അസം
ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും സഹായത്തോടെയും ഒത്താശയോടെയും തീവ്രമായ വർഗീയ-തീവ്രദേശീയ വിദ്വേഷം പടർന്നുപിടിച്ചിരിക്കുന്ന അസമിൽ ബിജെപിക്ക് മറ്റൊരു ഭരണകാലം കൂടി ഏതാണ്ട് ഉറപ്പായിരുന്നു. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനർനിർണയിച്ചതിനു ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. 2023ലെ മണ്ഡല പുനർനിർണയ പ്രക്രിയയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പുവിധി. പ്രസ്തുത മണ്ഡല പുനർനിർണയത്തിലൂടെ സംസ്ഥാനത്ത് 104 ഹിന്ദു ഭൂരിപക്ഷ സീറ്റുകളും 22 മുസ്ലീം ഭൂരിപക്ഷ സീറ്റുകളുമാണ് രൂപീകരിച്ചത്. ഈ പ്രക്രിയയിലൂടെ, ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന മുസ്ലീം വോട്ടർമാർക്ക് നിർണായക സ്വാധീനമുണ്ടായിരുന്ന സീറ്റുകളുടെ എണ്ണം 29ൽ നിന്ന് 22 ആയി കുറയ്ക്കപ്പെട്ടു.
മുസ്ലീംവിരുദ്ധത പ്രചരിപ്പിക്കുന്നതിലും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ ‘മിയാക്കൾ’ എന്നുവിളിച്ച് വർഗീയ പ്രകോപനം സൃഷ്ടിക്കുന്നതിലും മാത്രമല്ല, മുസ്ലീം സമൂഹത്തെ ദേശവിരുദ്ധരും നിയമവിരുദ്ധ കുടിയേറ്റക്കാരുമായി ചിത്രീകരിച്ച് അവരെ പീഡിപ്പിക്കുന്നതിലും വേട്ടയാടുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മറ്റാരെക്കാളും മുന്നിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ, അസം ബിജെപി ഘടകം ഒരു എഐ നിർമ്മിത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു (പിന്നീട് നീക്കംചെയ്തു). മുഖ്യമന്ത്രി ശർമ്മ തൊപ്പി ധരിച്ച മനുഷ്യർക്കുനേരെ തോക്ക് ചൂണ്ടുന്നതായിരുന്നു ഈ വീഡിയോ; ഇത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഒരു വാർത്താ സമ്മേളനത്തിൽ, ‘ബംഗ്ലാദേശി’ കൈയേറ്റക്കാർക്കെതിരായ കുടിയൊഴിപ്പിക്കൽ തുടരുമെന്ന ബിജെപിയുടെ പ്രതിജ്ഞാബദ്ധത ബിശ്വശർമ്മ ആവർത്തിച്ചു. ‘ബംഗ്ലാദേശി കൈയേറ്റക്കാരിൽ’ നിന്ന് അഞ്ചുലക്ഷം ബിഘ ഭൂമി തിരിച്ചുപിടിക്കുമെന്നും, ഭൂമി കൈയേറിയ ബംഗ്ലാദേശികൾക്കെതിരെ ബുൾഡോസർ പ്രയോഗിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്തെ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും ബഹിഷ്കരിക്കാൻ ബിശ്വശർമ്മ ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ബഹിഷ്കരണ ആഹ്വാനങ്ങളെ ഒരു ‘നിസ്സഹകരണ പ്രസ്ഥാനം’ എന്നുവിശേഷിപ്പിച്ച അദ്ദേഹം, അവർക്ക് ഭൂമിയും ഗതാഗത സൗകര്യങ്ങളും ജോലിയും നിഷേധിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ‘ഇന്ത്യ എപ്പോഴും ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, അത് എന്നെന്നേക്കും ഹിന്ദു രാഷ്ട്രമായി തുടരും,’ എന്ന് അദ്ദേഹം പ്രചാരണ വേളയിൽ പ്രഖ്യാപിച്ചു. വരും നാളിൽ പാർട്ടി തങ്ങളുടെ മതപരമായ ധ്രുവീകരണ നീക്കങ്ങൾ കൂടുതൽ തീവ്രമാക്കുമെന്നതിന്റെ സൂചനയാണിത്.