ഹിന്ദുമഹാസഭയുടെ നേതാവും ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖർജിയെ ഒരു വലിയ വീരനും രാജ്യസ്നേഹിയുമൊക്കെയായി ഉയർത്തിക്കാട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംഘപരിവാർ ശക്തികൾ. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടിയുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി, സമുന്നതനായ പാർലമെന്റേറിയൻ, ബംഗാൾ ക്ഷാമത്തിന്റെ കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവൻ, ബംഗാൾ വിഭജന പദ്ധതിയുടെ സൂത്രധാരൻ, എന്നുമാത്രമല്ല, ഇന്ത്യയുടെ വ്യവസായ നയത്തിന് അടിത്തറയിടുകയും സ്വാതന്ത്ര്യാനന്തരം അതിന്റെ വികസന കുതിപ്പിന് നിലമൊരുക്കുകയും ചെയ്തതും ശ്യാമപ്രസാദ് മുഖർജി ആയിരുന്നത്രേ. ഇന്നത്തെ തിളങ്ങുന്ന ഇന്ത്യയിലേക്കുള്ള ആദ്യപടികൾ ശ്യാമപ്രസാദ് ആണത്രേ തുടങ്ങിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്, ആരെങ്കിലും ഇന്ത്യയുടെ ചരിത്രം നിഷ്പക്ഷമായി എഴുതുകയാണെങ്കിൽ അതിൽ ശ്യാമപ്രസാദ് മുഖർജിക്ക് വലിയ സ്ഥാനം ഉണ്ടാകും എന്നാണ്. (വയർ 7-7-2026) കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ താൻ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ശ്യാമപ്രസാദിന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചത് എന്ന് പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. അങ്ങനെ ചരിത്രത്തിന്റെ ഇരുണ്ട കുഴികളിൽനിന്നും ശ്യാമപ്രസാദിനെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിനും മീതെ ശ്യാമപ്രസാദ് മുഖർജിയെ പ്രതിഷ്ഠിക്കാനുള്ള പരിപാടികളിലാണ് ബംഗാളിലെ ബിജെപി ഗവൺമെന്റ്. എന്നാൽ ഇതിന് യഥാർത്ഥ ചരിത്രത്തിൽ സാധുതയുണ്ടോ?
ബ്രിട്ടീഷുകാരുമായുള്ള സഹകരണം
ബ്രിട്ടീഷ്വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ശ്യാമപ്രസാദ് മുഖർജി എന്തെങ്കിലും പങ്കുവഹിച്ചിരുന്നോ? ഇല്ലെന്നുമാത്രമല്ല, സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നടപടികളെ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തയാളാണ് ശ്യാമപ്രസാദ്. രാജ്യം മുഴുവൻ ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന്റെ ആവേശത്തിൽ സമരസജ്ജരായി തെരുവിലേക്ക് ഇറങ്ങിയപ്പോൾ, ഇത് ആഭ്യന്തര കലാപം സൃഷ്ടിക്കുകയാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. രാജ്യം യുദ്ധത്തെ അഭിമുഖീകരിക്കുമ്പോൾ ജനങ്ങളെ ഇളക്കി വിട്ട് ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ ചെറുക്കാൻ ഗവൺമെന്റ് ബാധ്യസ്ഥമാണ് എന്ന് എഴുതുകയുമുണ്ടായി.(Leaves from a diary, Syama Prasad, Oxford University, Page 179)
