അമേരിക്കൻ സാമ്രാജ്യത്വവാദികൾക്ക് എന്നും കണ്ണിലെ കരടായി മാറിയ ഒരു കരീബിയൻ ദ്വീപുരാഷ്ട്രമാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലനിൽക്കുന്ന ക്യൂബ. പെന്റഗൺ ഭരണാധികാരികളുടെ പിന്തുണയോടെ ഭരിച്ചിരുന്ന ബാറ്റിസ്റ്റ എന്ന ഏകാധിപത്യ ഭരണകൂടത്തെ വിപ്ലവത്തിലൂടെ പുറത്താക്കി, 1959ൽ സോഷ്യലിസം സ്വീകരിച്ചതുമുതൽ ഈ ശത്രുത തുടങ്ങിയതാണ്.
ക്യൂബയോടുള്ള അമേരിക്കയുടെ ശത്രുത ഏഴ് പതിറ്റാണ്ടിലേറെയായി തുടരുന്നു. അധിനിവേശ ശ്രമങ്ങൾ, രഹസ്യ അട്ടിമറികൾ, നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ, ഭീകരവാദ പ്രവർത്തനങ്ങൾ, ക്രൂരമായ സാമ്പത്തിക ഉപരോധങ്ങൾ എന്നിവയിലൂടെ ക്യൂബയെ പിടിച്ചെടുക്കാൻ പെന്റഗൺ ഭരണാധികാരികൾ ആവർത്തിച്ച് ശ്രമിച്ചു. എന്നാൽ ഈ ശ്രമങ്ങളെല്ലാം ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. ഈ യുഗത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൊന്നായി ക്യൂബയുടെ അതിജീവനവും പ്രതിരോധവും ഇന്നും നിലനിൽക്കുന്നു.അതുകൊണ്ടുതന്നെ ഫിദൽ കാസ്ട്രോ ഒരിക്കൽ കൃത്യമായി നിരീക്ഷിച്ചതുപോലെ: “അമേരിക്കൻ ഐക്യനാടുകളുടെ മൂക്കിനുതാഴെ ഒരു സോഷ്യലിസ്റ്റ് വിപ്ലവം നടത്തിയതിന് ക്യൂബയ്ക്ക് അവർ ഒരിക്കലും മാപ്പ് നൽകില്ല!”
പ്രസിഡന്റ് ട്രംപിന്റെ ക്യൂബൻ അധിനിവേശ ഭീഷണി
യുഎസ് പ്രസിഡന്റ് ട്രംപിന് ക്യൂബയോടുള്ള കടുത്ത ശത്രുത കാരണം അവിടുത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയാണ്. തന്റെ യജമാനന്മാരായ അമേരിക്കൻ കുത്തക മുതലാളിമാരുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും നിർദ്ദേശപ്രകാരം അദ്ദേഹം സാമ്പത്തിക യുദ്ധം തീവ്രമാക്കുകയും, ഇത് ക്യൂബയെ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റുമാർ ക്യൂബയെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണയായി ഉപയോഗിക്കാറുള്ള ജാഗ്രതയോടെയുള്ള ഭാഷയല്ല ട്രംപ് ഇപ്പോൾ ഉപയോഗിക്കുന്നത്. “ഏതെങ്കിലും രീതിയിൽ എനിക്ക് ക്യൂബയെ പിടിച്ചെടുക്കാൻ കഴിയും”എന്നും “എനിക്ക് തോന്നുന്നത് എന്തും ഞാൻ അവരോട് ചെയ്യും” എന്നും അദ്ദേഹം പരസ്യമായി വീമ്പുപറയുന്നു. അദ്ദേഹം പറയുന്നു: “ഇറാനിൽനിന്നുള്ള മടക്കയാത്രയിൽ, നമ്മുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യുഎസ്എസ് എബ്രഹാം ലിങ്കൺ ക്യൂബൻ തീരത്തുനിന്ന് ഏകദേശം 100 വാര അകലെ കൊണ്ടുവന്നു നിർത്തും. അപ്പോൾ അവർ പറയും, ‘വളരെ നന്ദി, ഞങ്ങൾ കീഴടങ്ങുന്നു’.”
ഇത്തരം വാക്കുകൾ വെറും അത്യുക്തിയോ ഭീഷണിയോ മാത്രമല്ല. ക്യൂബയുടെ പരമാധികാരം അമേരിക്കയുടെ അംഗീകാരത്തിന് വിധേയമാണെന്ന യുഎസ് ഭരണാധികാരികളുടെ അഹന്തയും, അവരുടെ ആധിപത്യ രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നത്.
