മുതലാളിത്ത വ്യവസ്ഥിതിയിൽ തിരഞ്ഞെടുപ്പിലൂടെയുള്ള ഒരു ഭരണമാറ്റം അടിസ്ഥാനപരമായി മാറ്റമൊന്നുമുണ്ടാക്കില്ല എന്നതാണ് നമ്മുടെ അനുഭവം. എന്നിരുന്നാലും, പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ അധികാരത്തിലിരുന്ന ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഭരണം അവസാനിപ്പിച്ച് ഐക്യജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലേറിയത് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഒരു ബാധയൊഴിഞ്ഞതുപോലെ ആശ്വാസകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ജനവിരുദ്ധ ഭരണത്തിന്റെ മൂർദ്ധന്യത്തിൽ മുൻകാലങ്ങളിൽ പലകുറി അധികാരത്തിൽ നിന്നിറക്കിവിടപ്പെട്ട ചരിത്രം പേറുന്നവരാണ് യുഡിഎഫ് എന്നിരിക്കെ പ്രത്യേകിച്ചും. ജനതാല്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങൾ സംഘടിപ്പിച്ച ചരിത്രമാകട്ടെ അവർക്ക് ഒരു കാലത്തുമുണ്ടായിട്ടുമില്ല. എന്നിട്ടും 1977നു ശേഷം ഇപ്പോൾ നൂറിലധികം സീറ്റുകളോടെ അവരെ ജനങ്ങൾ അധികാരത്തിലേറ്റി. ഇടതുപക്ഷരാഷ്ട്രീയം കൈവെടിഞ്ഞ് കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കിയതാണ് വമ്പിച്ച ജനരോഷത്തിനിരയായി ഇടതുമുന്നണിക്കു പുറത്തു പോകണ്ടിവന്നതിനു കാരണമെന്ന് ‘യൂണിറ്റി’ വിശദീകരിച്ചിരുന്നു.
ആരെയെങ്കിലും ഭരണത്തിൽ വാഴിക്കുക എന്നതിനപ്പുറം ചിലരെ ഭരണത്തിൽ നിന്നിറക്കിവിടാനാണ് ജനങ്ങൾ പൊതുവെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വോട്ടു ചെയ്തുവരുന്നത്. അതുകൊണ്ട് പ്രതിപക്ഷകക്ഷികൾക്ക് ഭരണത്തിലെത്താൻ 5 വർഷം കാത്തിരുന്നാൽ മാത്രം മതി എന്നത് ഒരു വഴക്കമാകാൻ തുടങ്ങിയിരുന്നു. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് സർക്കാരിനു മാത്രം സാധ്യമാകുമായിരുന്ന പ്രവർത്തനങ്ങളുടെ ആനുകൂല്യത്തിൽ പിണറായി വിജയൻ സർക്കാരിന് കഴിഞ്ഞ തവണ തുടർഭരണം കിട്ടി. തുടർഭരണം കോർപ്പറേറ്റ് നയങ്ങളുടെ നടത്തിപ്പിനുള്ള സമ്മതപത്രമാണെന്ന നിലയിൽ, ജനതാല്പര്യത്തിനു തരിമ്പും വിലകല്പിക്കാതെയുള്ള ഭരണമാണ് പിന്നീടു നടന്നത്. എന്നാൽ, 1990കളിൽ അടിച്ചേല്പിക്കപ്പെട്ട ആഗോളീകരണനയങ്ങൾ ഇടതുവലതുഭേദമില്ലാതെ എല്ലാ മുന്നണികളും നടപ്പാക്കാൻ തുടങ്ങിയതോടെ, കേരളത്തിൽ മുളപൊട്ടി വന്ന ജനകീയസമരങ്ങളുടെ ഒരു പുതിയ സംസ്കാരം പിണറായി ഭരണകാലത്ത് ശക്തിപ്പെട്ടു. ഇത് മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായ, ഗുണപരമായ ഒരു മാറ്റമായിരുന്നു.
