കൊൽക്കത്ത കോർപ്പറേഷന് കീഴിലെ 1,800 സ്കൂളുകളിലെ ഉച്ചഭക്ഷണ ചുമതല ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസി(ISKCON-ഇസ്കോൺ)ന്റെ ‘അന്നാമൃത ഫൗണ്ടേഷന്’ നൽകാൻ ബിജെപി സർക്കാർ തീരുമാനിച്ചു. ഇതോടെ ഒരു ലക്ഷത്തോളം പാവപ്പെട്ട കുട്ടികളുടെ ഉച്ചഭക്ഷണ ചുമതല ഈ സ്വകാര്യ ഏജൻസിയുടെ കൈകളിലായി. ഈ തീരുമാനം പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വടംവലിക്ക് കാരണമായിട്ടുണ്ട്. വൻകിട യന്ത്രവൽകൃത അടുക്കളകൾ വഴി ‘ശുദ്ധമായ’ ഭക്ഷണം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ സർക്കാരിന്റെ ഈ നീക്കം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ജനങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പാർട്ടി ഇടപെടുന്നു എന്ന ചോദ്യവും ഉയർന്നു.
ഇറച്ചി, മീൻ, മുട്ട, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ‘സാത്വിക്’ ഭക്ഷണ രീതിയാണ് ഇസ്കോണിന്റേത്. അതിനാൽ അവർ കുട്ടികളുടെ മെനുവിൽ നിന്ന് മുട്ട പൂർണ്ണമായും വെട്ടിമാറ്റി. ഇത് കുട്ടികളുടെ പോഷകാഹാരത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്കൂളുകളിൽ മുട്ട നൽകുന്നത് വെറുമൊരു ശാഠ്യമല്ല. അതിന് വ്യക്തമായ കാരണങ്ങളുണ്ട്: പരിപ്പിലോ കറിയിലോ വെള്ളം ചേർക്കുന്നതുപോലെ മുട്ടയിൽ മായം ചേർക്കാൻ കഴിയില്ല. അത് എളുപ്പത്തിൽ വിതരണം ചെയ്യാനും പാകം ചെയ്യാനും സാധിക്കും. വളരുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ, അയൺ, വിറ്റാമിൻ B12 എന്നിവ മുട്ടയിൽ ധാരാളമുണ്ട്. ബംഗാളിലെ 33 ശതമാനത്തിലധികം കുട്ടികളും വളർച്ചാ മുരടിപ്പ് നേരിടുന്നവരാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം കൂടിയാണ് മുട്ട. ‘കാവി രാഷ്ട്രീയത്തിന്റെ’ പേരിൽ മുട്ട ഒഴിവാക്കുന്നത് കുട്ടികളുടെ ആരോഗ്യത്തോടുള്ള വഞ്ചനയാണ്.
ഇതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ഇസ്കോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘അക്ഷയപാത്ര’, ‘അന്നാമൃത’ എന്നീ ഫൗണ്ടേഷനുകൾ നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും പോഷകാഹാരത്തെയും കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സർക്കാറിന്റെ പരിശോധനകളിലും പൊതുജനങ്ങളിൽനിന്നും ഈ സ്ഥാപനങ്ങൾക്കെതിരെ പരാതികൾ വന്നിട്ടുണ്ട്. ഹൈജീൻ, മെഗാ അടുക്കളകൾ, യന്ത്രസംവിധാനങ്ങൾ എന്നിവ കാട്ടി ഇവർ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഭക്ഷണത്തിന്റെ യഥാർത്ഥ ഗുണനിലവാരം, പോഷകമൂല്യം, രുചി എന്നിവയിൽ ഇവർ വൻപരാജയമാണെന്ന് പല റിപ്പോർട്ടുകളും തെളിയിക്കുന്നു.
