പിഎം ശ്രീ പദ്ധതി : എൽഡിഎഫ് സർക്കാർ കാട്ടിയ രാഷ്ട്രീയ വഞ്ചന യുഡിഎഫ് സർക്കാർ തിരുത്തണം

auto-draft-inner-banner.jpg
Share

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുവാൻ കേന്ദ്ര ബിജെപി സർക്കാർ ആസൂത്രണം ചെയ്തു തയ്യാറാക്കിയ പിഎംശ്രീ അഥവാ പ്രധാനമന്ത്രിയുടെ റൈസിംഗ് സ്കൂൾ ഫോർ ഇന്ത്യ പ്രോജക്ടിന്റെ ധാരണാ പത്രത്തിൽ കഴിഞ്ഞ ഇടതു മുന്നണി സർക്കാർ ഒപ്പുവെച്ചത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയായിരുന്നു. അതുവഴി സൃഷ്ടിക്കപ്പെട്ട പ്രതിസന്ധിക്ക്  അറുതി വരണമെങ്കിൽ പിഎംശ്രീയിൽ കീഴടങ്ങില്ലെന്ന് യുഡിഎഫ് സർക്കാർ  പ്രഖ്യാപിക്കണം.

ജൂൺ 24ന് ചേർന്ന നിയമസഭാ സമ്മേളന ചർച്ചയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ “പിഎംശ്രീ നടപ്പാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പദ്ധതിയെ സംബന്ധിച്ചു പഠിക്കാൻ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും” പറയുകയുണ്ടായി. പുതിയ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി 2020) സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, അപ്പോഴും, പിഎംശ്രീ-എംഒയു ഒപ്പുവെച്ച കഴിഞ്ഞ സർക്കാർ നടപടി തിരുത്തുമെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പറഞ്ഞില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതിരിക്കണമെങ്കിൽ പിഎംശ്രീ പ്രോജക്ടിൽനിന്ന് കേരളം പുറത്തുകടക്കണം. എന്തുകൊണ്ടെന്നാൽ, എൻഇപി പൂർണതോതിൽ സംസ്ഥാനങ്ങളിൽ നടപ്പാക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രത്യേക ഉദ്ദേശ്യ ഇടനാഴിയാണ് (SPV) പിഎംശ്രീ എന്നത്. ഇന്ത്യയിലെമ്പാടുമായി ഏകദേശം 27,360 കോടി രൂപയാണ്  പ്രധാനമന്ത്രിയുടെ ഈ പ്രത്യേക പദ്ധതി നടപ്പാക്കാനായി കേന്ദ്രസർക്കാർ മാറ്റിവച്ചത്. ‘ഒരു രാജ്യം, ഒരു കരിക്കുലം’ എന്ന സംഘപരിവാറിന്റെ അജണ്ട എവ്വിധവും നടപ്പാക്കിയെടുക്കാനാണ് അവർ ഭരണഘടനാ വ്യവസ്ഥകളും ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തുന്നത്.
നിലവിലുള്ള സമാവർത്തി പട്ടിക പ്രകാരം (Entry 32.(List 2) സ്കൂൾ വിദ്യാഭ്യാസം ഇപ്പോഴും സംസ്ഥാനങ്ങളുടെ പൂർണ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. കരിക്കുലം നിർണയിക്കുന്നതും സ്കൂൾ നടത്തിപ്പും ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും ഒരു സംസ്ഥാന വിഷയമാണ്. അതിനുള്ളിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുന്നത് എല്ലാ ഫെഡറൽ തത്വങ്ങളുടെയും ലംഘനമാണ്. അതിനാൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുവഴി എന്തെങ്കിലും ബാധ്യത സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അതുപാലിക്കാൻ ഈ സർക്കാർ തയ്യാറല്ലെന്ന് പ്രഖ്യാപിക്കണം.

