കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: യാഥാർത്ഥ്യമെന്ത്?

Power-Cut-BG-scaled.jpg
Share

യുഡിഎഫ് സർക്കാരിന്റെ ഭരണത്തുടക്കത്തിൽ തന്നെ രണ്ട് ഘട്ടങ്ങളിലായി ഒരു മണിക്കൂർ രാത്രികാല ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയതിനെ തുടർന്ന്  സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. പിണറായി ഭരണം സൃഷ്ടിച്ച പവർകട്ടില്ലാത്ത കേരളത്തെ യുഡിഎഫ് വീണ്ടും ഊർജ്ജപ്രതിസന്ധിയിൽ അകപ്പെടുത്തി എന്നതായിരുന്നു ഒരു വശത്തെ പ്രചാരണം. വില കുറഞ്ഞ വൈദ്യുതി വാങ്ങുന്നതിനായി മുൻ യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ കാരണമെന്ന് ഇപ്പോഴത്തെ സർക്കാരും വാദിച്ചു.  ഇതിന്റെ യാഥാർത്ഥ്യമെന്താണ്?

കേരളം അതിന്റെ വൈദ്യുതി ആവശ്യകതയുടെ വെറും 20 ശതമാനം മാത്രമേ സ്വന്തമായി ഉല്പാദിപ്പിക്കുന്നുള്ളൂ.  ബാക്കി 80ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കാര്യമായ യാതൊരു ശ്രമവും മുൻസർക്കാരിൽനിന്നും ഉണ്ടായില്ല. പത്തു വർഷം കൊണ്ട് സംസ്ഥാനത്തിന്റെ സ്ഥാപിത ശേഷിയിൽ കൂട്ടിച്ചേർക്കപ്പെട്ട ജലവൈദ്യുതി ഉല്പാദനം വെറും 116 മെഗാവാട്ട് മാത്രമാണ്. ഗണ്യമായ നിലയിൽ വർദ്ധിച്ച സൗരോർജ്ജമാകട്ടെ ജനങ്ങൾ സ്വന്തം കീശയിൽനിന്നും പണം ചെലവഴിച്ചു നേടിയെടുത്തതും. അതിനു നൽകപ്പെട്ട സബ്സിഡിയാകട്ടെ കേന്ദ്ര സർക്കാർ നൽകിയതും. (കേന്ദ്രത്തിന്റെ സബ്സിഡി ജനങ്ങളോടുള്ള കൂറിന്റെ പ്രതിഫലനമൊന്നുമല്ല. ഊർജ്ജോല്പാദനത്തിനു വേണ്ടി വരുന്ന ഭീമമായ മൂലധനച്ചെലവിന്റെ വളരെ ചെറിയ ഒരംശം ഉപയോഗപ്പെടുത്തി ജനങ്ങളെക്കൊണ്ടുതന്നെ അവരുടെ ഊർജ്ജാവശ്യകതകൾ നിറവേറ്റിക്കുന്ന കൗശലമാണ് സബ്സിഡി)  