ഇസ്കോണിന്റെ ‘അന്നാമൃത ഫൗണ്ടേഷൻ’ നിലവിൽ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. എട്ടാമത്തെ സംസ്ഥാനമായി ബംഗാളിലും ഇവർ കാലുകുത്തുകയാണ്. എന്നാൽ ഇതുവരെ ഇവർ ഭക്ഷണം നൽകിയ സ്ഥലങ്ങളിലെ അവസ്ഥ എന്താണ്? കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ല: കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലി(സിഎജി)ന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു കുട്ടിക്കുള്ള നിയമപരമായ അളവിൽ ഭക്ഷണം നൽകാൻ ഇസ്കോണിന്റെ അടുക്കളകൾ തയ്യാറായിട്ടില്ല. അരിയും മറ്റ് ധാന്യങ്ങളും വൻതോതിൽ ഇവർ വെട്ടിക്കുറച്ചു. ഭക്ഷണത്തിന് രുചിയില്ല, ഭക്ഷണം പാഴാകുന്നു, ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കിയുള്ള ഇവരുടെ ‘സാത്വിക്’ ഭക്ഷണം കുട്ടികൾക്ക് രുചിക്കുന്നില്ല. പല സ്കൂളുകളിലും കുട്ടികൾ ഈ ഭക്ഷണം കഴിക്കാതെ കളയുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. തദ്ദേശീയരുടെ തൊഴിൽ തട്ടിയെടുക്കുന്നു. വൻകിട കോർപ്പറേറ്റ് അടുക്കളകൾ കൊണ്ടുവരുന്നതിലൂടെ സ്കൂളുകളിൽ പാചകം ചെയ്തിരുന്ന പ്രാദേശിക സ്ത്രീകളുടെയും കുടുംബശ്രീ/സ്വയംസഹായ സംഘങ്ങളുടെയും തൊഴിലാണ് ഇവർ തട്ടിയെടുക്കുന്നത്.2019ൽ കർണാടകയിൽ, ഫൗണ്ടേഷൻ വിതരണംചെയ്ത ഭക്ഷണം കുട്ടികൾ വൻതോതിൽ വലിച്ചെറിയുകയോ കഴിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നതായി നിരവധി സർക്കാർ സ്കൂൾ അധികൃതരും പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കാരണം, ഭക്ഷണരീതികളിലെ കർശന നിബന്ധനകൾ മൂലം സാമ്പാറിലോ പച്ചക്കറികളിലോ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കാൻ ഫൗണ്ടേഷൻ തയ്യാറായിരുന്നില്ല. പാവപ്പെട്ട സ്കൂൾ കുട്ടികളുടെ ‘ശുചിത്വത്തിന്’ വേണ്ടിയാണോ ഇത് നിർദ്ദേശിച്ചിരിക്കുന്നത്? അതോ കുട്ടികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം, പരസ്പരബന്ധിതമായ പലതരം രാഷ്ട്രീയ, ആശയപരമായ, തന്ത്രപരമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ഒരു പിൻവാതിൽ മാർഗ്ഗമായി പൊതുക്ഷേമ പദ്ധതിയെ ഉപയോഗിച്ചുകൊണ്ട്, ഭരണകക്ഷിയുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇസ്കോൺ പോലുള്ള മതസംഘടനകൾക്ക് സ്കൂൾ സംവിധാനത്തിലേക്ക് വഴിയൊരുക്കാനാണോ?
