ഇൻഫ‍‍ർമേഷൻ ടെക്നോളജിയുടെ പുതിയ വ്യവസ്ഥയും മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിച്ചമ‍ർത്തലും

data-privacy-example-1024x768-1.jpg
Share

ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും നിരന്തരമായി കൈവെടിയുന്ന സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിൽ, ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ ഭീഷണി നേരിടുകയാണ്. ഇതിനോടൊപ്പം തന്നെ, മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. മുതലാളിത്തത്തിന്റെയും അതിന്റെ രാഷ്ട്രീയ ഉപരിഘടനയായ മുതലാളിത്ത ജനാധിപത്യത്തിന്റെയും  ഉദയകാലത്ത് ‘നാലാം തൂൺ’ അഥവാ ഫോർത്ത് എസ്റ്റേറ്റ് എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.


ഭരണകൂടത്തിന്റെ മൂന്ന് ശാഖകളായ നിയമനിർമ്മാണ സഭ, ഭരണനിർവ്വഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ എന്നിവയുടെ സ്വതന്ത്രമായ ഒരു നിരീക്ഷകസംവിധാനമായി പത്രമാധ്യമങ്ങളെ കണക്കാക്കിയിരുന്നതിനാലാണ്,   പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യത്തിന്റെ നിർണ്ണായക സ്തംഭമായി അവയെ കണ്ടിരുന്നത്. അധികാരത്തിലുള്ളവരെ ഉത്തരവാദിത്തമുള്ളവരാക്കി നിർത്തുന്നതിനും, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും മാധ്യമങ്ങൾ പ്രവർത്തി ച്ചിരുന്നു. കൂടാതെ, ജനതാല്പര്യങ്ങൾക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന സർക്കാർ നയങ്ങളെ അവ വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, പത്രമാധ്യമങ്ങൾക്കൊപ്പം ഇലക്ട്രോണിക്, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമരംഗത്തെ എല്ലാ ശാഖകളെയും ഉൾപ്പെടുത്തിയാണ് ‘നാലാം തൂൺ’ എന്ന പദം പ്രയോഗിക്കപ്പെടുന്നത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശോഷണം

കാലക്രമേണ, മുതലാളിത്തം ഒരു വ്യവസ്ഥിതി എന്ന നിലയിൽ കാലഹരണപ്പെട്ടതോടെ, ബൂർഷ്വാ ജനാധിപത്യത്തിന്റെ ശോഷണവും ആരംഭിച്ചു. മുതലാളിത്തം സാമ്രാജ്യത്വത്തിൽ എത്തിയതോടെ, അത് തികച്ചും പ്രതിലോമകരമായി മാറുകയും അതുവരെ എന്തെങ്കിലും രൂപത്തിൽ നിലനിർത്തിയിരുന്ന ജനാധിപത്യപരമായ സവിശേഷതകളെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. അന്നുമുതൽ, ബൂർഷ്വാ ജനാധിപത്യത്തിന്റെ തകർച്ചയും നാശവും എല്ലാവിധത്തിലും പ്രകടമാകാൻ തുടങ്ങുകയും, അത് ക്രമേണ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമായി രൂപാന്തരപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി, ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടു. വൻകിട കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഉടമസ്ഥതയിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഭരണവർഗ്ഗത്തിന്റെ ദാസന്മാരായി നിലകൊണ്ടുകൊണ്ട് അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നവ മാത്രമായി മാറിയിരിക്കുന്നു.

സെൻസർഷിപ്പിന്റെ പുതിയ രൂപം

സെൻസർഷിപ്പ് ഇപ്പോൾ അടിച്ചേൽപ്പിക്കുന്നവയല്ല. മറിച്ച് നിയമപരമായ അറിയിപ്പുകളിലൂടെയും പാലിക്കേണ്ട ചട്ടക്കൂടുകളിലൂടെയും ഉദ്യോഗസ്ഥതല ഉത്തരവുകളിലൂടെയുമാണ് പ്രവർത്തിക്കുന്നത്. ഒരു സാമ്രാജ്യത്വ ശക്തിയായി വളർന്ന ഇന്ത്യയിൽ, ‘സ്വതന്ത്രമോ നിഷ്പക്ഷമോ ആയ പത്രപ്രവർത്തനത്തിന്റെ’ നാളുകൾ അവസാനിച്ചിരിക്കുന്നു. ഭരണകൂടത്തിനെതിരെ എന്തെങ്കിലും സംസാരിക്കുകയോ സർക്കാരിന്റെ ഏതെങ്കിലും നീക്കത്തെ ലഘുവായി വിമർശിക്കുകയോ ചെയ്താൽപോലും, നിങ്ങളുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യും. ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പുറത്തുവിട്ട, 2025ലെ ലോക പത്രസ്വാതന്ത്ര്യ സൂചിക പ്രകാരം 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 151-ാമതാണ്. രാഷ്ട്രീയ സമ്മർദ്ദം, മാധ്യമ ഉടമസ്ഥതയിലെ കേന്ദ്രീകരണം, പത്രപ്രവർത്തകർ നേരിടുന്ന അപകടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സാഹചര്യം ‘അതീവ ഗുരുതരം’ എന്നാണ് റിപ്പോർട്ട് തരംതിരിച്ചിരിക്കുന്നത്.