എന്നാൽ, ‘സിലബസിലോ കരിക്കുലത്തിലോ ഇടപെടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കാതെ കേരളം പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് ’ മുഖ്യമന്ത്രി സതീശൻ പ്രസ്താവിച്ചിട്ടുള്ളത്. വാസ്തവത്തിൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ഭാരതീയ ജ്ഞാന വ്യവസ്ഥ (IKS) അടക്കമുള്ള കരിക്കുലം പരിഷ്കാരങ്ങൾ അപ്പടി നടപ്പാക്കാനാണ്പിഎംശ്രീ ലിസ്റ്റിൽപ്പെട്ട ഓരോ സ്കൂളിനും 1.35 കോടി രൂപ വീതം നൽകുന്നത്. കരാർ പ്രകാരം സംസ്ഥാനത്തെ എല്ലാ ഇടങ്ങളിലും, എല്ലാ വിദ്യാലയങ്ങളിലും, എൻഇപി പ്രകാരമുള്ള സിലബസും പാഠ്യപദ്ധതിയും നടപ്പാക്കണം.
ഇത്തരമൊരു കരാറിലാണ് ഇടതുപക്ഷം എന്ന ബോർഡുവെച്ച കഴിഞ്ഞ പിണറായി സർക്കാർ അതീവ രഹസ്യമായി ഒപ്പിട്ട് കഴുത്തു നീട്ടിക്കൊടുത്തത്. സംസ്ഥാന ക്യാബിനറ്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ, മന്ത്രിസഭ, രണ്ടുതവണ, ഒപ്പു വയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ച, ഒരു പദ്ധതിയിൽ ഉദ്യോഗസ്ഥർ ഒപ്പുവെച്ചത് എങ്ങനെയെന്ന് പിണറായി വിജയനും കൂട്ടരും ഇപ്പോഴും വിശദീകരിച്ചിട്ടില്ല.

