സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി ജനങ്ങൾ വലിയ പ്രതീക്ഷ യോടെയാണ് കാണുന്നത്. ഇതിനോടകം 2440ൽ അധികം പേർ അറസ്റ്റിൽ ആവുകയും 1600ലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽനിന്നും മനസ്സിലാകുന്നത്.
കേരളത്തിൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തുകൊണ്ട് മദ്യമയക്കുമരുന്ന് മാഫിയ സമസ്തമേഖലകളിലും പിടിമുറുക്കിയിരിക്കുകയാണ്. നാൾചെല്ലുംതോറും അതിന്റെ ഭീകരത വർദ്ധിക്കുന്നു. മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്നതരം കൊലപാതകങ്ങളും ആക്രമണ സംഭവങ്ങളും ആണ് ദൈനംദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെ അച്ഛനെ, അമ്മയെ, ഭാര്യയെ, സുഹൃത്തിനെ കൊലചെയ്ത സംഭവങ്ങൾ എത്രയാണ് കേരളത്തിൽ അടുത്തിടെ നടന്നത്?യാതൊരു മുൻപരിചയവും ഇല്ലാത്ത ആളുകളെപ്പോലും നിസ്സാര പ്രകോപനത്തിന് കൊലചെയ്യുന്നു. ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ച് പൊതുനിരത്തുകളിൽ ഇക്കൂട്ടർ അക്രമം അഴിച്ചുവിടുന്നു. നാടിന്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് വ്യാപാരം നിർബാധം നടക്കുന്നു. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നുവേണ്ട ഏതൊരു സ്ഥലവും മയക്കുമരുന്ന് മാഫിയകളുടെ വിഹാര കേന്ദ്രമായി മാറുന്നു. ഈ കൊടിയ വിപത്തിൽനിന്നും സമൂഹത്തെയും വരുതലമുറയെയും രക്ഷിക്കേണ്ടത് അടിയന്തര പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ ഗവൺമെന്റ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി അതീവ ഗുരുതരമായ ഈ പ്രശ്നത്തിന് എത്രത്തോളം പരിഹാരമാകും എന്നത് വ്യക്തമല്ല.
ഒന്നാമതായി, സർക്കാർ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്ന് മാഫിയയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ്. എല്ലാ ലഹരിവ്യാപനവും അതിലൂടെ തടയപ്പെടില്ല. കഴിഞ്ഞ സർക്കാർ 10 വർഷംകൊണ്ട് മദ്യം കുത്തിയൊഴുകുന്ന ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിയിരിക്കുകയാണ്. ആയിരത്തോളം ബാറുകൾക്ക് അനുമതി കൊടുക്കുകയും ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുകയും ചെയ്തു. പുതിയ ഡിസ്റ്റിലറി ആരംഭിക്കുക, ദൂരപരിധി കുറയ്ക്കുക, മദ്യത്തെ കൂടുതൽ സ്വീകാര്യമാക്കുന്ന രീതിയിലുള്ള പരസ്യപ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങയവയെല്ലാം വഴിയാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ഇത് സംസ്ഥാനത്ത് വരുത്തിയിരിക്കുന്ന കെടുതികൾ ചെറുതല്ല. മദ്യാസക്തി മൂലം കൊലപാതകങ്ങൾ, ഗാർഹിക പീഡനങ്ങൾ, അപകടങ്ങൾ ഇവയെല്ലാം വൻതോതിൽ വർദ്ധിച്ചു. മയക്കുമരുന്നിൽനിന്നും ഒട്ടും കുറഞ്ഞ പ്രത്യാഘാതങ്ങളല്ല മദ്യവും സൃഷ്ടിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ മുന്സര്ക്കാരിനെ തിരസ്കരിച്ചതിന്റെ മുഖ്യകാരണം അവരുടെ മദ്യനയം തന്നെയാണ്. അത് യുഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ട്. അതിനാൽ മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്നത് യുഡിഎഫിന്റെ ജനങ്ങളോടുള്ള വാഗ്ദാനപാലനത്തിന്റെ ഭാഗമാണ്. പക്ഷേ ഗവൺമെന്റ് ഇപ്പോഴും ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്.
മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, സമയം കുറയ്ക്കുക, അതുവഴി മദ്യലഭ്യത കുറയ്ക്കുക എന്നത് സുപ്രധാനമാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, കൊലപാതകങ്ങൾ ഇവയെല്ലാം തടയാനും സ്ത്രീസുരക്ഷ ഉറപ്പുവരുത്താനും ഇത്തരം ഒരു മദ്യ നയം അടിയന്തരമായി നടപ്പിലാക്കണം. മയക്കുമരുന്നാണ് പ്രശ്നം, മദ്യം അത്രത്തോളം പ്രശ്നമല്ല എന്ന വ്യാഖ്യാനങ്ങൾ അങ്ങേയറ്റം ജനവിരുദ്ധമാണ്.
മയക്കുമരുന്ന് വ്യാപനം തടയുന്നതിനും ഓപ്പറേഷൻ തൂഫാൻ പഴുതുകളില്ലാതെ നടപ്പിലാക്കാൻ കഴിയുമോ എന്നതും സുപ്രധാനമാണ്. ആരംഭശൂരത്വം മാത്രമായി അവസാനിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. മയക്കുമരുന്ന് വ്യാപകമാകുന്നത് സാധാരണക്കാരിലൂടെയല്ല എന്നത് ഏതൊരാൾക്കും അറിവുള്ള കാര്യമാണ്. എപ്പോഴും കൊട്ടിഘോഷിച്ചു നടത്തുന്ന മയക്കുമരുന്ന് വേട്ടകൾ ചെറുമീനുകളെ കുടുക്കുകയും വമ്പൻസ്രാവുകളെ രക്ഷിക്കുകയുമാണ് ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ കണ്ണികളുള്ള, ആയിരക്കണക്കിന് കോടികളുടെ ധനവിനിമയം നടക്കുന്ന ഈ കച്ചവടം അധികാര-നിയമ സംവിധാനങ്ങളുടെ ഒത്താശയില്ലാതെ, അസാധ്യമാണ്. അതുകൊണ്ടുതന്നെ ഉദ്ദേശശുദ്ധിയും ഇച്ഛാശക്തിയുമുള്ള ഗവൺമെന്റ് സംവിധാനത്തിന് മാത്രമേ ഇതിന് ഒരു പരിധി വരെയെങ്കിലും കടിഞ്ഞാണിടാൻ കഴിയൂ. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വേണം ഇത് നടപ്പിലാക്കാൻ. കുറ്റവാളികളുമായി ചങ്ങാത്തമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തേണ്ടത് അനിവാര്യമാണ്. കുറ്റവാളികൾ അറസ്റ്റ് ചെയ്യപ്പെട്ടു എന്നിടത്തുവരെയെ പൊതുസമൂഹം കാര്യങ്ങൾ അറിയുകയുള്ളൂ. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ അവരിലൂടെ യഥാർത്ഥ കണ്ണികളിലേക്ക് എത്തിച്ചേരാനും ഉറവിടങ്ങൾ തകർക്കാനും കഴിയുന്നുണ്ടോ എന്നതും സുപ്രധാനമാണ്. അറസ്റ്റ് ചെയ്യപ്പെടുന്നവർ, കേസ് കൈകാര്യം ചെയ്യപ്പെടുന്നതിന്റെ രീതികൊണ്ട് കുറ്റവിമുക്തരായി പുറത്തുവരുന്നതും വീണ്ടും തുടരുന്നതുമൊക്കെ പതിവാണ്. വിവരങ്ങൾ നൽകുന്ന പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കപ്പെടേണ്ടതുമുണ്ട്.
ജനകീയ പങ്കാളിത്തത്തോടെ ശക്തമായ ബോധവൽക്കരണ പ്രവർത്തനം ഇതോടൊപ്പം ഉണ്ടായേ തീരൂ. വിദ്യാലയങ്ങളിൽ കുട്ടികൾക്ക് യുക്തിബോധവും സർഗ്ഗാത്മകതയും വളർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും ആരോഗ്യകരമായ സംവാദങ്ങൾ വളർത്തിയെടുക്കാനും വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കളും അധ്യാപകരും കൂട്ടുചേർന്ന് പരിശ്രമിക്കേണ്ടതുണ്ട്.