സർക്കാരാശുപത്രികളിലെ ചികിത്സാഫീസിനെതിരെ, ലോകബാങ്കിന്റെ വായ്പയിൽ നടത്തിയ സാമ്രാജ്യത്വ വിദ്യാഭ്യാസപദ്ധതിയായ ഡിപിഇപിക്കെതിരെ, വിളപ്പിൽശാലയിൽ ജനവാസകേന്ദ്രത്തിൽ നഗരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ, മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കലിനെതിരെ, ചെങ്ങറയിൽ ഭൂരഹിതരായ ദളിത് വിഭാഗങ്ങൾ കൃഷിഭൂമിക്കുവേണ്ടി അങ്ങനെ, അനേകം സമരങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമൊന്നും പരിഗണിക്കാതെ ജനങ്ങൾ അണിനിരന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രഖ്യാപിക്കപ്പെട്ട കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു പ്രക്ഷോഭണം തുടർഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്നുവന്നു. ക്ലേശപൂർണ്ണമെ ങ്കിലും ജനാധിപത്യപരമായ രീതിയിൽ 11 ജില്ലകളിലായി മുന്നൂറോളം സമരക്കമ്മിറ്റികൾ രൂപം കൊണ്ടു. പദ്ധതി വന്നാൽ കുടിയൊഴിഞ്ഞു പോകേണ്ടുന്നവരോടൊപ്പം പരിസ്ഥിതി പ്രവർത്തകരും വിവിധ സാമൂഹ്യരംഗങ്ങളിലുള്ള ബഹുജനങ്ങളും സ്വാഭാവികമായും ഉൾച്ചേർന്ന സമരത്തിന്റെ വേലിയേറ്റത്തിൽ പിണറായി സർക്കാരിന് പദ്ധതിയുമായി ഒരടി പോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. തുടർന്നായിരുന്നു തികച്ചും നിസ്വരായ ആശാപ്രവർത്തകർ ദിവസം 233 രൂപ കൊണ്ടു ജീവിക്കാൻ കഴിയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരം ആരംഭിച്ചത്. തങ്ങളുടെ നിരന്തരമായ പരിദേവനങ്ങൾ തുടർച്ചയായി സർക്കാർ അവഗണിച്ചപ്പോഴാണ് രാപകൽ സമരത്തിനവർ തയ്യാറായത്. തുടക്കത്തിൽ സർക്കാരും ഇടതുനേതാക്കളും സമരം ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഓടിച്ചു വിടാനാണ് ശ്രമിച്ചത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഏഴകളായ ഈ സ്ത്രീകളുടെ സമരം ദേശീയശ്രദ്ധ നേടി. ആശമാരുടെ ഓണറേറിയം കേന്ദ്രമാണ് കൂട്ടേണ്ടതെന്ന നുണ ആദ്യം മുതൽ പ്രചരിപ്പിച്ചിരുന്ന സർക്കാരിന് ഗത്യന്തരമില്ലാതെ രണ്ടു തവണയായി 2000 രൂപ വർദ്ധിപ്പിക്കേണ്ടിവന്നു. കേരള മനസ്സാക്ഷി ഏറ്റെടുത്ത സമരമായി മാറി അത്.
തുടക്കത്തിൽ കാഴ്ച്ചക്കാരായിരുന്നെങ്കിലും സർക്കാരിനെ മറിച്ചിടാൻ തക്ക ശക്തിയുള്ള ജനവികാരം ഈ രണ്ടു സമരങ്ങളിലൂടെ രൂപപ്പെട്ടുവരുന്നു എന്നു മനസ്സിലാക്കിയപ്പോൾ യുഡിഎഫ് ക്രമേണ ആ സമരങ്ങളോടൊപ്പം നിലകൊള്ളുകയായിരുന്നു. എല്ലാ രംഗങ്ങളിലും ജനവിരുദ്ധമായ എൽഡിഎഫിന്റെ ഭരണനയങ്ങൾക്കെതിരെ ഉയർന്നുവന്ന ജനവികാരത്തോടൊപ്പം ഈ സംഘടിതസമരങ്ങൾ ഉണർത്തിയ പോരാട്ടവീര്യവും ചേർന്നതോടെ, തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിച്ചു.
പുതിയ സർക്കാരിനോട് ജനങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്
അധികാരത്തിലേറി ആദ്യദിനങ്ങളിൽത്തന്നെ യുഡിഎഫ് സർക്കാർ ആശാസമരത്തിന്റെ ഡിമാന്റുകൾ ഭാഗികമായി അംഗീകരിച്ചതും സിൽവർ ലൈൻ പദ്ധതി റദ്ദു ചെയ്തതും, ജനസമരത്തിന്റെ വേദിയിൽ ജനങ്ങൾ അവരിൽനിന്ന് നേടിയെടുത്ത വാക്കിന്റെ നടപ്പാക്കലായിരുന്നു. ജനങ്ങൾക്ക് യുഡിഎഫിലുള്ള വിശ്വാസമല്ല മറിച്ച് തങ്ങളിൽത്തന്നെയുള്ള വിശ്വാസത്തിന്റെ വെളിപ്പെടലാണ് ഈ തിരത്തെടുപ്പിൽ കണ്ടത്. ജനവിരുദ്ധനയങ്ങളെ ചെറുത്തു തോല്പിക്കാൻ വോട്ടിലുപരി സമരത്തിന്റേതായ ഒരു മാർഗ്ഗവുമുണ്ടെന്ന് ജനങ്ങൾ പതിയെപ്പതിയെ തിരിച്ചറിയുകയാണ്. ഈ തിരിച്ചറിവു നൽകുന്ന ഉത്തേജനവും ജാഗ്രതയും കൂടുതലുയർന്ന തലത്തിൽ നിലനിർത്തിക്കൊണ്ടു പോകുക എന്നതാണ് ഇനി നമ്മുടെ കർത്തവ്യം.