എംഒയുവിൽനിന്ന് പുറത്തുവരാൻ രാഷ്ട്രീയ തീരുമാനം മതി

2024 ഒക്ടോബർ മാസം നടന്ന മന്ത്രിസഭാ യോഗം പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെക്കേണ്ടതില്ല എന്നു തീരുമാനിച്ചിരുന്നു. വീണ്ടും, 2025 ഏപ്രിൽ മാസത്തെ ക്യാബിനറ്റിലും പിഎംശ്രീ യ്ക്ക് അംഗീകാരം നൽകിയില്ല. അതിനാൽ, മന്ത്രിസഭ ഒരിക്കൽ അനുമതി നിഷേധിച്ച ഒരു കാര്യത്തിൽ, സംസ്ഥാന സർക്കാരിനുവേണ്ടി ഒപ്പുവെക്കാനാവുമോ? ഒക്ടോബർ 16ന് ഡൽഹിയിൽ ചെന്ന് പിഎംശ്രീ കരാറിൽ ഒപ്പുവെച്ചത് അന്നത്തെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ്.
എന്നാൽ, ഗവൺമെന്റിന്റെ റൂൾസ് ഒാഫ് ബിസിനസ് പ്രകാരം ഒരിക്കൽ കൗൺസിൽ ഒാഫ് മിനിസ്റ്റേഴ്സ് എടുത്ത തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും മന്ത്രിമാരോ ഉദ്യോഗസ്ഥരോ പ്രവർത്തിച്ചാൽ ചെയ്താൽ അത്‌ അസാധുവാകുമെന്ന്  ഭരണ ഘടനാ വിദഗ്ധർ പറയുന്നു. 25/6/26ന് ‘ദ ഹിന്ദു’വിൽ  രഞ്ജിത്ത് തമ്പാൻ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു, “ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 299 അനുസരിച്ച് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിൽ നിയമപ്രാബല്യമുള്ള കരാറുകളിൽ ഏർപ്പെടുന്നത് പ്രസിഡന്റിന്റെയും ഗവർണറുടെയും പേരിലായിരിക്കണം. ഇവിടെ അവരുടെ പേരിലല്ല പിഎംശ്രീ ‘മെമോറാണ്ടം ഒാഫ് അണ്ടർസ്റ്റാൻഡിങ്’ ഒപ്പിട്ടിരിക്കുന്നത്.”
ആർട്ടിക്കിൾ 299ൽ നിഷ്കർഷിച്ചിരിക്കുന്ന പ്രക്രിയയിലൂടെയല്ലാതെ ഏർപ്പെടുന്ന കരാറുകൾ സാധുതയില്ലാത്തത് ആണെന്ന് 1961ലെ സ്റ്റേറ്റ് ഒാഫ് ബിഹാർ v. കരം ചന്ദ് ഥാപ്പർ ആൻഡ് ബ്രോസ് ലിമിറ്റഡ് കേസ് മുതലുള്ള വിധികളിലുണ്ട്. കേരള ഹൈക്കോടതിയും ട്രിവാൻഡ്രം ഗോൾഫ് ക്ലബ് v. സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ ഈ തത്വം സ്വീകരിച്ചിട്ടുണ്ട്.
റൂൾസ് ഓഫ് ബിസിനസ് ഒഫ് ഗവൺമെന്റ് ചട്ടം 10 അനുസരിച്ച് സാമ്പത്തിക മാനങ്ങളുള്ള എല്ലാ തീരുമാനങ്ങളും ഫിനാൻസ് വകുപ്പിന്റെ അനുമതിയോടെയാവണം എടുക്കേണ്ടത്. പിഎംശ്രീ നടപ്പിലാക്കാൻ 40% തുക മുടക്കേണ്ടത് സംസ്ഥാനമാണ്. ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി ആവശ്യമാണ്. പിഎംശ്രീ പദ്ധതിക്ക് അത്തരം അനുമതി ലഭിച്ചിട്ടില്ല. ഇതും ഇന്ത്യയിൽ പല ഹൈക്കോടതികളും സ്വീകരിച്ചിട്ടുള്ള തത്വമാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 166 അനുസരിച്ച് കേരളം റൂൾസ് ഓഫ് ബിസിനസ് രൂപപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതിയോടു കൂടിയേ നയപരമായ തീരുമാനങ്ങൾ എടുക്കാനാവൂ. മുഖ്യമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെങ്കിലും മന്ത്രിസഭയുടെ അനുമതിയില്ലെങ്കിൽ അത് അസാധുവാണ്. പിഎംശ്രീയുടെ കാര്യത്തിൽ മന്ത്രിസഭ തീരുമാനമൊന്നും എടുത്തിട്ടില്ല. പിഎംശ്രീയിൽ ഒപ്പിട്ട നടപടിക്ക് നിയമപ്രാബല്യമില്ല. ഇതിൽനിന്ന് പിന്മാറാൻ കേരളത്തിന് സാധിക്കില്ല എന്ന നിലപാട് തെറ്റാണെന്നത് ഹൈക്കോടതിയിൽ ഒരു പതിറ്റാണ്ടിലധികം പ്രാക്ടീസ് ചെയ്തിട്ടുള്ള മുഖ്യമന്ത്രിക്ക് അറിയാവുന്ന കാര്യമാണ്. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിലല്ല രണ്ട് സെക്രട്ടറിമാർ ഒപ്പിട്ട മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്.

