സംസ്ഥാന ബജറ്റ് : മുതലാളിത്ത വിധേയത്വത്തിന്റെ നയരേഖ 

budget-copy.jpg
Share

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പേ, അന്നത്തെ എൽഡിഎഫ് സർക്കാരിനു വേണ്ടി ധനമന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാൽ സമ്പൂർണ്ണബജറ്റുതന്നെ അവതരിപ്പിച്ചിരുന്നതിനാൽ, പുതുക്കിയ ബജറ്റായിട്ടായിരുന്നു വി.ഡി.സതീശൻ ബജറ്റ് അവതരിപ്പിച്ചത്.

ബജറ്റിനു മുമ്പുതന്നെ അവതരിപ്പിക്കപ്പെട്ട ധവളപത്രത്തിലൂടെ, സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും ഭീമമായ കടബാധ്യതയും യുഡിഎഫ് സർക്കാർ പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. തികഞ്ഞ മുതലാളിവർഗ്ഗ താല്പര്യത്തിലൂന്നിയ നയങ്ങൾ ഇടതുപക്ഷലേബലിൽ നടപ്പാക്കിക്കൊണ്ടിരുന്ന മുൻസർക്കാരിൽ നിന്നും വ്യത്യസ്തമായ നയസമീപനമാണ് യുഡിഎഫ് സർക്കാരിൽനിന്നും ജനങ്ങൾ പ്രതീക്ഷിച്ചതും, അതിനാണ് വോട്ടുനൽകിയതും. തുടക്കത്തിൽ അത്തരം ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെങ്കിലും, മുൻസർക്കാരിന്റെ നയങ്ങളുടെ തുടർച്ച മാത്രമാണ് നിലവിൽ വന്നതെന്നും, സ്വകാര്യമൂലധന താല്പര്യങ്ങളുടെ നടത്തിപ്പ് കൂടുതൽ ശക്തമായി നിർവ്വഹിക്കുക മാത്രമാകും തങ്ങൾ ചെയ്യുകയെന്നും വി.ഡി.സതീശൻ തന്റെ ആദ്യബജറ്റിലൂടെതന്നെ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വെളിവാക്കുന്നതാണ് നമ്മൾ കാണുന്നത്.
റിസർവ് ബാങ്ക് അവലോകനപ്രകാരം 5.07 ലക്ഷം കോടി രൂപയുടെ മൊത്തം കടബാധ്യതയാണ് സംസ്ഥാനം നേരിടുന്നതെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. സംസ്ഥാനത്തിന്റെ റവന്യൂ വരവിന്റെ 20.9 ശതമാനവും പലിശയിനത്തിലാണ് ചെലവാകുന്നത്. സംസ്ഥാനത്തിന്റെ മൂലധനച്ചെലവാകട്ടെ, സംസ്ഥാന ജിഡിപിയുടെ വെറും 1.3% മാത്രവും. 2025-26ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 6.41% മാത്രമാണ്. സംസ്ഥാന സർക്കാർ കൊടുത്തുതീർക്കേണ്ട കുടിശ്ശികകളുടെ ഭീമമായ ഭാരം നേരത്തേ ധവളപത്രത്തിലൂടെ വെളിവാക്കപ്പെട്ടിരുന്നു. ജീവനക്കാർക്ക് കൊടുക്കാനുള്ള ക്ഷാമബത്ത കുടിശ്ശികതന്നെ 21,670 കോടി രൂപയുണ്ട്. പെൻഷൻകാർക്കുള്ള ഡിആർ 14,387 കോടി കുടിശ്ശികയാണ്. 431 കോടി രൂപ കോൺട്രാക്ടർമാർക്കും ബാങ്കുകൾക്കും കൊടുക്കാനുണ്ട്. ഇതിനൊക്കെ പുറമേ, കിഫ്ബി വഴി 21,000 കോടിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻസ് ലിമിറ്റഡ് കമ്പനി വഴി 17,279 കോടിയും സംസ്ഥാനത്തിന് ബാധ്യതയുണ്ട്. അതായത്, 87,000 കോടിയിൽപരം രൂപയുടെ ബാധ്യത കൊടുത്തുതീർക്കുന്നതിനായി സർക്കാരിനു മുന്നിലുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ആവർത്തിക്കുന്നു. കൂടാതെ, കിഫ്ബി വഴി ഇതിനോടകം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കായി 35,000 കോടിയോളം കണ്ടെത്തേണ്ടതുമുണ്ട്.

പിണറായി വിജയന്റെ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാനബജറ്റിൽ നല്ലൊരുഭാഗം കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയെയും നീതിനിഷേധത്തെയും ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെയും കുറിച്ച് പ്രസംഗിക്കാനാണ് അന്നത്തെ ധനമന്ത്രി ശ്രമിച്ചത്. പക്ഷേ, അതേ ബജറ്റിൽതന്നെ സംസ്ഥാനത്തിന്റെ വരവ് കണക്കാക്കിയതാകട്ടെ, ഒട്ടും യുക്തിക്ക് നിരക്കാത്ത തരത്തിൽ കേന്ദ്രത്തിൽനിന്നുള്ള വർധിച്ച വിഹിതം കൂട്ടിച്ചേർത്തു കൊണ്ടും. ഇതിലെ യുക്തിയില്ലായ്മ ഞങ്ങൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ വസ്തുത ഇപ്പോൾ കണക്ക് സഹിതം പുതുക്കിയ ബജറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്നു കിട്ടേണ്ട റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തിൽ 20,500 കോടി രൂപയാണ് മുൻസർക്കാർ ബജറ്റിൽ അധികമായി വകയിരുത്തിയത്. ഈ പൊള്ളത്തരം വെളിപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ മുഖ്യമന്ത്രി കുറവുവരുത്തിയിരിക്കുന്നു. അതുപോലെതന്നെ അതിന് അനുസൃതമായി ചെലവുകളിലും കുറവുകൾ വരുത്തിയിട്ടുണ്ട്. മുൻസർക്കാരിന്റെ ബജറ്റിനെ അപ്പാടെ മാറ്റാതെ ധനപരമായ ഒരു തിരുത്തലാണ് ബജറ്റിൽ നടത്തിയത് എന്നുപറയാം. അതോടൊപ്പം, സ്വകാര്യമൂലധനത്തിന്റെ പങ്കാളിത്തമാണ് സമ്പദ്ഘടനയുടെ ചാലകശക്തിയാകേണ്ടതെന്ന് വളരെ വ്യക്തമായി സ്ഥാപിക്കാൻ ശ്രമിക്കുകയാണ് പുതിയ ബജറ്റിൽ.

തിരഞ്ഞെടുപ്പിനുമുമ്പ് അന്നത്തെ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽനിന്നു വ്യത്യസ്തമായി കണക്കുകളിൽ യാഥാർത്ഥ്യബോധം കൊണ്ടുവന്നു, വരവിലും ചെലവിലും ചിട്ടപ്പെടുത്തലുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിയെ അല്പംകൂടി യുക്തിഭദ്രമായി നേരിടാൻ ശ്രമിക്കുന്നു എന്നത് കാണാം. പക്ഷേ, ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വൻതോതിൽ വർധിപ്പിക്കാനുതകുന്ന പ്രീമിയം ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതാണ് സർക്കാരിന്റെ മുഖ്യ ഉദ്ദേശ്യമെന്നാണ് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം, ആധുനികവും നൂതനവുമായ തന്ത്രങ്ങളിലൂടെ വിവിധമേഖലകളിൽ വൻതോതിലുള്ള നിക്ഷേപം ആകർഷിച്ച്, അതിലൂടെ ഖജനാവിലേക്കുള്ള വിഭവസമാഹരണം നടത്തി, ഇങ്ങനെ സമാഹരിക്കുന്ന സമ്പത്തിനെ ന്യായയുക്തമായി വിതരണം ചെയ്യുക എന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമത്രേ. കേരളത്തിന്റെ സാമ്പത്തികരംഗത്തെ ഉണർത്താനുള്ള ഈ നവീനപദ്ധതികൾ എന്തെല്ലാമാണ്?

