ഇന്റർനാഷണൽ എനർജി ഏജൻസി (IEA) നൽകുന്ന വിവരമനുസരിച്ച്, ഇറാനുമേൽ യാതൊരു പ്രകോപനവുമില്ലാതെ യുഎസ് സാമ്രാജ്യത്വ-സയണിസ്റ്റ് ഇസ്രയേൽ സഖ്യം അടിച്ചേൽപ്പിച്ച യുദ്ധം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നു. ലോകത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും എണ്ണയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇത് കാണിക്കുന്നു.
യുദ്ധങ്ങൾ എല്ലാക്കാലത്തും രാഷ്ട്രീയ സംഘർഷത്തിന്റെ ഏറ്റവും ഹിംസാത്മകമായ രൂപമായിരുന്നു. എന്നാൽ, സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടെയും ഈ കാലഘട്ടത്തിൽ അത് വിപണി പിടിച്ചെടുക്കാനും സാമ്പത്തികമായ മേൽക്കോയ്മ നേടാനും ഭൗമരാഷ്ട്രീയ മേഖലയിൽ സ്വാധീനമുറപ്പിക്കാനുമുള്ള കണിശതയും ചിട്ടയുമുള്ള ഉപകരണമായി മാറിയിരിക്കുന്നു. സാമ്രാജ്യത്വശക്തികളുടെ സ്വാധീനമുറപ്പിക്കാനുള്ള ഈ കളികളിൽ ഏറ്റവും വലിയ വിലകൊടുക്കുന്നത് സാധാരണ മനുഷ്യരാണ്-അവരുടെ ജീവനും സ്വത്തും നശിപ്പിക്കപ്പെടുന്നു; വലിയൊരു വിഭാഗം ജനങ്ങളുടെ ആരോഗ്യം തകരുകയും മാനസിക പിരിമുറുക്കം വർധിക്കുകയും ചെയ്യുന്നു. മനുഷ്യാധ്വാനം പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുംകൊണ്ട് പടുത്തുയർത്തിയതെല്ലാം ക്ഷണനേരംകൊണ്ട് ഇല്ലാതാവുന്നു. രാഷ്ട്രങ്ങളുടെ വരുമാനം കുറയുന്നു, മരണനിരക്ക് വർദ്ധിക്കുന്നു, ശരാശരി ആയുർദൈർഘ്യം കുറയുന്നു. സ്ത്രീ-പുരുഷ അനുപാതം തെറ്റുന്നു; നീണ്ടുനിൽക്കുന്ന പട്ടിണിയും പലായനങ്ങളും സമൂഹങ്ങളെ തകർക്കുന്നു. യുദ്ധത്തിന്റെ കെടുതികൾ പുറമേ കാണുന്നതിൽ നിൽക്കുന്നതല്ല. യുദ്ധത്തിൽ പങ്കെടുത്ത പലരും അതിന്റെ മാനസികാഘാതം ജീവിതകാലം മുഴുവൻ അനുഭവിക്കുന്നു. ‘War neurosis’ എന്നാണ് മനഃശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്. ചലിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള മാനസിക തകർച്ചയാണ് War neurosis. അതിനിടയാകുന്നവർ സദാ ഞെട്ടിക്കൊണ്ടിരിക്കുന്ന, വിറച്ചുകൊണ്ടിരിക്കുന്ന, നേർരേഖയിൽ ചലിക്കാൻ സാധിക്കാത്ത, യുദ്ധത്തിന്റെ ജീവിക്കുന്ന ബാക്കിപത്രങ്ങളായി മാറുന്നു.
മനുഷ്യരുടെ ഈ നാശങ്ങൾക്ക് അന്തർലീനമായി കിടക്കുന്ന ആഴമേറിയ മറ്റൊരു ദുരന്തമുണ്ട്-മാനുഷിക വിഭവത്തിന്റെ ശോഷണമാണത്. യുദ്ധം വിദ്യാഭ്യാസത്തെയും ആരോഗ്യപരിപാലന സംവിധാനങ്ങളെയും തകർത്ത്, നീണ്ടുനിൽക്കുന്ന ഒരു മാനസികാഘാതം സമൂഹത്തിൽ സൃഷ്ടിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാത്തതോടെ മനുഷ്യരാശി ആർജിച്ചെടുത്ത വിജ്ഞാനവും നൈപുണികളും പുതിയ തലമുറയിലേക്ക് എത്താതെ പോകുന്നു-തലമുറകൾക്കിടയിൽ അതൊരു വിടവുണ്ടാക്കുന്നു. ആരോഗ്യ സംവിധാനങ്ങൾ തകരുന്നതോടെ ചികിത്സിച്ചു മാറാവുന്ന അസുഖങ്ങൾപോലും മനുഷ്യരെ കൊന്നൊടുക്കുന്നു. പോഷകാഹാരക്കുറവുകൊണ്ടുള്ള മരണങ്ങൾ വേറെ. മാനസികാരോഗ്യം വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചേരുന്നത്. ആകാംക്ഷയും വിഷാദരോഗവും-PTSD (Post traumatic stress disorder) പട്ടാളക്കാരൻ മാത്രമല്ല, യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത സാധാരണ പൗരന്മാരെയും ബാധിക്കുന്നു. മുൻ പട്ടാളക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്. ജന്മഭൂമിയിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യർ അപരിചിതമായ ചുറ്റുപാടുകളിൽ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടേണ്ടിവരുന്നു.
