സമീപകാല തൊഴിലാളി സമര ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആശാസമരത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രാധാന്യം സംബന്ധിച്ച് നിരവധി ലേഖനങ്ങൾ ‘യൂണിറ്റി’യിൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടുത്ത പിടിവാശിയോടെ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ച എൽഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ട് ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റിയിരിക്കുന്നു.
സമരത്തെ പിന്തുണച്ചുകൊണ്ട് സമരവേദിയിൽ എത്തിയിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് യുഡിഎഫിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ 3000 രൂപയുടെ ഓണറേറിയം വർദ്ധനവ് പ്രഖ്യാപിക്കുകയുണ്ടായി. ഒരു മാസത്തിനുള്ളിൽ വിരമിക്കൽ ആനുകൂല്യവും പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ആശാസമരം ഒരു തൊഴിലാളി സമരമെന്ന നിലയിൽ അഭിമാനകരമായ വിജയം കൈവരിച്ചിരിക്കുകയാണ്.
അങ്ങേയറ്റം പരിതാപകരമായ ജീവിത സാഹചര്യം മുൻനിർത്തിയാണ് ആശാസമരം ആരംഭിച്ചത്. പ്രതിദിനം ലഭിച്ചിരുന്ന 233 രൂപ കൂലി, എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ 700 രൂപയാക്കി വർദ്ധിപ്പിക്കണം എന്നതായിരുന്നു സമരത്തിന്റെ പ്രധാന ഡിമാൻഡ്. 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, ഉള്ള കൂലിപോലും തിരിച്ചുപിടിക്കുന്ന വ്യവസ്ഥകൾ പിൻവലിക്കുക, ജോലിസമയം നിജപ്പെടുത്തുക, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരം നടത്തിയ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉന്നയിച്ചിരുന്നു.
2005ൽ ദേശീയ തലത്തിൽ ആരംഭിച്ച നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായാണ് സന്നദ്ധപ്രവർത്തകരെന്ന നിലയിൽ ആരോഗ്യരംഗത്തെ അടിസ്ഥാന ജോലികൾക്കായി സ്ത്രീകളെ ആശാ പ്രവർത്തകരായി നിയമിക്കുന്നത്. ആഗോളീകരണ നയങ്ങളുടെ ഭാഗമായി ആരോഗ്യരംഗത്തെയും അനൗപചാരികമാക്കി മാറ്റി, പ്രാദേശിക ജനതയുടെ ചുമലിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായിരുന്നു അത്. സന്നദ്ധപ്രവർത്തകരായിരുന്നതിനാൽ ആദ്യകാലത്ത് പൂർത്തീകരിക്കുന്ന പ്രവൃത്തികൾ ക്കുള്ള ഇൻസെന്റീവ് മാത്രമായിരുന്നു വേതനം. പിന്നീട് സംസ്ഥാന സർക്കാരുകൾ അധികച്ചുമതലകൾകൂടി നൽകിയതോടെയാണ് നാമമാത്രമായ ഓണറേറിയം ലഭിച്ചുതുടങ്ങിയത്. കോവിഡ് കാലത്തോടെ സന്നദ്ധപ്രവർത്തനമെന്നതിൽനിന്ന് 18 മണിക്കൂറോളം പണിയെടുക്കേണ്ട നിർബന്ധിത ജോലിയായതുമാറി.
ട്രേഡ് യൂണിയൻ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന യൂണിയൻ പ്രവർത്തനം ആരംഭിക്കുമ്പോൾ 1000 രൂപയായിരുന്നു ഓണറേറിയം. (പ്രതിദിനം വെറും 33 രൂപ). ഈ യൂണിയൻ നടത്തിയ നിരന്തര സമരത്തിലൂടെയാണ് അത് 7000 രൂപയാക്കി വർദ്ധിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 500 ഉം 1000 ഉം ഒക്കെ ആയി ഓരോ വർഷവും വർദ്ധിപ്പിച്ചെടുത്തത് ശക്തമായ സമരത്തിലൂടെ തന്നെയാണ്. KAHWA അല്ലാതെ മറ്റൊരു യൂണിയനും ഇക്കാലയളവിൽ സമരരംഗത്ത് ഉണ്ടായിരുന്നില്ല. ഓണറേറിയം നിശ്ചയിക്കുന്നത് സമ്പൂർണ്ണമായും സംസ്ഥാന സർക്കാരുകളാണ്. അതുകൊണ്ടാണ് ഒട്ടും ഏകീകൃതമല്ലാത്ത രീതിയിൽ പല സംസ്ഥാനങ്ങളിലും പലതരത്തിലുള്ള ഓണറേറിയം നിലവിലുള്ളത്.