സ്വപ്നപദ്ധതികളുടെ യാഥാർത്ഥ്യം

ഒന്നാമതായി പ്രഖ്യാപിച്ചിരിക്കുന്നതാണ് മിഷൻ സമുദ്ര. തുറമുഖവകുപ്പിന്റെ ചുമതലകൂടി കൈവശംവെച്ചിട്ടുള്ള മുഖ്യമന്ത്രി തന്റെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കുന്ന മിഷൻ സമുദ്രയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ, ഇതിൽ എന്താണ് നൂതനം എന്ന് ആർക്കും സംശയം തോന്നാം. 600 കിലോമീറ്ററോളം നീളമുള്ള കേരളത്തിന്റെ തീരദേശത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിനെയും 17 ചെറുകിട തുറമുഖങ്ങളെയും കോർത്തിണക്കിയുള്ള ഈ ബൃഹദ്പദ്ധതിയിലൂടെ, അടുത്ത 5 വർഷംകൊണ്ട് കേരളത്തെ ആഗോളതലത്തിൽ തന്നെ പ്രധാന സമുദ്രയാന കേന്ദ്രമാക്കുമെന്നും, കേരളത്തെയൊന്നാകെ ഒരു തുറമുഖനഗരമാക്കി മാറ്റുമെന്നുമൊക്കെയാണ് പ്രഖ്യാപനം. കേൾക്കുമ്പോൾ ഗംഭീരമെന്നു തോന്നാമെങ്കിലും, പരിശോധിക്കുമ്പോൾ ഇത് അദാനിയുടെ നീരാളിക്കൈകളിലേക്ക് കേരളത്തിന്റെ തീരവും സംസ്ഥാനത്തിന്റെ ഭാവിയും ഒന്നടങ്കം തീറെഴുതാനുള്ള പദ്ധതിയാണോ എന്ന് സംശയിക്കേണ്ടി വരും. പേരെടുത്തു പറയുന്നില്ലെങ്കിലും അദാനിയുടെ വിഴിഞ്ഞത്തെ കേന്ദ്രീകരിച്ചുതന്നെയാണ് പദ്ധതിയുടെ നിലവിലെ വിശദാംശങ്ങൾ പറഞ്ഞിട്ടുള്ളത്. 400 കോടി രൂപയാണ് മിഷൻ സമുദ്ര പദ്ധതികൾക്കും തുറമുഖ നഗരത്തിനുമായി നീക്കിവെച്ചിരിക്കുന്നത്. പക്ഷേ, രസകരമായ കാര്യമെന്തെന്നാൽ, തൊട്ടുമുന്നേ ബാലഗോപാൽ അവതരിപ്പിച്ച എൽഡിഎഫിന്റെ ബജറ്റിലും വിഴിഞ്ഞത്തെ കേന്ദ്രമാക്കിക്കൊണ്ട് ഏറെക്കുറെ സമാനമായ കാര്യങ്ങളും നീക്കിയിരിപ്പും അവതരിപ്പിച്ചിരുന്നു. പദാവലിയിലുള്ള വ്യത്യാസമുണ്ട്, പക്ഷേ നയപരമായി യാതൊരു വ്യത്യാസവുമില്ല. വിഴിഞ്ഞത്തോട് അനുബന്ധിച്ച് വ്യവസായികമേഖല വികസിപ്പിക്കുന്നതിനായി കിൻഫ്ര വഴി വായ്പയെടുത്ത് 1000 കോടി ലഭ്യമാക്കും എന്ന പ്രഖ്യാപനം എൽഡിഎഫ് നടത്തിയിരുന്നു. എൽഡിഎഫിന്റെ ബജറ്റിൽ തിരുവനന്തപുരത്തും പരിസരത്തും മാത്രം അദാനിയുടെ വികസനം ഒതുങ്ങിനിന്നെങ്കിൽ അത് കേരളമാകെ വ്യാപിപ്പിക്കാനുള്ള അവസരമൊരുക്കുകയല്ലേ വി.ഡി.സതീശൻ? സംസ്ഥാനത്തിന് സാമ്പത്തികനേട്ടമോ കാര്യമായ തൊഴിലവസരങ്ങളോ സൃഷ്ടിക്കാതെ, പരിസ്ഥിതിക്കും, മത്സ്യബന്ധനമേഖലയ്ക്കും ആഘാതമേൽപ്പിച്ച് അദാനിക്കുമാത്രം നേട്ടമുണ്ടാക്കുന്നതരത്തിൽ മുന്നോട്ടുപോകുന്ന ഒന്നു മാത്രമാണ് വിഴിഞ്ഞം പദ്ധതി. അതിലേക്ക് സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നെടുത്തും കടം വാങ്ങിയും പണം ചൊരിയുന്ന പണി ഈ സർക്കാരും തുടരുകയാണ്. എന്തൊക്കെ പേരു മാറ്റി വിളിച്ചാലും എൽഡിഎഫിന്റെ അദാനി വിധേയത്വനയം പൂർവ്വാധികം ശക്തിയോടെ തുടരുക മാത്രമാണ് യുഡിഎഫും എന്നാണ് ഈ പദ്ധതിയിലൂടെ നമുക്ക് മനസ്സിലാക്കാനാകുന്നത്.

ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയും അപൂർവ്വ ധാതു ഇടനാഴിയുമാണ് വി.ഡി.സതീശൻ മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ചേർത്തുകൊണ്ടാണ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനം. ഇതിൽ ആലപ്പുഴയെ ഇന്ത്യയുടെ ‘ബ്ലൂ എക്കോണമി’ തലസ്ഥാനമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ സമുദ്രവിഭവങ്ങളെ സംരക്ഷിക്കുക എന്ന പേരിൽ അതിന്റെ വ്യവസായിക സാദ്ധ്യതകളെ ചൂഷണംചെയ്ത് കോർപ്പറേറ്റുകൾക്ക് സാമ്പത്തികനേട്ടമുണ്ടാക്കാനായി അവതരിപ്പിക്കപ്പെട്ട, മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഈ  ‘ബ്ലൂ എക്കോണമി’. അതിന്റെ ആധാരശില, നരേന്ദ്ര മോദിക്കും ബിജെപിക്കും ഏറ്റവും വേണ്ടപ്പെട്ട അദാനി ഗ്രൂപ്പിന്റെ താല്പര്യമാണെന്നത് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാനാകും. തീരത്തെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള വലിയൊരു വിഭാഗം സാധാരണക്കാർക്ക് കടൽ അന്യമാക്കി അതിനെ കുത്തകമുതലാളിമാരുടെ ലാഭാർത്തിക്കായി കൈമാറുന്ന തട്ടിപ്പുമാത്രമല്ലേ ഇത്? മത്സ്യത്തൊഴിലാളി സമൂഹത്തെ ഏറ്റവും അനുഭാവത്തോടെ പരിഗണിക്കുന്നു എന്ന് മേനിനടിക്കുന്ന അതേ ബജറ്റിൽ തന്നെയാണ്, അവരുടെ താല്പര്യങ്ങൾക്ക് ഏറ്റവും വിഘാതമായി തീരാൻ സാധ്യതയുള്ള ബിജെപിയുടെ ഈ സ്വപ്നപദ്ധതിയെ യുഡിഎഫ് സർക്കാർ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നത്. അതേപോലെ തന്നെ അപകടകരമാണ് ഈ ധാതു ഇടനാഴിയും. ഇവിടെയും, വിഴിഞ്ഞം തുറമുഖം മുതൽ ചവറ വഴി കൊച്ചിവരെ നീളുന്ന അപൂർവ്വധാതു ഇടനാഴി, മുൻ ബജറ്റിൽ അവതരിപ്പിച്ചതുതന്നെയാണ്. ഇത് കൂടുതൽ വിശാലമായി കേന്ദ്രസർക്കാർതന്നെ അവതരിപ്പിച്ചിട്ടുള്ളതുമാണ്. മുൻബജറ്റിൽ 100 കോടി നീക്കിവെച്ചിരുന്ന പദ്ധതിയെ, ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് അതിനോട് കൂട്ടിക്കെട്ടുന്ന കൺകെട്ട് മാത്രമല്ല ഇപ്പോഴത്തെ ബജറ്റിൽ കാണുന്നത്. നിലവിൽ തന്നെ കരിമണൽഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്നവും അതിനെതിരേയുള്ള ജനകീയപ്രക്ഷോഭവും, അതിലെ സ്വകാര്യമൂലധന താല്പര്യങ്ങളും അഴിമതിക്കഥകളുമൊക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ, ധാതുഖനനത്തെ വിപുലീകരിച്ച് സാമ്പത്തിക ഇടനാഴിയുമായും  ‘ബ്ലൂ എക്കോണമി’യുമായും കൂട്ടിക്കെട്ടുന്നത് തികഞ്ഞ കോർപ്പറേറ്റ് താല്പര്യം മാത്രമാണെന്നത് വ്യക്തമാണ്. ആ താല്പര്യം വിധേയത്വത്തോടെ നടപ്പാക്കുന്നതിൽ ബിജെപിയുടെയും എൽഡിഎഫിന്റെയും തുടർച്ച മാത്രമാണ് യുഡിഎഫെന്നുള്ള വ്യക്തമായ സന്ദേശമാണ് ബജറ്റ് നൽകുന്നത്.
ഇതേ പോലെ, ‘ഇൻവെസ്റ്റ് കേരളം’, ‘ഏവിയേഷൻ ഹബ്ബ്’,  ‘സ്പേസ് എക്കോണമി’, ‘കേരള നോളഡ്ജ് വാലി’, ‘കേരള സിൽവർ എക്കോണമി’ എന്നിങ്ങനെ പദ്ധതികളുടെയും പ്രഖ്യാപനങ്ങളുടെയും നീണ്ട നിര പുതിയ ബജറ്റിൽ നമുക്ക് കാണാനാകും. പക്ഷേ ഇവയിൽ പലതും മുൻബജറ്റിന്റെ തുടർച്ചതന്നെയാണ്. മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ സർക്കാരുകൾ തുടർച്ചയാണല്ലോ. അതിലുപരി, ഈ കക്ഷികളൊന്നും തമ്മിൽ നയപരമായി യാതൊരു വ്യത്യാസവുമില്ല എന്നതിനും ഇത് അടിവരയിടുന്നു.

പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും ഇരട്ടത്താപ്പ്

ബജറ്റിൽ പ്രഖ്യാപിച്ചവയടക്കം വി.ഡി.സതീശൻ സർക്കാർ അടുത്തിടെ നടത്തുന്ന പ്രഖ്യാപനങ്ങളും നയങ്ങളുമൊക്കെ മുൻസർക്കാരിന്റെ തുടർച്ച തന്നെയാണെന്ന് മുഖ്യമന്ത്രിതന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതാണല്ലോ. പിഎംശ്രീ തന്നെ ഉദാഹരണം. അതേപോലെ തന്നെ, ബജറ്റിൽ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി പുതുക്കി നിശ്ചയിച്ചതും, മേല്പറഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുമൊക്കെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവർ കൈക്കൊണ്ട നടപടികളുടെ തുടർച്ചതന്നെയാണ്. സിഎംആർഎൽ എന്ന സ്വകാര്യകമ്പനിയുടെ താല്പര്യം സംരക്ഷിക്കാനായി തോട്ടപ്പള്ളിയിലെ ധാതുമണൽഖനനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുള്ള നടപടികളും അതിനെതിരെ ഉയർന്ന ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതും കേരളം മറക്കില്ല. നാണംകെട്ട നിലയിൽ ശശിധരൻ കർത്തായുടെ കരിമണൽകൊള്ളയ്ക്ക് സർവ്വ ഒത്താശയും ചെയ്തുകൊടുത്തവരാണിവർ. എന്നിട്ടും ഇതുമായൊന്നും തങ്ങൾക്ക് യാതൊരു ബന്ധവുമില്ലായിരുന്നു എന്ന മട്ടിലാണ് സിപിഐ(എം)ഉം എൽഡിഎഫും ഇപ്പോൾ പ്രതിഷേധസ്വരമുയർത്തുന്നത്. രണ്ടുമാസം മുന്നേവരെ, വളരെ ആവേശത്തോടെ ഇതേ കാര്യങ്ങൾക്കുവേണ്ടി മുന്നിട്ടിറങ്ങിയവർ ഇന്ന് അതിൽ യാതൊരു കുറ്റബോധവും തൊട്ടുതീണ്ടാതെ തികഞ്ഞ കാപട്യത്തോടെ പ്രതിഷേധ പ്രഹസനം നടത്തുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്. നീണ്ട പത്തുവർഷക്കാലം ഏറ്റവും ആത്മാർത്ഥമായും വിധേയത്വത്തോടെയും മുതലാളിവർഗ്ഗതാല്പര്യങ്ങളും, കേന്ദ്രത്തിലെ മോദി സർക്കാരിന്റെ നയപരിപാടികളും, ജനകീയ പ്രതിഷേധങ്ങളെപ്പോലും അടിച്ചമർത്തി കേരളത്തിൽ നടപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്തുനിന്നവരായിരുന്നു പിണറായി വിജയനും കൂട്ടരും. ഇന്ന് അതേയാളുകൾ കടകവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് നടത്തുന്ന പ്രതിഷേധ നാടകങ്ങൾ കേവലം ആത്മാർത്ഥതയില്ലായ്മ മാത്രമല്ല, ഈ വിഷയങ്ങളിൽ ഉണ്ടായിവരാൻ സാധ്യതയുള്ള യഥാർത്ഥ ജനകീയ പ്രക്ഷോഭങ്ങളെ വഴിതെറ്റിക്കുവാനായി നടത്തുന്ന ശ്രമം കൂടിയാണോ എന്നുപോലും സംശയിക്കേണ്ടിവരുന്നു. ഈ പ്രതിഷേധങ്ങളിൽ സിപിഐ(എം)നോ എൽഡിഎഫിനോ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ, അവർ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ ഭരണകാലത്ത് ഈ വിഷയങ്ങളിൽ സംഭവിച്ച തെറ്റുകൾ പൊതുസമൂഹത്തോട് ഏറ്റുപറയുക എന്നതാണ്. എന്നിട്ട്, കേവലം വോട്ട് രാഷ്ട്രീയത്തിനായുള്ള ഇത്തരം നാടകങ്ങൾക്കപ്പുറം, യഥാർത്ഥ ബഹുജനപ്രക്ഷോഭങ്ങൾക്കൊപ്പം അണിചേരുക. അല്ലാതെ കാട്ടിക്കൂട്ടുന്ന ഇത്തരം ചെയ്തികൾ അവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?

മറുവശത്ത്, താൻ നെഹ്രുവിയൻ സോഷ്യലിസ്റ്റാണ് എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയയാളാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. അദ്ദേഹത്തിന്റെ പാർട്ടിയുടെ നേതാവ് രാഹുൽ ഗാന്ധിയാകട്ടെ, ചങ്ങാത്ത മുതലാളിത്തത്തിനെതിരെയും മോദി സർക്കാരിന്റെ നയപരിപാടികൾക്കെതിരെയും ഘോരഘോരം പ്രസംഗിച്ചു നടക്കുന്നയാളും. പക്ഷേ, അധികാരമേറ്റെടുത്തു കഴിഞ്ഞപ്പോൾ എങ്ങനെയാണ് സതീശൻ, സ്വകാര്യമൂലധന നിക്ഷേപത്തിന്റെ ബ്രാൻഡ് അംബാസിഡറായി മാറിയത്. സമസ്തമേഖലകളിലും മൂലധനത്തിന്റെ കടന്നുവരവിനായി വാതിൽ തുറന്നിട്ടു കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ നയമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. അതിനുള്ള തടസ്സങ്ങൾ നീക്കിക്കൊടുക്കാനുള്ള സഹായി അഥവാ ഫെസിലിറ്റേറ്ററാണ് സർക്കാർ എന്ന നവലിബറൽ വ്യാഖ്യാനമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.


