“യുവാക്കൾ ഹിന്ദു, മുസ്ലിം രാഷ്ട്രീയം ഉപേക്ഷിക്കണം, തൊഴിൽ, വിദ്യാഭ്യാസം, സാങ്കേതിക പുരോഗതി എന്നീ കാര്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തണം” എന്ന കോക്രോച്ച് ജനത പാർട്ടി(സിജെപി)യുടെ നേതാവ് അഭിഷേക് ദീപ്കെ യുടെ ആഹ്വാനം സ്വീകരിച്ച് യുവജനത തെരുവിലിറങ്ങുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ബിജെപിയും സംഘപരിവാറും വിദ്വേഷ രാഷ്ട്രീയത്തിൻ്റെ രഥമുരുട്ടിയാണ് തങ്ങളുടെ അധികാര സിംഹാസനം നിലനിർത്തിയിരിക്കുന്നതെന്ന യാഥാർത്ഥ്യം യുവജനതയിൽ ഒരു വിഭാഗം തിരിച്ചറിയുന്നു എന്നത്, വർഗ്ഗീയശക്തികളെ വിറളി പിടിപ്പിച്ചിരിക്കുന്നു. സിജെപി നേതാക്കളെ രാജ്യദ്രോഹികളും പാക്കിസ്ഥാൻ ചാരന്മാരുമായി മുദ്രയടിച്ച് സമരത്തെ തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് എന്നാൽ, അതെല്ലാം വിഫലമാകുന്നതാണ് നാം കാണുന്നത്.
സ്ക്രീനിലെ വലയിൽക്കുരുങ്ങി സാമൂഹികപ്രശ്നങ്ങളിൽ നിന്നകന്നുപോകുന്നുവെന്നും സാമൂഹ്യഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു യുവതലമുറയെക്കുറിച്ചുള്ള ആശങ്ക. എന്നാല്, ഏതു നിസ്സംഗരെയും തെരുവിലെത്തിക്കുന്നവിധം ഇന്ന് സാമൂഹ്യപ്രശ്നങ്ങൾ ചൂടുപിടിച്ചിരിക്കുന്നു എന്നതാണ് യാഥാര്ത്ഥ്യം. തൊഴിലില്ലായ്മ അത്രമേല് ഇന്ത്യന് യുവാക്കളുടെ നീറുന്ന പ്രശ്നമായിരിക്കുന്നു. സുഘടിതവും നീണ്ടുനില്ക്കുന്നതുമായ ഒരു പ്രക്ഷോഭണത്തിന്റെ തുടക്കമാണോ എന്നു നിർണ്ണയിക്കാനായിട്ടില്ലെങ്കിലും ഇന്ത്യയിലെ യുവാക്കളിൽ പ്രത്യകിച്ച് GenZ വിഭാഗത്തിൽ ഒരു പോരാട്ടമനോഭാവം മുളപൊട്ടി വരുന്നത് പ്രകടമാണ്.
തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകളെന്നുവിളിച്ച ഒരു സുപ്രീംകോടതി ജഡ്ജിയുടെ നീചവും നിരുത്തരവാദപരവുമായ ഒരു അലസഭാഷണത്തോടുള്ള രോഷവും പരിഹാസവുമായാണ് ഡിജിറ്റൽ ലോകത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഉദയംചെയ്തത്. എന്നാൽ, നീറ്റ് പരിക്ഷയിൽ ദേശീയതലത്തിലുണ്ടായ ക്രിമിനൽ സ്വഭാവത്തിലുള്ള ക്രമക്കേടുകളും അഴിമതിയും വെളിപ്പെടുകയും തുടർന്ന് സിബിഎസ്ഇ പരീക്ഷാ ഫലപ്രഖ്യാപനത്തിലും അതു തുടരുകയും ചെയ്തതോടെ, ഡിജിറ്റൽ ലോകത്തൊതുങ്ങാതെ സിജെപി വെളിയിലും രൂപംപ്രാപിക്കുകയാണ്. കഷ്ടപ്പെട്ടെഴുതിയ പരീക്ഷകൾ റദ്ദാക്കപ്പെട്ടതിന്റെ സമ്മർദ്ദം ഒരു മാസത്തിനുള്ളിൽ ആറു കൗമാരക്കാരെയാണ് ആത്മഹത്യയിലേക്കു തള്ളിവിട്ടത്. പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, ചോദ്യക്കടലാസുകൾ ചോരുന്നതു തടയുക, പരീക്ഷാ ഫലപ്രഖ്യാപനം കൃത്യമായും സമയബന്ധിതമായും ഉറപ്പാക്കുക, നിയമനങ്ങളിലും പ്രവേശന പരീക്ഷകളിലും ആവശ്യമായ സുതാര്യത മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺ 6ന് ന്യൂഡല്ഹിയിൽ ജന്തർ മന്ദിറിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയുടെ സ്ഥാപകനും അമേരിക്കയിൽ വിദ്യാർത്ഥിയുമായ അഭിജിത് ദീപ്കെ നേതൃത്വം നൽകി. തുടർന്ന് സമാനമായ പ്രതിഷേധങ്ങൾ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും പടരുന്നു. ജനാധിപത്യ പ്രക്ഷോഭണങ്ങൾ നടത്തുന്നതു പോകട്ടെ, ജനാധിപത്യപരമായി ചിന്തിക്കുകയും അഭിപ്രായരൂപീകരണത്തിനു ശ്രമിക്കുന്നതുപോലും കുറ്റകരമായി കാണുന്ന ഇന്നത്തെ ഇന്ത്യയിൽ ഈ GenZ മുന്നേറ്റം വലിയ പ്രതീക്ഷകളാണു നൽകുന്നത്. ശരിയായ മുദ്രാവാക്യവും പ്രാപ്തിയുള്ള നേതൃത്വവും വിവേകപൂർണ്ണമായ ജനപങ്കാളിത്തവും ഉറപ്പാക്കണമെന്നു മാത്രം. യുക്തിസഹമായ അതിന്റെ പരിണതിയിലേക്ക് എത്തിക്കാൻ കൂടെനില്ക്കുക എന്നതാണ് രാഷ്ട്രീയവിവേകമുള്ളവരുടെ കർത്തവ്യം.
ഇന്ത്യയിലെ യുവത്വം ദീർഘകാലമായി പ്രത്യേകിച്ച്, നരേന്ദ്രമോദി സർക്കാർ അധികാരമേറിയതിനുശേഷം കടുത്ത നിരാശയിലാണ്. ആഗോളീകരണ നയങ്ങൾ നടപ്പാക്കിയതോടെ കോർപ്പറേറ്റുകളുടെ സമ്പത്ത് കുമിഞ്ഞുകൂടുന്നത് അവർ കാണുന്നു. എന്നാൽ മുമ്പുണ്ടായിരുന്ന സ്ഥിരം തൊഴിലുകൾ അതിവേഗം കരാർത്തൊഴിലുകളായി മാറുന്നതും അടഞ്ഞു പോകുന്ന ചെറുകിട സ്ഥാപനങ്ങളിൽനിന്ന് തൊഴിലാളികൾ കൂട്ടത്തോടെ പുറത്താകുന്നതും അവർ കാണുന്നു. ഓരോ വർഷവും രണ്ടു കോടി തൊഴിൽ സൃഷിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദിസർക്കാരും വാഗ്ദാനലംഘനത്തിന് മുൻ സർക്കാരുകൾക്കു പുറകിലല്ല എന്നും യുവാക്കൾ മനസ്സിലാക്കുന്നു.