ഇത്തരമൊരു നിലപാടിന് കാരണമെന്തായിരുന്നു? ശ്യാമപ്രസാദ് മുഖർജി സവർക്കറിന്റെ സതീർത്ഥ്യനും സഹപ്രവർത്തകനും ആയിരുന്നു. രണ്ടുപേരും ആർഎസ്എസ് ആചാര്യനായ എം.എസ്.ഗോള്വാള്ക്കറുടെ കടുത്ത ആരാധകരായിരുന്നു. “ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്തിരിപ്പനാണ്,” എന്നായിരുന്നു ഗോൾവാള്ക്കറുടെ അഭിപ്രായം. ‘ബെഞ്ച് ഓഫ് തോട്ട്സ് ’ എന്ന പുസ്തകത്തിൽ ഗോൾവാള്ക്കർ ഇപ്രകാരം എഴുതി. “ഭൂപ്രദേശത്തെയും പൊതുശത്രുവിനെയും അടിസ്ഥാനമാക്കുന്ന ദേശീയതയും അതിന്റെ ഭാഗമായ രാഷ്ട്രസങ്കല്പവും ഹിന്ദു ദേശീയതയിൽനിന്നും വഴിതെറ്റിക്കാനേ ഉതകുകയുള്ളൂ. അങ്ങനെയുള്ള പല സ്വാതന്ത്ര്യസമരങ്ങളും സത്യത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാണ്. ദേശീയതയും രാജ്യസ്നേഹവും ബ്രിട്ടീഷ് വിരുദ്ധതയാണെന്ന് വന്നിരിക്കുന്നു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാട് നമ്മുടെ സ്വാതന്ത്ര്യ സമരത്തിനും അതിന്റെ നേതൃത്വത്തിനും സാധാരണ ജനങ്ങൾക്കും സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ്.”(ബഞ്ച് ഓഫ് തോട്ട്സ്, ഗോള്വാള്ക്കര്)
ഹിന്ദുമഹാസഭയുടെ 24-ാം സെഷൻ കാൺപൂരിൽ നടന്നപ്പോൾ ബ്രിട്ടീഷുകാരുമായി ഉത്തരവാദിത്തത്തോടെ സഹകരിക്കുന്ന നയം ഇങ്ങനെ വിശദമാക്കിയിട്ടുണ്ടായിരുന്നു. “ഹിന്ദുമഹാസഭയുടെ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വം ഉത്തരവാദിത്തത്തോടെയുള്ള സഹകരണമാണ്. ആ നയം വെച്ചു നോക്കുമ്പോൾ കൗൺസിലർമാരായും മന്ത്രിമാരായും സാമാജികരായും ഗവൺമെന്റിൽ എന്തെങ്കിലുമൊക്കെ അധികാരം കൈയാളുന്ന എല്ലാ ഹിന്ദു സംഘാടകരും രാജ്യത്തിന് വലിയ സേവനമാണ് ചെയ്യുന്നത്. ഉത്തരവാദിത്തത്തോടെയുള്ള സഹകരണം എന്നുപറയുമ്പോൾ ഇതിനകത്ത് എല്ലാത്തരം പ്രായോഗിക രാഷ്ട്രീയവുംവരും, ഗവൺമെന്റുമായി ഉപാധികളില്ലാതെ സഹകരിക്കുന്നതു മുതൽ ആയുധം എടുത്ത് ചെറുക്കുന്നതുവരെ. ഓരോ കാലഘട്ടത്തിലും, അത് ആവശ്യപ്പെടുന്ന രീതിയിൽ നമ്മുടെ മുഴുവൻ വിഭവങ്ങളും ഉപയോഗിച്ച് രാഷ്ട്രത്തിന്റെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക.” സവർക്കർ പിന്നെയും പറയുന്നു, “ഇന്ത്യയുടെ പ്രതിരോധത്തെക്കുറിച്ച് പരിഗണിക്കുമ്പോൾ യാതൊരു സന്ദേഹവുമില്ലാതെ ഉത്തരവാദിത്തത്തോടെയുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കളെല്ലാം ഗവൺമെന്റിനോടൊത്ത് യുദ്ധത്തിൽ അണിചേരണം. ഗവൺമെന്റിന്റെ കര-നാവിക -വ്യോമസേനയുടെയും അവരുടെ ആയുധ നിർമ്മാണ ഫാക്ടറികളുടെയും ഭാഗമാകുക എന്നതാണ് ഹിന്ദുക്കളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടത്. (പേജ് 460) ഇത്തരുണത്തിൽ ശ്യാമപ്രസാദ് മുഖർജി പറഞ്ഞത്, “ബംഗാളിൽ ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭത്തെ നേരിടേണ്ടത് എങ്ങനെയാണ്? കോൺഗ്രസ് എങ്ങനെ ശ്രമിച്ചാലും ഈ പ്രക്ഷോഭത്തിന് ബംഗാളിൽ സ്വാധീനം ചെലുത്താൻ സാധിക്കാത്ത തരത്തിൽ നാം ഇവിടെ ഭരിക്കണം.”(സമഗ്ര സവര്ക്കര് വാങ്മയ, ഹിന്ദുരാഷ്ട്ര ദര്ശന്, വോള്യം 6, പേജ് 460-61 )
ബ്രിട്ടീഷ് ഭരണത്തോടുള്ള വിധേയത്വം