ഇതൊക്കെ സുവ്യക്തമായ കാര്യങ്ങളാണെന്നിരിക്കെ 2025 ഫെബ്രുവരി 10ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ആശാസമരത്തെ പിണറായി സർക്കാർ, ഒരു ജനാധിപത്യ സർക്കാരിന് തീർത്തും നിരക്കാത്തവിധം ശത്രുതാപരമായ രീതിയിലാണ് നേരിട്ടത്. തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാരാണ് ഓണറേറിയം നൽകേണ്ടതെന്നും ഡൽഹിയിൽ പോയി സമരം ചെയ്യണമെന്നും ഇവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്കും നേതാക്കൾക്കുമെതിരെ അറപ്പുളവാക്കുന്ന രീതിയിൽ അധിക്ഷേപങ്ങളും അപവാദങ്ങളും ചൊരിഞ്ഞു. സമരം ചെയ്ത് കാര്യങ്ങൾ നേടാമെന്ന വ്യാമോഹം വേണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞു. ഒരു തൊഴിലാളി സമരത്തോടും കേരളത്തിലെ ഒരു സർക്കാരും ഒരിക്കലും കാട്ടിയിട്ടില്ലാത്ത ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രീതിയിലാണ് പിണറായി സർക്കാർ ഈ സമരത്തെ നേരിട്ടത്. സംസ്ഥാനത്തെ പ്രബല ട്രേഡ് യൂണിയനുകളായ സിഐറ്റിയു, എഐറ്റിയുസി, ഐഎൻറ്റിയുസി, എസ്റ്റിയു തുടങ്ങിയ യൂണിയൻ നേതൃത്വങ്ങൾ സർക്കാരിനൊപ്പം നിൽക്കുകയും സമരത്തെ എതിർക്കുകയും ചെയ്യുന്ന വിചിത്രമായ കാര്യവും കേരളം ദർശിക്കുകയുണ്ടായി. ഇതിലെ ചില അറിയപ്പെടുന്ന നേതാക്കൾ തികച്ചും മ്ലേച്ഛമായ രീതിയിൽ സമരത്തെയും സമരനേതാക്കളെയും അപഹസിക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ, “എസ്യുസിഐ സമരമെന്ന്” സർക്കാരും അതിന്റെ മാധ്യമവൃന്ദവും അടിക്കടി പറഞ്ഞു കൊണ്ടിരുന്നു. ആശമാരിൽ വിള്ളലുണ്ടാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങ ളൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല, സമരം ശക്തിപ്പെട്ട് 266 ദിവസം നീണ്ടുനിന്നു. ഓണറേറിയം വർദ്ധന സംസ്ഥാന സർക്കാരിൽനിന്നും വാങ്ങിയെടുത്ത ശേഷമാണ് ആശമാർ സെക്രട്ടേറിയറ്റിനു മുമ്പിലെ രാപകൽ സമരപ്പന്തൽ വിട്ടത്.
