നീറ്റ് – സിബിഎസ്ഇ  കുറ്റകരമായ ക്രമക്കേടുകൾ : വിദ്യാർത്ഥികളുടെ ഭാവി കരുതികഴിക്കപ്പെടുന്നു

Neet-DSO.jpg
Share

2026 മേയ് 3ന്, ഇന്ത്യയിലെ വൈദ്യശാസ്ത്ര ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നടത്തപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ, മാസങ്ങളും വർഷങ്ങളും നീണ്ട അക്ഷീണ പഠനത്തിന്റെ അവസാനം ആഘോഷിക്കുന്ന വിദ്യാർത്ഥികളുടെ റീലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രവഹിച്ചു. 300ലധികം നഗരങ്ങളിലായി 9 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പരീക്ഷ എഴുതിയിരുന്നു.
എന്നാൽ വെറും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ആ ആശ്വാസം നിരാശയായി മാറി. മേയ് 12ന്, ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നതിനുള്ള ഇന്ത്യയുടെ കേന്ദ്ര സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ), ഒരു ‘ഊഹ ചോദ്യപ്പേപ്പർ’ വ്യാപകമായി പ്രചരിച്ചതായുള്ള ആരോപണങ്ങളും, പരീക്ഷയിലെ ക്രമക്കേടുകളെ സംബന്ധിച്ച നിരവധി പരാതികളും ഉയർന്ന സാഹചര്യത്തിൽ നീറ്റ് 2026 റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. അതിനുശേഷം, നിരാശയാൽ തകർന്ന് കുറഞ്ഞത് ആറ് വിദ്യാർത്ഥികളെങ്കിലും ജീവനൊടുക്കിയിട്ടുണ്ട്.


രാജസ്ഥാനിൽ ചോദ്യപ്പേപ്പർ ചോർന്നതായുള്ള ആരോപണങ്ങളെ തുടർന്ന് നീറ്റ്-യുജി 2026 റദ്ദാക്കിയതും, സിബിഐ അന്വേഷണം ഉത്തരവിട്ടതും, കേന്ദ്രീകൃതമായി നടത്തപ്പെടുന്ന ഉന്നത പ്രാധാന്യമുള്ള പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള ആഴമേറിയ പ്രതിസന്ധി വീണ്ടും തുറന്നു കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ പല വർഷങ്ങളായി, വിവിധ കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകൾ, കൃത്രിമം, ചോർച്ച, അഴിമതി എന്നിവ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നു. വാസ്തവത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 15 ഇന്ത്യൻ സംസ്ഥാനങ്ങളിലായി കുറഞ്ഞത് 41 പ്രധാന സർക്കാർ നിയമന പരീക്ഷാ ചോദ്യപ്പേപ്പറുകൾ ചോർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ മത്സര പ്രവേശന പരീക്ഷകളും സംസ്ഥാന തല പരീക്ഷകളും കൂടി കണക്കിലെടുക്കുമ്പോൾ, സമീപ വർഷങ്ങളിൽ ഇന്ത്യയിൽ 70 മുതൽ 89 വരെ ചോദ്യപ്പേപ്പർ ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.

സംസ്ഥാന പരീക്ഷകളിലെ സ്ഥിതിയും ഗുരുതരമാണ്. സമ്പദ്‌വ്യവസ്ഥയിൽ മിക്ക തസ്തികകളും താൽക്കാലികവും അരക്ഷിതവും കുറഞ്ഞ വേതനം നൽകുന്നവയുമായ സാഹചര്യത്തിൽ തൊഴിൽ മത്സരം രൂക്ഷമായതോടെ, വിവിധ തദ്ദേശ സർക്കാർ നിയമന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ പതിവായി ചോർന്നുകൊണ്ടിരിക്കുന്നു. പോലീസുകാർ, വനപാലകർ, എഞ്ചിനീയർമാർ, മൃഗഡോക്ടർമാർ, ആദായനികുതി ഇൻസ്പെക്ടർമാർ എന്നിവർക്കുള്ള നിയമന പരീക്ഷകളെയെല്ലാം മുൻകാലങ്ങളിൽ ചോർച്ചകൾ ബാധിച്ചിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ഇത്രയേറെ അധഃപതിച്ചതിനാൽ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ചോദ്യപ്പേപ്പർ ചോർച്ച ഒരു നിർണായക തിരഞ്ഞെടുപ്പ് വിഷയമായി മാറി. ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ എല്ലാം ബിജെപിയുടേതാണ്.