ഫണ്ടിന്റെ പേരിൽ കീഴടങ്ങരുത്

പിഎംശ്രീയുമായി നിയമപരമായോ ഭരണഘടനാപരമായോ ഒരു ബന്ധവുമില്ലാത്ത സമഗ്രശിക്ഷാ അഭിയാന്റെ ഫണ്ട് കേന്ദ്രം ഭരണഘടനാവിരുദ്ധമായി പിടിച്ചുവെക്കുകയും സെക്രട്ടറിമാരുടെ ഈ ഒപ്പിടലിനുശേഷം അതിന്റെ ഒരു ഭാഗം റിലീസ് ചെയ്യുകയുമാണ് ഉണ്ടായത്.
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെയോ മറ്റേതെങ്കിലും സംസ്ഥാന പദ്ധതി വിഹിതമോ തടയാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല. തമിഴ്‌നാടിന്റെ കേസിൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ നൽകിയ റൂളിംഗ് കേരളത്തിനും ബാധകമാണല്ലോ. അപ്പോൾ ഫണ്ടിന്റെ പേരിൽ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന് കീഴടങ്ങേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനം യുഡിഎഫ് സർക്കാർ സ്വീകരിക്കണം.
കഴിഞ്ഞ സർക്കാർ പിഎംശ്രീ സ്കൂളുകൾക്ക് അനുവദിച്ച പ്രത്യേക ഫണ്ട് സ്വീകരിച്ചിട്ടില്ല. അതിനുമുമ്പുതന്നെ, 2025 നവംബർ 12ന്, സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിന്റ പശ്ചാത്തലത്തിൽ, പദ്ധതി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന ഒരു കത്ത് പിണറായി സർക്കാരിന് കേന്ദ്രസർക്കാരിലേക്ക് എഴുതാൻ നിർബന്ധിതമായി. പക്ഷേ, അപ്പോഴും പിഎംശ്രീ പദ്ധതി റദ്ദാക്കണമെന്നോ അതിൽനിന്ന് കേരള സർക്കാർ പിന്മാറുന്നുവെന്നോ സൂചിപ്പിക്കുന്ന ഒരു വരി ആ കത്തിൽ ഇല്ല എന്നതും ശ്രദ്ധിക്കുക.
എന്തായാലും, പിഎംശ്രീ പദ്ധതിയുടെ കാലാവധി 2027 മാർച്ച് 31ന് അവസാനിക്കുകയാണ്. അതിനാൽ, പദ്ധതി തുടരാൻ കേരളത്തിന് ബാധ്യതയില്ല. അതിനുശേഷം സംസ്ഥാനങ്ങൾ പൂർണ്ണമായി ഫണ്ട് നൽകി പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോകണമെന്നാണ് വ്യവസ്‌ഥ. അപ്പോൾ അതിനർത്ഥം, ഈ പദ്ധതിയ്ക്ക് പച്ചക്കൊടി കാണിച്ചാൽ സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇനിയങ്ങോട്ട് പിഎംശ്രീ പദ്ധതിയും എൻഇപി 2020ഉം പൂർണതോതിൽ നടപ്പാക്കാൻ സംസ്ഥാനം ബാധ്യസ്ഥമാകും എന്നാണ്.