ദേശീയസാഹചര്യത്തിലാകട്ടെ ജനങ്ങൾ വമ്പിച്ച ആക്രമണങ്ങൾ നേരിടുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ അതിഭീമമായ വർദ്ധനവ് അടിച്ചേല്പിച്ചു. രണ്ടു തവണയായി 1000ത്തിലധികം രൂപയാണു കൂട്ടിയത്. നാലു തവണയായി പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിനു പത്തുരൂപയോളം വർദ്ധിപ്പിച്ചു. അസംസ്കൃത എണ്ണയുടെ വില ദീർഘനാൾ ബാരലിന് 60 ഡോളറിനടുത്തു താഴ്ന്നുനിന്നപ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്കു നൽകാത്തവർ, യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്രവില ഉയർന്നപ്പോൾ പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിൽ കുത്തിക്കവർച്ച നടത്തുകയാണ്. സാങ്കല്പികമായ ലാഭത്തിലുണ്ടാകുന്ന കുറവിനെയാണ് നഷ്ടം എന്നു പറയുന്നത്. യുദ്ധസാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ യാതൊരു ശ്രമവും നടത്താതെ ചെറുകിട ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും പൂട്ടലിനു വഴിയൊരുക്കിയവരാണ് ഈ അതിക്രമം കാണിക്കുന്നത്. ജനങ്ങളിൽ നിന്നു കവർന്നെടുക്കുന്ന ഈ ധനം ‘വികസന’ത്തിനു വേണ്ടിയാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത് എന്നാൽ, കോർപ്പറേറ്റുകളുടെ ഭണ്ഡാരം നിറയുക എന്നതല്ലാതെ ജനജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുന്നതായി നമ്മൾക്കനുഭവപ്പെടുന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത വിധം വിലക്കയറ്റം രൂക്ഷമാകുന്നു. യുവാക്കൾ തൊഴിലിനുവേണ്ടി നാടെമ്പാടും അലയുമ്പോൾ പരിമിതമായ തൊഴിലുകളിൽ നിന്നുപോലും തൊഴിലാളികൾ പിരിച്ചു വിടപ്പെടുന്നു. ഐടി ഭീമന്മാർ കൂട്ടപ്പിരിച്ചു വിടലാണു നടത്തുന്നത്. പൊതുഗതാഗതം തകരുമ്പോൾ ദേശീയപാതകളുൾപ്പടെയുള്ള റോഡുകൾ ചുങ്കം പിരിക്കുന്ന സ്വകാര്യ പാതകളായി മാറുന്നു.
അതോടൊപ്പം, ദേശീയതലത്തിൽ ആസുരമായി കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും പ്രതിഫലനമെന്ന നിലയിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും അപകടത്തിലാകുകയാണ്. സർക്കാർനയങ്ങളെ ചെറുക്കുന്നതു പോയിട്ട് വിമർശിക്കുന്നതുപോലും ദേശദ്രോഹമായി പരിഗണിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു. വൈവിധ്യങ്ങളെ അമർച്ചചെയ്ത് ഏകീകൃതമായ ഒരു ദേശീയസത്തയെ ഉറപ്പിച്ചെടുക്കുന്നതിനും അതിനനുസൃതമായ സാംസ്കാരികമായ ചിട്ടപ്പെടുത്തലിനും വേണ്ടി വിനാശകരമായ ഒരു വിദ്യാഭ്യാസനയം (NEP2020) നടപ്പാക്കുന്നു. അഥവാ, സമ്പൂർണ്ണമായ ഒരു ഫാസിസ്റ്റ് വാഴ്ച്ചയിലേക്കുള്ള തേരുരുളുകയാണ്. ഓർക്കുക, മനുഷ്യസത്തയെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഫാസിസത്തിന്റെ കടന്നുവരവിലൂടെ തകർക്കപ്പെടുക. കൂരിരുട്ടിന്റെ ആ യുഗത്തിലേക്കു നമ്മുടെ നാട് നിപതിക്കാതിരിക്കണമെങ്കിൽ ഉയർന്ന തലത്തിലുള്ള ജനകീയപ്രബുദ്ധതയും അതിന്റെയടിസ്ഥാനത്തിലുള്ള വിശാലജനാധിപത്യപ്രക്ഷോഭണവും ഉണ്ടാകണം.
ഈ ഫാസിസ്റ്റുവിരുദ്ധ മുന്നേറ്റത്തിന് ഇണങ്ങും വിധം പടിപടിയായി ജനാധിപത്യമുന്നേറ്റങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങളുടെ വിശാലമായ കർത്തവ്യം. കേരളത്തിൽ എൽഡിഎഫിനെ താഴെയിറക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിച്ച സർക്കാർ നയങ്ങളും നടപടികളും വിചാരണ ചെയ്യപ്പെടണം. അവ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം.
പുതിയ സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്