എല്ലാ യുദ്ധങ്ങളും ഒരുപോലെയല്ല
എല്ലാ യുദ്ധങ്ങളും ഒരുപോലെയല്ല എന്ന് നാം കാണേണ്ടതുണ്ട്. ആക്രമണോത്സുകമായ യുദ്ധങ്ങളുണ്ട്. തങ്ങളുടെ വിപണി വർദ്ധിപ്പിക്കാനും പ്രകൃതി വിഭവങ്ങൾ കൈയിലാക്കാനും ഭൗമ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചെടുക്കാനുംവേണ്ടി ആക്രമണകാരികളായ ഭരണാധികാരികൾ തുടങ്ങിവയ്ക്കുന്ന യുദ്ധങ്ങൾ. എന്നാൽ മറുവശത്ത്, ആക്രമണത്തിനും അടിച്ചമർത്തലിനും എതിരായി മർദ്ദിത ജനത സംഘടിച്ചു നടത്തുന്ന ചെറുത്തുനിൽപ്പ് യുദ്ധമായി മാറാം. ഈ രണ്ടു തരം യുദ്ധങ്ങളും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവയാണ്. എന്നാൽ അവയുടെ സ്വഭാവവും രാഷ്ട്രീയ ഉള്ളടക്കവും വ്യത്യസ്തമാണ്. അനീതിക്കെതിരെ മനുഷ്യർ ആയുധമെടുത്ത് പോരാടുന്നത് ധാർമിക യുദ്ധമാണ്. അത് ഒഴിവാക്കാൻ സാധിക്കുന്ന യുദ്ധമല്ല. എന്നാൽ സാമ്രാജ്യത്വം നടത്തുന്ന യുദ്ധങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ അതിവിപുലമാണ്. ലോകത്തെ ഒരു നൂറുവർഷത്തോളം പിറകോട്ടടിപ്പിച്ച രണ്ട് മഹായുദ്ധങ്ങൾക്കുശേഷം സാമ്രാജ്യത്വശക്തികൾ അവരുടെ ആർത്തി പൂർത്തീകരിക്കാനായി മനുഷ്യസംസ്കൃതിയെ നശിപ്പിക്കുന്ന യുദ്ധങ്ങളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.
ആധുനിക യുദ്ധങ്ങൾ ആയുധമെടുത്തുള്ള പോരാട്ടങ്ങൾ മാത്രമല്ല. മനുഷ്യജീവിതത്തിന്റെ സകല വശങ്ങളെയും നശിപ്പിക്കുന്നതാണിവ. ഊർജ്ജ വിപണിമുതൽ ഭക്ഷ്യവിതരണ സംവിധാനംവരെ എല്ലാത്തിനെയും അത് തകിടം മറിക്കുന്നു. അങ്ങനെയുണ്ടാകുന്ന പണപ്പെരുപ്പം സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. സമ്പദ്വ്യവസ്ഥ തകരുന്നു; സമൂഹങ്ങൾ അസ്ഥിരമാകുന്നു. യുദ്ധത്തിന്റെ സാമ്പത്തിക കെടുതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവങ്ങളെയും സ്ത്രീകളെയും കുട്ടികളെയുമാണ്. കുടുംബങ്ങൾ ചിന്നിച്ചിതറുന്നു, നാടുകൾ ഇല്ലാതാകുന്നു, ആശുപത്രികളും സ്കൂളുകളും നശിപ്പിക്കപ്പെടുന്നു. മനുഷ്യരുടെ ഭാവി ഇരുളടഞ്ഞതാകുന്നു. ഓരോ യുദ്ധവും മനുഷ്യസംസ്കൃതിക്കേൽപ്പിക്കുന്ന മുറിവുകൾ മരണസംഖ്യ പറയുന്നതിനേക്കാൾ എത്രയോ ആഴത്തിലുള്ളതാണ്.
