ഉന്നത കോടതികളിലെ ന്യായാധിപരുടെ പേരിൽ അടിക്കടി ഉയർന്നുവരുന്ന ആരോപണങ്ങളും ഭരണകൂടത്തിനും ഭരണകൂടത്തെ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകൾക്കും അനുകൂലമായി കോടതികളിൽനിന്നും ഉണ്ടാകുന്ന പക്ഷപാതപരമായ വിധികളും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്കകൾ ഉണർത്തുന്നു. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവർ പ്രതികരിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ ഉണ്ടായിട്ടുള്ളത്. ജഡ്ജി നിയമനത്തിൽ 12 വർഷമായി ഭരണകൂട ഇടപെടൽ വിവരണാതീതമാണെന്നാണ് ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ.എസ്.മുരളീധർ അഭിപ്രായപ്പെട്ടത്. സ്വതന്ത്രമായ ജഡ്ജി നിയമനം ഉറപ്പാക്കാനാവാത്തത് കൊളീജിയം സമ്പ്രദായത്തിന്റെ പോരായ്മയാണ്. നിയമന മാനദണ്ഡങ്ങളിലെ അവ്യക്തത, സുതാര്യതക്കുറവ്, മൊത്തത്തിലുള്ള കാര്യക്ഷമത ഇല്ലായ്മ എന്നിവയാണ് പ്രശ്നങ്ങൾ.
രാജ്യത്തെ ഉന്നത കോടതികളിലേക്കുള്ള ജസ്റ്റിസുമാരെ നിയമിക്കാനുള്ള അധികാരം 1993ലാണ് സുപ്രീംകോടതിയുടെ കൊളീജയത്തിന് ലഭിക്കുന്നത്. എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്കും വിവിധ ഹൈക്കോടതികളിലേക്കു നിയമിക്കേണ്ടതെന്ന് 1993ലെ ഭൂരിപക്ഷ വിധിയിൽ ജസ്റ്റിസ് ജെ.എൻ.വർമ്മ വ്യക്തമായി പറയുന്നുണ്ട്. നീതിന്യായ വ്യവസ്ഥയെയും ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഊന്നിയ നിയമപാലനവും ഉറപ്പാക്കുന്നതും ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണോ എന്ന പശ്ചാത്തലത്തിൽ വേണം ഈ വ്യക്തികളെ പരിശോധിക്കാൻ. നിയമപരമായ നിപുണതയും കേസ് കൈകാര്യം ചെയ്യാനുള്ള കഴിവും വ്യക്തികളുമായുള്ള പരിചയവും ആദർശ സ്വഭാവവും ദൃഢതയും ഭയമില്ലാത്ത സ്വതന്ത്ര വ്യക്തിയും ആയിരിക്കണം ജഡ്ജി. ജുഡീഷ്യറിയിൽ പൊളിറ്റിക്കൽ ഇടപെടൽ പാടില്ലെന്ന് 1993ലെ വിധിയിൽ സുപ്രീംകോടതി പ്രധാനമായും എടുത്തുപറയുന്നുണ്ട്. ഉയർന്ന ജനാധിപത്യബോധവും മൂല്യബോധവും ഭരണഘടനയെ കുറിച്ചുള്ള അവഗാഹവും നീതിബോധവും ഉണ്ടായിരിക്കേണ്ട ന്യായാധിപന്മാരുടെ അഴിമതി കഥകൾ സമൂഹത്തെ ആകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമ്മയുടെ ഔട്ട് ഹൗസിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയുണ്ടായി. രാജസ്ഥാൻ ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയുടെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയിലെ ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മൂന്ന് കത്തുകൾ എഴുതിയതിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. മറ്റു ബെഞ്ചുകളിൽ ഉള്ള കേസുകൾ തന്റെ ബെഞ്ചിലേക്ക് വിളിപ്പിച്ച് തീരുമാനമെടുക്കുന്നതുമുതൽ ജോലിയിലെ പക്ഷപാതിത്വവും നിയമനങ്ങളിലെ സ്വജനപക്ഷപാതിത്വവും വരെയുള്ള ആരോപണങ്ങളാണ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയ്ക്കെതിരെ ഉയർന്നുവന്നത്.
