വികസനത്തിന്റെ അമാനുഷകരുത്തായി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പരസ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ട കിഎഫ്ബി യഥാർത്ഥത്തിൽ എന്താണ്? സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ പുരോഗതിയിലേക്കു നയിച്ച അത്ഭുതപ്രതിഭാസമല്ല കിഫ്ബി, മറിച്ച് യാതൊരു അക്കൗണ്ടബിലിറ്റിയുമില്ലാതെ ജനങ്ങളുടെ ശിരസ്സിൽ കടബാധ്യതകളുടെ ഭാരം കയറ്റിവച്ച സമാന്തര സർക്കാരാണെന്നതാണ് കഴിഞ്ഞ പത്തുവർഷത്തെ അനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുക.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യപദ്ധതികൾ എന്താകണം, എങ്ങനെ നടപ്പാക്കണം, അതിനുവേണ്ട നിക്ഷേപം കണ്ടെത്തുക, മുതൽമുടക്കുക, പദ്ധതി നടത്തിപ്പിനെ വിലയിരുത്തുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുക–ഇവയെല്ലാം സുതാര്യമായി നിർവ്വഹിക്കുകയെന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന്റെ കടമയാണ്. അതിനുവേണ്ടിവരുന്ന എല്ലാവിധ വരവും ചെലവും സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരിനുണ്ട്. എത്രയോ ദശാബ്ദങ്ങളായി നടന്നുകൊണ്ടിരുന്ന ജനാധിപത്യ സർക്കാരുകളുടെ ഈ പ്രവർത്തന സമ്പ്രദായം ഇക്കഴിഞ്ഞ 10 വർഷമായി നിലച്ചിരിക്കുന്നു. ജനാധിപത്യ സർക്കാരുകളുടെ നിയന്ത്രണത്തിനും അധികാരത്തിനും പുറത്ത് ഇക്കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി കേരളത്തിൽ നിലനിൽക്കുന്ന സമാന്തരസംവിധാനത്തിന്റെ പേരാണ് കിഫ്ബി. ഇതിനെതിരെ രൂക്ഷവിമർശനമുന്നയിച്ച യുഡിഎഫ് അധികാരത്തിലേറിയിട്ടും സംവിധാനം തുടരുകയാണ്, സംരക്ഷിക്കപ്പെടുകയാണ്. മുതലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങളുടെ കാര്യത്തിലുള്ള കൃത്യമായ രാഷ്ട്രീയ സമവായമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
1999ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി രുന്ന കാലത്താണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബി, നിയമം വഴി സ്ഥാപിതമാകുന്നത്. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും, അതിനായുള്ള വൻപദ്ധതികൾക്കായുള്ള ഫണ്ട് കണ്ടെത്തി പ്രവർത്തനം ഏകോപിപ്പിക്കുവാനുമൊക്കെ ലക്ഷ്യം വെച്ചുകൊണ്ടാണ്, അന്നത്തെ എൽഡിഎഫ് സർക്കാർ കിഫ്ബി രൂപീകരിച്ചത്. എന്നാല് കിഫ്ബിയുടെ സ്വഭാവത്തിലും പ്രയോഗത്തിലും അടിമുടി മാറ്റം വന്നത് 2016 മുതലാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ സർക്കാർ അധികാരത്തിലെത്തി ആദ്യമായി ചെയ്ത കാര്യങ്ങളിലൊന്ന് കിഫ്ബി നിയമഭേദഗതിയായിരുന്നു. സംസ്ഥാനത്തിന്റെ പൊതുബജറ്റിലൂടെ കൂടുതൽ വായ്പയെടുക്കുന്നതിന് നിയമപരമായി നിലനിൽക്കുന്ന പരിമിതികളെ മറികടന്ന്, കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് സാമ്പത്തികം ഉറപ്പാക്കുന്നതിനുള്ള പോംവഴിയായാണ് കിഫ്ബിയെ മുഖ്യമന്ത്രിയും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കും അവതരിപ്പിച്ചത്. സമാനമായ സംവിധാനങ്ങൾ മറ്റ് പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. പക്ഷേ കിഫ്ബിയെ ഇന്ന് വ്യത്യസ്തമാക്കുന്നത്, അതിന്റെ പ്രവർത്തനശൈലിയും വിപുലമായ അധികാരവുമാണ്. ഏതൊക്കെ പദ്ധതികൾ അംഗീകരിക്കണമെന്ന് കിഫ്ബി തീരുമാനിക്കുന്നു. മസാലബോണ്ടുകളടക്കം പൊതുവിപണിയിൽനിന്നും കിഫ്ബി വായ്പകളും നിക്ഷേപങ്ങളും കണ്ടെത്തുന്നു. സർക്കാരിന്റെ തന്നെ ഫണ്ടും കിഫ്ബിയിലേക്ക് പലരീതിയിൽ എത്തുന്നു. പണം നൽകുന്നു എന്നതിലുപരിയായി, വിവിധ സർക്കാർ വകുപ്പുകൾ നിർവ്വഹിക്കേണ്ട പദ്ധതികളുടെ നിർവ്വഹണത്തിലും കിഫ്ബി ഇടപെടുന്നു. പദ്ധതികൾ അംഗീകരിക്കുന്നതും കരാറുകൾ ക്ഷണിക്കുന്നതും നൽകുന്നതും വകുപ്പുകളോ, പദ്ധതി നിർവ്വഹണത്തിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക സംവിധാനങ്ങളോ (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ-എസ്പിവി) ആയിരിക്കും. പക്ഷേ, പദ്ധതിയിൽ നേരിട്ടുള്ള ഉടമസ്ഥതയോ ഭരണപരമായ അധികാരമോ ഇല്ലെങ്കിൽപോലും പദ്ധതിയുടെ ഓരോ ഘട്ടവും നിരീക്ഷിക്കുന്നതിനും നടപടികൾ നിർദ്ദേശിക്കുന്നതിനും കിഫ്ബി ഇടപെടും. കിഫ്ബിയുടെ തന്നെ കൺസൾട്ടൻസി സ്ഥാപനമായ കിഫ്കോൺ (KIIFCON) തന്നെയാകും പല പദ്ധതികളുടെയും കൺസൾട്ടന്റ്. കടലാസിൽ ഒരു ഫൈനാൻസിയർ എന്ന സ്ഥാനമാണ് പദ്ധതിയിൽ കിഫ്ബിക്കുള്ളത് എങ്കിലും, പ്രയോഗത്തിൽ പദ്ധതികളുടെ നിർവ്വഹണത്തിൽ കിഫ്ബിയുടെ നിഴൽ നിയന്ത്രണമുണ്ടെന്നത് വ്യക്തമാണ്. എല്ലാ അടിസ്ഥാന സൗകര്യവികസനപദ്ധതികളും കിഫ്ബി വഴിയാകുമ്പോൾ എന്തൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ നടപ്പാക്കണം എന്നതു പോലും കിഫ്ബി തീരുമാനിക്കുന്നു എന്ന് പറയേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ഒരു സമാന്തര സർക്കാരായിത്തന്നെ കിഫ്ബി പ്രവർത്തിക്കുന്നു എന്നർത്ഥം.
കിഫ്ബി വഴിയുള്ള വികസനം-യാഥാർത്ഥ്യമെന്ത്?
കേരളത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആയിരത്തിലധികം പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളാണ്. തീരദേശ ഹൈവേയും മലയോര ഹൈവേയുമടക്കം കിഫ്ബിയുടെ കീഴിലാണ് പുരോഗമിക്കുന്നത്. എൺപതോളം റോഡുകളും പാലങ്ങളും കിഫ്ബിക്കു കീഴിൽ പൂർത്തിയായെന്നാണ് റിപ്പോർട്ട്. കൂടാതെ, സ്കൂകളുടെയും കോളജുകളുടെയും കെട്ടിടനിർമ്മാണം, സ്മാർട്ട് ക്ലാസ്റൂം നിർമ്മാണം എന്നിങ്ങനെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ കിഫ്ബിക്കു കീഴിലുണ്ട്. ആരോഗ്യവകുപ്പിനു കീഴിലും 106 പദ്ധതികൾ കിഫ്ബിയിലൂടെയാണ് നടപ്പാകുന്നത്. വൈദ്യുതി, ജലവിഭവം, കായികം, ഐടി എന്നീ മേഖലകളിലും കിഫ്ബി പദ്ധതികൾ നടപ്പാകുന്നു. സംസ്ഥാനത്തുടനീളം കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനായുള്ള കേരള ഫൈബർ ഒപ്ടിക് നെറ്റ്വർക്ക് അഥവാ കെ-ഫോൺ ആണ് കിഫ്ബിയുടെ പ്രധാന പദ്ധതികളിലൊന്ന്. ഇപ്പോൾ ശബരി റെയിൽപ്പാതയ്ക്കായും 1900 കോടി സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് മുതൽ മുടക്കാനൊരുങ്ങു ന്നത്. നടപ്പാകാതെ പോയ കെ-റെയിൽ സിൽവർലൈൻ എന്ന ജനവിരുദ്ധ പദ്ധതിക്ക് ഡിപിആർ പോലും അംഗീകരിച്ച് അനുമതി ലഭിക്കുന്നതിനു മുന്നേ സ്ഥലം ഏറ്റെടുക്കുന്നതിനായി 2100 കോടി വായ്പ നൽകിയതും കിഫ്ബി വഴിയായിരുന്നു. എംസി റോഡ് വീതി കൂട്ടാനുള്ള 5217 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതും കിഫ്ബി വഴി നടപ്പാക്കാനാണ്. പത്തു വർഷം കൊണ്ട് 1.1 ലക്ഷം കോടി രൂപയുടെ 1200 പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കി എന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
മുമ്പില്ലാത്തവണ്ണം വേഗത്തിലുള്ള വികസനമാണ് കിഫ്ബി സാധ്യമാക്കിയത് എന്നാണ് സിപിഐ(എം) അടക്കമുള്ള കിഫ്ബി യുടെ വക്താക്കൾ അവകാശപ്പെടുന്നത്. പക്ഷേ, കണക്കുകൾ ശ്രദ്ധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന കാര്യം, സാധാരണഗതിയിൽ സർക്കാർ വകുപ്പുകൾ സ്വന്തം നിലയിൽ നിർവഹിക്കേണ്ട പദ്ധതികൾ തന്നെയാണ് കിഫ്ബി വഴിയും നടപ്പാകുന്നത്. വകുപ്പുകൾ തന്നെയാണ് ഭരണപരമായ അനുമതി നൽകേണ്ടതും. പദ്ധതിയുടെ ഉടമസ്ഥതയും വകുപ്പിനുതന്നെയാണ്. പക്ഷേ, പദ്ധതി നിർവ്വഹണം ഇവിടെ കിഫ്ബി ഏറ്റെടുത്തിരിക്കുന്നു. ഒരു സർക്കാർ വകുപ്പ് പദ്ധതി നടപ്പാക്കുമ്പോൾ, നിർദ്ദിഷ്ട ഭരണരീതികളും ചട്ടങ്ങളും പാലിച്ചും, ബജറ്റ് അനുബന്ധ ചട്ടക്കൂടിലുമേ നിർവഹണം സാധ്യമാകൂ. കിഫ്ബിക്കാകട്ടെ ഇതൊന്നും ബാധകമല്ല. അതായത് മൂലധനനിക്ഷേപത്തിന്റെ മുമ്പിലെ വിഘ്നങ്ങൾ ഒഴിവാക്കിക്കൊണ്ട്, ത്വരിതഗതിയിൽ നിർവഹണം പൂർത്തിയാക്കലാണ് കിഎഫ്ബിയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെ സുപ്രധാന പ്രവർത്തനതത്വമായ അക്കൌണ്ടബിലിറ്റി ബലികഴിച്ചുകൊണ്ടാണ് കിഎഫ്ബി പ്രവർത്തിക്കുന്നതെന്നു ചുരുക്കം.
സർക്കാർ വകുപ്പിന്റെ പ്രവർത്തനങ്ങൾ പല തലത്തിലും ഓഡിറ്റ് ചെയ്യപ്പെടുന്നവയും ആത്യന്തികമായി നിയമസഭയിലും ജനങ്ങൾക്കു മുമ്പാകെയും ബോദ്ധ്യപ്പെടുത്താൻ ബാധ്യതപ്പെട്ടവയുമാണ്. എന്നാൽ കിഫ്ബിക്കാകട്ടെ, യാതൊരു ഓഡിറ്റിങ്ങോ വെളിപ്പെടുത്തൽ ബാധ്യതയോ ഇല്ല. ആരോടും ഉത്തരവാദിത്തമില്ലാത്ത ജനാധിപത്യവിരുദ്ധ സംവിധാനമാണത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ലക്ഷ്യംവെച്ച ഭരണസംവിധാനത്തിന്റെ ഏറ്റവും വിജയകരമായ നടപ്പാക്കലായി കിഫ്ബിയെ കാണാം. ഇത്തരത്തിലൊരു സംവിധാനമാണ് പുതിയ കാലത്തെ മുതലാളിത്തം ആഗ്രഹിക്കുന്നത്. ലോകബാങ്കും എഡിബിയുമൊക്കെ കാലാകാലങ്ങളായി നൽകിയ വായ്പകളുടെ നിബന്ധനകളായി അവർ ആവശ്യപ്പെട്ട ഘടനാപരമായ പരിഷ്കാരങ്ങളിൽ പ്രധാനം ഇതുതന്നെയായിരുന്നു. കിഎഫ്ബിയോടുള്ള മുതലാളിത്ത ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വ ധനകാര്യഏജൻസികളുടെയും സമീപനത്തിലും അത് വളരെ വ്യക്തമാണ്. നവലിബറൽ കാലത്തെ മുതലാളിത്ത അഭിലാഷങ്ങൾ എത്ര കൃത്യതയോടെയാണ് പിണറായിയും തോമസ് ഐസക്കും ബാലഗോപാലും ചേർന്ന് നടപ്പാക്കിയതെന്നു നാം കാണണം. കിഫ്ബിയുടെ ബാധ്യത ജനങ്ങളോടല്ല, മറിച്ച് വായ്പകളനുവദിക്കുന്ന ലോകബാങ്ക് അടക്കമുള്ള മുതലാളിത്ത സംവിധാനങ്ങളോട് മാത്രമാണ്.