തീവ്രമായ ആവേശത്തോടെ എൽഡിഎഫും അതിനോടു മത്സരിച്ചുകൊണ്ട് മറ്റു മുന്നണികളും ജനമനസ്സിൽ ആവർത്തിച്ചുറപ്പിക്കാൻ ശ്രമിച്ച ആഖ്യാനമായിരുന്നു വികസനത്തിന്റേത്. തങ്ങളുടെ മണ്ഡലങ്ങളിൽ സർക്കാർ ചെലവഴിച്ചതും ചെലവഴിക്കാനുദ്ദേശിക്കുന്നതുമായ കോടികളുടെ കണക്കുമായാണ് എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മുമ്പ് കേരളമേ ഇല്ലായിരുന്നു എന്ന മട്ടിലാണ് സമാനതകളില്ലാത്ത വികസനം കഴിഞ്ഞ പത്തുവർഷത്തിനകം കേരളത്തിൽ നടന്നുവെന്നു വിശ്വസിക്കുവാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടത്. എല്ലാ മനുഷ്യർക്കും വിദ്യാഭ്യാസവും തൊഴിലും പാർപ്പിടവും സൗജന്യ ആരോഗ്യപരിരക്ഷയും ഒരുക്കുക എന്നതാണ് വികസനം എന്നാണു നമ്മുടെ ധാരണ. ജാതി, മത, രാഷ്ട്രീയ, ഭാഷ, പ്രദേശഭേദമില്ലാതെ സമ്പത്തിന്റെയും അവസരങ്ങളുടെയും നീതിയുടെയും തുല്യമായ വിതരണം അതാവശ്യപ്പെടുന്നു. എന്നാൽ, ആഗോളീകരണത്തിന്റെ കാലത്ത് പരമാവധി ലാഭം ഉറപ്പാക്കും വിധം കോർപ്പറേറ്റുകളുടെ നിക്ഷേപത്തിന് സൗകര്യമൊരുക്കുക എന്നതായിമാറി ഈ മുന്നണികളുടെ വികസനസങ്കല്പം. നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് വൻകിട നിർമ്മാണപദ്ധതികൾ നടത്തുകയാണതിന്റെ ലക്ഷ്യം. ദേശീയപാതകൾ ഓരോ റീച്ചുകളായി മുറിച്ച് നിർമ്മാണത്തിനും ചുങ്കം പിരിക്കുന്നതിനും ഓരോ കമ്പനികൾക്ക് അനുമതി കൊടുക്കുന്നതങ്ങനെയാണ്. അപ്പോൾ ആവശ്യമില്ലെങ്കിലും പുതിയ റോഡുപദ്ധതികൾ വരും. നിലവിലുള്ള റോഡുകൾക്കു പുറമേ കോഴിക്കോട്-പാലക്കാട്, തിരുവനന്തപുരം- അങ്കമാലി ഗ്രീൻഫീൽഡ് റോഡുകൾ വേണമെന്നു നിശ്ചയിക്കുന്നത് അതിനാലാണ്. വ്യക്തമായ പാരിസ്ഥിതികാഘാത പഠനം വരുന്നതിനു മുമ്പുതന്നെ കോഴിക്കോട്- വയനാട് തുരങ്കപ്പാത തുടങ്ങുന്നത് അങ്ങനെയാണ്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തിയ സിൽവർലൈൻ പദ്ധതി ജനങ്ങളുടെമേൽ അടിച്ചേല്പിക്കാൻ നോക്കുന്നത് അതുകൊണ്ടാണ്. വൻകിട നിർമ്മാണക്കമ്പനികളുടെ കോടിക്കണക്കിനു രൂപ വിലയുള്ള കൂറ്റൻ യന്ത്രങ്ങൾക്ക് വെറുതെയിരിക്കാൻ പറ്റില്ല. കുപ്പിയിൽ നിന്നിറക്കിയ ഭൂതത്തെപ്പോലെ അവയ്ക്ക് പണി ചെയ്തുകൊണ്ടേയിരിക്കണം, ലാഭം പെരുപ്പിക്കണം. അതിനാണ് വൻകിട പദ്ധതികൾ അടിച്ചേല്പിക്കുന്നത്. കിടപ്പാടം കൈയൊഴിയേണ്ടിവരുന്നവരും ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാകുന്നവരുമായ സാധാരണക്കാർ ഈ വികസന തേരോട്ടത്തിനടിയിൽ അമരുന്നത് ഭരണാധികാരികളെ അലട്ടുന്നില്ല. ഈ ‘വികസനസങ്കല്പം’ കൈയൊഴിഞ്ഞു കൊണ്ടാകണം പുതിയ സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കേണ്ടത്. സാമാന്യജനങ്ങൾക്കെതിരെ, മുതലാളിത്ത സംരംഭകരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ ഉറപ്പാക്കുക എന്ന മുൻ സർക്കാരിന്റെ ആദർശവാക്യത്തിനുപകരം പണിയെടുക്കുന്നവരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ തൊഴിൽ, വ്യവസായ, പരിസ്ഥിതി നയങ്ങൾ മാറ്റിയെഴുതാൻ സർക്കാർ തയ്യാറാകണം.
സമ്പദ്രംഗത്തുവേണ്ട ഇടപെടലുകൾ
കടമെടുത്തുള്ള വികസനം എന്നതായിരുന്നു ഇടതുമുന്നണിയുടെ സാമ്പത്തിക സമീപനം. വൻകിടക്കാരിൽ നിന്നുള്ള നികുതിപിരിവിലും നികുതിവെട്ടിപ്പു തടയുന്നതിലും വീഴ്ച്ചയുണ്ടായതായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ കിട്ടേണ്ട വരുമാനം ഉറപ്പാക്കാതെ തുടർച്ചയായി കടം വാങ്ങിയതുമൂലം പലിശയായി അടക്കേണ്ടതുക ഓരോ വർഷവും കടമെടുക്കുന്ന തുകയുടെ അടുത്തെത്തുകയാണ്. ഫലത്തിൽ കടംകൊണ്ട് വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല, പലിശയടക്കാനേ പറ്റൂ എന്ന കടക്കെണിയിലേക്ക് സംസ്ഥാനം പൊയ്ക്കൊണ്ടിരിക്കുകയാണ്. ബജറ്റിനു പുറമേ കടമെടുപ്പിന് അനുമതിയുള്ള കിഫ്ബിയും പെൻഷൻ ഫണ്ടും ചേർന്നെടുത്ത കടം കൂടി ചേർന്നാൽ സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായിരുന്ന ഡോ.കെ.എം. അബ്രഹാമിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളെക്കൂടി നിയന്ത്രിക്കുന്ന അധികാരസ്ഥാപനമായി കിഫ്ബി മാറിയെന്ന് ഉന്നതോദ്യോഗസ്ഥൻതന്നെ പറയുന്നുണ്ട്. കിഫ്ബിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പറയുന്നുണ്ട്. അതിന്റെയടിസ്ഥാനത്തിൽ, ജനാനുകൂല നടപടികൾക്കു ഭംഗംവരാതെ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് സർക്കാർ ഉറപ്പാക്കണം.