ഏറ്റവും ചെലവ് കുറഞ്ഞ ഉല്പാദന മാർഗ്ഗമായ ജലവൈദ്യുതി പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഗൗരവതരമായ വീഴ്ച പ്രകടമാണ്. നാൽപ്പതോളം നദികൾ ഉള്ള സംസ്ഥാനത്ത്, ഇരുന്നൂറിലേറെ  ചെറുകിട-ഇടത്തരം വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നടപടികളും കെഎസ്ഇബി പൂർത്തിയാക്കിയിരുന്നു. അവയെല്ലാം തന്നെ പാരിസ്ഥിതികമായി വളരെ ആഘാതം കുറഞ്ഞതുമായിരുന്നു. എന്നാൽ അവയെല്ലാം ഉപേക്ഷിക്കപ്പെട്ടു.  ഏതാണ്ട് 300 കോടിയോളം രൂപ അധികം ചെലവഴിച്ച്പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയാക്കാൻ രണ്ടര ദശാബ്ദമെടുത്തു. പള്ളിവാസൽ എക്സ്റ്റൻഷനും തൊട്ടിയാറും പദ്ധതികൾ കരാർ കാലാവധി കഴിഞ്ഞു പത്ത് വർഷക്കാലം കമ്മീഷൻ ചെയ്യുന്നത് നിസാര കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതും, ഇപ്പോൾ ഭൂതത്താൻ കെട്ട് പദ്ധതി പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും കമ്മീഷൻ ചെയ്യാത്തതുമെല്ലാം എത്ര നിരുത്തരവാദപരമായാണ് ഈ മേഖല കൈകാര്യം ചെയ്യുന്നുവെന്നതിന്റെ തെളിവാണ്. ആഭ്യന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടല്ല, അതിഭീമമായ വിലയുടെ വൈദ്യുതി പുറമെനിന്നു വാങ്ങി വിതരണം ചെയ്താണ് വൈദ്യുതികമ്മി നികത്തിയതെന്ന് ഇതിലൂടെ വ്യക്തമാണ്. അതായത് പവർകട്ടില്ലാത്ത കേരളം സൃഷ്ടിക്കപ്പെട്ടു എന്നു സങ്കൽപ്പിച്ചാൽത്തന്നെയും അതിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ ചുമന്നത് ജനങ്ങൾ തന്നെയായിരുന്നു.


വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണത്തിന് അനുകൂലമായ നയനടപടികൾ മുൻസർക്കാർ കൈക്കൊണ്ടതും സംസ്ഥാനത്തിന്റെ വൈദ്യുതിനിലയെ വീണ്ടും വഷളാക്കി. മുപ്പത് വർഷത്തിന്റെ കരാർ കാലാവധി കഴിഞ്ഞ മണിയാർ പദ്ധതി, കാർബോറാൻഡം യൂണിവേഴ്സലിൽനിന്നും ഏറ്റെടുക്കാതെ, വീണ്ടും ഇരുപത്തഞ്ച് വർഷത്തേക്കുകൂടി നീട്ടിക്കൊടുക്കുവാൻ തീരുമാനിച്ചതും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സ്വകാര്യവൽക്കരണ-കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ഭാഗമായാണ്. 12 മെഗാവാട്ടിന്റെ ഒരു പദ്ധതി സൗജന്യമായി ഒരു വൻകിട മുതലാളിക്കു നൽകിയവർക്ക് എങ്ങിനെയാണ് സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാൻ കഴിയുക?