ഒന്നാം ലോകമഹായുദ്ധം
1914 മുതൽ 1918 വരെ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ എണ്ണം, പട്ടാളക്കാരും സാധാരണ പൗരന്മാരും ഉൾപ്പെടെ 1.6 കോടിയാണ്. എണ്ണിയാലൊടുങ്ങാത്തത്രയും മനുഷ്യർ യുദ്ധത്തിന്റെ ശാരീരികവും മാനസികവുമായ മുറിവുകൾ പേറി. യുദ്ധം സമൂഹത്തെയൊന്നാകെ മാറ്റിമറിച്ചു. കോടാനുകോടി വിധവകളെയും അനാഥ കുഞ്ഞുങ്ങളെയും അത് സൃഷ്ടിച്ചു. ഒരു തലമുറ ഒന്നാകെ അതിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി മാറി.
രാസായുധങ്ങൾ ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഒന്നാം ലോകമഹായുദ്ധത്തിലായിരുന്നു. പട്ടാളക്കാർക്കും സാധാരണക്കാർക്കും മേൽ, യാതൊരു ദാക്ഷിണ്യവുമില്ലാതെ mustard gas, phosgene പോലുള്ള വിഷവാതകങ്ങൾ പ്രയോഗിക്കപ്പെട്ടു.
അക്കാലത്ത് ഏതാണ്ട് 200 മില്യൺ അമേരിക്കൻ ഡോളറാണ് യുദ്ധത്തിന്റെ ചെലവ്-ഇന്നത് അഞ്ച് ട്രില്യൺ ഡോളറിന് തുല്യമാണ്. നേരിട്ടല്ലാതെ 150 ബില്യൺ ഡോളർ പിന്നെയും ചെലവഴിച്ചു കാണും. ഇന്നത്തെ കണക്കിൽ അമേരിക്കയുടെ വാർഷിക ബജറ്റിന്റെ ഒന്നര ഇരട്ടിയോളം വരും ഈ തുക. യുദ്ധകാലത്ത് പല രാജ്യങ്ങളുടെയും കറൻസിയുടെ മൂല്യം പകുതിയായി കുറഞ്ഞു. സാധാരണ ജനങ്ങളുടെ ഉപഭോഗം കുറഞ്ഞപ്പോൾ ആയുധങ്ങൾക്കുമേലുള്ള ചെലവ് വർദ്ധിച്ചു. ഇതിൽനിന്നെല്ലാം ലാഭം കൊയ്തത് അമേരിക്കൻ സാമ്രാജ്യത്വമാണ്. അന്നേവരെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന ബ്രിട്ടനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താൻ അമേരിക്കയെ സഹായിച്ചത് ഒന്നാം ലോകമഹായുദ്ധമാണ്.
രണ്ടാം ലോകമഹായുദ്ധം
ജർമ്മനിയും ഇറ്റലിയും ജപ്പാനുമടങ്ങുന്ന ഫാസിസ്റ്റ് ശക്തികൾ മുൻകൈയെടുത്ത് നടത്തിയ ഒരു വംശീയ ശുദ്ധീകരണമായിരുന്നു രണ്ടാം ലോകമഹായുദ്ധം എന്നുപറയാം. ലോക വിപണിയെ പങ്കിട്ടെടുക്കാനുള്ള അവരുടെ ശ്രമമാണ് യുദ്ധത്തിൽ കലാശിച്ചത്. ലോക മുതലാളിത്തത്തിന് ഭീഷണിയായുയർന്ന സോവിയറ്റ് കമ്മ്യൂണിസത്തെ മുച്ചൂടും നശിപ്പിക്കാനുള്ള വ്യഗ്രതയും യുദ്ധത്തിന് പിറകിലുണ്ടായിരുന്നു. 1939ൽ ജർമ്മനിയുടെ നാസിപ്പട പോളണ്ടിൽ അതിക്രമിച്ചു കയറുന്നതോടെയാണ് യുദ്ധം ആരംഭിക്കുന്നത്. മനുഷ്യചരിത്രത്തിൽ അന്നോളം ഉണ്ടായതിൽ ഏറ്റവും വിനാശകാരിയായ യുദ്ധമായിരുന്നു ഇത്. ആറു വർഷത്തോളം അത് നീണ്ടുനിന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെമ്പട നാസികളെ തടഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ ലോകം മുഴുവൻ ഫാസിസ്റ്റ് നുകത്തിനടിയിൽ പെട്ടുപോകുമായിരുന്നു. സോവിയറ്റ് ചെമ്പട നാസികളെ സോവിയറ്റ് യൂണിയനിൽനിന്നും തുരത്തി ബെർലിൻവരെ തിരിച്ചോടിച്ച് 1945 മെയ് രണ്ടിന് ബെർലിനിലെ ജർമൻ പാർലമെന്റിന് മുകളിൽ ചുവന്ന പതാക ഉയർത്തുന്നതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീഴുന്നത്.