വിദ്യാഭ്യാസരംഗത്തുവേണ്ട അടിസ്ഥാനമാറ്റം
പൊതുവെ അവഗണിക്കപ്പെട്ട ഇന്ത്യൻ വിദ്യാഭ്യാസരംഗത്ത്, താരതമ്യേന മെച്ചപ്പെട്ട നിലവാരം കേരളത്തിലെ വിദ്യാഭ്യാസത്തിനുണ്ടായിരുന്നു. സർക്കാരിന്റെ അവഗണനയുടെ ഫലമായ എല്ലാത്തരം രോഗാവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസനിലവാരം സാമാന്യം ഉയർന്നതു തന്നെയായിരുന്നു. 1986ലെ വിദ്യാഭ്യാസനയത്തിന്റെ പീഡകളിൽനിന്ന് ഒരു പരിധിവരെയെങ്കിലും കുതറിനില്ക്കാൻ അതിനു കഴിഞ്ഞിരുന്നു. എന്നാൽ, 1997ൽ ലോകബാങ്ക് പദ്ധതിയായ ഡിപിഇപിയിലൂടെ അന്നത്തെ ഇടതു സർക്കാർ ഇവിടെ കെട്ടിയേല്പിച്ച പുതിയ പാഠ്യപദ്ധതി അതുവരെ ഉണ്ടായിരുന്ന നിലവാരം തകർത്തുകളഞ്ഞു. അക്ഷരപഠനം അവതാളത്തിലായി. കളിയിലൂടെയുള്ള പഠനം എന്നുപറഞ്ഞ് ഭാഷ, ഗണിത, അടിസ്ഥാനശാസ്ത്ര പഠനങ്ങൾ ഇവയെല്ലാം അവിയൽ രൂപത്തിലാക്കി. ശിശുകേന്ദ്രിതപഠനം എന്ന പേരിൽ സാമ്രാജ്യത്വ ആശയനിർമ്മാണശാലകളിൽ നിന്നുവരുന്ന സമഗ്രഭാഷാസമീപനം (whole language approach), സാമൂഹ്യജ്ഞാനനിർമ്മാണം (social constructivism) തുടങ്ങിയ ഉത്തരാധുനികസങ്കല്പങ്ങളാണ് ഇതിനാധാരമായി അവതരിപ്പിച്ചത്. കാൽ നൂറ്റാണ്ടിനു ശേഷം കണക്കെടുക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസനിലവാരം അങ്ങേയറ്റം അധഃപതിച്ചിരിക്കുന്നു എന്നാണ് ASER പോലുള്ള എല്ലാ സർവ്വേകളും സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ കോവിഡ് കാലത്ത് പാർലമെന്റിൽപ്പോലും ചർച്ചചെയ്യാതെ അടിച്ചേല്പിച്ച ദേശീയ വിദ്യാഭ്യാസ നയം (NEP 2020) കേരളത്തിൽ, എതിർക്കുന്നു എന്ന മട്ടിൽ നടപ്പിലാക്കുകയായിരുന്നു പിണറായി സർക്കാർ. ഖാദർ കമ്മിറ്റി റിപ്പോർട്ട് സമ്പൂർണ്ണമായി പ്രസിദ്ധീകരിക്കാതെ തന്നെ സ്കൂൾ പാഠ്യക്രമം NEP2020ക്കനുസൃതമായി മാറ്റിമറിക്കാൻ കരുനീക്കി. ശ്യാം ബി.മേനോൻ കമ്മിറ്റിയുടെ ശുപാർശ എന്ന മറയിൽ നാലുവർഷ ഡിഗ്രി കോഴ്സുകൾ തുടങ്ങി. ഏറ്റവുമൊടുവിൽ NEP 2020 കേരളത്തിൽ നടപ്പാക്കിക്കൊള്ളാം എന്നു സമ്മതിക്കുന്ന വിധം ഇറങ്ങിപ്പോകുന്നതിനുമുമ്പ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചു. ചുരുക്കത്തിൽ സംഘപരിവാർ നിർദ്ദേശിക്കുന്ന വിധം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും തകർക്കുന്ന നടപടികളാണ് നടന്നുവന്നിരുന്നത്. ഈ ദുരവസ്ഥ പരിഹരിക്കാൻ പുതിയ സർക്കാർ മുന്നോട്ടു വരണം അതിനവരെ നിർബന്ധിതമാക്കുംവിധം സമ്മർദ്ദം ചെലുത്താൻ നാം ഒരുങ്ങണം. കേരള വിദ്യാഭ്യാസരംഗം ഇന്നെവിടെ എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ച് സമഗ്രമായ ഒരു വിലയിരുത്തൽ അടിയന്തരമായി നടത്തുക, ദേശീയവിദ്യാഭ്യാസനയം 2020 കേരളത്തിൽ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കുക, അക്ഷരപഠനവു൦ ഭാഷ, ഗണിത, ശാസ്ത്രബോധനവും ഉറപ്പാക്കുന്ന വിധം സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരിക്കുക, പിഎം ശ്രീയിൽ നിന്ന് ഉടനടി പിന്മാറുക, നാലുവർഷ ഡിഗ്രി കോഴ്സുകളെക്കുറിച്ച് പുനരാലോചന നടത്തി, ആഴത്തിലുള്ള വിഷയപഠനം നടക്കുന്നു എന്നുറപ്പു വരുത്തുക തുടങ്ങിയ അടിയന്തര ഡിമാന്റുകൾ അംഗീകരിപ്പിക്കാൻ സർക്കാർ തയ്യാറാകണം.