ക്രൂരമായ സാമ്പത്തിക ഉപരോധം
1960ൽ യുഎസ് നയതന്ത്രജ്ഞനായ ലെസ്റ്റർ മല്ലോറി പരസ്യമായി വാദിച്ചത്, ക്യൂബയോടുള്ള അമേരിക്കൻ നയം അവിടെ “പട്ടിണിയും നിരാശയും സൃഷ്ടിക്കുന്നതും ഭരണകൂടത്തെ അട്ടിമറിക്കുന്നതുമായിരിക്കണം” എന്നാണ്. ആറ് പതിറ്റാണ്ടുകൾക്കു ശേഷവും ഈ തന്ത്രത്തിന് അടിസ്ഥാനപരമായി യാതൊരു മാറ്റവും വന്നിട്ടില്ല. സാങ്കേതികമായി ആയുധങ്ങൾ മാറിയിട്ടുണ്ടാകാം, പക്ഷേ ഭരണമാറ്റത്തിനായി മനുഷ്യത്വരഹിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ ലക്ഷ്യം ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ ജനുവരി 29ന്, യുഎസ് ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും ക്യൂബ ‘അസാധാരണവും സവിശേഷവുമായ ഭീഷണി’ ഉയർത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ക്യൂബയ്ക്ക് എണ്ണ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള സാധനങ്ങൾക്കുമേൽ നികുതി ചുമത്താൻ ഈ ഉത്തരവ് അധികാരം നൽകുന്നു. വെനിസ്വേലൻ എണ്ണ കയറ്റിക്കൊണ്ടുപോയ ടാങ്കറുകൾ 2025 ഡിസംബറിൽ പിടിച്ചെടുത്തതിനെത്തുടർന്നാണ് ഈ നടപടി ഉണ്ടായത്. കൂടാതെ, ജനുവരി 3ന് നടത്തിയ ദ്രുതഗതിയിലുള്ള സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ട് പോകുകയും ചെയ്തു.
ഈ പ്രക്രിയയിലൂടെ, ക്യൂബയിലേക്കുള്ള ഇന്ധന വിതരണം പൂർണ്ണമായും തടസ്സപ്പെടുത്തുന്ന തരത്തിൽ ദ്വീപിന് ചുറ്റും ഒരു എണ്ണ ഉപരോധം വിജയകരമായി രൂപകൽപ്പന ചെയ്യാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞു. ഹവാനയുമായി (ക്യൂബയുടെ തലസ്ഥാനം) വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ അവർ ഭീഷണികൾ മുഴക്കി. ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കോ കോർപ്പറേറ്റുകൾക്കോ മേൽ ഉയർന്ന നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, വെനിസ്വേലയിൽനിന്നുള്ള കപ്പലുകൾ തടയുകയും, ഇന്ധന വിതരണം നിർത്തലാക്കാൻ മെക്സിക്കോയ്ക്കും മറ്റ് പ്രാദേശിക ശക്തികൾക്കുംമേൽ സമ്മർദ്ദം ചെലുത്തുകയുംചെയ്തു. ഈ ഉപരോധം ഉണ്ടാക്കിയ ദുരിതങ്ങളെ “അവിടെ എണ്ണയില്ല, പണമില്ല, ഒന്നുമില്ല,” എന്ന് വീമ്പുപറഞ്ഞുകൊണ്ട് ട്രംപ് പരസ്യമായി ആഘോഷിക്കുകയാണ്.
സാമ്പത്തിക ഉപരോധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ
2025ൽ ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ, യുഎസ് ഉപരോധം കാരണം ക്യൂബയ്ക്കുണ്ടായ ആകെ നഷ്ടം 170 ബില്യൺ യുഎസ് ഡോളറിലധികം (17,000 കോടി ഡോളർ) വരുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ നഷ്ടം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ മാത്രം 7.6 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ലോക സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ തലവന്മാരിൽനിന്ന് ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഉപരോധങ്ങൾ, അധിനിവേശ ശ്രമങ്ങൾ, രഹസ്യ അട്ടിമറികൾ, നയതന്ത്രപരമായ ഒറ്റപ്പെടുത്തലുകൾ എന്നിവയെല്ലാം അതിജീവിച്ച് ക്യൂബ മുന്നോട്ടുപോകുന്നത് ആധുനിക യുഗത്തിലെ ഏറ്റവും മികച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ട ചരിത്രങ്ങളിലൊന്നാണ്. ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് സാർവത്രിക സാക്ഷരത, വിപുലമായ പൊതുജനാരോഗ്യം, നൂതന ബയോടെക്നോളജി ഗവേഷണം എന്നിവ കൈവരിക്കാനും, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹ്യ സൂചികകൾ സൃഷ്ടിക്കാനും ക്യൂബയ്ക്ക് കഴിഞ്ഞു.