ഒന്നാം ലോക യുദ്ധത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു രണ്ടാം ലോക യുദ്ധത്തിലെ നാശനഷ്ടങ്ങൾ. ഏഴു മുതൽ എട്ടര കോടിയോളം ജനങ്ങളാണ് മരിച്ചുവീണത്. കൃത്യമായ കണക്കുകൾ ലഭ്യമല്ല. അന്നത്തെ ലോക ജനസംഖ്യയുടെ 3%-മുപ്പതിലൊരാൾ യുദ്ധം കാരണം മരിച്ചു എന്നതാണ് നിഗമനം. ഇതിൽ തന്നെ ഒരു കോടിയോളം സാധാരണക്കാരെ നാസി ഭരണകൂടം രാഷ്ട്രീയ കാരണങ്ങളാലോ വർഗീയ കാരണങ്ങളാലോ കൊലപ്പെടുത്തിയതാണ്. ജൂതന്മാരെയും കമ്മ്യൂണിസ്റ്റുകളെയും നാസികൾ തങ്ങളുടെ കൊലക്കളങ്ങളിലിട്ട് കശാപ്പുചെയ്തു.
യുദ്ധം പല രാഷ്ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയെതന്നെ താറുമാറാക്കി. അക്കാലത്തെ എല്ലാ ഗവൺമെന്റുകളുംകൂടെ ഒരു ട്രില്യൺ ഡോളർ ചെലവഴിച്ചുവെന്ന് കരുതപ്പെടുന്നു. എല്ലാ ഉൽപാദനങ്ങളെയും യുദ്ധത്തിനായി വഴിതിരിച്ചുവിട്ടു. വ്യാവസായ ഉൽപാദനം വർദ്ധിച്ചെങ്കിലും ഉപഭോഗ സാധനങ്ങൾ കിട്ടാനില്ലായിരുന്നു. പണപ്പെരുപ്പം രൂക്ഷമായി. നഗരങ്ങൾ നശിപ്പിക്കപ്പെട്ടു. റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളുകളുമടക്കം അടിസ്ഥാന സൗകര്യങ്ങളാകെ തകർന്നു. യുദ്ധംമൂലം ഉണ്ടായ സാമ്പത്തികഭാരംമാത്രം അന്നത്തെ കണക്കിൽ ഒരു ട്രില്യൻ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) വരും. എന്നാൽ ഈ തുക, യുദ്ധം വരുത്തിവെച്ച മാനുഷിക ദുരന്തത്തെ സൂചിപ്പിക്കാൻ അപര്യാപ്തമാണ്. വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾ കണക്കാക്കാനാവുന്നതിനും അപ്പുറമാണ്.
യുദ്ധം ലോകമെമ്പാടും പട്ടിണിക്ക് കാരണമായി. അതിന്റെ കെടുതികളും ആരോഗ്യപ്രശ്നങ്ങളും തലമുറകളോളം മനുഷ്യരെ വേട്ടയാടി. നീണ്ടുനിന്ന പട്ടിണി മൂലമുള്ള ജനിതക മാറ്റമാണ് പ്രമേഹരോഗം വർദ്ധിപ്പിക്കാനിടവരുത്തിയതെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
ഫാസിസ്റ്റ് ശക്തികൾ തങ്ങൾ കൈയേറിയ പ്രദേശങ്ങളിലെ വിഭവങ്ങളെയും മനുഷ്യരെയും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ചൂഷണംചെയ്തു. ലക്ഷക്കണക്കിന് ചെറുപ്പക്കാരെ ജർമ്മൻ ഫാക്ടറികളിലും കൃഷിക്കളങ്ങളിലും അടിമവേല ചെയ്യിച്ചു. ഫ്രാൻസ് കണക്കാക്കിയത് അവരുടെ ദേശീയ വരുമാനത്തിന്റെ മൂന്നിരട്ടി ജർമ്മനി അവിടെനിന്ന് കടത്തിയെന്നാണ്. ഇതേ അളവിൽ തന്നെ മറ്റ് യൂറോപ്പ്യൻ രാഷ്ട്രങ്ങളും കൊള്ളയടിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടനിൽ മൂന്നിലൊന്ന് വീടുകളും പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. വളർത്തു മൃഗങ്ങളും തൊഴിലാളികളും യന്ത്രസാമഗ്രികളും ഇല്ലാത്തതിനാൽ അവിടെയെല്ലാം കൃഷി ഇല്ലാതായി. പാലങ്ങളും റോഡുകളും ട്രെയിനുകളും കപ്പലുകളും തകർക്കപ്പെട്ടതിനാൽ ആന്തരിക ചരക്കുനീക്കം നിലച്ചു. 1945 ഓടെ പശ്ചിമ യൂറോപ്പിലെ സമ്പദ്ഘടനയൊന്നാകെ നിശ്ചലമായി. കിഴക്കൻ യൂറോപ്പിന്റെ അവസ്ഥ അതിലും പരിതാപകരമായിരുന്നു. മൂന്നിലൊന്ന് കൃഷിഭൂമിയും ഏതാണ്ട് അത്രതന്നെ ഖനികളും വൈദ്യുതി നിലയങ്ങളും വ്യവസായങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. രണ്ട് കോടിയിലധികം മനുഷ്യർ അഭയാർത്ഥികളായി മാറി-അവരിൽ പലരും അടിമ വേലയ്ക്കായി നാടുകടത്തപ്പെട്ടവരായിരുന്നു. അങ്ങനെയല്ലാത്തവർപോലും അഞ്ചുവർഷത്തെ ദുരിതവും പട്ടിണിയും കാരണം പേക്കോലങ്ങളായി മാറി. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് വീടില്ലാതായി, യുദ്ധത്തിന്റെ മാനസികാഘാതം തലമുറകളോളം നിലനിന്നു-നേരിട്ട് ഇരയായവരിൽനിന്നും അവരുടെ പരമ്പരയിലേക്കും അതിന്റെ നടുക്കം പകർന്നു.
സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ചെറുത്തുനിന്ന സോവിയറ്റ് യൂണിയനാണ് യുദ്ധത്തിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത്. 27 ദശലക്ഷം മനുഷ്യർ യുദ്ധം മൂലം മരിച്ചു-ഏതൊരു യുദ്ധത്തിലെയും എക്കാലത്തെയും വലിയ മരണസംഖ്യയാണിത്. സോഷ്യലിസം കെട്ടിപ്പടുത്ത പരിചയസമ്പന്നരായ പല നേതാക്കളും ബുദ്ധിജീവികളും തൊഴിലാളികളും കൊല്ലപ്പെട്ടു. സോഷ്യലിസ്റ്റ് ജനത കെട്ടിപ്പടുത്തതെല്ലാം യുദ്ധം നശിപ്പിച്ചു. എന്നിട്ടും ലോകത്തെ ഫാസിസ്റ്റ് നുകത്തിൽനിന്നും രക്ഷിക്കാനായി സോവിയറ്റ് ജനത സധൈര്യം പോരാടി. മനുഷ്യരാശിയെ രക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണ് സോവിയറ്റ് യൂണിയൻ നടത്തിയത്.
വിയറ്റ്നാം യുദ്ധം
1955 നവംബർ 25ന് അമേരിക്ക വിയറ്റ്നാമിനെ ആക്രമിച്ചു.വിയറ്റ്നാം അന്ന് വടക്കൻ വിയറ്റ്നാം എന്നും തെക്കൻ വിയറ്റ്നാം എന്നും രണ്ട് രാജ്യങ്ങൾ ആയിരുന്നു.അവരെ തങ്ങളുടെ വരുതിയിൽ വരുത്താനാണ് അമേരിക്കൻ സാമ്രാജ്യത്വം ശ്രമിച്ചത്. എന്നാൽ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സങ്കീർണമായ ആയുധങ്ങളോട് ചെറുത്തുനിന്നു. ലോകത്തിനു മുമ്പിൽ മുഖം നഷ്ടപ്പെട്ട അമേരിക്ക കൂടുതൽ കിരാതമായ തന്ത്രങ്ങളും ആയുധങ്ങളുമായി അവരെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഏജന്റ് ഓറഞ്ച് ഗ്യാസും നാപാം ബോംബുകളും അവർക്കുമേൽ പ്രയോഗിച്ചു. 1925ലെ ജനീവ കൺവെൻഷൻ ഇത്തരം ആയുധങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. എന്നാൽ അത്തരം അന്താരാഷ്ട്ര നിയമങ്ങളെയൊക്കെ അവഗണിക്കുന്നതാണ് സാമ്രാജ്യത്വ യുദ്ധങ്ങൾ.