സർക്കാർ സംവിധാനങ്ങളുടെ കാര്യശേഷി വർധിപ്പിക്കാനോ, പൊതുസേവനത്തെ ലക്ഷ്യമാക്കി മുന്നോട്ടുപോകാനോ അല്ല, ആഗോളവൽക്കരണകാലത്ത് സർക്കാരുകൾ പ്രാധാന്യം നൽകുന്നത്. കാരണം, പൊതുസംവിധാനങ്ങളെല്ലാം ഫീസീടാക്കി മാത്രം സേവനം നൽകേണ്ട ലാഭാധിഷ്ഠിത പ്രവർത്തനങ്ങളാക്കണം എന്നതാണ് ലോകബാങ്കും എഡിബിയും വായ്പയ്ക്ക് പകരം മുന്നോട്ടുവെച്ച തിട്ടൂരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണകൂടങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതും ഈ കാഴ്ച്ചപ്പാടാണ്. അതിന്റെ നടത്തിപ്പുകാർ കൂടിയാണ് കിഫ്ബി. അതുകൊണ്ടുതന്നെയാണ്, ലോകബാങ്കിന്റെയും എഡിബിയുടെയും ഏജന്റുമാരായി പ്രവർത്തിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്നു ദശകത്തോളമായി കിഫ്ബി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കെ-റെയിൽ, സ്വിഫ്റ്റ്, ജലനിധി തുടങ്ങിയ വായ്പാധിഷ്ഠിത, ഘടനാപരമായ മാറ്റങ്ങളുണ്ടാക്കുന്ന പദ്ധതികളുടെ പ്രയോക്താക്കളാകുന്നത്. അതിന് യുഡിഎഫ്-എൽഡിഎഫ്-ബിജെപി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വം കുടപിടിക്കുന്നു. സാമ്രാജ്യത്വ മുതലാളിത്ത ത്തിന്റെ താത്പര്യം ഇങ്ങനെ നടപ്പാക്കുന്നതിൽ ഇവരേവരും ഒറ്റക്കെട്ടാണ്.
കിഫ്ബി വഴിയുള്ള പല പദ്ധതികളുടെയും നടത്തിപ്പുകാർ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് അടക്കമുള്ള ചില സ്ഥാപനങ്ങളാണ്. കിഫ്ബിയിലും വയനാട് ടൗൺഷിപ്പ് അടക്കം ആയിരക്കണക്കിന് കോടിയുടെ എത്രയോ കിഫ്ബി പദ്ധതികൾ ഊരാളുങ്കലാണ് നടപ്പാക്കുന്നത്. അവർ ഏറ്റെടുത്തിട്ടുള്ള 160ലധികം പൊതുമരാമത്ത് പ്രവൃത്തികളിൽ 46 എണ്ണം കിഫ്ബി വഴിയുള്ളതാണ്. ഇതിൽ പലതും ടെണ്ടർ കൂടാതെ ഏൽപ്പിച്ച പ്രവൃത്തികളുമാണ്. കേരള സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ഊരാളുങ്കൽ സൊസൈറ്റിയുടെ 82% ഓഹരികളും ഇന്ന് കേരള സർക്കാരിന്റേതാണ്. എന്തുകൊണ്ടാണ്, ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ നിയന്ത്രണവും ഓഡിറ്റും ഊരാളുങ്കലിൽ ഉണ്ടാകാത്തത്. കിഫ്ബിയെ വിലയിരുത്തുന്നതിനൊപ്പം തന്നെ ഫോറൻസിക് ഓഡിറ്റ് ഊരാളുങ്കലിനും ഉണ്ടാകേണ്ടിയിരിക്കുന്നു. കിഫ്ബി പദ്ധതികളുടെ നടത്തിപ്പുകാർ ആരൊക്കെ, അവർക്ക് കൈമാറിയിട്ടുള്ള തുക, പദ്ധതിയുടെ സ്ഥിതിയും കാലതാമസവും അടക്കമുള്ള സമ്പൂർണ വിവരം പൊതുസമക്ഷം കൊണ്ടുവരാനുള്ള നടപടിയുണ്ടാകണം.