എന്നാൽ ഇപ്പോൾ, ഊർജ്ജം നിഷേധിക്കുക എന്ന ഏറ്റവും വിനാശകരമായ ആയുധം പ്രയോഗിച്ചതിനെത്തുടർന്ന് ഈ ദ്വീപുരാഷ്ട്രം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധനക്ഷാമം ഇപ്പോൾ വെറുമൊരു ഊർജ്ജ പ്രതിസന്ധി മാത്രമല്ല, അത് ഭക്ഷണലഭ്യതയെയടക്കം ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഈ വംശഹത്യപരമായ ഊർജ്ജ ഉപരോധവും അതിന്റെ ഫലമായുണ്ടായ എണ്ണ, ഡീസൽ ക്ഷാമവും ക്യൂബയുടെ ഭക്ഷ്യവിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തെയും തകിടം മറിക്കുകയാണ്. അവശ്യമായ ഇന്ധനമില്ലാതെ, പാടത്തുനിന്ന് ഡൈനിംഗ് ടേബിളിലേക്ക് ഭക്ഷണം എത്തിക്കുന്നത് അസാധ്യമായി മാറുന്നു; ഇത് രാജ്യത്തുടനീളം ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷാ ഭീഷണിക്കും കാരണമാകുന്നു. ഡീസലിന്റെ കുറവ് കാരണം ട്രാക്ടറുകൾ, വിളവെടുപ്പ് യന്ത്രങ്ങൾ, ജലസേചന സംവിധാനങ്ങൾ, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവയെല്ലാം ഉപയോഗശൂന്യമായി കിടക്കുകയാണ്. കർഷകർ കൂടുതൽ കൂടുതൽ കായികാധ്വാനത്തെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു, ഇത് ഉല്പാദനം ഗണ്യമായി കുറയ്ക്കുകയും വിളവെടുപ്പ് വൈകിക്കുകയും ചെയ്യുന്നു.
ലാസ് മിനാസ് (Las Minas) എന്ന ക്യൂബൻ നഗരത്തിലെ ഒബിയോൾസ് സോബ്രെഡോ (Obiols Sobredo) എന്ന കർഷകൻ തക്കാളി, ചോളം (Sorghum), മരച്ചീനി എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇന്ധനമുണ്ടായിരുന്നപ്പോൾ വെറും 15 മിനിറ്റുകൊണ്ട് തീർത്തിരുന്ന കൃഷിപ്പണികൾ, ഇപ്പോൾ കൈകൊണ്ട് ചെയ്യാൻ അദ്ദേഹത്തിന് മൂന്ന് ദിവസമാണ് വേണ്ടിവരുന്നത്. ഇത് തന്റെ നാട്ടുകാർക്ക് ഭക്ഷണം നൽകാനുള്ള അദ്ദേഹത്തിന്റെ ശേഷിയെ സാരമായി ബാധിക്കുന്നു. സോബ്രെഡോയുടെ ആടുകളിൽനിന്നുള്ള പാൽ മുൻപ് അടുത്തുള്ള സ്കൂളുകളിൽ എത്തിച്ചിരുന്നു, എന്നാൽ ഇന്ധനക്ഷാമം കാരണം ഇപ്പോൾ ഗതാഗതം തടസ്സപ്പെടുകയും റഫ്രിജറേഷൻ (തണുപ്പിച്ചു സൂക്ഷിക്കൽ) അസാധ്യമാവുകയുംചെയ്തു. ഇത് കുട്ടികളിലേക്ക് എത്തുന്നതിന് മുൻപുതന്നെ പാൽ കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ പ്രതിസന്ധി ലോകത്തിന് വലിയൊരു യാഥാർത്ഥ്യം കാണിച്ചുതരുന്നുണ്ട്. ഭക്ഷ്യസുരക്ഷ എന്നത് സുസ്ഥിരമായ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ധന സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ കൃഷിയെയും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തെയും മൊത്തത്തിൽ ബാധിക്കും.