2015ൽ വ്യാപം (വ്യാവസായിക പരീക്ഷാ മണ്ഡൽ), അതായത് മധ്യപ്രദേശിലെ 50ലധികം സർക്കാർ തൊഴിൽ പരീക്ഷകളുടെയും, പ്രാദേശിക വൈദ്യകലാലയ പ്രവേശനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം, ഇന്ത്യ കണ്ട ഏറ്റവും നഗ്നമായ പരീക്ഷാ കൃത്രിമ അഴിമതി കോളിളക്കം സൃഷ്ടിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. 2009 മുതൽ, വൈദ്യശാസ്ത്ര മേഖല ഉൾപ്പെടെ വിവിധ സർക്കാർ സേവനങ്ങളിലെയും തൊഴിൽ മേഖലകളിലെയും മത്സര പരീക്ഷകളും നിയമനങ്ങളും, സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ, ഭരണകക്ഷി നേതാക്കൾ, ആർഎസ്എസ്-ബിജെപി മുതിർന്ന നേതൃത്വം, സർക്കാർ ഉദ്യോഗസ്ഥർ, ഗവർണറുടെ കാര്യാലയം എന്നിവർ ശുപാർശ ചെയ്യുന്നതോ അവരുമായി ബന്ധമുള്ളതോ ആയ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമാക്കി വൻ തുക കൈക്കൂലി വാങ്ങി കൃത്രിമം നടത്തിക്കൊണ്ടിരുന്നുവെന്ന് വെളിപ്പെട്ടു.


ചോദ്യപേപ്പറുകൾ ചോർത്തപ്പെട്ടു. ഉത്തരക്കടലാസുകളിൽ കൃത്രിമം നടത്തി, മിടുക്കരായ യുവ വിദ്യാർത്ഥികളെ ഉദ്യോഗാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാൻ കൂലിക്കെടുത്തു. സീറ്റുകൾ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് വിൽക്കപ്പെട്ടു. കൂട്ടുനിന്ന അധ്യാപകർ അപൂർണ്ണമായ ഉത്തരക്കടലാസുകൾ പൂരിപ്പിച്ച് മാർക്ക് വർദ്ധിപ്പിച്ചു. ഈ അഴിമതിയിൽ കൈമാറ്റം ചെയ്യപ്പെട്ട കൈക്കൂലിയുടെ തുക ആദ്യം ഏകദേശം 2000 കോടി രൂപയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് ആ തുക 36,000 കോടി രൂപ വരെ ഉയർന്നതായി വെളിപ്പെട്ടു. അന്വേഷണത്തിന്റെ ഈ ഏതാനും വർഷങ്ങൾക്കിടയിൽ, പ്രതികൾ, സാക്ഷികൾ, സർക്കാർ അനുമതി നൽകിയവർ, അന്വേഷണ ഉദ്യോഗസ്ഥർ, പ്രൊഫസർമാർ, ഡീൻമാർ, അന്വേഷണ പത്രപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിസിൽബ്ലോവർമാർ എന്നിവരുൾപ്പെടെ കുറഞ്ഞത് 48 പേർ അസ്വാഭാവികമായി മരണപ്പെട്ടു. ഈ മരണങ്ങളെല്ലാം സംശയാസ്പദമായ സാഹചര്യങ്ങളിൽ ആയിരുന്നു. കുറ്റവാളികളുടെ ശൃംഖല ശക്തം മാത്രമല്ല, അത്തരം കൊലപാതകങ്ങൾ അനായാസവും നിപുണതയോടെയും ആസൂത്രണം ചെയ്യാൻ കഴിവുള്ള ശക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് വ്യക്തമാക്കി. വാസ്തവത്തിൽ, വ്യാപം അഴിമതി പുറത്തുവന്നതോടെ, അഴിമതിരഹിത ഭരണം എന്ന ബിജെപിയുടെ അവകാശവാദം കനത്ത പതനത്തോടെ തകർന്നടിഞ്ഞു. അന്നുമുതൽ ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ സംഭവമായി മാറി.
2024 ഫെബ്രുവരിയിൽ മാത്രം, ചോദ്യപ്പേപ്പർ ചോർച്ചയും നിയമന-പ്രവേശന പരീക്ഷകളിലെ കൃത്രിമവും തടയുന്നതിനായി സർക്കാർ പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട്, 2024 എന്ന നിയമം പാസ്സാക്കിയിരുന്നുവെന്നത് ഓർക്കേണ്ടതാണ്. അത്തരമൊരു നിയമം ഉണ്ടായിട്ടും ചോദ്യപ്പേപ്പറുകൾ പരീക്ഷകൾക്ക് മുൻപേ പുറത്തുവരുന്നത് തുടർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിവാദമായ നീറ്റ്-യുജി പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർന്നതിന്റെ തെളിവൊന്നും ഇല്ലെന്ന് കുറഞ്ഞത് മൂന്നുതവണ നിഷേധിക്കുകയും, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒരു ചോദ്യപ്പേപ്പറും ചോർന്നിട്ടില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതാകട്ടെ, ഹസാരിബാഗിലും പട്‌നയിലും ചോർച്ചകൾ ഉണ്ടായിരുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായിരിക്കവേയാണ്. വിദ്യാഭ്യാസ മന്ത്രാലയം ആദ്യം ‘പരീക്ഷയുടെ സത്യസന്ധത അപകടത്തിലായിരിക്കാം’ എന്ന അവ്യക്തമായ പ്രസ്താവന പുറത്തിറക്കി. ഒരു ദിവസം കഴിഞ്ഞ്, ടെലഗ്രാം എന്ന സാമൂഹ്യ മാധ്യമ വേദിയിലും ‘ഡാർക്ക് നെറ്റി’ലും ചോദ്യപ്പേപ്പർ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചു. തെരുവിലും പാർലമെന്റിലും അസ്വസ്ഥത നിലനിൽക്കുമ്പോഴും, കുറ്റകൃത്യങ്ങളെയും, ക്രമക്കേടുകളെയും നിഷേധിക്കുന്ന മനോഭാവം സർക്കാരിന്റെ പ്രതികരണത്തിലുടനീളം വ്യക്തമാണ്.