നഗ്നമായ അഴിമതിയുടെ സുഗമ മാർഗ്ഗം ഒരുക്കാനായിരുന്നില്ലേ എല്ലാത്തരം നിയമവിധേയത്വത്തിൽനിന്നും സ്വതന്ത്രമാക്കപ്പെട്ട കിഫ്ബി എന്ന ഏജൻസിയെ അരിയിട്ടുവാഴിച്ചത് . ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കപ്പെടുമ്പോൾ കോടികളുടെ കമ്മീഷൻ മറിയുമെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്. സിപിഐ(എം)ഉം കിഫ്ബിയും ഊരാളുങ്കലും മറ്റനവധി ഘടകങ്ങളും ചേർന്ന് നടത്തിയ സംഘടിതമായ ഒരു അഴിമതി കൂട്ടുകെട്ടാണ് കഴിഞ്ഞ 10 വർഷം തുടർന്നതെങ്കിൽ പ്രസ്തുത സാധ്യത തന്നെയാണ് കിഫ്ബി തുടരുന്ന യുഡിഎഫും ലക്ഷ്യമിടുന്നതെന്ന് പറയേണ്ടി വരും.
കിഫ്ബി-ഒരു നിയോലിബറൽ സൃഷ്ടി
കേരളത്തിന് വിനാശകരമായി മാറിയതായി അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പല പദ്ധതികളും ആഗോളവൽക്കരണനയങ്ങളുടെ ചുവടുപിടിച്ച് കടന്നുവന്ന കാലമായിരുന്നു തൊണ്ണൂറുകൾ. ഇതിൽ1996 മുതൽ 2001 വരെയുള്ള ഇ.കെ.നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് ഡിപിഇപി മുതൽ ജനകീയാസൂത്രണം വരെയുള്ള പരീക്ഷണങ്ങൾ കേരളത്തിൽ നടപ്പാക്കിയത്. ഇതേ കാലഘട്ടത്തിൽ തന്നെയാണ് കുപ്രസിദ്ധമായ എഡിബി വായ്പയ്ക്കുള്ള അരങ്ങൊരുക്കിയതും. ഇത്തരം ജനവിരുദ്ധപദ്ധതികൾക്കെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപ്പോൾ എൽഡിഎഫിന് അധികാരം നഷ്ടമായി. തുടർന്ന് അധികാരത്തിൽ വന്ന എ.കെ.ആന്റണി നേതൃത്വം നൽകിയ യുഡിഎഫ് മന്ത്രിസഭ, പക്ഷേ, ഇതേ നയങ്ങൾ തുടരുകയാണ് ചെയ്തത്. മാത്രവുമല്ല, എഡിബി വായ്പയുമായും, അവർ മുന്നോട്ടുവെച്ച, സർക്കാരിന്റെയും ഭരണരംഗത്തിന്റെയും ഘടനാപരമായ മാറ്റം ആവശ്യപ്പെടുന്ന എംജിപി പദ്ധതിയുമായും ആന്റണി സർക്കാർ മുന്നോട്ടുപോയി. 1999ൽ രൂപപ്പെട്ട കിഫ്ബി, ഇതേ ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമാണെന്ന് കാണാം. എഡിബി മുന്നോട്ടുവെച്ച ആശയങ്ങൾ കിഫ്ബിയുടെ ഘടനയിലും പ്രവർത്തനരീതിയിലും പ്രതിഫലിക്കുന്നത് യാദൃച്ഛികമെന്ന് കരുതാനാവില്ല. അത് പൂർണ്ണമായ തോതിൽ നടപ്പിലായത് 2016നു ശേഷമാണെന്ന് മാത്രം. എഡിബിയും ലോകബാങ്കുമടക്കമുള്ള ആഗോള മുതലാളിത്ത സ്ഥാപനങ്ങളുടെ താത്പര്യം കൂടിയാണ് കിഫ്ബിയിലൂടെ ഇവിടെ നടപ്പായിക്കൊണ്ടിരിക്കുന്നത് എന്നത് വസ്തുതയല്ലേ? മുതലാളിത്ത നയങ്ങളുടെ ഏറ്റവും സമർത്ഥനായ നടത്തിപ്പുകാരനും കേരളത്തിന്റെ സിവിൽ സർവ്വീസ് കണ്ടിട്ടുള്ളതിൽ ഏറ്റവും തന്ത്രശാലിയുമായ ഡോ. കെ.എം.എബ്രഹാമിന് ഇക്കാര്യത്തിലുള്ള പങ്കും പറയേണ്ടതുണ്ട്. 1999ലെ കിഫ്ബി നിയമവും, 2016ലെ നിയമഭേദഗതിയും അദ്ദേഹത്തിന്റെ മേധാസൃഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്. 1996-2002 കാലഘട്ടത്തിൽ ധനകാര്യവകുപ്പിൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. എഡിബി വായ്പയുടെയും എംജിപിയുടെയും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. തുടർന്ന് 2016ലും ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന എബ്രഹാം തന്നെയാണ് ഇന്നത്തെ രീതിയിലുള്ള സമാന്തര ധനകാര്യഭരണനിർവ്വഹണ സംവിധാനമാക്കി കിഫ്ബിയെ മാറ്റാൻ നേതൃത്വം കൊടുത്തതും അതിനുള്ള നിയമഭേദഗതിയൊരുക്കിയതും. ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം, ഇപ്പോൾ 2026ൽ യുഡിഎഫ് അധികാരത്തിലെത്തിപ്പോൾ രാജിവെക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു കിഫ്ബി സിഇഒ.