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിച്ചാണ് വൈദ്യുതി ഉല്പാദനം നടക്കുന്നത് എന്നതിനാൽ, രാജ്യം മുഴുവൻ ഇപ്പോൾ ഇരുട്ടിലായിരിക്കുകയാണ്. ക്യൂബയുടെ ഡീസൽ, ഇന്ധന ഓയിൽ കരുതൽ ശേഖരം പൂർണ്ണമായും തീർന്നതോടെ ദേശീയ വൈദ്യുതി ഗ്രിഡ് ‘അപകടകരമായ’ അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ രാജ്യം 1,300 മെഗാവാട്ട് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചെങ്കിലും, ഇന്ധനക്ഷാമം മൂലമുള്ള ഗ്രിഡ് അസ്ഥിരത കാരണം അതിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കാൻ കഴിയുന്നില്ല, ഇത് കാര്യക്ഷമതയും ഉല്പാദനവും കുറയ്ക്കുന്നു. സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, രാത്രികാലങ്ങളിൽ വീടുകളിൽ വൈദ്യുതി എത്തിക്കാൻ ആവശ്യമായ ബാറ്ററികൾ ക്യൂബയിൽ ലഭ്യമല്ല. ദീർഘനേരത്തെ പവർകട്ടിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഹവാനയിലെ ജനങ്ങൾ രാത്രിയിൽ വലിയൊരു മാലിന്യക്കൂമ്പാരത്തിന് തീയിട്ട് അതിനരികിലൂടെ നടന്നുപോകുന്ന കാഴ്ചകൾ കാണാം. പാചകവാതകം അങ്ങേയറ്റം ദൗർലഭ്യം നേരിടുന്നതിനാൽ ജനങ്ങൾ കരി ഉപയോഗിച്ച് പാചകം ചെയ്യാൻ നിർബന്ധിതരാകുന്നു. പൊതുഗതാഗതം, ട്രാക്ടറുകൾ, കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാം ഇന്ധനമില്ലാതെ പലപ്പോഴും നിശ്ചലമാകുന്നു. ശുചീകരണ സംവിധാനങ്ങളും കുടിവെള്ള ലഭ്യതയും കൂടുതൽ കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ്.
ലോകപ്രശസ്തമായ ആരോഗ്യരംഗം പ്രതിസന്ധിയിൽ
എല്ലാവിധ നിയന്ത്രണങ്ങളും നിരന്തരമായ ഭീഷണികളും നിലനിൽക്കുമ്പോഴും ക്യൂബ അത്യന്തം മികച്ചൊരു മെഡിക്കൽ സേവന സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര മെഡിക്കൽ ഐക്യദാർഢ്യ പരിപാടികളിലൊന്നിന്(വിദേശരാജ്യങ്ങളിലേക്ക് സൗജന്യമായി ഡോക്ടർമാരെ അയക്കുന്ന പദ്ധതി) അവർ രൂപം നൽകി. ക്യൂബയിൽ മികച്ച ആരോഗ്യസേവനങ്ങൾ പൂർണ്ണമായും സൗജന്യമാണ്. ലാറ്റിൻ അമേരിക്കയിൽ കോവിഡ്-19 വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഏക രാജ്യവും ക്യൂബയാണ്. കൂടാതെ ക്യാൻസർ ചികിത്സയിലും മെനിഞ്ചൈറ്റിസ് പ്രതിരോധത്തിലും സുപ്രധാനമായ മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്ക് അവർ നേതൃത്വംനൽകി. ക്യൂബയിൽ ഓരോ 1,000 പൗരന്മാർക്കും കുറഞ്ഞത് എട്ട് ഡോക്ടർമാരുണ്ട്—ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന അനുപാതമാണ്. അമേരിക്ക ഉൾപ്പെടെയുള്ള മറ്റൊരു രാജ്യത്തിനും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ല.
എന്നാൽ ഇന്ന്, ഏറെ പ്രശംസിക്കപ്പെട്ട ആ ആരോഗ്യസംവിധാനം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധനക്ഷാമം മൂലം ആംബുലൻസുകൾ നിശ്ചലമായി കിടക്കുന്നു. സുസ്ഥിരമായ വൈദ്യുതിയുടെ അഭാവം ജീവൻരക്ഷാ ആരോഗ്യസേവനങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. ഇത് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നതിനെയും, തണുപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന വാക്സിനുകൾ കേടാകുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഭക്ഷ്യഗതാഗത സംവിധാനങ്ങൾ ഭാഗികമായി തകർന്നു. റഫ്രിജറേഷൻ സംവിധാനങ്ങൾ പരാജയപ്പെട്ടത് ട്രോപ്പിക്കൽ കാലാവസ്ഥയിലെ കടുത്ത ചൂടിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമാക്കി.