ഉത്തരവാദിത്തപ്പെട്ട ഒരു സുപ്രീംകോടതി ന്യായാധിപൻ തന്നെ കത്തുകളിലൂടെ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടും സെപ്റ്റംബർ 26ന് റിട്ടയർ ചെയ്യാനിരിക്കുന്ന രാജസ്ഥാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസിനെതിരെ എന്തെങ്കിലും നടപടികൾ നാളിതുവരെയും ഉണ്ടായിട്ടില്ല. ഇത്തരം നിർണായക സന്ദർഭങ്ങളിൽ ഭരണഘടന കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് പൊതുവെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പ്രത്യേകിച്ചും ചില അടിയന്തര ഇടപെടലുകൾ നടത്താൻ ബാധ്യതയുണ്ട്. മാസങ്ങളായി രാജസ്ഥാൻ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിനെ നിയമിക്കാതിരിക്കുകയും നിയമിക്കപ്പെട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെടുകയും ചെയ്തപ്പോൾ സത്വര നടപടികൾ കൈക്കൊള്ളാതിരിക്കുകയും ചെയ്തത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച തന്നെയാണ്. ന്യായാധിപന്മാരുടെ അഴിമതികൾ മാത്രമല്ല പക്ഷപാതപരമായ ഭരണകൂട അനുകൂല വിധികളും പൊതുസമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും വിമർശനവും അമർഷവും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.
അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ അന്തിമ വിധി പറഞ്ഞ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്നു മുന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഈ വിധിയിൽ ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്നതിന് തെളിവില്ലെന്ന് പ്രസ്താവിച്ചിരുന്നു. എന്നിട്ടും പള്ളി നിന്ന സ്ഥലം ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഉത്തരവ്. പിന്നീട് ഡി.വൈ.ചന്ദ്രചൂഡ് റിട്ടയർ ചെയ്ത ശേഷം സ്വന്തം നാട്ടിലെ ഒരു പൊതുപരിപാടിയിൽ വ്യക്തമാക്കിയത്, അയോധ്യാകേസിൽ പരിഹാരം കണ്ടെത്താൻ അദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചെന്നും അങ്ങനെയാണ് ആ വിധി ഉണ്ടായത് എന്നുമാണ്. കൂടാതെ ശ്രീനിവാസൻ ജെയ്ൻ, ഡി.വൈ.ചന്ദ്രചൂഡിനെ ഇന്റർവ്യൂ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ തന്നെ ബാബറി മസ്ജിദ് വിധിക്ക് വിരുദ്ധമായി, ബാബറി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ചിട്ടാണെന്ന് അഭിപ്രായപ്പെട്ടു. ഇവിടെ ബാബറി മസ്ജിദ് വിധി എഴുതുന്നതിലും തുടർന്ന് അഭിപ്രായപ്രകടനം നടത്തുന്നതിലും ഇന്ത്യൻ ഭരണഘടനയോ നിലവിൽ ഉണ്ടായിരുന്ന നിയമങ്ങളോ വസ്ത0തകളോ സത്യസന്ധതയോ ഒന്നുംതന്നെ അദ്ദേഹം അടിസ്ഥാനപ്പെടുത്തിയില്ല എന്ന് വ്യക്തമാകുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്തകുട്ടികളുടെ മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരവും എൻടിഎ നടത്തിയ പരീക്ഷാക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ യുവജനങ്ങളും വിദ്യാർത്ഥികളും നടത്തിയ സമരത്തിന്റെ ഒത്തുതീർപ്പ് ചർച്ചയിൽ, ജൂലൈ 29 വൈകിട്ട് ആകുമ്പോഴേക്കും സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ പിൻവലിക്കുന്ന കേസുകളുടെ നടപടിക്രമങ്ങൾ രേഖാമൂലം കൊടുക്കാം എന്ന് ജെ.പി.നഡ്ഡ ഉറപ്പ് നൽകിയിരുന്നു. എന്നാൽ 28-ാം തീയതി സുപ്രീംകോടതിയിൽ മറിച്ചൊരു നിലപാട് എടുത്തു കൊണ്ട് എഫ്ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന രീതിയിൽ വിധി സമ്പാദിക്കുകയുണ്ടായി. എഫ്ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാം എന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്, ഞങ്ങൾ എന്തുചെയ്യാനാണ് എന്ന വ്യാജേന കരാറിൽനിന്ന് ഗവൺമെന്റ് ഒഴിഞ്ഞുമാറി. ജെൻസി പ്രക്ഷോഭണത്തിനിടയിൽ പോലീസിന്റെ കൂടെവന്ന്, പോലീസിന്റെ ഹെൽമെറ്റ് ധരിച്ച് കുട്ടികളെതല്ലുന്ന ഗുണ്ടകൾ വളരെ പ്രകടമായി അക്രമം നടത്തിയിട്ട് അവർ ആരാണെന്നോ അവരെ തിരിച്ചറിയാൻ എന്തെങ്കിലും ചെയ്തോ എന്ന് ഒരു ചോദ്യംപോലും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാത്രമല്ല ഇതിന്റെ വീഡിയോ കണ്ടു സമയം കളയാൻ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുകയും ചെയ്തു.