ധനവകുപ്പിനു കീഴിൽ പ്രവർത്തിക്കാത്ത, സർക്കാരിനോടോ നിയമസഭയോടോ യാതൊരു വിധേയത്വവുമില്ലാത്ത കിഫ്ബിയുടെ സിഇഒയ്ക്ക് ഒരു ഗവണ്മെന്റ് സെക്രട്ടറിയുടെ പദവി നൽകിയിട്ടുണ്ട്. കിഫ്ബിയുടെ ഘടന നോക്കിയാലും, മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ആസൂത്രണബോർഡ് ഉപാധ്യക്ഷനുമൊഴികെ ബാക്കിയെല്ലാവരും ഉദ്യോഗസ്ഥരാണ്. നിയമസഭയ്ക്ക് വിധേയമല്ലാത്ത ഉദ്യോഗസ്ഥ മേധാവിത്വ സംവിധാനം തന്നെയായിരുന്നു കിഫ്ബി. കൂടാതെ, രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന സ്ഥാനവും കെ.എം. എബ്രഹാമിനുണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു ഉദ്യോഗസ്ഥനും ഇത്രയും അധികാരത്തോടെ വാണിട്ടില്ല എന്നു പറയേണ്ടിവരും. ഇതേ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും തണലിൽ, ധനവകുപ്പിനെ നോക്കുകുത്തിയാക്കി കേരളത്തിന്റെ സമ്പദ്ഘടനയേയും പദ്ധതിനിർവ്വഹണത്തേയും നിയന്ത്രിക്കുന്ന ശക്തിയായി കിഫ്ബി മാറി എന്നതിൽ അതിശയോക്തിയില്ല. ആരോടും വിധേയത്വമില്ലാത്ത, എവിടെയും ഒന്നും ബോധിപ്പിക്കാനില്ലാത്ത, സിഎജി ഓഡിറ്റോ നിയമസഭയുടെ പരിശോധനയോ ആവശ്യമില്ലാത്ത ഭരണഘടനാതീതമായ ജനാധിപത്യവിരുദ്ധമായ ശക്തിയായി തന്നെയാണ് കിഫ്ബി നിലകൊള്ളുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകളിലും, യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലും, മസാലബോണ്ടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണങ്ങളിലുമെല്ലാം ഈ വസ്തുത ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാണ്. അത് കേരളത്തിനുമേൽ അടിച്ചേൽപ്പിച്ചത് 56000 കോടിയുടെ ബാധ്യതയാണ്. ജനാധിപത്യപരമായി തിരഞ്ഞടുക്കപ്പെടുകയും ജനങ്ങൾക്കു വിധേയമായി പ്രവർത്തിക്കുകയും ചെയ്യേണ്ട സ്ഥാപനങ്ങളെ ഘടനാപരമായി തന്നെ മാറ്റിമറിക്കുന്ന, മുതലാളിത്ത താല്പര്യാർത്ഥമുള്ള നിയോലിബറൽനയസമീപനം തന്നെയാണ് കിഫ്ബിയെ സൃഷ്ടിച്ചത്. അതേ താല്പര്യങ്ങൾ തന്നെയാണ് അതിനെ നയിക്കുന്നതും.