1934ൽ കൽക്കട്ട യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ആയിരുന്നു ശ്യാമപ്രസാദ് മുഖർജി. അക്കാലത്ത് യൂണിവേഴ്സിറ്റി ട്രെയിനിങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ സൈനിക പരിശീലനം കൊണ്ടുവന്നു. യൂണിവേഴ്സിറ്റിയുടെ സ്ഥാപക ദിനത്തിലെ മാർച്ച് പാസ്റ്റിൽ വിദ്യാർഥികൾ ബ്രിട്ടീഷ് പതാകയെ സല്യൂട്ട് ചെയ്യണമെന്ന് അയാൾ നിർബന്ധിച്ചു. വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിദ്യാസാഗർ കോളേജിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പതാകയെ സല്യൂട്ട് ചെയ്യാൻ തയ്യാറായില്ല. ആ വിദ്യാർത്ഥിയെ ചാട്ടവാറിനടിക്കാൻ ഉത്തരവിട്ടു. അതിനെത്തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമായപ്പോൾ നേതാക്കളായ ധരിത്രി ഗാംഗുലി, ഉമാപാദ മജൂംദാർ എന്നിവരെ കോളേജിൽനിന്നും പുറത്താക്കി. അത്രയും ബ്രിട്ടീഷ് വിധേയത്വം പുലർത്തിയ ഇദ്ദേഹത്തെയാണ് ഇപ്പോൾ ആർഎസ്എസുകാർ രാജ്യസ്നേഹിയായി അവതരിപ്പിക്കുന്നത്. (ഗൗതം ചതോപാധ്യായ, ഭാരതീയ ഛാത്ര ആന്തോളൻ ഇതിഹാസ്, 1978)
ഇന്ന് ബിജെപിക്കാർ പറയുന്നത് ഇന്ത്യാ വിഭജനത്തിന് കാരണം മുസ്ലീംലീഗ് ആണെന്നാണ്. ഹരിയാനയിൽ ബിജെപി ഗവൺമെന്റ് പുറത്തിറക്കിയ ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ പറയുന്നത്, ‘മുസ്ലീം ലീഗിന്റെ വിഘടനവാദവും ജിന്നയുടെ നിർബന്ധബുദ്ധിയും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രവുമാണ് വിഭജനത്തിലേക്ക് നയിച്ചത്’ എന്നാണ്.(വയർ 12-5-22) അതേസമയം ജനങ്ങളിൽ സാംസ്കാരിക ദേശീയതയും സ്വാതന്ത്ര്യവാഞ്ഛയം വളർത്തിയെടുക്കുന്നതിൽ ആർഎസ്എസ് വഹിച്ച പങ്കിനെ പുകഴ്ത്തുന്നുമുണ്ട്. എന്നാൽ 1941ല് തന്നെ ശ്യാമപ്രസാദ് മുഖർജി പറയുന്നത്, “മുസ്ലീങ്ങൾ തങ്ങളുടെ ബാഗും പാക്ക് ചെയ്ത് എങ്ങോട്ടാണെന്ന് വെച്ചാൽ സ്ഥലം വിട്ടോളണം”എന്നാണ്.(ലജിസ്ലേറ്റീവ് കൗൺസിൽ പ്രൊസീഡിങ് )
ശ്രദ്ധിക്കേണ്ട കാര്യം, മുസ്ലീം ലീഗോ കോൺഗ്രസോ അല്ല, മറിച്ച്, സവർക്കർ ആണ് ദ്വിരാഷ്ട്രസിദ്ധാന്തം ആദ്യമായി ഉയർത്തുന്നത് എന്നതാണ്. ‘ഒരു മറാത്തി’എന്ന തൂലിക നാമത്തിൽ 1923ൽ എഴുതിയ ഹിന്ദുത്വയുടെ അടിസ്ഥാന തത്വങ്ങൾ (essentials of hindutua) എന്ന പുസ്തകത്തിൽ സവർക്കർ പറയുന്നു, “ഇവിടുത്തെ ക്രിസ്ത്യാനികളെയോ മുഹമ്മദീയരെയോ ഹിന്ദുക്കളായി പരിഗണിക്കാനാവില്ല. ഹിന്ദുസ്ഥാൻ അവർക്കും മാതൃരാജ്യമാണെങ്കിലും അവർക്ക് ഇതൊരു പുണ്യഭൂമിയല്ല. അവരുടെ പുണ്യഭൂമി അറേബ്യയിലും പലസ്തീനിലും ഒക്കെയാണ്.” 1937ൽ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ സവർക്കർ പറഞ്ഞു, “ഇന്ത്യക്കകത്ത് ഒരേസമയം രണ്ട് ശത്രു രാജ്യങ്ങൾ ഒരുമിച്ച് വസിക്കുകയാണ്. പല രാഷ്ട്രീയക്കാരും കരുതുന്നത്, ഇതിനെ ഒരു രാജ്യമാക്കി മാറ്റിയെടുക്കാൻ സാധിക്കും എന്നാണ്. തികച്ചും ബാലിശമായ ചിന്തയാണിത്. ഇത് ഒരിക്കലും ഒരൊറ്റ രാജ്യമാകാൻ പോകുന്നില്ല. ഇവിടെ രണ്ട് രാഷ്ട്രങ്ങളുണ്ട്, ഹിന്ദുക്കളും മുസ്ലീങ്ങളും”.(ദി വീക്, 24-1-16) അതിനും മൂന്ന് വർഷങ്ങൾക്കുശേഷം മുസ്ലീംലീഗിന്റെ ലാഹോർ കോൺഫറൻസിൽവെച്ച് ജിന്ന ഈ സിദ്ധാന്തം സ്വീകരിച്ചു. 1943 ആഗസ്റ്റ് 15ന് സവർക്കർ പറഞ്ഞു, “എനിക്ക് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് യാതൊരു വിയോജിപ്പുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത രാഷ്ട്രങ്ങൾ ആണെന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.” സവർക്കറുടെ അനുയായി എന്ന നിലയിൽ ഇതുതന്നെയായിരുന്നു ശ്യാമപ്രസാദ് മുഖർജിയുടെയും നിലപാട്.