മഹത്തായ നവോത്ഥാന പ്രസ്ഥാനത്തിലൂടെയും അവകാശ സമരങ്ങളിലൂടെയും ഉരുവം കൊണ്ടുവന്ന കേരള മനഃസാക്ഷിക്കും പൊതുബോധത്തിനും ഒട്ടും നിരക്കാത്ത തരത്തിലുള്ള സർക്കാരിന്റെയും യൂണിയൻ നേതാക്കളുടെയും സമീപനത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതാണ് ഈ സമരത്തിന്റെ ഏറ്റവും പ്രോജ്ജ്വലമായ വശം. സാധാരണഗതിയിൽ ഒരു പ്രത്യേക തൊഴിൽമേഖലയിലെ സമരത്തിന് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ആഴത്തിലും പരപ്പിലുമാണ് ജനങ്ങൾ ആശാസമരത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും അടങ്ങുന്ന സാംസ്കാരിക ലോകം സമരത്തെ അകമഴിഞ്ഞ് അഭിവാദ്യം ചെയ്തു. ദൃശ്യ-അച്ചടി മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ആശാസമരത്തെ കലവറയില്ലാതെ പിന്തുണക്കുകയുണ്ടായി. സ്ത്രീകൾ നടത്തുന്ന ഒരു ട്രേഡ് യൂണിയൻ സമരം എന്നതിലുപരി, ഇടതെന്നറിയപ്പെടുന്ന ഒരു സർക്കാർ ജനസമരത്തോടു കാണിക്കുന്ന ജനാധിപത്യവിരുദ്ധതയ്ക്കെതിരെയുള്ള വിശാലമായ സാമൂഹ്യ മുന്നേറ്റമായി മാറി ആശാസമരം.
വിവിധ മേഖലകളിൽ തൊഴിലെടുത്ത് ജീവിക്കുന്നവരിൽ നിന്നുണ്ടായ പിന്തുണ കൃത്യമായ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ മനസ്സിലാക്കേണ്ടതുണ്ട്. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഒന്നടങ്കം ആശാസമരത്തെ വൈകാരികമായിതന്നെ നെഞ്ചോട് ചേർത്തുപിടിച്ചു. സംസ്ഥാനത്തെ വിവിധ തൊഴിൽ രംഗങ്ങളിലെ തൊഴിലാളികൾ നേരിടുന്ന തൊഴിൽ സാഹചര്യവും വീർപ്പുമുട്ടിക്കുന്നതാണ്. തൊഴിലവകാശ നിഷേധങ്ങളുടെ പരമ്പരയാണ് അവിടെ നിലനിൽക്കുന്നത്. മിനിമം കൂലി പോലും പലയിടത്തും ലഭിക്കുന്നില്ല. പി എഫ്, ഗ്രാറ്റുവിറ്റി, ബോണസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, ലീവ്, ലീവ് അനുകൂല്യങ്ങൾ, തുല്യ ജോലിക്ക് തുല്യ വേതനം, ശമ്പളം കൃത്യമായി സമയത്ത് നൽകൽ, ക്ഷേമനിധി അനുകൂല്യങ്ങൾ തുടങ്ങിയ അടിസ്ഥാന തൊഴിൽ അവകാശങ്ങൾപോലും അസംഘടിത മേഖലയിൽ മാത്രമല്ല സംഘടിത മേഖലയിലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. തൊഴിലിന്റെ കരാറുവൽക്കരണം ഏതാണ്ട് സമ്പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു. പല മേഖലകളിലും നിശ്ചിത കാല തൊഴിൽ നടപ്പിലാക്കിക്കഴിഞ്ഞു. തൊഴിൽ സമയം 10 മുതൽ 14 മണിക്കൂർ വരെ നീളുന്ന അവസ്ഥയും ഉണ്ട്. പ്രത്യേകിച്ച് കൂടുതലും സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന തോട്ടം, കശുവണ്ടി, ഗാർഹികം, ഷോപ്പ്സ്, അംഗണവാടി, ആശുപത്രി, മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കടുത്ത ചൂഷണമാണ് നടമാടുന്നത്. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയമപരമായി ബാധ്യതപ്പെട്ട ലേബർ എൻഫോഴ്മെന്റ് സംവിധാനം സംസ്ഥാനത്ത് നിഷ്ക്രിയമെന്നുതന്നെ പറയാം.