പത്രസ്വാതന്ത്ര്യവും അതുപോലെതന്നെ ആവിഷ്കാര സ്വാതന്ത്ര്യവും മറ്റ് പല രൂപങ്ങളിലും ഇന്ന് ഹനിക്കപ്പെടുന്നുണ്ട്. രാജ്യത്തെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിൽ വരുത്തിയ ഏറ്റവും പുതിയ ഭേദഗതികളും, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ചട്ടക്കൂടിന്റെ വിപുലീകരണവും വിയോജിപ്പുകളെ മാത്രമല്ല, ഏതൊരു വിമർശനസ്വരത്തെയും അടിച്ചമർത്താനുള്ള തന്ത്രപരമായ നീക്കമാണ്. ഡീപ് ഫേക്കുകൾ, വ്യാജവാർത്തകൾ, ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, ഓൺലൈൻ വഴിയുള്ള മറ്റ് ദ്രോഹങ്ങൾ എന്നിവ തടയുന്നതിനാണ് പുതിയ ഐടി ഭേദഗതികൾ അനിവാര്യമായതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇത്തരം അപകടങ്ങൾ നിലവിലുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. കൃത്രിമമായി നിർമ്മിക്കുന്ന മാധ്യമ ഉള്ളടക്കങ്ങൾ (Synthetic media), എഡിറ്റ് ചെയ്ത ദൃശ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനും, വോട്ടർമാരെ സ്വാധീനിക്കാനും, കിംവദന്തികൾ പ്രചരിപ്പിക്കാനും, അതുവഴി ജാതീയ-വർ ഗീയ-തീവ്രദേശീയ സംഘർഷങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ആക്കം കൂട്ടാനും കാരണമായേക്കാം. എന്നാൽ വ്യാജവാർത്തകളുടെയും ഗൂഢലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളുടെയും ഈ കുത്തൊഴുക്കിനെ തടയാൻ യഥാർത്ഥത്തിൽ വേണ്ടത്, സർക്കാർ ഇടപെടലുകൾ ഉൾപ്പെടെയുള്ള ബാഹ്യസ്വാധീനങ്ങളിൽനിന്ന് മുക്തമായ, കർശനമായ ഭരണനിർവ്വഹണ നിയന്ത്രണവും ശിക്ഷാസംവിധാനവുമാണ്. പുതിയ നിയമങ്ങൾ പ്രകാരം, ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി നാടകീയമായി കുറച്ചിരിക്കുകയാണ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചില ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. കൂടാതെ, എക്സിക്യൂട്ടീവ് സംവിധാനം പുറപ്പെടുവിക്കുന്ന രേഖാമൂലമുള്ള നിർദ്ദേശങ്ങൾ, വിശദീകരണങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവ പാലിക്കാനുള്ള മധ്യവർത്തി സ്ഥാപനങ്ങളുടെ (intermediaries) ബാധ്യതയും ഇവ വർദ്ധിപ്പിക്കുന്നു. ഇതിലെ പ്രധാന അപകടം എന്തെന്നാൽ, ഭരണനിർവ്വഹണ ഏജൻസികൾ ഒരേസമയം പരാതിക്കാരനും, അന്വേഷകനും, പ്രോസിക്യൂട്ടറും, വിധികർത്താവുമായി മാറുമ്പോൾ ഭരണഘടനാപരമായ സ്വാതന്ത്ര്യം വെറുമൊരു ഭരണപരമായ അസൗകര്യമായി മാറുന്നു.

