കേന്ദ്ര ബിജെപി സർക്കാരിന്റെ ‘പുറത്താക്കൽ’നയം അപലപനീയം

Lenin-Kolkata-Provashda.jpeg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് 2026 ജൂൺ 26ന് പുറപ്പെടുവിച്ച പ്രസ്താവന

നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാർ എന്ന മുദ്രചാർത്തി സാധാരണ ജനങ്ങളെ ഇരുട്ടിന്റെ മറവിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ രീതിയും സമീപനവും അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും  സാർവ്വദേശീയ മര്യാദകൾക്കും പൂർണ്ണമായും എതിരാണ്.  ഇത്തരം ജനാധിപത്യവിരുദ്ധവും, ഹൃദയശൂന്യവും, മനുഷ്യത്വരഹിതവുമായ രീതികൾ സ്വീകരിക്കാൻ ഒരു പരിഷ്കൃത ഗവൺമെന്റിനും കഴിയില്ല. ഒരു വിദേശിയും ഈ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കാൻ പാടില്ല. നിയമവിരുദ്ധമായി ആരെങ്കിലും അപ്രകാരം താമസിക്കുന്നുണ്ടെങ്കിൽ, അവരെ കൃത്യമായ നിയമനടപടികളിലൂടെ തിരിച്ചറിയുകയും, അവർക്ക് സ്വയം വിശദീകരിക്കാനുള്ള അവസരം നൽകി നിയമപ്രകാരം അവരുടെ വിചാരണ നടത്തുകയും വേണം. കൃത്യമായ നീതിന്യായ പ്രക്രിയയിലൂടെ ഒരു വ്യക്തി മറ്റൊരു രാജ്യത്തെ പൗരനാണെന്ന് നിസ്സംശയം തെളിഞ്ഞാൽ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും ബന്ധപ്പെട്ട രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ചർച്ചയുടെ അടിസ്ഥാനത്തിലും ആ വ്യക്തിയെ ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിന് കൈമാറണം.


നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ, കേന്ദ്ര-സം സ്ഥാന പോലീസ് ഏകപക്ഷീയമായി ചില വ്യക്തികളെ അറസ്റ്റുചെയ്യുകയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഇരുട്ടിന്റെ മറവിൽ അവരെ ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന സംഭവങ്ങൾ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്. ഇപ്രകാരം ബംഗ്ലാദേശിലേക്ക് പുറന്തള്ളപ്പെട്ടവരിൽ കുറച്ചു പേർ ഇന്ത്യൻ പൗരന്മാരാണ്.


ബോർഡർ സെക്യൂരിറ്റി ഫോഴ്സ്  ഇങ്ങനെ ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമ്പോൾ, ബംഗ്ലാദേശ് അതിർത്തി കാവൽ സേന അവരെ ആ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. തന്മൂലം, നിരവധി നിരാലംബരായ ആളുകൾ സീറോ പോയിന്റിൽ, ഭവന രഹിതരായി ദിവസങ്ങളോളം പട്ടിണി കിടക്കാൻ നിർബന്ധിതരാകുന്നു. എല്ലാ നിയമനടപടികളും മറികടന്ന്, ഏതൊരു വ്യക്തിയെയും വിദേശിയായി മുദ്ര കുത്താനുള്ള തീരുമാനം പോലീസ് ഏകപക്ഷീയമായി എടുക്കുന്നത്, പൂർണ്ണമായി നിയമവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ഞങ്ങൾ ശക്തമായി ഈ നടപടിയെ അപലപിക്കുന്നു.


ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെന്ന് കൃത്യമായി കണ്ടെത്തിയവരെ, ബന്ധപ്പെട്ട ദേശീയ-അന്തർദേശീയ നിയമങ്ങൾക്കും ചട്ടങ്ങൾക്കും  അനുസൃതമായി, അതത് സർക്കാരുകളുടെ സമ്മതത്തോടെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി രാജ്യമെമ്പാടും ശക്തമായ ശബ്ദമുയർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top