവിമര്ശനത്തെപ്പറ്റിയുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. പലര്‍ക്കും ഇന്നും വിമര്‍ശനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ കഴിയുന്നില്ല.
പഠനവും ചര്‍ച്ചകളുമൊക്കെ ആവശ്യമാണ്. എന്നാല്‍ പഠിച്ചകാര്യങ്ങള്‍ സ്വാംശീകരിക്കുക എന്നതും പ്രധാനമാണ്. ഈ സമരത്തില്‍ പരാജയപ്പെട്ടാല്‍ ചരിത്രം നമ്മെ ഭീരുക്കളെന്ന്, വഞ്ചകരെന്ന് വിളിക്കും. പാഠങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവ പ്രാവര്‍ത്തികമാക്കുകയേ വേണ്ടൂ. സഖാക്കളെ, കേരള ഘടകത്തെക്കുറിച്ച് എനിക്ക് വലിയ വിശ്വാസവും പ്രതീക്ഷയുമുണ്ട്. മൂന്നു നേതാക്കളെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു, എനിക്ക് അടുത്തറിയാവുന്ന നേതാക്കള്‍. നിങ്ങള്‍ എത്ര തീക്ഷ്ണമായ പോരാട്ടമാണ്, സര്‍വ്വതലസ്പര്‍ശിയായ പോരാട്ടമാണ് നടത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാനിക്കാര്യങ്ങള്‍ പറയുന്നത് സാഹചര്യത്തിന്റെ ഗൗരവം ഓര്‍മ്മിപ്പിക്കാനാണ്. സിപിഐ, സിപിഐ(എം) പാര്‍ട്ടികളൊക്കെ തനിനിറം വെളിവാക്കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ല. ഇനി അവര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാകില്ല. ജനങ്ങള്‍ നമ്മളെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവര്‍ നമ്മളെ പിന്തുണയ്ക്കുന്നു, സഹായിക്കുന്നു, നമ്മളെ കേള്‍ക്കുന്നു. ഇരുട്ടില്‍ വെളിച്ചമെന്നപോലെ നമ്മളെക്കുറിച്ച് പ്രതീക്ഷവയ്ക്കുന്നു. വസ്തുനിഷ്ഠ സാഹചര്യം മുന്നോട്ടുവയ്ക്കുന്ന സാദ്ധ്യതകള്‍ ഒരു വിപ്ലവപ്രസ്ഥാനത്തിനും കൈവിട്ടുകളയാനാകില്ല. വിപ്ലവം നടന്ന രാജ്യങ്ങളുടെയെല്ലാം അനുഭവം അതാണ് ഓര്‍മിപ്പിക്കുന്നത്. മരണത്തിനു തൊട്ടുമുമ്പ് സഖാവ് ശിബ്ദാസ് ഘോഷ് നടത്തിയ ഒരു അഭ്യര്‍ത്ഥനയോടെ, ഈ പ്രസംഗം അവസാനിപ്പിക്കാം. ‘വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കര്‍ത്തവ്യങ്ങള്‍’ എന്ന കൃതിയില്‍നിന്ന് ഉദ്ധരിക്കട്ടെ, “ഓര്‍ക്കുക, നമ്മളെല്ലാം നശ്വരരാണ്. മരിക്കേണ്ടിവരുമ്പോള് യാചിച്ചുകൊണ്ട് മരിക്കാതിരിക്കുക, സ്വയം നിന്ദിച്ചുകൊണ്ടു മരിക്കാതിരിക്കുക. മരിക്കേണ്ടിവരുമ്പോള് അന്തസ്സോടെ മരിക്കുക. അന്തസ്സോടെ ജീവിക്കാനും മരിക്കാനും ഒരേയൊരു മാര്‍ഗ്ഗമേ മുന്നിലുള്ളൂ, ജനങ്ങളുടെ വിപ്ലവ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുക എന്നതാണത്. സമൂഹത്തിന്റെ വിപ്ലവ പരിവര്‍ത്തനത്തിനായുള്ള സമരങ്ങളില്‍ പങ്കെടുക്കുക. ആ സമരങ്ങളില്‍ ആയിരങ്ങളായി സംഘടിക്കാനും അണിനിരക്കാനും നമുക്ക് കഴിയണം.”
സഖാവ് പ്രൊവാഷ് ഘോഷില്നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരുകാര്യംകൂടി ഓര്‍മ്മിപ്പിക്കട്ടെ. സഖാവ് ശിബ്ദാസ് ഘോഷിന്റെ മരണദിവസം അദ്ദേഹത്തിന് ആവര്‍ത്തിച്ച് ഹൃദയസ്തംഭനമുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സാവകാശംപോലും ലഭിച്ചില്ല. കഠിനമായ വേദന കടിച്ചമര്‍ത്തി സഹജമായ ശാന്തതയോടെ, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖത്തോടെ അദ്ദേഹം കിടന്നു. ഓരോ നേതാവിനെയും അദ്ദേഹം മാറിമാറി സൂക്ഷിച്ചു നോക്കി. ഒരിക്കലും ആ നോട്ടം ഓര്‍മയില്‍നിന്ന് മായില്ല എന്നാണ് നിറകണ്ണുകളോടെ സഖാവ് പ്രൊവാഷ്ഘോഷ് പറഞ്ഞത്. ഒറ്റക്കെട്ടായി മുന്നേറാന്‍ അദ്ദേഹം നമ്മളോട് ആഹ്വാനം ചെയ്യുന്നതുപോലെ അനുഭവപ്പെട്ടു. മരണത്തിന്റെ നിമിഷത്തില്‍പോലും അദ്ദേഹത്തിന്റെ മനസ്സുനിറയെ വിപ്ലവമായിരുന്നു. ജീവിതാന്ത്യംവരെ അദ്ദേഹം വിപ്ലവകാരിയായി തുടര്‍ന്നു. നമ്മളോരോരുത്തരും മരിക്കുമ്പോള്‍ ചുരുങ്ങിയപക്ഷം നമ്മുടെ കഴിവിന്റെ പരമാവധി വിപ്ലവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ വാക്കുകളോടെ ഈ പ്രസംഗം ഞാൻ അവസാനിപ്പിക്കുകയാണ്.
ഇങ്ക്വിലാബ് സിന്ദാബാദ്
എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സിന്ദാബാദ്
തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷ് നീണാള്‍ വാഴട്ടെ
തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയത നീണാള്‍ വാഴട്ടെ