എഡിറ്റേർസ് ഗിൽഡിന്റെ പ്രതിഷേധം

പത്രപ്രവർത്തനരംഗത്തെ രാജ്യത്തെ പ്രമുഖ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഈ നിയമനിർമ്മാണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും, നിർദ്ദിഷ്ട മാറ്റങ്ങൾ മതിയായ നീതിന്യായ സുരക്ഷാസംവിധാനങ്ങളില്ലാതെ ഉള്ളടക്കം നിയന്ത്രിക്കാനോ തടയാനോ അടിച്ചമർത്താനോ മന്ത്രാലയങ്ങൾക്ക് ‘അമിതാധികാരം’ നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടുകയുംചെയ്തു. ഇവിടെ യുക്തി ലളിതമാണ്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ പരിരക്ഷ നഷ്ടപ്പെടുകയോ ഉത്തരവാദിത്തം ഏൽക്കേണ്ടി വരികയോ ചെയ്താൽ, അവർ അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ മുതിരില്ല—പകരം ഉള്ളടക്കങ്ങൾ പരമാവധി നീക്കം ചെയ്യാനാണ് അവർ ശ്രമിക്കുക. ആക്ഷേപഹാസ്യരൂപേണയുള്ള എഴുത്തുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ, വിസിൽബ്ലോവർ വെളിപ്പെടുത്തലുകൾ, രാഷ്ട്രീയ പരിഹാസങ്ങൾ, ഭരണകൂടത്തിന് അപ്രിയമായ വസ്തുതകൾ എന്നിവയെല്ലാം ഇതിന്റെ അനുബന്ധ നാശനഷ്ടങ്ങളായി മാറും. ഗിൽഡിന്റെ മുന്നറിയിപ്പ് വ്യക്തമാണ്: ഈ നടപടികൾ പത്രസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുകയും, എക്സിക്യൂട്ടീവ് അധികാരം വർദ്ധിപ്പിക്കുകയും, വിയോജിപ്പുകളെ അടിച്ചമർത്തുന്ന ഭയാനകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വെറുമൊരു സാങ്കേതിക നിയന്ത്രണത്തെക്കുറിച്ചുള്ള തർക്കമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഡിജിറ്റൽ യുഗത്തിൽ സത്യത്തെ ആര് നിയന്ത്രിക്കുന്നു എന്നതിലാണ് ഇവിടെ പോരാട്ടം. അത് ജനങ്ങളും സ്വതന്ത്ര മാധ്യമങ്ങളുമാകണോ, അതോ ഭരണകൂടവും അതിന്റെ ഭരണയന്ത്രവുമോ?
ഇത്തരമൊരു നിയമനിർമ്മാണം നിലവിൽ വന്നു കഴിഞ്ഞാൽ, പത്രപ്രവർത്തകരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ സാധിക്കുമെങ്കിൽ പിന്നെ അവരെ ജയിലിലടയ്ക്കേണ്ട ആവശ്യമില്ല. പ്രസാധകരെ അമിതഭാരം ഏൽപ്പിച്ച് വീർപ്പുമുട്ടിക്കാൻ കഴിയുമെങ്കിൽ അവരെ നിരോധിക്കേണ്ടതില്ല. പ്ലാറ്റ്‌ഫോമുകളെ അനുസരണയുള്ളവരാക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ കഴിയുമെങ്കിൽ അവ പിടിച്ചെടുക്കേണ്ട കാര്യവുമില്ല. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കോർപ്പറേറ്റ് തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു റിപ്പോർട്ടർ, തനിക്ക് ലഭിച്ച രഹസ്യരേഖകൾ പ്രസിദ്ധീകരിക്കാൻ മടിച്ചേക്കാം. ഭരണകൂടത്തിന്റെ കുപ്രചാരണങ്ങളെ പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യകാരന്റെ ഉള്ളടക്കം പെട്ടെന്ന് അപ്രത്യക്ഷമായേക്കാം. പരിമിതമായ നിയമസഹായംമാത്രം ലഭ്യമായ ഒരു പ്രാദേശിക മാധ്യമം, നിയമപരമായ പ്രതികാര നടപടികൾ ഭയന്ന് പല വാർത്തകളും ഒഴിവാക്കാൻ മുതിർന്നേക്കാം.
അതുകൊണ്ടാണ് എഡിറ്റേഴ്സ് ഗിൽഡ് ‘ഭയാനകമായ സാഹചര്യം’ എന്ന പ്രയോഗം ആവർത്തിച്ച് ഉദ്ധരിക്കുന്നത്. എഴുത്തുകാർ പ്രസിദ്ധീകരണത്തിനുമുൻപേ സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തുകയും, പത്രാധിപർ അച്ചടിക്കുന്നതിനുമുൻപ് വാർത്തകളിൽ വെള്ളം ചേ‍ർക്കുകയും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാകട്ടെ കോടതികൾ പരിശോധിക്കുന്നതിനുമുൻപേ തന്നെ നിയമാനുസൃതമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത് വിവരിക്കുന്നത്. ആധുനിക ഭരണകൂടങ്ങളിൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് നിരോധനങ്ങളിലൂടെ മാത്രമല്ല, മറിച്ച് ഭയത്തിലൂടെയുമാണ്.