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ വിഭജിക്കുക എന്ന ക്രൂരമായ നയം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായ ഇന്ത്യൻ ഭരണവർഗ ബൂർഷ്വാസി, തങ്ങളോട് കൂറുപുലർത്തുന്ന വർഗീയ-തീവ്രദേശീയ ശക്തികൾക്ക് കൃത്യമായ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള വൻതോതിലുള്ള കുടിയേറ്റവും, ബംഗാളിഭാഷ സംസാരിക്കുന്ന സമൂഹവും, പ്രത്യേകിച്ച് മുസ്ലീങ്ങളുമാണ് അസമീസ് സംസാരിക്കുന്ന ജനങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഉത്തരവാദികൾ എന്ന് വരുത്തിതീർക്കുക എന്നതായിരുന്നു ആ പ്രചാരണം. ഭരണവർഗ മുതലാളിത്തമെന്ന പൊതുശത്രുവിനും എല്ലാ തിന്മകൾക്കുമെതിരെ, എല്ലാ ഭിന്നചിന്തകൾക്കും അതീതമായി പൊതുവായൊരു ലക്ഷ്യത്തോടെ അധ്വാനിക്കുന്ന ജനങ്ങളുടെ ശക്തമായൊരു സംയുക്ത ജനാധിപത്യ പ്രസ്ഥാനമോ അതിനനുയോജ്യമായ പ്രത്യയശാസ്ത്ര പ്രചാരണമോ അസമിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ, സാധാരണക്കാരായ അസമീസ് ജനങ്ങൾ ഈ സങ്കുചിത തീവ്രദേശീയ മുദ്രാവാക്യങ്ങളിൽ വീണുപോവുകയും വർഗീയ-പ്രാദേശിക വാദങ്ങളാൽ അന്തരീക്ഷം കൂടുതൽ വഷളാവുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് ഹിമന്ത ബിശ്വശർമ്മ മുസ്ലീം വിരുദ്ധ വിദ്വേഷം പുതിയ തലങ്ങളിലേക്ക് ഉയർത്തുകയും, വോട്ടർപട്ടികയിൽനിന്ന് ഇസ്ലാംമതത്തിൽ വിശ്വസിക്കുന്ന ഒട്ടനവധി യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ പേരുകൾ തന്ത്രപൂർവ്വം ഒഴിവാക്കുകയും ചെയ്തുകൊണ്ട് വർഗീയ ധ്രുവീകരണം അതിന്റെ പരകോടിയിലെത്തിച്ചു.
ഇതോടൊപ്പം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ത്രീകൾ, വിദ്യാർത്ഥികൾ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് അരുണോദോയ്, ലക്ഷ്പതി ബൈഡിയോ, നിജുത് മൊയ്ന, നിജുത് ബാബു തുടങ്ങിയ നിരവധി സാമൂഹ്യ ക്ഷേമ-സാമ്പത്തിക സഹായ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. വരുമാന സ്തംഭനാവസ്ഥ, കുതിച്ചുയരുന്ന വിലക്കയറ്റം, വർദ്ധിച്ചുവരുന്ന ഗ്രാമീണ-നഗര വ്യത്യാസങ്ങൾ, അനൗപചാരികവും കുറഞ്ഞ വേതനവുമുള്ള തൊഴിലുകളാൽ ചുരുങ്ങിപ്പോയ തൊഴിൽ വിപണി തുടങ്ങിയ ആഴമേറിയ പ്രതിസന്ധികളാൽ വലയുന്ന വോട്ടർമാർക്കിടയിൽ ഈ പദ്ധതികൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. അതിനാൽ, ഈ കാവിതരംഗം തീവ്രമായ മത ധ്രുവീകരണത്തിന്റെയും സാമ്പത്തിക ആനുകൂല്യങ്ങളുടെ പ്രലോഭനത്തിന്റെയും ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു. മറുവശത്ത്, ആശ്രയിക്കാൻ മറ്റ് ശക്തികളില്ലാതെ വന്ന സാഹചര്യത്തിൽ ന്യൂനപക്ഷ മുസ്ലീം സമൂഹം പ്രധാനമായും കോൺഗ്രസിനാണ് വോട്ട് ചെയ്തത്.