തുടർച്ചയായ പവർകട്ട് കാരണം സ്കൂളുകളിലും സർവ്വകലാശാലകളിലും ക്ലാസുകൾ താൽക്കാലികമായി നിർത്തേണ്ടി വന്നു. പമ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമായതിനാൽ കുടിവെള്ള വിതരണ സംവിധാനങ്ങൾ തടസ്സപ്പെട്ടു. ഹവാനയിലെയും കിഴക്കൻ ക്യൂബയിലെയും മുഴുവൻ പ്രദേശങ്ങളും പ്രതിദിനം ഇരുപത് മണിക്കൂറിലധികം നീളുന്ന പവർകട്ടാണ് സഹിക്കുന്നത്.
ഇത്തരത്തിൽ, ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തുവന്ന് രണ്ട് ആഴ്ചക്കുള്ളിൽത്തന്നെ, ക്യൂബയിലെ അത്യാവശ്യ സേവനങ്ങളെല്ലാം അപകടത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് (United Nations Human Rights Office) മുന്നറിയിപ്പ് നൽകി.
ക്യൂബയുടെ മാനുഷിക മുഖം
ആരെ തകർക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വവാദികൾ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്? അവർ അവകാശപ്പെടുന്നതുപോലെ ഒരു പിശാചിനെയോ, അതോ ലോകത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾ അങ്ങേയറ്റം പ്രശംസിക്കുന്ന ഒരു മാലാഖയെയോ? ഗ്വാട്ടിമാലൻ ഗവേഷകനായ ഹെൻറി മൊറാലസിന്റെ കണക്കനുസരിച്ച്, 1999നും 2015നും ഇടയിൽ ക്യൂബ വിദേശ രാജ്യങ്ങൾക്ക് നൽകിയ വികസന സഹായം അവരുടെ ജിഡിപിയുടെ (GDP) 6.6 ശതമാനമായിരുന്നു. അതേസമയം യൂറോപ്യൻ രാജ്യങ്ങളുടേത് ശരാശരി 0.39 ശതമാനവും അമേരിക്കയുടേത് വെറും 0.17 ശതമാനവും മാത്രമായിരുന്നു.
1960 മുതൽ, ആറു ലക്ഷത്തിലധികം ക്യൂബൻ മെഡിക്കൽ വിദഗ്ദ്ധർ 180 രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത് ദരിദ്ര രാജ്യങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത്, 59ലധികം രാജ്യങ്ങളിലേക്ക് ക്യൂബ മെഡിക്കൽ സംഘങ്ങളെ അയച്ചു. മഹാമാരി അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ, ഇറ്റലിയുടെ തകർന്നടിഞ്ഞ ആരോഗ്യമേഖലയ്ക്ക് വിലമതിക്കാനാവാത്ത പിന്തുണ നൽകാൻ എപ്പിഡെമിയോളജിയിൽ (പകർച്ചവ്യാധി പഠനം) പ്രത്യേക പരിശീലനം നേടിയ 53 ക്യൂബൻ വിദഗ്ദ്ധരുടെ സംഘം ഇറ്റലിയിലെ രോഗവ്യാപനത്തിന്റെ കേന്ദ്രമായ ലൊംബാർഡിയിൽ എത്തിച്ചേർന്നു. ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള അൻഡോറ (Andorra) എന്ന ചെറിയ രാജ്യത്തിലെ ഡോക്ടർമാർക്കെല്ലാം കോവിഡ് ബാധിച്ചപ്പോൾ, അവിടെ സഹായിക്കാനായി 39 ക്യൂബൻ ആരോഗ്യപ്രവർത്തകരുടെ മറ്റൊരു സംഘത്തെയും നിയോഗിച്ചു. ഇറ്റലി, വെനിസ്വേല, നിക്കരാഗ്വ, ജമൈക്ക, സുരിനാം, ഗ്രനേഡ എന്നീ രാജ്യങ്ങളിലേക്ക് ഈ ദ്വീപുരാഷ്ട്രം ഡോക്ടർമാരുടെ ബ്രിഗേഡുകളെയും മെഡിക്കൽ സാമഗ്രികളും അയച്ചിട്ടുണ്ട്. നിലവിൽ ലോകമെമ്പാടുമുള്ള 61 രാജ്യങ്ങളിലായി 28,268 ക്യൂബൻ ആരോഗ്യപ്രവർത്തകർ സേവനമനുഷ്ഠിക്കുന്നുണ്ട്. അപ്പാർത്തീഡ് (വർണ്ണവിവേചന) ദക്ഷിണാഫ്രിക്കയുടെ അധിനിവേശ സേനയിൽനിന്ന് അങ്കോളയെ സംരക്ഷിക്കാൻ 4,00,000 സൈനികരെ അയച്ചതും ഇതേ ചെറിയ രാജ്യമാണ്.
