അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്, കായികമത്സരങ്ങൾ പ്രതിഫലിപ്പിക്കേണ്ട വിശ്വമാനവികത എന്ന ആശയത്തെ മലിനപ്പെടുത്തുന്നത് എല്ലാ കായികപ്രേമികളെയും അസ്വസ്ഥരാക്കുന്നു.
വെല്ലുവിളികളെ അതിജീവിക്കാനുള്ള മനുഷ്യവംശത്തിന്റെ ആഗ്രഹത്തിന്റെയും ശേഷികളുടെയും കലാപരമായ പ്രദർശനമാണ് കായികവിനോദങ്ങൾ. പങ്കെടുക്കുന്നവർക്കിടയിലെ തുല്യതയും അന്തസ്സും അംഗീകരിച്ചുകൊണ്ടാണ് എല്ലാ കളിനിയമങ്ങളും രൂപം കൊണ്ടത്. എന്നാൽ സ്പോർട്സിനു പുറത്തുള്ള ഘടകങ്ങൾ ചേർത്ത് തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിന്റെ സ്ഥിരീകരണത്തിനായി ലോകയുവത്വത്തിന്റെ ഈ ഉത്സവത്തെ മലീമസമാക്കുകയാണ് ആതിഥേയരായ അമേരിക്ക. മറുവശത്ത് സംഘാടകരായ ഫിഫ, പണത്തോടും അതു നിയന്ത്രിക്കുന്ന അധികാരത്തോടും ദാസ്യവേല ചെയ്യുന്ന മറ്റെല്ലാ അന്തർദ്ദേശീയ കായികസംഘടനകളെപ്പോലെ തന്നെയാണ് തങ്ങളുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്.
ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉണ്ടായിരുന്നിട്ടും സൊമാലിയൻ റഫറി ഒമർ അബ്ദുൾകാദിർ അർതാന് അമേരിക്ക പ്രവേശനം നിഷേധിച്ചതായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ ഫോണും ടാബ്ലെറ്റും കൈക്കലാക്കി തുർക്കിയിലേക്കുള്ള വിമാനത്തിൽ കയറ്റി വിട്ടു. മെക്സിക്കോയിലോ കാനഡയിലോ ഉള്ള മത്സരം അദ്ദേഹത്തിന് അനുവദിക്കാമായിരുന്നെങ്കിലും ഫിഫ പക്ഷേ, അനങ്ങിയില്ല. ഇതിലൂടെ തന്റെ വംശീയത ട്രംപ് ബോധപൂർവ്വം ലോകത്തിന് മുന്നിൽ വെളിവാക്കുകയായിരുന്നു. കറുത്തവർക്കും തവിട്ടുനിറക്കാർക്കും എതിരായ അദ്ദേഹത്തിന്റെ കുടിയേറ്റനയമാണ് ഇതിന്റെ പ്രേരണ.
ടൂർണ്ണമെന്റിനായി എത്തിയ വെള്ളക്കാരുടെ രാജ്യങ്ങളിലെ കളിക്കാർ നോക്കിനിൽക്കെ വിമാനത്താവളങ്ങളിൽ സെനഗൽ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകളെ പൂർണ്ണ ശരീരപരിശോധനയ്ക്ക് വിധേയമാക്കി. വെള്ളക്കാരുടേതല്ലാത്ത രാജ്യമായ ഇറാനുമായുള്ള യുദ്ധത്തിൽ പരാജിതനാണെന്ന ബോധത്താലാകാം ട്രംപ് തന്റെ ദേഷ്യം ലോകകപ്പിൽ തീർക്കുകയാണ്. ഇറാൻ ടീമിന് അമേരിക്കയിൽ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമായി മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാനുണ്ടായിരുന്നെങ്കിലും അവരുടെ ഉദ്യോഗസ്ഥർക്ക് വിസകൾ ഭാഗികമായി മാത്രം അനുവദിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്തു. മത്സരങ്ങൾക്കായി അവർക്ക് അമേരിക്കയിൽ താമസിക്കാൻ അനുവാദമില്ല. സാധാരണയായി മാധ്യമങ്ങളുമായുള്ള പ്രതിബദ്ധതകളും മത്സരദിവസത്തെ മറ്റ് കാര്യങ്ങളും പൂർത്തിയാക്കാൻ ടീമുകൾ മത്സരത്തിന് 24 മുതൽ 72 മണിക്കൂർ മുമ്പുതന്നെ വന്ന് താമസിക്കാറുണ്ട്. എന്നാൽ ഇറാൻ ടീമിന് സാൻ ഡിയാഗോയുടെ അതിർത്തിയോട് ചേർന്നുള്ള മെക്സിക്കോയിലെ ടിവാനായിൽ താമസിക്കേണ്ടിവരികയും മത്സരദിവസം ഓരോ വേദികളിലേക്കും യാത്ര ചെയ്ത് തിരികെ പോകേണ്ടിവരികയും ചെയ്തു. സ്റ്റേഡിയമുള്ള നഗരത്തിന്റെ കാലാവസ്ഥയും സാഹചര്യങ്ങളുമായി ഒത്തിണങ്ങുന്നതിന് രണ്ടു ദിവസം മുമ്പെങ്കിലും ടീം എത്തുക എന്നത് സാധാരണമാണ്. മത്സരം കഴിഞ്ഞാൽ വിയർപ്പുണങ്ങുതിനു മുമ്പുതന്നെ അമേരിക്കയുടെ അതിർത്തി കടക്കണമെന്നാണ് ഇറാനോടുള്ള ട്രംപിന്റെ ആജ്ഞ. പങ്കെടുക്കുന്ന ഓരോ ടീമിനും അവരുടെ ആരാധകർക്കായി ടിക്കറ്റുകൾ നൽകുന്ന ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള ഇറാന്റെ എട്ട് ശതമാനം ഫാൻ ടിക്കറ്റ് വിഹിതം അമേരിക്ക റദ്ദാക്കി എന്നാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ പറയുന്നത്. ഇറാനെതിരെയുള്ള ഉപരോധങ്ങളും ബാങ്കിംഗ് നിയന്ത്രണങ്ങളും കാരണമാണ് തങ്ങൾ അങ്ങനെ ചെയ്തതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിന് പകരമായി മറ്റു ക്രമീകരണങ്ങൾ ഒരുക്കാൻ ഫിഫ തയ്യാറായതുമില്ല.
കാമറൂണിൽ ജനിച്ച് 2015ൽ സ്വിറ്റ്സർലൻഡ് പൗരത്വം നേടിയ സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക്, യാത്രാ അനുമതിക്കുള്ള ഇലക്ട്രോണിക് സിസ്റ്റം (ESTA) ഉപയോഗപ്പെടുത്തി, യാത്ര ചെയ്യുന്നതിൽ കാലതാമസം നേരിട്ടു, അതിനാൽ അദ്ദേഹത്തിന് തന്റെ ടീമിനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. ഇറാഖി സ്ട്രൈക്കർ അയ്മൻ ഹുസൈനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്ത ശേഷമാണ് പ്രവേശനം അനുവദിച്ചത്.
മത്സരിക്കുന്നവരുടെ തുല്യത എന്ന അടിസ്ഥാന സങ്കല്പമാണ് ഇവിടെ തകർക്കപ്പെടുന്നത്. അത് ആത്മാഭിമാനത്തിനേല്പിക്കുന്ന മുറിവ് മത്സരഫലങ്ങളെ സ്വാധീനിക്കുമെന്ന് അറിയാത്തവരല്ല ഇവർ. മുതലാളിത്തത്തോടൊപ്പം വളർന്നുവന്നതാണ് ആധുനിക സ്പോർട്സ്. മുതലാളിത്തത്തിന്റെ ഈ ജീർണ്ണകാലത്ത് സ്പോർട്സിന്റേതടക്കം എല്ലാ സംസ്കാരത്തെയും ജീർണ്ണിപ്പിക്കുകയാണ് അത്. ചില അത്ലറ്റിക്സ് ഇനങ്ങളും ടെന്നീസ് പോലുള്ള ഗെയ്മുകളും വ്യക്തിഗത നേട്ടങ്ങൾക്ക് കായിക താരങ്ങളെ പ്രേരിപ്പിക്കുന്നതാണെങ്കിലും സ്പോർട്സ് അതിന്റെ സമഗ്രതയിൽ സംഘംചേരലിന്റെ ആനന്ദമാണ് നൽകുന്നത്. അതു മനുഷ്യരെ വ്യക്തികേന്ദ്രിത മനോഭാവത്തിലേക്കു നയിക്കുന്നില്ല. 2012ലെ സ്പെയിനിലെ ബുർലാഡയിൽ ഒരു ക്രോസ് കൺട്രി ഓട്ടമത്സരത്തിൽ ഫിനിഷ് ലൈനിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ വിഖ്യാത കെനിയൻ ഓട്ടക്കാരൻ ആബേൽ മുത്തായ് 10 മീറ്ററിനു മുമ്പ് ഓട്ടം നിർത്തിയപ്പോൾ പുറകേ വന്ന ഇവാൻ ഫെർണാണ്ടസ് അനായ സ്പാനിഷിൽ അദ്ദേഹത്തിന്റെ തെറ്റു ചൂണ്ടിക്കാട്ടിയെങ്കിലും മുത്തായ്ക്ക് അതു മനസ്സിലായില്ല. അനായ സ്വന്തം നേട്ടത്തിനായി ഓട്ടം പൂർത്തിയാക്കുന്നതിനു പകരം മുത്തായിയെ കൂടെ നടത്തി ഒന്നാമതായി ഫിനിഷ് ചെയ്യിച്ചു. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഹൈജംപ് മത്സരത്തിൽ 2.39 മീറ്റർ എന്ന ഉയരത്തിൽ ഖത്തറിന്റെ മുതാസ് ബാർഷിമും ഇറ്റലിയുടെ ജിയാൻമാർകോ ടെംപേറിയും തുല്യനില പാലിച്ചപ്പോൾ ഒരു സഡൻഡത്തിനു പോകുന്നതിനു പകരം ബാർഷിം രണ്ടാൾക്കും സ്വർണ്ണം ലഭിക്കുമോ എന്നു ഒഫിഷ്യൽസിനോടു ചോദിച്ചു. രണ്ടാളും സമ്മതിച്ചാൽ അനുവദിക്കുമെന്നു പറഞ്ഞപ്പോൾ ആഹ്ലാദത്തിൽ ചാടിമറിയുന്ന ടെംപേരിയുടെ ചിത്രം കായികപ്രേമികൾ ഇന്നുമോർക്കുന്നതാണ്. ഈ സ്വാർത്ഥനിരാസം വെളിവാക്കുന്ന സമാനമായ എണ്ണമറ്റ സംഭവങ്ങളുണ്ട് കായികചരിത്രത്തിൽ.
ചരിത്രത്തിലെ ഏറ്റവും ലാഭകരമായ ലോകകപ്പാണിത്. ഈ ടൂർണമെന്റിലൂടെ മാത്രം ഫിഫ ഏകദേശം ഒമ്പത് ബില്യൺഡോളർ വരുമാനം നേടുമെന്നാണ് കണക്ക്. ടിക്കറ്റ് വിൽപ്പന, സംപ്രേഷണാവകാശങ്ങൾ, പാർക്കിംഗ്, ഭക്ഷണ-പാനീയ വില്പന എന്നിവയുൾപ്പെടെയുള്ള വരുമാനത്തിന്റെ മുഴുവൻ നിയന്ത്രണവും ഫിഫയ്ക്ക് വേണം. എന്നാൽ സുരക്ഷ, പൊതുഗതാഗതം, പോലീസ്, അഗ്നിരക്ഷാ സേന, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ ചെലവുകൾ നഗരം വഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കോർപ്പറേറ്റുകൾക്കു നൽകുന്ന ബില്യൺ കണക്കിനു ഡോളർ കരാറുകളാണ് ആതിഥേയ രാജ്യങ്ങളുടെ താല്പര്യം. അവിടെ മാനവികതയോ കായികസംസ്കാരത്തിന്റെ മഹനീയതയോ കടന്നുവരില്ല. 2022 ലെ ലോകകപ്പ് ടൂർണമെന്റ് സമയത്ത് ആതിഥേയരായ ഖത്തർ സൗജന്യ പൊതുഗതാഗതം ഒരുക്കിയിരുന്നു. എന്നാൽ അമേരിക്കയിലാകട്ടെ, അമിതവില ഈടാക്കൽ (price-gouging) ഒരു പതിവാണ്. ന്യൂയോർക്കിൽ, സാധാരണയായി 13 ഡോളർ വിലയുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾക്ക് ഇപ്പോൾ 98 ഡോളറായി വില വർദ്ധിപ്പിച്ചു. ബോസ്റ്റണിൽ 20 ഡോളറിന്റെ ടിക്കറ്റുകൾക്ക് മത്സരദിവസങ്ങളിൽ 80 ഡോളർ നൽകേണ്ടിവരും.