പ്രതിപക്ഷത്തായിരുന്ന പ്പോൾ എൽഡിഎഫ് മുന്നോട്ടുവെച്ച പദ്ധതികളെ തള്ളിക്കളഞ്ഞ അദ്ദേഹം, അധികാരമേറ്റപ്പോൾ അതിന്റെ തുടർച്ചയന്വേഷിക്കുന്നു; അതിനെ ന്യായീകരിക്കുന്നു. ബിജെപി സർക്കാരിന്റെ നയങ്ങളുടെയും നടത്തിപ്പുകാരാവുന്നു, അതിനെയും ന്യായീകരിക്കുന്നു. ഇതും ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ്. ബജറ്റിൽ, ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട കുടിശ്ശിക സർക്കാരിന്റെ ബാധ്യതയായികണ്ട് വിലപിക്കുന്ന അദ്ദേഹം, ഇതെങ്ങനെ കൊടുത്തുതീർക്കും എന്ന കാര്യത്തിൽ മൗനമാണ് അവലംബിക്കുന്നത്. ബജറ്റിൽ രണ്ടാം ഭൂപരിഷ്‌കരണത്തെക്കുറിച്ച് പറയുന്നു. നമ്മൾ കരുതും, ചെങ്ങറയിലും അരിപ്പയിലുമൊക്കെ ഭൂമിക്കായി സമരം ചെയ്ത അടിസ്ഥാന ജനവിഭാഗങ്ങളടക്കമുള്ള സാധാരണക്കാരന് ഇന്നത്തെ വിലയ്ക്ക് ഭൂമി എവിടെയും വാങ്ങാനാകില്ല എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് അതിന്റെ പ്രതിവിധി കണ്ടതാകാം എന്ന്. പക്ഷേ, യഥാർത്ഥത്തിൽ ഇത്, സർക്കാരിന്റേതടക്കമുള്ള അധികഭൂമിയെ സ്വരുക്കൂട്ടി, മൂലധന നിക്ഷേപത്തിനെത്തുന്നവർക്ക് ചുളുവിലയ്ക്ക് കൈമാറുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഭരണവർഗത്തിന്റെ വിശ്വസ്തസേവകർ മാത്രമായ ഈ കക്ഷികൾ, അത് ബിജെപിയാകട്ടെ, യുഡിഎഫാകട്ടെ, എൽഡിഎഫാകട്ടെ, അധികാരത്തിലേറുന്നതിനുമുമ്പ് പറയുന്നതും, അധികാരത്തിലെത്തിയശേഷം പറയുന്നതും എത്രത്തോളം പരസ്പരവിരുദ്ധമാണെന്ന് നമുക്ക് കാണാം. അവരുടെ ഇരട്ടത്താപ്പുപോലും അവർക്ക് അലങ്കാരമായി മാറുന്നു.