സവർക്കരുടെ ഉത്തരവാദിത്തത്തോടെയുള്ള സഹകരണം എന്ന നയത്തിനനുസൃതമായാണ് ഹിന്ദുമഹാസഭയും മുസ്ലീം ലീഗും ചേർന്ന് 1939 ബംഗാളിൽ കൂട്ടുമന്ത്രിസഭ രൂപീകരിച്ചത്. ബംഗാളിലും സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യകളിലും ഇങ്ങനെ കൂട്ടുമന്ത്രിസഭ രൂപീകരിക്കപ്പെട്ടിരുന്നു. ബംഗാളിൽ മുസ്ലീംലീഗിലെ ഫസ്ലുൾ ഹഖ് മുഖ്യമന്ത്രി ആയപ്പോൾ ശ്യാമപ്രസാദ് മുഖർജി ധനകാര്യ മന്ത്രിയായി. 1942ൽ ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭം പടർന്നപ്പോൾ, ബംഗാളിൽ പ്രക്ഷോഭം അമർച്ച ചെയ്യുമെന്ന് ശ്യാമപ്രസാദ് മുഖർജി ബ്രിട്ടീഷ് അധികാരികൾക്ക് വാക്കുകൊടുത്തു. “ഞങ്ങൾക്കത് സാധിക്കേണ്ടതാണ്-സ്വാതന്ത്ര്യത്തിനു വേണ്ടിയാണല്ലോ കോൺഗ്രസ് ഈ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തതുവഴി അവർക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ എന്ന നിലയിൽ ഇക്കാര്യം ഞങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ചില സ്ഥലങ്ങളിൽ അടിയന്തരാവസ്ഥ കാരണം അല്പം സ്വാതന്ത്ര്യക്കുറവ് ഉണ്ടായേക്കാം. ഇവിടെ ബ്രിട്ടീഷുകാരെ നാം വിശ്വസിച്ചേ മതിയാകൂ. അത് ബ്രിട്ടീഷുകാർക്കുവേണ്ടിയല്ല. അവർക്ക് എന്തെങ്കിലും ഗുണമുണ്ടാകാനുമല്ല. മറിച്ച്, നമ്മുടെതന്നെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്.”ഒരു രാജ്യസ്നേഹിക്ക് ഇങ്ങനെ പറയാൻ പറ്റുമോ?
ഒരു കാര്യം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അക്കാലത്ത് ഹിന്ദു ജമീന്ദാർമാരും ഭൂവുടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി വർഗീയ രാഷ്ട്രീയത്തെ പിന്തുണച്ചിരുന്നു. ഇത് നന്നായി അറിയുന്ന സവർക്കർ വൈരുദ്ധ്യങ്ങൾ ബോധപൂർവ്വം മറച്ചു പിടിക്കുകയും സമ്പന്ന ഹിന്ദുക്കളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. (Frontier, 18-7-2019) ശ്യാമപ്രസാദ് മുഖർജി ഈ വിഷയങ്ങളിലൊക്കെ സവർക്കറോടും ഹിന്ദുമഹാസഭയോടും ഒപ്പമായിരുന്നു.
ബംഗാൾ വിഭജനം
ബംഗാളിലെ ഹിന്ദുക്കളുടെ പിന്തുണയാർജ്ജിക്കാൻ വേണ്ടിയായിരിക്കണം, സംഘപരിവാർ ഇന്ന് പ്രചരിപ്പിക്കുന്നത്, ശ്യാമപ്രസാദ് മുഖർജി ഇടപെട്ടില്ലായിരുന്നെങ്കിൽ പശ്ചിമ ബംഗാൾ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുകയില്ലായിരുന്നു എന്നാണ്. എന്തൊരു നുണയാണിത്? ഇന്ത്യൻ നാഷണൽ ആർമിയിലെ, തടവിലാക്കപ്പെട്ട നേതാക്കളുടെ വിചാരണയെ തുടർന്ന് രാജ്യമെമ്പാടും ബ്രിട്ടീഷുകാർക്കെതിരെ ജനരോഷം ഉയർന്നിരുന്നു. 1946ൽ നാവിക കലാപം പൊട്ടിപ്പുറപ്പെടുകയും കൂടെ ചെയ്തതോടെ ഇന്ത്യയിലെ ഭരണം തുടർന്നു കൊണ്ടു പോകുക ദുഷ്കരമാണെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു. എന്നാൽ ഇന്ത്യ വിടുന്നതിനു മുൻപേ, രാജ്യത്തെ രണ്ടായി മുറിക്കാൻ അവർ തീരുമാനിച്ചു. ഇതിൽ ബംഗാളിലെയും പഞ്ചാബിലെയും ഭാഗങ്ങൾ എങ്ങനെ പങ്കുവയ്ക്കണമെന്ന് തീരുമാനിക്കാൻ അതത് പ്രവിശ്യകളിലെ തിരഞ്ഞെടുത്ത സഭകളോടാണ് അവർ ആവശ്യപ്പെട്ടത്. 