ടെൻഡർ വിളിക്കാതെ ഒരു പ്രത്യേക സംഘടനയ്ക്ക് നേരിട്ട് സർക്കാർ എങ്ങനെയാണ് ഈ ജോലി നൽകുന്നത്? കാവി വസ്ത്രം മാത്രമാണോ തിരഞ്ഞെടുപ്പിനുള്ള ഒരേയൊരു മാനദണ്ഡം? ഇസ്കോണിന്റെ കർശനമായ മതപരമായ ഭക്ഷണരീതിയിലൂടെ, മാംസാഹാരത്തിന്മേൽ നേരിട്ട് സർക്കാർ നിരോധനം ഏർപ്പെടുത്താതെ തന്നെ, പൊതുവിദ്യാലയങ്ങളിലെ വിവിധ പശ്ചാത്തലമുള്ള കുട്ടികളുടെമേൽ ‘സാത്വിക്’ ഭക്ഷണ തത്വചിന്ത അടിച്ചേൽപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിലൂടെ ഒരു പൊതുക്ഷേമ പദ്ധതിയിലേക്ക് മതപരമായ ആചാരവിശുദ്ധി കടത്തിവിടുകയും, വിദ്യാലയങ്ങളിലെ ഭക്ഷണമുറി എന്ന മതേതര ജനാധിപത്യ ഇടത്തെ ക്ഷേത്ര അന്തരീക്ഷത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. “നിങ്ങൾ തന്നെ ഇതൊന്ന് രുചിച്ചു നോക്കൂ… ഇനി ‘ഹരേ കൃഷ്ണ’ എന്ന് ജപിക്കാൻ താല്പര്യമില്ലെങ്കിൽ ആരും നിങ്ങളോട് അത് ചെയ്യാൻ നിർബന്ധിക്കുന്നില്ല” എന്ന് സംസ്ഥാന മുഖ്യമന്ത്രി പരസ്യമായി പ്രസ്താവിച്ചപ്പോൾ, പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ഒരു പ്രത്യേക മതസ്വത്വത്തിന്റെ കടന്നുകയറ്റത്തെ തുറന്നുസമ്മതിക്കുകയൂം ന്യായീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ, ഇത് ഇരട്ട ആക്രമണമാണ്. പോഷകാഹാരത്തെയും വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയെയും ഒരേപോലെ വെട്ടിച്ചുരുക്കുന്നത് പൊതുസംവിധാനങ്ങളെ തകർക്കുന്ന സ്ഥിരം ശൈലിയെയാണ് കാണിക്കുന്നത്.
ഭക്ഷണരീതികൾക്കുമപ്പുറം, ഇസ്കോൺ മോഡലിന്റെ പ്രധാന പ്രശ്നം സാമ്പത്തികമായ തഴയലാണ്. 1990കളുടെ മധ്യത്തിൽ നിയമരൂപം നൽകിയ ഇന്ത്യയിലെ ഉച്ചഭക്ഷണ പദ്ധതിക്ക് രണ്ടു പ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു: പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുക, ഒപ്പം പ്രാദേശിക സ്വയംസഹായ സംഘങ്ങൾ (SHGs) വഴി പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും തൊഴിലും നൽകുക. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകൾക്ക് സ്കൂൾ ഫണ്ട് ലഭ്യമാക്കുകയും, അവർ പ്രാദേശികമായി സാധനങ്ങൾ വാങ്ങി പ്രാദേശിക സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പൊതുജന പങ്കാളിത്ത മാതൃകയായിരുന്നു അത്. ഉച്ചഭക്ഷണ പദ്ധതി സ്വകാര്യവൽക്കരിക്കുന്നതിലൂടെ ആയിരക്കണക്കിന് പാചകത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും.
ഈ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം ഇല്ലാതാകുമ്പോൾ, കേന്ദ്ര സർക്കാരിന്റെ പിഎം പോഷൻ (PM-POSHAN) പദ്ധതിക്കുകീഴിൽ അന്നാമൃത ഫൗണ്ടേഷൻ വഴി ഇസ്കോൺ എന്ന സമ്പന്ന മത-ധർമ്മസ്ഥാപനം കോടികൾ കൊയ്യും. കൊൽക്കത്തയിൽ റെസ്റ്റോറന്റുകളിലെ ടേക്ക്-എവേ കൗണ്ടറുകൾ പോലെ ഇസ്കോൺ പണം വാങ്ങി ഭക്ഷണം വിൽക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. ദൈവത്തിന്റെ പേരിൽ ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്നത് ഇസ്കോണിന് പുതിയൊരു കാര്യമല്ല.