മുതലാളിത്തതാല്പര്യങ്ങളുടെ മാത്രം വിശ്വസ്തസേവകർ

എൽഡിഎഫ് ആകട്ടെ യുഡിഎഫ് ആകട്ടെ, കേന്ദ്രം ഭരിക്കുന്ന ബിജെപി ആകട്ടെ, ബജറ്റുകളുടെയും സാമ്പത്തികനയങ്ങളുടെയും അടിസ്ഥാനസമീപനം ഒന്നുതന്നെയാണ് എന്നതാണ് വസ്തുത. സ്വകാര്യമൂലധനനിക്ഷേപത്തെയും അതിന്റെ താല്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവരുടെയെല്ലാം പൊതുനയം. ഇനിയും സ്വകാര്യനിക്ഷേപത്തിനും ചൂഷണത്തിനും തുറന്നിടപ്പെടാത്ത എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതുകൂടി മുതലാളിത്തത്തിനു തുറന്നുകൊടുക്കുക. അതിലൂടെ കൈവരുന്ന വികസനത്തെക്കുറിച്ച് ഘോരഘോരം ഉദ്ഘോഷിക്കുക. ആ വികസനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളെക്കുറിച്ചും നികുതിവരുമാനത്തെക്കുറിച്ചും ഗംഭീരചിത്രങ്ങൾ ചമയ്ക്കുക. ഇതൊക്കെത്തന്നെയല്ലേ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഈ പാർട്ടികളെല്ലാം മത്സരിച്ച് അവതരിപ്പിക്കുന്നത്. ശരിയാണ് അത് വികസനം സാധ്യമാക്കിയിട്ടുണ്ട്, ശതകോടീശ്വരന്മാരുടെ വികസനം. ഈ വികസനത്തിന്റെ മറുവശത്ത് പാപ്പരാക്കപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെക്കുറിച്ചോ, തൊഴിലും കിടപ്പാടവും നഷ്ടമാകുന്നവരെക്കുറിച്ചോ, തൊഴിലില്ലാതെ അലയേണ്ടിവരുന്ന ലക്ഷക്കണക്കിന് യുവാക്കളെക്കു റിച്ചോ സാധാരണജനങ്ങളുടെ ജീവിതപ്രശ്നങ്ങളെക്കുറിച്ചോ ആഴത്തിൽ ചർച്ച ചെയ്യാൻ ഇവരാരും ആഗ്രഹിക്കുന്നില്ല. സ്വകാര്യമൂലധന നിക്ഷേപത്തിനുള്ള സഹായിയുടെ വേഷം മാത്രമാണ് സർക്കാരുകൾക്കുള്ളതെന്നും, അങ്ങനെ വികസിക്കുന്ന സ്വകാര്യമൂലധനത്തിൽ നിന്നും താഴേക്ക് തുളുമ്പി വീഴുന്നവകൊണ്ട് മറ്റുള്ളവർക്കും വയറുനിറയ്ക്കാമെന്നുമുള്ള ‘ട്രിക്കിൾ ‍ഡൗൺ ഇഫക്ടി’ലൂന്നിയ ആഗോളവൽക്കരണ വികസന സങ്കല്പം തന്നെയാണ് ഇക്കൂട്ടരെല്ലാം അധികാരത്തിലിരിക്കുമ്പോൾ പിൻപറ്റിയിട്ടുള്ളത്. വി.