1946ൽ അവിഭക്ത ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബംഗാൾ വിഭജിക്കണോ എന്ന കാര്യം അവിടെ ചർച്ചയേ ആയിരുന്നില്ല. അവരുടെ പ്രധാന വിഷയം ഇന്ത്യ വിഭജിക്കപ്പെടുമോ എന്നതായിരുന്നു. ഇന്ത്യ വിഭജിക്കരുത് എന്നാ വശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തങ്ങൾക്ക് പ്രത്യേകമായി ഒരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുസ്ലീം ലീഗ് മത്സരിച്ചത്. മുസ്ലീംലീഗിന് 113 സീറ്റും കോൺഗ്രസിന് 87 സീറ്റും സിപിഐക്ക് മൂന്ന് സീറ്റും ലഭിച്ചു. ഹിന്ദു മഹാസഭ 26 സീറ്റുകളിൽ മത്സരിച്ചെങ്കിലും ശ്യാമപ്രസാദ് മുഖർജി മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1947 ജൂൺ 20ന് ബംഗാൾ വിഭജിക്കേണ്ടതിനെക്കുറിച്ചുള്ള ബ്രിട്ടീഷ് നിർദ്ദേശം അനുസരിച്ച് അസംബ്ലിയിൽ വോട്ടെടുപ്പ് നടന്നു. മുസ്ലീംലീഗ് അംഗങ്ങൾ ബംഗാൾ മുഴുവനായും പാകിസ്ഥാനിൽ ചേർക്കണമെന്ന് വോട്ടു ചെയ്തു. ബംഗാളിലെ മുസ്ലീം ന്യൂനപക്ഷ പ്രദേശങ്ങളിലെ അംഗങ്ങൾ, പ്രത്യേകമായി വോട്ടെടുപ്പ് നടത്തിയപ്പോൾ ബംഗാൾ വിഭജിക്കണമെന്നും പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗവും കിഴക്കൻ ബംഗാൾ പാക്കിസ്ഥാന്റെ ഭാഗവും ആകണമെന്ന് വോട്ടുചെയ്തു. 58 വോട്ടുകൾ അനുകൂലമായും 21 വോട്ടുകൾ എതിർത്തും പോൾ ചെയ്തു. ഇതിലെല്ലാം ഹിന്ദുമഹാസഭയ്ക്ക് കേവലം ഒരു വോട്ടാണ് ഉണ്ടായിരുന്നത്. നിർണായകമായത് ഇക്കൂട്ടത്തിൽ 55 വോട്ട് ഉണ്ടായിരുന്ന കോൺഗ്രസിന്റെ നിലപാടാണ്. ഈ ഒരു വോട്ടുവെച്ചാണ് ഇവർ ശ്യാമപ്രസാദ് മുഖർജിയാണ് പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമാക്കിയത് എന്ന് വീമ്പിളക്കി നടക്കുന്നത്. പരിഹാസ്യം എന്നല്ലാതെ എന്തു പറയാൻ?
1934ലെ ബംഗാൾ ക്ഷാമത്തിൽ ശ്യാമപ്രസാദ് മുഖര്ജിയുടെ നിലപാട്
1934 ബംഗാൾ ക്ഷാമകാലത്ത് ശ്യാമപ്രസാദ് ബ്രിട്ടീഷുകാരെ എതിർത്തു എന്ന് ആർഎസ്എസുകാർ പറയുന്നു. 30 ലക്ഷം ബംഗാളികളാണ് ഈ ക്ഷാമകാലത്ത് പട്ടിണി കാരണം മരിച്ചത്. ക്ഷാമകാലത്ത് ഗവൺമെന്റ് കാന്റീനുകളിൽ പാചക ജോലിക്ക് നിന്നിരുന്നത് മുസ്ലീങ്ങളും താഴ്ന്ന ജാതിക്കാരുമായിരുന്നു. ഇതുകാരണം ഉന്നതകുലജാതരായ ഹിന്ദുക്കൾക്ക് ജാതി നഷ്ടപ്പെടാതെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു ശ്യാമപ്രസാദ് മുഖർജിയുടെയും ഹിന്ദുമഹാസഭയുടെയും പരാതി.
നേതാജിയും ശ്യാമപ്രസാദ് മുഖര്ജിയും
ശ്യാമപ്രസാദ് മുഖർജിയെ വെള്ളപൂശാനും നേതാജിയുമായി താരതമ്യംചെയ്ത് നേതാജിയെക്കാൾ മുകളിൽ പ്രതിഷ്ഠിക്കാനും സൂത്രത്തിൽ ശ്രമിക്കുകയാണ് ബംഗാളിലെ ബിജെപി ഗവൺമെന്റ്. കൽക്കട്ട പോർട്ട് ട്രസ്റ്റിന്റെ പേര് അവർ ശ്യാമപ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ് എന്നാക്കി മാറ്റി. അതിനകത്ത് രണ്ട് പ്രധാനപ്പെട്ട ബ്ലോക്കുകളുടെ പേര് നേതാജി സുഭാഷ് ഡോക്ക് എന്നും നേതാജി സുഭാഷ് ഡ്രൈ ഡോക്ക് എന്നുമായിരുന്നു. പുതിയ പേര് വന്നതോടെ നേതാജിയുടെ പേര് അപ്രസക്തമായി മാറി. നേതാജിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു റോഡിന്റെ പേര് ശ്യാമപ്രസാദ് മുഖർജി റോഡ് എന്നാക്കി മാറ്റാൻ പോകുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? കാരണം, ശ്യാമപ്രസാദ് മുഖർജിയുടെ വർഗീയ രാഷ്ട്രീയത്തിന് എതിരായിരുന്നു നേതാജി.