മത്സരങ്ങൾ കാണാനുള്ള ടിക്കറ്റിന്റെ വിലനിർണ്ണയിക്കുന്നതിൽ ചരിത്രത്തിലാദ്യമായി ഫിഫാ ഡൈനാമിക് പ്രൈസിംഗ് ഏർപ്പെടുത്തി. ആവശ്യക്കാർ ഏറുന്ന കളികളുടെ ടിക്കറ്റിന്റെ വില അതിഭീമമായ ഉയർന്നു. കാറ്റഗറി 3ൽ പെടുന്ന ഏറ്റവും താഴ്ന്ന സാധാരണ ടിക്കറ്റിന്റെ അടിസ്ഥാന വില ശരാശരി 120 മുതൽ 400 ഡോളർ വരെയായി ഉയർന്നു. ഈ അടിസ്ഥാന വിലയിൽ നിന്നുമാണ് ‘ഡൈനാമിക് പ്രൈസിംഗ്’ ആരംഭിക്കുന്നതുതന്നെ. ഖത്തർ ലോകകപ്പിൽ ഈ കാറ്റഗറിയിലെ ടിക്കറ്റിന്റെ വില 69 ഡോളർ മാത്രമായിരുന്നു. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുവില ഖത്തർ ലോകകപ്പിൽ 55 ഡോളർ ആയിരുന്നത് 2026ൽ 560 ഡോളർ വരെ ഉയർത്തി. ഖത്തറിൽ ഫൈനൽ മാച്ചിന്റെ ഏറ്റവും താഴ്ന്ന ടിക്കറ്റിന്റെ വില 206 ഡോളറായിരുന്നത് 2030 (ഏതാണ്ട് 2 ലക്ഷം രൂപ) ഉയർന്നു. പ്രീമിയം കാറ്റഗറി ടിക്കറ്റിന്റെ വില ആറരലക്ഷം രൂപയിലാണ് വില്പന അവസാനിച്ചത്. ഖത്തറിൽ, തദ്ദേശീയർക്കുള്ള കാറ്റഗറി 4 ടിക്കറ്റിന്റെ വില വെറും 11 ഡോളർ മാത്രമായിരുന്നു എന്നത് നമ്മൾ സ്മരിക്കുക. ദരിദ്രരാഷ്ട്രങ്ങളിലെ കാണികൾക്ക് അമേരിക്കൻ സ്റ്റേഡിയങ്ങളിലേക്ക് എത്തിനോക്കാൻപോലുമാവാത്ത വിധമാണ് ടിക്കറ്റിന്റെ നിരക്ക് ഉയർത്തിയത്. തങ്ങളുടെ ഒട്ടകങ്ങളെ വിറ്റിട്ടാണ് ജോർദ്ദാൻ-അർജന്റീന മത്സരത്തിന്റെ ടിക്കറ്റ് വാങ്ങിയതെന്ന ബാനർ, സംപ്രേഷണക്യാമറകൾക്കുമുന്നിൽ ഉയർത്തി ജോർദ്ദാൻകാർ അവരുടെ പ്രതിഷേധം പരിഹാസത്തിലൊതുക്കുകയും ചെയ്തു.
സ്പോർട്സിൽ എപ്പോഴും പോരാടുന്നവരോടൊപ്പമായിരിക്കും പൊതു മന:സാക്ഷി നിലകൊള്ളുക. വേട്ടക്കാരനും ഇരയും എന്ന മട്ടിൽ മത്സര രംഗത്തുള്ളവരെ മാറ്റാൻ സംഘാടകർ തന്നെ ശ്രമിക്കുന്നത് നിരാശാജനകമാണ്. നിർഭാഗ്യവശാൽ ഒളിമ്പിക്സും ലോകകപ്പ് ഫുട്ബോളും യുറോപ്യൻ ഫുട്ബോൾ ലീഗുകളും ഉൾപ്പെടെ ആധുനിക വൻകിട കായികമേളകളിലെല്ലാം കളിക്കു പുറത്തുള്ള താല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.