പത്രപ്രവർത്തനത്തിന് സുരക്ഷയില്ലാത്തിടത്തെ ഡാറ്റാ സുരക്ഷ

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വിജ്ഞാപനംചെയ്ത ചട്ടങ്ങൾ കൂടുതൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. വിശ്വാസയോഗ്യമായ പത്രപ്രവർത്തന ജോലികൾക്ക് വ്യക്തമായ ഇളവുകൾ നൽകുന്നതിൽ ഇവ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷെൽ കമ്പനികൾ, ഭൂമി ഇടപാടുകൾ, സംഭരണ കരാറുകൾ അല്ലെങ്കിൽ അധികാര ദുർവിനിയോഗം എന്നിവ പരിശോധിക്കുമ്പോൾ, പത്രപ്രവർത്തനത്തിന് പലപ്പോഴും പൊതുതാല്പര്യാർത്ഥം വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്യേണ്ടിവരുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് നിരീക്ഷിക്കുന്നു. വ്യക്തമായ സുരക്ഷാ കവചങ്ങളില്ലെങ്കിൽ, സാധാരണ പത്രപ്രവർത്തനം പോലും അനുമതിയില്ലാത്ത “ഡാറ്റാ പ്രോസസിംഗ്” ആയി വ്യാഖ്യാനിക്കപ്പെടാം. അതായത്, വിവരങ്ങൾ ശേഖരിക്കാൻ മുൻകൂർ സമ്മതം വാങ്ങണം എന്ന നിബന്ധന, നിയമങ്ങൾ പാലിക്കാനുള്ള അധിക ബാധ്യതകൾ, വിവരങ്ങൾ എത്രകാലം സൂക്ഷിക്കാം എന്നതിലെ അനിശ്ചിതത്വം, കനത്ത പിഴകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരും. ഇതോടെ വാർത്താശേഖരണം തന്നെ നിയമപരമായി അപകടകരമായ ഒന്നായി മാറുന്നു. വിവരങ്ങളുടെ സ്വകാര്യത അത്യന്താപേക്ഷിതമാണ്, സ്വകാര്യതാ നിയമങ്ങൾ പൗരന്മാരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനായിരിക്കണം—അല്ലാതെ അധികാരത്തെ ജനകീയ വിചാരണയിൽനിന്ന് മറച്ചുപിടിക്കാനാവരുത്.

എഡിറ്റേഴ്സ് ഗിൽഡിന്റെ ആവശ്യങ്ങൾ ന്യായവും ജനാധിപത്യപരവുമാണ്

ഒന്നാമതായി, വളരെ ചുരുക്കം അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ, ഉള്ളടക്കങ്ങൾ നിർബന്ധപൂർവ്വം നീക്കം ചെയ്യാനുള്ള അധികാരത്തിന് സ്വതന്ത്രമായ നീതിന്യായ അനുമതി ആവശ്യമാണ്. രണ്ടാമതായി, ഉള്ളടക്കത്തിന്മേലുള്ള ഏതൊരു നിയന്ത്രണവും സുതാര്യമായിരിക്കണം; അതിനെതിരെ അപ്പീൽ നൽകാൻ സാധിക്കണം, കൂടാതെ അവ പരസ്യമായി വെളിപ്പെടുത്തുകയും വേണം. രഹസ്യമായ സെൻസർഷിപ്പിന് ഒരു റിപ്പബ്ലിക്കിൽ സ്ഥാനമില്ല. മൂന്നാമതായി, പൊതുതാൽപ്പര്യാർത്ഥം വാർത്തകൾ നൽകുന്നതിന്, ഡാറ്റാ പ്രൊട്ടക്ഷൻ നിയമപ്രകാരം പത്രപ്രവർത്തനത്തിന് വ്യക്തമായ ഇളവുകൾ നൽകണം.
നാലാമതായി, ശിക്ഷാഭയം കാരണം പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കങ്ങൾ ഒന്നടങ്കം സെൻസർ ചെയ്യുന്ന രീതിയിലാകരുത് ലയബിലിറ്റി നിയമങ്ങൾ നിർമ്മിക്കേണ്ടത്. അവസാനമായി, എല്ലാ ഡിജിറ്റൽ നിയന്ത്രണങ്ങളും വരേണ്ടത് പത്രപ്രവർത്തകർ, സിവിൽ സൊസൈറ്റി, സാങ്കേതിക വിദഗ്ധർ, ഭരണഘടനാ വിദഗ്ധർ എന്നിവരുമായുള്ള യഥാർത്ഥ കൂടിയാലോചനക ളിലൂടെയായിരിക്കണം. അല്ലാതെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാകരുത്.
ഞങ്ങൾ ഈ ന്യായമായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നു. ഒപ്പം, എല്ലാ ഭയങ്ങളെയും അതിജീവിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഇത്തരം നീക്കങ്ങളെ തടയുന്നതിനായി ശക്തവും സുസ്ഥിരവുമായ ഒരു ഐക്യനിര കെട്ടിപ്പടുക്കാൻ പത്രപ്രവർത്തക സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top