സ്വപ്നങ്ങൾക്ക് ചിറകു വിടർത്താനാകാതെ നിരാശയിലേക്കു വീണുപോകുന്ന യുവസമൂഹം ഒരു പൊട്ടിത്തെറിയിലേക്കു പോകാതിരിക്കാൻ ഭരണകൂടം ശ്രദ്ധയോടെ കരുക്കൾ നീക്കുന്നതും നാം കാണുന്നു. കൃത്രിമമായ പ്രശ്നങ്ങളുയർത്തി മത, ജാതി, ഭാഷ, പ്രദേശ വികാരങ്ങള് ഊതിക്കത്തിച്ച് യുവാക്കളെ പരസ്പരസ്പർദ്ധയിലേക്കു തള്ളിവിടുന്നതിനും അവരെ സാംസ്കാരികമായി ബലഹീനരാക്കുന്നതിനായി മദ്യവും മയക്കുമരുന്നും വ്യാപകമാക്കുന്നതിനും സംഘടിതമായ ശ്രമങ്ങളുണ്ട്. നിലയ്ക്കാത്ത സ്ക്രോളുകളും റീലുകളും നിറയുന്ന ഡിജിറ്റൽ ലോകവും തീക്ഷ്ണയാഥാർത്ഥ്യങ്ങളിൽനിന്ന് ഓടിയകലാനാണ് യുവാക്കളെ പ്രേരിപ്പിക്കുന്നത്.
എന്നാലും പരുപരുത്ത ജീവിതം അവരെ പിടിച്ചു നിർത്തുന്നു. വിദ്യാഭ്യാസം, തൊഴിൽ, അഭിമാനത്തോടെയുള്ള ജീവിതം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹാരമില്ലാതെ കൺമുമ്പിൽ തൂങ്ങിനില്ക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. അതിരുകളില്ലാത്ത ഡിജിറ്റൽ ലോകത്തുനിന്നുതന്നെ ലഭിച്ച ഒരു പുതുയുഗ സാർവ്വലൗകികത സങ്കുചിതമായ വിഭജനയുക്തികളിൽ അവരെ തളച്ചിടുന്നതിനെ ചെറുക്കുന്നുണ്ട്. പലയിടങ്ങളിലായി അവർ പൊട്ടിത്തെറിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകത്ത് വിവിധ രാജ്യങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ ഇത്തരം വമ്പൻ പൊട്ടിത്തെറികൾ നാം കണ്ടിട്ടുണ്ട്. 2010-11 കാലത്താണ് ടുണീഷ്യയിൽ ‘മുല്ലപ്പു വിപ്ലവം’ എന്നും ടുണീഷ്യൻ വിപ്ലവമെന്നും അറിയപ്പെട്ട ഒരു യുവജനപ്രതിഷേധം അരങ്ങേറിയത്. ദീർഘകാലമായി നിലനിന്നിരുന്ന ഏകാധിപത്യഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. ജീവിതം വഴിമുട്ടിയ ഒരു തെരുവുകച്ചവടക്കാരൻ സ്വയം തീകൊളുത്തി മരിച്ച സംഭവം ഒരു നിമിത്തമായെന്നു മാത്രം. സമരത്തിനൊടുവിൽ 23 വർഷത്തെ ഭരണത്തിൽനിന്ന് ഓടി രക്ഷപ്പെട്ട് പ്രസിഡന്റ് ബെൻ അലി സൗദി അറേബ്യയിൽ അഭയം തേടി. ഈ പ്രക്ഷോഭണം പിന്നീട് ‘അറബ് വസന്തം’ എന്ന പേരിൽ പല അറേബ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടരുകയും ചെയ്തു.
ലോകസാമ്രാജ്യത്വത്തിന്റെ തലപ്പത്തുള്ള അമേരിക്കയിൽ 2011ൽ അതിഭീകരമായ സാമ്പത്തിക അസമത്വത്തിനെതിരെ യുവാക്കൾ ‘ഞങ്ങളാണ് 99 ശതമാനം’ എന്ന പ്രഖ്യാപനത്തോടെ ‘വാൾസ്ട്രീറ്റ് കൈയടക്കൽ’ സമരത്തിനിറങ്ങി. രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിയിരിക്കുന്ന ഒരു ശതമാനം സമ്പന്നരാണ് മുഴുവൻ അനീതിക്കും കാരണമെന്നവർ വിളിച്ചു പറഞ്ഞു. സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണംകൊണ്ടേ സർവ്വമേഖലകളിലെയും പ്രശ്നങ്ങള് അവസാനിക്കൂ എന്നു മനസ്സിലാക്കിയാണവർ തെരുവിലിറങ്ങിയത്.