വഞ്ചനയും കീഴടങ്ങലും

പിണറായി സർക്കാർ 2025 ഒക്ടോബർ 16-ാം തീയതി തന്നെ ധാരണാ പത്രം എക്സിക്യൂട്ട് ചെയ്തിരുന്നു. 23ന് ഡൽഹിയിൽ പോയി വിദ്യാഭ്യാസ സെക്രട്ടറി MOU കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി എന്നുമാത്രം. അപ്പോൾ, സംസ്ഥാന മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ച ചെയ്യാതെ, നിയമസഭയയിൽ അവതരിപ്പിക്കാതെ, ആരോരും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥർ വഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ച്, കേന്ദ്രസർക്കാരിന്റെ മുന്നിൽ കീഴടങ്ങുകയും സംസ്ഥാനത്തെ വഞ്ചിക്കുകയും ചെയ്ത കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഒരു നടപടിയുടെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുകയാണ്.
രഹസ്യമായി ഒപ്പുവെച്ച ധാരണാപത്രപ്രകാരം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി(Dosel) ആണ് പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ അഭിയാൻ വഴിയായിരിക്കും സംസ്ഥാനങ്ങളിൽ സ്കീം നടപ്പാക്കുന്നത്.  എസ്‌സിഇആർടി, ഡയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ ഏജൻസികൾക്ക് നടത്തിപ്പിന്റെ ഭാഗമാകാം എന്നുമാത്രം. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വരുത്താൻ ദേശീയ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഇടപെടാൻ ആവില്ല. എൻഇപി 2020ന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി സംസ്ഥാനത്ത് നടപ്പാക്കണം. മുഖ്യലക്ഷ്യം പുതിയ ദേശീയ വിദ്യാഭ്യാസ നയം പിഎംശ്രീയിലൂടെ നടപ്പാക്കിയെടുക്കുക എന്നതാണ്. MOU പ്രകാരം സംസ്ഥാന സർക്കാർ/ വിദ്യാഭ്യാസ വകുപ്പ് ഈ പ്രോജക്ട് നടപ്പാക്കുന്ന ഏജൻസി മാത്രമാണ്.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സമയാസമയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചുവേണം സ്കീം കേരളം നടപ്പാക്കാൻ. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പൊതുവിദ്യാലയങ്ങൾ കേന്ദ്രസർക്കാരിന്റെ കാൽക്കീഴിലേക്ക് വരുന്നു എന്നർത്ഥം. അപ്പോൾ, നമ്മുടെ പൊതു വിദ്യാലയങ്ങളെ പിണറായി സർക്കാർ പണയപ്പെടുത്തുവാനാണ് ശ്രമിച്ചതെന്ന് വ്യക്തം.
നമ്മുടേതുപോലെ ഒരു രാജ്യത്ത്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിലവിലുള്ള വിദ്യാഭ്യാസ വകുപ്പുകൾ വഴി എൻഇപി 2020ന്റെ ഉള്ളടക്കം പൂർണരൂപത്തിൽ നടപ്പാക്കാനാവില്ല എന്നതിനാലാണ് കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിനു വേണ്ടി പ്രധാനമന്ത്രിയുടെ സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന പ്രോജക്ട് തയ്യാറാക്കുന്നതും.

സിപിഐ(എം)ന്റെ പുതിയ വെളിപാടുകൾ

എന്നാൽ, വിചിത്രമെന്നു പറയട്ടെ മേൽപ്പറഞ്ഞ സംഘപരിവാർ നയം നടപ്പാക്കാൻ സംസ്ഥാനത്ത് പശ്ചാത്തലം ഒരുക്കി കൊടുത്ത, അതിനുവേണ്ടി ധാരണാപത്രം ഒപ്പുവെച്ച് മുന്നോട്ടു നീങ്ങിയ എൽഡിഎഫിന്റെ പിണറായി സർക്കാറിന് നേതൃത്വം കൊടുത്ത സിപിഐ(എം)ന്റെ മുഖപത്രമായ ദേശാഭിമാനി 2026 ജൂൺ 19-ാം തീയതി പിഎംശ്രീ പദ്ധതിയിൽനിന്ന് യുഡിഎഫ് ഗവൺമെന്റ് പിന്മാറണം എന്നാവശ്യപ്പെട്ട് എഡിറ്റോറിയൽ എഴുതിയിരിക്കുന്നു. പിഎംശ്രീ പദ്ധതിയിലൂടെ യുഡിഎഫ് നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട ആണെന്ന് എഡിറ്റോറിയൽ വിശദമാക്കുന്നു. പിഎംശ്രീയുടെ എംഒയു ഒപ്പുവെക്കാൻ ചരടുവലിച്ച അന്നത്തെ സ്കൂൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും ലേഖനം അതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു, “എൻഇപി പ്രാവർത്തികമാക്കാനുള്ള പ്രവേശന കവാടമാണ് പിഎംശ്രീ പദ്ധതി. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണവും മതാന്ധതയും ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്”. ഇരട്ടത്താപ്പിൽ സിപിഐ(എം) നേതാക്കളെ വെല്ലാൻ ആർക്കുമാവില്ല. എൻഇപിക്ക് എന്താണ് കുഴപ്പമെന്ന മറുചോദ്യം ചോദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് ഇപ്പോൾ ലേഖനം രചിച്ചിരിക്കുന്നത്.
എൻഇപി 2020 നടപ്പാക്കാനുള്ള സംഘപരിവാറിന്റെ അജണ്ട എന്തെന്ന് പൂർണമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പിണറായി സർക്കാർ പിഎംശ്രീ കരാറിൽ ഒപ്പുവെച്ചതെന്ന് ശിവൻകുട്ടിയും ദേശാഭിമാനിയും ഒടുവിൽ സമ്മതിച്ചു. അത് തുറന്നു സമ്മതിക്കാൻ ഭരണത്തിൽനിന്ന് പുറത്താക്കപ്പെടേണ്ടി വന്നുവെന്നുമാത്രം.