ഇരുപ്പത്തിയൊന്ന് വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ അമേരിക്കയ്ക്ക് തോൽവി സമ്മതിച്ച് പിൻവാങ്ങേണ്ടിവന്നു. തങ്ങളുടെ നിശ്ചയദാർഢ്യംകൊണ്ട് വിയറ്റ്നാം ജനത അമേരിക്കൻ സാമ്രാജ്യത്വത്തെ സ്വന്തം മണ്ണിൽനിന്ന് തുരത്തിയോടിച്ചു. 1976 ജൂലൈ 2ന് വടക്ക്-തെക്ക് വിയറ്റ്നാമുകൾ യോജിച്ച് ‘സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം’ സ്ഥാപിച്ചു.
വിയറ്റ്നാമിൽ അമേരിക്ക നടത്തിയ ക്രൂരതകൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പ്രമുഖ തത്വചിന്തകനായ ബർട്രന്റ് റസ്സൽ ‘വിയറ്റ്നാമിലെ യുദ്ധങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ലോകം അറിയാതിരുന്ന പല ക്രൂരതകളും പത്രപ്രവർത്തകർ തെളിവുസഹിതം കണ്ടെത്തി പുറത്തെത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1968 ൽ മൈ ലായി (My Lai) പ്രദേശത്തെ നൂറുകണക്കിന് ഗ്രാമീണരെ അമേരിക്കൻ സൈന്യം വെടിവെച്ചുകൊന്നു. ഇങ്ങനെ എത്രയോ സംഭവങ്ങൾ യുദ്ധത്തിൽ അരങ്ങേറി.
സാമ്രാജ്യത്വ അധിനിവേശത്തിന്റെ കിരാതമായ പുതിയ മാതൃകയാണ് വിയറ്റ്നാമിൽ അമേരിക്ക പ്രദർശിപ്പിച്ചിട്ടുള്ളത്. മൂന്നര ദശലക്ഷം വിയറ്റ്നാമീസ് ജനത ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു. രാസായുധങ്ങൾ വ്യാപകമായി ഉപയോഗിച്ചത് കാരണം പ്രകൃതി വിഭവങ്ങൾ ഉപയോഗശൂന്യമായി. തെക്കൻ വിയറ്റ്നാമിൽ മാത്രം 12 ദശലക്ഷം പേർ നാടുകടത്തപ്പെട്ടു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പരിക്കേറ്റു. ചില പ്രദേശങ്ങളിൽ അവരുടെ ഗ്രാമങ്ങളുടെ മുക്കാൽ ഭാഗവും നശിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും ബലാത്സംഗത്തിനിരയായി. അതിന്റെ മാനസികാഘാതത്തിൽനിന്നും പലരും മുക്തരായില്ല. വനങ്ങളും കൃഷിയിടങ്ങളും ഫാക്ടറികളും വീടുകളും യാതൊരു വിവേചനവുമില്ലാതെ നശിപ്പിച്ചു.
അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഗസ അധിനിവേശം
അമേരിക്കയുടെ പിന്തുണയോടെ സയണിസ്റ്റ് ഇസ്രയേൽ ഗസയിൽ നടത്തിയ വംശഹത്യ ലോകം ഞെട്ടലോടെയാണ് കണ്ടത്. നിരപരാധികളായ ഒരു ലക്ഷത്തോളം സാധാരണക്കാരെയാണ് ഇസ്രയേൽ കശാപ്പുചെയ്തത്. കൂടാതെ 2023 ഒക്ടോബർ മുതൽ ഗസയിൽനിന്നും പലസ്തീൻ പൗരന്മാരെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. സാധാരണക്കാരെ ആക്രമിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, അന്താരാഷ്ട്ര സഹായത്തെ തടയൽ, വെള്ളവും ഇന്ധനവും തടഞ്ഞു വെക്കൽ, വൈദ്യ ശുശ്രൂഷ മേഖലയെ ആക്രമിക്കൽ,തടവുകാരെ പീഡിപ്പിക്കൽ, അവർക്കുമേൽ മൂന്നാംമുറ പ്രയോഗിക്കൽ, ലൈംഗിക അതിക്രമങ്ങൾ, തടവുകാരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുക-എന്നിങ്ങനെ നിയമത്തിൽ എണ്ണിപ്പറഞ്ഞിട്ടുള്ള യുദ്ധക്കുറ്റ ങ്ങളിൽ ഒന്നുപോലും ഇസ്രയേൽ ചെയ്യാതിരുന്നിട്ടില്ല. അഭയാർത്ഥി കേന്ദ്രങ്ങളിൽ റൊട്ടിക്കഷണങ്ങൾക്കായി എത്തിയ കുഞ്ഞുങ്ങളെ പോലും വെടിവെച്ചുകൊന്നു.ഗസയിൽനിന്ന് 21 ലക്ഷം പേർ കൊല്ലപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുമേൽ നടത്തുന്ന യുദ്ധം
ഇറാനുമേൽ അമേരിക്കയും ഇസ്രയേലും ചേർന്ന് അടിച്ചേൽപ്പിച്ചിരിക്കുന്ന യുദ്ധം ഇന്ന് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. ലഭ്യമായ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ രണ്ടായിരത്തോളം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. 4000 സ്ത്രീകളടക്കം 26500 പേർക്ക് പരിക്കേറ്റിരിക്കുന്നു. ഇറാനെ ആക്രമിച്ചു തുടങ്ങിയ ദിവസം മിനാബിലെ ഒരു സ്കൂളിൽ ബോംബിട്ട് 175 ഓളം കുഞ്ഞുങ്ങളെയാണ് അമേരിക്കയിലെയും ഇസ്രയേലിലെയും അധമന്മാർ കൊന്നൊടുക്കിയത്.
