ഭരണകൂട ഭീകരതക്ക് ഇരയായ ആദിവാസികൾക്ക് മുത്തങ്ങ സംഭവത്തിനു ശേഷവും രണ്ടു പതിറ്റാണ്ടിലേറെയായി നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം പരിഗണിക്കാതെയാണ് മുത്തങ്ങ സംഭവത്തിൽ അക്രമം, തടഞ്ഞുവെക്കൽ എന്നീ കേസുകളിൽ എം.ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികളെ 5 വർഷം കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് എസ്‌യുസി ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭൂരഹിതരായ ആദിവാസികള്‍ 2003 ൽ മുത്തങ്ങയിൽ നടത്തിയ സമരത്തെ മൃഗീയമായി അടിച്ചമർത്തിയതിനിടെ നിരവധി ആദിവാസികൾ കൊടിയ ആക്രമണങ്ങൾക്കിരയാവുകയും ജോഗിയെന്ന ആദിവാസി യുവാവ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിരവധി പേർക്ക് ശിഷ്ടകാല ജീവിതം മരണതുല്യമായി. ഈ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കഴിഞ്ഞ 23 വർഷക്കാലവും മാറിമാറി അധികാരത്തിൽവന്ന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വന്ന വിധിയെ പരിശോധിക്കേണ്ടത്. ആദിവാസി ക്ഷേമത്തെ പറ്റി വായ്ത്താരിയിടുന്ന എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും മുത്തങ്ങ നരനായാട്ടിൽ യാതന അനുഭവിച്ചവർക്ക് നീതി നൽകിയില്ല എന്നുമാത്രമല്ല, സമര നേതാക്കൾക്ക് ശിക്ഷയും നൽകിയിരിക്കുകയുമാണ്. പോലീസ് അതിക്രമത്തിനിരയായവർക്ക് നീതി ഉറപ്പാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ക്രൂരതകൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