ചെറുത്തു നിൽപ്പാണ് പരിഹാരം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താനും അതുവഴി തങ്ങളുടെ ഫാസിസ്റ്റ് പദ്ധതികൾ  ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുമെന്ന വ്യക്തമായ കണക്കുകൂട്ടലോടെ  തയ്യാറാക്കിയ ഒരു ഫാസിസ്റ്റ് പദ്ധതിയേയാണ് നമ്മുടെ രാജ്യവും കേരളവും നേരിടുന്നത്. സംസ്ഥാനങ്ങളുടെ തനത് പാഠ്യപദ്ധതിയോ സിലബസ്സോ ബോധന സമ്പ്രദായമോ പിഎംശ്രീ സ്കൂളുകളിൽ നടപ്പാക്കാനാവില്ല. പാഠ്യപദ്ധതി, പഠനരീതി, മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുമാത്രമേ തീരുമാനിക്കുാനാകൂ.

രാജ്യത്തിന്റെ വൈജ്ഞാനിക വളർച്ച തടയുന്ന പിന്തിരിപ്പൻ നയമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. അത് ആധുനിക ശാസ്ത്രീയ-ജനാധിപത്യ-മതേതര വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം തൊഴിൽ ശേഷി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ആധുനികമായ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വളർന്നുവന്നത്. എന്നാൽ, കേവലം സാക്ഷരത മാത്രം സംഭാവന ചെയ്യുന്ന അക്ഷരജ്ഞാനം പോലും നേരായി പകരാത്ത, ഡിപിഇപി മാതൃകയിലുള്ള ബോധന സമ്പ്രദായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തി യിട്ടുള്ളത്- നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് അത് വ്യക്തമാക്കുന്നു. ഒപ്പം, ഭാരതീയ ജ്ഞാനവ്യവസ്ഥ എന്ന പേരിൽ അതിപുരാതനകാലത്തെ അന്ധവിശ്വാസജടിലമായ കാര്യങ്ങൾ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റാനും ദേശീയ ഫ്രെയിം വർക്ക് ശ്രമിക്കുന്നു. സംസ്കൃത പഠനവും വേദപഠനവും മറ്റുമൊക്കെ തിരിച്ചുകൊണ്ടുവരാൻ സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളും വ്യക്തമാണ്.
ശാസ്ത്രീയ-ജനാധിപത്യ-മതേതര വിദ്യാഭ്യാസ ഉള്ളടക്കത്തിന്റെ അവശേഷിപ്പുകളെങ്കിലും നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കണമെങ്കിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ വ്യക്തമായ നിലപാട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഈ ഗവൺമെന്റും പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനാൽ, പിഎംശ്രീ പ്രോജെക്ടിൽ നിന്നും  എൻഇപി 2020ൽ നിന്നും സർക്കാർ പിന്മാറുക തന്നെ വേണം. അതുവരേക്കും വിദ്യാഭ്യാസ സ്നേഹികൾ ഈ പ്രക്ഷോഭം നയിക്കാൻ ജാഗ്രതയോടെ നിലകൊള്ളണം. ഓർക്കുക, ചെറുത്തുനിൽപ്പ് മാത്രമാണ് വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള ഒരേയൊരു പോംവഴി.


Share this post

scroll to top