ആരോഗ്യരംഗത്തെ സർക്കാർ പങ്കാളിത്തം
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏറ്റവും പ്രശ്നഭരിതമായി മാറിയതാണ് കേരളത്തിലെ ആരോഗ്യമേഖല. ആരോഗ്യപരിരക്ഷക്കായി സ്വന്തം കൈയിൽനിന്നും ഇന്ത്യയിൽ ഏറ്റവുമധികം പണം ചെലവിടേണ്ടി വരുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട് കേരളം. പ്രൈമറി ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും സർക്കാരിന്റെ കടുത്ത അവഗണന നേരിടുന്നു. പല കമ്മ്യൂണിറ്റി മെഡിക്കൽ സെന്ററുകളിലും കിടത്തിച്ചികിത്സ ഇല്ലാതായി. പ്രസവരക്ഷ സ്വകാര്യ ആശുപത്രികളിലേക്ക് നിർബ്ബന്ധിതമായി മാറ്റുന്നവിധം വിദഗ്ദ്ധ ഡോക്ടർമാരും സൗകര്യങ്ങളും ഇല്ലാതായി. 1964ലെ സ്റ്റാഫ് പാറ്റേൺ മാറാതിരിക്കുകയും അതനുസരിച്ചുള്ള നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്യുമ്പോൾ രോഗികളെ വേണ്ടവിധം പരിശോധിക്കാൻ പോലും കഴിയാത്ത വിധം എല്ലാ തലത്തിലുമുള്ള സർക്കാർ ആശുപത്രികളും വീർപ്പുമുട്ടുന്നു. താലൂക്ക്, ജില്ലാ ആശുപത്രികളിലെ അസൗകര്യം കൂടിയാകുമ്പോൾ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യപ്പെടുന്ന കേസുകൾ ക്രമാതീതമായി ഉയരുന്നു. അവിടെയും മരുന്നും ശസ്ത്രക്രിയാഉപകരണങ്ങൾപോലും രോഗികൾ വാങ്ങിക്കൊടുക്കേണ്ട സ്ഥിതിയാണ്. ശസ്ത്രക്രിയകൾ അനന്തമായി നീട്ടിവയ്ക്കപ്പെടുന്നു. അത്യാഹിതങ്ങൾ സംഭവിക്കുന്നു. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലും പണിപൂർത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്യുന്നതിലുമായിരുന്നു കഴിഞ്ഞ സർക്കാരിനു താല്പര്യം. ആരോഗ്യമേഖലയെ അനൗപചാരികമാക്കി മാറ്റാനുദ്ദേശിച്ചുള്ള നാഷണൽ ഹെൽത്ത് മിഷൻ ഒരു പൊളിച്ചെഴുത്താണുദ്ദേശിക്കുന്നത്. അവിടെ അടിസ്ഥാനതലത്തിൽ ജോലി ചെയ്യുന്ന ആശ പ്രവർത്തകരോടുള്ള അവഗണന എത്ര രൂക്ഷമായിരുന്നുവെന്ന് നാം കണ്ടതാണ്. വൻകിട നിക്ഷേപക്കമ്പനികൾ കേരളത്തിലെ ആരോഗ്യമേഖലയിൽ ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപം നടത്തിയ സാഹചര്യത്തിൽ വൻകിട ആശുപത്രികളിലെ ചികിത്സാച്ചെലവ് കുത്തനെ ഉയരാൻ പോകുകയാണ്. ഇതിനിടയിലാണ് സാധാരണക്കാർക്ക് ആശ്വാസമായി നിലനിന്നിരുന്ന ചെറുകിട ആശുപത്രികളെ കർക്കശമായ നിബന്ധനകളിൽപ്പെടുത്തി അടച്ചുപൂട്ടലിലേക്കെത്തിക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്നത്. അത് പിൻവലിക്കേണ്ടതാണ്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം പരിഷ്കരിക്കുക, അതനുസരിച്ച് ഉടനടി നിയമനങ്ങൾ നടത്തുക, പരിശോധനയും ചികിത്സയും മരുന്നും മറ്റു സൗകര്യങ്ങളും സൗജന്യമായി നൽകുന്നുവെന്ന് ഉറപ്പാക്കുക ഇത്രയും കാര്യങ്ങളെങ്കിലും സർക്കാർ അടിയന്തരമായി ചെയ്യേണ്ടതാണ്.