നാട്ടിലെ സ്കൂൾ അടുക്കളകൾ കേന്ദ്രീകരിച്ചു, മൂന്നാം കക്ഷി കോർപ്പറേറ്റ് എൻജിഒകൾക്ക് നൽകുന്നത് ‘ഭരണപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും’ ‘സ്മാർട്ട് ഭരണത്തിന്റെ’ അടയാളമാണെന്നുമാണ് ബിജെപി സർക്കാരിന്റെ വാദം. ഗംഭീരം! പ്രാദേശിക സ്ത്രീകളുടെ ഉപജീവനമാർഗ്ഗം തട്ടിയെടുക്കുന്നതും, മുട്ടപോലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾക്കുപകരം മതപരമായ നിർബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന കർശനമായ മെനുവിലേക്ക് പാവപ്പെട്ട കുട്ടികളെ തള്ളിവിടുന്നതുമാണോ സ്മാർട്ട് ഭരണം? അതോ സ്വയം പ്രഖ്യാപിത ആത്മീയ സംഘടനയെ കോടികളുടെ കാറ്ററിംഗ് ഏജൻസിയാക്കി മാറ്റുന്നതാണോ? ഈ ചൂഷണം കേവലം ശാരീരികം മാത്രമല്ല, ആഴത്തിലുള്ള സാമ്പത്തിക ചൂഷണം കൂടിയാണ്.
നിയമപരമായി രജിസ്റ്റർ ചെയ്ത നികുതിയിളവുള്ള ചാരിറ്റബിൾ ട്രസ്റ്റുകളാണെങ്കിലും, ഇസ്കോൺപോലുള്ള സ്ഥാപനങ്ങൾ കച്ചവട കുത്തകകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നഗരപ്രദേശങ്ങളിലെ പിപിപി (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) വ്യവസ്ഥകൾ ഉപയോഗിച്ച് അവർ സർക്കാർ കരാറുകൾ സ്വന്തമാക്കുന്നു. പൊതുഫണ്ടും സ്വകാര്യ സംഭാവനകളും സമർത്ഥമായി സംയോജിപ്പിച്ചാണ് ഇവരുടെ ലാഭകരമായ പ്രവർത്തനം. നികുതിയിളവുകൾ നേടാനും ഇത്തരം വാണിജ്യ പ്രവർത്തനങ്ങൾ നടത്താനുമുള്ള ഒരു മറ മാത്രമാണ് ഇവരുടെ മതപരമായ മുഖം.അങ്ങനെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ‘പാവപ്പെട്ടവരുടെ ഉദ്ധാരണത്തെക്കുറിച്ച്’ പ്രസംഗിക്കുന്ന അധികാരക്കൊതിയന്മാരായ രാഷ്ട്രീയ പാർട്ടികൾ, അധികാരം കിട്ടിക്കഴിഞ്ഞാൽ അതേ പാവപ്പെട്ട ജനങ്ങളെ ഭരണപരമായ സ്വകാര്യവൽക്കരണത്തിനും സാംസ്കാരിക മാറ്റങ്ങൾക്കും ഇരയാക്കുന്നു. ഓരോ ആശയപരമായ മാറ്റത്തിന്റെയും ബജറ്റ് വെട്ടിക്കുറയ്ക്കലിന്റെയും നയപരീക്ഷണങ്ങളുടെയും ഭാരം ഒടുവിൽ വന്നെത്തുന്നത് സാധാരണക്കാരന്റെ തോളിലാണ്. ഈ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യവും ഭീകരമായ ചൂഷണവും സാധാരണക്കാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളുടെ യഥാർത്ഥ ഭരണസംവിധാനത്തിനായി നാം ഒന്നിക്കേണ്ടതുണ്ട്.