എന്നാൽ ഇത്തരം സൗജന്യങ്ങൾക്കുള്ള പണം എവിടെ നിന്നാണ് വരുന്നതെന്ന് ജനങ്ങൾക്കറിയില്ല. ‘കട’മെടുത്തുള്ള ‘സൗജന്യ’വിതരണമാണ് നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. അസമിന്റെ കുടിശ്ശിക കടം 2.06 ലക്ഷം കോടി രൂപയിലധികമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ 60-65 ശതമാനം വരുമാനവും കേന്ദ്ര വിഹിതത്തിൽ നിന്നാണ് (ധനകാര്യ കമ്മീഷൻ വികേന്ദ്രീകരണത്തിലൂടെയും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയും) ലഭിക്കുന്നത്; 12-15 ശതമാനം പൊതുക്കടത്തിൽ നിന്നും ബാക്കി തുക സ്വന്തം വരുമാന സ്രോതസ്സുകളിൽ നിന്നുമാണ്.
2022 ജൂലൈയിൽ പ്രധാനമന്ത്രി മോദി ഇത്തരം സൗജന്യങ്ങളെയോ ആനുകൂല്യങ്ങളെയോ ‘റെവഡി’ (ഒരു ഉത്തരേന്ത്യൻ മധുരപലഹാരം) സംസ്കാരം എന്ന് പരിഹസിക്കുകയും, ഈ രീതി ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തത് ഇവിടെ ഓർക്കേണ്ടതാണ്. എന്നാൽ ഇപ്പോൾ ഇതേ പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതികളും പ്രോജക്ടുകളും പ്രഖ്യാപിക്കുന്നതിനും പണമായി ചെറിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള കുത്തകാവകാശം നേടിയെടുക്കാൻ ശ്രമിക്കുകയുമാണ്. അതുകൊണ്ട്, ഇത്തരം ജനവിധികൾ സാങ്കേതികമായി ജനങ്ങളുടെ തിരഞ്ഞെടുപ്പായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇത് ജനവിരുദ്ധമായ വിഷയങ്ങൾ, കെട്ടിച്ചമച്ച കാര്യങ്ങൾ, അതിരുകളില്ലാത്ത വഞ്ചനകൾ, തികഞ്ഞ അസത്യ പ്രചാരണങ്ങൾ എന്നിവയിലൂടെ തന്ത്രപൂർവ്വം കൃത്രിമം കാണിച്ച ഒന്നാണ്. വരും ദിവസങ്ങളിൽ തങ്ങൾ എങ്ങനെയാണ് പ്രതിലോമ ശക്തികളാൽ വഞ്ചിക്കപ്പെട്ടതെന്ന് അസമിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് മനസ്സിലാക്കും.
നമ്മുടെ പാർട്ടിയുടെ നേതൃത്വത്തിൽ അസമിൽ ശക്തമായ ജനകീയ പ്രസ്ഥാനങ്ങൾ മുന്നേറുകയാണ്. ചെറുതും വലുതുമായ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ സംഘാടകരായി നമ്മുടെ പാർട്ടി ബ്രഹ്മപുത്ര നദീതടങ്ങളിലെ കർഷകർക്കുവേണ്ടി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു. നമ്മൾ പോരാട്ടത്തിലാണ്. നൽബാരിയിൽ, 235 കിടക്കകളുള്ള സ്വഹീദ് മുകുന്ദ കക്കാതി ഒസാമാരിക് (സിവിൽ) ചികിൽസാലയം സ്ഥിരമായി പൂട്ടാൻ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നീക്കം നടത്തി. 18 കിലോമീറ്റർ അകലെ പുതിയ ആശുപത്രി സ്ഥാപിക്കുന്നുണ്ടെന്നായിരുന്നു അസം സർക്കാരിന്റെ വാദം. സർക്കാരിന്റെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ നമ്മുടെ പാർട്ടിയുടെ മുൻകൈയിൽ ‘ശഹീദ് മുകുന്ദ കക്കാതി ഒസാമാരിക് ചികിൽസാലയ സുരക്ഷാ സമിതി’ രൂപീകരിക്കുകയും എട്ടുമാസം നീണ്ടുനിന്ന ശക്തമായ സമരം നടത്തുകയും ചെയ്തു. സമരത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് സിവിൽ ആശുപത്രി നിലനിർത്താൻ സർക്കാർ നിർബന്ധിതരാവുകയും നിലവിലുള്ള ആശുപത്രിയിൽ 110 കിടക്കകൾ അനുവദിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. 