യുവാക്കളുടെ പ്രശ്നങ്ങൾ
ഉയർന്ന വിദ്യാഭ്യാസം നേടുവാനും തൊഴിൽ തേടിയും യുവാക്കൾ കേരളം വിടുന്നത് സമീപവർഷങ്ങളിൽ വർദ്ധിച്ചു വരികയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെയും തൊഴിൽരംഗത്തിന്റെയും ആന്തരികദൗർബ്ബല്യങ്ങൾ പരിഹരിച്ചുകൊണ്ട് ഇതിനു പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. സർക്കാർ സർവ്വീസിൽ റിട്ടയർമെന്റ് മൂലമുണ്ടാന്ന ഒഴിവുകൾ നികത്താതെയായിട്ട് വർഷങ്ങളായി. പല റാങ്ക് ലിസ്റ്റുകളിലും നാമമാത്രമായ നിയമനങ്ങളാണു നടക്കുന്നത്. ഒന്നാം റാങ്കുകാർക്കുപോലും നിയമനം നൽകാതെ ലിസ്റ്റ് കാലഹരണപ്പെട്ടിട്ടുണ്ട്. മറുവശത്ത് പിൻവാതിൽ നിയമനങ്ങൾ യഥേഷ്ടം നടക്കുന്നുമുണ്ടായിരുന്നു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലുമായി പതിനായിരത്തിൽപരം തൊഴിലവസരങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇല്ലാതായത്. അങ്ങനെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 42% ത്തോളമായിരിക്കുന്നു. യുവാക്കളെ വമ്പിച്ച സാംസ്കാരിക പ്രതിസന്ധിയിലേ ക്കാണ് ഇതു നയിക്കുന്നത്. പത്തുവർഷം മുമ്പ് 24 ബാറുകൾ മാത്രമുണ്ടായിരുന്നിടത്തുനിന്ന് ഇടതുമുന്നണി അത് എണ്ണൂറിൽപ്പരം ബാറുകളാക്കി വർദ്ധിപ്പിച്ചിരിക്കുന്നു. മയക്കുമരുന്നുകളുടെ വ്യാപനം തടയാൻ ശക്തമായ നടപടിയുണ്ടായില്ല. അങ്ങനെ തൊഴിലില്ലായ്മയും ലഹരിയിലേക്കു തള്ളിവിടുന്ന സാമൂഹ്യാന്തരീക്ഷവും യുവജനതയെ ഒരു സ്വത്വപ്രതിസന്ധിയിലാഴ്ത്തുന്നു. ഇതു സംബന്ധിച്ച് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പറഞ്ഞ ഉറപ്പുകൾ പാലിക്കപ്പെടണം.
തൊഴിൽ രംഗം
കേരളത്തിലെ തൊഴിൽരംഗവും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേന്ദ്രത്തിന്റെ ലേബർ കോഡുകൾ നടപ്പിലാക്കപ്പെടുന്നതോടെ തൊഴിലവകാശങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകാൻ പോകുകയാണ്. 8 മണിക്കൂർ തൊഴിൽ എന്നത് അവകാശമല്ല എന്ന മട്ടിൽ കെഎസ്ആർടിസിയിൽ കരാർത്തൊഴിൽ നടപ്പാക്കിക്കഴിഞ്ഞു. അവകാശങ്ങൾ ചോദിക്കുന്നതോ എന്തിന് ട്രേഡ് യൂണിയൻ രൂപീകരിക്കു ന്നതോപോലും ദേശദ്രോഹക്കുറ്റം ആകുന്ന അവസ്ഥ വരുമെന്ന് ഹരിയാനയിലെയും ഉത്തർപ്രദേശിലെയും അനുഭവങ്ങൾ മുന്നറിയിപ്പു നൽകുന്നു.
ആയിരക്കണക്കിന് തൊഴിലാളികൾ രക്തവും ജീവനും നൽകി നേടിയെടുത്ത തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികളോടൊപ്പം പൊതുസമൂഹവും നിലകൊണ്ടാലേ രക്ഷയുള്ളു എന്നതാണ് സ്ഥിതി. എല്ലാ തൊഴിൽമേഖലയിലും മിനിമം കൂലിയും അംഗീകരിക്കപ്പെട്ട തൊഴിലവകാശങ്ങളും ഉറപ്പാക്കണം. സംഘടിതമായ വിലപേശലിനുള്ള അവകാശത്തിൽ ഒരു കൈകടത്തലും ഉണ്ടാകാതെ നോക്കണം. ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഏറ്റവും സംഘടിതരായ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വളരെ ‘ശാസ്ത്രീയമായി’ കവർന്നെടുത്തുകൊണ്ടാണ് തൊഴിലവകാശലംഘനം ഒരു രീതിയെന്ന നിലയിൽ കേരളത്തിൽ സ്ഥാപിച്ചെടുത്തത്. പ്രളയവും കോവിഡും വന്ന സമയത്ത് സർക്കാർ ജീവനക്കാരുടെ വേതനത്തിന്റെ പങ്ക് ഏറെക്കുറെ നിർബന്ധിതമായി പിടിച്ചെടുത്ത സർക്കാർ അവരുടെ ഡിഎ, ലീവ് സറണ്ടർ, ശമ്പളപരിഷ്ക്കരണ കുടിശ്ശിക, വീട് നിർമ്മാണ അഡ്വാൻസ് തുടങ്ങിയവ വർഷങ്ങളോളം പിടിച്ചുവെക്കുന്നു. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ഡിഎ കുടിശ്ശിക അടുത്ത എട്ടുവർഷത്തിനുള്ളിൽ കൊടുക്കുമെന്ന ഉത്തരവിട്ട് രക്ഷപ്പെട്ടത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്തേണ്ടതാണ്. സർക്കാർ ജീവനക്കാരുടെ ന്യായമായ എല്ലാ അവകാശങ്ങളും ഉടൻ നൽകണമെന്നത് കേവലം സാമ്പത്തികമായ ഒരാവശ്യം മാത്രമല്ല. മറിച്ച്, മറ്റു മേഖലകളിൽ പണിയെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിപ്പെടുന്നതിനുള്ള മുന്നുപാധികൂടിയാണ്.