മുതലാളിത്ത ചൂഷണത്തിന്റെയും വ്യവസ്ഥിതിയുടെ സഹജമായ അഴിമതിയുടെയും ഫലമായി കാലങ്ങളായി അടിഞ്ഞുകൂടിയ അസംതൃപ്തിയാണ് അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും യുവാക്കളെ സമരത്തിലേക്കു തള്ളിവിട്ടത്. യൂറോപ്പാകട്ടെ ആഗോളീകരണ നയങ്ങൾ നടപ്പാക്കപ്പെട്ടതോടെ പ്രക്ഷോഭണങ്ങളുടെ തീച്ചൂളയിലാണ്. മോദി സർക്കാരിന്റെ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനെതിരെ 2026 ഫെബ്രുവരി 12ന് നടന്ന പണിമുടക്കിന്റെ സമയത്ത് കൊച്ചിയിലെത്തിയ ഒരു ഫ്രഞ്ച് പൗരനോട്, പണിമുടക്കിനെതിരെ എന്തെങ്കിലും പറയിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, “ഞാൻ ഫ്രാൻസിൽ നിന്നാണു വരുന്നത്, അവിടെ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇത്തരം സമരങ്ങൾ നടക്കാറുണ്ട്” എന്ന് അദ്ദേഹം പറഞ്ഞ മറുപടി നാമെല്ലാം കേട്ടതാണല്ലോ.
ചുരുക്കത്തിൽ, ചൂഷണവാഴ്ചക്കെതിരെ ലോകമെങ്ങും ജനങ്ങൾ അസ്വസ്ഥരാണ്. ഇതല്ല തങ്ങൾക്കു വേണ്ട ജീവിതം എന്നവർ മനസ്സിലാക്കുന്നു. ഈ ഗതികെട്ട അവസ്ഥക്കെതിരെ അവർ കുതറുന്നു. എന്നാൽ നമ്മെ അലോസരപ്പെടുത്തുന്ന കാര്യം, വമ്പിച്ച ആവേശമുണർത്തിക്കൊണ്ട് ഉയർന്നു വന്ന ഈ പ്രക്ഷോഭണങ്ങളെല്ലാം ലക്ഷ്യം നേടുന്നതിനുമുമ്പേ ഒടുങ്ങിപ്പോകുന്നു എന്നതാണ്. ഈജിപ്തിലെ അറബ് വസന്തം കാലമെത്തുന്നതിനുമുമ്പേ പൊലിഞ്ഞു പോയി. ശ്രീലങ്കയിലും നേപ്പാളിലും അടിസ്ഥാനപരമായി ഒന്നും മാറിയില്ല. ചൂഷണം നിർബാധം തുടരുന്നു.
സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തെക്കുറിച്ച് മനുഷ്യചരിത്രം നൽകിയ അറിവ് സ്വാംശീകരിച്ച ഒരു നേതൃത്വത്തിനേ ഈ സമരങ്ങളെ അവയുടെ യുക്തിപരമായ ഭാവിഗതിയിലേക്കു നയിക്കാൻ കഴിയൂ എന്നതാണ് ഈ പിൻവാങ്ങലുകളിൽ നിന്നു നാം പഠിക്കേണ്ട പാഠം. സൈദ്ധാന്തികമായ ഉൾക്കരുത്ത് പ്രക്ഷോഭനേതൃത്വത്തിന് അനിവാര്യമാണ്.
