അധിനിവേശ പലസ്തീൻ പ്രദേശത്തെയും ഇസ്രയേലിലെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി യുഎൻ 2021 രൂപീകരിച്ച ‘ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി’ സമർപ്പിച്ച റിപ്പോർട്ട് ലോകമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇസ്രയേൽ, ഗസയിൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 21,280 കുട്ടികൾ ഉൾപ്പെടെ 73,035ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തുന്നു.
കൊല്ലപ്പെട്ടവരിൽ 30 ശതമാനത്തോളം പേർ കുട്ടികളാണെന്നത് മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ആരുടെയും മനസ്സു തകർക്കുന്നതാണ്. വംശീയമായ ഉന്മൂലനം എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കുട്ടികളെ കൊന്നുതള്ളുന്നതെന്ന് കമ്മീഷൻ ചെയർമാനായ ജസ്റ്റിസ് എസ്.മുരളീധർ ‘ ദി ഹിന്ദു’ ദിനപത്രത്തിനു നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിടുന്നതിലൂടെ, പലസ്തീൻ ജനതയുടെ നിലനിൽപ്പിനും അവരുടെ ഭാവി നിർണ്ണയിക്കാനുമുള്ള ശേഷിക്കുംമേലുമാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
പത്തുവയസ്സുള്ള കുട്ടികൾപോലും ഇസ്രയേലിന്റെ ദൃഷ്ടിയിൽ ഭീകരപ്രവർത്തകരാണ്. അതിനാൽ അവർ യാതൊരവകാശങ്ങളും ഇല്ലാത്തവരും സൈനികർക്ക് ഉന്നം തെറ്റാതെ വെടിവെക്കാനുള്ള പരിശീലനലക്ഷ്യങ്ങളും മാത്രമാണ്. ഗസയിൽ വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്കും അധിനിവേശ വെസ്റ്റ് ബാങ്കിൽ യുദ്ധക്കുറ്റങ്ങൾക്കും കാരണമാകുംവിധം ഇസ്രയേൽ പലസ്തീൻ കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് യുഎൻ അന്വേഷണ കമ്മീഷൻ വ്യക്തമാക്കുന്നു. ഇസ്രയേൽ അധികാരികളും സുരക്ഷാ സേനയും ‘പതിനായിരക്കണക്കിന് പലസ്തീൻ കുട്ടികൾക്ക് മരണവും കടുത്ത ശാരീരിക-മാനസിക ദ്രോഹങ്ങളും ഏൽപ്പിക്കുന്ന പ്രവൃത്തികൾ ബോധപൂർവ്വം നടത്തിയിട്ടുണ്ടെന്നും,’ കഴിഞ്ഞ ഒക്ടോബറിലെ ഗസ വെടിനിർത്തലിനുശേഷവും ഈ കൊലപാതകങ്ങൾ തുടരുന്നുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
കമ്മീഷന്റെ റിപ്പോർട്ടിനെ ‘അപകീർത്തികരമായ ഒരു വ്യാജരേഖ’ എന്നും ‘മുൻപത്തെപ്പോലെയുള്ള അതിരുകടന്ന ഒരു പ്രചാരണ ശകലം’ എന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം സ്വാഭാവികമായും വിശേഷിപ്പിച്ചെങ്കിലും ഇസ്രയേൽ നീതിന്യായവ്യവസ്ഥ ഇക്കാര്യത്തിൽ പുലർത്തുന്ന കുറ്റകരമായ അനാസ്ഥ സാർവ്വദേശീയതലത്തിൽ വിമർശിക്കപ്പെടുന്നു. ഇസ്രയേൽ സൈന്യത്തിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാകേസ് നിലവിൽ അന്താരാഷ്ട്ര നീതിന്യായകോടതി (ICJ) പരിഗണിച്ചുവരികയാണെങ്കിലും ഇതിലൊരു നിഗമനത്തിലെത്താൻ വർഷങ്ങളെടുത്തേക്കാമെന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
കഴിഞ്ഞ സെപ്റ്റംബറിൽ, ഗസയിലെ പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയതായി കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു. 1948ലെ വംശഹത്യ കൺവൻഷനിൽ നിർവചിച്ചിട്ടുള്ള അഞ്ചുതരം വംശഹത്യാ നടപടികളിൽ നാലെണ്ണം ഇസ്രയേൽ അധികാരികളും സുരക്ഷാസേനയും നടപ്പിലാക്കിയിട്ടുണ്ടെന്ന് കരുതാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടും ഇസ്രയേൽ ശക്തമായി നിരസിക്കുകയും വികലവും അസത്യവുമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ക്വാഡ്കോപ്റ്റർ ഡ്രോണുകളും സ്നൈപ്പർമാരുംപോലുള്ള കൃത്യതയാർന്ന ആയുധങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ പ്രധാന അവയവങ്ങളിലേക്ക് വെടിയുതിർത്തും, കുട്ടികൾ തിങ്ങിപ്പാർക്കുന്ന ജനവാസ കെട്ടിടങ്ങൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവയ്ക്കുനേരെ വലിയ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചും ഗസയിലെ പലസ്തീൻ കുട്ടികളെ ഇസ്രയേൽ, ലോകം നോക്കിനില്ക്കെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സൈനികരും കുടിയേറ്റക്കാരും പലസ്തീൻ കുട്ടികളെ ആക്രമിക്കുന്നതു തടയാനും ഇസ്രയേൽ ഭരണാധികാരികൾ ശ്രമിക്കുന്നില്ല.
ഗസയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികൾ, പ്രത്യേകിച്ച് കൗമാരക്കാരായ ആൺകുട്ടികൾ, ഇസ്രയേൽ ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും അടയ്ക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നും, അറസ്റ്റുകളുടെയോ തടങ്കലുകളുടെയോ സമയത്ത് പലസ്തീൻ കുട്ടികൾക്കുനേരെ നടന്ന ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അതിക്രമങ്ങൾ തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഗസയിലെ നവജാതശിശുക്കൾക്കുള്ള ആശുപത്രികൾക്കും കുട്ടികളുടെ ആശുപത്രികൾക്കുംനേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ, ‘കുട്ടികൾക്ക് ജീവൻരക്ഷാ പരിചരണം ലഭിക്കുന്നതിനുള്ള സാഹചര്യം വ്യവസ്ഥാപിതമായി തകർക്കുകയും, ഒരു സംരക്ഷിത വിഭാഗമെന്ന നിലയിൽ അവരുടെ നിലനിൽപ്പിനെത്തന്നെ ഇല്ലാതാക്കുകയും ചെയ്തു’ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേൽ, പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഗസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ തടയുന്നത് ഗസയിലെ കുട്ടികൾക്കിടയിൽ കടുത്തതും വിട്ടുമാറാത്തതുമായ പോഷകാഹാരക്കുറവ് ഉണ്ടാക്കിയിട്ടുണ്ടെന്നും, അവരുടെ നിലനിൽപ്പിന് ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ ഇല്ലാതാക്കിയെന്നും റിപ്പോർട്ട് മുന്നറിയിപ്പുനൽകുന്നു. സ്കൂളുകൾക്കുനേരെയുള്ള ആക്രമണങ്ങൾ, കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കൽ, നിർബന്ധിതമായി സ്കൂളുകൾ പൂട്ടിക്കൽ എന്നിവയിലൂടെ ഇസ്രയേൽ അധികാരികൾ ‘കുട്ടികളുടെ പഠനശേഷി വ്യവസ്ഥാപിതമായി തടസ്സപ്പെടുത്തുകയും, തദ്വാരാ പലസ്തീൻ സമൂഹത്തിന്റെ ബൗദ്ധികവും സാമൂഹികവുമായ അടിത്തറയെത്തന്നെ തകർക്കുകയും ചെയ്തു’ എന്നും റിപ്പോർട്ട് ആരോപിക്കുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധവും അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശയുദ്ധങ്ങളുമെല്ലാം അവസാനിക്കാതെ തുടരുകയാണ്. എന്നാൽ ആധുനികനാഗരികതയ്ക്ക് ഇണങ്ങാത്തവിധം പലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ പതിറ്റാണ്ടുകളായി അതിക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. 1956ൽ സോവിയറ്റ് യൂണിയനിൽ ക്രൂഷ്ചേവിന്റെ തിരുത്തൽവാദനേതൃത്വം അധികാരത്തിലേറിയതോടെ യുദ്ധവിരുദ്ധസമാധാന പ്രസ്ഥാനത്തിന്റെ മുനയൊടിഞ്ഞു. 1991ൽ സോവിയറ്റ് യൂണിയനിൽ മുതലാളിത്ത പുനഃസ്ഥാപനം നടന്നതിനു ശേഷം അമേരിക്കൻ സാമ്രാജ്യത്വം ഇസ്രയേലിനെപ്പോലൊരു തെമ്മാടി രാഷ്ട്രത്തെ കൂടെനിർത്തി അധിനിവേശയുദ്ധങ്ങളും ഭരണ അട്ടിമറികളും നടത്തിക്കൊണ്ടിരിക്കുന്നു ഇതിനിടയിലും ധീരമായി പൊരുതുകയാണ് പലസ്തീൻ ജനത. അവരെ പിന്തുണയ്ക്കുന്ന, യുദ്ധത്തിനെതിരെ സമാധാനം അടിച്ചേല്പിക്കുന്ന വീറുറ്റ ഒരു സമാധാന പ്രസ്ഥാനം വളർത്തിയെടുക്കുക മാത്രമാണ് ലോക ജനതയുടെ മുന്നിലുള്ള വഴി.