ഇത്തരമൊരു തൊഴിൽ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത് എന്നതിനേക്കാൾ പേടിപ്പെടുത്തുന്ന കാര്യം, ഇതിനെതിരെ യാതൊരു സമരവും ഉണ്ടാകുന്നില്ല എന്നതാണ്. തൊഴിലാളികളിൽ കടുത്ത അസംതൃപ്തിയും പ്രതിഷേധവും നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിലും അതൊന്നും ഒരു സംഘടിത സമരമായി വരുന്നില്ല. കാരണം, ഈ മേഖലകളിലെ പ്രധാന യൂണിയനുകൾ അത്തരം സമരങ്ങൾക്ക് മുൻകൈ എടുക്കുന്നില്ല എന്നത് മാത്രമല്ല, തൊഴിലാളികളിൽ ഉണ്ടാകുന്ന സ്വാഭാവിക അസംതൃപ്തിയെയും പ്രതിഷേധങ്ങളെയും അമർച്ച ചെയ്യാനും വഴി തിരിച്ചുവിടാനും ഒക്കെയാണ് ശ്രമിക്കുന്നത്. അധികാരത്തിന്റെ തണലുപറ്റി സൗകര്യങ്ങൾ നുണയാനും തൊഴിൽ ഉടമകളുടെയും മുതലാളിമാരുടെയും പക്ഷം പിടിച്ച് സ്വാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കാനുമാണ് നേതൃത്വം ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ ഉയർന്നുപൊങ്ങിയ ആശാസമരം മുഴുവൻ പണിയെടുക്കുന്നവരുടെയും ആശാകേന്ദ്രമാകുക സ്വാഭാവികം. കക്ഷിരാഷ്ട്രീയ, ട്രേഡ് യൂണിയൻ ഭേദമന്യേ തൊഴിലാളികൾ ഈ സമരത്തെ പിന്തുണച്ച് ധീരമായി മുന്നോട്ടുവന്നു. തൊഴിലാളികളെ മാത്രമല്ല വീട്ടമ്മമാരെവരെ തീഷ്ണമായ ഒരു സമരാനുഭവത്തിൽ മാസങ്ങളോളം പിടിച്ചുനിർത്താൻ ആശാ സമരത്തിന് കഴിഞ്ഞു. അത് സമൂഹത്തിൽ ഉയർത്തിവിട്ട രാഷ്ട്രീയ, സാംസ്കാരിക ചലനം ചെറുതല്ല.
ദശകങ്ങളായി സംസ്ഥാനത്തെ തൊഴിൽ ശക്തി ചലനമറ്റു കിടക്കുകയായിരുന്നു. തൊഴിൽരംഗം നീറിപ്പുകയുകയും തൊഴിലവകാശനിഷേധങ്ങൾകൊണ്ട് വീർപ്പുമുട്ടുകയും ജീവിതം തള്ളിനീക്കാനാകാത്ത വിധം സാമ്പത്തിക ഞെരുക്കത്തിൽ പെട്ട് ഉഴലുകയും ചെയ്യുമ്പോൾ സംസ്ഥാനത്തെ തൊഴിൽസേന നിഷ്ക്രിയാവസ്ഥയിൽ നിലകൊള്ളാൻ നിർബന്ധിതമായി. രാജ്യത്തെ പാർലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യമായ അപചയവും, ഇടതുപക്ഷം എന്ന പൊതുവ്യവഹാരത്തിൽപെട്ട വിഭാഗങ്ങൾ വലതുപക്ഷ പാർലമെന്ററി അവസരവാദത്തിന്റെയും കോർപ്പറേറ്റ് സേവയുടെയും ചളിക്കുണ്ടിൽ നിപതിച്ചതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. സമരമല്ല സമരസപ്പെടലാണ് അഭികാമ്യം എന്ന നിലപാടിലെത്തിയ പ്രസ്ഥാനങ്ങളിൽ നിന്നും ഇതു മാത്രമേ പ്രതീക്ഷിക്കാൻ കഴിയൂ. അവർ വളരെ കൗശലപൂർവ്വം സമരശക്തികളെ ആദ്യം ആശങ്കയിലേക്കും ശേഷം നിരാശയിലേക്കും അവസാനം നിഷ്ക്രിയത്വത്തിലേക്കും നയിക്കും. ഈ അരാഷ്ട്രീയവൽക്കരണം ചെന്നെത്തുന്നത് മുതലാളിത്തത്തിന്റെ തൊഴുത്തിലാണ്. അത് ഫാസിസത്തിന് വളക്കൂറുള്ള ഇടമായും മാറും.