എന്നാൽ, ഈ മാനുഷിക പ്രവൃത്തികളെല്ലാം യുഎസ് സാമ്രാജ്യത്വവാദികളുടെയും അവരുടെ സഖ്യകക്ഷികളുടെയും ക്രോധത്തിനും ക്രൂരമായ എതിർപ്പിനുമാണ് കാരണമായത്. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്വ ശക്തിയിൽ നിന്നുള്ള നിരന്തരമായ ആക്രമണങ്ങളെയാണ് ക്യൂബ അതിജീവിച്ചത്—അത് പരസ്യവും രഹസ്യവുമായ സൈനിക നീക്കങ്ങളിലൂടെയാകട്ടെ, അട്ടിമറികളിലൂടെയും ഭീകരപ്രവർത്തനങ്ങളിലൂടെയുമാകട്ടെ, സാമ്പത്തിക യുദ്ധത്തിലൂടെയും അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തലിലൂടെയുമാകട്ടെ. പണം അയക്കുന്നതും, കുടുംബ സന്ദർശനങ്ങളും, വിസകളും തടസ്സപ്പെടുത്തുന്നതോടൊപ്പം തന്നെ അപകടകരമായ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യുഎസ് സാമ്രാജ്യത്വവാദികൾ ക്യൂബയെ വ്യവസ്ഥാപിതമായി ദുർബലപ്പെടുത്താൻ ശ്രമിച്ചു. ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പദ്ധതികൾക്കായി വൻതോതിൽ ഫണ്ടുനൽകുന്ന നടപടി ഇതിന് പുറമെയായിരുന്നു.
ക്യൂബയെ ആക്രമിക്കാനുള്ള മുടന്തൻ ന്യായങ്ങൾ
ഏതൊരു രാജ്യത്തെയും ആക്രമിക്കുന്നതിനോ അധിനിവേശം നടത്തുന്നതിനോ മുൻപ് യുഎസ് സാമ്രാജ്യത്വവാദികൾ ഒരു ഒഴികഴിവ് കണ്ടെത്തുന്നത് എല്ലാവരും കണ്ടിട്ടുള്ളതാണ്. ഇറാഖിന്റെ കാര്യത്തിൽ, പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പക്കൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ ഇറാഖ് കൈയടക്കിയശേഷം നടത്തിയ സമഗ്രമായ തിരച്ചിലിൽ അത്തരം ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് തങ്ങൾക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തതെന്ന് യുഎസ് സർക്കാരിന് സമ്മതിക്കേണ്ടി വന്നു. വെനിസ്വേലൻ പ്രസിഡന്റിനെതിരെ മയക്കുമരുന്ന് കച്ചവടം ആരോപിക്കുകയും, തുടർന്ന് അർദ്ധരാത്രിയിലെ രഹസ്യ സൈനിക നീക്കത്തിലൂടെ അദ്ദേഹത്തെ തട്ടിയെടുക്കുകയും ചെയ്തു. ഇറാനെതിരെയുള്ള പെട്ടെന്നുള്ള ആക്രമണത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്, ഇറാന്റെ പക്കൽ വൻതോതിൽ യുറേനിയം ശേഖരമുണ്ടെന്നും ലോകത്തിന് ഭീഷണിയാകുന്ന ആണവബോംബ് നിർമ്മിക്കാൻ അവർ അത് സമ്പുഷ്ടീകരിക്കുന്നു (പ്രകൃതിദത്ത യുറേനിയത്തിൽ അണുവിഭജന സാധ്യമായ -fissile-യുറേനിയം 235 ഐസോടോപ്പിന്റെ അനുപാതം വർദ്ധിപ്പിക്കുന്ന വ്യവസായ പ്രക്രിയ) എന്നും ആരോപിച്ചുകൊണ്ടാണ്.