2017ൽ കെഎസ്ഇബി, 465 മെഗാവാട്ട്(ദിവസം മുഴുവൻ)വൈദ്യുതി, 4രൂപ 29പൈസ പ്രകാരം ഇരുപത്തഞ്ച് വർഷത്തേക്ക് ഉണ്ടാക്കിയ ദീർഘകാല കരാറ് 2023ൽ റദ്ദുചെയ്തതും, ആരെ സഹായിക്കാനാണ്? റെഗുലേറ്ററി കമ്മീഷനാണ് റദ്ദുചെയ്തത് എന്നുപറഞ്ഞ് എൽഡിഎഫ് സർക്കാർ തടിയൂരാനാണ് ശ്രമിച്ചത്. റെഗുലേറ്ററി കമ്മീഷനിലെ ചെയർമാനടക്കം മൂന്ന് അംഗങ്ങളും പിണറായി സർക്കാറിന്റെ നോമിനികളാണെന്ന് ആർക്കാണ് അറിയാത്തത്. കരാറുണ്ടാക്കി എട്ട് വർഷത്തിനുശേഷം ക്രമക്കേട് ആരോപിച്ച് റദ്ദുചെയ്തപ്പോൾ, ക്രമക്കേട് നടത്തിയവർക്കെതിരെ എന്ത് നടപടിയാണെടുത്തത്? കരാറ് റദ്ദുചെയ്ത നടപടിക്കെതിരെ അപ്പലറ്റ് അതോറിറ്റിയെ എന്തുകൊണ്ട് സമയത്തിന് സമീപിച്ചില്ല? ദീർഘകാല കരാറ് റദ്ദാക്കിയിട്ട് 4രൂപ 29പൈസയുടെ സ്ഥാനത്തു 10രൂപ മുതൽ 11രൂപ വരെ വിലയ്ക്ക്, വൈദ്യുതി അതേ സ്വകാര്യ മുതലാളിമാരിൽനിന്നും വാങ്ങിയിട്ട്, അതിന്റെ ഭാരം മുഴുവൻ സർചാർജായി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുകയല്ലേ ചെയ്തത് ? കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഞ്ച് പ്രാവശ്യമാണ് ഈ നിലയിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത്.
രണ്ടുമാസമായി കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഓരോ വർഷവും വൈദ്യുതി ഉപഭോഗം കൂടിവരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, വർദ്ധിച്ച ആവശ്യകത പൂർത്തീകരിക്കാനുള്ള വൈദ്യുതി കിട്ടാനില്ല എന്ന പ്രചാരണം പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം ഏറ്റവും കൂടുതൽ ആവശ്യകതയുള്ള സമയത്ത് വൈദ്യുതി ലഭ്യത കുറവാണ് എന്നതാണ്. പകൽ സമയം സോളാർ ഉല്പാദനം കൂടുതലുള്ളപ്പോൾ വൈദ്യുതി ആവശ്യകത കുറവും, വൈകുന്നേരങ്ങളിൽ കൂടുതലുമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അമിത ചൂട് കാരണം വൈകുന്നേരങ്ങളിൽ സാധാരണയിൽ കവിഞ്ഞ ഉപഭോഗം നിലനിൽക്കുന്നു. അമേരിക്ക ഇറാനെ ആക്രമിച്ചതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയെ തുടർന്ന് പാചകവാതക ലഭ്യത കുറഞ്ഞതും, വിലക്കയറ്റവും, ഇൻഡക്ഷൻ കുക്കർപോലുള്ള വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഗണ്യമായ വർദ്ധനവും, ഇവയുടെ ചാർജിംഗ് കൂടുതലും വൈകുന്നേരങ്ങളിൽ ആണെന്നതും, പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. പുതുതായി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പറയുന്നത്, ഡാമുകളിൽ വേണ്ടത്ര വെള്ളമില്ലാത്തതിനാൽ പവർഹൗസുകളുടെ സ്ഥാപിത ശേഷി പ്രയോജനപ്പെടുത്താനാകുന്നില്ല, ഓപ്പൺ മാർക്കറ്റിൽനിന്നും വൈദ്യുതി കിട്ടാനുമില്ല, കിട്ടുന്ന വൈദ്യുതിക്ക് കനത്ത വില നൽകേണ്ടിയും വരുന്നു എന്നാണ്. മറ്റൊരു ചാർജ്ജ് വർദ്ധനവിനു യുഡിഎഫ് കളമൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാഹചര്യത്തിന്റെ ഗുരുതരസ്ഥിതിക്ക് ആനുപാതികമായ നിലയിലുള്ള കാര്യക്ഷമത കാട്ടാൻ നിലവിലെ സർക്കാരിനു കഴിഞ്ഞിട്ടില്ല എന്നതും യാഥാർത്ഥ്യമാണ്.  