യുദ്ധത്തിന്റെ സാമ്പത്തിക നഷ്ടം 13 മില്യൺ ഡോളർ വരും. ലോകമെമ്പാടും ഇന്ധന വില വർധിച്ചുകൊണ്ടിരിക്കുന്നത് ഈ യുദ്ധം കാരണമാണ്. ലോകത്തിലെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും ഈ യുദ്ധത്തിനുവേണ്ടിയാണ് ചെലവാകുന്നത്. ആധുനിക യുദ്ധങ്ങൾ അതിർത്തിഭേദിച്ച് മേഖലാ സംഘർഷങ്ങളാകാനുള്ള പ്രവണത കാണിക്കുന്നു. ഇറാനിലും ഇത് കാണാം. ലെബനൻ, UAE, സൗദി അറേബ്യ-മറ്റ് ഗൾഫ് രാജ്യങ്ങളിലടക്കം യുദ്ധം വ്യാപിക്കുന്നുണ്ട്. ലെബനനിൽ മാത്രം 1345 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. അതിലും 125 പേർ കുഞ്ഞുങ്ങളാണ്. യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത നാടുകളിൽപോലും മിസൈൽ വീണ് ആളുകൾ കൊല്ലപ്പെടുന്നു.
യുദ്ധംമൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ താറുമാറായിരിക്കുകയാണ്. വ്യവസായങ്ങളും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനരഹിതമായിരിക്കുന്നു. ഒട്ടനവധി ഇറാനിയൻ പൗരന്മാർക്ക് ജോലി നഷ്ടമായിരിക്കുന്നു. അമ്പേ താറുമാറായ സാമ്പത്തിക സ്ഥിതിയിൽ നിലനിൽക്കാനായി അവർ പാടുപെടുകയാണ്. ആധുനിക പടക്കോപ്പുകളുടെ അനിയന്ത്രിതമായ ഉപയോഗവും അവ പുറത്തുവിടുന്ന വിഷവസ്തുക്കളും ലോക കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും വൻതോതിൽ അന്തരീക്ഷ മലിനീകരണത്തിനിടയാക്കുകയും ചെയ്യുന്നവയാണ്. ഇതെല്ലാം മനുഷ്യസംസ്കൃതിക്കുനേരെയുള്ള കൊടിയ കുറ്റകൃത്യ ങ്ങളാണ്.
എന്തുകൊണ്ട് യുദ്ധം ഉണ്ടാവുന്നു
സോഷ്യലിസ്റ്റ് ബ്ലോക്കും മുതലാളിത്ത ബ്ലോക്കും തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങളാണ് സംഘർഷത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുന്നത് എന്നായിരുന്നു ബൂർഷ്വാ പണ്ഡിതന്മാരുടെ സിദ്ധാന്തം. ഇറാഖ്, ലിബിയ, സിറിയ, യെമൻ ഇന്നിപ്പോൾ ഇറാൻ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ നോക്കിയാൽ ഈ സിദ്ധാന്തത്തിന്റെ പൊള്ളത്തരം മനസ്സിലാകും. മാത്രവുമല്ല, പ്രധാനമായും അമേരിക്കൻ സാമ്രാജ്യത്വമാണ് ഈ യുദ്ധങ്ങൾക്കെല്ലാം പിറകിൽ. ഇന്ന് സോഷ്യലിസം ഒരു ലോകശക്തിയായി നിലനിൽക്കുന്നില്ല. എന്നിട്ടും യുദ്ധങ്ങൾ തുടരുന്നത് എന്തുകൊണ്ട്?