ജനങ്ങളെ പ്രചോദിപ്പിച്ച് ഒരുമിച്ചു നിർത്താനും എതിരാളികളുടെ പ്രഹരങ്ങളെ ആഗിരണം ചെയ്യാനും ശേഷിയുള്ള, ‘മുന്നണിപ്പടയാളി’ എന്ന രൂപത്തിലുള്ള ഒരു നേതൃത്വം ഇത്തരം ജനസമരങ്ങൾക്ക് ആവശ്യമില്ല എന്നു പറയുന്ന ഒരു സിദ്ധാന്തം കുറച്ചുകാലമായി വികസിച്ചു വരുന്നുണ്ട്. മൈക്കൽ ഹാർട്ടും ആന്റോണിയോ നെഗ്രിയും ചേർന്ന് 2004ൽ എഴുതിയ ‘മൾട്ടിറ്റ്യൂഡ്: വാർ ആൻഡ് ഡെമോക്രസി ഇൻ ദി ഏജ് ഓഫ് എംപയർ’ (Multitude: War and Democracy in the Age of Empire) എന്ന പുസ്തകത്തിൽ പരമ്പരാഗതമായ രാഷ്ട്രീയപദാവലിയിലുള്ള ജനത(the people), ജനക്കൂട്ടം (the masses), തൊഴിലാളിവർഗ്ഗം (working class) തുടങ്ങിയ അസ്തിത്വങ്ങൾക്കു പകരമായി രാഷ്ട്രീയകർത്തൃത്വമുള്ള ‘ജനസഞ്ചയം’(multitude) എന്ന സങ്കല്പം അവതരിപ്പിക്കുന്നു. തങ്ങളുടെ വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഒരുമിച്ച് പ്രവർത്തിക്കാൻ ശേഷിയുള്ള വ്യത്യസ്ത വ്യക്തികൾ, സംസ്കാരങ്ങൾ, സാമൂഹ്യവർഗ്ഗങ്ങൾ എന്നിവരുടെ ഒരു ശൃംഖലയാണത്രേ ഇത്; തുറന്നതും ബഹുസ്വരവും തിരശ്ചീനതലത്തിലുള്ളതുമായ (horizontal) ഒരു ശൃംഖല. ഭൗതികേതരമായ അദ്ധ്വാനത്തിലേക്കുള്ള (immaterial labor) പരിവർത്തനത്തിലാണ് ജനസഞ്ചയത്തിന്റെ സാമ്പത്തിക അടിത്തറ. വിവരങ്ങൾ, ആശയവിനിമയം, അറിവ്, വികാരങ്ങൾ, ബന്ധങ്ങൾ എന്നിവയുടെ ഉല്പാദനം സാധ്യമാക്കുന്ന അദ്ധ്വാനമാണിത്. ഇതിനെ ‘ജൈവരാഷ്ട്രീയ ഉല്പാദനം’ എന്ന് വിളിക്കുന്നു. പൂർണ്ണമായ പരസ്പര സഹകരണത്തെയും ആശയവിനിമയത്തെയും ആശ്രയിച്ചിരിക്കുന്നതിനാൽ, അത് സ്വാഭാവികമായും പങ്കിടപ്പെട്ട സമ്പത്ത്, ഭാഷ, സാമൂഹ്യശൃംഖലകൾ തുടങ്ങിയ ‘പൊതുസ്വത്ത്’ (The common) സൃഷ്ടിക്കുന്നു.
മുതലാളിത്തം ഈ പൊതുസ്വത്തിനെ ബൗദ്ധിക സ്വത്തവകാശനിയമങ്ങളിലൂടെയും പേറ്റന്റുകളിലൂടെയും മറ്റും സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും, ഇത് ജനസഞ്ചയവും ആഗോള പ്രമാണിവർഗ്ഗവും (global elites) തമ്മിൽ നേരിട്ടുള്ള സംഘർഷത്തിന് കാരണമാകുന്നുവെന്നും അവർ വാദിക്കുന്നു. വികേന്ദ്രീകൃത ശൃംഖലയായി സംഘടിക്കപ്പെട്ടിട്ടുള്ളതിനാൽ, കേന്ദ്രീകൃതവും ശ്രേണീകൃതവുമായ അധികാരത്തെ അട്ടിമറിക്കാൻ അതിന് ശേഷിയുണ്ടെന്ന് ഹാർട്ടും നെഗ്രിയും വാദിക്കുന്നു. ദേശീയ അതിരുകൾക്കതീതമായ ഒരു അടിസ്ഥാനപരമായ ജനാധിപത്യത്തെ (radical democracy) അവർ അനുകൂലിക്കുന്നു. ഇവിടെ അധികാരം ഭരണകൂടങ്ങൾക്കോ ആഗോള സ്ഥാപനങ്ങൾക്കോ കൈമാറുന്നതിന് പകരം, ജനസഞ്ചയത്തിന്റെ ശൃംഖല നേരിട്ടാണ് പ്രയോഗിക്കുന്നത്.