ബിജെപി ഇതരപാർട്ടികളിലെ എംഎൽഎമാരെ ഹോട്ടലുകളിൽ പാർപ്പിച്ച് പണം വാരിയെറിഞ്ഞ് തങ്ങളുടെ പാർട്ടിയിൽ ചേർക്കുന്ന പ്രവണത സുപ്രീംകോടതി ചോദ്യം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ദുഷ്യന്ത് ദവേയാണ് ചൂണ്ടിക്കാട്ടിയത്. അഴിമതി തുടച്ചുനീക്കാൻ എന്ന പേരിൽ കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഒരു പരിധിയിൽ കൂടുതൽ ഇത്തരം വേട്ടയാടൽ തുടരുമ്പോൾ എന്തുകൊണ്ടാണ് ജുഡീഷ്യറി ഉണർന്ന് പ്രവർത്തിക്കാത്തത്?
ഉത്തർപ്രദേശിൽ റിപ്പോർട്ടിങ്ങിനുപോയ മലയാളി ജേർണലിസ്റ്റ് പി.സിദ്ധിഖ് കാപ്പന് രണ്ടുവർഷം കഴിഞ്ഞിട്ടാണ് ജാമ്യം കിട്ടുന്നത്. അതേസമയം സർക്കാറിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്ന, ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ലക്ഷ്യംവെച്ച് രാജ്യദ്രോഹ പരാമർശം നടത്തുന്ന, വിദ്വേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന നേതാക്കന്മാർക്ക് 24 മണിക്കൂറിനകം ജാമ്യം നൽകുന്നു.എസ്ഐആറിനെതിരെ ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും’, മറ്റ് ചില സ്വതന്ത്ര ഗ്രൂപ്പുകളും എസ്ഐആർ നടപ്പിലാക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എസ്ഐആർ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ ഇതിനെ കുറിച്ചുള്ള ഭയം ഊഹം മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അഭിപ്രായപ്പെട്ടത്. പിന്നീട് 65 ലക്ഷം പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടു. വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാൻ സുപ്രീംകോടതി നിർദേശിച്ചു. രാഷ്ട്രീയ പാർട്ടികൾക്കും പാരാലീഗൽ വോളണ്ടിയേഴ്സിനും പേരുകൾ ഒഴിവാക്കപ്പെട്ട ആളുകളെ സഹായിക്കുവാൻ കോടതി നിർദ്ദേശം നൽകി. കൂടാതെ മറ്റൊരു നടപടിയും കോടതി സ്വീകരിച്ചില്ലെന്നു മാത്രമല്ല എസ്ഐആർ തുടരുവാൻ അനുവാദം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ ഉത്തരവാദിത്തം പൂർണ്ണമായി നിർവഹിക്കുമെന്ന് തങ്ങൾക്ക് യാതൊരു സംശയവും ഇല്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ബീഹാർ എസ്ഐ ആറിനെതിരെ സുപ്രീം കോടതിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് വന്ന കേസിൽ ബീഹാർ തിരഞ്ഞെടുപ്പിന്റെ ഫലം വരെ പ്രഖ്യാപിച്ചതിനു ശേഷവും കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളെ ആരുഭരിക്കണം എന്ന് തീരുമാനിക്കുവാനുള്ളജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശം ലക്ഷക്കണക്കിന് ആളുകൾക്ക് നിഷേധിക്കുന്നതിൽ കോടതിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല.