നമ്മുടേത് ഒരു വർഗ്ഗവിഭജിത സമൂഹമാണെന്നും അതിലെ പ്രധാന വൈരുദ്ധ്യം വർഗ്ഗ വൈരുദ്ധ്യമാണെന്നതും അതിനാൽതന്നെ വർഗ്ഗസമരം അനിവാര്യമാണെന്നും അത് നയിക്കാനുള്ള കടമ തൊഴിലാളി വർഗ്ഗത്തിന്റേതാണെന്നുമുള്ള അടിസ്ഥാന സാമൂഹ്യ വികാസ നിയമങ്ങൾ ഇവർ പാടെ വിസ്മരിക്കുകയോ തള്ളിക്കളയുകയോ ചെയ്യും. അവിടെ തികഞ്ഞ വലതുപക്ഷ പരിഷ്കരണ വാദത്തിന്റേതായ വികസനം, ജനക്ഷേമം, ആനുകൂല്യങ്ങൾ തുടങ്ങിയ പൊള്ളവാക്കുകൾ പ്രതിഷ്ഠിക്കും. അധ്വാനശക്തി വിറ്റ് മാത്രം ഉപജീവനം നടത്താൻ ചരിത്രപരമായി നിയുക്തമായ തൊഴിലാളിവർഗ്ഗത്തിന്റെ മോചനം ഇക്കൂട്ടരുടെ അജണ്ടയിൽ സ്ഥാനം പിടിക്കുകയില്ല.
ഈ സന്നിഗ്ധഘട്ടത്തെയാണ് ആശാസമരം അഭിസംബോധന ചെയ്തത്. ഒരു വിഭാഗം സ്ത്രീ തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ട്രേഡ് യൂണിയൻ സമരമായാണ് ആശാസമരം ആരംഭിച്ചത്. എന്നാൽ ആ സമരത്തോടുള്ള അധികാരികളുടെ പ്രത്യേകിച്ചും, തൊഴിലാളികളുടെയും ഇടതുപക്ഷത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിന്റെ സമീപനം, സമൂഹത്തിന്റെ വർഗ്ഗ വിന്യാസത്തിന്റെയും വർഗ്ഗസമരത്തിന്റെയും സൂക്ഷ്മ രാഷ്ട്രീയത്തിലേക്ക് കടന്നു ചെല്ലാൻ ഇടയാക്കി. അത് സമൂഹത്തിൽ സൃഷ്ടിച്ച അലയൊലി അത്ര പെട്ടെന്ന് കെട്ടടങ്ങില്ല. സത്യസന്ധവും നേർദിശയിലുമുള്ള ഒരു സമരവും, അത് ഡിമാന്റുകൾ നേടിയെടുക്കുകയോ നേടാതിരിക്കുകയോ ചെയ്താലും പരാജയമടയുന്നില്ല. ആ അർത്ഥത്തിൽ കാലഘട്ടത്തിന്റെ ഗർഭപാത്രത്തിൽ വളർച്ച പ്രാപിച്ച സാമൂഹ്യമുന്നേറ്റമായി ആശാസമരത്തെ കാണാൻ കഴിയും. ഇതിന്റെ തെളിവുകൾ രാജ്യത്തുടനീളം ഇന്ന് കാണാൻ കഴിയുന്നുണ്ട്. വർഗ്ഗസമരത്തിന്റെ ഉരകല്ലിൽ പരിശോധിക്കാൻ കഴിയുന്നവർക്ക് മാത്രമല്ല, നേരെ ചിന്തിക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്ന നിദർശനങ്ങളാണ് രാജ്യത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ ആശാ വർക്കർമാരുടെ സമരം ശക്തി പ്രാപിക്കുകയാണ്. സ്കീം വർക്കേഴ്സ് എന്ന പേരിൽ ഒരു കോടിയോളം വരുന്ന സ്ത്രീ തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന സർക്കാറിനെതിരെയാണ് ആ സമരം. ലോക