ജനാധിപത്യ കീഴ്വഴക്കങ്ങൾ സംരക്ഷിക്കുക
ജനാധിപത്യം ഇന്ന് ദേശീയതലത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്നുവെന്ന് നമുക്കറിയാം. ജനാധിപത്യ കീഴ്വഴക്കങ്ങളുടെ പടിപടിയായ താഴോട്ടുപോക്ക് കേരളത്തിലും ദൃശ്യമായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ളു ഭരണനിർവ്വണത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഇടതുസർക്കാർ കണ്ടിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസത്തെ അടിമുടി മാറ്റിമറിക്കാനുദ്ദേശിച്ചു കൊണ്ടുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൊതുമണ്ഡലത്തിൽ വെച്ചില്ല. നിയമസഭയിൽ മുഖ്യമന്ത്രി അവകാശലംഘനത്തിന് നടപടി നേരിടേണ്ടിവരുമെന്ന ഘട്ടത്തിൽ മാത്രമാണ് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തു വിടാൻ സർക്കാർ തയ്യാറായത്. ജനാധിപത്യ പ്രക്ഷോഭണങ്ങളോട്, ഇടതുപക്ഷത്തിനു യോജിക്കുന്നതായിരുന്നില്ല സർക്കാരിന്റെയും മുന്നണിയുടെയും പ്രതികരണങ്ങൾ. ആശാസമരം തുടങ്ങിയപ്പോൾ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ പാർട്ടി, ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഒരു ചാഞ്ചല്യവും ഉണ്ടായില്ല. സമരംകൊണ്ട് എല്ലാം നേടിയെടുക്കാമെന്ന ധാരണ ശരിയല്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞു. ഇനി ചർച്ചയില്ല, സമരം സമരത്തിന്റെ വഴിക്കു പൊയ്ക്കോട്ടെ എന്ന പിന്തിരിപ്പൻ നിലപാട് പ്രഖ്യാപിക്കുന്നതിലും അദ്ദേഹത്തിനു മടിയുണ്ടായില്ല. സ്വന്തക്കാരെയും പാർട്ടിക്കാരെയും പിൻവാതിൽ നിയമനങ്ങളിലൂടെ സുരക്ഷിതസ്ഥാനത്ത് ഉറപ്പിച്ചപ്പോൾ അവസരസമത്വം എന്ന സാമാന്യതത്വത്തിന് എതിരാണതെന്ന് അവർക്കു ചിന്തിക്കാൻ കഴിയുന്നില്ല. നവകേരളയാത്രക്കെതിരായി പ്രതിഷേധിച്ചവരെ പാർട്ടിക്കാരും പോലീസും വളഞ്ഞിട്ടു തല്ലുന്നതിനെ ‘രക്ഷാപ്രവർത്തനം’ എന്നു ന്യായീകരിച്ച മുഖ്യമന്ത്രി ഈ ജനാധിപത്യധ്വംസനത്തിന് ന്യായീകരണം ഒരുക്കിക്കൊടുക്കുക ആയിരുന്നു. മാവോയിസ്റ്റ് എന്ന പേരിൽ 8 പേരെ വെടിവെച്ചു കൊന്നതും 16 പേരെ ലോക്കപ്പിൽ കൊലചെയ്തതും ഇതേ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഭരിച്ചപ്പോഴാണ്. സ്വന്തം മുന്നണിയെപ്പോലും ഇരുട്ടിൽ നിർത്തി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്തുതരം ജനാധിപത്യബോധത്തിൽ നിന്നായിരുന്നു! തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം 230 കോടി രൂപയോളം പൊതുപണം ചെലവിട്ട് മുഖ്യമന്ത്രിയുടെ ഇമേജ് പൊലിപ്പിച്ചെടുക്കാൻ നടത്തിയ പ്രചാരണമാമാങ്കം ജനാധിപത്യ കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. മാവോയിസ്റ്റ് സാഹിത്യം കൈയിൽവെച്ചു എന്ന കുറ്റത്തിന് അലൻ, താഹ എന്നീ ചെറുപ്പക്കാരെ യുഎപിഎ നിയമംവെച്ച് തുറുങ്കിലിട്ടതിനെ മുഖ്യമന്ത്രി തന്നെ നേരിട്ടുവന്നു ന്യായീകരിച്ചു. എതിരഭിപ്രായമുള്ളവരെ ജയിലിലടയ്ക്കുന്ന നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെ പോരാടാൻ ബാധ്യതയുള്ളവർ തന്നെയാണ് സമാനമായ കാര്യങ്ങൾ ഇവിടെയും ആവർത്തിക്കുന്നത്. പൊതുജീവിതത്തിൽ ജനാധിപത്യ രീതികൾ പിന്തുടരുമെന്ന് സർക്കാർ ജനങ്ങൾക്ക് ഉറപ്പു നൽകണം. ഫാസിസത്തിനെതിരെ ഒരു വിശാലമുന്നണിയിൽ അണിചേർന്ന്, ജനാധിപത്യം പുലരും എന്നുറപ്പാക്കാൻ ഈ അനുഭവങ്ങളെയും കണക്കിലെടുത്തുകൊണ്ട് ജനങ്ങൾ സംഘടിക്കേണ്ട സമയമാണിത്.
ഒരു സർക്കാരിനെ മാറ്റി മറ്റൊന്നിനെ അവരോധിക്കുന്നത് തൊലിപ്പുറമേയുള്ള മാറ്റമേ സൃഷ്ടിക്കൂ. ജനാധിപത്യപരമായ ചർച്ചകളുടെ, അഭിപ്രായരൂപീകരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രക്ഷോഭണങ്ങളുടെ ഒരു മുന്നണി സൃഷ്ടിച്ചുകൊണ്ടേ സർക്കാരിനെക്കൊണ്ട് മേൽപ്പറഞ്ഞ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ പറ്റൂ എന്നത് നാം വിസ്മരിക്കുത്.