235 കിടക്കകൾക്കായി സമിതി ഇപ്പോഴും പോരാട്ടം തുടരുകയാണ്. അതുപോലെ, കരിംഗഞ്ച് ജില്ലയുടെ പേര് ശ്രീഭൂമി എന്ന് മാറ്റുന്നതിനെതിരെയും വൻ ജനകീയ സമരം സംഘടിപ്പിച്ചിട്ടുണ്ട്. അസമിലെ സാധാരണക്കാരായ ജനലക്ഷങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരമായ പോരാട്ടത്തിലുള്ള നമ്മുടെ പാർട്ടി, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനകീയ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് 42 മണ്ഡലങ്ങളിൽ മത്സരിക്കുകയുണ്ടായി. അസമീസ്-ബംഗാളി ഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ രൂക്ഷമായ വിടവ് സൃഷ്ടിക്കാൻ ബിജെപിയും അധികാര കേന്ദ്രങ്ങളും നടത്തിയ നീക്കങ്ങളെ, ജനൈക്യത്തിന്റെ ശക്തമായ സന്ദേശം നൽകിക്കൊണ്ട് നടത്തിയ പ്രചാരണത്തിലൂടെ ചെറുക്കാൻ പരിമിതമെങ്കിലും നമുക്ക് കഴിഞ്ഞു. സത്യസന്ധവും, മതേതരബോധമുള്ളവരുമായ ജനങ്ങൾക്കിടയിൽ പ്രസ്തുത പ്രചരണം വലിയ മതിപ്പ് സൃഷ്ടിക്കുകയും ചെയ്തു.
തമിഴ്നാട്
ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം ദീർഘകാലമായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയിലാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് സ്വതന്ത്രമായി അവസാനമായി അധികാരത്തിലിരുന്നത് 1967 മാർച്ച് വരെയായിരുന്നു. അതിനുശേഷം, സംസ്ഥാനം ദ്രാവിഡ പാർട്ടികളുടെ ദീർഘകാല ആധിപത്യത്തിന്റെ യുഗത്തിലേക്കുകടന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി ദ്രാവിഡ കഴകം സ്ഥാപകൻ ഇ.വി.രാമസാമി (പെരിയോർ), സി.എൻ.അണ്ണാദുരൈ എന്നിവർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്, ദ്രാവിഡ കഴകത്തിൽനിന്ന് പിരിഞ്ഞ് 1949 സെപ്റ്റംബർ 17നാണ് ദ്രാവിഡ മുന്നേറ്റ കഴകം (DMK) രൂപീകൃതമായത്. ഇതോടൊപ്പം തന്നെ, സിനിമയും അധികാരവും പലപ്പോഴും പരസ്പരം ലയിച്ചുചേരുന്ന രാഷ്ട്രീയ നാടകീയതകൾ തമിഴ്നാടിന് പണ്ടുമുതലേ പരിചിതമാണ്. എം.ജി.രാമചന്ദ്രൻ മുതൽ അദ്ദേഹത്തിന്റെ പിൻഗാമി ജെ.ജയലളിത വരെ, ചലച്ചിത്ര താരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും സംസ്ഥാനത്തെ നയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരിച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയും സിനിമാ ലോകവുമായി ബന്ധമുള്ളയാളായിരുന്നു. 1972ൽ എംജിആർ, ഡിഎംകെയിൽനിന്ന് പിരിഞ്ഞ് എഐഎഡിഎംകെ(AIADMK) രൂപീകരിച്ചു. അന്നുമുതൽ, സംസ്ഥാനത്തെ അധികാരം ഇരുവർക്കുമിടയിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു; കൂടാതെ കോൺഗ്രസ്, ബിജെപി തുടങ്ങിയ ദേശീയ പാർട്ടികളും, സിപിഐ(എം), സിപിഐ തുടങ്ങിയ കപട-മാർക്സിസ്റ്റ് പാർട്ടികളും അധികാരത്തിന്റെ ഇടനാഴികളിൽ നിലനിൽപ്പിനായി ഒന്നുകിൽ അധികാരപക്ഷത്തോ അല്ലെങ്കിൽ മറുപക്ഷത്തോ ഒപ്പം ചേർന്നുനിന്നു.
