ദേശീയപാതയോരങ്ങളിലെ ഭൂമി മരവിപ്പിക്കൽ പാടില്ല; സുപ്രീം കോടതി ഉത്തരവ് ഉടൻ പിൻവലിക്കണം എറണാകുളത്ത് ബഹുജന കൺവെൻഷന്‍

kaleshwaram.jpg
Share

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിയാധാരമാക്കുന്ന 2026 ഏപ്രിൽ 13ലെ സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രമുഖ അഭിഭാഷകൻ കാളീശ്വരം രാജ് ആവശ്യപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളത്ത് അധ്യാപക ഭവനിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലോഡിയ, രംഗറെഡ്ഡി റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ദേശീയപാതകളുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 75 മീറ്റർ വരെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് വിലക്കും നിലവിലുള്ള കെട്ടിടങ്ങളുടെ പുനഃപരിശോധനയും ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, ഭൂമിശാസ്ത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതും പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളും എക്സിക്യൂട്ടീവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരം പ്രഖ്യാപിത പദ്ധതികൾക്കായി നിയമാനുസൃത നോട്ടിഫിക്കേഷനിലൂടെയും മതിയായ നഷ്ടപരിഹാരം നൽകിയും ഭൂമി ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട്.  അതിനുപകരം യാതൊരു നഷ്ടപരിഹാരവും നൽകാതെ കോടതി മുഖേന പൊതുവായ ഭൂമി മരവിപ്പിക്കൽ ഏർപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങൾക്കും അധികാര വിഭജനത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാഷിം ചേന്നമ്പിള്ളി മുഖ്യപ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ ജനസാന്ദ്രത, കെട്ടിടസാന്ദ്രത, ഭൂമിയുടെ ലഭ്യതക്കുറവ്, ഉയർന്ന ഭൂവില, പാരിസ്ഥിതിക സവിശേഷതകൾ എന്നിവയെല്ലാം പരിഗണിച്ചാണ് ദേശീയപാതകളുടെ വീതി 60 മീറ്ററിൽ നിന്ന് 45 മീറ്ററായി കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചത്. ദേശീയപാതയുടെ ഇരുവശത്തുമായി 75 മീറ്റർ വീതം നിയന്ത്രണം ഏർപ്പെടുത്തുന്ന കോടതി ഉത്തരവ് ദേശീയപാതയുടെ സംരക്ഷിത പരിധി 150 മീറ്ററാക്കുന്നതിന് തുല്യമാണെന്നും ഇത് കേരളത്തിന്റെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതും ജനാധിപത്യവിരുദ്ധവുമാണെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.


കേരളത്തിൽ ദേശീയപാതയോരങ്ങളിൽ കാലക്രമേണ ‘റിബൺ ഡെവലപ്മെന്റ്’ രൂപപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കിയാൽ പാതയോരത്തെ ലക്ഷക്കണക്കിന് വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയും കുടുംബങ്ങളെയും ഇത് നേരിട്ട് ബാധിക്കും. വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി ഭൂമി വിൽക്കേണ്ടിവരുന്ന സാധാരണക്കാരുടെ ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
പുതിയ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ കഴിയാത്ത സാഹചര്യം സംസ്ഥാനത്തിന്റെ വികസനത്തെ മുരടിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്രയധികം ആളുകളെ മാറ്റിപ്പാർപ്പിച്ച് പുനഃരധിവസി പ്പിക്കുക പ്രായോഗികമായി അസാധ്യമാണെന്നും അതിനാൽ ഉത്തരവ് മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സുപ്രീം കോടതി ഉത്തരവിനെതിരെ ഇരകളുടെ വിശാല സമരവേദിയായി എൻഎച്ച് ജോയിന്റ് ആക്ഷൻ കൗൺസിൽ ഓഫ് റെസിഡന്റ്സ് ആൻഡ് ട്രേഡേഴ്സ് എന്ന സമരസംഘടന രൂപീകരിക്കപ്പെട്ടു. ഹാഷിം ചേന്നമ്പിള്ളി ചെയർമാനും എസ്.രാജീവൻ ജനറൽ കൺവീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവരും വ്യാപാരി സംഘടനകളും സംയുക്തമായി ഉടൻ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ഹാഷിം ചേന്നമ്പിള്ളി പറഞ്ഞു.


ദേശീയപാത  ഇരകളുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും വ്യാപാരി സംഘടനാ പ്രതിനിധികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ കൺവെൻഷനിൽ പങ്കെടുത്തു. ഡോ.എം.പി.മത്തായി അധ്യക്ഷത വഹിച്ചു. ഡോ.ആസാദ്, ഡോ.ഡി.സുരേന്ദ്രനാഥ്, സി.ആർ.നീലകണ്ഠൻ, കെ.സി.ചന്ദ്രമോഹൻ, പ്രൊഫ.വിൻസെന്റ് മാളിയേക്കൽ, എം.ഷാജർഖാൻ, അസീസ് മൂസ, ബി.ദിലീപൻ, ഷൈല കെ. ജോൺ,  അഡ്വ.ഒ. ഹാരിസ്, മണികണ്ഠൻ പൂലന്തറ, എ.ടി.മഹേഷ്, പ്രൊഫ.ജോയി മൈക്കിൾ, സാൽവിൻ കെ.പി. എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top