1940 മെയ് 4ലെ ഫോർവേഡ് ബ്ലോക്ക് വാരികയിൽ നേതാജി എഴുതി: “മുൻ കാലങ്ങളിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്ക് ഒരേസമയം ഹിന്ദുമഹാസഭയും മുസ്ലീം ലീഗും പോലെയുള്ള വർഗീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകാൻ കഴിയുമായിരുന്നു. എന്നാൽ ഈയിടെയായി ആ സാഹചര്യം മാറിയിരിക്കുന്നു. ഈ വർഗീയ പ്രസ്ഥാനങ്ങൾ മുൻപത്തേക്കാൾ കൂടുതൽ വർഗീയമായിരിക്കുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കോൺഗ്രസ് അതിന്റെ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഹിന്ദു മഹാസഭയോ മുസ്ലീം ലീഗോ പോലെയുള്ള വർഗീയ സംഘടനകളിൽ അംഗമായിട്ടുള്ള ഒരാൾക്ക് കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെടുന്ന സമിതികളിൽ അംഗത്വം നേടാൻ സാധിക്കുകയില്ല.”
സവർക്കരറുടേയും ഹിന്ദുമഹാസഭയുടെയും നിലപാടുകളെ എതിർത്തുകൊണ്ട് 1939 ഡിസംബറിൽ നേതാജി എഴുതി, “ഹിന്ദുമഹാസഭ വർഗീയത ഇങ്ങനെ ഉയർത്തി കാട്ടുന്നതുവഴി ഇന്ത്യൻ ദേശീയതയ്ക്ക് അപരിഹാരമായ ദ്രോഹമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി ദേശീയ മുസ്ലീങ്ങൾ നൽകിയ സംഭാവനകൾ അവഗണിക്കാൻ സവർക്കറെ പോലെ നമുക്ക് സാധിക്കുകയില്ല.” 1940ല് ബംഗാളിലെ ജാർഗ്രാമിൽ നടന്ന ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു, “ഹിന്ദുമഹാസഭ സന്യാസിമാരെയും സന്യാസിനികളെയും തൃശൂലവും കൊടുത്ത് വിട്ടിരിക്കുകയാണ് അവർക്കുവേണ്ടി വോട്ടുചോദിക്കാൻ. തൃശൂലവും കാവിയും കാണുന്നതോടെ ഹിന്ദുക്കൾ ഭക്തിയോടെ വണങ്ങുന്നു. അങ്ങനെ മതവുംകൊണ്ടാണ് ഹിന്ദുമഹാസഭ രാഷ്ട്രീയത്തിലേക്ക് വരുന്നത്. അതുവഴി ഇവർ മതത്തെയും മലിനമാക്കുന്നു. എല്ലാ ഹിന്ദുക്കളും ഇതിനെ അപലപിക്കണം. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന എല്ലാ സ്ത്രീപുരുഷന്മാരും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ മുന്നോട്ടുവരികയാണ് നമുക്ക് ആവശ്യം.” (ആനന്ദബസാർ പത്രിക, മേയ് 14,1942)
ഈ അടുത്തകാലത്താണ് ബംഗാളിലെ ബിജെപി പ്രസിഡന്റ് സൗമിക് ഭട്ടാചാര്യ പ്രസ്താവിച്ചത്, “ശ്യാമപ്രസാദ്, മുഹമ്മദ് അലി പാർക്കിൽ പ്രസംഗിക്കുമ്പോൾ ഫോർവേഡ് ബ്ലോക്കിന്റെ ഗുണ്ടകൾ അദ്ദേഹത്തിന്റെ നേരെ കല്ലെറിഞ്ഞു. ഏറുകൊണ്ട് അദ്ദേഹത്തിന് മുറിവേൽക്കുകയുണ്ടായി. ശ്യാമപ്രസാദ് സംയമനം പാലിച്ചില്ലായിരുന്നെങ്കിൽ ഫോർവേഡ് ബ്ലോക്കുകാർ ഒന്നുപോലും ബാക്കിയുണ്ടാവില്ലായിരുന്നു. എന്നാൽ ശ്യാമപ്രസാദ് ജനങ്ങളോട് ബാലറ്റിലൂടെ മറുപടി പറയാനാണ് ആവശ്യപ്പെട്ടത്”(ടൈംസ് ഓഫ് ഇന്ത്യ, 8 – 7- 20 26). ഈ പ്രസ്താവന വലിയ കോലാഹലങ്ങളുണ്ടാക്കി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നതായി യാതൊരു രേഖയുമില്ല. വസ്തുത എന്തെന്നുവെച്ചാൽ, 1940ലെ കൽക്കട്ട മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്യാമപ്രസാദ് ശ്രമിച്ചിരുന്നു. നേതാജി ഇത്തരം വർഗീയ പ്രചാരണങ്ങളെ ശക്തമായി എതിർത്തു. ശ്യാമ പ്രസാദിനെ ഒരു ദേശീയ നേതാവായി ഉയർത്തി കാണിക്കണമെങ്കിൽ ആർഎസ്എസുകാർക്ക് നേതാജിയെ ഇകഴ്ത്തിയേ മതിയാവൂ.