‘സുരക്ഷിത’ പരീക്ഷാ സംവിധാനം തകർക്കാൻ കഴിവുള്ളവർ സാധാരണ വ്യക്തികളല്ലെന്നത് പ്രത്യേകം പറയേണ്ടതില്ല. സ്വാധീനശാലികളായ വ്യക്തികളുടെയും അഴിമതിക്കാരായ ഭരണകൂടത്തിന്റെയും ഉന്നത ബന്ധങ്ങളുള്ള ശൃംഖലകളുടെയും പങ്കാളിത്തം കൂടാതെ ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾ സാധ്യമല്ല. എല്ലാ തവണയും യഥാർത്ഥ കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയോ, അന്വേഷണങ്ങൾ തീരുമാനമാകാതെ അവസാനിക്കുകയോ ചെയ്യുന്നുവെങ്കിൽ, നീറ്റിന്റെയും മറ്റ് കേന്ദ്ര പരീക്ഷകളുടെയും പവിത്രതയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എങ്ങനെ വിശ്വാസം തുടർന്നും നിലനിർത്താൻ കഴിയും? സത്യം ഇതാണ് -കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം തട്ടിപ്പുകളെയും, ക്രമക്കേടുകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പുനഃപരീക്ഷ ആവശ്യപ്പെടുന്നു, ഇതിനായി കോടതികളിൽ നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്- സുപ്രീം കോടതി ഇത് പരിശോധിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ഏറെ താമസിച്ചതിനുശേഷം, അന്വേഷണം ഉത്തരവിടുകയും ‘ചില മേഖലകളിൽ മാത്രം പരിമിതമായ ചില പിഴവുകൾ’ സംഭവിച്ചതായി സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ദശലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി ‘ചില ഒറ്റപ്പെട്ട സംഭവങ്ങൾ’ക്ക് പണയം വെക്കപ്പെടില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിശയകരം തന്നെ! വിദ്യാർത്ഥികളുടെ ഭാവിയെ തലകീഴ് മറിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ ആവർത്തനം ചില പ്രാദേശിക പിഴവുകളായി തള്ളിക്കളയപ്പെടുന്നു.
മെയ് 12ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) പറഞ്ഞത്, രാജസ്ഥാനിൽ ചോദ്യപ്പേപ്പർ ചോർന്നതായുള്ള ആരോപണങ്ങളെത്തുടർന്ന് നീറ്റ്-യുജി 2026 റദ്ദാക്കിയതും സിബിഐ അന്വേഷണം ഉത്തരവിട്ടതും രാജ്യത്ത് കേന്ദ്രീകൃതമായി നടത്തപ്പെടുന്ന ഉന്നത പ്രാധാന്യമുള്ള പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള ആഴമേറിയ പ്രതിസന്ധി വീണ്ടും തുറന്നുകാട്ടിയിരിക്കുന്നു എന്നാണ്. പരീക്ഷകൾ നടത്തുന്ന കേന്ദ്ര ഏജൻസിയായ എൻടിഎ നീതിയുക്തവും സുതാര്യവും സുരക്ഷിതവുമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെടുന്നതിനെ എഐഡിഎസ്ഒ ശക്തമായി അപലപിക്കുകയും അത് ഉടനടി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിദോഷകരവും അതിരുകടന്ന് കേന്ദ്രീകൃതവുമായ ഈ പരീക്ഷാ സംവിധാനത്തിന്റെ ആവർത്തിച്ചുള്ള പരാജയങ്ങൾ, കൂണുപോലെ മുളച്ചുപൊന്തുന്ന കോച്ചിംഗ് വ്യവസായത്തിന്റെ താൽപ്പര്യങ്ങൾ സേവിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും അതിഭീകരമായ മാനസിക, സാമ്പത്തിക, അക്കാദമിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും എഐഡിഎസ്ഒ അഭിപ്രായപ്പെട്ടു. ഈ കടുത്ത അഴിമതി വൈദ്യവിദ്യാഭ്യാസത്തിന്റെ വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണത്തിന്റെയും അക്കാദമിക മേഖലയിൽ വ്യാപകമായ അഴിമതിയുടെ കടന്നുകയറ്റത്തിന്റെയും ഫലമാണ്.  കേന്ദ്ര പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ ക്രമക്കേടുകൾക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെ ഒറ്റക്കെട്ടായ ശബ്ദം ഉയർത്താനും നീതിയുക്തവും ജനാധിപത്യപരവും വിശ്വസനീയവുമായ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനം ആവശ്യപ്പെട്ട് രാജ്യവ്യാപകമായ സംയുക്ത വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കാനും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും എല്ലാ ജനാധിപത്യ വിശ്വാസികളോടും എഐഡിഎസ്‌ഒ ആഹ്വാനം ചെയ്തു.