ശ്രദ്ധയാകർഷിച്ച കേരളത്തിലെ ആശാസമരം ദിശകാട്ടിയതും അങ്ങോട്ടുതന്നെ ആയിരുന്നു. അത് ലോകംമുഴുവനുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കി. രണ്ടു ദശകമായി രാജ്യത്ത് നടന്നുവരുന്ന, ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അംഗീകരിക്കപ്പെട്ട, ഈ ചൂഷണത്തിലെ തൊഴിലാളി വിരുദ്ധതയും സ്ത്രീവിരുദ്ധതയും അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
സമീപനാളുകളിൽ ഇന്ത്യയുടെ കാപ്പിറ്റൽ നഗരങ്ങൾ എന്നറിയപ്പെടുന്ന വ്യവസായ നഗരങ്ങളിൽ പടർന്നുപിടിച്ച തൊഴിലാളി സമരങ്ങളും ആശാസമരത്തിന്റെ ഉണർവിലും ദിശയിലുമാണ് രൂപം കൊണ്ടതെന്ന് കാണാൻ കഴിയും. പാനിപ്പറ്റിലെ എണ്ണശുദ്ധീകരണ കമ്പനിയിലെ തൊഴിലാളികളാണ് ആദ്യം തെരുവിലിറങ്ങിയത്. അവരുടെ ആവശ്യവും മിനിമം വേതനവും ജോലിസമയം കൂട്ടരുത് എന്നതുമായിരുന്നു. സമരത്തിന് തെരുവിലിറങ്ങിയവരിൽ വലിയൊരു വിഭാഗം സ്ത്രീ തൊഴിലാളികളായിരുന്നു. 10,000 രൂപ കൊണ്ട് ജീവിക്കാൻ കഴിയാത്ത തൊഴിലാളികൾ മിനിമം വേതനം ആവശ്യപ്പെട്ടത് വർഷങ്ങളായി വേതന വർദ്ധനവ് ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. പാനിപ്പറ്റിനെ തുടർന്ന് നോയിഡ, ഗുർഗാവ് തുടങ്ങിയ നഗരങ്ങളിലേക്കും സമരം വ്യാപിക്കുകയുണ്ടായി. ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാറുകൾ മൃഗീയമായിയാണ് സമരത്തെ നേരിട്ടത്. എന്നാലും തൊഴിലാളികൾ പൊരുതുകയാണ്. ഒരു ട്രേഡ് യൂണിയന്റയും നേതൃത്വത്തിൽ അല്ലാതെ തൊഴിലാളികൾ ഒരുമിച്ചാണ് പൊരുതുന്നത്, ഏതാണ്ട് ആശാസമരത്തിന്റെ മാതൃകയിൽ. രാജ്യം തൊഴിലാളി പ്രക്ഷോഭണത്തിന്റെ നാളുകളിലേക്ക് കടന്നു കയറുന്നു എന്നതാണ് ഏറ്റവും ആവേശകരമായ കാര്യം. ഇതിനെ തടഞ്ഞു നിർത്താൻ ഭരണാധികാരികളുടെ മർദ്ദനത്തിനും ദുരാരോപണങ്ങൾ ക്കും കഴിയില്ല. തൊഴിലാളിവർഗ്ഗ മുന്നേറ്റം പടർന്നു കയറാനുള്ള സാമൂഹ്യ അന്തരീക്ഷം ഇന്ന് രാജ്യത്ത് സംജാതമായിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ നിസ്സാരമല്ലാത്ത ഒരു പങ്ക് കേരളത്തിൽ നടന്ന ആശാ സമരത്തിനുണ്ട് എന്നതാണ് ആശാ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം.