എന്നാൽ ഇത്തവണ, ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റൊരു പ്രമുഖ നടനും മുൻ സൂപ്പർസ്റ്റാറുമായ വിജയ് 33 വർഷത്തെ വിജയകരമായ സിനിമാ ജീവിതത്തിനുശേഷം വോട്ടുരാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചുകൊണ്ട് ഒരു അത്ഭുതം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടുകയും നിലവിലുണ്ടായിരുന്ന രാഷ്ട്രീയ ക്രമത്തെ തകർക്കുകയും ചെയ്തു. ഔപചാരിക രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള ഒരാൾ രൂപീകരിച്ച ഒരു പുതിയ രാഷ്ട്രീയ സംഘടന, അതിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ സർക്കാർ രൂപീകരിക്കുന്ന മാതൃകകൾ കുറവാണ്. വിജയ് തന്റെ ഫാൻസ് ക്ലബ്ബിനെ 2009ൽ തന്നെ പ്രാദേശിക തലത്തിൽ ദുരിതാശ്വാസം, വിദ്യാഭ്യാസ സഹായം, പ്രാദേശിക സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ക്ഷേമശൃംഖലയാക്കി മാറ്റിയിരുന്നതായി പറയപ്പെടുന്നു. 2011 ആയപ്പോഴേക്കും അദ്ദേഹം എഐഎഡിഎംകെ സഖ്യത്തെ പിന്തുണച്ചുകൊണ്ട്, ആരാധകവൃന്ദത്തെ വോട്ടുകളാക്കി മാറ്റാൻ കഴിയുമോ എന്ന് പരീക്ഷിച്ച് ഇതിന്റെ രാഷ്ട്രീയ സ്വാധീനം വിലയിരുത്തിയിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും അല്പം ദുർബലമായ എഐഎഡിഎംകെയും തമ്മിലുള്ള പതിവുമത്സരമായിരിക്കുമെന്ന് കരുതിയപ്പോഴാണ് വിജയ് മൂന്നാമതൊരു ശക്തിയായി ഉയർന്നുവന്നത്. അദ്ദേഹം പരമാവധി 20 മുതൽ 25 വരെ സീറ്റുകൾ മാത്രമേ നേടുകയുള്ളൂ എന്നാണ് പല വിദഗ്ധരും പ്രവചിച്ചിരുന്നത്. വിജയ് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയെ തന്റെ പ്രത്യയശാസ്ത്രപരമായ ശത്രുവായും, അധികാരത്തിലിരിക്കുന്ന ഡിഎംകെയെ തന്റെ ഉടനടിയുള്ള രാഷ്ട്രീയ എതിരാളിയായും പ്രഖ്യാപിച്ചു-ഭാഷാ രാഷ്ട്രീയത്തിലും (ഹിന്ദി അടിച്ചേൽപ്പിക്കൽ) ശക്തമായ പ്രാദേശിക സ്വത്വത്തിലും ഊന്നിയുള്ള ബിജെപിയുടെ വ്യാപനത്തിനെതിരായ തമിഴ്നാടിന്റെ ദീർഘകാല പ്രതിരോധത്തെയും, ഒപ്പം ഒരു പുതിയ മാറ്റത്തിന്റെ വാഗ്ദാനത്തെയുമാണ് ഈ നിലപാട് പ്രതിഫലിപ്പിക്കുന്നത്. തമിഴ്നാട്ടിലെ വോട്ടർമാരുടെ ഏകദേശം 42 ശതമാനം വരുന്ന യുവതലമുറയ്ക്കിടയിൽ (18-39 വയസ്സ്) അദ്ദേഹത്തിന് വ്യത്യസ്തമായൊരു സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞു. രാഷ്ട്രീയ നിരീക്ഷകർ ഡിഎംകെയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നയിടത്ത് വിജയ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ‘ജനനായകൻ’ എന്ന നിലയിൽ ഒന്നാം സ്ഥാനത്തേക്കുള്ള വിജയ്യുടെ ഈ ഉയർച്ച, രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മാസങ്ങൾക്കുള്ളിൽ അവിഭക്ത ആന്ധ്രാപ്രദേശിൽ അധികാരം പിടിച്ചെടുത്ത അന്തരിച്ച എൻ.ടി.രാമറാവുവിന്റെ (NTR) ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്.