വരുംതലമുറകളെപ്പോലും കുരുതികൊടുക്കുന്ന കടബാധ്യത
കിഫ്ബി സമാഹരിച്ചിട്ടുള്ള വായ്പകൾ സർക്കാരിനെ ഈട് നൽകി നേടിയവയാണ്. ഇത് സിഎജി തന്നെ ചൂണ്ടിക്കാട്ടിയിട്ടു മുണ്ട്. കിഫ്ബി വായ്പകൾക്ക് ഏറ്റവും തുച്ഛമായ ചെലവുമാത്രമേ ഉണ്ടാകൂ എന്നായിരുന്നു സർക്കാരിന്റെ വാദം. പക്ഷേ, സർക്കാരിനു ലഭിക്കുമായിരുന്നതിൽ വളരെ ഉയർന്ന പലിശയ്ക്കു മാത്രമേ കിഫ്ബി പോലെയൊരു സ്ഥാപനത്തിന് വായ്പ ലഭിക്കൂ എന്നതാണ് യാഥാർത്ഥ്യം. വളരെ ഉയർന്ന പലിശ കൊടുത്ത് സ്വീകരിക്കുന്ന മസാലബോണ്ടുകൾ പോലെയുള്ളവയാണ് കിഎഫ്ബിയുടെ വായ്പകൾ. യാതൊരു തനത് വരുമാനവുമില്ലാത്ത കിഫ്ബി എന്ത് അടിസ്ഥാനത്തിലാണ് ഭീമമായ ബാധ്യത സൃഷ്ടിക്കുന്നത്. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തനത് വരുമാനമാർഗ്ഗങ്ങളിലൊന്നായ മോട്ടോർവാഹനനികുതിയുടെ 50 ശതമാനവും കിഫ്ബിയിലേക്കാണ് പോകുന്നത്. കൂടാതെ, പെട്രോളിയം ഉത്പന്നങ്ങൾക്കുമേൽ സംസ്ഥാനം ചുമത്തുന്ന സെസ്സും കിഫ്ബിയിലേക്കാണ് പോകുന്നത്. ഇത് രണ്ടുമാണ് കിഫ്ബിയുടെ ഉറപ്പായ വരുമാനസ്രോതസ്സുകൾ. അതായത്, ബജറ്റിനു വിധേയമായി സംസ്ഥാന ഖജനാവിലേക്ക് എത്തേണ്ട സംസ്ഥാനത്തിന്റെ പ്രധാന തനത് വരുമാനത്തിലെ ഒരു മുഖ്യപങ്ക് കിഫ്ബിയിലേക്ക് ബജറ്റിനു പുറത്ത് വകമാറ്റുകയാണ് ചെയ്യുന്നത്. ഈ വരുമാനക്കുറവിന് പകരമായി സർക്കാർ ജനങ്ങൾക്കുമേൽ പുതിയ ചാർജ്ജുകൾ ചുമത്തുന്നു, അല്ലെങ്കിൽ പുതിയ വായ്പകളെടുക്കുന്നു. ഇതിനുപുറമേ കിഫ്ബി എടുത്തുകൂട്ടുന്ന വായ്പകളും ജനങ്ങളുടെ ശിരസ്സിൽത്തന്നെ പതിക്കുന്നു.
പ്രതിപക്ഷത്തിരുന്നപ്പോൾ കിഫ്ബിക്കെതിരെയും തുറന്ന ലേലമില്ലാതെ പദ്ധതികൾ ഊരാളുങ്കലിന് കൊടുക്കുന്നതിനെതിരെയും നിലപാടെടുത്തിരുന്ന യുഡിഎഫ്, അധികാരത്തിലേറിയപ്പോൾ മറ്റു പല വിഷയങ്ങളിലുമെന്നപോലെ നിലപാടുകൾ മാറ്റുന്നതാണ് നാം കാണുന്നത്. വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽപോലും കിഫ്ബിക്കെതിരെ വിരൽചൂണ്ടുകയും, കിഫ്ബി അടിച്ചേൽപ്പിച്ച അധികബാധ്യതകൾ വിവരിക്കുകയും ചെയ്തതാണ്. പക്ഷേ, കിഫ്ബി പ്രവർത്തനം തുടരുന്നു. നേരത്തേ, രണ്ട് ജനപ്രതിനിധികൾ-മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും, കിഫ്ബിയുടെ ബോർഡിലുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് മുഖ്യമന്ത്രിയിലേക്കു മാത്രം ചുരുങ്ങി. കിഫ്ബിയിൽ ഘടനാപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത് എന്തെന്ന് കാത്തിരിക്കുകയാണ് കേരളം. പ്രതിപക്ഷത്തിരുന്ന കാലത്ത് നിലവിലെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഊരാളുങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കേരളത്തിലെ അഴിമതിയുടെ ലാഭവും കമ്മീഷനും പാർക്ക് ചെയ്യുന്ന പെട്ടിയാണ് ഊരാളുങ്കൽ എന്നും സൊസൈറ്റി വഴി ഖജനാവ് കൊള്ളയടിക്കുകയാണെന്നും അന്ന് സതീശൻ ആരോപിച്ചിരുന്നു. നിയമസഭയുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ നടത്തിയ പ്രവൃത്തികളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അവരെ ഒഴിവാക്കാൻ ഇപ്പോൾ സ്പീക്കർ നടപടിയെടുത്തു. തുക അനുവദിച്ച ഉത്തരവുകളടക്കം റദ്ദാക്കുകയും, അവരെ പരിപാലന ചുമതലയേൽപ്പിച്ചി രുന്ന പ്രവൃത്തികളിൽ പകരം പൊതുമരാമത്ത് വകുപ്പിനെയും കെൽട്രോണിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തിയാണെന്നും, പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽ പെട്ടില്ലെന്നുമാണ് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറഞ്ഞത്. അതായത്, മറ്റ് പല വിഷയങ്ങളിലുമെന്നതുപോലെ, കിഫ്ബിയുമായി ബന്ധപ്പെട്ടും ഊരാളുങ്കലുമായി ബന്ധപ്പെട്ടും ഈ സർക്കാരിനും കാര്യമായ നയംമാറ്റം ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം.