ഇതേതുടർന്ന് പെന്റഗൺ ഭരണാധികാരികൾ ഇപ്പോൾ ആരോപിക്കുന്നത്, വർഷങ്ങൾക്ക് മുമ്പ് 1996 ഫെബ്രുവരിയിൽ, അന്നത്തെ ക്യൂബൻ പ്രസിഡന്റും ഇപ്പോൾ 94 വയസ്സുകാരനുമായ റൗൾ കാസ്ട്രോയുടെ നിർദ്ദേശപ്രകാരം ക്യൂബൻ മിഗ്-29 (MiG-29) ജെറ്റ് വിമാനം മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ (Brothers to the Rescue) എന്ന സംഘടനയുടെ രണ്ട് ചെറിയ വിമാനങ്ങൾ വെടിവച്ചിട്ടു എന്നാണ്. അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തിരയുകയായിരുന്നു ഈ വിമാനങ്ങൾ എന്നാണ് ആരോപണം. ആ സംഭവത്തിൽ നാല് പേർ മരിച്ചിരുന്നു. എന്നാൽ യഥാർത്ഥ വസ്തുത എന്തെന്നാൽ, ഫ്ലോറിഡ കടലിടുക്കിലൂടെ പലായനം ചെയ്യുന്ന അഭയാർത്ഥികളെ തിരയുകയാണെന്ന് അവകാശപ്പെട്ട ഈ രണ്ട് വിമാനങ്ങളും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി ഹവാനയ്ക്ക് മുകളിലൂടെ പറന്നപ്പോഴാണ് ക്യൂബൻ ജെറ്റ് അവയെ തടഞ്ഞത്.
ഇപ്പോൾ, മുപ്പത് വർഷത്തോളം പഴക്കമുള്ള ആ പഴയ സംഭവം ചരിത്രത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് വീണ്ടും കുഴിച്ചെടുക്കുന്നത് ക്യൂബയിൽ ഭരണമാറ്റം ലക്ഷ്യമിട്ടാണ്. പ്രതിസന്ധിയിൽ ഉഴലുന്ന ക്യൂബൻ ജനതയെ ഭരണകൂടത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുകയും, നിലവിലെ ട്രംപ് ഭരണകൂടം വഴി കര-നാവിക സേനകളെ അങ്ങോട്ട് അയക്കുകയുമാണ് അവരുടെ ലക്ഷ്യം. അന്താരാഷ്ട്ര നിയമങ്ങളോട് കടുത്ത അവഗണന കാണിക്കുന്ന ട്രംപ് ഭരണകൂടം, കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടത്തുകയും, എണ്ണപ്പാടങ്ങളും ടാങ്കറുകളും തട്ടിയെടുക്കുകയും, ജീവനക്കാരെ തടവിലാക്കി എണ്ണ പിടിച്ചെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ ജീവൻ നൽകിയും സംരക്ഷിക്കുമെന്ന് ക്യൂബൻ ജനതയുടെ പ്രതിജ്ഞ
എന്നാൽ, നിലവിലുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുന്ന ക്യൂബൻ ജനത, തങ്ങളുടെ സർവ്വശക്തിയുമെടുത്ത് യുഎസ് അധിനിവേശത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുകയാണ്. സമീപ ആഴ്ചകളിൽ കാസ്ട്രോയ്ക്കെതിരെയുള്ള കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്തകൾ പരക്കുന്നതിനിടയിൽ, നിരവധി ക്യൂബൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയൊരു നീക്കം ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം അവസാനിപ്പിക്കുമെന്നാണ്. യഥാർത്ഥത്തിൽ ഇത് ട്രംപുമായി ഒരു ‘കച്ചവടത്തിന്’ തയ്യാറാകാൻ ക്യൂബയോട് ആവശ്യപ്പെടുന്നതിന് തുല്യമാണ്. ഇത് ക്യൂബയുടെ പരമാധികാരത്തിന് നേരെയുള്ള ഒളിഞ്ഞിരിക്കുന്ന ഭീഷണിയാണ്. കൂടാതെ ഒരു സൈനിക ഇടപെടലിനുള്ള വേദിയൊരുക്കലുമാണ്; ഇതിനെതിരെ ആവശ്യമെങ്കിൽ തങ്ങളുടെ ജീവൻ ബലിനൽകാനും അവർ തയ്യാറാണ്. ഈ ആഴ്ച ഹവാനയിൽ പവർകട്ടിനെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്: “നമ്മളിൽ പകുതിപ്പേർ മരിക്കുകയാണെങ്കിൽ, മരിക്കട്ടെ. എങ്കിലും ബാക്കി പകുതിപ്പേർക്കെങ്കിലും സമാധാനത്തോടെ ജീവിക്കാൻ കഴിയുമല്ലോ.”