റോഡ് നിർമ്മാണത്തിലെ അഴിമതി തെളിയിക്കാൻ ശ്രമിച്ച വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റിനെ ഒരു കേസിൽ പെടുത്തി ജയിലിൽ അടച്ചപ്പോൾ അദ്ദേഹത്തിന്റെ ജാമ്യവുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് മുൻപിലെത്തി. ആ കേസ് പരിഗണിച്ചപ്പോൾ, ജാമ്യാപേക്ഷകൻ വിവരാവകാശ പ്രവർത്തകനാണെന്ന് അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ആവർത്തിച്ചു പറഞ്ഞപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കുപ്രസിദ്ധമായ പരാമർശം നടത്തിയത്. “ഇവിടെ കുറെ ആളുകളുണ്ട്. അവർക്ക് യാതൊരു തൊഴിലുമില്ല. ചിലപ്പോൾ ആർടിഐ ആക്ടിവിസ്റ്റ് ആകും, അല്ലെങ്കിൽ മീഡിയ ആക്ടിവിസ്റ്റ്, അതുമല്ലെങ്കിൽ സോഷ്യൽ ആക്ടിവിസ്റ്റ് ആകും, അല്ലെങ്കിൽ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്.” തുടർന്നാണ് യുവാക്കളെ പാറ്റകളോട് അദ്ദേഹം താരതമ്യപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ഇത്തരത്തിൽ വിവരങ്ങൾ തേടി സർക്കാരിനെ മോണിറ്റർ ചെയ്യേണ്ട ആവശ്യമില്ല, അതിന് സർക്കാർ സംവിധാനങ്ങളുണ്ട് എന്ന ജനാനുകൂലമല്ലാത്ത മനോഭാവവും വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉൾക്കൊള്ളാത്തതും മൂലമാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തിയത്.
സർക്കാരിന് എങ്ങനെയൊക്കെ ഗുണകരമാവുന്ന രീതിയിൽ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതിയും മനസ്സിലാക്കിയ തരത്തിലുള്ള ഒരു കൊടുക്കൽ വാങ്ങൽ ഈ രണ്ടു സ്ഥാപനങ്ങളും തമ്മിലുണ്ട് എന്ന് പൊതുസമൂഹത്തിന് ന്യായമായും സംശയിക്കാം.
കോടതികളിൽനിന്നും ജനാനുകൂലവും സർക്കാറിന്റെ താല്പര്യത്തിന് വിരുദ്ധവുമായ ഒരു വിധി അഥവാ ഉണ്ടായാൽ അതിനെ പുതിയ നിയമം ഉണ്ടാക്കി മറികടക്കുന്ന പ്രവണതയും കൂടി വരികയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും പ്രസിഡന്റ് നിയമിക്കേണ്ടത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഒരു കമ്മറ്റിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ 2023 ഡിസംബർ 21ന് മോദി സർക്കാർ പുതിയൊരു ബില്ല് പാസാക്കി.ഇതുപ്രകാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആയിരിക്കണം പ്രസിഡന്റ് ചീഫ് ഇലക്ഷൻ കമ്മീഷണറേയും മറ്റും നിയമിക്കേണ്ടത്. അതായത് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ഒരാളെ നിയമിക്കുന്നതിനുള്ള അവസരം ഇതുവഴി കേന്ദ്രസർക്കാർ ഒരുക്കിയെടുത്തു.