ഇഡി റെയ്ഡും സിപിഐ(എം) പ്രതിഷേധവും

മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവും സിപിഐ(എം)ന്റെ പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ 2026 മേയ് 27ന് റെയ്ഡുകൾ നടത്തി. പിണറായി വിജയന്റെ മകൾ വീണ ടി. ഉൾപ്പെട്ട എക്സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡുകൾ. എന്നാൽ, റെയ്ഡിനെ തുടർന്ന് സിപിഐ(എം) പ്രവർത്തകരുടെ പ്രതിഷേധങ്ങൾ എല്ലായിടങ്ങളിലും നടക്കുകയും, തിരുവനന്തപുരത്ത് പ്രതിഷേധം ഇഡി ഉദ്യോഗസ്ഥർക്കും അവർ സഞ്ചരിച്ച വാഹനത്തിനുമെതിരേയുള്ള അക്രമമായി മാറുകയും ചെയ്തു. ഈ റെയ്ഡുകൾ സിപിഐ(എം)നെ തളർത്താനുള്ള ബിജെപി-കോൺഗ്രസ് ഗൂഢാലോചനയാ ണെന്നും ഇടതുപക്ഷരാഷ്ട്രീയത്തെ തകർക്കാനാണെന്നുമൊക്കെയാണ് സിപിഐ(എം) നേതാക്കൾ സ്ഥാപിക്കാൻ ശ്രമിച്ചത്. ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ പ്രതിഷേധിക്കാൻ മുന്നിട്ടിറങ്ങുകയുണ്ടായി. എന്നാൽ റെയ്ഡ്, പിണറായി വിജയനെയല്ല, മകളുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനാണെന്നും, അതിന്റെ തെളിവുകൾ ലഭ്യമാണെന്നും വ്യക്തമായപ്പോൾ അത്, സിപിഐ(എം) എന്ന പാർട്ടി വന്നുപെട്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കും വൈരുദ്ധ്യങ്ങളിലേക്കുമാണ് വെളിച്ചം വീശുന്നത്.

Share this post

scroll to top