സാമ്രാജ്യത്വത്തിന്റെ ഘടനയാണ് യുദ്ധങ്ങൾ ഉണ്ടാക്കുന്നത്. എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാപകനും സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്ദാസ് ഘോഷ് ഇത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, “മുതലാളിത്ത പ്രതിസന്ധിയിൽനിന്ന് കരകയറാൻ , സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണവർ സമ്പദ്ഘടനയെ സൈനികവൽക്കരിക്കുന്നത്. ശരിയാണ്, മുങ്ങിപ്പോകുന്നവന് കച്ചിത്തുരുമ്പുപോലെയേ ഇതാവുകയുള്ളൂ. എന്നിരിക്കിലും സൈനികവൽക്കരണം വഴി മുതലാളിത്ത സമ്പദ്വ്യവസ്ഥയെ താൽക്കാലികമായെങ്കിലും ഉത്തേജിപ്പിക്കാൻ സൈനിക ഉപഭോഗം സഹായിച്ചേക്കും. എന്നാൽ കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ് ഇതുവഴി അവർ ചെയ്യുന്നത്. മുതലാളിത്ത പ്രതിസന്ധി സൈനികവൽക്കരണത്തിലൂടെ കൂടുതൽ രൂക്ഷമാകുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതിന നുസരിച്ച് സൈനികവൽക്കരണവും വർദ്ധിക്കുന്നു. ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുവരാൻ അവർക്ക് സാധിക്കുന്നില്ല. സമ്പദ്വ്യവസ്ഥ സൈനികവൽക്കരിക്കുന്നതിലൂടെ അവർ സാഹസിക പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു. ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യമാണ് ഇന്ന് അമേരിക്ക. അവർ തന്നെയാണ് ഏറ്റവും കൂടുതൽ സൈനികവൽക്കരിക്കപ്പെട്ട സമ്പദ്വ്യവസ്ഥയും. ഇന്ന് അമേരിക്ക പിന്തിരിപ്പത്തിന്റെയും ഗുണ്ടായിസത്തിന്റെയും ആഗോളകേന്ദ്രമാണ്. അതിനാൽത്തന്നെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിൽ മുതലാളിത്തത്തിന് യുദ്ധം അനിവാര്യമാണെന്ന് ലെനിൻ ചൂണ്ടിക്കാട്ടാനിടയായ സാമ്പത്തിക സാഹചര്യങ്ങൾ ഇന്നും അതേപോലെ തുടരുന്നു. അത് തുടരുന്നിടത്തോളം യുദ്ധത്തിന്റെ ഭീഷണിയും നിലനിൽക്കുന്നു.” (SW Vol 2 )
സാമ്രാജ്യത്വം നിലനിൽക്കുന്നിടത്തോളം യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കും. സാമ്രാജ്യത്വ താല്പര്യങ്ങൾക്കെതിരെ തൊഴിലാളികൾ സംഘടിക്കുന്നതുവരെ, അതിർത്തി താത്പര്യങ്ങൾക്കതീതമായി തങ്ങളുടെ വർഗ്ഗ താൽപര്യങ്ങൾ പണിയെടുക്കുന്നവർക്കൊപ്പമാണെന്ന് പട്ടാളക്കാർ മനസ്സിലാക്കുന്നതുവരെ,അടിച്ചമർത്തപ്പെട്ട ജനങ്ങൾ ആഭ്യന്തരമായ ചൂഷണങ്ങൾക്കും അധിനിവേശത്തിനുമെതിരെ ഒരുമിച്ചുയരുന്നതുവരെ, യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. സോഷ്യലിസ്റ്റ് ചേരിയുടെ അഭാവം മുതലെടുത്തുകൊണ്ട് സാമ്രാജ്യത്വ ശക്തികൾ അഴിഞ്ഞാടുന്നതാണ് നാമിന്ന് കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് പറയുന്നത് ഇറാനെ തീർത്തതിനുശേഷം ക്യൂബയെ കീഴ്പ്പെടുത്തി സ്വന്തമാക്കണമെന്നാണ്. ഈ യുദ്ധക്കൊതിയും രക്തദാഹവും അവസാനിപ്പിക്കണമെങ്കിൽ ലോകമെങ്ങുമുള്ള സമാധാനപ്രിയരായ ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് ശരിയായ ദിശയിൽ, കരുത്തുറ്റ ഒരു സാമ്രാജ്യത്വവിരുദ്ധ, യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് രൂപം കൊടുക്കണം. ശരിയായ നേതൃത്വത്തിനുകീഴിൽ അത്തരം ഒരു ജനമുന്നേറ്റം ഉയർന്നുവരുന്നതോടെ മാത്രമേ മാനവികതയെത്തന്നെ നശിപ്പിക്കുന്ന യുദ്ധങ്ങൾക്ക് തടയിടാൻ സാധിക്കുകയുള്ളൂ.