എന്നാൽ വിജയിന് കേവല ഭൂരിപക്ഷം നേടാനായില്ല. 234 അംഗ തമിഴ്നാട് നിയമസഭയിൽ മാന്ത്രിക സംഖ്യയായ 118 സീറ്റിലെത്താൻ അദ്ദേഹത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. അതിനുപിന്നാലെ, അധികാര രാഷ്ട്രീയത്തിലെ പതിവ് കൂറുമാറ്റങ്ങൾ ദൃശ്യമായി. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് 5 സീറ്റുകൾ നേടിയ കോൺഗ്രസ്, സഖ്യകക്ഷിയെ ഉപേക്ഷിച്ച് വിജയ്ക്ക് പിന്നിൽ അണിനിരക്കാൻ ഒട്ടും സമയം കളഞ്ഞില്ല. ഡിഎംകെയുടെ പിന്തുണയോടെ രണ്ട് സീറ്റുകൾ വീതം നേടാനായ സിപിഐ (എം)ഉം സിപിഐഉം ഇതേ വഴിതന്നെ പിന്തുടർന്നു. തുടർന്ന് ഡിഎംകെയുടെ മറ്റ് സഖ്യകക്ഷികളായ വിടുതലൈ ചിരുതൈഗൾ കക്ഷിയും (VCK) ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും (IUML) വിജയ്യുടെ പക്ഷത്തേക്കുമാറി. അങ്ങനെ വിജയ് സർക്കാർ രൂപീകരിക്കാൻ സജ്ജമായി. അതിനുപിന്നാലെ, എഐഎഡിഎംകെയുടെ മുപ്പതോളം വിമത എംഎൽഎമാരുടെ ഒരു വിഭാഗം തങ്ങളുടെ മാതൃസംഘടനയിൽ നിന്ന് പിരിഞ്ഞ് വിജയിനെ പിന്തുണച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വിജയ്യുടെ സുഗമമായ പ്രവേശം ഉറപ്പായി. ഇതിനുള്ള പ്രതിഫലമെന്നോ ണം കോൺഗ്രസ്, വിസികെ, ഐയുഎംഎൽ എന്നിവർക്ക് വിജയ്യുടെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. നിറഭേദങ്ങളില്ലാതെ, വോട്ട് ലക്ഷ്യമാക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളുടെ ഏക ലക്ഷ്യം അധികാരം മാത്രമാണെന്ന് ഇത് വീണ്ടും തെളിയിച്ചു. അവർക്ക് തത്വങ്ങളോ ഉത്തരവാദിത്തമോ ഇല്ല, സഖ്യങ്ങൾ ഉപേക്ഷിക്കാനോ കൂറുമാറാനോ യാതൊരു മടിയുമില്ല. അധികാരത്തിനുമാത്രമാണ് ഇവിടെ വിലയുള്ളത്.
ഈ തിരഞ്ഞെടുപ്പ് ഫലവും അധികാരക്കണ്ണോടെ നടന്ന രാഷ്ട്രീയ പുനർവിന്യാസവും സംസ്ഥാനത്തെ വോട്ടർമാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ജനങ്ങളുടെ പ്രബുദ്ധത വളർത്താനുതകുന്നവിധം ജനകീയ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഉയർത്താൻ സിപിഐ-സിപിഐ(എം) പ്രസ്ഥാനങ്ങളും ജനാധിപത്യപ്രസ്ഥാനങ്ങളും പാടേ പരാജയപ്പെട്ടിരിക്കുന്നതിനാൽ അതിവൈകാരികതയും സിനിമാലോകം നൽകുന്ന അയഥാർത്ഥ വ്യാമോഹങ്ങളും ജനങ്ങളെ വലിയ അളവിൽ നയിക്കുന്നു. ഇത് പുരോഗമനത്തിന്റെ ദിശയിലുള്ള ചുവടുവയ്പല്ല.