1961 ലെ തിരഞ്ഞെടുപ്പ് ചട്ടം സെഷൻ 93(2) അനുസരിച്ച് ഫീസ് അടച്ച് ആർക്കും തിരഞ്ഞെടുപ്പ് പേപ്പറുകൾ ആവശ്യപ്പെടാം. അങ്ങനെ ആവശ്യപ്പെടുന്ന പേപ്പറുകൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരാണ്. ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി 2024 ഡിസംബർ 11 ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി, ഒരു കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് മെഹമൂദ് പ്രേച്ചക്ക് പോളിംഗ് സ്റ്റേഷനുകളിലെ സിസിടിവി ഫൂട്ടേജും ഫോം 17 C ഉൾപ്പെടെയുള്ള പേപ്പറുകളും നൽകുവാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ഹൈക്കോടതി നിരീക്ഷിച്ചത് തിരഞ്ഞെടുപ്പ് പേപ്പറുകളിൽ സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുമെന്നാണ്. എന്നാൽ ഈ ഉത്തരവ് മറികടക്കുന്നതിന് 2024 ഡിസംബർ 20ന് മോദി സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തു. ചട്ടം 93 (2) പ്രകാരമുള്ള പേപ്പറുകളിൽ എന്തൊക്കെ ഉൾപ്പെടുത്തുമെന്ന് വ്യക്തത വരുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളെ തിരഞ്ഞെടുപ്പ് പേപ്പറുകളിൽ ഉൾപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ ഇനി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുവാൻ സാധിക്കുകയില്ല. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 20 ന് മറ്റൊരു ചട്ടവുമായി വന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യംചെയ്യപ്പെട്ടിട്ടില്ല എങ്കിൽ സിസിടിവി ദൃശ്യങ്ങൾ മായിച്ചു കളയും.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പ്രകടിപ്പിച്ച അഭിപ്രായം വളരെ ശ്രദ്ധേയമാണ്. അധികാരികളോട് ചോദ്യമുയർത്തിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. ചോദ്യം ഉയർത്തുന്നത് ജനാധിപത്യത്തിൽ ധിക്കാര നടപടിയല്ല. പൗരത്വവും സ്വാതന്ത്ര്യവും ഭരണഘടന ഉത്തരവാദിത്തവുമാണത്. ചിന്തകൾ ഒരേപോലെ ആകണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നില്ല. വൈരുദ്ധ്യങ്ങളെ വിശാല ഭരണഘടന ചട്ടക്കൂടിനുള്ളിൽ സംരക്ഷിക്കണം. സഹിഷ്ണുത എന്ന ആശയത്തിന് ആഴത്തിലുള്ള അർത്ഥമാണ് നമ്മുടെ ഭരണഘടന നൽകുന്നത്. സ്വതന്ത്ര സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളും ഉണ്ടാകും..എതിർ അഭിപ്രായത്തിന് ഇടമുണ്ടെങ്കിലേ അഭിപ്രായസ്വാതന്ത്ര്യത്തിന് അർത്ഥമുണ്ടാവൂ. അസഹിഷ്ണുതയുള്ള മനസ്സ് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരില്ല. സ്വാതന്ത്ര്യത്തെയും വ്യത്യസ്തതകളെയും ബഹുമാനിക്കുന്ന ജനാധിപത്യസമൂഹം വേണമെങ്കിൽ അത് സർവ്വകലാശാലകളിൽ നിന്ന് തുടങ്ങണം. വിദ്യാർഥികളെ സ്വതന്ത്രമായി ചിന്തിക്കാനും ചോദ്യമുയർത്താനും പ്രോത്സാഹിപ്പിക്കണം.
കോടതികളിൽ നടക്കുന്ന തെറ്റായ നടപടികൾ തടയുന്നതിന് അഭിഭാഷകർക്കും അഭിഭാഷക സംഘടനകൾക്കും സുപ്രധാനമായ പങ്ക് നിർവഹിക്കാനുണ്ട്. “ബാർ കൗൺസിലുകൾക്ക് അഭിഭാഷകരുടെ ബഹുമാനം നേടാനാവുന്നില്ല. അത് നല്ല സൂചനയല്ല. അഭിഭാഷകർ സ്വന്തം നിലയ്ക്കും അഭിഭാഷക സംഘടനകൾ എന്ന തരത്തിലും കർത്തവ്യങ്ങളെക്കുറിച്ച് ആത്മ പരിശോധന നടത്തണം” എന്നാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്ന അഭിപ്രായപ്പെട്ടത്.
നിയമങ്ങൾ പരാജയപ്പെടുന്നിടത്ത് സംഘടിതവും സമാധാനപൂർണ്ണവുമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ രാജ്യമെമ്പാടും വളർന്നു വരണം. ഇങ്ങനെ വളർന്നുവരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്കു മാത്രമേ മതേതരത്വവും ജനാധിപത്യവും അതുവഴി ഭരണഘടനയും സംരക്ഷിച്ചു നിർത്തുവാൻ കഴിയുകയുള്ളൂ.