ശ്യാമപ്രസാദ് മുഖര്ജിയും സ്വതന്ത്ര ഇന്ത്യയുടെ വ്യവസായവൽക്കരണവും
നെഹ്റു മെമ്മോറിയൽ ലൈബ്രറിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രദർശനത്തിൽ ആർഎസ്എസുകാർ ശ്യാമപ്രസാദിനെ സ്വതന്ത്ര ഇന്ത്യയെ വ്യവസായവൽക്കരിച്ച ആളായി ഉയർത്തിക്കാട്ടുന്നുണ്ട്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറിയും സിന്ദ്രി ഫെർട്ടിലൈസർ ഫാക്ടറിയും ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ഫാക്ടറിയും ദാമോദർ വാലി കോർപ്പറേഷനും സ്ഥാപിച്ചത് ശ്യാമപ്രസാദ് മുഖർജിയാണ് എന്നാണ് അവകാശവാദം. ഇതൊന്നും കൂടാതെ ബിലായിലെ സ്റ്റീൽ പ്ലാന്റ് വിഭാവനം ചെയ്തത് ശ്യാമപ്രസാദ് ആണത്രേ. വലിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ ചെറുകിട വ്യവസായങ്ങളും കൈത്തറിയും വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും ഡോക്ടർ മുഖർജി തിരിച്ചറിഞ്ഞിരുന്നു! അദ്ദേഹത്തിന്റെ ഭരണകാലത്താണ് കൈത്തറി വികസന ബോർഡും ഖാദി വികസന ബോർഡും സ്ഥാപിച്ചത്. ടെക്സ്റ്റൈല് ഗവേഷണ കേന്ദ്രവും ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷനും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു നിലവിൽ വന്നത്. ഇന്ത്യൻ സിൽക്ക് വ്യവസായത്തെ മെച്ചപ്പെടുത്താൻവേണ്ടി സെൻട്രൽ സിൽക്ക് ബോർഡും ഗ്രാമങ്ങളിൽ നിർമ്മിക്കുന്ന വസ്തുക്കളുടെ വിതരണത്തിനായി ഡൽഹിയിൽ സെൻട്രൽ കോട്ടേജ് എംപോറിയവും അദ്ദേഹം സ്ഥാപിച്ചു. (ദി വയർ 27-7-26)
എക്കണോമിക് ഗ്രോത്ത് ആൻഡ് ഇന്ത്യ ഹിസ്റ്ററി ആൻഡ് പ്രോസ്പെക്റ്റ്സ് എന്ന പുസ്തകത്തിൽ 1950കളിലെ ഇന്ത്യയുടെ വ്യവസായവൽക്കരണം വിശദമായി ചർച്ചചെയ്യുന്നുണ്ട്. ഇന്ത്യയുടെ വ്യവസായവൽക്കരണം നെഹ്റു-മഹലനോബിസ് കാഴ്ചപ്പാടിന് അനുസരിച്ചാണ് വന്നത്. 1938ലാണ് ഇത് വിഭാവനം ചെയ്തത്. അക്കാലത്തെ രേഖകൾ പരിശോധിച്ചാൽ ശ്യാമപ്രസാദിനെ കുറിച്ച് ഒന്നും കാണാൻ സാധിക്കില്ല. ആദ്യത്തെ നെഹ്റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി ശ്യാമപ്രസാദിനെ ഉൾപ്പെടുത്തിയിരുന്നു. ഇതുവെച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവൺമെന്റ് സ്ഥാപിച്ചതെല്ലാം ശ്യാമപ്രസാദ് മുഖർജിയുടെ വ്യക്തിപരമായ നേട്ടമായി ആർഎസ്എസുകാർ കൊണ്ടാടുന്നത്.
370-ാം വകുപ്പ്
ഭരണഘടനയുടെ 370-ാം വകുപ്പിനെ കുറിച്ച് പറയുമ്പോഴൊക്കെ അതിനെ ശ്യാമപ്രസാദ് എതിർത്തിരുന്ന കാര്യം ആർഎസ്എസുകാർ പറയാറുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമല്ലാത്ത ഒരു രാജഭരണ പ്രദേശമായിരുന്നു ജമ്മു കശ്മീർ. അവർ ഇന്ത്യയുടെ ഭാഗമാകാൻവേണ്ടി രണ്ടു കൂട്ടരും കൂടെ ചേർന്ന് തീരുമാനിച്ചതാണ് 370-ാം വകുപ്പ്. അക്കാലത്തെ എല്ലാ രേഖകളും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്, നെഹ്രുവും ജമ്മു കശ്മീരിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഷെയ്ഖ് അബ്ദുള്ളയും തമ്മിലുള്ള സുദീർഘമായ ഒരു വിലപേശലിലൂടെയാണ് 370-ാം വകുപ്പ് രൂപം കൊണ്ടത് എന്നാണ്. ഈ വകുപ്പിന് അന്നത്തെ നെഹ്റു മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന സർദാർ പട്ടേലിന്റെയും ശ്യാമപ്രസാദ് മുഖർജിയുടെയും അംഗീകാരവും ഉണ്ടായിരുന്നു.