പത്തുവർഷം ഭരിച്ച പിണറായിയുടെ എൽഡിഎഫ് പറയുന്നത്, അവരുടെ കാലഘട്ടത്തിൽ പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഉണ്ടായിട്ടേയില്ല എന്നാണ്. എന്നാൽ, അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് എന്ന രീതിയിൽ, ദിനംപ്രതി നിരവധി തവണ ലോഡ് ഷെഡ്ഡിങ് ഉണ്ടായിട്ടുണ്ട് എന്നത് സബ്സ്റ്റേഷനുകളിലെ ഇന്ററപ്ഷൻ റജിസ്റ്ററുകൾ പരിശോധിച്ചാൽ ബോധ്യപ്പെടുന്നതാണ്. എന്നുമാത്രവുമല്ല, കൂടിയ വിലയ്ക്ക് സ്വകാര്യ മുതലാളിമാരിൽനിന്ന് വൈദ്യുതി വാങ്ങി ജനങ്ങൾക്ക് നൽകിയിട്ട്, അമിതമായ ചാർജ് ജനങ്ങളിൽനിന്ന് ഈടാക്കുകയാണ് മുന്‍ എൽഡിഎഫ് സർക്കാർ ചെയ്തിരുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണക്കാർ കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ച പിണറായിയുടെ എൽഡിഎഫ് സർക്കാർ ആണെന്നത് വസ്തുതകൾ പരിശോധിക്കുന്ന ഏവർക്കും ബോധ്യപ്പെടുന്നതാണ്.    
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിലൂടെ  തകർന്ന ജനറേറ്ററുകൾക്കുപകരം, കപ്പാസിറ്റി കുറഞ്ഞ ജനറേറ്റർ വാങ്ങിയതിന്റെ പിന്നിലെ അഴിമതിയും, കെടുകാര്യസ്ഥതയുമെല്ലാം അന്വേഷണവിധമാക്കേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ചും, കെടുകാര്യസ്ഥതയെക്കുറിച്ചും സ്വജനപക്ഷപാതിത്വത്തെ കുറിച്ചുമെല്ലാം അന്വേഷണം നടത്താനും, കുറ്റക്കാർ ക്കെതിരെ കർശന നടപടി സ്വീകരിക്കാനും, യുഡിഎഫ് സർക്കാർ തയ്യാറാകണം. സ്വകാര്യവൽക്കരണ നടപടികൾ വൈദ്യുതി മേഖലയിൽ നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. അതിനായി ജനകീയസമ്മർദ്ദം വളർത്തുകയാണ് ജനങ്ങളുടെ കടമ.    

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനും, വില കുറച്ച്, തടസമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ജനങ്ങൾക്ക് എത്തിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. ഏറ്റവും വിലക്കുറച്ച് വൈദ്യുതി ഉല്പാദിപ്പിക്കാവുന്നതും, താരതമ്യേന പാരിസ്ഥിതിക പ്രശ്നങ്ങൾ കുറവുള്ളതുമായ ഇടത്തരം -ചെറുകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് നിർമിക്കുന്നതിനുള്ള അടിയന്തര  നടപടികൾ സ്വീകരിക്കണം. സോളാർ ജനറേഷൻ ഏറ്റവും കൂടുതലുള്ള സമയത്ത് മിച്ചം ഉണ്ടാകുന്ന വൈദ്യുതി ശേഖരിച്ച്, പീക്ക് സമയത്ത് ഉപയോഗിക്കാനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കണം. അതേപോലെ നിലവിലുള്ള ജലവൈദ്യുതി പദ്ധതികളിൽ ഉല്പാദനം കഴിഞ്ഞ് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ശേഖരിച്ച് വീണ്ടും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് സിസ്റ്റവും നടപ്പിലാക്കണം. ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ജനങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്.


വൈദ്യുതി ഉല്പാദനവും വിതരണവും ഒരു സംസ്ഥാനത്തിന് മാത്രമായി നടത്തിക്കൊണ്ട് പോകാവുന്ന ഒന്നല്ല. കേന്ദ്ര സർക്കാരിന്റെ ശരിയായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കഴിയൂ. എന്നാൽ, കേന്ദ്ര ബിജെപി സർക്കാർ ഊർജരംഗം പൂർണമായും സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന  നയങ്ങളാണ് നടപ്പിലാക്കുന്നത്. വൈദ്യുതി നിയമ ഭേദഗതി-2025 അതിനായിട്ടാണ് കൊണ്ടുവന്നിട്ടുള്ളത്. ആർഡിഎസ്എസ് (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്റ്റർ സ്കീം), പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതി തുടങ്ങിയവയെല്ലാം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്, സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള  ചുവട് വെപ്പുകളെന്ന നിലയിലാണ്. ഇതിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി തൊഴിലാളികളുടെയും കർഷകരുടെയും ബഹുജനങ്ങളുടെയും ഭാഗത്തുനിന്നും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

Share this post

scroll to top