മുതലാളിത്തം ഏവരേയും വ്യക്തികേന്ദ്രിതമനോഭാവത്തിലേക്കും വിഭജനയുക്തിയിലേക്കും നയിക്കുമെങ്കിലും വിയർത്ത ശരീരങ്ങൾ തമ്മിലുരുമ്മുന്ന കളിക്കളങ്ങൾ സ്വാഭാവികമായും ഈ വിഭജനങ്ങളെ അലിയിച്ചുകളയുന്ന എതിർലോകങ്ങളായി നില കൊള്ളുന്നു. സ്പോർട്സിന്റെ ജൈവികതയാണത്. അതിനെ ഹനിക്കുന്ന ഈ അധ:പതിച്ച സംസ്കാരത്തിനെതിരെ കാണികളാണ് രംഗത്തു വരേണ്ടത്. കാരണം കളിക്കാരുടെ പ്രതിഷേധങ്ങളെ നിഷ്ക്കരുണം അടിച്ചമർത്തുന്ന വിധത്തിൽ കളിനിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. അടിച്ചമർത്തുന്നവർക്ക് അതു തുടർന്നാൽ മതി. സകല ഔദ്യോഗികസംവിധാനങ്ങളും അവർക്കൊപ്പമാണ്. അവർക്കു പ്രതിഷേധം രേഖപ്പെടുത്തേണ്ടി വരാറില്ല. എന്നാൽ അടിച്ചമർത്തപ്പെടുന്നവർ കുതറിക്കൊണ്ടേയിരിക്കും, എന്തു പ്രത്യാഘാതമുണ്ടായാലും. 1968ലെ മെക്സിക്കോ ഒളിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും വെങ്കലവും ലഭിച്ച ടോമി സ്മിത്ത്, ജോൺ കാർലോസ് എന്നീ ആഫ്രിക്കൻ – അമേരിക്കൻ അത്ലറ്റുകൾ അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നേരിടുന്ന ക്രൂരമായ വിവേചനത്തിനെതിര നടത്തിയ നിശ്ശബ്ദമായ ‘പോഡിയം പ്രൊട്ടസ്റ്റ്’ ഇരമ്പുന്ന സ്മരണയാണിന്നും. മെഡൽ ദാനച്ചടങ്ങിൽ അമേരിക്കൻ ദേശീയഗാനം പാടുമ്പോൾ ആകാശത്തേക്കുയർത്തിയ കൈളിൽ കറുത്ത ഗ്ലൗസണിഞ്ഞ് ഭൂമിയിലേക്കു മുഖം കുനിച്ച് വിക്ടറി സ്റ്റാന്റിൽ അവർ നിന്ന നിമിഷങ്ങളിൽ ലോകം കിടുകിടുത്തു. പക്ഷേ, മിനിട്ടുകൾക്കുളളിൽ അവരെ അമേരിക്കൻ ടീമിൽനിന്നും ഒളിമ്പിക്സ് ഗ്രാമത്തിൽനിന്നും പുറത്താക്കി. 1936ൽത്തന്നെ ഒളിമ്പിക്സ് രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരുന്നു. ആര്യൻ വംശത്തിന്റെ ശാരീരിക മേധാവിത്വം പ്രദർശിപ്പിക്കാൻ ആഗ്രഹിച്ച ജർമ്മനിയുടെ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ഒളിമ്പിക്സിന്റെ ഒന്നാം ദിവസം ജർമ്മൻ വിജയികളെ മാത്രമാണ് അഭിനന്ദിച്ചത്. എല്ലാ അത്ലറ്റുകളെയും അഭിനന്ദിക്കണമെന്ന് ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മെഡൽ വിതരണ ചടങ്ങുകളിൽ വരുന്നതുതന്നെ നിർത്തി. പിന്നീട്, ആഫ്രിക്കൻ അമേരിക്കൻ ട്രാക്ക് താരം ജെസ്സി ഓവൻസ് നാല് മെഡലുകൾ നേടിയപ്പോൾ, അദ്ദേഹത്തിന് കൈകൊടുക്കാൻ ഹിറ്റ്ലർ സ്റ്റേഡിയത്തിലേക്കു വന്നില്ല. അമേരിക്കയിൽ താൻ നേരിട്ട വിവേചനത്തോളം വരില്ല ഇതെന്ന് ഓവൻസ് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ വിവേചനങ്ങളും പ്രതിഷേധങ്ങളും ഇന്നും തുടരുന്നു. ലോകത്തിന്റെ തലവനാണ് താൻ എന്ന മിഥ്യാഭ്രമത്തിൽ ഡൊണാൾഡ് ട്രംപ് ഇന്ന് ലോകജനതയുടെ കായികസംസ്കൃതിയെത്തന്നെ വെല്ലുവിളിക്കുകയാണ്.