‘മുഴുവൻ ജനതയുടെയും യുദ്ധം’(war of the entire population) എന്ന ആശയത്തിൽ ഊന്നിനിന്നുകൊണ്ട് ക്യൂബൻ അധികൃതർ തങ്ങളുടെ പൗരപ്രതിരോധ തയ്യാറെടുപ്പുകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ക്യൂബൻ പൗരന്മാരും സൈനിക ഉദ്യോഗസ്ഥരും അക്ഷരാർത്ഥത്തിൽ മനുഷ്യമതിലുകൾ തീർക്കുകയല്ല ചെയ്യുന്നത്; മറിച്ച്, അമേരിക്കയുടെ സൈനിക ഇടപെടലിനെ തടയുന്നതിനായി ‘എല്ലാവരുടെയും യുദ്ധം’ എന്ന രാജ്യവ്യാപക പ്രതിരോധ തന്ത്രത്തിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്. ഈ സിദ്ധാന്തം അനുസരിച്ച്—സാധാരണ പൗരന്മാർ, പ്രാദേശിക മിലിഷ്യകൾ, സായുധ സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന മുഴുവൻ ജനസംഖ്യയെയും അണിനിരത്തി ഓരോ നഗരത്തെയും തീരപ്രദേശത്തെയും ഒരു യുദ്ധക്കളമാക്കി മാറ്റും. യുഎസ് സാമ്രാജ്യത്വ കുറ്റവാളികൾക്ക് ക്യൂബ കൈയടക്കുന്നത് അങ്ങേയറ്റം കഠിനവും നഷ്ടം നിറഞ്ഞതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ മെയ് 19ന് ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡയസ്-കാനൽ മുന്നറിയിപ്പ് നൽകിയത്, യുഎസിന്റെ ഏതൊരു സൈനിക നീക്കവും വലിയൊരു “രക്തച്ചൊരിച്ചിലിന്” കാരണമാകുമെന്നും അത് ഈ മേഖലയിൽ “പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്നുമാണ്.
ഗ്ലാസ്ഗോ സർവ്വകലാശാലയിലെ ലാറ്റിൻ അമേരിക്കൻ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറും ക്യൂബ അനാലിസിസ്’ പോഡ്കാസ്റ്റിന്റെ അവതാരകനുമായ യാഫെ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു: “ക്യൂബയിലെ എല്ലാവർക്കും സൈനിക പരിശീലനം ലഭിച്ചിട്ടുണ്ട്…അവർ ഈ ദേശീയ പ്രതിരോധ സംവിധാനത്തിന്റെ ഭാഗവുമാണ്.” ക്യൂബയിൽ വിപ്ലവകരമായ ബഹുമതി എന്നത് രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഔദ്യോഗിക മുദ്രാവാക്യം തന്നെ ‘പാട്രിയ ഓ മുവേർട്ടെ, വെൻസെറെമോസ്’ (Patria o muerte, venceremos) എന്നാണ്; ഇതിനർത്ഥം ‘മാതൃഭൂമി അല്ലെങ്കിൽ മരണം, നമ്മൾ വിജയിക്കും’ എന്നാണ്.
ഈ പ്രശ്നം കേവലം ക്യൂബയെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്ന് നാം തിരിച്ചറിയണം. ഇത് മുഴുവൻ ലാറ്റിൻ അമേരിക്കയിലെയും സാമ്രാജ്യത്വ വിരുദ്ധരും സമാധാനകാംക്ഷികളുമായ ജനങ്ങൾക്ക് നേരെയുള്ള ഭീഷണിയാണ്. ലോകത്തിലെ തൊഴിലാളിവർഗ്ഗവുമായി 67 വർഷമായി തുടരുന്ന സജീവമായ ഐക്യദാർഢ്യത്തിലൂടെ, ക്യൂബൻ വിപ്ലവം തിരിച്ച് ലോകത്തിന്റെ ഐക്യദാർഢ്യവും നേടിയെടുത്തിട്ടുണ്ട്. അതിനാൽ, ലാറ്റിൻ അമേരിക്കൻ ജനത മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ ജനവിഭാഗങ്ങളും ക്യൂബക്കുനേരെയുള്ള അമേരിക്കയുടെ വരാനിരിക്കുന്ന സൈനിക ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടതുണ്ട്. ക്യൂബക്കുമേലുള്ള ഉപരോധം പിൻവലിക്കാനും ഈ ദ്വീപുരാഷ്ട്രത്തെ സൈനികമായി കൈയടക്കാനുള്ള ക്രൂരമായ നീക്കംഉപേക്ഷിക്കാനും യുഎസ് സാമ്രാജ്യത്വവാദികളെ നിർബന്ധിതരാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കാൻ തങ്ങളുടെ അതത് സർക്കാരുകളോട് അവർ ആവശ്യപ്പെടണം.
അമേരിക്കൻ സാമ്രാജ്യത്വവാദികൾ ക്യൂബയിൽനിന്ന് പിന്മാറുക.