ആധുനിക മുതലാളിത്തം ആശ്രയിക്കുന്ന ആഗോള ആശയവിനിമയ-സഹകരണ സംവിധാനങ്ങൾ തന്നെയാണ്, ആഗോള ജനതയ്ക്ക് സ്വയം സംഘടിക്കാനും ചൂഷണത്തെ പ്രതിരോധിക്കാനും തികച്ചും പുതിയൊരു ആഗോള ജനാധിപത്യം ആവശ്യപ്പെടാനുമുള്ള ആയുധങ്ങൾ നൽകുന്നതെന്ന് ഈ കൃതി വാദിക്കുന്നു.
രാഷ്ട്രീയസംഘടനയ്ക്കുള്ള മൂർത്തമായ തന്ത്രങ്ങളും മാർഗ്ഗങ്ങളും പരിഗണിക്കാത്ത, ഡിജിറ്റൽ അല്ലെങ്കിൽ ‘ഭൗതികേതര അധ്വാനത്തെ’ കാല്പനികവൽക്കരിക്കുന്ന, പ്രതിരോധത്തെ അടിച്ചമർത്താനുള്ള മുതലാളിത്തത്തിന്റെയും ആധുനിക ഭരണകൂടത്തിന്റെയും ഘടനാപരമായ ശക്തിയെ കുറച്ചുകാണുന്നതാണ് ‘ജനസഞ്ചയം’ എന്ന ആശയമെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാല്പനികവും സ്വാഭാവികമായി ഉരുത്തിരിയുന്നതും വികേന്ദ്രീകൃതവും തിരശ്ചീനവുമായ ഒരു ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെ, അസംഘടിതവും നേതാവില്ലാത്തതുമായ ഒരു ജനവിഭാഗത്തിന് ഭരണകൂട അധികാരവും സ്ഥാപനങ്ങളും ഫലപ്രദമായി പിടിച്ചെടുക്കാനോ പരിവർത്തനം ചെയ്യാനോ എങ്ങനെ കഴിയുമെന്നതിനെക്കുറിച്ചുള്ള ഒരു മൂർത്തവും ഘടനാപരവുമായ രൂപരേഖയും ഈ സിദ്ധാന്തം നൽകുന്നില്ല. ഭൗതികേതര അധ്വാനം സ്വാഭാവികമായും ജനക്കൂട്ടത്തെ സ്വന്തം സ്വയംഭരണ ശൃംഖലകൾ നിർമ്മിക്കാൻ പ്രാപ്തരാക്കുന്നുവെന്ന് ഹാർട്ടും നെഗ്രിയും അവകാശപ്പെടുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വിമോചനസാധ്യതയെ അമിതമായി ചിത്രീകരിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു,
സുപ്രധാനമായ വശം, മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ച് ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ മാർക്സും ഏംഗൽസും കണ്ടെത്തിയ സാമൂഹ്യനിയമങ്ങളെ ഈ സിദ്ധാന്തം പരിഗണിക്കുന്നില്ല എന്നതാണ്. സമൂഹത്തിലെ വിപ്ലവകരമായ വർഗ്ഗം എന്ന നിലയിൽ തൊഴിലാളിവർഗ്ഗത്തിന്റെ അസ്തിത്വവും ആ വർഗ്ഗത്തിന്റെ മുന്നണിപ്പടയാളി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിവാര്യതയും ഇതിന്റെ പരിഗണനയിലില്ല. ആശയപ്രകാശനത്തിന് എല്ലാ അംഗങ്ങൾക്കും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോൾത്തന്നെ സാമൂഹ്യവിജ്ഞാനത്തിന്റെ പ്രതിഫലനം എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉരുത്തിരിയുന്ന സാമൂഹ്യനേതൃത്വം എന്ന ശാസ്ത്രീയ ധാരണയെ ഇത് അവഗണിക്കുന്നു. ഒരു വരട്ടുതത്വവാദം (dogma)എന്ന നിലയിൽ ഇവയെ സ്വീകരിക്കണമെന്നല്ല മറിച്ച്, ശാസ്ത്രീയമായ രീതിയിൽ ഇവ തെറ്റെന്നു സ്ഥാപിക്കാതെ സാമൂഹ്യപരിവർത്തനത്തെക്കുറിച്ച് പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നത് അനുചിതമാണെന്നാണ് മനസ്സിലാക്കേണ്ടത്.