കിഎഫ്ബിയും നീതി ആയോഗുമെല്ലാം മൂലധനനിക്ഷേപത്തിനായുള്ള ഭരണഘടനാതീത സംവിധാനങ്ങൾ മാത്രം
കിഎഫ്ബിയുടെ പിറകിലുള്ളത് സർക്കാരുകളുടെ വർത്തമാനകാല പ്രവർത്തനത്തിന്റെ സമ്പ്രദായമാണ്. കേന്ദ്രസർക്കാരിന്റെയും എല്ലാ സംസ്ഥാന സർക്കാരുകളുടെയും മുഖ്യദൗത്യം അടിസ്ഥാനസൗകര്യ വികസനരംഗത്ത് പരമാവധി മൂലധനനിക്ഷേപം നടത്തുക എന്നതാണ്. രാജ്യം മുഴുവൻ നാം ദർശിക്കുന്ന വൻകിട നിർമ്മാണപദ്ധതികൾ ഇതിന്റെ വ്യക്തമായ പ്രതീകങ്ങളാണ്. ജനങ്ങളുടെ ജീവിതസാഹചര്യത്തിൽ ഇവ സൃഷ്ടിക്കുന്ന പുരോഗതി എന്താണെന്നത് പരിഗണനാ വിഷയമേയല്ല. അസ്വാഭാവികവും ബൃഹത്തുമായ നിർമ്മാണങ്ങൾ- എട്ടും പത്തും വരിയുള്ള എക്സ്പ്രസ്സ് ഹൈവേകൾ മുതൽ മെട്രോ പദ്ധതികളും വൻകിട തുരങ്കങ്ങളു വരെ നമ്മൾ കാണുന്നു. പത്തുവർഷം മുമ്പ് പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ രാജ്യത്തെ റയിൽവേസ്റ്റേഷനുകൾ മുഴുവൻ പൊളിച്ചുപണിയുകയാണ്. സ്വയം പൊളിക്കൽ മാത്രമല്ല, ദുരന്തങ്ങളോ യുദ്ധങ്ങളോ മറ്റെന്തെങ്കിലും മാർഗ്ഗേണയോ പൊളിഞ്ഞുകിട്ടിയാലും മതി. അങ്ങിനെ പൊളിഞ്ഞുവീഴുന്നതെല്ലാം പുതുക്കി നിർമ്മിക്കുന്നതിന്റെ പേരാണ് ഡിസാസ്റ്റർ ക്യാപ്പിറ്റലിസം. ഇൻഫ്രാസ്ട്രക്ച്ചർ ക്യാപ്പിറ്റലിസത്തിന്റെ മറ്റൊരു വകഭേദം. റീ ബിൽഡ് കേരള, റീ ബിൽഡ് ഉത്തരാഖണ്ഡ് എന്നൊക്കെ പേരിട്ട് ജനങ്ങളെ കബളിപ്പിക്കും. ഇവയെ ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ പുരോഗതിക്കായി തങ്ങൾ പണിയെടുക്കുകയാണന്ന് പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിൽ വോട്ടുനേടാമെന്ന ഗുണവുമുണ്ട്. ഇതിനെയാണ് ഉദാരസാമ്പത്തിക നയം തുറന്നുതരുന്ന പുതിയ കാലത്തിന്റെ വികസനം എന്നു വിളിക്കുന്നത്. ഇടതും വലതും ബിജെപിയുമെല്ലാം ഈ വികസനത്തിന്റെ വക്താക്കളാണ്.
ഈ ഇൻഫ്രാസ്ട്രക്ച്ചർ ക്യാപ്പിറ്റലിസത്തിന്റെ പ്രഥമ ലക്ഷ്യം കൃത്രിമമായ മുതലാളിത്ത വിപണി സൃഷ്ടിക്കുക എന്നതാണ്. ഇരുമ്പും ഉരുക്കും കൂറ്റൻ മെഷീനറികളും സിമന്റും തുടങ്ങി എണ്ണമറ്റ നിർമ്മാണ സാമഗ്രികൾവരെയും വൻതോതിൽ വിറ്റഴിക്കപ്പെടാൻ വഴിതുറക്കുകയാണ് ഈ വികസനത്തിന്റെ ലക്ഷ്യം. വിഘ്നങ്ങളൊന്നുമില്ലാത്ത മൂലധന നിക്ഷേപം മാത്രമാണ് കിഎഫ്ബിയുടെയും മറ്റു സംസ്ഥാനങ്ങളിലെ സമാനമായ സംവിധാനങ്ങളുടെയും കേന്ദ്രത്തിലെ നീതി ആയോഗിന്റെയുമെല്ലാം ലക്ഷ്യം. അധികാരത്തിൽ അവരോധിതമായിട്ടുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തിൽ ഈ നയങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാണ്.