എന്നാൽ ഇതേ ശ്യാമപ്രസാദ് തന്നെ 370-ാം വകുപ്പിനെതിരെ ഒരു സമരത്തിന് നേതൃത്വം കൊടുത്തു. ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് പതാകകളും രണ്ട് പ്രധാനമന്ത്രിമാരും പാടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ഇവിടെ വിചിത്രമായ ഒരു കാര്യം, ഫെബ്രുവരി 1953ന് ഇതേ ശ്യാമപ്രസാദ് തന്നെ നെഹ്റുവിന് എഴുതിയതായി കാണാം: “രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും ജമ്മുവിനും ലഡാക്കിനും കശ്മീരിനും സ്വയംഭരണം ഉണ്ടായിരിക്കണമെന്നും രണ്ടു കൂട്ടരും അംഗീകരിക്കുന്ന അവർക്ക് പ്രത്യേക പദവി നൽകുന്ന ഡൽഹി കരാർ ജമ്മു കശ്മീരിന്റെ അടുത്ത ഭരണഘടന നിർമ്മാണ സഭയിൽ നടപ്പാക്കപ്പെടുന്നതായിരിക്കും.” താൻ ഈ സ്വയംഭരണത്തിന് അബ്ദുള്ളയോട് സമ്മതം അറിയിച്ചതായി 1952ന്റെ മറുപടിയിൽ നെഹ്റു വ്യക്തമാക്കുന്നു. ശ്യാമപ്രസാദിന്റെ സമരം ജനസംഘത്തിന്റെ മുഖം രക്ഷിക്കാനുള്ള ഒരു അഭ്യാസം മാത്രമായിരുന്നു.
1953 ജനുവരി 9 ശ്യാമപ്രസാദ് നെഹ്റുവിനും ഷെയ്ഖ് അബ്ദുള്ളയ്ക്കും ഒരുമിച്ച് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു: “കാശ്മീരിനെ ഷെയ്ഖ് അബ്ദുള്ള ആഗ്രഹിക്കുന്ന രീതിയിൽ, ഇദ്ദേഹത്തിന് വേണ്ടത്ര കാലം പ്രത്യേകതരത്തിൽ പരിഗണിക്കാൻ നമ്മൾ തയ്യാറാണ്. എന്നാൽ ജമ്മുവും ലഡാക്കും പൂർണമായും ഇന്ത്യയുടെ ഭാഗമാകേണ്ടതുണ്ട്.” കശ്മീരിലും അന്താരാഷ്ട്ര തലത്തിലും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നെഹ്റു ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. ഷെയ്ഖ് അബ്ദുള്ള വളരെ വിശദമായിത്തന്നെ ഇതിനു മറുപടി എഴുതി. “ഈ സംസ്ഥാനത്തിന്റെ ഐക്യം തകർക്കാൻ പാകിസ്ഥാനിലും മറ്റും നടക്കുന്ന ഉദ്യമങ്ങളെക്കുറിച്ച് താങ്കൾക്ക് അറിവുണ്ടാവില്ല. ഈ ഐക്യം തകർക്കപ്പെടാൻ എന്ത് പരിഹാരവും അവർക്ക് സ്വീകാര്യമാകും.” 370-ാം വകുപ്പിന്റെ അനിവാര്യത ശ്യാമപ്രസാദിനും ബോധ്യപ്പെട്ടിരുന്നു. എന്നാണ് ഈ രേഖകളിൽനിന്നും മനസ്സിലാകുന്നത്. എന്നാൽ ഇതെല്ലാം മറച്ചുവെക്കാൻ ആർഎസ്എസുകാർ ശ്രമിക്കുകയാണ്.
ശ്യാമപ്രസാദ് മുഖർജിയെ വെള്ളപൂശുന്നത് എന്തിന്?
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കിഴക്കൻ പാകിസ്ഥാനിലെ ഹിന്ദുക്കളിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ആർഎസ്എസ് ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഇത്രയും കാലം ബംഗാളിൽ ഒരു ചലനവും ഉണ്ടാക്കാൻ ഇക്കൂട്ടർക്ക് സാധിച്ചിരുന്നില്ല. സ്വാതന്ത്ര്യ സമര കാലത്തെ സന്ധിയില്ലാത്ത വിപ്ലവധാരയുടെയും പിന്നീട് കോൺഗ്രസിനെതിരായ ഇടത് പ്രക്ഷോഭങ്ങളുടെയും നാടായ ബംഗാളിന്റെ മണ്ണ് അവർക്ക് വഴങ്ങുന്നതായിരുന്നില്ല. എന്നാൽ ഇപ്പോൾ തൃണമൂൽ വിരുദ്ധ വികാരത്തിൽ പിടിച്ചു കയറിയും പിന്നീട് ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായി ക്രമക്കേടു കാണിച്ചും ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. കിട്ടിയ അവസരം ഉപയോഗിച്ച് ബംഗാളിനെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുകയാണ് അവർ. ചരിത്രം വളച്ചൊടിക്കാനും ശ്യാമപ്രസാദ് മുഖർജിയെ ഒരു വീരനായി അവതരിപ്പിക്കാനും ശ്രമിക്കുന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.