നേരത്തേ സൂചിപ്പിച്ച വിവിധ രാജ്യങ്ങളിലെ യുവാക്കളുടെ സമരങ്ങളിലെല്ലാം ജനസഞ്ചയം എന്ന സങ്കല്പം ഉൾച്ചേർന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ ആഹ്വാനപ്രകാരം ഒത്തുചേരുന്ന യുവാക്കൾ ഈ യുഗത്തിൽ പ്രതീക്ഷനൽകുന്നവരാണ്. പക്ഷേ, ചൂഷണം അവസാനിപ്പിക്കുന്ന, അടിസ്ഥാനപരമായ മാറ്റത്തിന് അതുമാത്രം മതിയാകില്ല. എങ്കിൽപ്പോലും, തളംകെട്ടി നില്ക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൽ പോരാട്ടത്തിനായി തെരുവിലിറങ്ങുന്ന ഏതൊരു വിഭാഗത്തിന്റെയും കൂടെനില്ക്കുക എന്നതാണ് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ദീർഘകാലസമരങ്ങളിലുടെ നാം നേടിയെടുത്ത അനുഭവങ്ങളും പാഠങ്ങളും യഥോചിതം പ്രയോഗിച്ചുകൊണ്ട് ശരിയായ മുദ്രാവാക്യവും ശരിയായ നേതൃത്വവും സ്ഥാപിച്ചെടുത്ത് വിപുലമായ ജനസാമാന്യത്തെ പോരാട്ടത്തിന്റെ പാതയിൽ അണിനിരത്താനാണ് ശ്രമിക്കേണ്ടത്.
പോരാട്ടത്തിലൂടെയല്ലാതെ മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് ജനങ്ങൾക്ക് മോചനമില്ലെന്ന യാഥാർത്ഥ്യം വെളിവാക്കിക്കൊണ്ട്സഖാവ് ശിബ്ദാസ് ഘോഷ് വളരെ മുമ്പുതന്നെ പറഞ്ഞിരുന്നു.“പുറംലോകത്തെ സമരങ്ങളിൽനിന്നും പോരാട്ടങ്ങളിൽനിന്നും രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും ഉൾവലിഞ്ഞ്, പ്രിയപ്പെട്ടവരുടെയിടയിൽ നിങ്ങളുടെ മാത്രം സ്വപ്നങ്ങളുമായി, ഓഫീസ് ജോലിയും വീട്ടിലെ ഭക്ഷണവും ഉറക്കവുമായി സമാധാനപരമായ ഒരു ജീവിതം നയിച്ചാൽപോലും നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ രക്ഷപെടാനാകില്ല. സാമൂഹ്യപ്രശ്നങ്ങളുടെ ഭൂതം നിങ്ങളുടെ വീട്ടിനുള്ളിൽപ്പോലും കടന്നുവന്നു നിങ്ങളെ വേട്ടയാടും; അത് നിങ്ങളുടെ വ്യക്തിജീവിതത്തെ കലുഷിതമാക്കും, നിങ്ങളുടെ സ്നേഹത്തെ ഇല്ലാതാക്കും, നിങ്ങളുടെ സ്നേഹവാത്സല്യങ്ങളെ ശിഥിലമാക്കും. ഒരു മനുഷ്യനായി ജീവിക്കാൻ നിങ്ങൾ പോരാടിയേ തീരൂ. ആ പോരാട്ടം ശരിയായ വിപ്ലവപാതയിലൂടെയാകുകയും വേണം.”
ഇന്ത്യയിലെ ജനമോചനത്തിന്റെ പാത ദീപ്തമാക്കിയ മഹാനായ ആചാര്യൻ ശിബ്ദാസ് ഘോഷിന്റെ പാഠങ്ങള് ഉൾക്കൊണ്ട്, ഈ Gen Z തലമുറ കോക്രോച്ച് പാർട്ടിയിലൂടെ ജ്വലിപ്പിക്കുന്ന സാമൂഹികാഗ്നി കെടാതെ സൂക്ഷിക്കാം.
