ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (AIDSO) സംഘടിപ്പിച്ച നിയമവിദ്യാർഥികളുടെ ദേശീയ കൺവെൻഷന്‍ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്തു. ഉത്തരപ്രദേശിലെ പ്രയാഗ് രാജില്‍ അഖിൽ ഭാരതീയ സർദാർ പട്ടേൽ സേവാ സൻസ്ഥാനിൽ നടന്ന ഏകദിന കൺവെൻഷനില്‍ 19 സംസ്ഥാനങ്ങളിൽ നിന്നായി 250ലധികം നിയമവിദ്യാർത്ഥികൾ പങ്കെടുത്തു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വർ മുഖ്യാതിഥിയായി പങ്കെടുത്തു.
പൗരാവകാശ സംരക്ഷണ സംഘടനയായ സിപിഡിആര്‍എസിന്റെ വൈസ് പ്രസിഡന്റ് ദ്വാരിക നാഥ് റാത്ത്, സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.വിനോദ് തിവാരി, സ്വാഗതസംഘം സെക്രട്ടറി അഡ്വ.രാജവേന്ദ്ര സിങ്, എഐഡിഎസ്ഒ ജനറൽ സെക്രട്ടറി ശിബാസിസ് പ്രഹരാജ് എന്നിവർ പ്രസംഗിച്ചു.
എഐഡിഎസ്ഒ ദേശീയ വൈസ് പ്രസിഡന്റ് റിമ്മി വഗേല അധ്യക്ഷത വഹിച്ചു. സർക്കാർ നിയമ കോളേജുകളിലെ ശോചനീയാവസ്ഥ, സ്ഥിര അധ്യാപകരുടെ അഭാവം, പ്രതിഫലം ലഭിക്കാത്ത ഇന്റേൺഷിപ്പുകൾ, അമിതമായ ഫീസ് എന്നിങ്ങനെ നിയമ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം അതിരൂക്ഷമാണെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യം വീണ്ടെടുക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള നിയമവിദ്യാർഥികൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ അണിനിരക്കണമെന്ന ആഹ്വാനത്തോടെയാണ് കൺവെൻഷൻ സമാപിച്ചത്.