ഡി.സതീശൻ സർക്കാരും ഇതിൽനിന്നും വ്യത്യസ്തമല്ല എന്നതാണ് ഈ സംസ്ഥാന ബജറ്റും വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. വേണ്ട തുക നീക്കിവെക്കാത്ത പദ്ധതികളും വമ്പൻ പ്രഖ്യാപനങ്ങളുംകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക. അതിന്റെ മറവിൽ പൊതുസ്വത്ത് പോലും സ്വകാര്യമൂലധനത്തിന് അടിയറവെയ്ക്കുക. മുതലാളിമാർക്ക് നൽകുന്ന സഹായത്തിന്റെ ഭാരം പൊതുജനത്തിന്റെ തലയിലേക്ക് മാറ്റുക. ജനത്തിന്റെ ജീവിതദുരിതങ്ങളിൽ ഏതാനും അപ്പക്കഷണങ്ങൾ ഇട്ടുകൊടുത്ത് തെറ്റിദ്ധരിപ്പിച്ച് മറുവശത്ത് അവരുടെ ജീവിതം ദുസ്സഹമാക്കുന്ന മുതലാളിവർഗ്ഗതാല്പര്യങ്ങൾ സംരക്ഷിക്കുക. ഇതൊക്കെ തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലും ഉള്ളത്.


ജനം ഒരു തിരുത്തൽശക്തിയായി ജാഗ്രതയോടെ നിലനിന്നില്ലെങ്കിൽ, പൊരുതിത്തോൽപ്പിച്ച ജനവിരുദ്ധ പദ്ധതികൾപോലും പുതിയ മേലങ്കിയണിഞ്ഞ് തിരികെവരാമെന്നും ഓർത്തിരിക്കുക. ഭരണ-പ്രതിപക്ഷങ്ങൾ ഒരുപോലെ ജനവിരുദ്ധ ക്യാമ്പിൽ നിലയുറപ്പിക്കുമ്പോൾ ജനങ്ങൾക്ക് ജനദ്രോഹ നയങ്ങൾക്കും നടപടികൾക്കും എതിരായ പോരാട്ടത്തിന്റെ വഴിതേടുകയേ മാർഗമുള്ളു; കക്ഷിരാഷ്ട്രീയ പരിഗണനകളടക്കമുള്ള എല്ലാ സങ്കുചിതത്വങ്ങളെയും അതിജീവിക്കുന്ന, സാമൂഹ്യമാറ്റത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുന്ന നേതൃത്വത്തെ അചഞ്ചലം പിന്തുടരുന്ന പോരാട്ടത്തിന്റെ പാത.

Share this post

scroll to top